Wednesday, 1 June 2016

ലീഗല്‍ മെട്രോളജിയും വ്യവസായവും

ഒരു സംരംഭകന്‍ തന്‍റെ സ്ഥാപനത്തിന് നിയമ പരമായ സുരക്ഷിതത്വം ഉറപ്പാക്കുന്നതിലേക്കായി വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെ ലൈസന്‍സ് സമ്പാദിക്കേണ്ടതായിട്ടുണ്ട്. അതില്‍ ഒന്നാണ് ലീഗല്‍ മെട്രോളജിയുടേത്.

എന്താണ് ലീഗല്‍ മെട്രോളജി ഡിപ്പാര്‍ട്ട്മെന്‍റ്?

പൊതുജനാരോഗ്യ രംഗത്ത് മനുഷ്യന്‍റേയും മറ്റ് ജീവജാലങ്ങളുടേയും സുരക്ഷിതത്വം ഉറപ്പാക്കുന്നതിലേക്കായി ഉപയോഗിക്കുന്ന അളവു തൂക്ക ഉപകരണങ്ങളിലും വ്യവസായ വാണിജ്യ വ്യാപാര രംഗത്ത് ഉപയോഗിക്കുന്ന അളവ് തൂക്ക ഉപകരണങ്ങളിലും നിയമ പരമായ കൃത്യത ഉറപ്പ് വരുത്തുക, പായ്ക്ക് ചെയ്ത് വില്‍പ്പനയ്ക്ക് എത്തുന്ന ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണം, അളവ്, തൂക്കം, വില എന്നിവ നിയന്ത്രിക്കുക, ഊഹ കച്ചവടത്തിന് കടിഞ്ഞാടിടുക, കുറ്റക്കാര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കു തുടങ്ങിയവ ഉള്‍ക്കൊള്ളിച്ച് കൊണ്ടുള്ള നിയമ സംവിധാനമാണ് ലീഗല്‍ മെട്രോളജി ഡിപ്പാര്‍ട്ട്മെന്‍റ് (അളവ് തൂക്ക വകുപ്പ്).

ആരൊക്കെ ലൈസന്‍സിന്‍റെ പരിധിയില്‍ വരും?

പാക്കറ്റിലാക്കി കൃത്യമായ അളവിലും തൂക്കത്തിലും ലേബല്‍ ഒട്ടിച്ച് വിപണനം നടത്തുന്ന ഭക്ഷ്യ വസ്തുക്കള്‍, പലചരക്ക് സാധനങ്ങള്‍, സൌന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ ഇവയ്ക്കെല്ലാം ലീഗല്‍ മെട്രോളജി വകുപ്പിന്‍റെ അനുമതി പത്രം അനിവാര്യമാണ്.

സ്ഥാപനങ്ങള്‍ അറിയേണ്ടവ?

1. വ്യാപാര വ്യവസായ സ്ഥാപനങ്ങളില്‍ ഉപയോഗിക്കുന്ന എല്ലാ അളവ് തൂക്ക ഉപകരണങ്ങളും യാഥാ സമയം പരിശോധന നടത്തി മുദ്ര പതിപ്പിച്ച് സാക്ഷ്യ പത്രം ലഭ്യമാക്കേണ്ടതാണ്.

2. അളവുകളുടെ ഉപകരണങ്ങള്‍ പരിശോധിച്ച് മുദ്ര ചെയ്തതിന്‍റെ സര്‍ട്ടിഫിക്കറ്റ് വ്യക്തമായി കാണത്തക്ക വിധം വ്യാപാര സ്ഥാപനങ്ങള്‍ പ്രദര്‍ശിപ്പിക്കേണ്ടതാണ്.

3. നിയമാനുസൃതമല്ലാത്ത അളവ് തൂക്ക ഉപകരണങ്ങള്‍ വ്യാപാരാവശ്യത്തിന് ഉപയോഗിക്കുവാന്‍ പാടില്ല.

4.   പായ്ക്കറ്റിലാക്കി വില്‍ക്കുന്ന ഉല്‍പ്പന്നങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നതിനേക്കാള്‍ കൂടുതല്‍ വില ഈടാക്കുന്നതും അളവില്‍ കുറവ് വരുത്തന്നതും നിയമാനുസൃതം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.

5. നിര്‍മ്മാതാവ്, പായ്ക്കര്‍, ഇംപോര്‍ട്ടര്‍, എന്നിവര്‍ നിര്‍ബന്ധമായും പായ്ക്കര്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങേണ്ടത്.

6.       പെട്രോള്‍ ഡീസല്‍ എന്നിവയുടെ വിതരണത്തിലെ കൃത്യത ഉറപ്പ് വരുത്തുക

7.   വാറ്റ് (VAT) ടേണ്‍ ഓവര്‍ ടാക്സിന്‍റെ പരിധിയില്‍ വരുന്നതും ഉല്‍പ്പന്നങ്ങള്‍ പായ്ക്ക് ചെയ്ത് അളവിലോ തൂക്കത്തിലോ വില്‍പ്പന നടത്തുന്നതുമായ വ്യാപാരികള്‍ 1 ഗ്രാം കൃത്യതയുള്ളതും തൂക്കം, വില മുതലായ വിവരങ്ങള്‍ പ്രിന്‍റ് ചെയ്യാന്‍ സാധിക്കുന്നതുമായ ക്ലാസ് 3 വിഭാഗത്തില്‍പ്പെട്ട ഒരു ഇലക്ട്രോണിക് വെയിംഗ് മെഷ്യന്‍ വ്യാപാര സ്ഥലത്ത് സൂക്ഷിക്കേണ്ടതും ഉപഭോക്താക്കള്‍ക്ക് സൌജന്യമായും പ്രസ്തുത ഉപകരണം ഉപയോഗിക്കുവാനുള്ള സൌകര്യം സജ്ജീകരിക്കേണ്ടതാണ്.

8.       സ്വര്‍ണ്ണത്തിന്‍റെ കാരറ്റ് ബില്ലില്‍ രേഖപ്പെടുത്തി അതിനുള്ള വില മാത്രം ഈടാക്കുക.

എപ്പോള്‍ അനുമതി നേടണം?

പഞ്ചായത്ത് ലൈസന്‍സ് ലഭിച്ച് 90 ദിവസത്തിനകം ലീഗല്‍ മെട്രോളജി വകുപ്പിന്‍റെ അനുമതി പത്രം വാങ്ങിയിരിക്കണം.

അപേക്ഷയോടൊപ്പം എന്തൊക്കെ സമര്‍പ്പിക്കണം?

1.       500 രൂപ ഫീസ് അടച്ച രസീത്

2.       പഞ്ചായത്ത് ലൈസന്‍സിന്‍റെ പകര്‍പ്പ്

3.    ഭക്ഷ്യ സംസ്കരണ സംരംഭമാണെങ്കില്‍ ആയതിന് ഫുഡ് സേഫ്റ്റി ഡിപ്പാര്‍ട്ട്മെന്‍റ് നല്‍കുന്ന രജിസ്ട്രേഷന്‍/ലൈസന്‍സ്.

4.       കെട്ടിട നികുതി അടച്ച രസീതിന്‍റെ പകര്‍പ്പ്.

5.       റെന്‍റ് ഡീഡ്/ലീസ് ഡീഡിന്‍റെ പകര്‍പ്പ്.

6.       സ്വന്തം കെട്ടിടമാണെങ്കില്‍ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റിന്‍റെ പകര്‍പ്പ്.

7.       ഉടമയുടെ ഐ ഡി കാര്‍ഡിന്‍റെ പകര്‍പ്പ്.


8.  ഉടമയുടെ സ്വന്തം വിലാസമെഴുതി 25 രൂപയുടെ സ്റ്റാമ്പ് പതിപ്പിച്ച പ്രത്യേക കവര്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. 

No comments:

Post a Comment