തൊഴിലിന്റെ നിർവ്വചനങ്ങൾ പൊളിച്ചെഴുതപ്പെട്ട് തുടങ്ങിയിട്ട് കാലങ്ങളേറെയായിട്ടില്ല. മുന്‍പൊക്കെ ഒരു ജോലി എന്ന് ചിന്തിക്കുമ്പോൾ
സർക്കാർ ജോലിക്കപ്പുറം മറ്റൊന്നും മുന്പിലില്ലാതെയിരുന്നപ്പോൾ, എന്നാലിന്ന്
അഭ്യസ്ത വിദ്യർക്ക് മുന്പില് നിരവധി വാതയാനങ്ങളുണ്ട്. മാറുന്ന കാലഘട്ടത്തില്‍ പൊതു സമൂഹത്തിന്റെ
പ്രത്യേകിച്ചും അഭ്യസ്ത വിദ്യരായ യുവതലുമറയുടെ മനോഭാവത്തില്‍ വന്ന മാറ്റവും
ശ്രദ്ധേയമാണ്. ഇന്നത്തെ യുവത കൂടുതലും സർക്കാർ ജോലിയുടെ സുരക്ഷിതത്വത്തിലൊതുങ്ങാതെ
തങ്ങളുടെ കഴിവുകൾക്കിണങ്ങുന്ന വ്യത്യസ്ത സ്വകാര്യ ജോലികളിലേക്കും ഒപ്പം
സ്റ്റാർട്ടപ്പുകളാരംഭിക്കുവാനായും മാറിയെന്നതും ആശാവഹമാണ്.
ഒരു സംരംഭം എന്ന് കേൾക്കുമ്പോൾ തന്നെ മനസ്സില്‍ അരക്കിട്ടുറപ്പിച്ചിരിക്കുന്ന
ചില ബിംബങ്ങൾക്കപ്പുറം കടന്ന് ഇന്ന് നാം ചിന്തിക്കുന്നു. ഇന്നത്തേത് കണ്‍സപ്റ്റുകളുടെ യുഗമാണ്. ലോകത്തെ മാറ്റി മറിക്കുവാന്‍ കഴിവുള്ള
ആശയങ്ങൾക്ക് ഇന്ന് കോടികളുടെ വിപണി മൂല്യമുണ്ട്. ഒരു ഹോട്ടല്‍ പോലും സ്വന്തമായില്ലാതെ ലോകത്തിലെ
ഏറ്റവും വലിയ ഹോട്ടല്‍ ശ്ര്യംഖല ഉണ്ടാകുമെന്നോ, ഒരൊറ്റ വാഹനം പോലും
സ്വന്തമായില്ലാതെ ലോകത്തിലെ ഏറ്റവും വലിയ ടാക്സി കമ്പനി നിലവില്‍ വരുമെന്നോ നാം
സ്വപ്നത്തില്‍ പോലും ചിന്തിച്ചിട്ടുണ്ടാവുകയില്ല. ചിന്തിക്കുവാന്‍ പോയിട്ട്
അപ്രകാരമുള്ള ആശയങ്ങള്‍ നമ്മുടെ ചിന്താമണ്ഡലത്തിലേക്ക് പ്രവേശിക്കുവാന്‍ പോലും
ധൈര്യപ്പെടുകയില്ലായിരുന്നു മുന്‍പൊക്കെ.
എന്നാലിന്ന് ഇത്തരം വിപ്ലകരമായ ആശയങ്ങൾ ഉടലെടുക്കുമ്പോൾ അതിനനുസരിച്ച്
സംരംഭങ്ങളുടെ വ്യാപ്തി വിപുലമാക്കപ്പെടുന്നു. അപ്പോൾത്തന്നെ മുന്‍പൊക്കെ
ഇല്ലാതിരുന്ന പുത്തന്‍ തൊഴിലവസരങ്ങൾ ഉടലെടുക്കുന്നു. സാങ്കേതിക വിദ്യയും നെറ്റ്
വർക്കുകളും പുത്തന്‍ ആശയങ്ങളും കൈകോർക്കുമ്പോൾ കേരളവും മാറുകയാണ്.
ഐ ടി എനേബിൾഡ് സർവീസുകളാണ് സ്മാർട്ട് സംരംഭങ്ങളില്‍
പ്രധാനപ്പെട്ടത്. ബാങ്കുകൾ, മറ്റ് ധനകാര്യ സ്ഥാപനങ്ങൾ, വ്യവസായ ശാലകൾ, സന്നദ്ധ
സംഘടനകൾ തുടങ്ങിയവയുടെ ദൈനംദിന പ്രവർത്തനങ്ങൾക്കാവശ്യമായ സോഫ്റ്റ് വെയർ ഉല്‍പ്പാദിപ്പിച്ച്
നല്കുന്ന സ്ഫാപനങ്ങളാണ് നമ്മുടെ ഇന്‍ഫോ പാർക്കിലും, ടെക്നോപാർക്കിലുമുള്ളത്. ടെക്നോ ലോഡ്ജ് പോലുള്ള സ്വകാര്യ ഐ ടി
പാർക്കുകളിലും സമാന സംരംഭങ്ങൾ ഏറെയാണ്. കൊച്ചു കേരളത്തിലെ രാജ്യാന്തര
വിമാനത്താവളങ്ങളുടെ സാന്നിധ്യം ഇത്തരം സംരംഭങ്ങളുടെ വളർച്ചക്ക് ആക്കം കൂട്ടുന്ന
ഘടകങ്ങളിലൊന്നാണ്. അഭ്യസ്ത വിദ്യരായ യുവജനങ്ങൾക്ക് അനായാസം വിഹരിക്കുവാനുള്ള
മേച്ചില്‍പ്പുറങ്ങളാണ് ഇത്തരം സംരംഭങ്ങളോരോന്നും.
രാജ്യം ഡിജിറ്റലിലേക്ക് മാറുമ്പോൾ ലക്ഷക്കണക്കിന്
തൊഴിലവസരങ്ങളാണ് രൂപപ്പെടുവാന്‍ പോകുന്നത്. 2020 ഓടെ രാജ്യത്ത് 25 ലക്ഷം ആന്‍ഡ്രോയിഡ്
ഡെവലപ്പർമാരുടെ ആവശ്യകതയാണ് വരുവാനിരിക്കുന്നത്. ഇത് മുന്നില്‍ കണ്ട് ഗൂഗിൾ
പ്രത്യേക ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡവലപ്മെന്റ് കോഴ്സ് ആരംഭിച്ച് കഴിഞ്ഞു.
നിർമ്മാണ മേഖലയിലാണ് ഏത് രാജ്യത്തും മൂന്നിലൊന്നോളം
തൊഴിലവസരങ്ങൾ രൂപപ്പെടുന്നത്. ഡിജിറ്റല്‍
പ്ലാറ്റ്ഫോമിലൂന്നിയ നിർമ്മാണ മേഖലയിലാണ് ലോകത്താകമാനം കൂടുതല്‍ തൊഴിലവസരങ്ങൾ
രൂപപ്പെടുവാന്‍ പോകുന്നത്.
മാധ്യമ രംഗം
മീഡിയ ടെക്നോളജീസ് പോലെ മാധ്യമ രംഗത്ത്
പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ ഇത്തരം സ്മാർട്ട് സംരംഭങ്ങൾക്ക് ഉത്തമോദാഹരണമാണ്.
അമേരിക്ക, കാനഡ, യൂറോപ്പ് എന്നീ മേഖലകളില്‍ ആനിമേഷന്‍ രംഗം വളർച്ചയുടെ പാതയിലാണ്.
വാർട്ട് ഡിസ്നി, ഐ-മാക്സ്, സോണി, വാർണർ ബ്രദേഴ്സ് തുടങ്ങിയ സ്ഥാപനങ്ങളുടെ കരാർ
ജോലികൾ ഏറ്റെടുക്കുവാന്‍ പ്രാപ്തിയുല്ള സ്ഥാപനങ്ങളായ ക്രൈസ്റ്റ് ആനിമേഷന്‍, ടൂണ്‍സ്,
കളർ ചിപ്സ് തുടങ്ങിയ വമ്പന്മാർ വച്ച് നീട്ടുന്ന തൊഴിലവസരങ്ങളും ഏറെയാണ്. ഗ്രാഫിക് ഡിസൈന്‍, വെബ് ഡിസൈന്‍, ആനിമേറ്റർ,
കണ്ടെന്റ് ഡവലപ്പെർ തുടങ്ങിയ ജോലികൾക്ക് നമ്മുടെ യുവതലമുറ പ്രാപ്തരാകേണ്ടതുണ്ട്. മായ, അനിമോ, ഫോട്ടോഷോപ്പ് തുടങ്ങിയ സാങ്കേതിക
വിദ്യകളിലുള്ള പ്രാവിണ്യമുള്ളവർക്ക് ഈ രംഗത്ത് ശോഭിക്കാനാകും.
ബി പി ഓ
ബിസിനസ്സ് പ്രോസസ് ഔട്ട്സോഴ്സിങ്ങ് എന്നറിയപ്പെടുന്ന
സംരംഭങ്ങൾ നിർണ്ണായകമായ ഒന്നാണ്. അതിവേഗം
വളരുന്ന ഒരു തൊഴില്‍ മേഖലയാണിത്. അതായത് മറ്റ് വന്‍കിട കമ്പനികൾക്ക് വേണ്ടി അവരുടെ
പല ജോലികളും ഏറ്റെടുത്ത് നടത്തുക എന്നതാണിത്. സ്ഥാപനങ്ങളുടെ Front Officeജോലികളും Back Officeജോലികളും ഔട്ട്സോഴ്സിങ്ങ് ചെയ്യുന്നവയാണ്. കമ്പനിയുടെ അകത്തെ പ്രവർത്തനങ്ങളായ
ഓഡിറ്റിങ്ങ്, ഹ്യൂമന്‍ റിസോഴ്സ് (HR), ക്വാളിറ്റിഅഷ്വറന്‍സ്, ഐ ടി സേവനങ്ങൾ, പേയ്മെന്റ്
പ്രോസസിങ്ങ് തുടങ്ങിയവയാണ് Back Office വിഭാഗത്തില്‍ പെടുന്ന
ജോലികൾ. കസ്റ്റമർ റിലേഷന്‍സ്,
മാർക്കറ്റിങ്ങ് പോലുള്ളവ Front Office വിഭാഗത്തിലും ഉൾപ്പെടും. വന്‍ തൊഴില്‍ സാധ്യതയുള്ളതാണ് കോൾ സെന്റർ,
ട്രാന്‍സ്ക്രിപ്ഷന്‍ മേഖലകൾ. ബി പി ഓയുടെ
ഒന്നാം തലമുറയായാണിതറിയപ്പെടുന്നത്. ഇത്തരം ഔട് സോഴ്സിങ്ങ് ജോലികൾ ഏറ്റെടുത്ത്
ചെയ്യുന്ന സ്റ്റാർട്ടപ് കമ്പനികൾക്ക് ഈ മേഖലയില്‍ സാധ്യത ഏറെയാണ്. ഡിജിറ്റൈസേഷന്,
കണ്ടന്റ് ക്രിയേഷന്, കണ്ടെന്റ് കണ്‍വേർഷന്‍ എന്നിങ്ങനെ നിരവധി ജോലികൾ വേറെയുമുണ്ട്. ഇന്റർനെറ്റിലൂടെ വിദേശ വിദ്യാർത്ഥികൾക്ക്
ട്യൂഷന് കൊടുക്കുന്ന ജോലികൾ, ഡേറ്റാവേർ ഹൌസിങ്ങ്, ഡേറ്റാ മൈനിങ്ങ്, സപ്ളെ ചെയിന്‍
മാനേജ്മെന്റ്, കസ്റ്റമർ റിലേഷന്‍ഷിപ്പ് മാനേജ്മെന്റ് തുടങ്ങിയ മേഖലകൾ
വേറെയുമുണ്ട്.
താരതമേന്യം വൈദഗ്ദ്യം ആവശ്യമുള്ള മേഖലകളായ ഇന്‍ഷുറന്‍സ്
ക്ലെയിം തീർപ്പാക്കല്‍, ക്രെഡിറ്റ് കാർഡ് അക്കൌണ്ട് പരിശോധിക്കുക, KYCഓണ്‍ലൈന്‍ പരിശോധന തുടങ്ങിയവയുൾപ്പെടുന്ന ഫിന്‍ടെക്
വിഭാഗത്തില്‍പ്പെടുന്ന ജോലികളും ഇപ്പോൾ ഔട്സോഴ്സ് ചെയ്യുന്നുണ്ട്. ആയതിനാല്‍ത്തന്നെ
ഇത്തരം സേവനങ്ങൾ ചെയ്യുന്ന സ്റ്റാർട്ടപ്പുകൾക്കും ഏറെ സാധ്യതയുണ്ട്. നിലവില്‍
ഇത്തരം സംരംഭങ്ങൾ മലയാളികളുടേതായി പ്രവർത്തിക്കുന്നുമുണ്ട്. ഇവയൊക്കെ ബി പി ഓ യുടെ രണ്ടാം തലമുറ ആയാണ്
പരിഗണിക്കപ്പെടുന്നത്.
KPOഅഥാവാ നോളജ് പ്രോസസ് ഔട്സോഴ്സസിങ്ങ് വിഭാഗത്തില്‍പ്പെടുന്ന
ജോലികളെ ബി പി ഓയുടെ മൂന്നാം തലമുറയായാണ് കണക്കാക്കുന്നത്.അതി വൈദഗ്ദ്യം
ആവശ്യമുള്ള ജോലികളാണിവ. Patent Evaluation,
Equity Research, Legal Reports, Engineering Reports, Investment Products Designഎന്നിവ ഇത്തരം
ജോലികൾക്കുദാഹരണമാണ്. പ്രമാണങ്ങൾ
തയ്യാറാക്കുക, പേറ്റന്റ് സംബന്ധമായ കാര്യങ്ങൾ ചെയ്യുക, ഐ ടി മേഖലയിലെ തർക്കങ്ങൾക്ക്
പരിഹാരമുണ്ടാക്കുക തുടങ്ങിയവയുൾപ്പെടുന്ന LPOഅഥവാ ലീഗല്‍ പ്രോസസ് ഔട്ട് സോഴ്സിങ്ങ് ഇതില്‍ പ്രധാനപ്പെട്ടതാണ്. ലോകോളേജുകളും ഹൈക്കോടതിയും അയ്യായിരത്തിലേറെ അഭിഭാഷകരുടെ സാന്നിധ്യവുള്ള
കൊച്ചിക്ക് മുന്പില് LPO വലിയൊരു സാധ്യതയാണ്.
മറ്റ് കമ്പനികൾക്ക് വേണ്ടി ഗവേഷണം നടത്തുന്ന Research Process Outsourcing
(RPO) ആണ് മറ്റൊന്ന്. വിദേശ രാജ്യങ്ങൾക്ക്
വേണ്ടി എഞ്ചിനിയറിങ്ങ് ഡിസൈന്‍. ഡ്രാഫ്റ്റിങ്ങ്, പ്ലാന്റ് ഡിസൈന്‍, പ്രൊഡക്ട്
ഡിസൈന്‍ തുടങ്ങിയ ജോലികൾ ഏറ്റെടുത്ത് നടത്തുന്ന KPO സ്ഥാപനങ്ങളുണ്ട്. ESO അഥവാ എഞ്ചിനിയറിങ്ങ് സോഴ്സ് ഔട്സോഴ്സിങ്ങ് എന്നാണ് ഈ മേഖലക്ക് പേര്. തോഷിബ,
ജനറല്‍ ഇലക്ട്രിക്സ്, തുടങ്ങിയ വമ്പന്മാരുടെ പല ഡിസൈന്‍ ജോലികളും നടക്കുന്നത്
ഇന്ത്യയിലാണ്. 2020 ലെത്തുമ്പോൾ ലോക ESO വിപണിയുടെ 25 ശതമാനം അഥവാ 50
ബില്യണ്‍ ഡോളറിന്റെ കരാറുകൾ ഇന്ത്യയിലെത്തുമെന്നാണ് വിപണി വൃത്തങ്ങൾ
കണക്കാക്കുന്നത്. എഞ്ചിനിയറിങ്ങിന് ശേഷം CAD, CAM സാങ്കേതിക വിദ്യകളില്‍ പ്രാവിണ്യം
നേടിയവർക്കാണ് അവസരം.
വന്‍കിട സ്ഥാപനങ്ങളുടെ റിക്രൂട്ട്മെന്റുകൾ കൈകാര്യം
ചെയ്യുന്ന Recruitment Process
Outsourcing (RPO)പ്രധാനപ്പെട്ട മറ്റൊരു സാധ്യതയാണ്.
അതായത് വിവിധ സ്ഥാപനങ്ങൾക്ക് ആയിരക്കണക്കിന് ജീവനക്കാരെ പുതുതായി നിയമിക്കേണ്ടി
വരുമ്പോൾ ലക്ഷക്കണക്കിന് അപേക്ഷകൾ കൈകാര്യം ചെയ്യേണ്ടി വരും. ഇത് ഏറ്റെടുത്ത് നടത്തുന്ന സ്ഥാപനങ്ങളാണ്
ഇവ. റിക്രൂട്ട്മെന്റ് അനലിസ്റ്റ്,
റിവേർഡ് അനലിസ്റ്റ്, റിപ്പോർട്ടിങ്ങ് അനലിസ്റ്റ് എന്നിവ ഇത്തരം സ്ഥാപനങ്ങളിലെ ചില
ജോലികളാണ്. ഇപ്പോൾത്തന്നെ RPOവേൾഡ് വൈഡ്. Golden Sachsഎന്നിവർ ഈ രംഗത്തുണ്ട്.
ഡേറ്റാ അനലിറ്റിക്സ്
സാമൂഹ്യമാധ്യമങ്ങള്‍ ഉള്‍പ്പെടെ
വിവിധങ്ങളായ മാധ്യമങ്ങള്‍ വഴി രൂപപ്പെടുന്ന അതിബൃഹത്തായ വിവരശേഖരത്തില്‍ നിന്ന്
അതതുമേഖലകള്‍ക്കാവശ്യമായ വിശകലന റിപ്പോര്‍ട്ടുകളും അനുമാനങ്ങളും
സ്ഥിതിവിവരക്കണക്കുകളും സമയബന്ധിതമായി തയ്യാറാക്കുന്ന പ്രക്രിയയാണ് ബിഗ് ഡേറ്റ
അനാലിസിസ്. ഇതിന് പ്രകാരം ഒരു വ്യക്തിയുടെയോ
ഒരു സംഘം വ്യക്തികളുടേയോ താല്പര്യങ്ങള് എന്തൊക്കെയെന്ന് സാമൂഹ്യമാധ്യമങ്ങളിലുള്‍പ്പെടെയുള്ള
അവരുടെ ഇടപെടലുകള്‍ പരിശോധിച്ചും ക്രോഡീകരിച്ചും മനസ്സിലാക്കുന്നതുമുതല്‍ ഒരു
രാജ്യത്തെ സാമ്പത്തിക സ്ഥിതി ആ രാജ്യത്തെ കഴിഞ്ഞകാല സംഭവങ്ങളുടേയോ ആനുകാലിക
സംഭവങ്ങളുടേയോ അടിസ്ഥാനത്തില്‍ എങ്ങനെ പ്രതികരിക്കും എന്ന മുന്‍ കൂട്ടി
മനസ്സിലാക്കാന്‍ വരെ ബിഗ് ഡേറ്റ അനലറ്റിക്സ് സഹായിക്കും.ഇന്ന് ലോകത്ത് വാണിജ്യവ്യവസായവ്യാപാര
രംഗങ്ങളില്‍ ബിഗ് ഡേറ്റ അനലറ്റിക്സിന് സാധ്യതകളേറെയാണ്.ഡേറ്റാ അനലിസ്റ്റിക്സ്, ബിസിനസ്
റിസേർച്ച്, ഇന്‍വെസ്റ്റ്മെന്റ് റിസേർച്ച് എന്നിവയൊക്കെ ഈ മേഖലയിലെ തൊഴില്‍
അവസരങ്ങളാണ്. എന്‍ജിനീയറിംഗ്, ഐടി, ബിസിനസ് മേഖലകളില്‍ ഉന്നതവിദ്യാഭ്യാസ യോഗ്യതയുള്ള
തൊഴിലന്വേഷകര്‍ ധാരാളമുള്ള കേരളത്തില്‍ ബിഗ് ഡേറ്റ അനലറ്റിക്സിനു സാധ്യത ഏറെയാണ്.
SAS,
Evalue Serve, Marketics, Kandorതുടങ്ങിയ സ്ഥാപനങ്ങൾ ഇപ്പോൾ
ഇന്ത്യയില്‍ ഈ മേഖലയില്‍ പ്രവർത്തിക്കുന്നുണ്ട്. ഡേറ്റാ സെക്യൂരിറ്റി മേഖലയിലും പുത്തന്‍
സംരംഭങ്ങൾക്ക് സാധ്യത ഏറെയാണ്.
ERP അഥവാ എന്റർപ്രൈസ് റിസോഴ്സ് പ്ലാനിങ്ങ്, BI അഥവാ
ബിസിനസ്സ് ഇന്റലിജെന്‍സ് തുടങ്ങിയ മേഖലകൾ ഇപ്പോൾത്തന്നെ സജീവമാണ്.
വിദ്യാഭ്യാസ വ്യവസായ മേഖല
വിദ്യാഭ്യാസം ഒരു വ്യവസായമായി വളർന്നിരിക്കുന്ന ഒരു കാലഘട്ടമാണ്. Lion Bridge, Tata Interactive,
Knowledge Solutionsതുടങ്ങിയ
ഇന്ത്യന്‍ കമ്പനികൾ ഈ മേഖലയിലുണ്ട്. ഇന്റെർനെറ്റിലൂടെ 24 മണിക്കൂറും നടത്താവുന്ന
ഈ ജോലി അഭ്യസ്ത വിദ്യരേറെയുള്ള കേരളത്തിന് ഒരു അനുഗ്രഹമാണ്. അധ്യാപകർക്ക്
മാത്രമല്ല സാങ്കേതിക വിദഗ്ദർക്കും ഈ രംഗത്ത് ശോഭിക്കാനാകും.
ആർട്ടിഫിഷ്യല്‍ ഇന്റ്റലിജെന്സും
കാർഷിക മേഖലയും
ആർട്ടിഫിഷ്യല്‍ ഇന്റലിജെന്‍സാണ് എടുത്ത് പറയേണ്ട
മറ്റൊരു മേഖല. കാർഷിക രംഗം മുതല്‍ വന്‍കിട കമ്പനികളുടെ ഉല്‍പ്പാദനം വരെയുള്ള
രംഗങ്ങളില്‍ എ ഐ പിടി മുറുക്കിക്കഴിഞ്ഞു. കർഷകർ, ഉല്‍പ്പാദകർ, സംരംഭകർ, സംസ്കരണ
രംഗത്ത് പ്രവർത്തിക്കുന്നവർല എന്നിവർക്ക് ഇത് ഏറെ പ്രയോജനപ്പെടും. വിത്തിടല്‍
മുതല്‍ വിളവെടുപ്പ് വരേയും വിളവെടുപ്പിന് ശേഷവും ഫാമിങ്ങ് രംഗത്ത്
പ്രയോജനപ്പെടുത്തുവാനുള്ള സാങ്കേതിക വിദ്യകളാണ് രൂപപ്പെട്ട് വരുന്നത്. നിരവധി വന്‍കിട
കമ്പനികൾ Total Solution
Provider ആയി ഈ രംഗത്ത്
എത്തിക്കഴിഞ്ഞു. സാറ്റലൈറ്റ് ഇമേജിന്റേയും
സെന്‍സറുകളുടേയും സഹായത്തോടെ ശേഖരിക്കുന്ന വിവരങ്ങൾ കാലാവസ്ഥ, വിവിധയിനം വിളകൾ
എന്നിവയുമായി സമന്വയിപ്പിച്ച് കൊണ്ട് ഓരോ കർഷകനും വിവിധയിനം വിളകൾക്കും കൃത്യമായി
അനുവർത്തിക്കാവുന്ന പരിചരണ തന്ത്രങ്ങൾ, വിപണിയിലെ ഏറ്റക്കുറച്ചിലിലുണ്ടാകാവുന്ന
പ്രത്യാഘാതങ്ങൾ, ഉല്‍പ്പാദനം, ഉല്‍പ്പാദനക്ഷമത ഇവ വർദ്ധിപ്പിക്കാനുള്ള മാർഗ്ഗങ്ങൾ
എന്നിവയും ഇതിലൂടെ ലഭ്യമാകും. ഇവിടെയെല്ലാം പുത്തന്‍ സാധ്യതകളും തൊഴിലവസരങ്ങളും
ഉടലെടുക്കുന്നുണ്ട്.
മറ്റ് മേഖലകൾ
GIS അഥവാ ജിയോഗ്രാഫിക്കല്‍ ഇന്‍ഫർമേഷന്‍
സിസ്റ്റം എന്ന മേഖലയിലും വിദേശ കമ്പനികൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്.ഇപ്പോൾ തന്നെ
വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഒരു സാങ്കേതിക വിദ്യയാണിത്. ഈ രംഗത്ത് ഔട്ട് സോഴ്സിങ്ങ് കമ്പനികൾക്ക് ഇനിയും
ധാരാളം സാധ്യതകളുണ്ട്.
വളർച്ചാ നിരക്ക് ഏറെയുള്ള രംഗമാണ് ഇലക്ട്രോണിക്
ചിപ്പ് ഡിസൈന്‍. ഹൈദരാബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി
ഫാബ്ലെസ് ചിപ്പ് ഡിസൈന്‍ ഇന്‍കുബേറ്റർ ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയിലെ ചിപ്പ്
ഡിസൈന്‍ മേഖലയിലെ സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. അടുത്ത മൂന്ന് നാല് വർഷങ്ങൾക്കുള്ളില്‍
ഇലക്ട്രോണിക്സ് സിസ്റ്റം ഡിസൈന്‍ ആൻറ് മാനുഫാക്ച്വറിങ്ങ് മേഖലയില്‍ രണ്ട് ലക്ഷം
കോടിയുടെ നിക്ഷേപമാാണ് പ്രതീക്ഷിക്കപ്പെടുന്നത്.
സോഫ്റ്റ് വെയർ ടെസ്റ്റിങ്ങ് സ്ഥാപനങ്ങളാണ് മറ്റൊരു
പുതിയ സാധ്യത. പല കമ്പനികളും ഇത് സ്വതന്ത്ര
ഏജന്‍സികൾക്ക് കൊടുക്കുകയാണ് പതിവ്.
അമേരിക്കയിലെ Gomez, ബ്രിട്ടനിലെ Mission
Assurance, ഇന്ത്യന്‍ സ്ഥാപനങ്ങളായ Maveric, Ready Test Go എന്നിവയൊക്കെയും ഈ രംഗത്തെ കമ്പനികളാണ്.
ഐ ടി രംഗത്ത് ഇന്റർനെറ്റ് ഓഫ് തിങ്ങ്സ്
വിപുലപ്പെടുമ്പോൾ സേവനങ്ങളെ ബാധിക്കുന്ന സുരക്ഷാ സംവിധാനത്തിന് പ്രത്യേക സൈബർ
സെക്യൂരിറ്റി സിസ്റ്റം ആവശ്യമായി വരുന്നുണ്ട്. ആയതിനാല്‍ത്തന്നെ ഇത്തരം
സ്ഥാപനങ്ങൾക്ക് ഇനിയുള്ള കാലഘട്ടങ്ങളില്‍ ഏറെ സാധ്യതകളുണ്ട്.
നിർമ്മാണ രംഗത്ത് ഓട്ടോമേഷന്‍ വിപുലപ്പെടുന്നത്
തൊഴില്‍ രംഗത്ത് വന്‍ മാറ്റങ്ങളുണ്ടാക്കും. 2030 ആകുമ്പോൾ 40 ശതമാനം വാഹനങ്ങളും
2040 ഓടെ രാജ്യത്തെ മുഴുവന്‍ വാഹനങ്ങളും വൈദ്യതിയിലേക്ക് മാറുമെന്നാണ് സൊസൈറ്റി
ഓഫ് ഇന്ത്യന്‍ ഓട്ടോ മൊബൈല്‍ മാനുഫാക്ച്വേഴ്സ് (SIAM) പ്രവചിച്ചിരിക്കുന്നത്.
GST യുടെ കടന്ന് വരവ് രാജ്യത്തെ തൊഴില്‍
മേഖലകളില്‍ ഏറെ മാറ്റങ്ങൾക്ക് കാരണമാകുവാന്‍ പര്യാപ്തമായിട്ടുണ്ട്. ബാങ്കിങ്ങ്,
സാമ്പത്തികം, ഇന്‍ഷുറന്‍സ്, നികുതി, ടെക്നോളജി വിദഗ്ദരുടെ ആവശ്യകത വർദ്ധിക്കും. FMC,
ഉപഭോക്തൃ വിപണി, ഫാർമസ്യൂട്ടിക്കല്‍, റിയല്‍ എസ്റ്റേറ്റ്, വ്യവസായ
മേഖല തുടങ്ങിയവയിലെല്ലാം GST മാറ്റം വരുത്തും. ഇത് പൂർണ്ണ
തോതില്‍ പ്രാവർത്തികമാകുന്നതോടെ നികുതി വിദഗ്ദരായും കണ്സൾട്ടന്റുമാരായുമെല്ലാം
13 ലക്ഷം പേർക്ക് തൊഴില്‍ ലഭ്യമാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.
മെയക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായി നിർമ്മാണ മേഖലക്ക്
ഊന്നല്‍ നല്കുമ്പോൾ ചെറുകിട നിർമ്മാണ മേഖലയിലാണ് തൊഴില്‍ സാധ്യത ഏറുന്നത്.
വസ്ത്ര, ചെരിപ്പ് നിർമ്മാണ മേഖലയില്‍ ടെക്നോളജി, ഡിസൈന്‍, സ്കില്‍ ഡവലപ്മെന്ര്,
കയറ്റ്മതി, വിപണനം എന്നിവയില്‍ നിരവധി തൊഴിലവസരങ്ങളാണ് വരുവാനിരിക്കുന്നത്.
അനലിറ്റിക്സ്, സ്കില്‍ ഡവലപ്മെന്റ്, സംരംഭകത്വം
എന്നിവയ്ക്ക് ഇന്ത്യ കൂടുതല്‍ പ്രാധാന്യം നല്കി വരുന്നു. രാജ്യത്തിന്റെ
പ്രധാനപ്പെട്ട പദ്ധതികളായ മെയ്ക്ക് ഇന്‍ ഇന്ത്യയില്‍ നിർമ്മാണ മേഖലക്കും, സ്കില്‍
ഇന്ത്യയില്‍ തൊഴില്‍ വൈദഗ്ധ്യത്തിനും ഡിജിറ്റല്‍ ഇന്ത്യ, ഡിജിറ്റലൈസേഷന്, ഇ
കൊമേഴ്സ് എന്നിവയ്ക്കും കൂടുതല്‍ പ്രാധാന്യം ലഭിക്കുന്നതോടെ തൊഴിലവസരങ്ങളിലും വന്‍
വർദ്ധന പ്രതീക്ഷിക്കാം.
ചില വെല്ലുവിളികൾ
കേരളത്തെ സംബന്ധിച്ച് 170 ന് മുകളിലുള്ള
എഞ്ചിനിയറിങ്ങ് കോളേജുകളുടെ എണ്ണം ഒരേ സമയം ഗുണപരവും ഒപ്പം വെല്ലുവിളികൾ
നിറഞ്ഞതുമാണ്. കൂണ് പോലെ മുളച്ച് പൊന്തുന്ന എഞ്ചിനിയറിങ്ങ് സ്ഥാപനങ്ങൾക്ക്
വേണ്ടത്ര ഗുണ നിലവാരമില്ലാത്തത് ആശങ്കാജനകമായ വസ്തുതയാണ്. വളരെ കുറഞ്ഞ ശമ്പളത്തിന്
ജോലി ചെയ്യുന്ന എഞ്ചിനിയറിങ്ങ് ഡിഗ്രിക്കാരെ നിരവധിയായി കാണുവാന്‍ കഴിയും. മാറുന്ന
തൊഴില്‍ സാഹചര്യങ്ങൾക്ക് അനുസൃതമായി നൈപുണ്യമുള്ള തൊഴിലാളികളെ കിട്ടുവാനില്ല
എന്നത് ഒരു യാഥാർത്ഥ്യമായി നില നില്‍ക്കുന്നുണ്ട്. സെല്‍ഫ് അഡാപ്റ്റീവ് സോഫ്റ്റ്
വെയർ പോലുള്ള സാങ്കേതിക വിദ്യകൾ പ്രചരിച്ചാല്‍ ജീവനക്കാരുടെ ആവശ്യകത വളരെ
കുറയുമെന്നതിനാല്‍ ഇനിയുള്ള കാലത്ത് എന്ത് സർട്ടിഫിക്കറ്റ് കൈയിലുണ്ട് എന്നതിനപ്പുറം
സവിശേഷമായ നൈപുണ്യമെന്തുണ്ട് എന്നതാണ് പ്രധാന ചോദ്യം. ഇതിനനുസൃതമായി നാം
അപ്ഡേറ്റഡ്ആയില്ലായെങ്കില് മാറുന്ന കാലഘട്ടത്തില്‍ തൊഴില്‍ വിപണിയില്‍ നാം
പിന്തള്ളപ്പെട്ട് പോകുമെന്നതിന് പക്ഷാന്തരമില്ല.
Nice attempt thank u
ReplyDeleteവായിക്കും തോറും possitve ചിന്താഗതികൾ ഉണ്ടാവുമെന്ന് ഉറപ്പാക്കുന്ന.നല്ല ഒരു ആർട്ടിക്കിൾ
Delete