Thursday, 2 August 2018

ഡിജിറ്റൽ ഇന്ത്യ – സേവനങ്ങള്ക്കും സംരംഭകത്വത്തിനും ഇനി പുതു മുഖം



മാറുകയാണ് ഇന്ത്യ. നാമറിയാതെ തന്നെ നാമേവരും ഈ മാറ്റത്തിന്‍റെ ഭാഗമാവുന്നുണ്ട്.  വിവര സാങ്കേതിക വിദ്യയുടെ വ്യാപനത്തോടെ തൊഴിലിടങ്ങളും സംരംരംഭകത്വവുമെല്ലാം പുനർ നിർവ്വചിക്കപ്പെട്ട് കൊണ്ടിരിക്കുന്നു. ഒപ്പം പൊതു ജനങ്ങള്‍ക്കേവർക്കും സഹായകരമായ വിധത്തില്‍ സർക്കാർ സേവനങ്ങള്‍ വിരല്‍ത്തുമ്പുകളിലേക്കെത്തുന്നു. ഇപ്പോള്‍ത്തന്നെ നാമെല്ലാം ഈ മാറ്റത്തിന്‍റെ ഭാഗമായും ഗുണഭോക്താക്കളായും മാറിയിട്ടുണ്ട്.  ഇനിയും അതി വിപലമായ സൌകര്യങ്ങള്‍ വരാനിരിക്കുന്നു. ഒപ്പം തൊഴിലവസരങ്ങളും. എന്നാല്‍ കാലഘട്ടത്തിന്‍റെ മാറ്റങ്ങള്‍ തിരിച്ചറിഞ്ഞ് നാം ചുവട് വെക്കുവാന്‍ തയ്യാറായെങ്കില്‍ മാത്രമേ ഇനിയുള്ള കാലഘട്ടത്തില്‍ നമുക്ക് പിടിച്ച് നില്‍ക്കുവാന്‍ കഴിയുകയുള്ളു.  പഠന ശേഷം ഏതെങ്കിലുമൊരു സർക്കാർ ജോലിയെന്ന സ്ഥിരം സമ വാക്യത്തില്‍ നിന്നും പുറത്ത് ചാടുവാനും മാറി  ചിന്തിക്കുവാനും തയ്യാറാണെങ്കില്‍ മാത്രമേ ഈ മത്സരാധിഷ്ടിത കാലഘട്ടത്തില്‍ യുവതലമുറക്ക് നില നില്‍പ്പുള്ളുവെന്ന യാഥാർത്ഥ്യം നാം തിരിച്ചറിയേണ്ടിയിരിക്കുന്നു.

എന്താണ് ഡിജിറ്റല്‍ ഇന്ത്യ

രാജ്യത്തെ ജനങ്ങളെ ഇലക്ട്രോണിക് ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ ഗുണഫലം കൊയ്യുന്നതില്‍ ശാക്തീകരിക്കുന്നതിനും രാജ്യ വ്യാപകമായി ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ അടിസ്ഥാന സൌകര്യം സൃഷ്ടിക്കുന്നതിനും വേണ്ടിയുള്ള ഒരു ഇന്ത്യ ഗവണ്‍മെന്‍റ് പദ്ധതിയാണ് ഡിജിറ്റല്‍ ഇന്ത്യ പ്രോഗ്രാം. ഇന്ത്യയിൽ എല്ലായിടത്തും എല്ലാവരിലേക്കും ഇന്റർനെറ്റ് സൗകര്യം എത്തിക്കുകയും ഡിജിറ്റൽ സാക്ഷരത ഉറപ്പുവരുത്തുകയും ചെയ്യുന്നതിനുള്ള സർക്കാർ പദ്ധതിയാണ് ഇത്. രാജ്യത്തെ എല്ലാ പഞ്ചായത്തുകളിലും ബ്രോഡ്ബാൻഡ് കണക്ഷനും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വൈ-ഫൈ സംവിധാനവും ഏർപ്പെടുത്താനുദ്ദേശിക്കുന്ന പദ്ധതി, നിലവിൽ വരുന്നതോടെ പുതുതായി പതിനെട്ടു ലക്ഷത്തോളം തൊഴിലവസരങ്ങളുണ്ടാകുമെന്ന് വിലയിരുത്തപ്പെടുന്നു. 2019-ഓടെ പൂർത്തീകരിക്കാൻ ലക്ഷ്യമിടുന്ന പദ്ധതി ഐടി മേഖലയിൽ നാലര ലക്ഷം കോടി രൂപയുടെ നിക്ഷേപം നേടിത്തരുമെന്ന് പ്രതീക്ഷിക്കുന്നു. ഈ പദ്ധതിയുടെ ആരംഭമായി 2015 ജൂലൈ 1 ന് ഡിജിറ്റൽ ഇന്ത്യ വാരാഘോഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ബ്രാന്റ് അംബാസഡറായി ഐ.ഐ.ടി-ജെ.ഇ.ഇ. പൊതുപരീക്ഷയിൽ പെൺകുട്ടികളിൽ നിന്ന് ഒന്നാമതെത്തിയ ഇൻഡോർ സ്വദേശി കൃതി തിവാരി നിയമിക്കപ്പെട്ടു.

ഇലക്ട്രോണിക്സ് ആന്റ് ഇൻഫർമേഷൻ ടെക്നോളജി വകുപ്പാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ആശയവിനിമയ, ഐടി വകുപ്പുകൾ, ഗ്രാമവികസന മന്ത്രാലയം, മനുഷ്യവിഭവശേഷി മന്ത്രാലയം, ആരോഗ്യ മന്ത്രാലയം തുടങ്ങിയവയെ എല്ലാം ബാധിക്കുന്നതാണ് ഈ പദ്ധതി. ഈ പരിപാടി എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും പ്രയോജനകരമാകുന്നതാണ്. നിലവിലുള്ള / ഇ-ഗവേണൻസ് പദ്ധതികൾ ഡിജിറ്റൽ ഇന്ത്യയുമായി സംയോജിപ്പിക്കുവാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.  പൗരന്മാർക്ക് സർക്കാർ സേവനങ്ങൾ ലഭ്യമാണെന്ന് ഉറപ്പാക്കുമെന്നതാണ് ഈ പദ്ധതിയുടെ ഗുണം.  

എന്താണ് ലക്ഷ്യങ്ങള്‍

1.      എല്ലാ സ്കൂളുകളിലും സർവ്വകലാശാലകളിലും ബ്രോഡ്ബാന്റ് കണക്ഷൻ. ഒപ്പം രാജ്യത്തെ എല്ലാ ഗ്രാമപഞ്ചായത്തിലും പൌരന്മാർക്ക് ഹൈ സ്പീഡ് ഇന്റർനെറ്റ്‌ സർവീസ് പ്രദാനം ചെയ്യുക, ഓരോരുത്തർക്കും ബാങ്ക് അക്കൗണ്ട്‌, സുരക്ഷിതവും ഭദ്രവുമായ സൈബർ സ്പേസ് ഒരുക്കുക.

2.      രാജ്യത്ത് കർഷകർ,ദരിദ്രർ തുടങ്ങീ എല്ലാവർക്കും ഇ-ഗവേണൻസും ഇ-കൊമേഴ്സും ഉൾപ്പെടെ എല്ലാ ഇന്റർനെറ്റ് സേവനങ്ങളുമെത്തിക്കുക. എല്ലാ ജനങ്ങൾക്കും ഉപകാരപ്രദവും സൗകര്യപ്രദവുമായ രീതിയിൽ ഗവന്മെന്റ് സേവനങ്ങൾ ഓണ്‍ലൈനായി ലഭ്യമാക്കുക. ക്രയവിക്രയങ്ങൾ ഇലക്ട്രോണിക് സംവിധാനത്തിൽ കൂടി കൂടുതൽ സുഗമമാക്കുക.

3.      സാധാരണക്കാരിലെ ഡിജിറ്റൽ ശാക്തീകരണം ആണ് ഏറ്റവും പ്രധാന ലക്‌ഷ്യം. സാധാരണക്കാരെ ഡിജിറ്റൽ ലോകത്ത് സക്ഷരരാക്കി ഡിജിറ്റൽ വിഭവങ്ങൾ കൂടുതൽ പ്രാപ്യമാക്കുക. സേവനങ്ങൾ എല്ലാം തന്നെ ഇന്ത്യൻ ഭാഷകളിൽ ലഭ്യമാക്കി കൂടുതൽ ജനപങ്കാളിത്തം ലാക്കാക്കുക. 

4.      മൊബൈൽ കണക്ഷൻ: 2018 നകം രാജ്യത്തിൻറെ എല്ലാ കോണിലും അതായത് 44000 ഗ്രാമങ്ങളിൽ എളുപ്പത്തിൽ മൊബൈൽ കണക്ഷൻ ലഭ്യമാക്കാനുള്ള പദ്ധതി ഗവന്മെന്റ് ആവിഷ്കരിച്ചു കഴിഞ്ഞു.

5.      ഇ ഗവർണൻസ്: ഗവന്മെന്റ് പ്രക്രിയകൾ കൂടുതൽ മെച്ചപ്പെടുത്തി കാര്യക്ഷമവും എളുപ്പവുമാക്കി ഗവന്മെന്റ് സേവനങ്ങൾ ജനങ്ങൾക്ക്‌ നിഷ്പ്രയാസം ലഭ്യമാക്കാൻ യു ഐ ഡി എ ഐ, പേയ്മെന്റ് ഗേറ്റ് വേ, ഇ ഡി ഐ, മൊബൈൽ പ്ലാറ്റ്ഫോം പ്ലാൻ ചെയ്യുന്നു. ഉദാഹരണത്തിന് സ്കൂൾ സർട്ടിഫിക്കറ്റ്, വോറെർ ഐ ഡി കാർഡ്‌, തുടങ്ങിയവ ഓണ്‍ലൈൻ ആയി ലഭ്യമാകും.  സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്ക് സഹായം നൽകുക.

6.      ഐടി ഉൽപന്നങ്ങളുടെ ഇറക്കുമതി കുറച്ചു ആഭ്യന്തര ഉൽപാദനം വർദ്ധിപ്പിക്കുക.

7.      മികച്ച സൈബർ സുരക്ഷാ സംവിധാനങ്ങൾ വികസിപ്പിക്കുക.

8.      ഗ്ലോബൽ ഇൻഫർമേഷൻ: വിവരങ്ങൾ ഓണ്‍ലൈൻ ആയി ലഭ്യമാക്കാനും സോഷ്യൽ മീഡിയ പ്ലാറ്റ് ഫോം ഗവർണസ് നു ഉപയോഗിക്കാനും അതുവഴി സാധാരണക്കാർക്ക് വിവരങ്ങൾ ലഭ്യമാക്കാനുമുള്ള പദ്ധതി. https://www.mygov.in/   വെബ്സൈറ്റ് മുഖാന്തിരം ഗവന്മെന്റുമായി ആശയങ്ങൾ പങ്കു വയ്ക്കുന്നതിനും കൈമാറുന്നതിനും ഏതൊരു പൗരനും സ്വാതന്ത്ര്യം നല്‍കുക.

9.      ആശുപത്രികളിൽ രജിസ്ട്രേഷന് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തുക.

10.  ഓൺലൈൻ ദേശീയ കാർഷിക വിപണി (ONAM) സൃഷ്ടിക്കുക
11.  രണ്ടര ലക്ഷം ഗ്രാമങ്ങളെ ഒപ്റ്റിക്കൽ ഫൈബർ ശൃംഖലയിലൂടെ ബന്ധിപ്പിക്കുക

ഡിജിറ്റല്‍ ഇന്ത്യ എങ്ങനെ

സത്യത്തില്‍ ഡിജിറ്റല്‍ ഇന്ത്യ എന്നത് ഒരു കുടയാണ്.  ഈ വാക്കിന് കീഴില്‍ നിരവധി പദ്ധതികളുണ്ട്. ഇത് നടപ്പില്‍ വരുത്തുന്നത് 9 അടിസ്ഥാന കാര്യങ്ങളുടെ പൂർത്തീകരണത്തിലൂടെയാണ്.

 1.       ബ്രോഡ് ബാന്‍ഡ് ഹൈവേ

റൂറല്‍, അർബന്‍, നാഷണല്‍ ഇന്‍ഫർമേഷന്‍ ഇന്‍ഫ്രാസ്ട്രക്ചർ എന്നീ മൂന്ന് ഉപ വിഭാഗങ്ങളിലായി രാജ്യത്തെ എല്ലാ പൌരന്‍മാർക്കും അതിവേഗ ഇന്‍റർനെറ്റ് ലഭ്യമാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. രാജ്യത്തെ 250000 വില്ലേജുകളെ National Optical Fiber Network (NOFN) ന്‍റെ കീഴില്‍ ഉള്‍പ്പെടുന്നതിലൂടെയാണ് ഗ്രാമ പ്രദേശങ്ങളില്‍ ഇത് സാധ്യമാക്കുന്നത്. State Wide Area Network (SWAN), National Knowledge Network (NKN), National Optical Fiber Network (NOFN), Government User Network (GUN) and the Megh Raj Cloud എന്നിവ ഏകോപിപ്പിച്ച് സർക്കാർ ഓഫീസുകളില്‍ ഇന്‍റർനെറ്റ് ലഭ്യമാക്കുക എന്നതാണ് ലക്ഷ്യമിടുന്നത്.

 2.       യൂണിവേഴ്സല്‍ ആക്സ്സ് റ്റു മൊബൈല്‍ കണക്ടിവിറ്റി

രാജ്യത്ത് മൊബൈല്‍ കണക്ടിവിറ്റി ഇല്ലാത്ത 55,619 ഗ്രാമങ്ങളുണ്ടുവെന്നാണ് കണക്കാക്കപ്പെടുന്നത്. ഇവയ്ക്കും കൂടി കണക്ടിവിറ്റി ലഭ്യമാക്കുക എന്ന ലക്ഷ്യത്തിനായി 16000 കോടി രൂപയാണ് ചിലവ് കണക്കാക്കുന്നത്.

3.       പബ്ലിക് ഇന്‍റർനെറ്റ് ആക്സ്സ് പ്രോഗ്രാം

അക്ഷയ പോലുള്ള കോമണ്‍‌ സർവീസ് സെന്‍റേഴ്സ്, പോസ്റ്റ് ഓഫീസുകളെ മള്‍ട്ടി സർവീസ് സെന്‍ററുകളാക്കുക എന്നിവയാണ് ലക്ഷ്യമിടുന്നത്.  രാജ്യത്തെ 150,000 പോസ്റ്റ് ഓഫീസുകളെയാണ് ഈ പദ്ധതി പ്രകാരം ലക്ഷ്യമിടുന്നത്.

4.       ഇ ഗവേണ്‍സ്

വിവര വിനിമയ സാങ്കേതിക വിദ്യയുടെ സഹായത്തോടെ സർക്കാർ സേവനങ്ങള്‍ കാര്യക്ഷമമാക്കുകയാണ് ഇ ഗവേണ്‍സിന്‍റെ ലക്ഷ്യം. സർക്കാരില്‍ നിന്നും ജനത്തിന് ലഭിക്കേണ്ടുന്ന സേവനങ്ങള്‍ ഡിജിറ്റലാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സർക്കാരിന്‍റെ തന്നെ വിവിധ വകുപ്പുകള്‍ക്കിടയിലെ ഇടപാടുകളും ഇതിന്‍റെ പരിധിയില്‍ വരാം.  

  1. ഇ- ക്രാന്തി: ആരോഗ്യ, വിദ്യാഭ്യാസ, കർഷക, നിയമ, സുരക്ഷ, സാമ്പത്തിക മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ഇലക്ട്രോണിക് സൗകര്യം ലഭ്യമാക്കാനുള്ള ഉദ്യമം. നഗരങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട മേഖലകളിൽ വൈഫൈ സംവിധാനം.
6.       ഇന്‍ഫർമേഷന്‍ ഫോർ ഓള്‍

വ്യക്തികള്‍ക്കും സംഘടനകള്‍ക്കും സോഫ്റ്റ്വെയർ സംരംഭങ്ങള്‍ക്കുമെല്ലാം ഒരു പോലെ ഉപകാരപ്പെടുന്ന വലിയൊരു ഡേറ്റാ സംഭരണിയാണിത്.  https://data.gov.in/ എന്നതാണ് വെബ് വിലാസം.  കമ്പനി രജിസ്റ്റര്‍, സ്ഥിതി വിവരക്കണക്ക്, വിളവെടുപ്പ്, ആംബുലന്‍സ് ലഭ്യത തുടങ്ങി ആയിരക്കണക്കിന് വിവരങ്ങള് പല ഫോർമാറ്റില്‍ ലഭ്യമാണ്. സോഫ്റ്റ്വെയർ നിർമ്മാതാക്കള്‍ക്ക് ഇവ ഉപയോഗിക്കുവാനുള്ള എ പി ഐ കളും ലഭ്യമാണ്. 

7.       ഇലക്ടോണിക് മാനുഫാക്ചറിങ്ങ്

 2020 ആകുമ്പോഴേക്കും ഇന്ത്യയിലെ ഇല്ക്ട്രോണിക് ഉല്‍പ്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുവാനാണ് ശ്രമിക്കുന്നത്. MSME സെക്ട്റുകളില്‍ ഇല്ക്ട്രോണിക് ഉല്‍പ്പാദനത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കുവാന്‍ ഗവണ്‍മെന്‍റ് ലക്ഷ്യമിടുന്നുണ്ട്.
  1. ഐ ടി മേഖലയിൽ തൊഴിൽ പരിശീലനം:
2020 യോടെ ചെറിയ ഗ്രാമങ്ങളിൽ നിന്നും മറ്റും ഏകദേശം 1 കോടി വിദ്യാർഥികൾക്ക് ഐ ടി മേഖലയിൽ തൊഴിൽ പരിശീലനം നല്കാൻ ഈ പദ്ധതി പ്ലാൻ ചെയ്യുന്നു. വടക്ക് കിഴക്കൻ മേഖലകളിൽ ബി പി ഓ സെക്ടർ ഈ ഉദ്യമത്തിന്റെ ഭാഗമാണ്.  ഐ.ടി / ഐ.ടി.എസ് മേഖലയിലെ തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിന് ആവശ്യമായ പരിശീലനം യുവാക്കൾക്ക് നൽകുന്നതിനാണ് ഇത്.
ചെറിയ പട്ടണങ്ങളിലും ഗ്രാമങ്ങളിലും ജനങ്ങൾക്ക് ഐടി പരിശീലനം നല്‍കുക
അഞ്ചുവർഷം കൊണ്ട് ചെറുനഗരങ്ങളിലും ഗ്രാമങ്ങളിലും നിന്ന് ഒരു കോടി കുട്ടികള്‍ക്ക് ഐ.ടി.മേഖലയിൽ പരിശീലനം നല്‍കുക
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ  ഐ ടി മേഖലയിൽ തൊഴിൽ പരിശീലനം നല്‍കുക. ഇവിടെ ബിസിനസ്സ് പ്രോസസ് ഔട്ട് സോഴ്സിങ്ങ് പ്രാബല്യത്തില്‍ വരുത്തുക.

 9.       ഏർലി ഹാർവെസ്റ്റ് പ്രോഗ്രാംസ്: എല്ലാ യൂണിവേര്സിറ്റികളിലും വൈ ഫൈ സൗകര്യം, പ്രാഥമിക ആശയവിനിമയ ഉപാധി ഇമെയിൽ, ഗവന്മെന്റ് ഓഫീസുകളിലെല്ലാം ആധാർ വഴി ബയോമെട്രിക് അറ്റൻഡാൻസ് സൗകര്യം, ഇവയൊക്കെയാണ് ഈ പദ്ധതി വഴി ലക്ഷ്യമിടുന്നത്.  സ്കൂള്‍ ബുക്കുകളെ ഇ ബുക്കുകളാക്കി മാറ്റുക. 

 തുടങ്ങി നിരവധി പദ്ധതികളിലൂടെ ഇത് നടപ്പിലാക്കുവാനാണ് സർക്കാർ പദ്ധതിയിടുന്നത്.

വിവിധ സേവനങ്ങള്‍

ഇപ്പോള്‍ത്തന്നെ ഡിജിറ്റല്‍ ഇന്ത്യയുടെ ഗുണഭോക്താക്കളാണ് നാമെല്ലാവരും, അതായത് സർക്കാരിന്‍റെ വിവിധ പോർട്ടലുകള് നാം വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നുണ്ടുവെന്നർത്ഥം. അവയില്‍ പ്രധാനപ്പെട്ട ചിലതിനെ പരിചയപ്പെടാം.
ചെറുകിട വ്യവസായ രജിസ്ട്രേഷനായ ഉദ്യോഗ് ആധാർ ഏറ്റവും നല്ല ഉദാഹരണമാണ്. https://udyogaadhaar.gov.in  എന്ന സൈറ്റിലൂടെ ആർക്കും ഇന്ന് സ്വയം വ്യവസായ രജിസ്ട്രേഷന്‍ ഇന്‍റർനെറ്റ് സൌകര്യമുള്ള ഒരു കമ്പ്യൂട്ടറില്‍ നിന്നും ചെയ്യാമെന്നായിരിക്കുന്നു.


https://edistrict.kerala.gov.in/  എന്ന കേരളാ സർക്കാരിന്‍റെ ബെബ് സൈറ്റിലൂടെ പൊതു ജനങ്ങള്‍ക്ക് നിരവധി സേവനങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. വിവിധ വകുപ്പുകളുടെ 47 സേവനങ്ങള്‍ ഇപ്പോള്‍ ഈ സൈറ്റില്‍ ലഭ്യമാണ്.  പരമ്പരാഗത രീതിയില്‍ ഓഫീസുകള്‍ കയറിയിറങ്ങേണ്ടി വരുമ്പോഴുള്ള കാല താമസം ഒഴിവായിക്കിട്ടുമെന്നതാണ് പ്രധാന ഗുണം. ഒപ്പം സേവനങ്ങളിലെ സുതാര്യത ഉറപ്പ് വരുത്തുയും ചെയ്യുന്നു.


https://enquiry.indianrail.gov.in  എന്ന സൈറ്റിലൂടെ ട്രെയിനുകളുടെ തല്‍സമയ വിവരങ്ങള്‍ അറിയുവാനുള്ള സൌകര്യങ്ങളൊരുക്കിയിട്ടുണ്ട്.  ഈ വിവരം ലഭിക്കുവാന്‍ നിരവധി സ്വകാര്യ സൈറ്റുകളുണ്ടുവെങ്കിലും അവയെല്ലാം ആശ്രയിക്കുന്നുത് ഈ ഔദ്യോഗിക സൈറ്റിനെയാണ്.


https://kerala.gov.in/  എന്നതാണ് കേരളത്തിന്‍റെ ഔദ്യോഗിക പോർട്ടല്‍. വളരെ ആകർഷകമായ ഒരു മെനുവാണ് ഇതിനുള്ളത്.  വളരെ വിപുലമായ സംവിധാനമാണ് ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.


ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുവാനുള്ള സംവിധാനം മാത്രമല്ല https://www.irctc.co.in എന്നത്. മറിച്ചിതൊരു സമ്പൂർണ്ണ യാത്രാ പോർട്ടലാണ്. താമസവും ഭക്ഷണവും മറ്റ് ഗതാഗത സൌകര്യങ്ങളും കൈകാര്യം ചെയ്യുന്ന സൈറ്റാണിത്.


https://vahan.nic.in എന്നത് വാഹനങ്ങളുടെ ദേശീയ ഡേറ്റാ ബോസാണ്.  https://mvd.kerala.gov.in/ എന്നതാണ് കേരളത്തിന്‍റെ സൈറ്റ്. വാഹന രജിസ്ട്രഷനും മറ്റുമായി കേരളിയർ ആശ്രയിക്കേണ്ട് ഇതിനെയാണ്.


പൊതു ജനങ്ങള്‍ക്ക് ആദായ നികുതി റിട്ടേണ്‍ സമർപ്പിക്കുവാനുള്ള സൈറ്റായ https://www.incometaxindiaefiling.gov.in/home ഉം ഡിജിറ്റല്‍ ഇന്ത്യാ പദ്ധതിയുടെ ഭാഗം തന്നെയാണ്.  https://www.utiitsl.com,  https://www.tin-nsdl.com/ എന്നീ പോർട്ടലുകളിലൂടെ ഓണ്‍ലൈനായി പാന്‍ കാർഡിനപേക്ഷിക്കാം.


http://www.ceo.kerala.gov.in എന്ന പോർട്ടല്‍ വോട്ടർ പട്ടികയിലെ പേര് തിരയുവാനും കൂട്ടി ചേർക്കുവാനും മാത്രമല്ല ഇലക്ഷന്‍ സംബന്ധമായ വിവരങ്ങള്‍ അറിയുവാനും ഉപകരിക്കും.


ആധാർ കാർഡിനപേക്ഷിക്കുവാന്‍ കഴിയില്ലെങ്ഖിലും അപേക്ഷിച്ച ആധാറിന്‍റെ സ്ഥിതി അറിയുവാനും ഇ ആധാർ ഡൌണ്‍ലോഡ് ചെയ്യുവാനും, വിവരങ്ങള്‍ പുതുക്കുവാനുമെല്ലാം https://www.uidai.gov.in/ എന്ന പോർട്ടല്‍ പ്രയോജനപ്പെടുത്താം.


വീട്ടിലിരുന്ന് ഓണ്‍ലൈന്‍ പഠനമാണ് Massive Open Online Courses (MOOCs)  എന്ന ആശയം. http://mooc.org/ എന്നതാണ് സൈറ്റ്. കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പിന് കീഴിലുള്ള MOOC സംരഭമാണ് സ്വയം  (https://swayam.gov.in)  . തീർത്തും സൌജന്യമായ നിരവധി കോഴ്സുകളിവിടെ ലഭ്യമാണ്.


ഒരു വ്യക്തിയുടെ അധ്യാപന ജീവിതം മുഴുവന്‍ ഡിജിറ്റലാക്കി മാറ്റുന്ന ഓണ്‍ലൈന്‍ സംരംഭമാണ് https://swayam.gov.in എന്നത്. അനന്ത സാധ്യതകളുള്ള ഒന്നാണിത്.


കൃഷി, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളിലെ വിവരങ്ങളറിയുവാനായി ആശ്രയിക്കാവുന്ന പോർട്ടലാണ് http://vikaspedia.in. ഇത് മലയാളത്തിലും ലഭ്യമാണ്.


https://digilocker.gov.in/  എന്നത് ഡിജിലോക്കർ എന്ന ഒരു സർവീസിന്‍റെ പോർട്ടലാണ്. പണവും സ്വർണവും മുദ്രക്കടലാസിലെ ആധാരവുമൊക്കെ ബാങ്ക് ലോക്കറിൽ സൂക്ഷിക്ക‍ുന്നതുപോലെ ഇരേഖകള്‍ സൂക്ഷിക്കാനാണ് സർക്കാരിന്റെ ഡിജിറ്റൽ ലോക്കർ. ഇന്റർനെറ്റ് അടിസ്ഥാനമാക്കിയുള്ള ഭരണ സംവിധാനമായ ഇഗവേണൻസിന്റെ ഭാഗമായി സർക്കാർ രേഖകളും സേവനങ്ങളുമെല്ലാം ഓൺലൈൻ വഴിയായതിനു പിന്നാലെയാണു കേന്ദ്രസർക്കാർ ഈ രേഖകളെല്ലാം സുരക്ഷിതമായി സൂക്ഷിക്കാൻ ഡിജിറ്റൽ ലോക്കർ സംവിധാനം ജനങ്ങൾക്കായി ആവിഷ്കരിക്കുന്നത്.


നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ, ഇ-ഹോസ്പിറ്റൽ/ഓആർഎസ്, ഇ-സൈൻ, ഡിജിറ്റൈസ് ഇന്ത്യ പ്ലാറ്റ്ഫോം (ഡി.ഐ.പി.) തുടങ്ങി നിരവധി ഉല്‍പ്പന്നങ്ങള്‍ ഡിജിറ്റല്‍ ഇന്ത്യയുടേതായിട്ടുണ്ട്.


ഇത് കൂടാതെ നിരവധി സേവനങ്ങളും എണ്ണമറ്റ പോർട്ടലുകളും ലഭ്യമാണ്. വിവിധ സർവകലാശാലകള്‍, പബ്ലിക് സർവീസ് കമ്മീഷനുകള്‍ തുടങ്ങി എല്ലാം ഡിജിറ്റലാവുമ്പോള്‍ സേവനങ്ങളെല്ലാം വിരല്‍ത്തുമ്പില്‍ ലഭ്യമാവുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്.

സംരഭക സാധ്യതകള്‍

വികസ്വര രാജ്യങ്ങളിൽ, പ്രത്യേകിച്ചും ഇന്ത്യയെ, ലോകത്തിലെ ഏറ്റവും വികസിത രാജ്യങ്ങളിലെ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ അതിവേഗം വികസിപ്പിക്കുകയാണ്. ഇത് നിരവധി സംരഭകത്വ സാധ്യതകളും ഒട്ടനവധി തൊഴിലവസരങ്ങളും തുറന്നിടുന്നുണ്ട്. യൂബർ, ഒലേ പോലുള്ള ഓണ്‍ലൈന്‍ ടാക്സി സംവിധാനങ്ങള്‍ കുറഞ്ഞ ചിലവില്‍ ഇന്‍റനെറ്റ് ലഭ്യമാവുന്നതിന്‍റെ ഫലമായുടലെടുത്ത സംരംഭങ്ങളാണ്.


റീട്ടെയില്‍ രംഗത്ത് വിപ്ലവം സൃഷ്ടിച്ച ആമസോണ്‍, ഫ്ലിപ്ക്കാർട്ട് പോലുള്ള സംരംഭങ്ങള്‍ വിരല്‍ത്തുമ്പില് ഷോപ്പിങ്ങ് സാധ്യമെന്ന് തെളിയിച്ചവയാണ്.  പരമ്പരാഗത റീട്ടെയില്‍ വിപണിക്ക് ഇന്ന് ഓണ്‍ലൈന്‍ സംവിധാനങ്ങളോട് മത്സരിക്കാനാവുന്നില്ല. മൊബൈൽ ഇൻറർനെറ്റ് ആക്സസുള്ള സ്മാർട്ട്ഫോണുകൾ ജനസംഖ്യയിൽ മൂന്ന് ശതമാനം (50 ദശലക്ഷം സ്മാർട്ട്ഫോണുകൾ) മാത്രമേ ഉപയോഗിക്കുന്നുള്ളു എന്നതിനാൽ ഇന്ന് പ്രീമിയം സെഗ്മെന്റ് ഉപഭോക്താക്കൾ മാത്രമാണ് ഈ സേവനം ഉപയോഗിക്കുന്നത്. എന്നാൽ, അഞ്ചു വർഷത്തിനുള്ളിൽ 500 ദശലക്ഷം ഉപഭോക്താക്കളിലേക്ക് സ്മാർട്ട്ഫോണുകൾ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതിനാല്‍ത്തന്നെ ഇനിയുള്ള കാലഘട്ടത്തില്‍ ഇത്തരം സംരംഭക സാധ്യതകള്‍ വർദ്ധിക്കും. മാത്രവുമല്ല ഇനി ഇപ്പോഴുള്ള തലമുറ കാലയവനികക്കുള്ളിലേക്ക് മറയുകയും ഒപ്പം തുടർന്ന് വരുന്ന തലമുറ കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവരാവുകയും ചെയ്യുമെന്നോർക്കുക. ഇത് ഇൻഡ്യയുടെ പരമ്പരാഗത ചില്ലറ വ്യവസായത്തെ പുനർ നിർവ്വചിക്കുക തന്നെ ചെയ്യും.


കൃഷിയിലും അതിന്‍റെ വിപണനത്തിലുമെല്ലാം ഡിജിറ്റലൈസേഷന്‍റെ കടന്ന് കയറ്റം നൂതന സംരംഭങ്ങള്‍ക്ക് സാധ്യതയേറ്റുന്നു.


അമേരിക്കന്‍ സ്റ്റാർട്ടപ്പുകളെ അനുകരിക്കുന്ന നിരവധി സംരംഭങ്ങള്‍ വരും നാളുകളില്‍ ഈ ഡിജിറ്റല്‍ വിപ്ലവത്തിന്‍റെ ഫലമായി ഉയർന്ന് വരും.


വിജയകരമായ അമേരിക്കന്‍ ബിസിനസ്സ് മോഡലുകളെ ഇന്ത്യന്‍ സാഹചര്യത്തിലേക്ക് പറിച്ച് നടുന്ന നൂതന സംരംഭങ്ങള്‍ ൻാളെ നമുക്ക് കാണുവാന്‍ കഴിയും. Hire My Machines എന്ന സംരംഭത്തിന്‍റെ ഉടമ Girish Jaggi ഉത്തമ ഉദാഹരണമാണ്.


ചെറുകിട ബിസിനസ്സുകാർ വന്‍കമ്പനികളായ ആമസോണ്‍, ഫ്ലിപ് കാർട്ട് പോലുള്ളവ ഉപയോഗിച്ച് ബിസിനസ്സ് ചെയ്യുന്നത് ഇന്ന് അനവധിയായി കാണുന്നുണ്ട്. ഇനിയുള്ള നാളുകളില്‍ ഇത് വർദ്ധിക്കുമെന്ന് കരുതപ്പെടുന്നു.


അസംഘടിത മേഖലകളായ തെങ്ങ് കയറ്റം, പ്ലംമ്പിങ്ങ് തുടങ്ങിയവയിലെല്ലാം ഡിജിറ്റല്‍ ഡേറ്റ ഉപയോഗിച്ച് നിരവധി സംരംഭങ്ങള്‍ ഉടലെടുക്കുന്നത് ഭാവിയില്‍ കാണുവാന്‍ കഴിയും.
സാമ്പത്തിക രംഗവും ഡിജിറ്റലിലേക്ക് വഴി മാറുമ്പോള്‍ ഫിനാന്‍ഷ്യല്‍ ചെക്നോളജി മേഖലകളില്‍ വ്യത്യസ്തങ്ങളായ നിരവധി സംരംഭങ്ങള്‍ക്ക് സാധ്യതയേറെയാണ്.

ഡിജിറ്റല്‍ ഇന്ത്യ പ്രയോജനങ്ങള്‍

1. ഭരണത്തിലും സേവനങ്ങളിലും സുതാര്യതയും വേഗതയും ഉറപ്പുവരുത്തുന്നു.സർക്കാർ സേവനങ്ങളിലെ കാലതാമസം ഒഴിവാക്കുന്നു.

2. കൃഷി,ആരോഗ്യം,വിദ്യാഭ്യാസം,റവന്യു തുടങ്ങിയ സേവനങ്ങളെല്ലാം എവിടെയിരുന്നും ആവശ്യപ്പെടാനും സ്വീകരിക്കുവാനും എളുപ്പത്തിൽ കഴിയും.

3.   കടലാസുരഹിത ഓഫീസുകൾ യാഥാർത്ഥ്യമാകുന്നതോടെ പരിസ്ഥിതി സംരക്ഷണം.

4.      കാർഷിക വിപണി സുതാര്യവും വിപുലവും ഏകീകൃത സ്വഭാവമുള്ളതുമാകും.

തുടങ്ങി നിരവധി പ്രയോജനങ്ങളുള്ളയൊന്നാണ് ഡിജിറ്റല്‍ ഇന്ത്യ എന്നത്.

 വെല്ലുവിളികള്‍

ഇന്ത്യന്‍ ജന സംഖ്യയില്‍ ഭൂരിഭാഗവും നിരക്ഷരും സാധാരണ സാഹചര്യങ്ങളില്‍ ജീവിക്കുന്നവരുമാണെന്നതാണ് ഇതിന്‍റെ ആദ്യത്തെ വെല്ലുവിളി. സാങ്കേതിക വിദ്യ ഉപയോഗിക്കുവാന്‍ കഴിയുന്നവരും അല്ലാത്തവരും തമ്മിലുള്ള വിടവാണ് ഡിജിറ്റല്‍ ഡിവൈഡ്. ആയതിനാല്‍ത്തന്നെ സാധാരണ ജനം ഇട നിലക്കാർ മൂലം ചതിക്കപ്പെടുവാന്‍ സാധ്യതയേറെയാണ്.


വ്യത്യസ്തമായ നിരവധി സേവനങ്ങളും നൂതനമായ സംരംഭക സാധ്യതകളുമായി നമ്മിലേക്കെത്തിയിരിക്കുന്ന ഡിജിറ്റല്‍ ഇന്ത്യയുടെ വെബ്സൈറ്റ് http://www.digitalindia.gov.in/ എന്നതാണ്.

No comments:

Post a Comment