Friday, 29 June 2018

ഹോം ഓട്ടോമേഷനുമപ്പുറം - സ്മാർട്ട് വീടും സംരംഭക സാധ്യതകളും




മാറുകയാണ് മലയാളിയും. സാങ്കേതിക വിദ്യയുടെ അതിപ്രസരം നമ്മുടെ ദൈനം ദിന ജീവിതത്തെ നിയന്ത്രിക്കുന്നതിന്‍റെ വർത്തമാന കാല ഉദാഹരണങ്ങള്‍ അനവധിയാണ്. ഇന്നിപ്പോള്‍ നമ്മുടെ ജീവിതം തന്നെ നിയന്ത്രിക്കുന്നത് സ്മാർട്ട് ഫോണുകളാണ് എന്ന് പറഞ്ഞാല്‍ അതൊട്ടും അതിശയോക്തിയാവില്ല. എന്നാല്‍ ഈ സാങ്കേതിക വിദ്യയുടെ കാലത്തും മനുഷ്യന്‍ തന്‍റെ ഭവനത്തിന്‍റെ സുരക്ഷയുടെ കാര്യത്തില്‍ ഏറെ അസ്വസ്ഥനാണ് എന്നത് സത്യമാണ്.  മുമ്പെങ്ങുമില്ലാത്ത വിധം അരക്ഷിതാവസ്ഥയിലേക്ക് കാര്യങ്ങളെത്തിയിരിക്കുന്നുവെന്നത് സാങ്കേതിക വളർച്ചയുടെ മറ്റൊരു മുഖം. ഇവിടെയാണ് സ്മാർട്ട് വീട് എന്ന ആശയത്തിന് പ്രസക്തിയേറുന്നത്. അത് കേവലമൊരു സി സി ടി വി എന്നതിനപ്പുറത്തേക്ക് കാര്യങ്ങളെത്തി നില്‍ക്കുന്നു. അതായത് വെറും ഓട്ടോമേഷനുമപ്പുറം സ്മാർട്ട് ലൈഫ് എന്ന തലത്തിലേക്കാണ് കാര്യങ്ങളുടെ പോക്ക്. വീടുകളെ വിരല്‍ത്തുമ്പില്‍ നിയന്ത്രിക്കാമെന്ന ആശയത്തിന്‍റെ ബിസിനസ്സ് സാക്ഷാല്‍ക്കാരത്തിന് ആവേശം പകരുന്ന കാര്യങ്ങളാണ് ചുറ്റിലും.  ആയതിനാല്‍ത്തന്നെ പുത്തന്‍ സംരംഭകത്വ സാധ്യതയായി ഇത് നില കൊള്ളുന്നുണ്ട്.


എന്താണ് സ്മാർട്ട് വീടുകള്‍


അകലയിരുന്ന് കൊണ്ട് നമ്മുടെ വീടുകളുടെ അകത്തളങ്ങളെ നിയന്ത്രിക്കുന്ന ഹോം ഓട്ടോമേഷന്‍ എന്ന സാങ്കേതിക വിദ്യ നമ്മുടെ നാട്ടിലും സ്ഥാനം പിടിക്കുകയാണ്. ലൈറ്റുകളുടെ കേന്ദ്രീകൃതമായ നിയന്ത്രണം, ഊർജ്ജ സംരംക്ഷണം, സുരക്ഷ എന്നിവയും ഒപ്പം ഇവയൊക്കെ നിയന്ത്രിക്കുവാനുള്ള ഇന്‍റർനെറ്റ് കണക്ഷനും കൂടി ചേർന്നതാണ് ഹോം ഓട്ടോമേഷന്‍ എന്ന സംവിധാനം. ഇന്‍റർനെറ്റ് ഓഫ് തിങ്ങ്സ് ആണ് സ്മാർട്ട് വീടുകളുടെ അടിസ്ഥാനം. മനുഷ്യ ജീവിതം ആയസകരമാക്കുന്നതിനുള്ള ഒരു കൂട്ടം ഉപാധികളാല്‍‌ നിയന്ത്രിക്കപ്പെടുന്ന ജീവിതം. പരസ്പരം സമ്പർക്കം പുലർത്തുന്ന, താമസക്കാരുടെ ഇഷ്ടങ്ങളറിഞ്ഞ് പ്രവർത്തിക്കുന്ന വീട്ടുപകരണങ്ങള്‍, വിരല്‍ത്തുമ്പിനാല്‍ ലോകത്തെവിടെ നിന്നും നിയന്ത്രിക്കാനാവുന്ന വീടും വീട്ട് സാധനങ്ങളും. ഓട്ടോമാറ്റിക് ഗേറ്റുകളും താനെ തുറക്കുന്ന മേല്‍ക്കൂരയും. ഇതെല്ലാം കൂടിച്ചേർന്നതാണ് സ്മാർട്ട് വീടുകള്‍. മുന്‍പ്  വിദേശ രാജ്യങ്ങളില്‍ മാത്രം ഉണ്ടായിരുന്ന ഈ സംവിധാനങ്ങള്‍ ഇങ്ങ് മലയാളക്കരയിലും വ്യാപകമാകുവാന്‍ തുടങ്ങിയതോട് കൂടി വിവിധ തലങ്ങളില് ഇതിനോടനുബന്ധിച്ച സംരംഭക സാധ്യതകള്‍ ഉടലെടുത്തത് കാണാതെ പോവരുത്.

സ്മാർട്ട് വീടുകളിലെ ജീവിതം

സ്മാർട്ടായിട്ടുള്ള നിരവധി ഉപകരണങ്ങളുണ്ടായെങ്കിലെ മേല്‍പ്പറഞ്ഞവയെല്ലാം സാധിത പ്രായമാവുകയുള്ളു. ആയതിനാല്‍ത്തന്നെ നിരവധി പുത്തന്‍ സംവിധാനങ്ങള്‍ ഈ വിപണിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു.  വളരെ വൈവിധ്യമാർന്ന ഉല്‍പ്പന്ന നിരയാണ് ഈ രംഗത്തുള്ളത്. ഹാർഡ് വെയറും സോഫ്റ്റ്വെയറും കൂടിച്ചേർന്നതാണിത്.


1.      ഗ്ലോ പില്ലോ


എല്‍ ഇ ഡി ലൈറ്റുകള്‍ ഘടിപ്പിച്ച കോട്ടണ്‍ നിർമ്മിതമായ തലയാണിത്. അലാറം സെറ്റ് ചെയ്തിട്ടുണ്ടാകും ഇവിടെ. അലാറം സെറ്റ് ചെയ്തിരിക്കുന്ന സമയത്തിന് മുന്‍പേ പ്രകാശിച്ച് തുടങ്ങുന്ന ലൈറ്റുകളുടെ തീവ്രത പതിയെ കൂടി വരുന്ന രീതിയിലാണ് ഇതിന്‍റെ ക്രമീകരണം. സമയവും  ഇതിലറിയുവാന്‍ കഴിയും.  കുലുക്കി വിളിക്കുവാനായി വൈബ്രേഷനുള്ള പില്ലോയും ഇവിടെയുണ്ട്.


2.      ബെഡ്ഡിറ്റ് എന്ന സ്ളീപ്പ് സെന്‍സർ


ഗാഢനിദ്രയിലായിരിക്കുമ്പോഴും നമ്മുടെ ശാരീരിക പ്രവർത്തനങ്ങള് നിരീക്ഷണ വിധേയമാക്കുന്ന സംവിധാനമാണ് ബെഡ്ഡിറ്റ്. കിടക്കയിലോ ബെഡ് ഷീറ്റിനടിയിലോ വെക്കാവുന്ന ഒരു അള്‍ട്രാ തിന് ഫിലിം സെന്സറാണിത്. ഉറങ്ങാന് കിടന്ന സമയം തുടങ്ങി ഉറക്കത്തിന്റെ എല്ലാ പ്രോസസും മാത്രമല്ല ശ്വാസഗതിയും ഹൃദയമിടിപ്പും വരേയും സ്മാർട്ട് ഫോണില് കാണിക്കപ്പെടുന്ന ഒരു സംവിധാനമാണിത്.

3.      സ്മാർട്ട് ബെഡ്

കിടക്കയില് ആള് മാറിയാലുടന്‍ ആളില്ലാത്ത കാര്യം സെന്സറുകളാല്‍ തിരിച്ചറിഞ്ഞ് ഓട്ടോമാറ്റിക്കായി കിടക്ക വിരി നേരെയാക്കുന്ന സ്മാർട്ട് ബെഡ് എന്ന സംവിധാനം സ്പാനിഷ് കമ്പനിയായ OHEA യുടെ സൃഷ്ടിയാണ്.

4.      സ്മാർട്ട് ലൈറ്റുകള്

സ്മാർട്ട് ലൈറ്റുകള് സ്മാർട്ട് ഹോമുകളുടെ ഒരു  പ്രധാന ഘടകമാണ്. ഏതൊരിടത്ത് നിന്നും സ്മാർട്ട് ഫോണ്‍ വഴി നമുക്ക് ലൈറ്റുകളെ നിയന്ത്രിക്കുവാന് കഴിയും. ഫിലിപ്സ് നിർമ്മിക്കുന്ന ഹ്യൂ വയർലെസ്സ് എല് ഇ ഡി ബള്ബുകളാണ് ഈ രംഗത്തെ പ്രധാനികള്. ബള്ബുകളും ഹ്യൂ ബ്രിഡ്ജൂം ഉള്പ്പെടുന്ന സംവിധാനമാണിത്. ബ്രിഡ്ജിനെ ലാന്‍ കേബിളിലൂടെ വയർലെസ്സ് റൂട്ടറുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഒരു ബ്രിഡ്ജിന് കീഴില് ഒരേ സമയം 50 ബള്‍ബുകള്‍ വരെ ലിങ്ക് ചെയ്യാം. ബള്‍ബുകളും അവയെ നിയന്ത്രിക്കുന്നതിനുള്ള സ്മാർട്ട്ഫോണ്‍ ആപ്ലിക്കേഷനും ഇടയില്‍ മധ്യവർത്തിയായി നില കൊള്ളുന്നത് ഈ ബ്രിഡ്ജ് ആണ്. സ്മാർട്ട് ഫോണിലേക്കോ ടാബ് ലെറ്റിലേക്കോ ആപ്ലിക്കേഷന് ഡൌണ്‍ലോഡ് ചെയ്ത് കഴിഞ്ഞാല് വയർലെസ്സ് റൂട്ടറില് കണക്ട് ചെയ്തിരിക്കുന്ന ബ്രിഡ്ജിനായി പരതുകയും അതിലൂടെ ലൈറ്റുകളുടെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്യും. ഇനി ബള്‍ബുകള്‍ ഫോണിലൂടെ നിയന്ത്രിച്ച് തുടങ്ങാം. നമുക്കിഷ്ടമുള്ള നിറങ്ങളില് വെളിച്ചം വീശുവാനും ഈ ലൈറ്റുകള്ക്കാവുമെന്നോർക്കുക. നമ്മുടെ വീടിനുള്ളിലെ ഓരോ മുറിയിലേയും സ്മാർട്ട് ബള്‍ബിനെ പ്രതിനിധീകരിക്കുന്ന പോയിന്‍റുകള്‍ ആപ്ലിക്കേഷന്‍ വിന്‍ഡോയിലൂടെ ഫോണില്‍ നമുക്ക് കാണാനാവും. ഇതില്‍ ഏതെങ്കിലും ഒരു പോയിന്‍റർ ഫോണിലെ ഫോട്ടോയിലെ ഏതെങ്കിലും നിറത്തിലേക്ക് ഡ്രാഗ് ചെയ്താല്‍ ആ നിറത്തിലുള്ള പ്രകാശം ചൊരിയുകയായി.   മാത്രവുമല്ല തിരക്കിനിടയില്‍ ലൈറ്റുകള്‍ ഓഫ് ചെയ്യാതെ ഓഫീസില് പോയാലും സ്മാർട്ട് ഫോണ് കയ്യിലുണ്ടുവെങ്കില് പരിഹാരമുണ്ടുവെന്നർത്ഥം.

സ്മാർട്ട് ടോയ് ലറ്റുകള്‍


ബ്ലൂടൂത്ത് കണക്ഷനുകളോട് കൂടിയ ടോയ്ലറ്റുകളാണിവ.  സെന്‍സറുകളിലാണിവ പ്രവർത്തിക്കുന്നത്. ടോയ് ലറ്റില്‍ പാദസ്പർശനമേറ്റാല്‍ ലിഡ് ഓട്ടോമാറ്രിക്കായി തുറക്കപ്പെടും. ഒപ്പം ഡി ഓഡറൈസറും പ്രവർത്തന നിരതമാകും. ടോയ്ലറ്റ് വിട്ടിറങ്ങുന്നതോടെ ഫ്ലഷ്, എയർ പ്യൂരിഫയർ സംവിധാനങ്ങള്‍ പ്രവർത്തിക്കും.


കണ്ണാടിയും സ്മാർട്ട്


സൈബർ ടെക്ചർ മിറർ എന്നറിയപ്പെടുന്ന വലിയ കണ്ണാടിയും സ്മാർട്ട് വീടുകളിലെ അംഗമാണ്. പ്രതിശ്ചായ കാണുവാന്‍ മാത്രമല്ല കാലാവസ്ഥയറിയുവാനും വാർത്തകള്‍ വായിക്കുവാനും യൂ ട്യൂബ് വീഡിയോകള്‍ കാണുവാനും കഴിയുന്നയൊരു മാന്ത്രിക കണ്ണാടി. വൈ ഫൈ, ലാന്‍ ക്യേപബിലിറ്റി, ടച്ച് സ്ക്രീന്‍, സ്റ്റീരിയോ തുടങ്ങിയ അനവധി സംവിധാനങ്ങളുള്ളതായിരിക്കുമിത്.

കാപ്പിക്കും ടെക് സ്പർശം


അവരവരുടെ ടേസ്റ്റിനനുസരിച്ച് കാപ്പി തയ്യാറാക്കി നല്‍കുവാന്‍ കഴിയുന്ന കോഫി മെഷീനുകളായിരിക്കും നാളത്തെ ട്രെന്‍ഡ്.  ബയോമെട്രിക് സ്കാനറുകളില്‍ വിരലമർത്തുന്നതിലൂടെ മെഷിന്‍ നമ്മെ തിരിച്ചറിഞ്ഞ് കഴിഞ്ഞാല്‍ ഓരോരുത്തർക്കും വേണ്ടതായ കാപ്പി തയ്യാറാക്കാം. Saeco യുടെ Xelsis ഡിജിറ്റല്‍ കോഫി മെഷീനിലാണ് ഈ സംവിധാനമുള്ളത്.

എന്നാല്‍ സ്മാർട്ട് ഫോണുപയോഗിച്ച് ഒരു കോഫി നിർമ്മിക്കുവാന്‍ കഴിയുന്നതാണ് ഡാനിഷ് കോഫി മെഷിന്‍ നിർമ്മാതാക്കളായ സ്കോനോമാറ്റിന്‍റെ വാഗ്ദാനം.   ടോപ്പ് ബ്രൂവർ എന്നറിയപ്പെടുന്ന ഈ മെഷിനില്‍ ഒരു ടാപ്പം അലുമിനിയം നിർമ്മിതമായ ബ്രൂ യൂണിറ്റുമാണുണ്ടാവുക. പ്രത്യക്ഷത്തില്‍ ടാപ്പ് മാത്രമാണ് മെഷിന്‍റെ ഭാഗമായി ഉണ്ടാവുക. സ്മാർട്ട് ഫോണിലെ ആപ്ലിക്കേഷനുപയോഗിച്ച് കോഫി നിർമ്മിക്കുവാനുള്ള നിർദ്ദേശങ്ങള്‍ ഫോണിലേക്ക് വയർലെസ്സായി കൈമാറാം.


അടുക്കള ഉപകരണങ്ങള്‍ സ്മാർട്ടാവുമ്പോള്‍


റഫ്രിജറേറ്ററുകളും ഓവനുകളുമെല്ലാം സ്മാർട്ടാകുന്നതാണ് ഇന്നത്തെ ട്രെന്‍ഡ്.  അതായത് റെഫ്രിജറേറ്ററുകളിലുള്ള പച്ചക്കറികളേതെന്നും എത്രയുണ്ടുവെന്നും സ്മാർട്ട് ഫോണിലറിയാമെന്നർത്ഥം.  അത് കൊണ്ട് എന്തൊക്കെയുണ്ടാക്കാമെന്നും സ്ക്രീനില്‍ തെളിയും. ഏതെങ്കിലുമൊന്ന് തിരഞ്ഞെടുത്താല്‍ അത് തയ്യാറാക്കുവാന്‍ ആവശ്യമായ ടെംമ്പറേച്ചറില്‍ ഓവന്‍ ഓട്ടോമാറ്റിക്കായി പ്രവർത്തന സജ്ജമാകും. റഫ്രിജേറ്ററുകളില്‍ പച്ചക്കറി തീരുന്നതിനനുസരിച്ച് ഓട്ടോമാറ്റിക്കായി ഓണ്‍ലൈന്‍ ഷോപ്പിങ്ങ് സാധ്യമാക്കുന്ന സ്മാർട്ട് ഷോപ്പിങ്ങ്, ഓരോ വ്യക്തിയുടേയും പേഴ്സണല്‍ പ്രൊഫൈല്‍ അനുസരിച്ച് ദിവസേനയുള്ള ഭക്ഷണ വിഭവങ്ങള്‍ നിർദ്ദേശിക്കുന്ന ഹെല്‍ത്ത് മാനേജർ തുടങ്ങി ഒട്ടേറെ ഫീച്ചേഴ്സ് നല്‍കുന്ന റഫ്രിജേറ്ററുകളായിരിക്കും നാളത്തെ അടുക്കള നിയന്ത്രിക്കുന്നത്.


സ്മാർട്ട് ആക്സസ് ഫീച്ചറിലൂടെ വാഷർ, ഡ്രയർ എന്നിവയുടെ പ്രവർത്തനങ്ങള്‍ സ്മാർട്ട് ഫോണിലൂടെ പരിശോധിക്കുവാന്‍ കഴിയുന്ന വാഷിങ്ങ് മെഷീനുകളായിരിക്കും ഭാവിയിലെ ട്രെന്‍ഡ്. ഫംഗഷനുകളം സെറ്റിങ്ങുകളും റിമോട്ടായി അഡ്ജസ്റ്റ് ചെയ്യാം. ഇത് സ്മാർട്ട് ഫോണ്‍ വഴി നിയന്ത്രിക്കുവാനും കഴിയും.

ചെടികളില്‍ സെന്‍സറുകള്‍

സെന്‍സറുകളുടെ വ്യാപക ഉപയോഗം കൃഷിയിലേക്കും ചെടികളിലേക്കും കൂടി കടക്കുകയാണ്. ചെടിച്ചെട്ടിയില്‍ പിടിപ്പിച്ചിട്ടുള്ള സെന്‍സറുകള്‍ മണ്ണിലെ ജലാംശം, ഊഷ്മാവ്, പ്രകാശ തീവ്രത തുടങ്ങിയവയെല്ലാം പിടിച്ചെടുത്ത് സ്മാർട്ട് ഫോണിലേക്കയക്കും. നമ്മുടെ സൊകര്യാർത്ഥം നമുക്കിവ പരിശോധിക്കാനാവും. ഏകദേശം അറുനോറോളം സ്പീഷിസുകളില്‍പ്പെട്ട ചെടികളുടെ വിവരങ്ങള്‍ അടങ്ങുന്ന ലൈബ്രറിയെ ആധാരമാക്കിയായിരിക്കും ഇതിന്‍റെ പ്രവർത്തനം എന്നതിനാല്‍ത്തന്നെ ഓരോ ചെടിയുടേയും ആവശ്യങ്ങള്‍ പ്രത്യേകമായി മനസ്സിലാക്കി പരിചരിക്കുവാന്‍ കഴിയുന്നതാണ്. ഇത് ഒരു നവീന സംരംഭ ആശയമായി കണ്ട് ചില സ്റ്റാർട്ടപ്പുകള്‍ ഈ മേഖലയില്‍ ആരംഭിച്ചിട്ടുണ്ട്.


വൈ ഫൈ എനേബിള്‍ഡ് വിന്‍ഡോ


ഒരു മില്ലി മിറ്ററില്‍ താഴെ മാത്രം കനമുള്ള SONTE ഫിലിമുകള്‍ പതിപ്പിച്ചിട്ടുള്ള ഗ്ലാസ് വിന്‍ഡോകളുടെ  സുതാര്യതയും അതാര്യതയുമെല്ലാം വൈ-ഫൈ എനേബിള്‍ഡ് ആക്കി മാറ്റുവാന്‍ കഴിയും. അതായത് വിരല്‍ സ്പർശത്തിലൂടെ വിന്‍ഡോ ഗ്ലാസിന്‍റെ സുതാര്യത നിയന്ത്രിക്കുവാന്‍ കഴിയുമെന്നർത്ഥം.


സ്മാർട്ട് ലോക്കുകള്‍


ബില്‍റ്റ് ഇന്‍ ക്യമറകളാണ് സ്മാർട്ട് ലോക്കുകളുടെ പ്രധാന സവിശേഷത. വീട്ടില്‍ സന്ദർശകരെത്തിയാല്‍ അവരുടെ ഫോട്ടോ സഹിതമുള്ള വിവരങ്ങള്‍ യഥാ സമയം സ്മാർട്ട് ഫോണിലെത്തുന്ന സംവിധാനം.  ആവശ്യക്കാർക്ക് മാത്രം വാതില്‍ തുറന്ന് കൊടുക്കുവാന്‍ ഇതിനാവും. ഉടമയറിയാതെ ആരെങ്കിലും വാതില്‍ തുറന്നാല്‍ ആയത് തല്‍സമയം മൊബൈലില്‍ അറിയുവാനുള്ള സംവിധാനം ഇതിന്‍റെ പ്രത്യേകതയാണ്. വാതിലിന് സമീപത്തേക്ക് ചെല്ലുന്ന ആളെ തിരിച്ചറിഞ്ഞ തനിയെ തുറക്കുന്ന വാതിലുകള്‍, വ്യക്തിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞ് തുറക്കുന്ന വാതിലുകള്‍ എന്നിവയെല്ലാം ഇവിടുത്തെ വൈവിധ്യങ്ങളാണ്.

സ്മാർട്ട് സ്വിച്ചുകള്‍


ഇത്തരം സ്വിച്ചുകളിലേക്ക് കണക്ട് ചെയ്തിരിക്കുന്ന ഉപകരണങ്ങള്‍ അതായത് ടി വി, ലാംബ്, സ്റ്റീരിയോ, ഹീറ്റർ, ഫാന്‍ തുടങ്ങി സ്മാർട്ട് ഫോണ്‍ അല്ലെങ്കില്‍ ടാബ് ലെറ്റ് ഉപയോഗിച്ച് എത്ര അകലെയിരുന്നും പ്രവർത്തിപ്പിക്കാം. ബെല്‍ക്കിന്‍ കമ്പനിയുടെ വിമോ സ്വിച്ച് ഉദാഹരണമാണ്.
ഇങ്ങനെ നിരവധി ഉപകരണങ്ങളാണ് വീടുകളെ സ്മാർട്ട് ആക്കുവാന്‍ അണിയറയില്‍ ഒരുങ്ങുന്നത്. പലതും ഇപ്പോള്‍ത്തന്നെ നമ്മുടെ വിപണിയിലും എത്തിക്കഴിഞ്ഞു.


സംരംഭകത്വ സാധ്യതകള്‍


ലോകം ഈ ദിശയിലേക്ക് ചുവട് വക്കുമ്പോള്‍ നാളയുടെ സംരംഭകത്ത്വത്തിലേക്ക് ഇത് വിരല്‍ ചൂണ്ടുന്നുണ്ട്. വീട്ടുപകരണങ്ങളുടെ  കേന്ദ്രീകൃതമായ നിയന്ത്രണം, ഊർജ്ജ സംരംക്ഷണം, സുരക്ഷ എന്നിവയെല്ലാം ഉള്‍പ്പെട്ട ഹോം ഓട്ടോമേഷന്‍‌ ആരും തന്നെ അധികച്ചിലവായി കാണുന്നില്ല. അതിന് കാരണങ്ങള്‍ പലതാണ്.


1.       സുരക്ഷയും സമാധാനവും
2.       ഊർജ്ജ സംരംക്ഷണം
3.       തിരക്ക് പിടിച്ച ജീവിതത്തെ കുറച്ച് കൂടി ലളിതമാക്കുന്നു.
4.       പുതു തലമുറ സാങ്കേതിക സൌകര്യങ്ങളിഷ്ടപ്പെടുന്നു.
5.       വിദേശങ്ങളില്‍ ജോലി ചെയ്യുന്നവർ അവർ അവിടെ കണ്ട സൌകര്യങ്ങള്‍ ഇവിടേയും വേണമെന്ന് ചിന്തിക്കുന്നു.
6.       ജനങ്ങളുടെ സാമ്പത്തിക നിലവാരത്തിലുള്ള ഉയർച്ച
7.       സ്മാർട്ട് ഫോണുകളുടെ പ്രചാരം
8.       ജീവിത ശൈലികള്‍ക്കുണ്ടായിരിക്കുന്ന മാറ്റം
9.       മൊബൈല്‍ ഫോണുമായി ബന്ധിപ്പിച്ച് പ്രവർത്തിപ്പിക്കാമെന്ന സൌകര്യം
10.    ഇന്‍റർനെറ്റിന്‍റെ വ്യാപക ഉപയോഗം
11.    ഉപകരണങ്ങളുടെ വിലയിലുണ്ടാകുന്ന കുറവ്


ഇങ്ങനെ അനുകൂല ഘടകങ്ങള്‍ നിരവധിയാണ്. ആയതിനാല്‍ത്തന്നെ ഇന്ത്യയിലും നിരവധി വിദേശ കമ്പനികള്‍ ഈ രംഗത്തുണ്ട്. ഇവരുടെയൊക്കെ ഡിലർഷിപ്പ് ഒരു സംരംഭക സാധ്യതയാണ്. ഇതിന്‍റെ ഹാർഡ് വെയർ, സോഫ്റ്റ് വെയർ നിർമ്മാണവുമെല്ലാം സരംഭക സാധ്യതകളാണ്. വീടുകള്‍ മുഴുവന്‍ സ്മാർട്ടാക്കി നല്‍കുന്ന ചുരുക്കം ചില സ്ഥാപനങ്ങള്‍ കേരളത്തിലുണ്ട്. എന്നാല്‍ അവയൊക്കെയും തന്നെ ഇപ്പോള്‍ സുരക്ഷയെന്നതിനെ മുഖ്യ മാനദണ്ഡമാക്കിയാണ് പ്രവർത്തിക്കുന്നത്. സുരക്ഷയോടൊപ്പം സ്മാർട്ട് സൌകര്യങ്ങളേയും മുന്‍ നിർത്തി പ്രവർത്തിക്കുന്ന സ്ഥാപനങ്ങള്‍ ഈ ദിശയില്‍ കൂടുതലായി ആരംഭിക്കേണ്ടിയിരിക്കുന്നു.

No comments:

Post a Comment