Wednesday, 29 August 2018

സംരംഭകർക്ക് വിവിധ പരിശീലന പരിപാടികളുമായി വ്യവസായ വാണിജ്യ വകുപ്പ്



സംരംഭകർക്കെന്നും ധൈര്യമായി കടന്ന് വരാവുന്ന ഓഫീസാണ് വ്യവസായ വാണിജ്യ വകുപ്പിന്‍റേത്. സാധാരണക്കാരെ സംരംഭകരാക്കുകയെന്ന ലക്ഷ്യത്തിലൂന്നി നിരവധി പരിശീലന പരിപാടികള്‍ വകുപ്പ് നടപ്പിലാക്കാറുണ്ട്. ജില്ലാ ഓഫീസുകളായ ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍ വഴിയാണ് ഇവ നടപ്പിലാക്കുന്നത്. എന്നാല്‍ പല പരിശീലന പരിപാടികളും പൊതു ജനങ്ങള്‍ പലപ്പോഴും അറിയാറില്ല എന്നത് വസ്തുതയാണ്. വകുപ്പിന് എല്ലാ താലൂക്കുകളിലും ഓഫീസുകളുണ്ട്. കൂടാതെ ബ്ലോക്ക്, മുനിസിപ്പാലിറ്റി, കോർപ്പറേഷന്‍ എന്നീ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ എക്സറ്റന്‍ഷന്‍ ഓഫീസർമാരുമുണ്ട്. വകുപ്പിന്‍റെ പരിശീലന പരിപാടികള്‍ താഴെ പറയുന്നു.

വ്യവസായ സെമിനാറുകള്‍

ബ്ലോക്ക്, താലൂക്ക്, ജില്ലാ തലങ്ങളിലായിട്ടാണ് ഇത്തരം ഏകദിന സെമിനാറുകള്‍ സംഘടിപ്പിക്കുന്നത്. ബ്ലോക്ക് തലങ്ങളില്‍ ഒന്നോ രണ്ടോ സെമിനാറുകളാണ് സാധാരണയായി നടത്താറുള്ളത്. ഈയിടെയായി ഇത് വിദ്യാർത്ഥികളില്‍ സംരംഭകത്വ ബോധം വളർത്തുകയെന്ന ഉദ്ദേശത്തോടെ കോളേജ്, സ്കൂള്‍ തലങ്ങളിലും നടത്താറുണ്ട്. വകുപ്പ് വഴി നടപ്പിലാക്കുന്ന സബ്സിഡി സ്കീമുകള്‍, ലോണ്‍ സംബന്ധമായ വിഷയങ്ങള്‍, സംരംഭകത്വ ബോധവല്‍ക്കരണം, ജി എസ് ടി, കറന്‍റ് കണക്ഷന്‍ സംബന്ധിച്ച വിവരങ്ങള്‍ തുടങ്ങിയവയെല്ലാം ഈ സെമിനാറുകള്‍ക്ക് വിഷയമാവാറുണ്ട്. ബ്ലോക്കുകളിലെ സംരംഭകരെ പങ്കെടുപ്പിച്ച് നടത്തുന്ന സെമിനാറുകളില്‍ നിന്നും തിരഞ്ഞെടുക്കുന്നവരെ ചേർത്ത് താലൂക്ക് തലത്തിലും വിവിധ താലൂക്കുകളില്‍ നിന്നും തിരഞ്ഞെടുക്കുന്നവരെ സംഘടിപ്പിച്ച് ജില്ലാ തലങ്ങളിലും ഇത്തരം സെമിനാറുകള്‍ എല്ലാ വർഷവും നടത്താറുണ്ട്.

സംരംഭകത്വ പരിശീലന പരിപാടി (EDP)

വകുപ്പ് നല്‍കുന്ന ഒരു പ്രധാന പരിപാടിയാണിത്. 10 ദിവസം മുതല്‍ പതിനഞ്ച് ദിവസം വരെ നീണ്ട് നില്‍ക്കുന്നതാണ് ഈ പരിശീലനം. സാധാരണയായി ജില്ലാ ആസ്ഥാനത്ത് വച്ചാണ് ഇത് നല്‍കുക. ഒരു സംരംഭകന്‍ അറിഞ്ഞിരിക്കേണ്ട എല്ലാ നിയമങ്ങളും ഈ ക്ലാസുകളില്‍ പഠിപ്പിക്കും. അതാത് ഡിപ്പാർട്ട്മെന്‍റുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് വിവിധ ക്ലാസുകള്‍ നയിക്കുക. ഒപ്പം മാനേജ്മെന്‍റ്, സൈക്കോളജിക്കല്‍ ക്ലാസുകളുമുണ്ടാവും. ആദ്യം മടിച്ച് നില്‍ക്കുന്ന പലരും ക്ലാസ്സുകള്‍ കഴിയുന്നതോട് കൂടി മികച്ച സംരംഭകരാകുവാന്‍ മാനസികമായി സജ്ജരാകുന്നത് സ്ഥിരം കാഴ്ചയാണ്. പരിശീലനത്തിന്‍റെ ഭാഗമായി വ്യവസായ സ്ഥാപന സന്ദർശനവും സംഘടിപ്പിക്കാറുണ്ട്. PMEGP പദ്ധതിയില്‍ ഉള്‍പ്പെടുത്തിയുള്ള ലോണ്‍ ലഭിക്കുവാനും ഈ പരിശീലനം നിർബന്ധമായ ഒന്നാണ്.

ടെക്നോളജി ക്ലിനിക്കുകള്‍ (TC)

പ്രമുഖമായ ഏതെങ്കിലും സെക്ടറുകള്‍ തിരഞ്ഞെടുത്തിട്ടുള്ള 2 ദിവസത്തെ പരിശീലനമാണിത്. സാധാരണയായി ഏതെങ്കിലും ഗവേഷണ സ്ഥാപനത്തിന്‍റെ സഹായത്തോടെയാണിത് നടപ്പിലാക്കുക. ഗവേഷണ സ്ഥാപനങ്ങളുടെ ലബോറട്ടറികളില്‍ വച്ചുള്ള പരിശീലനവും ഇതിന്‍റെ ഭാഗമാണ്. സംരഭകർക്ക് പുതിയ സാങ്കേതിക വിദ്യകള്‍ പരിചയപ്പെടുത്തുകയും അവരുടെ വളർച്ചക്ക് ആവശ്യമായ സാങ്കേതിക സഹായങ്ങള്‍ നല്‍കുകയുമാണ് ഇതിന്‍റെ ഉദ്ദേശം.

ടെക്നോളജി മാനേജ്മെന്‍റ്  ഡവലപ്മെന്‍റ്  പ്രോഗ്രാമുകള്‍  (TMDP)

ഇന്‍റർ നാഷണല്‍ ലേബർ ഓർഗനൈസേഷന്‍റെ (ILO) സഹായത്തോടെയാണ് ഇത് നടപ്പിലാക്കുക. ILO യുടെ Start and Improve Your Business (SIYB) എന്ന പരിശീലനമാണ് ഈ 20 ദിവസത്തെ പരിപാടിയില്‍ 8 ദിവസം. ഒരു ബിസിനസ്സ് ആശയങ്ങളുമില്ലാത്തവർക്ക് ബിസിനസ്സ് ആശയങ്ങള്‍ ഉണ്ടാക്കുന്നതോടൊപ്പം മാർക്കറ്റിങ്ങ്, കോസ്റ്റിങ്ങ്, ബുക്ക് കീപ്പിങ്ങ്, ഇന്‍വെന്‍ററി കണ്‍ട്രോള്‍ തുടങ്ങി ഒരു നവ സംരംഭകന്‍ അറിഞ്ഞിരിക്കേണ്ടുന്നതെല്ലാം അടങ്ങിയ ഒരു സമഗ്ര പാക്കേജാണ് SIYB. പരിപാടിയുടെ 12 ദിവസങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ട ഏതെങ്കിലും സെക്ടറിലൂന്നിയുള്ള സമഗ്ര പരിശീലനമാണ്. ഫുഡ് പ്രോസസിങ്ങ്, ഡ്രസ് ഡിസൈന്‍, ഇന്‍ഡസ്ട്രിയല്‍ ഓട്ടോമേഷന്‍, വെബ് ഡിസൈനിങ്ങ്, നെറ്റ് വർക്ക് അഡ്മിനിസ്ട്രേഷന്‍ തുടങ്ങിയ ഏത് സെക്ടറിലുമാവാം പരിശീലനം. 20 ദിവസങ്ങള്‍ കഴിയുന്നതോട് കൂടി വ്യക്തികള്‍ സംരംഭകരാകുവാന്‍ സാങ്കേതികമായും മാനേജ്മെന്‍റ്പരമായും പ്രാപ്തരായിരിക്കുമെന്നതാണ് ഈ പരിശീലന പരിപാടിയുടെ ഫലം.

എത്രയാണ് ഫീസ്

സമയാ സമയങ്ങളില്‍ ഭക്ഷണമുള്‍പ്പെടെ നല്‍കുന്ന മേല്‍ പറഞ്ഞ എല്ലാ പരിശീലന പരിപാടികളും തീർത്തും സൌജന്യമാണ്.

എങ്ങനെ ചേരുവാന്‍ കഴിയും

ഈ പരിശീലന പരിപാടികളില്‍ പങ്കെടുക്കുവാന്‍ വ്യവസായ വികസന ഓഫീസഡമാരെയോ, താലുക്ക്, ജില്ലാ വ്യവസായ ഓഫീസുകളെയോ ബന്ധപ്പെട്ടാല്‍ മതിയാവും.

Monday, 27 August 2018

ലോകം വെയറബിള്‍ ഇലക്ട്രോണിക്സിന് പിന്നാലെ



സാങ്കേതിക വിദ്യ  നാം സങ്കല്‍പ്പിക്കുന്നതിനപ്പുറം വളർന്നു കൊണ്ടേയിരിക്കുന്നു. ഇന്‍ർനെറ്റ് ഓഫ് തിങ്ങ്സ് എന്നത് നമുക്ക് ചിന്തിക്കുവാനാവാത്ത സൌകര്യങ്ങളൊരുക്കുന്നു. അതിനനുസരിച്ച് പുതു പുത്തന്‍ ഉല്‍പ്പന്നങ്ങള്‍ വിപണിയിലേക്കെത്തുന്നു. എന്നാല്‍ ഏറെത്താമസിയാതെ തന്നെ കൂടുതല്‍ സൈകര്യങ്ങളോടെ ഇപ്പോഴുള്ളവയുടെ പുത്തന്‍ രൂപങ്ങള്‍ വരുന്നു. ഇവിടെയാണ് സ്റ്റാർട്ടപ്പുകളുടെ വെല്ലു വിളിയും. അനുദിനം ഉണ്ടാകുന്ന മാറ്റങ്ങള്‍ വിപണിയെ ഗണ്യമായി സ്വാധീനിക്കുവാന്‍ കഴിവുള്ളവയെ ആകുമ്പോള്‍ ഇന്ന് ഡിസൈന്‍ ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും നാളെ വിപണി ഉണ്ടായില്ലായെന്ന് വരാം. ആയതിനാല്‍ത്തന്നെ സാങ്കേതിക വിദ്യയില്‍ അധിഷ്ടിതമായ ബിസിനസ്സുകളില്‍ ഏറെ നേട്ടം കൊയ്യുന്നവ സ്വന്തമായി ഗവേഷണ വിഭാഗവും മാർക്കറ്റ് റിസേർച്ച് സംവിധാനങ്ങളുമുള്ള വന്‍ കിട കമ്പനികളാവാം. ഇത്തരത്തിലുള്ള ഒരു ബിസിനസ്സ് ലോകമാണ്, അല്ലെങ്കില്‍ ഉല്‍പ്പന്ന ശൃംഘലയാണ് വെയറബിള്‍ ഇലക്ട്രോണിക്സിന്‍റേത്.


എന്താണ് വെയറബിള്‍ ഇലക്ട്രോണിക്സ്

ശരീരത്തില്‍ വസ്ത്രം പോലെയോ ആഭരണം പോലെയോ അണിയാവുന്നതും ഇന്‍റർനെറ്റുമായി ഘടിപ്പിച്ചിട്ടുള്ളതുമായ ഇലക്ട്രോണിക്സ് ഡിവൈസുകളാണിവ എന്ന് ലളിതമായി പറയാം. റിസ്റ്റ് വാച്ചുകളും കണ്ണടകളും മുതല്‍ ബ്രേസ് ലെറ്റുകളും ഹിയറിങ്ങ് എയ് ഡുകളും വരെയുള്ള ഒരു നീണ്ട ഉല്‍പ്പന്ന ശ്രേണിയാണ് ഇവിടെ നമ്മെ കാത്തിരിക്കുന്നത്. അനുദിനം പുതു പുത്തന്‍ ഉല്‍പ്പന്നങ്ങള്‍ ഈ ശൃംഘലയിലേക്ക് കൂട്ടിച്ചേർക്കപ്പെട്ട് കൊണ്ടിരിക്കുന്നു. റിസ്റ്റ് വാച്ചുകളും കണ്ണടകളും മുതല്‍ ബ്രേസ് ലെറ്റുകളും ഹിയറിങ്ങ് എയ് ഡുകളും വരെ വെയറബിള്‍ ഇലക്ട്രോണിക്സ് ഉല്‍പ്പന്നങ്ങളായി നമുക്ക് മുന്‍പില്‍ എത്തിക്കഴിഞ്ഞു. ടെക്നോളജി ഭീമന്‍മാർ ഈ ദിശയിലെ ഗവേഷണം തുടരുമ്പോള്‍ത്തന്നെ വിവിധ സ്റ്റാർട്ടപ്പുകളും ഈ രംഗത്തുണ്ട്. മനുഷ്യന്‍റെ ദൈനം ദിന ജീവിതത്തിലെ പല പ്രശ്നങ്ങള്‍ക്കും പരിഹാരമെന്ന നിലയിലോ അതുമല്ലായെങ്കില്‍ ജീവിതം തന്നെ ആയാസ രഹിതമാക്കുവാനോ എന്ന നിലയിലാണ് പലതും അവതരിപ്പിക്കപ്പെടുന്നത് തന്നെ. കേവലമൊരു കൌതുകമെന്നതില്‍ നിന്നപ്പുറം മനുഷ്യന്‍റെ ജീവിതത്തിലെ പല മേഖലകളിലും ഇത് സ്ഥാനം പിടിച്ചിട്ടുണ്ട്. ഹെതത്ത് ബാന്‍ഡുകള്‍ ഇപ്പോള്‍ത്തന്നെ സർവ്വ സാധാരണമായിട്ടുണ്ട്. അതോടൊപ്പം സ്മാർട്ട് വാച്ചുകളും ഇന്ന് വെയറബിളുകളുടെ മുന്‍ നിരയില്‍ത്തന്നെ സ്ഥാനം പിടിച്ചിട്ടുണ്ട്.

§  ഹെല്‍ത്ത്
§  ഫിറ്റ്നെസ്സ്
§  ഡിസെബിലിറ്റീസ്
§  എഡ്യൂക്കേഷന്‍
§  ഗെയിമിങ്ങ്
§  മ്യൂസിക്
§  ട്രാന്‍സ്പോർട്ടേഷന്‍

തുടങ്ങി വ്യത്യസ്തവും പ്രയോജനപ്രദവുമായ നിരവധി രംഗങ്ങളില്‍ സാന്നിധ്യമറിയിച്ചിട്ടുളളവയാണ് വെയറബിള്‍ ഇലക്ട്രോണിക്സിന്‍റെ ഉല്‍പ്പന്ന ശ്രേണി. Wearableitalia എന്ന ഇറ്റാലിയന്‍ സ്റ്റാർട്ട് അപ് കമ്പനി ആഭരണങ്ങളില്‍ വെയറബള്‍സിന്‍റെ സാന്നിധ്യം ഉറപ്പ് വരുത്തിയിട്ടുണ്ട്. അപരിചിത സ്പർശം ഉണ്ടാകുമ്പോള്‍ ഉടമയുടെ മൊബൈലിലേക്ക് ഒരു മെസ്സേജ് അയക്കപ്പെടുന്ന തരത്തിലാണ് ഇതിന്‍റെ ക്രമീകരണം. ആഭരണത്തിന്‍റെ ലൊക്കേഷന്‍ സഹിതമായിരിക്കും മെസ്സേജ്. 


ഇത് മാത്രമല്ല ബാസ്കറ്റ് ബോള്‍ കളിക്കാർക്കുള്ള പ്രത്യേക ഷൂസും വിപണിയിലെത്തിയിട്ടുണ്ട്. കളിവേഗതയും ചാട്ടത്തിന്‍റെ ഉയരവും മാത്രമല്ല മൊത്തത്തിലുള്ള കളി നിലവാരവും വിലയിരുത്തുവാനിതുപകരിക്കും. ഇവിടെയും സ്മാർട്ട് ഫോണിലാണ് ഡേറ്റ ശേഖരിക്കപ്പെടുന്നത്.


വെയറബിള്‍ ഇലക്ട്രോണിക്സിന്‍റെ പ്രാധാന്യം കേവലമൊരു സ്മാർട്ട് വാച്ചിലോ ഹെല്‍ത്ത് ബാന്‍ഡിലോ മാത്രമായി ഒതുങ്ങുന്നയൊന്നല്ല.  വ്യത്യസ്തവും വൈവിധ്യവുമായ ഉപയോഗങ്ങളുണ്ടിതിന്. പ്രധാനപ്പെട്ടവ മാത്രം ഒന്ന് നോക്കാം.


1.      സ്മാർട്ട് ടാറ്റു

അലങ്കാരത്തിനപ്പുറത്തേക്ക് ടാറ്റു എത്തുന്നതിന്‍റെ പിന്‍പില്‍ എം ഐ ടിയിലേയും ഹാർഡ് വാർഡ് യൂണിവേഴ്സിറ്റിയിലേയും ഗവേഷകരാണ്. ബയോ സെന്‍സിറ്റീവ് ആയ ഈ മഷി കണ്ടുപിടിക്കുകയാണ് അവർ ചെയ്തത്. ശരീരത്തിലുടലെടുക്കുന്ന രോഗാവസ്ഥയ്ക്കനുസരിച്ച് ടാറ്റുവിന്‍റെ നിറം മാറും. അപ്പോള്‍ ഹോസ്പിറ്റലില്‍ പോയാല്‍ മതിയാവും.


2.      വയർലെസ് സ്കിന്‍

രക്തത്തിലെ ഗ്ലൂക്കോസ് നില അറിയുവാനാണ് ത്വക്കിനടിയില്‍ പതിപ്പിക്കുന്ന ഒന്നാണ് ഇത്. ഒരു ഇഞ്ചക്ഷനിലൂടെ ലളിതമായി ശരീരത്തിലുള്‍ക്കൊള്ളിക്കാവുന്ന ഈ നാനോ മെംബ്രയിന്‍ പ്രവർത്തിക്കുന്നത് കൈത്തണ്ടയിലിടാവുന്ന സ്മാർട്ട് ബ്രേസ്ലെറ്റ് (മറ്റൊരു വെയറബിള്‍) നല്‍കുന്ന വയർലെസ് ഇലക്ട്രിസിറ്റി ഉപയോഗപ്പെടുത്തിയാണ്.


3.      ഇന്‍റലിജെന്‍റ് തെർമോമീറ്റർ

ശരീരത്തിലെ താപനില 24 മണിക്കൂറും നിരീക്ഷിച്ച് കൊണ്ടിരിക്കുന്ന ഇത് കുട്ടികളില്‍ ഏറെ ഉപകാരപ്പെടുന്നയൊന്നാണ്. അതിനാല്‍ത്തന്നെ താപനില ചാർട്ടായി ലഭിക്കുവാനും കഴിയും. താപനില ക്രമാതീതമായി ഉയർന്നാല്‍ അലാറം നല്‍കുവാനും ഇതില്‍ സംവിധാനമുണ്ട്. മാത്രവുമല്ല വിവിരങ്ങള്‍ ബൊബൈല്‍ ഫോണില്‍ ലഭിക്കുവാനും കഴിയും.


4.      സ്മാർട്ട് ബ്ലഡ് പ്രഷർ മോണിറ്റർ

ഉയർന്ന ബ്ലഡ് പ്രഷർ ഉള്ളവർക്ക് ഏറെ ഉപകാരപ്പെടുന്നയൊന്നാണ് ഇത്. മെഡിക്കല്‍ ഗ്രേഡിലുള്ള രക്ത സമ്മർദ്ദ നിലകള്‍ ഇതിലൂടെ ലഭിക്കും. ഫിലിപ്സ്, നോകിയ, ഒമ്റോണ്‍ തുടങ്ങിയ കമ്പനികളെല്ലാം തന്നെ ഇതിന് പിറകേയുണ്ട്.  വിവരങ്ങള്‍ തല്‍സമയം മൊബൈലില്‍ അറിയുവാനും ഡോക്ടറെ അറിയിക്കുവാനും ഇതില്‍ സൌകര്യമുണ്ട്.


5.      ആർട്ടറി ഡിക്ലോഗർ

മാക്സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഈ പ്രത്യേക ഉപകരണം രൂപകല്‍പ്പന ചെയ്തത്. പട്ട് നൂല്‍പ്പുഴുവിന്‍റെ രൂപത്തിലുള്ള ഈ വെയറബിള്‍ രക്ത ധമനികളിലൂടെ ഇഴഞ്ഞ് നീങ്ങി തടസ്സങ്ങള്‍ കണ്ടെത്തുവാന്‍ സഹായിക്കും.


6.      പേഷ്യന്‍റ്   സ്റ്റാറ്റസ് എഞ്ചിന്‍

രോഗി ആശുപത്രി വിട്ടാല്‍ പോലും രോഗിക്ക് പിന്നാലെ നീങ്ങുന്ന വയർ രഹിത വെയറബിളാണിത്. രോഗിയുടെ ഡേറ്റാ സെന്‍ട്രല്‍ പോയിന്‍റില്‍ ആയ ഒരു സ്മാർട്ട് ഫോണില്‍ നിന്നോ ടാബ്ലെറ്റില്‍ നിന്നോ എടുക്കുവാന്‍ കഴിയും എന്നതാണ് ഇതിന്‍റെ പ്രത്യേകത. Blood pressure, pulse rate, respiration rate, heart rate, temperature and oxygen saturation ഇങ്ങനെയുള്ള നിരവധി ഡേറ്റകള്‍ തല്‍സമയം ലഭിക്കുന്നത് വഴി രോഗ നിർണ്ണയും സുഗമമാക്കുവാന്‍ കഴിയും.


7.      ടോക്കിങ്ങ് ഷൂസുമായി ഗൂഗിള്‍

സംസാരിക്കുന്ന ഒരു ഷൂസുമായി ഗൂഗിള്‍ എത്തിയിരിക്കുന്നുവെന്നതാണ് സാങ്കേതിക ലോകത്തെ പുതിയ വാർത്ത. നമ്മള്‍ എത്ര നടക്കുന്നുണ്ട് ഓടുന്നുണ്ട് എന്നതൊക്കെ ഈ ഷൂ പറഞ്ഞ് തരും. കൂടുതല്‍ നടക്കുവാനും ജോഗിങ്ങ് ചെയ്യുവാനുമൊക്കെയുള്ള ഉപദേശങ്ങളും ഇത് തരും.


8.      സ്മാർട്ട് ടെക്സ്റ്റയില്‍സും വെയറബിള്‍ ഇലക്ട്രോണിക്സും

വെയറബിള്‍ ഇലക്ട്രോണിക്സ് ആധിപത്യം സ്ഥാപിക്കുവാന്‍ പോകുന്ന മറ്റൊരു മേഖലയാണ് ടെക്സ്റ്റയില്‍സിന്‍റേത്.  നാളെയുടെ വസ്ത്രങ്ങള്‍ ഇന്‍റഗ്രേറ്റഡ് സർക്യൂട്ടുകളാല്‍ സമ്പന്നമായ ഒന്നായിരിക്കും. വൈദ്യുത പാതകളുള്ളതും സെന്‍സറുകള്‍ കൂട്ടിയിണക്കപ്പെട്ടിട്ടുള്ളതുമായ ഇത്തരം വസ്ത്രങ്ങളില്‍ കമ്പ്യൂട്ടിങ്ങ് – കമ്യൂണിക്കേറ്റിങ്ങ് പവർ സഹജമായുണ്ടായിരിക്കും എന്നതാണ് സവിശേഷതകളില്‍ പ്രധാനം.  Aesthetic, Performance enhancing എന്നിങ്ങനെ രണ്ട് തരത്തിലുണ്ടിവ. Aesthetic ആയ ഫേബ്രിക്സ് ലൈറ്റ് ഉല്‍പ്പാദിപ്പിക്കുകയും നിറം മാറുകയുമൊക്കെ ചെയ്യുവാന്‍ ഇവയ്ക്കാകും. എന്നാല്‍ Performance enhancing വിഭാഗത്തില്‍ പെടുന്നവയാവട്ടെ കായിക രംഗത്തും പ്രതിരോധ രംഗത്തും ഉപയോഗപ്പെടുത്തുവാന്‍ കഴിയുന്നവയാണ്. ഹെല്‍ത്ത് മോണിട്ടറിങ്ങും മെഡിക്കല്‍ അസിസ്റ്റന്‍സും സാധ്യമാക്കുവാനുള്ള സ്മാർട്ട് ടെക്സ്റ്റയില്‍ ടെക്നോളജിയില്‍ ടെക്സ്റ്റയില്‍ സെന്‍സറുകളും അഡ്വാന്‍സ്ഡ് സിഗ്നല്‍ പ്രോസസിങ്ങ് ടെക്നിക്കുകളും ടെലികമ്യൂണിക്കേഷന്‍ നെറ്റ് വർക്കുകളും ഒത്ത് ചേരും.  ഈ ആശയത്തിന് പിന്നാലെയാണ് വെല്‍ത്തി പ്രൊജക്ട്.


സിവില് ഫൈറ്റേഴ്സിനും ഫയർ പ്രൊട്ടക്ഷന് വർക്കേഴ്സിനും വേണ്ടിയുള്ള ഹേർട്ട് റേറ്റ് മോണിറ്ററിങ്ങ്, ടെമ്പറേച്ചർ മെഷർമെന്‍റ്  തുടങ്ങിയ സൌകര്യങ്ങളുള്ള വയർലെസ്സ് സ്മാർട്ട് ടെക്സ്റ്റൈല്‍ ടെക്നോളജിക്ക് ഒരു ഉദാഹരണമാണ് പ്രോയിടെക്സ് (Proetex). ഇറുക്കമുള്ളൊരു ടീ ഷർട്ടും ഒരു വെയറബിള്‍ ഇന്‍റർഫേസും ചേരുന്നതാണ് ഒരു പ്രോയിടെക്സ് പ്രോട്ടോടൈപ്പ്.


9.      ആന്‍റി ഡ്രോണ്‍ ഗാർമെന്‍റും മൊബൈല്‍ പോക്കറ്റും

ധരിച്ചിരിക്കുന്നയാളിന്‍റെ തെർമല്‍ സിഗ്നേച്ചർ മറച്ച് പിടിക്കുക വഴി നിരീക്ഷണ വിമാനങ്ങളുടെ (ഡ്രോണുകള്‍) തെർമല്‍ ഇമേജുകളെ വഴി തെറ്റിക്കുന്ന സ്റ്റെല്‍ത്ത് വെയർ എന്ന ആന്‍റി ഡ്രോണ്‍ ഗാർമെന്‍റ്   മറ്റൊരു ഉദാഹരണമാണ്. മെറ്റലൈസഡ് ഫേബ്രിക് ഉപയോഗപ്പെടുത്തി തയ്യാറാക്കുന്ന ഈ ഗാർമെന്‍റിനൊപ്പം മൊബൈല്‍ പോക്കറ്റ് എന്ന ഗാർമെന്‍റും പുറത്തിറങ്ങുകയാണ്. ഇതില്‍ മൊബൈല്‍ ഫോണ്‍ വച്ചിരുന്നാല്‍ ഇന്‍കമിങ്ങ്/ഔട്ട് ഗോയിങ്ങ് കോളുകള്‍ തനിയെ ബ്ലോക്ക് ചെയ്യപ്പെടും. ചില സന്ദർഭങ്ങളില്‍ ഉപകാരപ്പെടുന്നയൊന്നാണിത്.


10.  സ്മാർട്ട് അണ്ടർവെയർ

ശൈത്യ മേഖലകളിലെ താമസത്തിനും സഞ്ചാരത്തിനും ഉപകാരപ്പെടുന്ന ഇ അണ്ടർ ഗാർമെന്‍റ്സ് അണിയറയിലൊരുങ്ങുന്നുണ്ട്. ഹീറ്റിങ്ങ് കോയില്‍ വയറുകളും ബാറ്ററി പാക്കുകളും ചാർജ്ജർ യൂണിറ്റുകളും എല്ലാം ഒന്നൊന്നായി ചേർത്തുണ്ടാക്കുന്ന വാമെക്സ് (WarmX) ആണ് ഈ നിരയിലാദ്യത്തേത്. വേള്‍ഡ് വൈഡ് പേറ്റന്‍റ് സ്വന്തമാക്കിയ ഈ ഫേബ്രിക്കില്‍ സില്‍വർ കോട്ടഡ് ഫൈബറാണ് പ്രധാന ഘടമായുള്ളത്.  തണുപ്പകറ്റി ശരീരത്തിന് ചൂടു പകരുക എന്നതാണ് ഇതിന്‍റെ ദൌത്യം.  പ്രതിരോധ മേഖലകളില്‍ ഏറ്റവും ഉപകാരപ്പെടുന്നയൊന്നാണിത്. WarmX GmbH എന്ന ജർമന്‍ കമ്പനിയാണ് ഇതിന്‍റെ നിർമ്മാതാക്കള്‍.


11.  സോക്സും സ്മാർട്ട്

ഓട്ടക്കാർക്ക് പറ്റിയ വെയറബിളാണ് സ്മാർട്ട് സോക്സ്. ഓടുമ്പോഴത്തെ സമ്മർദ്ദം പ്രഷർ സെന്‍സറുകളുപയോഗിച്ച് കണക്കാക്കി സ്റ്റാമിനയെക്കുറിച്ചുള്ള വിവരങ്ങള്‍ ഇവ നല്‍കും. ഓണ്‍ലൈന്‍ വിപണിയില്‍ ഇപ്പോള്‍ത്തന്നെ ഈ പ്രോഡക്ട് ലഭ്യമാണ്. സെന്‍സറുകള്‍ ഘടിപ്പിച്ച ബനിയനുകളും സെന്‍സോറിയ എന്ന ഈ ബ്രാന്‍ഡില്‍ ലഭ്യമാണിന്ന്.


12.  മോയിസ്ചറൈസിങ്ങ് ജീന്‍സ്

മഞ്ഞ് കാലത്ത് ജീന്‍സ് ഉപയോഗിക്കുമ്പോഴുണ്ടാകുന്ന ചർമ്മ വരള്‍ച്ച തടയുന്നതിനുള്ള സംവിധാനങ്ങളുള്ളതാണ് ഈ ജീന്‍സ്. ഇതിന്‍റെ ഉള്ളില്‍ തൊലിയെ സ്പർശിക്കുന്ന ഭാഗത്ത് ഒട്ടേറെ മൈക്രോ ക്യാപ്സൂളുകളുണ്ട്. ഈ ജീന്‍സ് ധരിക്കുന്നവർ നടക്കുമ്പോള്‍ ഈ ക്യാപ്സൂളുകള്‍ ഉരഞ്ഞ് പൊട്ടി ഉള്ളിലുള്ള വിറ്റാമിന്‍ അടങ്ങിയ സത്ത് വെളിയില്‍ വന്ന് ത്വക്കിന് പുതു ജീവന്‍ നല്‍കും.


എല്‍ ഇ ഡി ജാക്കറ്റുകളും ബൈസിക്കിള്‍‍‍‍‍‍‍‍‍ ഹെല്‍മറ്റും ത്രി ഡി ഷുവുമൊക്കെയായി സ്മാർട്ട് ടെക്സ്റ്റയില്‍സിന്‍റെ മേഖല അതിവേഗം വികസിച്ച് കൊണ്ടിരിക്കുന്നു. കഴുത്തിന് ചുറ്റും സംരംക്ഷണ കവചമായി മാറുന്ന എയർ ബാഗ് ഉള്‍പ്പെടെ അനവധി സെന്‍സറുകളും ആക്വേറ്ററുകളും തുന്നിച്ചേർത്ത് സ്വീഡിഷ് കമ്പനിയായ ഹോവ്ഡിങ്ങ് രൂപപ്പെടുത്തിയതാണ് ബൈസിക്കിള്‍ ഹെല്‍മറ്റ്. സാധാരണ മറഞ്ഞിരിക്കുകയും അപകടമുണ്ടാകുമ്പോള്‍  പ്രവർത്തന സജ്ജമാകുകയും ചെയ്യുന്ന പ്രത്യേക എയർബാഗ് തലയേയും കഴുത്തിനേയും ക്ഷണനേരം കൊണ്ട് സുഭദ്ര കവചത്തിലാക്കത്തക്ക വിധത്തില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഇത് ഒരു സ്മാർട്ട് ടെക്സ്റ്റയില്‍ ഉല്‍പ്പന്നമാണ്.


13.  ഗെയിമിങ്ങ്

അതിവേഗം വളർന്ന് കൊണ്ടിരിക്കുന്ന വ്യവസായമാണ് ഗെയിമിങ്ങിൻറേത്. ഗെയിമിങ്ങ് രംഗത്താണ് വെയറബിള്‍സിന്‍റെ ഒരു പ്രധാനപ്പെട്ട കടന്ന് കയറ്റം ഉണ്ടായിരിക്കുന്നത്.  നഗരങ്ങളിലെ ഏതാണ്ടെല്ലാം ഗെയിമിങ്ങ് സ്റ്റേഷനുകളും വെയറബിളുകള്‍ ഉപയോഗിക്കുന്നുണ്ട്. 2007 ല്‍ തന്നെ മൈക്രോസോഫ്റ്റ് ഓഗ്മെന്‍റഡ് റീയാലിറ്റി ഗ്ലാസുകള്‍ പുറത്തിറക്കിയിരുന്നു. ഏത് സ്ഥലത്തിരിക്കുമ്പഴും വേറൊരു ലോകത്തേക്ക് ഡിജിറ്റലി എത്തിക്കുവാന്‍ കഴിവുള്ളതാണിത്. 


ഗൂഗിളിന്‍റെ ഗൂഗിള്‍ ഗ്ലാസ് ഇതിനോടകം തന്നെ പ്രസിദ്ധമായിക്കഴിഞ്ഞു. ഒപ്റ്റിക്കൽ ഹെഡ് മൗണ്ടഡ് ഡിസ്പ്ലേയോടു (ഒ.എം.എച്ച്.ഡി.) കൂടിയ ശരീരത്തിൽ ധരിക്കാവുന്ന കമ്പ്യൂട്ടറാണ് ഗൂഗിൾ ഗ്ലാസ്.   സ്മാർട്ട് ഫോണുകളോട് സാമ്യതയുള്ളതും കൈ തൊടാതെ ഉപയോഗിക്കാവുന്നതുമായ രീതിയിലാണ് ഇത്.  ഗൂഗിള്‍ ഗ്ലാസില്‍ ഇപ്പോള്‍ 5 ഗെയിമുകളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഗൂഗിള്‍ ഗ്ലാസിന് ലഭിച്ച മികച്ച പ്രതികരണം ഗെയിമിനും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഗൂഗിള്‍. ടെന്നീസ്, ബാലന്‍സ്, ക്ലേ ഷൂട്ടര്‍, മാച്ചര്‍, ഷേപ് സ്പ്ലിറ്റര്‍ എന്നീ ഗെയിമുകളാണ് ഉള്ളത്. പരീക്ഷണം വിജയിച്ചാല്‍ കൂടുതല്‍ ഗെയിമുകള്‍ ഉള്‍പ്പെടുത്തുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. 


ഗെയിമിങ്ങിനുപയോഗിക്കുന്ന ഒരു പവർ ഗ്ലൌസ് ഇപ്പോള്‍ കണ്ട് പിടിക്കപ്പെട്ടിട്ടുണ്ട്. കമാന്‍ഡുകള്‍ കൊടുക്കുവാനുള്ള ബട്ടണുകളുമെല്ലാം ഇതില്‍ തന്നെയുള്ള രീതിയിലാണ് ഇത് ഡിസൈന്‍ ചെയ്യപ്പെട്ടിട്ടുള്ളത്.


ഗൂഗിള്‍ കാർഡ് ബോർഡ് ആമുഖങ്ങള്‍ ആവശ്യമില്ലാത്തയൊന്നാണ്. ഗെയിമിങ്ങിന്‍റെ വ്യത്യസ്ത അനുഭവമാണ് ഇത് പ്രദാനം ചെയ്യുന്നത്. ഇതിനായുള്ള പ്രത്യേക ആപ്പുകളും നിലവിലുണ്ട്. വിർച്വല്‍ റീയാലിറ്റിയുടെ പ്രായോഗിക തലമായ ഇത് വെയറബിള്‍ ടെക്നോളജിയുടെ ഉത്തമ ഉദാഹരണമാണ്. ഇത് വാങ്ങുകയോ സ്വന്തമായി നിർമ്മിക്കുകയോ ചെയ്യാം.


ഗെയിമിങ്ങില്‍ തലച്ചോറിന്‍റെ ചലനങ്ങള്‍ തിരിച്ചറിഞ്ഞ് അതനുസരിച്ച് പ്രവർത്തിക്കുവാന്‍ കഴിവുള്ള വെയറബിളുകള്‍ നിർമ്മിക്കുവാനാണ് ഇപ്പോള്‍ മുന്‍നിര കമ്പനികളുടെ ശ്രമം.


14.  വിദ്യാഭ്യാസവും വെയറബിള്‍സും

ഗൂഗിള്‍ ഗ്ലാസ് പോലുള്ളവ വിനോദത്തിനായി മാത്രമല്ല വിദ്യാഭ്യാസത്തിനായും ഉപയോഗപ്പെടുത്തുവാന്‍ കഴിയും. വീഡിയോ ട്യൂട്ടോറിയലുകളുപയോഗിച്ചുള്ള പഠനത്തിന് ഇത് ഉപയോഗപ്പെടുത്തുവാന്‍ കഴിയും. അപകടകരമായ പല വസ്തുക്കളും കണ്ട് പഠിക്കുവാനുള്ള അവസരമാണ് വിയറബിളുകളുടെ ഉപയോഗത്തിലൂടെ കൈ വരുക. തീർത്തും ദുർലഭമായ പല വസ്തുക്കളും ഇത്തരത്തില്‍ കണ്ട് പഠിക്കുവാന്‍ ഇത് വഴി കഴിയും. തവളയെ കീറി മുറിക്കുന്നത് പോലുള്ള വിഷയങ്ങളിലെ ധാർമിക പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുവാനും ഇത് വഴി കഴിയും. വിർച്വല്‍ റീയാലിറ്റിയാണ് ഇവിടെ തുണയാവുക. ആർക്കിടെക്ച്വർ, വൈദ്യശാസ്ത്ര പഠനം എന്നിവയിലൊക്കെ ഇത് ഉപയോഗിക്കുവാന്‍ കഴിയും. വിർച്വല്‍ ക്യാമ്പസുകളും ഇ ലേണിങ്ങുമൊക്ക വ്യാപകമായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് വെയറബിള്‍ ടെക്നോളജിയുടെ വികാസം ഏറെ മാറ്റങ്ങളുണ്ടാക്കുവാന്‍ പര്യാപ്തമാണ്.


വെയറബിള്‍ ടെക്നോളജിയുടെ ഭാവി

ലോകം അനുദിനം മാറിക്കൊണ്ടിരിക്കുമ്പോള്‍ ഈ സാങ്കേതിക വിദ്യയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുവാനായി കാന്‍പൂർ ഐ ഐ ടിയില്‍ 1330 മില്യണ്‍ രൂപയോളം മുതല്‍ മുടക്കുള്ള ഫ്ലെക്സിബിള്‍ ഇലക്ട്രോണിക്സ് സെന്‍റർ പ്രവർത്തന സജ്ജമായത് അടുത്ത കാലത്താണ്.  ഡിപ്പാർട്ട്മെന്‍റ് ഓഫ് ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫർമേഷന്‍ ടെക്നോളജിയും (DietY) കേന്ദ്ര ഗവണ്‍മെന്‍റും പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുള്ള ഈ പദ്ധതി ഇന്ത്യയുടെ ഫ്ലെക്സിബിള്‍/വെയറബിള്‍ ഇലക്ട്രോണിക്സിനും സ്മാർട്ട് ടെക്സ്റ്റൈല് ടെക്നോളജിക്കും ഏറെ പ്രതീക്ഷ നല്‍കുന്ന ഒരുഗ്രന്‍ തുടക്കം തന്നെയാണ്.


ആമസോണിന്‍റെ ഇന്ത്യന്‍ സ്റ്റോറില്‍ മാത്രമല്ല, സ്നാപ് ഡീലിലും, ഫ്ലിപ് കാർട്ടിലും വരെ ഇപ്പോള്‍ വെയറബിള്‍ ഡിവൈസുകളുടെ ഓണ്‍ലൈന്‍ വില്‍പ്പന തകൃതിയാണ്. അടുത്തിടെ യു എസ് ഗവണ്‍മെന്‍റ് ഫ്ലെക്സ്ടെക് അലയന്‍സിന് രൂപം കൊടുത്ത് കഴിഞ്ഞു. യുദ്ധക്കളത്തിലേക്ക് നീങ്ങുവാന്‍ കരുത്തുള്ള മിലിട്ടറി ഗ്രേഡ് വെയറബിള്‍ ടെക്നോളജിയുടെ വികസനമാണ് പ്രധാന അജന്‍ഡ. ആപ്പിള്‍, ബോയിങ്ങ്, ഹാർഡ് വാർഡ് എന്നിങ്ങനെ നീളുന്ന ടെക്ഭീമന്‍മാരുടെ ഒരു കണ്‍സോർഷ്യമാണ് ഇതിനെ നിയന്ത്രിക്കുന്നത്. 75 മില്യണ്‍ ഡോളറിന് മുകളിലാണ് ഇത് വരെ ഇതില്‍ പെന്‍റഗണിന്‍റെ ഇന്‍വെസ്റ്റ്മെന്‍റ്.  യു എസ് എയർഫോഴ്സ്സ് റിസേർച്ച് ലാബിന്‍റെ സംഭാവന 90 മില്യണ്‍ ഡോളർ വരും.


ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ നവ സംരംഭകരെ സൃഷ്ടിക്കുന്ന ഇടങ്ങളായും കൂടെ പരിണമിക്കുന്ന ഈ കാലഘട്ടത്തില്‍ ഗവേഷണ സൌകര്യമുള്ള കലാശാലകള്‍ക്ക് ഉന്നം വെക്കാവുന്ന മേഖല തന്നെയാണ് വെയറബിള്‍ ഇലക്ട്രോണിക്സിന്‍റേത്.

Friday, 17 August 2018

ഗാർഹിക വ്യവസായ സംരംഭങ്ങള്ക്ക് പലിശ സബ്സിഡിയുമായി വ്യവസായ വാണിജ്യ വകുപ്പ്



കേരള സമൂഹത്തില്‍ ഒരു വ്യത്യസ്തമായ സംരംഭകത്വ സഹായ പദ്ധതിയുമായി രംഗത്തെത്തിയിരിക്കുകയാണ് കേരളാ വ്യവസായ വാണിജ്യ വകുപ്പ്.  നാനോ വ്യവസായ യൂണിറ്റുകള്‍ക്ക് പലിശ സബ്സിഡി നല്‍കുന്ന പദ്ധതിയാണിത്


എന്താണ് നാനോ വ്യവസായങ്ങള്‍


കേരളത്തിന്‍റെ സമ്പത്ത് വ്യവസ്ഥയില്‍ നിര്‍ണ്ണായക മാറ്റങ്ങള്‍ വരുത്തുവാന്‍ പര്യാപ്തമായ ഒന്നാണ് നാനോ എന്ന പേരില്‍ നിർവ്വചിക്കപ്പെട്ടിരിക്കുന്ന വ്യവസായ സംരംഭങ്ങള്‍.  പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോർഡിന്‍റെ വൈറ്റ് അല്ലെങ്കില്‍ ഗ്രീന്‍ കാറ്റഗറിയില്‍ പെട്ടതും 5 ലക്ഷത്തിലോ അതില്‍ താഴെയോ മൂലധന നിക്ഷേപം വരുന്നതും 5 HP  യില്‍ താഴെ കറന്‍റ് ഉപയോഗിക്കുന്നതും പ്രധാനമായും വീടുകളിലോ അതിനോടനുബന്ധിച്ച് പ്രവർത്തിക്കുന്നതോ ആയ വ്യവസായ സംരംഭങ്ങളെയാണ് നാനോ സംരംഭങ്ങള്‍ എന്ന് വിവക്ഷിക്കുന്നത്.  ഇങ്ങനെയുള്ള യൂണിറ്റുകള്‍ക്ക് ജില്ലാ വ്യവസായ കേന്ദ്രങ്ങളില്‍ ഒരു ഡിക്ലറേഷന്‍ നല്‍കി പ്രവർത്തനം ആരംഭിക്കുവാന്‍ കഴിയും. ഇങ്ങനെയുള്ള വ്യവസായ സംരഭങ്ങള്‍ക്ക് പലിശ സബ്സിഡി നല്‍കുന്നതാണ് ഈ സ്കീം. കേരളാ സർക്കാരിന്‍റെ ഇ എസ് എസ് പദ്ധതിയിലോ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ മറ്റ് സ്കീമുകളിലോ സഹായം നേടിയ യൂണിറ്റുകളാകുവാന്‍ പാടില്ല.  നെഗറ്റീവ് ലിസ്റ്റില്‍ പെട്ട യൂണിറ്റുകളാകുവാന്‍ പാടില്ല.


നെഗറ്റീവ് ലിസ്റ്റ് ഏതെല്ലാം


1.       ഫോട്ടോ സ്റ്റുഡിയോകളും കളർ പ്രോസസിങ്ങ് സെന്‍ററുകളും
2.       എല്ലാ തരും ഡിസ്റ്റിലറികളും
3.       സോ മില്ലുകള്‍
4.       സോഡിയം സിലിക്കേറ്റ് യൂണിറ്റുകള്‍
5.       25 ശതമാനത്തില്‍ കൂടുതല്‍ ആസ്ബെറ്റോസ് ഉപയോഗിക്കുന്ന യൂണിറ്റുകള്‍
6.       ഗ്രാനൈറ്റ് ഉല്‍പ്പാദന യൂണിറ്റുകള്‍
7.       എല്ലാ തരം സ്റ്റീല്‍ റി റോളിങ്ങ് മില്ലുകളും
8.       കാല്‍സ്യം കാർബൈഡ് നിർമ്മാണ യൂണിറ്റുകള്‍
9.       ഫ്ലൈ ആഷില്‍ നിന്നും ഉല്‍പ്പാദിപ്പിക്കുന്നതല്ലാത്ത എല്ലാ സിമെന്‍റ് നിർമ്മാണ യൂണിറ്റുകളും
10.    പൊട്ടാലിയം ക്ലോറേറ്റ് നിർമ്മാണ യൂണിറ്റുകള്‍
11.    കശുവണ്ടി സംസ്കരണ യൂണിറ്റുകള്‍
12.    500 KVA യില്‍ കൂടുതല്‍ കറന്‍റ് ഉപയോഗിക്കുന്ന ഇലക്ട്രോ കെമിക്കല്‍/ഇലക്ട്രോ തെർമല്‍ യൂണിറ്റുകള്‍


ഇത് എന്തിന് വേണ്ടി


1.       തൊഴില്‍ അവസരങ്ങള്‍ കൂട്ടുവാന്‍
2.       അസംഘടിത മേഖലയില്‍ തൊഴിലവസരങ്ങളും വരുമാനവും വർദ്ധിപ്പിക്കുവാന്‍
3.       കേന്ദ്ര, സംസ്ഥാന ഗവണ്‍മെന്‍റുകളുടെ മറ്റൊരു സ്കീമുകളിലും ഉള്‍പ്പെടാത്ത യൂണിറ്റുകള്‍ക്ക് സഹായം നല്‍കുവാന്‍
4.       ബിസിനസ്സ് തുടങ്ങിയ ആദ്യ വർഷങ്ങളില്‍ ഒരു കൈത്താങ്ങള്‍ നല്‍കുവാന്‍


സഹായം എങ്ങനെ


1.       നാനോ സ്കീമില്‍ ഉള്‍പ്പെടുന്ന യൂണിറ്റുകള്‍ ബാങ്കില്‍ നിന്നും വായ്പ എടുത്തവരായിരിക്കണം. അവരുടെ വായ്പയുടെ പലിശയില്‍ 6 ശതമാനം സർക്കാർ നല്‍കും. യൂണിറ്റ് വനിതാ യൂണിറ്റോ SC/ST വിഭാഗത്തില്‍പ്പെട്ടവരോ നടത്തുന്ന യൂണിറ്റുകളോ ആണെങ്കില്‍ ഇത് 8 ശതമാനമായിരിക്കും.


2.  കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ മറ്റൊരു വിധത്തിലുള്ള സഹായവും യൂണിറ്റിന് ലഭിച്ചിട്ടില്ലായെന്ന് സ്വയം സാക്ഷ്യപ്പെടുത്തോണ്ടതുണ്ട്.


3.    സർക്കാരിന്‍റെ വിവിധ കോർപ്പറേഷനുകളില്‍ നിന്നും കുറഞ്ഞ പലിശ നിരക്കില്‍ വായ്പ എടുത്തിട്ടുള്ളവർ ഈ സഹായത്തിന് അർഹരല്ല.


4.       പൊതുമേഖലാ ബാങ്കുകള്‍, ഷെഡ്യൂള്‍ഡ് ബാങ്കുകള്‍, ഗ്രാമീണ ബാങ്കുകള്‍, ഗവണ്‍മെന്‍റ് അംഗീകൃത സഹകരണ ബാങ്കുകള്‍, അംഗീകൃത സ്വകാര്യ ബാങ്കുകള്‍ എന്നിവയില്‍ നിന്നായിരിക്കണം വായ്പ എടുക്കേണ്ടത്.


5.   ഫിക്സഡ് ഇന്‍വെസ്റ്റ്മെന്‍റുകള്‍ക്കായി എടുത്ത വായ്പക്കായിരിക്കും സഹായം ലഭ്യമാവുക. എന്നാല്‍ സ്ഥലം, കെട്ടിടം എന്നിവ ഈ പരിധിയില്‍ വരുന്നതല്ല.


6.   സംരഭം ആരംഭിച്ച് ആദ്യത്തെ മൂന്ന് വർഷത്തേക്കായിരിക്കും സഹായം നല്‍കുക. കൃത്യമായ തിരിച്ചവ്  ഉള്ളവർക്ക് മാത്രമായിരിക്കും സഹായം.  എന്നാല്‍ ആദ്യത്തെ വർഷം ഇതിന് ഇളവുണ്ടായിരിക്കും.


എവിടെ ബന്ധപ്പെടണം


ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍, താലൂക്ക് വ്യവസായ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ നിന്നും അപേക്ഷാ ഫോ ലഭിക്കും.  അപേക്ഷാ ഫീസ് ഉണ്ടായിരിക്കുന്നതല്ല. ബന്ധപ്പെട്ട രേഖകളുടെ പകർപ്പുകള്‍ ഹാജരാക്കേണ്ടതുണ്ട്.