Saturday, 3 February 2018

ഡിജിറ്റല്‍ ട്രാന്സഷഫര്മേഷന് – മാറ്റങ്ങളുമായി ബിസിനസ്സ് രംഗം.


മാറുകയാണ് ബിസിനസ്സ് ലോകമാകെ. സാങ്കേതിക വിദ്യയുടെ കടന്ന്  കയറ്റം അത്ര കണ്ട് മുന്നോട്ട് പോയിരിക്കുന്നു. മാറുന്ന സാങ്കേതിക വിദ്യകള്‍ക്കൊപ്പം ചുവട് വെക്കാത്ത ബിസിനസ്സുകള്‍ക്ക് അനതി വിദൂര ഭാവിയില്‍ നിലനില്‍പ്പില്ലായെന്ന് വരും എന്നതിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. ബിസിനസ്സ് രംഗത്ത് ഡിജിറ്റല്‍ സാങ്കേതി വിദ്യകള്‍ വരുത്തിയ മാറ്റങ്ങള്‍ ചെറുതല്ല. ഇത് കേവലം ഇ മെയിലിലോ വാട്സ് അപ്പ് പോലുള്ള മെസേജിങ്ങ് ആപ്ലിക്കേഷനിലോ ഒതുങ്ങി നില്‍ക്കുന്നതല്ലായെന്നതാണ് വസ്തുത. ഇന്നിപ്പോള്‍ നാം എത്തി നില്‍ക്കുന്നത് ഇന്‍റര്‍നെറ്റ് ഓഫ് തിങ്ങ്സ് എന്ന മായിക പ്രപഞ്ചത്തിലാണ്. സര്‍വ്വം ഡിജിറ്റല്‍ മയം. ഭാവിയില്‍ ബിസിനസ്സിന്‍റെ ജയ പരാജയങ്ങള്‍ പോലും ഡിജിറ്റല്‍ വേള്‍ഡിലെ മുന്നേറ്റങ്ങളെ ആശ്രയിച്ചാണിരിക്കുന്നത് എന്ന പറഞ്ഞാലത് ഒട്ടും അതിശയോക്തിയല്ലായെന്ന് വര്‍ത്തമാന കാല സാങ്കേതിക മുന്നേറ്റങ്ങള്‍ നമുക്ക് കാട്ടിത്തരുന്നത്.

ആയതിനാല്‍ത്തന്നെ മാറുന്ന ബിസിനസ്സ് ലോകത്ത് സാങ്കേതിക വിദ്യകള്ക്കൊപ്പം ചുവട് വെക്കാത്ത ബിസിനസ്സ് മോഡലുകള്‍ പിന്തള്ളപ്പെടുമെന്നതിന് പക്ഷാന്തരമില്ല.  ടെക്കനിക്കല്‍ കണ്‍സള്‍ട്ടന്‍സിയായ ഇന്‍റര്‍നാഷണല്‍ ഡേറ്റാ കോര്‍പ്പറേഷന്‍റെ (IDC) കണക്കനുസരിച്ച് 2020 ആകുമ്പോഴേക്കും ഇപ്പോള്‍ ബിസിനസ്സ് തലപ്പത്തുള്ള ഒരു പിടി കമ്പനികള്‍ അടച്ച് പൂട്ടലിന്‍റെ വക്കെത്തെത്തുമെന്ന് പ്രവചിക്കപ്പെടുന്നു. ഇതാണ് ബിസിനസ്സ് രംഗം നേരിടുന്ന ഇപ്പോഴത്തെ പ്രധാന പ്രശ്നം. അതിനുള്ള പരിഹാരമാണ് ഡിജിറ്റല്‍ ട്രാന്സ്ഫര്‍മേഷന്‍. ബിസിനസ്സ് രംഗത്ത് ഇതിനെ ഡിജിറ്റല്‍ ബിസിനസ്സ് ട്രാന്‍സ്ഫര്‍മേഷന്‍ എന്ന് പറയുന്നു.

ബിസിനസ്സ് ലോകത്ത് കസ്റ്റമറാണ് രാജാവ്. ആയതിനാല്‍ത്തന്നെ ആധുനിക കസ്റ്റമറെ തൃപ്തിപ്പെടുത്തുവാന്‍ കഴിയാത്ത എല്ലാ ബിസിനസ്സ് മോഡലുകളും പരാജയമായിരിക്കുമെന്നത് പകല്‍ പോലെ വ്യക്തമാണ്. കാരണം ഈ അത്യന്താധുനിക കാലഘട്ടത്തില്‍ ഇന്‍ര്‍നെറ്റ് വഴി ആവശ്യമുള്ളവ വിരല്‍ത്തുമ്പില്‍ ലഭ്യമായിരിക്കുമ്പോള്‍ കസ്റ്റമര്‍ വച്ച് പലര്‍ത്തുന്ന പ്രതീക്ഷകള്‍, മുന്‍ഗണനകള്‍ അനുഭൂതികള്‍ ഇവയെക്കുറിച്ചെല്ലാം പഠിച്ച് കസ്റ്റമര്‍ക്കെന്ത് നല്‍കുവാന്‍ കഴിയുമെന്ന വ്യക്തമായ ധാരണ ബിസിനസ്സ് രംഗത്തുള്ളവര്‍ക്ക് ഉണ്ടായെ പറ്റു. അതായത് ബിസിനസ്സ് കസ്റ്റമര്‍ ബന്ധം പുതിയൊരു തലത്തിലേക്കെത്തി നില്‍ക്കുകയാണിന്ന്.

അതിനാല്‍ ഈ നൂറ്റാണ്ടില്‍ പുതിയൊരു ബിസിനസ്സ് സംസ്കാരം കെട്ടിപ്പെടുക്കുവാനും നില നിര്‍ത്തുവാനും വിജയിക്കുവാനുമുള്ള ഒരു പോംവഴിയായി കണ്ടെത്തുന്ന പ്രക്രിയയെ ഡിജിറ്റല്‍ ട്രാന്‍സഫര്‍മേഷന്‍ എന്ന് പറയുന്നു.

എന്താണ് ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍

നൂതനമായ ഡിജിറ്റല്‍ സാങ്കേതിക വിദ്യകള്‍, ബിസിനസ്സ് മോഡലുകള്‍, ടൂളുകള്‍ ഇവയുടെയെല്ലാം ഉപയോഗത്തിലൂടെ ബിസിനസ്സിനാകമാനം പുതു ജീവന്‍ നല്‍കി ബിസിനസ്സിനെ പുരോഗതിയിലേക്കെത്തിക്കുകയും ചെയ്യുന്നതോടൊപ്പം ഒരു കസ്റ്റമര്‍ ആഗ്രഹിക്കുന്നതിലധികം യൂസര്‍ എക്സ്പീരിയന്‍സ് നല്‍കുന്നതിനെയാണ് ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ എന്നത് കൊണ്ട് വിവക്ഷിക്കുന്നത് എന്ന് ഒറ്റ വാക്കില്‍ പറയാം.

ഒരു ബിസിനസ്സിന്‍റെ പ്രവര്‍ത്തന ശൈലിയില്‍ ആധുനിക സാങ്കേതിക വിദ്യയുടെ ഉപയോഗത്തിലൂടെ മാറ്റങ്ങളുണ്ടാവുകയെന്നതാണ് ഇത് മൂലം ലക്ഷ്യമിടുന്നത്. ഇതിനായി മൊബാല്‍ ടൂളുകള്‍, സോഷ്യല്‍ മീഡിയ, ബിഗ് ഡേറ്റ, ഇന്‍ര്‍നെറ്റ് ഓഫ് തിങ്ങ്സ് തുടങ്ങിയവയെല്ലാം ഉപയോഗിക്കുന്നു. ചുരുങ്ങിയ ചിലവില്‍ മെച്ചപ്പെട്ട കാര്യക്ഷമതയും കൂടുതല്‍ ലാഭവും ആണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഒപ്പം മികച്ച കസ്റ്റമര്‍ സര്‍വ്വീസും ലക്ഷ്യമിടുന്നുണ്ട്.

1.      ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ ആര്‍ക്ക് വേണ്ടി

ഈ ചോദ്യത്തിന്‍റെ പ്രധാനമായുള്ള ഉത്തരം കസ്റ്റമര്‍ക്ക് വേണ്ടിയെന്നതാണ്. ഏറ്റവും പ്രധാനപ്പെട്ട ഉദാഹരണം ഓണ്‍ലൈന്‍ കമ്പനികളാണ്. 24 മണിക്കൂറും തുറന്നിരിക്കുന്ന ഷോപ്പുകളില്‍ നിന്നും ക്യാഷ് ഓണ്‍ ഡെലിവറിയോടെ സാധനങ്ങള്‍ വാങ്ങുവാന്‍ കഴിയുമെന്നതിലേക്ക് കാര്യങ്ങള്‍ മാറിയിരിക്കുന്നു. ഈ മാറ്റം ബിസിനസ്സ് കാരനിലേക്കാളുപരി കസ്റ്റമര്‍ക്ക് വേണ്ടിയാണന്നതാണ് വസ്തുത. നോട്ട് നിരോധനം വന്നപ്പോള്‍ കാര്‍ഡ് സ്വൈപ്പിങ്ങ് മെഷിനുകള്‍ കൂടതല്‍ സാധാരണമായി. അതില്ലാത്ത കടകളില്‍ ബിസിനസ്സ് കുറയുവാ‍നും തുടങ്ങിയെന്നത് വസ്തുതയാണ്. അതിനാല്‍ത്തന്നെ സാങ്കേതിക വിദ്യയുടെ ഈ പരിണാമം ബിസിനസ്സ്കാരനേക്കാളുപരി കസ്റ്റമര്‍ക്കാണ് സഹായകരമാവുക. കസ്റ്റമര്‍ തങ്ങളുടെ അടുത്തേക്ക് വരട്ടെയെന്ന പഴയ പല്ലവിയില്‍ നിന്നും കസ്റ്റമറുടെ അടുത്തേക്ക് പോകാം എന്നതാണ് ഈ മാറ്റത്തിന്‍റെ പ്രേരക ശക്തി.

2.      എവിടെയാണ് മാറ്റം വരേണ്ടത്

പ്രധാനമായും 7 കാറ്റഗറിയിലാണ് ഒരു ബിസിനസ്സില്‍ മാറ്റം വരേണ്ടത് എന്നാണ് ഗ്ലോബല്‍ സെന്‍റര്‍ ഫോര്‍ ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ പറയുന്നത്.

Ø  ബിസിനസ്സ് മോഡല്‍ (ബിസിനസ്സില്‍ പണം വരുന്നത് എവിടെ നിന്ന് എന്നത്)

Ø  സ്ട്രക്ചര്‍ (ഓര്‍ഗനെസേഷന്‍)

Ø  വര്‍ക്കേഴ്സ് (കമ്പനിയുടെ ഉദ്യോഗസ്ഥര്‍)

Ø  പ്രോസസ്സുകള്‍ 9കമ്പനിയുടെ വിവിധ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍)

Ø  ഐ ടി കാര്യക്ഷമത (ലഭ്യമാകുന്ന വിവരങ്ങള്‍ ഉപയോഗപ്പെടുത്തുന്നതില്‍)

Ø  ഉല്‍പ്പന്നത്തില്‍, സര്‍വ്വീസുകളില്‍

Ø  ബിസിനസ്സ് ബന്ധങ്ങളില്‍ (കസ്റ്റമര്‍ കെയര്, വില്‍പ്പനാന്തര സര്‍വ്വീസുകള്‍ ഉള്‍പ്പെടെ)
ഇത് ഓരോ കമ്പനിയിലും വ്യത്യസ്തമായിരിക്കും. തങ്ങള്‍ക്ക് ആവശ്യമുള്ളവ മാത്രം പരിവര്‍ത്തനത്തിന് വിധേയമാക്കുകയെന്നതാണ് ഓരോ ബിസിനസ്സ്കാരനും ചെയ്യേണ്ടത്.

3.      എങ്ങനെ ചെയ്യണം.

കമ്പനിയുടെ എല്ലാ തലങ്ങളും പരിശോധിക്കുകയും ഇപ്പോഴുള്ള പ്രശ്നങ്ങള്‍ കണ്ടെത്തുകയും അവയ്ക്ക് നവീകരണം ആവശ്യമുള്ളിടത്ത് ഡിജിറ്റല്‍ സാങ്കേതിക വിദ്യകളുടെ സാഹായത്തോട് കൂടി മാറ്റങ്ങള്‍ മുന്‍ഗണനാ ക്രമത്തില്‍ ലഭ്യമാക്കുകയും ചെയ്യുക എന്നതാണ് ചെയ്യേണ്ടത്. ഇത് നമ്മള്‍ ചെയ്തില്ലായെങ്കില്‍ സമാന കമ്പനികള്‍ അവ നടപ്പിലാക്കുമെന്ന് ഓര്‍ക്കേണ്ടതാണ്.

ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ എന്തിന് വേണ്ടി

ഈ ചോദ്യത്തിന് നിരവധി ഉത്തരങ്ങള്‍ ഉണ്ട്. എന്നിരുന്നാലും എടുത്ത് പറയേണ്ടയൊന്നാണ് ഡിജിറ്റല്‍ സിസറ്പഷന്‍ എന്നത്. ഡിജിറ്റല്‍ ടെക്നോളജി മുഖാന്തിരം ഒരു വ്യക്തിയ്ക്കോ ബിസിനസ്സ് സ്ഥാപനത്തിനോ ലക്ഷ്യത്തിലേക്കുള്ള മുന്നേറ്റിന് സംഭവിക്കുന്ന ഭീഷണി, തടസ്സം മുതലായവയെ ഡിജിറ്റല്‍ ഡിസ്റപ്ഷന്‍ എന്ന് പറയുന്നു. ഓണ്‍ലൈന്‍ ടാക്സിയായ യൂബര്‍ പോലുള്ളവ വ്യാപകമായപ്പോള്‍ അത് സാധാരണ ടാക്സി ഡ്രൈവര്‍മാര്‍ക്കേല്‍പ്പിച്ച ആഘാതം ഇതിനുദാഹരണമാണ്. ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ ഉപയോഗം മൂലം ഏതെങ്കിലും ബിസിനസ്സ് രംഗത്ത് ഇപ്രകാരമുണ്ടാകുന്ന തടസ്സത്തെ ഡിജിറ്റല്‍ ഡിസ്റപ്ഷന്‍ എന്ന് പറയുന്നു. പ്രധാനമായും ഡിജിറ്റല്‍ ഡിസ്റപ്ഷന്‍ മുഖാന്തിരം ബിസിനസ്സിനുണ്ടാകുന്ന ആഘാതത്തില്‍ നിന്നുമുള്ള സുരക്ഷയെന്ന നിലയിലാണ് ഒരു ബിസിനസ്സ് സ്ഥാപനത്തിന് ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ ആവശ്യമായി വരുന്നത്.

ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ എങ്ങനെ

മൂന്ന് ഘട്ടങ്ങളിലായിട്ടാണ് ഇത് നടപ്പിലാക്കുന്നത്.

1.       ഡിജിറ്റൈസേഷന്‍
2.       ഡിജിറ്റലൈസേഷന്‍
3.       ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍

എന്നിവയാണീ മൂന്ന് ഘട്ടങ്ങള്‍. അനലോഗ് ഡാറ്റകളെ (ടെക്സ്റ്റ്, ഇമേജ്, വീഡിയോ, ഓഡിയോ) എന്നിവയെ അനുയോജ്യമായ ഡിജിറ്റല്‍ ഫോര്‍മാറ്റിലേക്ക് മാറ്റുക എന്നതാണിത് അര്‍ത്ഥമാക്കുന്നത്. ഒരു സംരംഭത്വത്തിന്‍റെ എല്ലാ രേഖകളും ഡിജിറ്റലാക്കി മാറ്റുന്നതാണ് ആദ്യ ഘട്ടം.

ഒരു ഇന്‍ഡസ്ട്രിയിലുള്ള വിവിധ യൂണിറ്റുകള്‍, ഡിപ്പാര്‍ട്ട്മെന്‍റുകള്‍, സപ്ലൈ ചെയിനുകള്‍, വാല്യു ചെയിനുകള്‍, കസ്റ്റമര്‍ എന്നിങ്ങനെയുള്ള എല്ലാ മേഖലകളേയും ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ സഹായത്തോട് കൂടി സമന്വയിപ്പിക്കുക എന്നതാണ് ഇവിടെ വിവക്ഷിക്കുന്നത്.  

ഡിജിറ്റൈസേഷന്, ഡിജിറ്റലൈസേഷന്‍ ഇവയുടെ ഫലമായി സ്വാഭാവികമായി എത്തിച്ചേരുന്നയൊന്നാണ് ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ എന്നത്. ഇതിന്‍റെ ഫലമായി ഒരു ബിസിനസ്സിന്‍റെ നയപരമവും നിയമ പരവുമായ മേഖലകളില്‍ മാത്രമല്ല പ്രോസസ്സിലും  കസ്റ്റമര്‍ സര്‍വീസിലും വരെ ആരോഗ്യ കരമായ മാറ്റങ്ങള്‍ ഉണ്ടാകും.

ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ ഇന്ത്യയില്‍

ബിസിനസ്സില്‍ ഈ മാറ്റത്തിന്‍റെ പാതയില്‍ ഇന്ത്യയും മാറി നില്‍ക്കുന്നില്ലയെന്ന് മാത്രമല്ല 21 രാജ്യങ്ങളില്‍ നടത്തിയ പഠനത്തില്‍ നിന്നും ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷനില്‍ ഒന്നാം സ്ഥാനത്താണ് ഇന്ത്യ. സര്വ്വേയില്‍ 14 മുഖ്യ പെര്‍ഫോര്‍മന്‍സ് ഇന്‍ഡിക്കേറ്റെറുകളിലുണ്ടായ ബിസിനസ്സ് ഇംപാക്ട് സ്കോര്‍ (BIS) കാര്‍ഡിലാണ് ഇന്ത്യക്ക് ഒന്നാം സ്ഥാനം ലഭിച്ചത്.

കേരളവും ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷനും

കേരളത്തില്‍ ജനങ്ങളുടെ ആരോഗ്യ വിവരങ്ങള്‍ രേഖപ്പെടുത്തിയ ഇലക്ട്രോണിക ഹെല്‍ത്ത് റെക്കോര്‍ഡാണ് ഈ രംഗത്തേക്കുള്ള ശ്രദ്ധേയമായ കാല്‍വെപ്പ്. ഈ ഡേറ്റകളെല്ലാം ആധാര്‍ കാര്‍ഡുമായി ലിങ്ക് ചെയ്ത് ബയോമെട്രിക് രേഖകളുള്‍പ്പെടെ ക്ലൌഡിലേക്ക് മാറ്റും. ഒരു വ്യക്തിയുടെ ആരോഗ്യ വിവരങ്ങളും മുന്‍കാല ചികിത്സാ ഹിസ്റ്ററിയുമെല്ലാം രേഖപ്പെടുത്തി വച്ചിരിക്കുന്ന ഇത് ഭാവിയില്‍ ഡൌണ്‍ ലോഡ് ചെയ്തെടുക്കുവാന്‍ സാധിക്കും.

എന്തെല്ലാം ഗുണങ്ങള്‍

റീട്ടെയില്‍ മേഖലകളില്‍ ഈ രീതിക്ക് സാധ്യതയേറെയാണ്. ഇ കോമേഴ്സും എം കൊമേഴ്സിലുമെല്ലാം ഈ രീതിയിലുള്ള മാറ്റം വന്ന് കഴിഞ്ഞു. പേഴ്സണലൈസഡ് കൊമേഴ്സ് ഈ മേഖലയിലെ ഭാവി വാഗ്ദാനമാണ്. പേ പാല്‍ പേ ടി എം പോലുള്ള ഫിനാന്‍ഷ്യല്‍ സര്‍വീസ് കമ്പനികള്‍ക്ക് ഇത് പ്രയോജനപ്പെടുത്താവുന്നതാണ്.

ഇനിയുള്ള കാലഘട്ടത്തില്‍ ബിസിനസ്സ് സംരംഭങ്ങലല്ലാം തന്നെ ഡിജിറ്റലൈസേഷനിലേക്ക് മാറുന്നില്ലായെങ്കില്‍ അത് നില നില്‍പ്പിനെത്തന്നെ ബാധിക്കുമെന്ന് സുവ്യക്തമാണ്. കാരണം മാറുന്ന സാങ്കേതിക വിദ്യകളെക്കുറിച്ച് ഏറെ അവബോധമുള്ള കസ്റ്റമറാണിവിടെയുള്ളത്. സൂപ്പര്‍ മാര്‍ക്കറ്റിലിരിക്കുന്ന ഉല്‍പ്പന്നത്തിന്‍റെ ക്യു ആര്‍ കോഡ് സ്കാന്‍ ചെയ്തിട്ട് അതിനിപ്പോള്‍ ഓണ്‍ലൈന്‍ സ്റ്റോറുകളില്‍ എന്ത് വിലയെന്ന് അന്വേഷിക്കുന്ന ഉപഭോക്താവുള്ളപ്പോള്‍ മാറ്റങ്ങളോട് നാം മുഖം തിരിച്ച് നില്‍ക്കുന്നതില്‍ അര്‍ത്ഥമില്ല.


ആയതിനാല്‍ ബിസിനസ്സിന്‍റെ എല്ലാ മേഖലകളിലും നവ ജീവന്‍ പകരുവാനും കൂടുതല്‍ സംതൃപ്തരായ ഉപഭോക്താക്കളെ സൃഷ്ടിക്കുവാന്‍ അനുയോജ്യവുമായ പുത്തന് സാങ്കേതിക വിദ്യകളെ ബിസിനസ്സില്‍ പരീക്ഷിക്കുവാന്‍, അര്‍ത്ഥ പൂര്‍ണ്ണമായ ബിസിനസ്സ് മോഡലുകള്‍ രൂപപ്പെടുത്തുവാന്‍ ചെറുകിട സംരംഭകര്‍ക്കും കഴിയണം. കാരണം മാറുന്ന കാലഘട്ടത്തില്‍ മുന്‍പേ പറക്കുന്ന പക്ഷിയായില്ലായെങ്കില്‍ ഈ മല്സരത്തിന്‍റെ കാലഘട്ടത്തില്‍ തളര്‍ന്ന് പോകുവാന്‍ സാധ്യതയേറെയാണ്. 

No comments:

Post a Comment