Sunday, 7 January 2018

ഡിജിറ്റല്‍ ഹെല്ത്ത് തുറന്നിടുന്ന സംരംഭക സാധ്യതകള്‍

മാറ്റങ്ങളാണ്  മനുഷ്യ ജീവിതത്തെ വിരസമാകാതെ മുന്നോട്ട് നയിക്കുന്നത്. ഈ ആധുനിക കാലഘട്ടത്തില്‍ സര്‍വ്വ രംഗങ്ങളിലും ഏറെ മാറ്റങ്ങള്‍ വന്നു കൊണ്ടിരിക്കുന്നു. ശാസ്ത്ര സാങ്കേതിക രംഗത്തുണ്ടാവുന്ന മാറ്റങ്ങള്‍ അതിന്‍റെ അന്തിമ രൂപമായ വ്യവസായ മേഘലയില്‍ വരുമ്പോള്‍ മാത്രമേ സാധാരണ ജനങ്ങള്‍ക്ക് ഏറെ പ്രയോജനകരമായി തീരുകയുള്ളു. നാനോ ടെക്നോളജിയും ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജെന്‍സുമെല്ലാം മനുഷ്യ ജീവിതത്തില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തുവാന്‍ പോന്നവയാണ്. ഈ മാറ്റങ്ങള്‍ എല്ലാവരേയും ഒരു പോലെ ബാധിക്കുന്ന വൈദ്യ ശാസത്ര മേഖലയിലും സംഭവിച്ച് കൊണ്ടിരിക്കുന്നതാണ് വര്‍ത്തമാന ലോകത്തിന്‍റെ നേര്‍ക്കാഴ്ച. വൈദ്യ ശാസ്ത്രത്തില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ അതിന്‍റെ അനുബന്ധ മേഖലയായ ഫാര്‍മസ്യൂട്ടിക്കല്‍ രംഗത്തും മറ്റ് ഉപകരണത്തിന്‍റെ മേഖലയിലുമാണ് യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത്. അപ്പോള്‍ അത് ഇത്തരം വ്യവസായ രംഗത്തും ഏറെ മാറ്റങ്ങള്‍ വരുത്തുവാന്‍ പര്യാപ്തമാകും. 

എക്സ് റേ, സ്കാനിങ്ങ്, ആന്‍ജിയോ ഗ്രാം തുടങ്ങിയവയെല്ലാം സാധാരണക്കാര്‍ക്ക് പോലും സുപരിചിതമായിക്കഴിഞ്ഞു.  ഇതിപ്പോള്‍ ഡിജിറ്റല്‍ ഹെല്‍ത്തിന്‍റെ കാലഘട്ടമാണ്. അതിനാല്‍ത്തന്നെ  ചില അതി സാങ്കേതിക മുന്നേറ്റങ്ങള്‍ ഈ രംഗത്തുണ്ടാവുന്നുണ്ട്.  ആരോഗ്യ സംബന്ധമായ പ്രശ്നങ്ങളേയും പിന്തുടരുന്ന വെല്ലുവിളികളേയും അഭിമുഖീകരിക്കത്തക്ക വിധത്തില്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ ടെക്നോളജിയെ ഫലപ്രദമായി ചൂഷണം ചെയ്യുകയാണ് ഡിജിറ്റല്‍ ഹെല്‍ത്ത് ചെയ്യുന്നത്. ആയതിനാല്‍ത്തന്നെ പുത്തന്‍ സാങ്കേതിക വിദ്യകളും സ്മാര്ട്ട് ഡിവൈസുകളും ഈ പ്രക്രിയയില്‍ അവശ്യ ഘടകമായി നില നില്‍ക്കുന്നു. ഒപ്പം ഒരു പറ്റം മൊബൈല്‍ ആപ്ലിക്കേഷനുകളും ഈ രംഗത്ത് സജീവമായുണ്ട്. ആയതിനാല്‍ത്തന്നെ മൊബൈല്‍ ആപ് ഡവലപ്പേഴ്സിനും ഈ അവസരങ്ങള്‍ പ്രയോജനപ്പെടുത്തുവാന്‍ കഴിയും. മൊബൈല്‍ ഹെല്‍ത്ത് എന്നുള്ളതാണ് നൂതനമായ മറ്റൊരു മേഖല. മൊബൈല്‍ ഫോണുകള്‍, ടാബ്ലറ്റുകള്‍, ഹെല്‍ത്ത് കെയര്‍ ആപ്ലിക്കേഷനുകള്‍ തുടങ്ങിയവയെല്ലാം എം ഹെല്‍ത്ത് ടെക്നോളജിയുടെ ഭാഗമായി നില്‍ക്കുന്നതാണ്. അതു കൊണ്ട് തന്നെ നൂതന സംരംഭക സാധ്യതകള്‍ ഏറെയുള്ള മേഖലയാണിത്.

1, സ്മാര്‍ട്ട് ബാന്‍ഡേജുകള്‍

ടി വി യും മൊബൈല്‍ ഫോണുമെല്ലാം സ്മാര്‍ട്ടാകുന്ന കാലത്തും നാം വര്‍ഷങ്ങളായി യാതൊരു മാറ്റവുമില്ലാതെ കണ്ടിരുന്ന ബാന്‍ഡ് ഏജും ഇനി സ്മാര്‍ട്ടാവുകയാണ്. അതായത് ഇനിയുള്ള കാലത്തെ ബാന്‍ഡ് ഏജുകളില്‍ സെന്‍സറുകള്‍ ഘടിപ്പിക്കപ്പെട്ടവയായിരിക്കും. അതിനാല്‍ത്തന്നെ സാധാരണ ബാന്‍ഡ് ഏജുകളുടെ ധര്‍മ്മത്തോടൊപ്പം നമ്മുടെ ഹൃദയ സ്പന്ദന നിരക്ക്, ശ്വാസോച്ഛോസ ഗതി മുതലായ പ്രധാന കാര്യങ്ങള്‍ സമയാസമയം ഡോക്ടറെ അറിയിച്ച് കൊണ്ടിരിക്കും.  സ്മാര്‍ട്ട് ഫോണുകളുമായി ഒരു മൊബൈല്‍ ആപ്പ് വഴി ബന്ധപ്പെടുത്തിയാണ് ഇത് സാധ്യമാവുന്നത്.

സ്മാർട്ട് മെഡിക്കല്‍ ബോക്സ്

മരുന്ന് കഴിക്കേണ്ടുന്ന സമയം രോഗിയെ ഓര്‍പ്പിക്കുന്ന സ്മാര്‍ട്ട് മരുന്ന് ഗുളിക ചെപ്പുകള്‍ ആയിരിക്കും നാളത്തെ താരം.

ഹെഡ് മൌണ്ടഡ് ഓഗ്മെന്‍റഡ് റിയാലിറ്റി സിസ്റ്റം

സര്‍ജറികള്‍ക്കാണ് ഇത്തരം ഡിവൈസുകളുടെ പ്രയോജനം ലഭിക്കുക. സര്‍ജറി വേളകളില്‍ ഓപ്പറേഷന്‍ തീയേറ്ററുകളിലെ ലൈറ്റുകളില്‍ ഘടിപ്പിക്കുന്ന കാമറകളുടെ വീക്ഷണ കോണുകള്‍ പരിമിതമായതോടെ ഗൂഗിള്‍ ഗ്ലാസ് പോലുള്ള വെയറബിള്‍ ക്യാമറകള്‍ ഉപയോഗപ്പെടുത്തി സര്‍ജരി ദൃശ്യങ്ങള്‍ ചിത്ര/ചലച്ചിത്ര രൂപത്തില്‍ ഒപ്പിയെടുക്കുന്ന സംവിധാനങ്ങള്‍ക്ക് പ്രിയമേറിയിട്ടുണ്ട്. ഇത്തരത്തില്‍ ഇന്‍റട്രാക്ടീവ് ഇന്‍ഫര്‍മേഷന്‍ തത്സമയം പങ്കിടാനാവുമെന്നത് വളരെ പ്രധാനപ്പെട്ട ഒന്നാണ്.

ബയോണിക് കോണ്‍ടാക്ട് ലെന്‍സ്

കോണ്‍ടാക്ട് ലെന്‍സുകള്‍ നമുക്ക് സുപരിചിതമാണ്. എന്നാല്‍ ബയോണിക്സ് എന്ന പുത്തന്‍ സാങ്കേതിക വിദ്യയും കൂടി സന്നിവേശിപ്പിച്ചിട്ടുള്ള കോണ്‍ടാക് ലെന്‍സുകളാണ് നാളത്തെ താരം. ആന്‍റിനയും ഇന്‍റഗ്രേറ്റഡ് സര്‍ക്യൂട്ടുമെല്ലാം കൂടിച്ചേര്‍ന്ന ഇതില്‍ LED ലെന്‍സുകളാണ് ഇമേജ് ഉണ്ടാക്കുന്നത്. ഓഗ്മെന്‍റഡ് റിയാലിറ്റി എന്ന സാങ്കേതിക വിദ്യയും ഇവിടെ ഉപയോഗപ്പെടുത്തുന്നുണ്ട്.

3 ഡി സ്കാനിങ്ങ് ആന്‍ഡ് പ്രോട്ടോ ടൈപ്പിങ്ങ്

2 ഡി ചിത്രങ്ങളെ ത്രിമാന രൂപങ്ങളാക്കി മാറ്റുകയെന്നത് വളരെ ചിലവേറിയയൊന്നാണ്. എന്നാല്‍ 3 ഡി പ്രിന്‍റിങ്ങിന്‍റെ ആവിര്‍ഭാവത്തോട് കൂടി ഉയര്‍ന്ന റെസല്യൂഷനുള്ള പകര്‍പ്പുകള്‍, പ്രോട്ടോ ടൈപ്പുകള്‍, വിഷ്വല്‍ എയ്ഡുകള്‍, എന്നിവയുടെ രൂപീകരണം സാധ്യമായി. ബയോ എഞ്ചിനിയറിങ്ങില്‍ ത്രി ഡി പ്രിന്‍റിങ്ങ് എന്നാല്‍ ബയോ പ്രിന്‍റിങ്ങ് ആണ്. അതായത് യഥാര്‍ത്ഥ മനുഷ്യ കോശങ്ങള്‍ ഉപയോഗിച്ച് തന്നെ ശാരിരികാവയവങ്ങള്‍ കൃത്രിമമായി സൃഷ്ചിച്ചെടുക്കുവാന്‍ കഴിയും. ഭാവിയില്‍ മെഡിക്കല്‍ കോളേജുകളുടെ സമീപത്ത് മോഡലുകള്‍ പ്രിന്‍റെടുത്ത് നല്‍കുന്ന സ്ഥാപനങ്ങള്‍ കണ്ടാല്‍ അത്ഭുതപ്പെടേണ്ട. ഇന്നത്തെ ഫോട്ടാ സ്റ്റാറ്റസ് കടകള്‍ പോലെയുള്ളതൊന്ന് യാഥാര്‍ത്ഥ്യമാകുന്നുവെന്ന് പറയേണ്ടിയിരിക്കുന്നു.

മെസോപ്പോറസ് സിലിക്ക നാനോ പാര്‍ട്ടിക്കിള്‍സ്

നാനോ ടെക്നോളജിയുടെ കടന്ന് കയറ്റമാണ് ഈ രംഗത്ത് എടുത്ത് പറയേണ്ടയൊന്ന്. മെസോപോറസ് സിലിക്ക എന്ന പ്രത്യേക ഒരു മെറ്റീരിയല്‍ കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. നാളെയുടെ ക്യാന്‍സര്‍ ചികിത്സയില്‍ നിര്‍ണ്ണായക സഹായകരമാകുവാന്‍ പോകുന്നയൊന്നാണ് ഇത്. ശരീര കോശങ്ങള്‍ക്കുള്ളിലേക്ക് മരുന്ന് എത്തിക്കുവാനായിട്ട് ഇത് സഹായകരമാവും. മാത്രവുമല്ല ഇത് ഒരു ബയോ സെന്‍സറായിട്ട് പ്രവര്‍ത്തിക്കുന്ന മെറ്റീരിയലുമാണ്. ഇത് പോലെയുള്ള പുത്തന്‍ മെറ്റീരയലുകളുടെ ഗവേഷണം വിജയിച്ചാല്‍ ഇവയുടെയൊക്കെ വ്യാവസായിക ഉല്‍പ്പാദനം മറ്റൊരു സംരംഭക സാധ്യതയായിരിക്കും.

പേപ്പര്‍ ബേസഡ് ടെക്നോളജി

നാളത്തെ ലബോറട്ടറികളായിരിക്കും ഡിജിറ്റല്‍ ഹെല്‍ത്ത് ലോകത്തിലെ പ്രധാനപ്പെട്ടയൊന്ന്. കാരണം സങ്കീര്ണ്ണമായ റീഡിങ്ങ് ഇന്‍സ്ട്രുമെന്‍റുകള്‍ക്ക് പകരം ഷുഗറും കൊളസ്ട്രോളുമെല്ലാം ക്ഷണ നേരം കൊണ്ടളക്കുന്ന സ്മാര്‍ട്ട് സ്ട്രിപ്പുകളായിരിക്കും നാളത്തെ ട്രെന്‍ഡ്. ഇന്ത്യയിലെ കുഗ്രാമങ്ങളായിരിക്കും ഇതിനാല്‍ അനുഗ്രഹിക്കപ്പെടുക. ചിലവ് വളരെ കുറവാണെന്നുള്ളതും ഇതിന്‍റെ മേന്‍മകളിലൊന്നാണ്.

അള്‍ട്രാ വയലറ്റ് വെളിച്ചമുപയോഗിച്ചുള്ള ജല ശുദ്ധീകരണവും സോളാര്‍ സ്റ്റീം ഉപയോഗിച്ചുള്ള മാലിന്യ നിര്‍മ്മാര്‍ജ്ജനവും ഒക്കെ ഡിജിറ്റല്‍ ഹെല്‍ത്ത് കെയറില്‍ ഉപയോഗിക്കുന്നവയാണ്. ആയതിനാല്‍ത്തന്നെ ഈ ദിശയിലുള്ള സംരംഭക സാധ്യതകള്‍ യുവ തലമുറ ആലോചിച്ച് തുടങ്ങേണ്ടതാണ്.

ഡിജിറ്റല്‍ എയ്ഞ്ചല്‍ ചിപ്പ്

മനുഷ്യ ശരീരത്തില്‍ ഘടിപ്പിക്കാവുന്ന ഒരു ഇംപ്ലാന്‍റബിള്‍ കമ്പ്യൂട്ടര്‍ ചിപ്പ് ആണിത്. ഇതിന് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ (FDA) മെഡിക്കല്‍ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുവാനുള്ള അംഗീകാരം നല്‍കിക്കഴിഞ്ഞു.  ബയോ മെഡിക്കല്‍ ഫംഗ്ഷനുകളെ നിരീക്ഷിക്കുവാനും അത് വഴി വിവരങ്ങള്‍ ജി പി എസ് വഴി കൈമാറുവാനും കഴിവുള്ള ഈ ചിപ്പിന് ഒരു അരി മണിയുടെ മാത്രം വലിപ്പമേയുണ്ടാവു. അള്‍ഷിമേഴ്സ് പോലുള്ള അസുഖങ്ങള്‍ ബാധിച്ച രോഗികള്‍ക്ക് ഈ സംവിധാനം ഏറെ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഡിജിറ്റല്‍ പീല്‍

സെന്‍സറുകളായിരിക്കും ഡിജിറ്റല്‍ ഹെല്‍ത്തില്‍ നിര്‍ണ്ണായകരമാവുന്നയൊന്ന്. അത് പോലെയുള്ളയൊന്നാണ്  ഡിജിറ്റല്‍ പില്‍ എന്നത്. ഇതിന് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ (FDA) അംഗീകാരം നല്‍കിക്കഴിഞ്ഞു. ബാറ്ററിയില്ലാതെ മനുഷ്യ ശരീരത്തില്‍ നിന്ന് തന്നെ ഊര്‍ജ്ജമെടുത്ത് പ്രവര്‍ത്തിക്കുന്ന മണല്‍ത്തരി പോലുള്ളയൊരു സിലിക്കണ്‍ ചിപ്പാണിത്. രോഗി മരുന്ന് കഴിക്കുന്ന സമയം അഥവാ മരുന്ന് കഴിക്കുന്നുണ്ടോയെന്ന കാര്യം തന്നെ ഡോക്ട്റെ അറിയിക്കുന്നതാണിത്. ദീര്‍ഘകാലം മുടങ്ങാതെ മരുന്ന് കഴിക്കുന്നവര്‍ക്ക് ഈ സംവിധാനം ഏറെ പ്രയോജനപ്പെടുവെന്നാണ് കരുതപ്പെടുന്നത്.

ഇംപ്ലാന്‍റബിള്‍ ഇലക്ട്രോ കാര്‍ഡിയോഗ്രാം

ആരോഗ്യ രംഗത്ത് പുത്തന്‍ തരംഗങ്ങള്‍ സൃഷ്ടിക്കുവാന്‍ പോകുന്നതാണ് ഇംപ്ലാന്‍റബിള്‍ ഇലക്ട്രോ കാര്‍ഡിയോഗ്രാം എന്ന ഉപകരണം. ശാരിരിക പ്രവര്‍ത്തനത്തെ സദാസമയവും നിരീക്ഷിക്കുവാനും പാകപ്പിഴകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ തത്സമയം മുന്നറിയിപ്പ് നല്‍കുവാനും അടിയന്തിര ഘട്ടങ്ങളില്‍ തത്സമയം മെഡിക്കല്‍ ഡേറ്റകള്‍ കൈമാറുവാനും ഇവയ്ക്കാകുമെന്ന് ഗവേഷകര്‍ അവകാശപ്പെടുന്നു. ശരീരത്തിനുള്ളില്‍ എന്നതിന് പകരം തൊലിപ്പുറത്തിരുന്ന് ഇതേ രീതിയില്‍ പ്രവര്‍ത്തിക്കുന്നതുമായ വെയറബിള്‍ സ്ട്രിപ്പുകളും പരീക്ഷണ ശാലകളിലൊരുങ്ങുന്നുണ്ട്. വയര്‍ലെസ്സ് കമ്യൂണിക്കേഷനാണ് ഇവയിലെല്ലാം സാധ്യമാവുന്നത്.

ഇന്‍റലിജെന്‍റ് ബയോമെഡിക്കല്‍ ക്ലോത്തിങ്ങ്

അടി വസ്ത്രങ്ങളില്‍ ഇഴ തുന്നിച്ചേര്‍ക്കാവുന്ന അതി ലോലലമായ ബയോ മെഡിക്കല്‍ ക്ലോത്തിങ്ങ് ആണ് ഇന്‍റലിജെന്‍റ് ബയോമെഡിക്കല്‍ ക്ലോത്തിങ്ങിന് പിന്നിലുള്ളത്. ഡ്രൈ ഇലക്ട്രോഡ് സെന്‍സർ ഉപയോഗിക്കുന്ന ഈ സാങ്കേതിക വിദ്യക്ക് ശരീര താളത്തിന്‍റെ മുഴുനീള നിരീക്ഷണവും അപഗ്രഥനവും വളരെ നന്നായി കൈകാര്യം ചെയ്യുവാന്‍ കഴിയും.
ഇങ്ങനെ നിരവധി മാറ്റങ്ങളുമായി മെഡിക്കല്‍ രംഗം അരങ്ങ് തകര്‍ക്കാനൊരുങ്ങുമ്പോള്‍ വ്യത്യസ്തമായ നിരവധി സംരംഭക സാധ്യതകള്‍ക്കാണ് അരങ്ങൊരുങ്ങുന്നത്. വ്യത്യസ്തമായ ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണവും പുതിയ സേവന സംരംഭങ്ങളും നാളെകളില്‍ കാണുവാന്‍ കഴിയും. ഇതിനെല്ലാറ്റിലും ഉപോല്‍ബലകമാകുവാന്‍ വ്യത്യസ്തമായ നിരവധി ആപ്ലിക്കേഷനുകള്‍ എന്നയൊരു സംരംഭക സാധ്യതയും കൂടെയുണ്ടിവിടെ.

പരമ്പരാഗത വഴികളില്‍ മാത്രമൊതുങ്ങാതെ മാറുന്ന കാലഘട്ടത്തിന്‍റെ വെല്ലുവിളികള്‍ ഏറ്റെടുത്ത് കൊണ്ട് ഡിജിറ്റല്‍ ഹെല്‍ത്ത് എം ഹെല്‍ത്ത് എന്നിവയുടെ സാധ്യതകള്‍ പൂർണ്ണമായും പ്രയോജനപ്പെടുത്തുന്ന പുതിയ സംരംഭങ്ങളാരംഭിക്കുവാന്‍ വിദ്യാഭ്യാസമുള്ള യുവതലമുറ മുന്‍പോട്ട് വരുമെന്ന് പ്രത്യാശിക്കാം. 

2 comments:

  1. This is a great blog. Which give more insight in to latest and upcoming technologies. Hats off to you sir for your valuble and knowledgeable information

    ReplyDelete
  2. Thank you

    Please visit my blog www.unnathavidyabhyasyam.blogspot.in For Career related articles

    ReplyDelete