Friday, 21 June 2019

ഇന്‍ഡസ്ട്രിയല്‍ ഓട്ടോമേഷന്‍ - ഒരു ബിസിനസ് പരിഹാര മാർഗ്ഗം




ഉയർന്ന നിലവാരവും മത്സരാധിഷ്ഠിതമായ ഉൽപന്നങ്ങളുമാണ് ഇന്നത്തെ വ്യവസായങ്ങളിലുള്ളത്.  ഒപ്പം താങ്ങാവുന്ന വിലക്ക് ഉല്‍പ്പന്നങ്ങൾ വിപണിയിലെത്തിക്കുക എന്ന വെല്ലുവിളിയും ഒരു സംരംഭകന്‍ നേരിടുന്നുണ്ട്.  മേൽപ്പറഞ്ഞ വെല്ലുവിളി പരിഹരിക്കുന്നതിനുള്ള ശ്രദ്ധേയമായ, സ്വാധീനപരമായ നീക്കമാണ് ഓട്ടോമേഷന്‍ എന്നത്.  ഉല്പാദന നിലവാരം, വിശ്വാസ്യത, എന്നിവ വർദ്ധിപ്പിക്കാൻ വ്യവസായ ഓട്ടോമേഷൻ സഹായിക്കുന്നു. പുതിയ, നൂതന സാങ്കേതിക വിദ്യകളും സേവനങ്ങളും ഉപയോഗപ്പെടുത്തി ഉല്പാദന ചിലവ് കുറക്കുകയും  രൂപകൽപ്പനയുടെ മേന്മ വർദ്ധിപ്പിക്കുകയും ചെയ്യുകയാണിവിടെ.


എന്താണ് ഇന്‍ഡസ്ട്രിയല്‍ ഓട്ടോമേഷന്‍

മനുഷ്യാധ്വാനം കഴിയുന്നത്ര കുറച്ച്, സോഫ്റ്റ്‌വെയർ, സെൻസറുകൾ, മറ്റ് സെൻസറുകൾ, മറ്റ് ഉപകരണങ്ങൾ എന്നിവയുടെ സഹായത്തോടെ പ്രവർത്തനങ്ങൾ ലഘൂകരിക്കുന്ന സാങ്കേതികവിദ്യയാണ് ഓട്ടോമേഷൻ. ചെറുതും വലുതുമായ വ്യാവസായിക പ്ലാന്‍റുകൾ മുതൽ നാം നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന പല സംവിധാനങ്ങളും ഓട്ടോമേഷൻ ടെക്നോളജിയുടെ ഭാഗമാണ്. തൊഴിലിന്‍റെ കൃത്യതയും കാര്യക്ഷമതയും വർധിപ്പിക്കുമെന്നതിനാൽ പല വ്യവസായ സ്ഥാപനങ്ങളും ഓട്ടോമേഷനിലേക്കു ചുവടു മാറ്റിക്കഴിഞ്ഞു.

ഓട്ടോമേഷന്‍റെ പ്രസക്തി

തൊഴില്‍ ശാലകൾ ഇന്നൊരു മാറ്റത്തിന്‍റെ പടി വാതില്‍ക്കലാണ്.  കഠിനമായ ജോലികൾ ചെയ്യുവാന്‍ മനുഷ്യപ്രയത്നം ആവശ്യമില്ലായെന്ന തരത്തിലേക്കാണ് കാര്യങ്ങളുടെ പോക്ക്.  തൊഴിൽ രംഗം അതിവേഗത്തിൽ ഓട്ടോമേഷൻ യുഗത്തിലേക്കു മാറുകയാണ്.  റോബോട്ടിക്സും ആർട്ടിഫിഷ്യല്‍ ഇന്‍റലിജെന്‍സും മെഷീന്‍ ലേണിങ്ങുമൊക്കെയാണ് ഇനി തൊഴില്‍ രംഗം നിയന്ത്രിക്കുവാന്‍ പോകുന്നതെന്ന യാഥാർത്ഥ്യം നാം മനസ്സിലാക്കുമ്പോൾ അതിന് വേണ്ടി നമ്മുടെ മനസ്സൊരുക്കവും അതി വേഗത്തില്‍ നടന്നേ പറ്റു.  തൊഴിൽമേഖലയിൽ അടുത്ത രണ്ടു പതിറ്റാണ്ടിൽ വരാൻപോകുന്നതു സമൂലമായ മാറ്റമാണെന്നാണു രാജ്യാന്തര ഗവേഷണ സ്ഥാപനം മകിൻസേയുടെ റിപ്പോർട്ട്.  ലോകത്തു പ്രധാനമായി 800 വിഭാഗത്തിൽപ്പെട്ട ജോലികളുണ്ടെന്നാണു മകിൻസേയുടെ വിലയിരുത്തൽ.  ഇതില്‍ 30 ശതമാനത്തിലേറെയും പൂർണ്ണമായും ഓട്ടോമേഷന്‍ ചെയ്യാവുന്ന സ്ഥിതിയിലേക്ക് മാറിക്കഴിഞ്ഞു.  ഇപ്പോൾ പല കമ്പനികളിലും മനുഷ്യന്‍ ചെയ്യുന്ന പല ജോലികളും റോബോട്ടുകൾ ചെയ്യുന്ന സ്ഥിതിയിലേക്ക് മാറിക്കഴിഞ്ഞു. ഇപ്പോൾ പല കമ്പനികളിലും ജീവനക്കാർ ചെയ്തുകൊണ്ടിരിക്കുന്ന പതിവു ജോലികൾ റോബോട്ട് അടക്കമുള്ള യന്ത്രങ്ങൾ രണ്ടുവർഷത്തിനുള്ളിൽത്തന്നെ കയ്യടക്കും. സാധാരണമല്ലാത്ത കഴിവുകളും ബുദ്ധിയും പ്രയോഗിക്കേണ്ട ജോലികൾക്കു മാത്രമാകും ഇനി മനുഷ്യസഹായം  വേണ്ടിവരിക.

ഏതെല്ലാം മേഖലകളിൽ ഓട്ടോമേഷൻ ഉപയോഗപ്പെടുത്തുന്നു?

ഗുണമേന്മയും പ്രവർത്തന ക്ഷമതയും ഉറപ്പുവരുത്തുവാൻ ആഗ്രഹിക്കുന്ന ആഗോള തലത്തിലെ ചെറുതും വലുതുമായ എല്ലാ വ്യവസായ സ്ഥാപനങ്ങളും ഒട്ടുമിക്ക മേഖകളിലും ഓട്ടോമേഷൻ ഉപയോഗപ്പെടുത്തുന്നു. നിർമാണത്തിന്‍റെയോ സേവനത്തിന്‍റെയോ ഓരോ ഘട്ടത്തിലും ഗുണമേന്മ ചോർന്നു പോകാതെ കാര്യക്ഷമത ഉറപ്പുവരുത്തുവാൻ ഓട്ടോമേഷൻ സഹായിക്കുന്നു. വിരൽത്തുമ്പിൽ സാങ്കേതികത്തികവോടെ വ്യാവസായിക പ്ലാന്‍റുകളെ നിയന്ത്രിക്കാൻ കഴിയുമെന്നതിനാൽ ആഗോളതലത്തിൽ ഓട്ടോമേഷനു സ്വീകാര്യത ലഭിച്ചു കഴിഞ്ഞു. ഭക്ഷ്യസംസ്കരണ പ്ലാന്‍റുകൾ മുതൽ ദുർഘടമായ തൊഴിൽ മേഖലകളായ എണ്ണവാതക റിഗ്ഗുകൾ വരെ ഓട്ടോമേഷൻ പ്രയോജനപ്പെടുത്തുന്നു.

ഇന്ത്യയിൽ ഓട്ടോമേഷൻ നടപ്പിലാക്കുന്നതും പ്രയോജനപ്പെടുത്തുന്നതും മൂന്നു മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനികളാണ്.

1)       വ്യാവസായിക ഉൽപാദന പ്ലാന്‍റുകൾ
2)       ഓട്ടോമേഷൻ സിസ്റ്റം ഇന്‍റഗ്രേഷൻ കമ്പനികൾ
3)       ഓട്ടോമൊബൈൽ സ്പെയർപാർട്ട്സുകൾ നിർമിക്കുന്നതും വിതരണം ചെയ്യുന്നതുമായ കമ്പനികൾ

ഓട്ടോമേഷനുകൾ പല തരം

1.      ഹാർഡ് ഓട്ടോമേഷൻ
സ്ഥിരമായി ആവർത്തിച്ച് ഒരേ പ്രവൃത്തി തന്നെ ചെയ്യേണ്ടുണ്ടുവെങ്കില്‍ ഈ തരം ഓട്ടോമേഷന്‍ ആണ് ഉപയോഗിക്കുക.  നിശ്ചിത സീക്വൻസ് അസെംബിംഗ് അല്ലെങ്കിൽ പ്രോസസ്സിംഗ് ഓപറേഷനുകൾ ഓട്ടോമേറ്റ് ചെയ്യാൻ ആണ് ഇത്തരം ഓട്ടോമേഷന്‍ ഉപകാരപ്പെടുന്നത്. ഒരിക്കൽ ഉപയോഗിച്ചു കഴിഞ്ഞാൽ,  ഉൽപ്പന്ന രൂപകൽപ്പനയിൽ മാറ്റം വരുത്തുന്നതിനോ വ്യത്യാസപ്പെടുത്തുന്നതിനോ താരതമ്യേന ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ, ഉൽപ്പന്ന വൈവിധ്യം നൽകുന്നതിൽ ഇത് വളരെയേറെ ബുദ്ധിമുട്ടാണ്. എന്നാൽ ഉൽപാദനശേഷി വർദ്ധിപ്പിക്കുകയും യൂണിറ്റ് ചെലവ് കുറയ്ക്കുകയും ചെയ്യുന്നു. ഡിസ്റ്റിലേഷന്‍ പ്ലാന്‍റുകൾ, കണ്‍വെയറുകൾ എന്നിവയൊക്കെ ഉദാഹരണമാണ്.
2. പ്രോഗ്രാമബിൾ ഓട്ടോമേഷൻ
മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട ഒരു പ്രത്യേക പ്രോഗ്രാമിനോ പ്രോസസസിനോ ഒരു നിശ്ചിത സമയത്തേക്കോ മാത്രമായി ഏർപ്പെടുത്തുന്ന ഓട്ടോമേഷന്‍ സംവിധാനമാണിത്. ബാച്ച് ഉത്പാദന പ്രക്രിയക്ക് ഏറ്റവും യോജിച്ചതാണ് ഇത്തരം ഓട്ടോമേഷന്‍.  എന്നാൽ ഇതിൽ, ഒരു പുതിയ ഉൽപ്പന്നത്തിനായോ അല്ലെങ്കിൽ പ്രവർത്തനങ്ങളുടെ ക്രമം മാറ്റുന്നതിനായോ സിസ്റ്റം പുനർ രൂപവൽക്കരിക്കുവാന്‍ താരതമേന്യ പ്രയാസമാണ്. ഈ ഓട്ടോമേഷൻ സംവിധാനത്തിന്റെ ഉദാഹരണങ്ങൾ പേപ്പർ മില്ലുകൾ, ഉരുക്ക് റോളിംഗ് മില്ലുകൾ, വ്യാവസായിക റോബോട്ടുകൾ തുടങ്ങിയവയാണ്.
3.      സോഫ്റ്റ് ഓട്ടോമേഷന്‍
ഒന്നിലധികം ഉല്‍പ്പന്നങ്ങൾ ഒരേ സമയം ഉല്‍പ്പാദിപ്പിക്കുന്നിടത്ത് ഏറെ പ്രയോജനകരാണ് ഇത്തരം ഓട്ടോമേഷന്‍. ഒപ്പം ഒരുപാട് പ്രോസസുകൾ ഒരു ഉല്‍പ്പന്നത്തിന്‍റെ ഉല്‍പ്പാദനത്തിനായി ഉപയോഗിക്കുന്നിടത്തും ഇത് പ്രയോജനപ്പെടുത്താം.  ഓട്ടോമാറ്റിക് നിയന്ത്രണ സംവിധാനങ്ങൾ ഇതിന്‍റെ പ്രത്യേകതയാണ്.  ഓട്ടോമാറ്റിക് ഗൈഡഡ് വാഹനങ്ങൾ, ഓട്ടോമൊബൈൽസ്, മൾട്ടി പർപ്പസ് CNC യന്ത്രങ്ങൾ എന്നിവ ഉദാഹരണങ്ങളാണ്.

പ്രയോജനങ്ങൾ എന്തൊക്കെ

ഒരു വ്യാവസായിക പ്ലാന്‍റില്‍ ഓട്ടോമേഷന്‍ ഉപയോഗിച്ചാല്‍ നിരവധിയായ പ്രയോജനങ്ങൾ ലഭിക്കുവാന്‍ കഴിയും.

1.      പ്രൊഡക്ടിവിറ്റി കൂട്ടുവാന്‍ കഴിയും

ഉല്‍പ്പാദനത്തിന്‍റെ മികച്ച നിയന്ത്രണം വഴി ഫാക്ടറി അല്ലെങ്കിൽ ഉല്‍പ്പാദന, പ്രോസസ് പ്ലാൻറുകളുടെ ഉല്പാദന നിരക്ക് മെച്ചപ്പെടുത്തുവാന്‍ കഴിയും. കുറഞ്ഞ സമയത്തില്‍ കൂടുതല്‍ ഉല്‍പ്പന്നം നിർമ്മിക്കുവാന്‍ ഇത് സഹായകരമായ ഒന്നാണ്. 
2.      ചിലവ് നിയന്ത്രിക്കുവാന്‍ സഹായകരമാവുന്നു.
മനുഷ്യ പ്രയത്നം ഗണ്യമായ തോതില്‍ കുറക്കുവാന്‍ ഓട്ടോമേഷന്‍ സഹായകരമാവുന്നു. മാത്രവുമല്ല അസംസ്കൃത വസ്തുക്കളുടെ സംഭരണം കുറയ്ക്കുവാന്‍ കഴിയുന്നതിലൂടെ ചിലവ് നിയന്ത്രിക്കുവാന്‍ കഴിയും.
3.      ഉല്‍പ്പന്നത്തിന്‍റെ ഗുണനിലവാരം ഉയർത്തുവാന്‍ കഴിയുന്നു
മനുഷ്യന്‍റെ ഇടപെടലുകളെ ഓട്ടോമേഷൻ കുറയ്ക്കുന്നത് കാരണം, മനുഷ്യന്‍റെ പിഴവുകളുടെ സാധ്യതയും ഇല്ലാതാകും. ഉത്പന്നത്തിന്‍റെ തുടക്കം മുതൽ എല്ലാ ഘട്ടങ്ങളിലും വ്യവസായ പ്രക്രിയകൾ നിയന്ത്രിക്കാനും നിരീക്ഷിക്കാനും സംവിധാനമുള്ളത് കൊണ്ട് തന്നെ ഉയർന്ന ഗുണ നിലവാരത്തില്‍ ഓരോ ഉല്‍പ്പന്നവും നിർമ്മിക്കാം എന്നുള്ളത് മാത്രമല്ല എല്ലാ ഉല്‍പ്പന്നവും ഒരേ പോലെ ആയിരിക്കുവാനും കഴിയുന്നു.
4.      മനുഷ്യ വിഭവ ശേഷി കുറക്കുവാന്‍ കഴിയുന്നു
പ്ലാന്‍റ്  ഏതാണ്ട് പൂർണ്ണമായിത്തന്നെ ഓട്ടോമേറ്റഡ് ആക്കുക എന്ന് പറയുമ്പോൾ അതിന് ലഭിക്കുന്ന പ്രയോജനങ്ങൾ നിരവധിയാണ്.  വ്യത്യസ്ത സ്വഭാവക്കാരായ തൊഴിലാളികളെ മാനേജ് ചെയ്യുന്നത് ഒഴിവാക്കുവാന്‍ കഴിയും. ഒപ്പം അവരുടെ തൊഴില്‍ പ്രശ്നങ്ങൾ ഉൾപ്പടെയുള്ള കാര്യങ്ങൾ ഒഴിവാക്കുന്നതിലൂടെ മാനേജ്മെന്‍റിന് കാര്യക്ഷമമായി പ്രവർത്തിക്കുവാന്‍ കഴിയുന്നു.
സംരംഭ സാധ്യതകൾ
ഇത് ഓട്ടോമേഷന്‍റെ കാലമായതിനാല്‍ത്തന്നെ എഞ്ചിനിയറിങ്ങ് ഡിപ്ലോമ നേടിയിട്ടുള്ള കുട്ടികൾക്ക് അധിക യോഗ്യതയായി ഓട്ടോമേഷന്‍ കോഴ്സുകൾ ആവശ്യമായി വരുന്നുണ്ട്. ആയതിനാല്‍ത്തന്നെ ഇതുമായി ബന്ധപ്പെട്ട പരിശീലന സ്ഥാപനങ്ങൾ ഈ രംഗത്തെ ഒരു സംരംഭക സാധ്യതയാണ്.
വിവിധങ്ങളായ ചെറുകിട സംരംഭങ്ങൾക്ക് ആവശ്യമായ ഓട്ടോമേഷന്‍ ചെയ്തു കൊടുക്കുന്ന സ്ഥാപനങ്ങളായി പ്രവർത്തിക്കുവാന്‍ കഴിയും. ഒപ്പം വിവിധ സ്ഥാപനങ്ങൾക്കുള്ള കണ്‍സൾട്ടന്‍സി സർവീസ് ഈ രംഗത്തെ സാധ്യതയാണ്. ഇന്‍റലിജെന്‍റ് കാർ പാർക്കിങ്ങ് സിസ്റ്റം ഉയർന്ന് വരുന്ന മറ്റൊരു സംരംഭക സാധ്യതയാണ്.
ആർട്ടിഫിഷ്യല്‍ ഇന്‍റലിജെന്‍സിന്‍റെ ഈ കാലഘട്ടത്തില്‍ നമ്മുടെ തൊഴില്‍ സാഹചര്യങ്ങളില്‍ മാറ്റങ്ങൾ വന്നു കൊണ്ടേയിരിക്കുന്നു. മാറുന്ന കാലത്ത് ബിസിനസ് ലോകം മാറ്റങ്ങൾക്കനുസർതമായി ചലിച്ചില്ലായെങ്കില്‍ മത്സരത്തില്‍ പിന്തള്ളപ്പെട്ട് പോവുകയായിരിക്കും ഫലം.

No comments:

Post a Comment