Monday, 20 May 2019

ഡിജിറ്റല്‍ സംഗീതവും സംരംഭക സാധ്യതകളും




മാറുകയാണെല്ലാം. കാലഘട്ടത്തിന്‍റെ മാറ്റത്തിനനുസരിച്ച് മനുഷ്യന്‍റെ അഭിരുചികളും മാറുന്നു. സംഗീത പ്രേമികള്‍ ഏറെയുള്ള നാട്ടില്‍ ഇത് നേരത്തെ തന്നെ ഒരു വ്യവസായമായി വളർന്ന് വന്നിരുന്നു. എന്നാല്‍ കാലഘട്ടം മാറി നാം ഡിജിറ്റല്‍ യുഗത്തില്‍ എത്തി നില്‍ക്കുമ്പോൾ മുന്‍കാലങ്ങളില്‍ കണ്ടിരുന്ന പലതും ഇപ്പോള്‍ അപ്രത്യക്ഷ്യമായതായി കാണുവാന്‍ കഴിയും. മുന്‍ തലമുറക്ക് പരിചിതമായിരുന്ന ഓഡിയോ കാസറ്റ് തന്നെ ഉദാഹരണം. ഈ അടുത്ത കാലത്തായി സി ഡിയും വിപണിയില്‍ നിന്നും അപ്രത്യക്ഷ്യമായതായി കാണാം.  ഒന്നോ രണ്ടോ പാട്ട് പാട്ട് കേൾക്കുവാന്‍ ഒരു സി ഡി തന്നെ വില കൊടുത്ത് വാങ്ങുന്ന കാലഘട്ടത്തില്‍ നിന്നും ഇഷ്ടപ്പെട്ട പാട്ട് മാത്രം സി ഡിയുടെ പല മടങ്ങ് ഗുണ നിലവാരത്തോടെ ഡൌണ്‍ലോഡ് ചെയ്യുവാനുള്ള സൌകര്യം ഒരുക്കി ആപ്പിള്‍ ഐ ട്യൂണ്‍സുമായി രംഗത്ത് വന്നത് ഈ രംഗത്തെ ശ്രദ്ദേയമായ മാറ്റങ്ങളിലൊന്നായിരുന്നു. ഇത് ബിസിനസ്സിലെ ബ്ലു ഓഷ്യന്‍ സ്ട്രാറ്റജിക്ക് ഉത്തമോദാഹരണം ആയിരുന്നു.


എന്താണ് ഡിജിറ്റല്‍ ഓഡിയോ

ഡിജിറ്റല്‍ സിഗ്നലുകളുപയോഗിച്ച് ശബ്ദം റെക്കോർഡ് ചെയ്യുക, എഡിറ്റ് ചെയ്യുക, കൃത്രിമമായി സൃഷ്ടിക്കുക, പുനസൃഷ്ടിക്കുക (പ്ലേ ബാക്ക്) തുടങ്ങിയ കാര്യങ്ങൾ ചെയ്യുന്നതിനുപയോഗിക്കുന്ന സാങ്കേതിക വിദ്യയാണ് ഡിജിറ്റല്‍ ഓഡിയോ.  
ഏറെ സങ്കീർണ്ണമാണ് ഡിജിറ്റല്‍ സാങ്കേതിക വിദ്യ. എന്നാലിത് ഇന്ന് ഏറെ തരംഗങ്ങൾ സൃഷ്ടിച്ചു കൊണ്ട് മുന്നേറുമ്പോൾ ഇത് പ്രത്യക്ഷമായും പരോക്ഷമായും സൃഷ്ടിക്കുന്ന സംരംഭക സാധ്യതകളും തൊഴിലവസരങ്ങളും ഏറെയാണ്.  ഏറെ സങ്കീർണ്ണമായിട്ടും ഈ സാങ്കേതിക വിദ്യ ഏറെ പ്രിയപ്പെട്ടതാവാന്‍ നിരവധി കാരണങ്ങളുണ്ട്.

1.       ശബ്ദത്തിന്‍റെ ഒരിക്കലും മാറാത്ത ഗുണ നിലവാരം. സിഗ്നലുകളിലെ നോയ് സ് വേർതിരിക്കുവാന്‍ ഇവിടെ വളരെ എളുപ്പം സാധിക്കുന്നു. കാരണം ഡിജിറ്റല്‍ സിഗ്നലുകൾ 0,1 എന്ന രൂപത്തിലേ വരികയുള്ലഉു.

2.       സുഗമമായ എഡിറ്റിങ്ങ് ആണ് മറ്റൊരു പ്രത്യേകത.  ഡിജിറ്റല്‍ രൂപത്തില്‍ റെക്കോർഡ് ചെയ്ത ശബ്ദത്തെ സോഫ്റ്റ്വെയർ ടൂളുകൾ ഉപയോഗിച്ച് എളുപ്പത്തില്‍ മാനിപ്പുലേറ്റ് ചെയ്യാം. ഇതിന്‍റെ ഫലം എളുപ്പത്തില്‍ അറിയുവാനും ഒറ്റ ക്ലിക്കില്‍ തിരുത്തുവാനും സാധിക്കുന്നുവെന്നത് ഇതിന്‍റെ മറ്റൊരു ഗുണമാണ്.


എങ്ങനെ പ്രവർത്തിക്കുന്നു


1.       സ്രോതസില്‍ നിന്നുണ്ടാകുന്ന ശബ്ദ തരംഗങ്ങളെ മൈക്രഫോണ്‍ അനലോഗ് വൈദ്യത തരംഗങ്ങളാക്കി മാറ്റുന്നു.

2.       അനലോഗ് – റ്റു – ഡിജിറ്റല്‍ കണ്‍വേർട്ടറിന്‍റെ സഹായത്തോടെ വൈദ്യുത തരംഗത്തെ ഡിജിറ്റല്‍ രൂപത്തിലാക്കി മാറ്റുന്നു. തുടർന്ന് ഡിസ്കിലേക്കോ ടേപ്പിലേക്കോ എഴുതുന്നു. എഡിറ്റിങ്ങ് പ്രക്രിയ ശബ്ദലേഖനത്തിന് മുമ്പോ ശേഷമോ നടക്കാം.

3.       ആവശ്യമുള്ള സമയത്ത് ഡിജിറ്റല്‍ സംഗീത ഫയല്‍ ഡിസ്കില്‍ നിന്ന് വായിച്ച് അനലോഗ് വൈദ്യുത തംരംഗങ്ങളാക്കി സ്പീക്കറിലേക്ക് കൈമാറുന്നു.

4.       സ്പീക്കർ കമ്പനം ചെയ്ത് തത്തുല്യമായ ശബ്ദ വീചികള്‍ സൃഷ്ചിക്കുന്നു. ഇത് ശ്രോതാവിലേക്കെത്തുന്നു.

ഡിജിറ്റല്‍ സംഗീതം വിവിധ മുഖങ്ങൾ

ഡിജിറ്റല്‍ സംഗീത നിർമ്മാണത്തെ വിവിധ രീതിയില്‍ തരം തിരിക്കാന്‍ കഴിയും. സംഗീത സൃഷ്ടിയില്‍ കമ്പ്യൂട്ടറിന്‍റെ പങ്കിനെ അടിസ്ഥാനമാക്കി 4 രീതിയില്‍ തരം തിരിക്കാം.
1.       ശബ്ദലേഖനം (Recording), മിശ്രണം (Mixing), സംഭരണം (Storing) എന്നിവക്ക് മാത്രം.
2.       മ്യൂസിക് ഷീറ്റുകൾ (നോട്ടേഷന്‍) ഭംഗിയാക്കി തയ്യാറാക്കി അച്ചടിക്കാന്‍
3.       സംഗീതജ്ഞന്‍ എഴുതിത്തയ്യാറാക്കിയ സംഗീതം ശബ്ദരൂപത്തിലാക്കി മാറ്റാന്‍
4.       സംഗീതജ്ഞന്‍റെ സഹായമില്ലാതെ തന്നെ സംഗീതം സൃഷ്ചിക്കാന്‍

ഡിജിറ്റല്‍ ഓഡിയോ വർക്ക് സ്റ്റേഷന്‍ (ഡോ)

ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ശബ്ദം രേഖപ്പെടുത്തി വെക്കുവാനും എഡിറ്റ് ചെയ്യുവാനും ആവശ്യമെങ്കില്‍ പുനസൃഷ്ടിക്കുവാനുമെല്ലാം ഉപയോഗിക്കുന്ന ഒരു സിസ്റ്റം ആണ് ഡിജിറ്റല്‍  ഓഡിയോ വർക്ക് സ്റ്റേഷന്‍ (DAW).  മ്യൂസിക് സീക്വന്‍സുകൾ എന്ന വിഭാഗത്തില്‍പ്പെട്ട കമ്പ്യൂട്ടർ പ്രോഗ്രാമുകൾ ഒരു മിക്സിങ്ങ് കണ്‍സോളിനെ സ്ക്രീനില്‍ ഒകുക്കിയത് പോലെ പ്രവർത്തിക്കുന്നു.  വിവിധ ട്രാക്കപളിലായി ശബ്ദം രേഖപ്പെടുത്തുവാനും ശബ്ദോച്ചത, ശ്രുതി പോലുള്ള ഘടകങ്ങൾ പ്രത്യേകമായി നിയന്ത്രിക്കുവാനും ഇവ സൌകര്യമൊരുക്കുന്നു. Rose garden, Adobe Audition, MusE, Ardour എന്നിവ ഇത്തരത്തില്‍പ്പെട്ട പ്രോഗ്രാമുകളാണ്.

സംരംഭക സാധ്യതകൾ

ഈ രംഗത്തെ സാങ്കേതികത അന്വേഷിച്ചാല്‍ വളരെ സങ്കീർണ്ണമാണ് എന്നതാണ് സത്യം.  എന്നാല്‍ സാങ്കേതികക്കപ്പുറം സംരംഭക സാധ്യതകളിലേക്കും തൊഴില്‍ സാധ്യതകളിലേക്കും വിരല്‍ ചൂണ്ടുന്നതാണ് ഈ പരമ്പരയുടെ ഉദ്ദേശമെന്നതിനാല്‍ പ്രാമുഖ്യം അതിന് കൊടുക്കുന്നത് ആണ് കരണീയം.  ആയതിനാല്‍ത്തന്നെ ഡിജിറ്റല്‍ സംഗീതത്തിന്‍റെ വിവിധ സാങ്കേതിക വശങ്ങൾക്കപ്പുറം അത് മുന്നോട്ട് വക്കുന്ന ചില സംരംഭക സാധ്യതകൾ പരിശോധിക്കാം.

റിലയന്‍സും മൂസിക്കിലേക്ക്

ഒരു പ്രമുഖ വിനോദ വ്യവസായ സംരംഭമെന്ന നിലക്ക് വമ്പന്‍മാരാണ് ഈ രംഗത്തുള്ളത്.  റിലയൻസ് ജിയോയുടെ  ഭാഗമായ ജിയോ മ്യൂസിക് ഓൺലൈൻ മ്യൂസിക് രംഗത്തെ  സാവനുമായി കൈകോർക്കുന്നു എന്നതാണ് പുതിയ വാർത്ത.  ഇരു സ്ഥാപനങ്ങളും ചേര്‍ന്ന് നൂറ് കോടി ഡോളറിന് (6817 കോടി രൂപ) മുകളിലുള്ള ഒരു ആഗോള ഡിജിറ്റല്‍ മീഡിയ പദ്ധതിക്ക് തുടക്കം കുറിക്കാനൊരുങ്ങുകയാണ്. ഇതിനോടനുബന്ധിച്ച്‌ ആകാശ് അംബാനിയുടെ നേതൃത്വത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസും സാവന്‍ അധികൃതരും തമ്മില്‍ കരാറിലെത്തിയിട്ടുമുണ്ട്. ഈ സംയുക്ത സംരംഭത്തില്‍ 67 കോടി ഡോളറാണ് (4567 കോടി രൂപ) ജിയോ മ്യൂസിക്കിന്‍റെ നിക്ഷേപം.  ഈ സഖ്യത്തിലൂടെ ജിയോ-സാവന്‍  സംരംഭത്തെ ഇന്ത്യന്‍ സ്ട്രീമിംഗ് വിപണിയുടെ മുന്‍നിരയിലേക്ക് എത്തിക്കുവാനാണ് പദ്ധതി.

ഡിജിറ്റല്‍ വിനോദ നഗരവുമായി ആന്ധ്ര സർക്കാർ

 ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ വിനോദ നഗരം സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് ആന്ധ്രാ സര്‍ക്കാര്‍. സംസ്ഥാന സര്‍ക്കാരും വ്യവാസായികളുടേയും സംയുക്ത സംരംഭമായിട്ടാണ് സംസ്ഥാനത്തിന്‍റെ തലസ്ഥാന നഗരിയായ ഹൈദ്രാബാദില്‍ ഡിജിറ്റല്‍ വിനോദ നഗരം ഒരുങ്ങുന്നത്.   ജെമിനി ടിവി, എഫ്‌എക്സ്‌ ലാബ്സ്, ഡിക്യൂ എന്‍റര്‍ടെയ്മെന്‍റ്, സുരേഷ് പ്രൊഡക്ഷന്‍സ് എന്നിവരാണ് ഈ പദ്ധതിക്ക് ചുക്കാന്‍ പിടിക്കുന്നവരില്‍ പ്രധാനികള്‍. ഗെയിമിംങ് അനിമേഷന്‍ കമ്പനികള്‍, സിനിമാ നിര്‍മ്മാണ കമ്പനികള്‍, സംഗീത സ്റ്റുഡിയോകള്‍, തുടങ്ങി വിനോദ രംഗവുമായി ബന്ധപ്പെട്ട് എല്ലാ മേഖലിയിലുമുള്ള കമ്പനികളുടെ സാന്നിധ്യം ഡിജിറ്റല്‍ വിനോദ നഗരത്തിലുണ്ടാവും.

ചെറുകിട സംരംഭങ്ങളും തൊഴില്‍ സാധ്യതകളും

വന്‍ കമ്പനികൾ വാഴുന്ന ഇടമാണിതെങ്കിലും ചെറുകിട സംരംഭകർക്കും അവരുടേതായ സ്പേസ് ഉള്ളിടമാണിത്. ഡിജിറ്റല്‍ ഓഡിയോ വർക്ക് സ്റ്റേഷന്‍റെ സഹായത്തോടെ ശബ്ദ സന്നിവേശവും മിശ്രണവും നടത്തുന്നവരാണ് എഡിറ്ററും മിക്സറും. ഡി ടി എസ്, മിക്സിങ്ങ് പോലുള്ള ഉപ വിഭാഗങ്ങളും ഇതിലുണ്ട്.  ഓഡിയോ എഞ്ചിനിയറിങ്ങിന്‍റെ ഉപ വിഭാഗങ്ങളായി വരുന്നവയാണ് ഇതെല്ലാം. ശബ്ദത്തിന്‍റെ ശാസ്ത്ര സാങ്കേതിക വശങ്ങൾ നന്നായി അറിയുന്ന ഓഡിയോ എഞ്ചിനിയർ ടെക്നിഷ്യന്‍മാർക്ക് പരിശീലനവും മാർഗ്ഗ നിർദ്ദേശങ്ങളും നല്‍കുവാന്‍ കഴിവുള്ള ഓഡിയോ എഞ്ചിനിയർമാർക്ക് ഈ രംഗത്ത് സ്വന്തം സംരംഭങ്ങളാരംഭിക്കുവാന്‍ കഴിയും.

മുന്‍കൂട്ടി റെക്കോർഡ് ചെയ്ത് വച്ച ശബ്ദം, എഫക്ടുകൾ തുടങ്ങിയവയെല്ലാം ഫലപ്രദമായി ഉപയോഗിക്കുന്ന കലയാണ് ഓഡിയോ ഡിസൈനിങ്ങ് (സൌണ്ട് ഡിസൈനിങ്ങ്).  ചലച്ചിത്രം, വീഡിയോ ഗെയിം തുടങ്ങിയവയിലെല്ലാം ഇതിന് പ്രാധാന്യമുണ്ട്.  ഓർക്കസ്ട്രയുടെ സഹായമില്ലാതെ തന്നെ സംഗീതം സൃഷ്ടിക്കാമെന്നത് കൊണ്ട് ഡിജിറ്റല്‍ കമ്പോസിങ്ങ് പ്രോഗ്രാമുകളുടെ സഹായത്തോടെ സംഗീത സംവിധായകനായി പ്രവർത്തിക്കാവുന്നതാണ്. പരസ്യങ്ങൾക്കും ലഘു ചിത്രങ്ങൾക്കുമുള്ള സംഗീതം (ജിംഗിളുകൾ, ബാക്ക് ഗ്രൌണ്ട് സ്കോർ) ഇത്തരം ടൂളുകളുടെ സഹായത്തോടെ സൃഷ്ടിക്കുന്ന ഫ്രീലാന്‍സറുകൾക്കും ഈ രംഗത്ത് സാധ്യതയുണ്ട്.


കമ്പോസർ എഴുതുന്ന പ്രധാന സംഗീതം ക്രമീകരിക്കുകയും അതില്‍ നിന്നും ഓർക്കസ്ട്രയിലെ ഓരോ ഉപകരണത്തിനുമാവശ്യമായ നോട്ടുകൾ തയ്യാറാക്കുകയുമെല്ലാം ചെയ്യുന്ന വ്യക്തിയാണ് സംഗീത രംഗത്ത് അറേഞ്ചർ അല്ലെങ്കില്‍ ഓർക്കസ്ട്രേറ്റർ എന്നറിയപ്പെടുന്നത്. ഡിജിറ്റല്‍ സംഗീത നിർമ്മാണത്തിന്‍റെ സാദ്ധ്യതകൾ ഉപയോഗപ്പെടുത്തുവാനാഗ്രഹിക്കുന്ന സംഗീതജ്ഞർക്ക് കമ്പ്യൂട്ടറില്‍ ഇതേ കാര്യം ചെയ്ത് കൊടുക്കുന്നവരാണ് മ്യൂസിക് പ്രോഗ്രാമർമാർ.


മാറ്റങ്ങളുടെ കുത്തൊഴുക്കില്‍ ഇനിയും എന്തൊക്കെ ഒലിച്ച് പോകാനിരിക്കുന്നു എന്ന് പ്രവചിക്കുക സാധ്യമല്ല.  എന്നിരുന്നാലും വിനോദ വ്യവസായത്തിലെ മുഖ്യ ശാഖയെന്ന നിലക്ക് ഡിജിറ്റല്‍ സംഗീതം സംരംഭകത്വത്തിന്‍റെ പുത്തന്‍ വാതയാനങ്ങളും തൊഴിലവസരങ്ങളും തുറന്നിടുന്നുണ്ടിന്ന്.




No comments:

Post a Comment