Friday, 29 June 2018

ഹോം ഓട്ടോമേഷനുമപ്പുറം - സ്മാർട്ട് വീടും സംരംഭക സാധ്യതകളും




മാറുകയാണ് മലയാളിയും. സാങ്കേതിക വിദ്യയുടെ അതിപ്രസരം നമ്മുടെ ദൈനം ദിന ജീവിതത്തെ നിയന്ത്രിക്കുന്നതിന്‍റെ വർത്തമാന കാല ഉദാഹരണങ്ങള്‍ അനവധിയാണ്. ഇന്നിപ്പോള്‍ നമ്മുടെ ജീവിതം തന്നെ നിയന്ത്രിക്കുന്നത് സ്മാർട്ട് ഫോണുകളാണ് എന്ന് പറഞ്ഞാല്‍ അതൊട്ടും അതിശയോക്തിയാവില്ല. എന്നാല്‍ ഈ സാങ്കേതിക വിദ്യയുടെ കാലത്തും മനുഷ്യന്‍ തന്‍റെ ഭവനത്തിന്‍റെ സുരക്ഷയുടെ കാര്യത്തില്‍ ഏറെ അസ്വസ്ഥനാണ് എന്നത് സത്യമാണ്.  മുമ്പെങ്ങുമില്ലാത്ത വിധം അരക്ഷിതാവസ്ഥയിലേക്ക് കാര്യങ്ങളെത്തിയിരിക്കുന്നുവെന്നത് സാങ്കേതിക വളർച്ചയുടെ മറ്റൊരു മുഖം. ഇവിടെയാണ് സ്മാർട്ട് വീട് എന്ന ആശയത്തിന് പ്രസക്തിയേറുന്നത്. അത് കേവലമൊരു സി സി ടി വി എന്നതിനപ്പുറത്തേക്ക് കാര്യങ്ങളെത്തി നില്‍ക്കുന്നു. അതായത് വെറും ഓട്ടോമേഷനുമപ്പുറം സ്മാർട്ട് ലൈഫ് എന്ന തലത്തിലേക്കാണ് കാര്യങ്ങളുടെ പോക്ക്. വീടുകളെ വിരല്‍ത്തുമ്പില്‍ നിയന്ത്രിക്കാമെന്ന ആശയത്തിന്‍റെ ബിസിനസ്സ് സാക്ഷാല്‍ക്കാരത്തിന് ആവേശം പകരുന്ന കാര്യങ്ങളാണ് ചുറ്റിലും.  ആയതിനാല്‍ത്തന്നെ പുത്തന്‍ സംരംഭകത്വ സാധ്യതയായി ഇത് നില കൊള്ളുന്നുണ്ട്.


എന്താണ് സ്മാർട്ട് വീടുകള്‍


അകലയിരുന്ന് കൊണ്ട് നമ്മുടെ വീടുകളുടെ അകത്തളങ്ങളെ നിയന്ത്രിക്കുന്ന ഹോം ഓട്ടോമേഷന്‍ എന്ന സാങ്കേതിക വിദ്യ നമ്മുടെ നാട്ടിലും സ്ഥാനം പിടിക്കുകയാണ്. ലൈറ്റുകളുടെ കേന്ദ്രീകൃതമായ നിയന്ത്രണം, ഊർജ്ജ സംരംക്ഷണം, സുരക്ഷ എന്നിവയും ഒപ്പം ഇവയൊക്കെ നിയന്ത്രിക്കുവാനുള്ള ഇന്‍റർനെറ്റ് കണക്ഷനും കൂടി ചേർന്നതാണ് ഹോം ഓട്ടോമേഷന്‍ എന്ന സംവിധാനം. ഇന്‍റർനെറ്റ് ഓഫ് തിങ്ങ്സ് ആണ് സ്മാർട്ട് വീടുകളുടെ അടിസ്ഥാനം. മനുഷ്യ ജീവിതം ആയസകരമാക്കുന്നതിനുള്ള ഒരു കൂട്ടം ഉപാധികളാല്‍‌ നിയന്ത്രിക്കപ്പെടുന്ന ജീവിതം. പരസ്പരം സമ്പർക്കം പുലർത്തുന്ന, താമസക്കാരുടെ ഇഷ്ടങ്ങളറിഞ്ഞ് പ്രവർത്തിക്കുന്ന വീട്ടുപകരണങ്ങള്‍, വിരല്‍ത്തുമ്പിനാല്‍ ലോകത്തെവിടെ നിന്നും നിയന്ത്രിക്കാനാവുന്ന വീടും വീട്ട് സാധനങ്ങളും. ഓട്ടോമാറ്റിക് ഗേറ്റുകളും താനെ തുറക്കുന്ന മേല്‍ക്കൂരയും. ഇതെല്ലാം കൂടിച്ചേർന്നതാണ് സ്മാർട്ട് വീടുകള്‍. മുന്‍പ്  വിദേശ രാജ്യങ്ങളില്‍ മാത്രം ഉണ്ടായിരുന്ന ഈ സംവിധാനങ്ങള്‍ ഇങ്ങ് മലയാളക്കരയിലും വ്യാപകമാകുവാന്‍ തുടങ്ങിയതോട് കൂടി വിവിധ തലങ്ങളില് ഇതിനോടനുബന്ധിച്ച സംരംഭക സാധ്യതകള്‍ ഉടലെടുത്തത് കാണാതെ പോവരുത്.

സ്മാർട്ട് വീടുകളിലെ ജീവിതം

സ്മാർട്ടായിട്ടുള്ള നിരവധി ഉപകരണങ്ങളുണ്ടായെങ്കിലെ മേല്‍പ്പറഞ്ഞവയെല്ലാം സാധിത പ്രായമാവുകയുള്ളു. ആയതിനാല്‍ത്തന്നെ നിരവധി പുത്തന്‍ സംവിധാനങ്ങള്‍ ഈ വിപണിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു.  വളരെ വൈവിധ്യമാർന്ന ഉല്‍പ്പന്ന നിരയാണ് ഈ രംഗത്തുള്ളത്. ഹാർഡ് വെയറും സോഫ്റ്റ്വെയറും കൂടിച്ചേർന്നതാണിത്.


1.      ഗ്ലോ പില്ലോ


എല്‍ ഇ ഡി ലൈറ്റുകള്‍ ഘടിപ്പിച്ച കോട്ടണ്‍ നിർമ്മിതമായ തലയാണിത്. അലാറം സെറ്റ് ചെയ്തിട്ടുണ്ടാകും ഇവിടെ. അലാറം സെറ്റ് ചെയ്തിരിക്കുന്ന സമയത്തിന് മുന്‍പേ പ്രകാശിച്ച് തുടങ്ങുന്ന ലൈറ്റുകളുടെ തീവ്രത പതിയെ കൂടി വരുന്ന രീതിയിലാണ് ഇതിന്‍റെ ക്രമീകരണം. സമയവും  ഇതിലറിയുവാന്‍ കഴിയും.  കുലുക്കി വിളിക്കുവാനായി വൈബ്രേഷനുള്ള പില്ലോയും ഇവിടെയുണ്ട്.


2.      ബെഡ്ഡിറ്റ് എന്ന സ്ളീപ്പ് സെന്‍സർ


ഗാഢനിദ്രയിലായിരിക്കുമ്പോഴും നമ്മുടെ ശാരീരിക പ്രവർത്തനങ്ങള് നിരീക്ഷണ വിധേയമാക്കുന്ന സംവിധാനമാണ് ബെഡ്ഡിറ്റ്. കിടക്കയിലോ ബെഡ് ഷീറ്റിനടിയിലോ വെക്കാവുന്ന ഒരു അള്‍ട്രാ തിന് ഫിലിം സെന്സറാണിത്. ഉറങ്ങാന് കിടന്ന സമയം തുടങ്ങി ഉറക്കത്തിന്റെ എല്ലാ പ്രോസസും മാത്രമല്ല ശ്വാസഗതിയും ഹൃദയമിടിപ്പും വരേയും സ്മാർട്ട് ഫോണില് കാണിക്കപ്പെടുന്ന ഒരു സംവിധാനമാണിത്.

3.      സ്മാർട്ട് ബെഡ്

കിടക്കയില് ആള് മാറിയാലുടന്‍ ആളില്ലാത്ത കാര്യം സെന്സറുകളാല്‍ തിരിച്ചറിഞ്ഞ് ഓട്ടോമാറ്റിക്കായി കിടക്ക വിരി നേരെയാക്കുന്ന സ്മാർട്ട് ബെഡ് എന്ന സംവിധാനം സ്പാനിഷ് കമ്പനിയായ OHEA യുടെ സൃഷ്ടിയാണ്.

4.      സ്മാർട്ട് ലൈറ്റുകള്

സ്മാർട്ട് ലൈറ്റുകള് സ്മാർട്ട് ഹോമുകളുടെ ഒരു  പ്രധാന ഘടകമാണ്. ഏതൊരിടത്ത് നിന്നും സ്മാർട്ട് ഫോണ്‍ വഴി നമുക്ക് ലൈറ്റുകളെ നിയന്ത്രിക്കുവാന് കഴിയും. ഫിലിപ്സ് നിർമ്മിക്കുന്ന ഹ്യൂ വയർലെസ്സ് എല് ഇ ഡി ബള്ബുകളാണ് ഈ രംഗത്തെ പ്രധാനികള്. ബള്ബുകളും ഹ്യൂ ബ്രിഡ്ജൂം ഉള്പ്പെടുന്ന സംവിധാനമാണിത്. ബ്രിഡ്ജിനെ ലാന്‍ കേബിളിലൂടെ വയർലെസ്സ് റൂട്ടറുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഒരു ബ്രിഡ്ജിന് കീഴില് ഒരേ സമയം 50 ബള്‍ബുകള്‍ വരെ ലിങ്ക് ചെയ്യാം. ബള്‍ബുകളും അവയെ നിയന്ത്രിക്കുന്നതിനുള്ള സ്മാർട്ട്ഫോണ്‍ ആപ്ലിക്കേഷനും ഇടയില്‍ മധ്യവർത്തിയായി നില കൊള്ളുന്നത് ഈ ബ്രിഡ്ജ് ആണ്. സ്മാർട്ട് ഫോണിലേക്കോ ടാബ് ലെറ്റിലേക്കോ ആപ്ലിക്കേഷന് ഡൌണ്‍ലോഡ് ചെയ്ത് കഴിഞ്ഞാല് വയർലെസ്സ് റൂട്ടറില് കണക്ട് ചെയ്തിരിക്കുന്ന ബ്രിഡ്ജിനായി പരതുകയും അതിലൂടെ ലൈറ്റുകളുടെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്യും. ഇനി ബള്‍ബുകള്‍ ഫോണിലൂടെ നിയന്ത്രിച്ച് തുടങ്ങാം. നമുക്കിഷ്ടമുള്ള നിറങ്ങളില് വെളിച്ചം വീശുവാനും ഈ ലൈറ്റുകള്ക്കാവുമെന്നോർക്കുക. നമ്മുടെ വീടിനുള്ളിലെ ഓരോ മുറിയിലേയും സ്മാർട്ട് ബള്‍ബിനെ പ്രതിനിധീകരിക്കുന്ന പോയിന്‍റുകള്‍ ആപ്ലിക്കേഷന്‍ വിന്‍ഡോയിലൂടെ ഫോണില്‍ നമുക്ക് കാണാനാവും. ഇതില്‍ ഏതെങ്കിലും ഒരു പോയിന്‍റർ ഫോണിലെ ഫോട്ടോയിലെ ഏതെങ്കിലും നിറത്തിലേക്ക് ഡ്രാഗ് ചെയ്താല്‍ ആ നിറത്തിലുള്ള പ്രകാശം ചൊരിയുകയായി.   മാത്രവുമല്ല തിരക്കിനിടയില്‍ ലൈറ്റുകള്‍ ഓഫ് ചെയ്യാതെ ഓഫീസില് പോയാലും സ്മാർട്ട് ഫോണ് കയ്യിലുണ്ടുവെങ്കില് പരിഹാരമുണ്ടുവെന്നർത്ഥം.

സ്മാർട്ട് ടോയ് ലറ്റുകള്‍


ബ്ലൂടൂത്ത് കണക്ഷനുകളോട് കൂടിയ ടോയ്ലറ്റുകളാണിവ.  സെന്‍സറുകളിലാണിവ പ്രവർത്തിക്കുന്നത്. ടോയ് ലറ്റില്‍ പാദസ്പർശനമേറ്റാല്‍ ലിഡ് ഓട്ടോമാറ്രിക്കായി തുറക്കപ്പെടും. ഒപ്പം ഡി ഓഡറൈസറും പ്രവർത്തന നിരതമാകും. ടോയ്ലറ്റ് വിട്ടിറങ്ങുന്നതോടെ ഫ്ലഷ്, എയർ പ്യൂരിഫയർ സംവിധാനങ്ങള്‍ പ്രവർത്തിക്കും.


കണ്ണാടിയും സ്മാർട്ട്


സൈബർ ടെക്ചർ മിറർ എന്നറിയപ്പെടുന്ന വലിയ കണ്ണാടിയും സ്മാർട്ട് വീടുകളിലെ അംഗമാണ്. പ്രതിശ്ചായ കാണുവാന്‍ മാത്രമല്ല കാലാവസ്ഥയറിയുവാനും വാർത്തകള്‍ വായിക്കുവാനും യൂ ട്യൂബ് വീഡിയോകള്‍ കാണുവാനും കഴിയുന്നയൊരു മാന്ത്രിക കണ്ണാടി. വൈ ഫൈ, ലാന്‍ ക്യേപബിലിറ്റി, ടച്ച് സ്ക്രീന്‍, സ്റ്റീരിയോ തുടങ്ങിയ അനവധി സംവിധാനങ്ങളുള്ളതായിരിക്കുമിത്.

കാപ്പിക്കും ടെക് സ്പർശം


അവരവരുടെ ടേസ്റ്റിനനുസരിച്ച് കാപ്പി തയ്യാറാക്കി നല്‍കുവാന്‍ കഴിയുന്ന കോഫി മെഷീനുകളായിരിക്കും നാളത്തെ ട്രെന്‍ഡ്.  ബയോമെട്രിക് സ്കാനറുകളില്‍ വിരലമർത്തുന്നതിലൂടെ മെഷിന്‍ നമ്മെ തിരിച്ചറിഞ്ഞ് കഴിഞ്ഞാല്‍ ഓരോരുത്തർക്കും വേണ്ടതായ കാപ്പി തയ്യാറാക്കാം. Saeco യുടെ Xelsis ഡിജിറ്റല്‍ കോഫി മെഷീനിലാണ് ഈ സംവിധാനമുള്ളത്.

എന്നാല്‍ സ്മാർട്ട് ഫോണുപയോഗിച്ച് ഒരു കോഫി നിർമ്മിക്കുവാന്‍ കഴിയുന്നതാണ് ഡാനിഷ് കോഫി മെഷിന്‍ നിർമ്മാതാക്കളായ സ്കോനോമാറ്റിന്‍റെ വാഗ്ദാനം.   ടോപ്പ് ബ്രൂവർ എന്നറിയപ്പെടുന്ന ഈ മെഷിനില്‍ ഒരു ടാപ്പം അലുമിനിയം നിർമ്മിതമായ ബ്രൂ യൂണിറ്റുമാണുണ്ടാവുക. പ്രത്യക്ഷത്തില്‍ ടാപ്പ് മാത്രമാണ് മെഷിന്‍റെ ഭാഗമായി ഉണ്ടാവുക. സ്മാർട്ട് ഫോണിലെ ആപ്ലിക്കേഷനുപയോഗിച്ച് കോഫി നിർമ്മിക്കുവാനുള്ള നിർദ്ദേശങ്ങള്‍ ഫോണിലേക്ക് വയർലെസ്സായി കൈമാറാം.


അടുക്കള ഉപകരണങ്ങള്‍ സ്മാർട്ടാവുമ്പോള്‍


റഫ്രിജറേറ്ററുകളും ഓവനുകളുമെല്ലാം സ്മാർട്ടാകുന്നതാണ് ഇന്നത്തെ ട്രെന്‍ഡ്.  അതായത് റെഫ്രിജറേറ്ററുകളിലുള്ള പച്ചക്കറികളേതെന്നും എത്രയുണ്ടുവെന്നും സ്മാർട്ട് ഫോണിലറിയാമെന്നർത്ഥം.  അത് കൊണ്ട് എന്തൊക്കെയുണ്ടാക്കാമെന്നും സ്ക്രീനില്‍ തെളിയും. ഏതെങ്കിലുമൊന്ന് തിരഞ്ഞെടുത്താല്‍ അത് തയ്യാറാക്കുവാന്‍ ആവശ്യമായ ടെംമ്പറേച്ചറില്‍ ഓവന്‍ ഓട്ടോമാറ്റിക്കായി പ്രവർത്തന സജ്ജമാകും. റഫ്രിജേറ്ററുകളില്‍ പച്ചക്കറി തീരുന്നതിനനുസരിച്ച് ഓട്ടോമാറ്റിക്കായി ഓണ്‍ലൈന്‍ ഷോപ്പിങ്ങ് സാധ്യമാക്കുന്ന സ്മാർട്ട് ഷോപ്പിങ്ങ്, ഓരോ വ്യക്തിയുടേയും പേഴ്സണല്‍ പ്രൊഫൈല്‍ അനുസരിച്ച് ദിവസേനയുള്ള ഭക്ഷണ വിഭവങ്ങള്‍ നിർദ്ദേശിക്കുന്ന ഹെല്‍ത്ത് മാനേജർ തുടങ്ങി ഒട്ടേറെ ഫീച്ചേഴ്സ് നല്‍കുന്ന റഫ്രിജേറ്ററുകളായിരിക്കും നാളത്തെ അടുക്കള നിയന്ത്രിക്കുന്നത്.


സ്മാർട്ട് ആക്സസ് ഫീച്ചറിലൂടെ വാഷർ, ഡ്രയർ എന്നിവയുടെ പ്രവർത്തനങ്ങള്‍ സ്മാർട്ട് ഫോണിലൂടെ പരിശോധിക്കുവാന്‍ കഴിയുന്ന വാഷിങ്ങ് മെഷീനുകളായിരിക്കും ഭാവിയിലെ ട്രെന്‍ഡ്. ഫംഗഷനുകളം സെറ്റിങ്ങുകളും റിമോട്ടായി അഡ്ജസ്റ്റ് ചെയ്യാം. ഇത് സ്മാർട്ട് ഫോണ്‍ വഴി നിയന്ത്രിക്കുവാനും കഴിയും.

ചെടികളില്‍ സെന്‍സറുകള്‍

സെന്‍സറുകളുടെ വ്യാപക ഉപയോഗം കൃഷിയിലേക്കും ചെടികളിലേക്കും കൂടി കടക്കുകയാണ്. ചെടിച്ചെട്ടിയില്‍ പിടിപ്പിച്ചിട്ടുള്ള സെന്‍സറുകള്‍ മണ്ണിലെ ജലാംശം, ഊഷ്മാവ്, പ്രകാശ തീവ്രത തുടങ്ങിയവയെല്ലാം പിടിച്ചെടുത്ത് സ്മാർട്ട് ഫോണിലേക്കയക്കും. നമ്മുടെ സൊകര്യാർത്ഥം നമുക്കിവ പരിശോധിക്കാനാവും. ഏകദേശം അറുനോറോളം സ്പീഷിസുകളില്‍പ്പെട്ട ചെടികളുടെ വിവരങ്ങള്‍ അടങ്ങുന്ന ലൈബ്രറിയെ ആധാരമാക്കിയായിരിക്കും ഇതിന്‍റെ പ്രവർത്തനം എന്നതിനാല്‍ത്തന്നെ ഓരോ ചെടിയുടേയും ആവശ്യങ്ങള്‍ പ്രത്യേകമായി മനസ്സിലാക്കി പരിചരിക്കുവാന്‍ കഴിയുന്നതാണ്. ഇത് ഒരു നവീന സംരംഭ ആശയമായി കണ്ട് ചില സ്റ്റാർട്ടപ്പുകള്‍ ഈ മേഖലയില്‍ ആരംഭിച്ചിട്ടുണ്ട്.


വൈ ഫൈ എനേബിള്‍ഡ് വിന്‍ഡോ


ഒരു മില്ലി മിറ്ററില്‍ താഴെ മാത്രം കനമുള്ള SONTE ഫിലിമുകള്‍ പതിപ്പിച്ചിട്ടുള്ള ഗ്ലാസ് വിന്‍ഡോകളുടെ  സുതാര്യതയും അതാര്യതയുമെല്ലാം വൈ-ഫൈ എനേബിള്‍ഡ് ആക്കി മാറ്റുവാന്‍ കഴിയും. അതായത് വിരല്‍ സ്പർശത്തിലൂടെ വിന്‍ഡോ ഗ്ലാസിന്‍റെ സുതാര്യത നിയന്ത്രിക്കുവാന്‍ കഴിയുമെന്നർത്ഥം.


സ്മാർട്ട് ലോക്കുകള്‍


ബില്‍റ്റ് ഇന്‍ ക്യമറകളാണ് സ്മാർട്ട് ലോക്കുകളുടെ പ്രധാന സവിശേഷത. വീട്ടില്‍ സന്ദർശകരെത്തിയാല്‍ അവരുടെ ഫോട്ടോ സഹിതമുള്ള വിവരങ്ങള്‍ യഥാ സമയം സ്മാർട്ട് ഫോണിലെത്തുന്ന സംവിധാനം.  ആവശ്യക്കാർക്ക് മാത്രം വാതില്‍ തുറന്ന് കൊടുക്കുവാന്‍ ഇതിനാവും. ഉടമയറിയാതെ ആരെങ്കിലും വാതില്‍ തുറന്നാല്‍ ആയത് തല്‍സമയം മൊബൈലില്‍ അറിയുവാനുള്ള സംവിധാനം ഇതിന്‍റെ പ്രത്യേകതയാണ്. വാതിലിന് സമീപത്തേക്ക് ചെല്ലുന്ന ആളെ തിരിച്ചറിഞ്ഞ തനിയെ തുറക്കുന്ന വാതിലുകള്‍, വ്യക്തിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞ് തുറക്കുന്ന വാതിലുകള്‍ എന്നിവയെല്ലാം ഇവിടുത്തെ വൈവിധ്യങ്ങളാണ്.

സ്മാർട്ട് സ്വിച്ചുകള്‍


ഇത്തരം സ്വിച്ചുകളിലേക്ക് കണക്ട് ചെയ്തിരിക്കുന്ന ഉപകരണങ്ങള്‍ അതായത് ടി വി, ലാംബ്, സ്റ്റീരിയോ, ഹീറ്റർ, ഫാന്‍ തുടങ്ങി സ്മാർട്ട് ഫോണ്‍ അല്ലെങ്കില്‍ ടാബ് ലെറ്റ് ഉപയോഗിച്ച് എത്ര അകലെയിരുന്നും പ്രവർത്തിപ്പിക്കാം. ബെല്‍ക്കിന്‍ കമ്പനിയുടെ വിമോ സ്വിച്ച് ഉദാഹരണമാണ്.
ഇങ്ങനെ നിരവധി ഉപകരണങ്ങളാണ് വീടുകളെ സ്മാർട്ട് ആക്കുവാന്‍ അണിയറയില്‍ ഒരുങ്ങുന്നത്. പലതും ഇപ്പോള്‍ത്തന്നെ നമ്മുടെ വിപണിയിലും എത്തിക്കഴിഞ്ഞു.


സംരംഭകത്വ സാധ്യതകള്‍


ലോകം ഈ ദിശയിലേക്ക് ചുവട് വക്കുമ്പോള്‍ നാളയുടെ സംരംഭകത്ത്വത്തിലേക്ക് ഇത് വിരല്‍ ചൂണ്ടുന്നുണ്ട്. വീട്ടുപകരണങ്ങളുടെ  കേന്ദ്രീകൃതമായ നിയന്ത്രണം, ഊർജ്ജ സംരംക്ഷണം, സുരക്ഷ എന്നിവയെല്ലാം ഉള്‍പ്പെട്ട ഹോം ഓട്ടോമേഷന്‍‌ ആരും തന്നെ അധികച്ചിലവായി കാണുന്നില്ല. അതിന് കാരണങ്ങള്‍ പലതാണ്.


1.       സുരക്ഷയും സമാധാനവും
2.       ഊർജ്ജ സംരംക്ഷണം
3.       തിരക്ക് പിടിച്ച ജീവിതത്തെ കുറച്ച് കൂടി ലളിതമാക്കുന്നു.
4.       പുതു തലമുറ സാങ്കേതിക സൌകര്യങ്ങളിഷ്ടപ്പെടുന്നു.
5.       വിദേശങ്ങളില്‍ ജോലി ചെയ്യുന്നവർ അവർ അവിടെ കണ്ട സൌകര്യങ്ങള്‍ ഇവിടേയും വേണമെന്ന് ചിന്തിക്കുന്നു.
6.       ജനങ്ങളുടെ സാമ്പത്തിക നിലവാരത്തിലുള്ള ഉയർച്ച
7.       സ്മാർട്ട് ഫോണുകളുടെ പ്രചാരം
8.       ജീവിത ശൈലികള്‍ക്കുണ്ടായിരിക്കുന്ന മാറ്റം
9.       മൊബൈല്‍ ഫോണുമായി ബന്ധിപ്പിച്ച് പ്രവർത്തിപ്പിക്കാമെന്ന സൌകര്യം
10.    ഇന്‍റർനെറ്റിന്‍റെ വ്യാപക ഉപയോഗം
11.    ഉപകരണങ്ങളുടെ വിലയിലുണ്ടാകുന്ന കുറവ്


ഇങ്ങനെ അനുകൂല ഘടകങ്ങള്‍ നിരവധിയാണ്. ആയതിനാല്‍ത്തന്നെ ഇന്ത്യയിലും നിരവധി വിദേശ കമ്പനികള്‍ ഈ രംഗത്തുണ്ട്. ഇവരുടെയൊക്കെ ഡിലർഷിപ്പ് ഒരു സംരംഭക സാധ്യതയാണ്. ഇതിന്‍റെ ഹാർഡ് വെയർ, സോഫ്റ്റ് വെയർ നിർമ്മാണവുമെല്ലാം സരംഭക സാധ്യതകളാണ്. വീടുകള്‍ മുഴുവന്‍ സ്മാർട്ടാക്കി നല്‍കുന്ന ചുരുക്കം ചില സ്ഥാപനങ്ങള്‍ കേരളത്തിലുണ്ട്. എന്നാല്‍ അവയൊക്കെയും തന്നെ ഇപ്പോള്‍ സുരക്ഷയെന്നതിനെ മുഖ്യ മാനദണ്ഡമാക്കിയാണ് പ്രവർത്തിക്കുന്നത്. സുരക്ഷയോടൊപ്പം സ്മാർട്ട് സൌകര്യങ്ങളേയും മുന്‍ നിർത്തി പ്രവർത്തിക്കുന്ന സ്ഥാപനങ്ങള്‍ ഈ ദിശയില്‍ കൂടുതലായി ആരംഭിക്കേണ്ടിയിരിക്കുന്നു.

Monday, 25 June 2018

ഡാറ്റാ അനലിറ്റിക്സ് - മാറ്റത്തിന്റെ് കാറ്റുമായി ബിസിനസ് രംഗം




ഭാവിയിലെ ബിസിനസ്സ് ലോകം നിയന്ത്രിക്കുന്നത് ഡേറ്റാ ആയിരിക്കുമെന്നാണ് റിലയന്‍സ് തലവന്‍ ശ്രി. മുകേഷ് അംബാനി ഒരിക്കല്‍ പറഞ്ഞത്. ശാസ്ത്രിയ വിവരങ്ങള്‍ ഫലപ്രദമായി അപഗ്രഥിക്കുവാനുതകുന്ന ബിഗ് ഡേറ്റാ അനലറ്റിക്സിന് ഇന്ത്യയില്‍ ഏറെ സാധ്യതകളുണ്ടുവെന്ന് ഗൂളിന്‍റെ എക്സിക്യുട്ടീവ് ചെയർമാന്‍ എറിക് സ്മിത്ത് മുന്നമേ അഭിപ്രായപ്പെട്ടിട്ടുള്ളതാണ്. ഭാവിയില്‍ ഏറെ തൊഴില്‍ സാധ്യതയും ഒപ്പം സംരംഭക സാധ്യതയും ഏറെയുള്ളയൊന്നാണ് ബിഗ് ഡേറ്റാ അനലറ്റിക്സിന്‍റെ മേഖല. ബിസിനസ്സ് പ്രവർത്തനങ്ങൾ ഒപ്റ്റിമൈസ് ചെയ്യുന്നതിനും ശരിയായ ഉപയോക്താക്കളെ മനസിലാക്കുന്നതിനും ടാർഗെറ്റുചെയ്യുന്നതിനും കമ്പനികൾ ബിഗ് ഡാറ്റാ അനലിറ്റിക്സ് ഉപയോഗിക്കുന്നു.


എന്നാണ് ഡേറ്റാ അനലിറ്റിക്സ്


അർത്ഥപൂർണ്ണമായ പാറ്റേണുകളുടെ കണ്ടെത്തലും വ്യാഖ്യാനവും ആശയവിനിമയമാണ് ഡാറ്റ അനലിറ്റിക്സ്. സ്ഥിതിവിവരക്കണക്കുകൾ, കമ്പ്യൂട്ടർ പ്രോഗ്രാമിങ്, ഓപ്പറേഷൻ ഗവേഷണ പ്രവർത്തനങ്ങൾ എന്നിവ ഒരേ സമയം അവതരിപ്പിച്ചാണ് വിവരങ്ങൾ ശേഖരിക്കുന്നത്.  ബിസിനസ്സ് പ്രകടനം വിവരിക്കുന്നതിനും, പ്രവചിക്കുന്നതിനും, മെച്ചപ്പെടുത്തുന്നതിനും ബിസിനസ്സ് ഡാറ്റയ്ക്ക് പ്രാധാന്യമുണ്ട്.


ഗൂഗിള്‍, ഫേസ്ബുക്ക്, വാട്സ് ആപ്പ് പോലുള്ളവയില്‍ നമ്മള്‍ തിരയുന്നവയോ പങ്ക് വക്കുന്നതോ ആയ വിവരങ്ങളെല്ലാം തന്നെ അവർ അവരുടെ സെർവറില്‍ ശേഖരിച്ച് വക്കുന്നുണ്ട്. ഈ വിവരങ്ങളുടെ വില്‍പ്പനയാണ് പരസ്യത്തേക്കാളുപരി ഈ കമ്പനികള്‍ക്കെല്ലാം വരുമാനം നേടിക്കൊടുക്കുന്ന മേഖല.  എന്നാല്‍ അല്‍പ്പം മനസ്സ് വച്ചാല്‍ ഈ രംഗത്ത് നിരവധി സംരംഭങ്ങള്‍ ആരംഭിക്കുവാന്‍ കഴിയും. ടെക്നോളജി രംഗത്ത് സാദ്ധ്യതകള്‍ വർദ്ധിച്ച് വരുന്ന മേഖലയാണിത്. നിരവധി സ്ഥാപനങ്ങളും വ്യക്തികളും ഇന്ന് ഡാറ്റാ അനലിറ്റിക്സിലേക്കും  ബിസിനസ്സ് അനലിറ്റിക്സിലേക്കും പ്രവർത്തനം വ്യാപിപ്പിച്ച് കഴിഞ്ഞു. ടെലികോം, ബാങ്കിങ്ങ്, ഫിനാന്‍സ്, ടെക്നോളജി തുടങ്ങി ഏത് മേഖലയിലും ഡേറ്റ അനലിറ്റിക്സ് സാദ്ധ്യമാണ്.  ഇന്ത്യയിലെ ബിഗ് ഡേറ്റ അനലിറ്റിക്സ് മേഖല എട്ടിരട്ടി വേഗത്തിലുള്ള വളർച്ചക്ക് ഒരുങ്ങുകയാണ്. നിലവില്‍ രണ്ട് ബില്യണ്‍ മൂല്യമുള്ള മേഖല 2025 ആകുന്നതോട് കൂടി 16 ബില്യണ്‍ ഡോളറിലേക്ക് ഉയരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇപ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ 10 ബിഗ് ഡേറ്റ അനലിറ്റിക്സ് വിപണികളിലൊന്നായ ഇന്ത്യയെ അടുത്ത മൂന്ന് വർഷത്തിനുള്ളില്‍ മൂന്നാം സ്ഥാനത്ത് എത്തിക്കുവാനുള്ള പദ്ധതി നാസ്കോം തയ്യാറാക്കുന്നുണ്ട്.


ഇത് വരുത്തുന്ന മാറ്റങ്ങള്‍ നിരവധിയാണ്. ലോഗിന്‍ ചെയ്യുന്ന ഉപഭോക്താവിന് അനുസരിച്ച് വിലകള്‍ നിർണ്ണയിക്കപ്പെടുന്ന കാലമാകും ഇനി ഇ കൊമേഴ്സില്‍.  അയാളുടെ പൂർവ്വകാല വാങ്ങല്‍ ചരിത്രം അപഗ്രഥിച്ചാവും വിലയും ഓഫറുകളും. ഓഫറുകള്‍ ഓരുരുത്തക്കർക്കും വ്യത്യസ്തമായിരിക്കാം. ഉപഭോക്താവിന്‍റെ താമസ സ്ഥലവും ശീലങ്ങളുമൊക്കെ മാറുന്നതനുസരിച്ച് ഇതൊക്കെയും മാറി മറിയും. ഇന്‍റർനെറ്റിലെ ഡേറ്റാ ബേസില്‍ അതി സങ്കീർണ്ണമായ  അല്‍ഗോരിതം ഉപയോഗിച്ച് മുങ്ങിത്തപ്പി അരിച്ചെടുത്ത വിവരങ്ങള്‍ ഉപയോഗിച്ചാണ് ഇത് സാധ്യമാക്കുക. 


പ്രാധാന്യമെന്ത്?


കമ്പനികള്‍ക്ക് തങ്ങളുടെ ചിലവ് കുറക്കുവാന്‍ ഏറെ സഹായകമാണ് ബിഗ് ഡേറ്റാ അനലിറ്റിക്സ് എന്നത്. വളരെ വേഗത്തിലും നന്നായും തീരുമാനങ്ങളെടുക്കുവാന്‍ സഹായകരമായ ഒന്നാണ് ഡേറ്റാ അനലറ്റിക്സ് എന്നത്. കമ്പനികള്‍ക്ക് പുതിയ ഉല്‍പ്പന്നങ്ങള്‍ രൂപകല്‍പ്പന ചെയ്യുവാനും സേവനങ്ങള്‍ നല്‍കുവാനും ഏറെ സഹായിക്കുന്നുണ്ട് ഇത്.
എങ്ങനെ സാധ്യമാവുന്നു?


ഡേറ്റാ അനാലിസിസ് എന്നത് ഒരൊറ്റ സാങ്കേതിക വിദ്യയാല്‍ സാധിതപ്രായമാവുന്നയൊന്നല്ല. ഒരു കൂട്ടം സാങ്കേതിക വിദ്യകള്‍ അതിന് പിറകിലുണ്ട്.
Data managementകുറ്റമറ്റ രീതിയില്‍ ഒരു ഡേറ്റ അപഗ്രഥിക്കണമെങ്കില്‍ ആദ്യം ഡേറ്റയെന്നത് റിലയബിളായതായിരിക്കണം എന്നത് തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.


Data mining - ഒരു വലിയ കൂട്ടം ഡാറ്റയില്‍ നിന്നും ആവശ്യമുള്ള പാറ്റേണ്‍ കണ്ടെത്തുകയും വേർതിരിക്കുകയുമാണ് ഇവിടെ. ആവശ്യമില്ലാത്തത് കളയുകയും വേണ്ടത് എടുക്കുകയും ചെയ്തെങ്കില്‍ മാത്രമേ അത് ഉപകാരപ്രദമായി വരികയുള്ളു.


Hadoop - ഒരു വലിയ കൂട്ടം ഡേറ്റാ കൈകാര്യം ചെയ്യുവാനുള്ള ഫ്രീ സോഫ്റ്റവെയറാണ് Hadoop എന്നത്.


Predictive analytics നിലവിലുള്ള ഡേറ്റയെ അപഗ്രഥിച്ചിട്ട് ഭാവിയിലേക്കുള്ള നിർണ്ണായകമായ തീരുമാനങ്ങള്‍ എടുക്കുകയാണിവിടെ. ഫ്രോഡ് ഡിറ്റക്ഷന്‍, റിസ്ക് മാനേജ്മെന്‍റ് തുടങ്ങിയവയിലൊക്കെ ഏറെ ഉപകാരപ്രദമായയൊന്നാണിത്.


Text miningഇന്‍റർനെറ്റില്‍ നിന്നും ലഭ്യമായ ടെക്ശ്റ്റ് ഡേറ്റയില്‍ മറ്റുള്ളവർക്ക് കണ്ട് പിടിക്കുവാന്‍ കഴിയാത്ത കാര്യങ്ങളെ മനസ്സിലാക്കിയെടുക്കുകയാണിവിടെ.


ആർക്കൊക്കെ പ്രയോജനപ്പെടുത്താം?


ടൂറിസം രംഗത്ത് കസ്റ്റമറുടെ വിവരങ്ങള്‍ അറിയുന്നത് ഏറെ പ്രയോജനപ്പെടുന്ന ഒന്നാണ്. കാരണം കസ്റ്റമറുടെ സാറ്റിസ് ഫാക്ഷനിലാണ് ഈ വ്യവസായത്തിന്‍റെ നില നില്‍പ്പ് തന്നെ. ആയതിനാല്‍ത്തന്നെ ട്രാവല്‍ ആന്‍ഡ് ടൂറിസം മേഖലിയില്‍ ഡേറ്റാ അനലിറ്റിക്സിന് ഏറെ പ്രാധാന്യമുണ്ട്.


വൈദ്യശാസ്ത്ര രംഗമാണ് വിവര ശേഖരണത്തിന്‍ ഒരു പ്രധാന ഗുണഭോക്താക്കള്‍. സാംക്രമിക രോഗങ്ങള്‍ പടർന്ന് പിടിക്കുന്ന ഇക്കാലത്ത് ഇതിന്‍റെ പ്രസക്തി ഏറെയാണ്. ജനങ്ങളുടെ സർവേ നടത്തുകയും ഒപ്പം ആരോഗ്യ വിവരങ്ങളടങ്ങിയ കാർഡ് ഉണ്ടാക്കുകയും ചെയ്യുമ്പോള്‍ അത് പിന്നീട് വിവിധങ്ങളായ തീരുമാനങ്ങളെടുക്കുവാന്‍ ഏറെ ഉപകാരമായി വർത്തിക്കുന്നു. മെഡിക്കല്‍ ഹിസ്റ്ററി കാർഡിലുള്ളതിനാല്‍ത്തന്നെ മറ്റൊരു അസുഖം വരുമ്പോള്‍ ഡോക്ടർക്ക് വളരെയെളുപ്പത്തില്‍ ഒരു തീരുമാനം എടുക്കുവാന്‍ കഴിയുന്നു. മാത്രവുമല്ല ഒരു പ്രദേശത്തെ ജനങ്ങളുടെ ആരോഗ്യാവസ്ഥയെ കുറിച്ച് വിശകലനം ചെയ്യുവാനും സാധ്യമാണ്. ഗവണ്‍മെന്‍റ് ഇപ്പോള്‍ത്തന്നെ ഈ ദിശയില്‍ ഏറെ ദൂരം മുന്‍പോട്ട് പോയിട്ടുണ്ട്.


ഗവണ്മെന്‍റ് തന്നെയാണ് ഡേറ്റാ അനാലിസിസിന്‍റെ പ്രധാന ഗുണഭോക്താക്കള്‍.  ഇപ്പോള്‍ത്തന്നെ ആധാർ കാർഡ് ഏതാണ്ടെല്ലാ സർവീസുകളുമായി ബന്ധപ്പെടുത്തിയിരിക്കുന്നതിനാല്‍ തീവ്രവാദ പ്രവർത്തനങ്ങള്‍ മുന്നമേ തടയുവാനും സുപ്രധാനമായ തീരുമാനങ്ങളെടുക്കുവാനും പോളിസി നിർണ്ണയിക്കുവാനുമെല്ലാം കഴിയുന്നുണ്ട്. സേവനങ്ങളുടെ കാര്യക്ഷമമായ വിതരണത്തിനായി ഓരോ പൌരനും ആധാർ നമ്പർ. ധനകാര്യം, ആരോഗ്യരംഗം തുടങ്ങിയ വിവിധ സേവനങ്ങളിലേക്ക് ആധാർ ബന്ധിപ്പിക്കുന്നത് ഡാറ്റയുടെ ഭീമൻ പൂൾ സൃഷ്ടിക്കുമെന്ന് കരുതുന്നു, അസംസ്കൃത വിവരത്തെ അർത്ഥപൂർണ്ണമായ വിവരങ്ങളിലേക്ക് പരിവർത്തനം ചെയ്യാനും വിശകലനം സുഗമമാക്കാനും ബിഗ് ഡാറ്റ അനലിറ്റിക്സ് ആവശ്യമായി വരും. എന്നാല്‍ പൌരന്‍റെ സ്വകാര്യതയിലേക്കുള്ള കടന്ന് കയറ്റമാണിതെന്ന വിമർശനവും ഇല്ലാതില്ല.

ഡേറ്റാ അനാലിസിസ് പ്രയോജനപ്പെടുത്തുന്ന മറ്റൊരു പ്രധാന ബിസിനസ് രംഗമാണ് റീടെയിലിന്‍റേത്. പലപ്പോഴും റിലയന്‍സ്, മോർ പോലുള്ള റീടെയില്‍ ചെയിനില്‍ നിന്നും ഫീഡ് ബാക്കിനായി ഫോണ്‍ കോളുകള്‍ വരുന്നത് കസ്റ്റമേഴ്സിന്‍റെ വിവരങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കുന്നതിന് ഉത്തമ ഉദാഹരണമാണ്.

സംരംഭക സാധ്യതകള്‍


ഇത്തരത്തില്‍ അനന്തമായ ഡേറ്റകള്‍ വിശകലനം  ചെയ്ത് ഉല്‍പ്പാദനക്ഷമമായി മാറ്റിയെടുക്കുന്ന ഈ രംഗത്ത് സംരംഭക സാധ്യതകളും അനവധിയാണ്. നമ്മള്‍ ഇന്‍റർനെറ്റില്‍ ചെയ്യുന്ന ഓരോ കാര്യങ്ങളും നിരവധി ഡിജിറ്റല്‍ റെക്കോർഡുകള്‍ ഉണ്ടാക്കുന്നുവെന്നതാണ് ഇതിനൊക്കെയും ആധാരമായിരിക്കുന്നത്.


1.      ഡേറ്റാ മൈനിങ്ങ് കണ്‍സള്‍ട്ടന്‍സി


ഈ മേഖലയിലെ പ്രധാനപ്പെട്ട ഒരു സംരംഭക സാധ്യതയാണ് ഡേറ്റാ കണ്‍സള്‍ട്ടന്‍സി എന്നത്. വിവിധങ്ങളായ കമ്പനികള്‍ക്ക് ഉപകാരപ്രദമായ ഡേറ്റകളെ വേർതിരിച്ച് എടുക്കുന്ന സർവീസാണിത്. ഒരു പേഴ്സണല്‍ കമ്പ്യൂട്ടറും നല്ലയൊരു വെബ്സൈറ്റും സ്വന്തമായുണ്ടുവെങ്കില്‍ ചെയ്യുവാന്‍ കഴിയുന്ന ഒരു ബിസിനസ്സ് ആണിത്. ഇത് മൂന്ന് ഘട്ടങ്ങളിലായിട്ടാണ് നടപ്പിലാവുന്നത്. കമ്പനികള്‍ക്കാവശ്യമായ ഡേറ്റകള്‍ തയ്യാറാക്കുന്നതിനാണ് Exploration എന്ന് പറയുന്നത്. തുടർന്ന് Model building ആണ് ചെയ്യുന്നത്. Model ചെയ്ത ഡേറ്റകളെ പ്രത്യേക ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നതാണ അവസാനത്തെ സ്റ്റേജ് ആയ Deployment. ഇതിന് പ്രത്യേക സോഫ്റ്റ്വെയറുകള്‍ ലഭ്യമാണ്.


2.      ബിസിനസ്സ് ഇന്‍റലിജെന്‍സ് കണ്‍സള്‍ട്ടന്‍സി


പ്രധാനമായും ഒരു കമ്പനിക്കകത്തുള്ള ഡേറ്റകള്‍ അതിനുപകരിക്കുന്ന വിധത്തില്‍ ക്രമീകരിക്കുന്നതാണ് ഈ സർവീസ്. ഉദാഹരണമായി ബിഗ് ബസാർ പോലുള്ള ഒരു റീട്ടയില്‍ ചെയിന് അവരുടെ ATM കാർഡുപയോഗിച്ച് പർച്ചേസ് ചെയ്യുന്ന കസ്റ്റമേഴ്സിന്‍റെ ഡേറ്റാ അപഗ്രഥിച്ചാല്‍ അവരെപ്പറ്റി നിരവധി കാര്യങ്ങളറിയുവാന്‍ സാധിക്കും. ഒരു പ്രത്യേക ഉല്‍പ്പന്നം വാങ്ങുന്നവരുടെ പ്രായം, പുരുഷനോ സ്ത്രീയോ എന്നത് തുടങ്ങി ഒരു പിടി കാര്യങ്ങളറിയുന്നതിലൂടെ ബിസിനസ്സിലെ നിർണ്ണായകമായ പല തീരുമാനങ്ങളുമെടുക്കുവാന്‍ സാധിക്കും.  വന്‍ കിട കമ്പനികള്‍ക്ക് വേണ്ടിയുള്ള ഇത്തരം കണ്‍സള്‍ട്ടന്‍സി സർവീസുകള്‍ ഇനിയുള്ളയൊരു സംരംഭക സാധ്യതയാണ്.


1.    ഫ്രോഡ് ഡിറ്റക്ഷന്‍ സർവീസ്


ഇന്‍റർനെറ്റ് തട്ടിപ്പുകളുടെ വിളനിലം കൂടിയാണ്. ഇതിന്‍റെ ദുഷ് ഫലം അനുഭവിക്കുന്നവരാണ് പല കമ്പനികളും. ബാങ്കിങ്ങ് പോലുള്ള ഫിനാന്‍സ് രംഗത്തും ഇ കൊമേഴ്സ് മേഖലയിലുമെല്ലാം നിരവധി തട്ടിപ്പുകള്‍ നടക്കുന്നുണ്ട്. മുന്‍പൊരിക്കല്‍ ഒരു ബാങ്കിന്‍റെ ഓരോ കസ്റ്റമേഴ്സില്‍ നിന്നും ഒരു പൈസ വീതം മോഷ്ടിച്ച ഒരു പ്രശ്നം റിപ്പോർട്ട് ചെയ്യുകയും അത് പിടിക്കപ്പെടുകയും ചെയ്യുകയുണ്ടായിട്ടുണ്ട്. ഇത് പോലെ ക്രെഡിറ്റ് കാർഡ്, ഇന്‍ഷുറന്‍സ് തുടങ്ങിയ മറ്റ് തട്ടിപ്പുകളെല്ലാം കണ്ട് പിടിക്കുന്ന സർവീസുകള്‍ നല്‍കുന്ന സ്റ്റാർട്ടപ്പുകള്‍ ഇനി ഉയർന്ന് വരാം.

2.    ക്രെഡിറ്റ് കാർഡ്  അനലറ്റിക്സ്

നമ്മില്‍ പലർക്കും ക്രെഡിറ്റ് കാർഡ് എടുക്കുവാന്‍ ശ്രമിച്ചപ്പോള്‍ ഇന്‍ഷുറന്‍സില്‍ നിന്നും ഫോണ്‍ കോളുകള്‍ വന്നിട്ടുണ്ടാവും. ഇത് സത്യത്തില്‍ മറ്റൊരു കമ്പനിയുടെ ബിസിനസ്സ് ആണ്. ക്രെഡിറ്റ് കാർഡ് എടുക്കുവാന്‍ തയ്യാറായവരുടെ വിവരങ്ങള്‍ കമ്പനിയില്‍ നിന്നും ശേഖരിക്കുകയും അത് അനാലിസിസ് ചെയ്ത് അവരുടെ ബിസിനസ്സ് വഡദ്ധിപ്പികുകയുമാണ് ഇവിടെ ചെയ്യുന്നത്.

3.    പരിശീലന രംഗം.

താരതമേന്യ പുതിയതായ ഡേറ്റാ അനാലിസിസ്, ഡേറ്റാ മൈനിങ്ങ്, ഡേറ്റാ എന്‍ക്രിപ്ഷന്‍, മെഷീന്‍ ലേണിങ്ങ് തുടങ്ങിയവയില്‍ വ്യക്തികള്‍‌ക്കും കമ്പനികള്‍ക്കും ആവശ്യമായ പരിശീലനം നല്‍കുന്ന സ്ഥാപനങ്ങളാരംഭിക്കുകയോ നിലവിലുള്ള കമ്പ്യൂട്ടർ ട്രെയിനിങ്ങ് സെന്‍ററുകള്‍ക്ക് ഈ ദിശയില്‍ ചുവട് വക്കുകയോ ചെയ്യാവുന്നതാണ്.

ഇന്ത്യയിലെ ബിഗ് ഡാറ്റയുടെ ഭാവി

ഇൻഡ്യൻ അനലിറ്റിക്സ് വ്യവസായത്തിന്റെ ഈ വികാസത്തിന്റെ ഉയർച്ചയിലേയ്ക്ക് നയിക്കുന്ന നിരവധി ഘടകങ്ങളിൽ ഒന്ന് വ്യക്തിഗത തലത്തിൽ വളരുന്ന ഡാറ്റ ഉത്പാദനം ആണ്. 400 ബില്ല്യൺ വരുന്ന ഇന്റർനെറ്റ് ഉപയോക്താക്കൾ, 300 ദശലക്ഷം സ്മാർട്ട്ഫോൺ എന്നിവ ഉപയോക്താവ് അടിസ്ഥാനമായിട്ടുള്ളള്ള ബിഗ് ഡാറ്റ സൃഷ്ടിക്കുന്നതായി കണക്കാക്കപ്പെടുന്നു. ഓരോ വിവരവും ബിഗ് ഡാറ്റ ഉപയോഗിച്ച് പ്രോസസ് ചെയ്ത്  പ്രധാനപ്പെട്ട ഒരു വിവരശേഖരം ഉണ്ടാക്കുന്നു. ഉപയോക്തൃ സ്വഭാവം വെളിപ്പെടുത്തുന്നതിന് പ്രയോജനപ്രദവും ലാഭകരവുമായ തീരുമാനങ്ങളുമായി മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള ഉപകരണങ്ങൾ. ഇന്റർനെറ്റ് പ്രാപ്തമാക്കിയ ഉപകരണങ്ങളുടെ വളർച്ച, അതിലൂടെ ഡാറ്റാ ഉത്പാദനം ഭാവിയിൽ എളുപ്പത്തിൽ ലഭിക്കാൻ സാധ്യതയുണ്ട്.
വരും നാളുകള്‍ ഏറെ തൊഴില്‍ സാധ്യതകള്‍ കല്‍പ്പിക്കപ്പെടുന്ന ഡേറ്റാ അനാലിസിസ് ആയതിനാല്‍ത്തന്നെ ഏറെ ഡിമാന്‍ഡുള്ള മേഖലയാണ്. ഇത് തിരിച്ചറിഞ്ഞ് ചില സ്ഥാപനങ്ങള്‍ ഡിഗ്രി, പി ജി ഡിപ്ലോമ കോഴ്സുകള്‍ ആരംഭിച്ചുണ്ട്. പുത്തന്‍ കാലത്തിന്‍റെ മാറ്റങ്ങളറിഞ്ഞ് വ്യത്യസ്തമായ സംരഭകാശയങ്ങള്‍ രൂപവല്‍ക്കരിച്ച് സ്റ്റാർട്ടപ്പുകള്‍ ആരംഭിക്കേണ്ട് കാലഘട്ടത്തിന്‍റെ തന്നെ ആവശ്യമാണ്.