Wednesday, 28 February 2018

ക്യു ആര്‍ കോഡ് ബിസിനസ്സ് ലോകത്തില്‍



മാറ്റത്തിന്‍റെ പാതയിലാണ് ബിസിനസ്സ് ലോകമൊന്നാകെ. ആധുനിക സാങ്കേതിക വിദ്യകള്‍ അതിന് വഴിയൊരുക്കുന്നു. ഈ മാറ്റത്തിന്‍റെ കാലഘട്ടത്തില്‍ നിന്നും മാറി നില്‍ക്കുന്നവര്‍ ബിസിനസ്സില്‍ നിന്ന് തന്നെ അപ്രത്യക്ഷമാവുന്ന കാഴ്ചയാണ് നാം കാണുന്നത്. പുതു പുത്തന്‍ സാങ്കേതിക വിദ്യകള്‍ ബിസിനസ്സില്‍ ഉദയം ചെയ്യുമ്പോള്‍ അത് വരുത്തുന്ന മാറ്റങ്ങള്‍ പ്രവചനാതീതമാണ്. ഈ അടുത്ത കാലത്ത് ബിസിനസ്സ് ലോകത്ത് ഉദയം ചെയ്തയൊന്നാണ് ക്യു ആര്‍ കോഡ്.  4296 ആല്‍ഫാ ന്യൂമെറിക് ക്യാരക്ടറുകള്‍ വരെ ശേഖരിച്ച് വക്കുവാന്‍ കഴിവുള്ള ക്യൂ ആര്‍ കോഡുകള്‍ ഏത് ദിശയില്‍ നിന്നും സ്കാന്‍ ചെയ്യുവാനും അതിന് തുടര്‍ച്ചയായി പണമടക്കല്‍ നടത്തുവാനും കഴിയും എന്നതാണ് അവയെ കൂടുതല്‍ ജനകീയമാക്കുന്നത്.

എന്താണ് ക്യു ആര്‍ കോഡ്

ക്യുക്ക് റെസ്‌പോണ്‍സ് കോഡ് എന്നതാണ് ഇതിന്‍റെ പൂര്‍ണ്ണ രൂപം. വെളുപ്പും കറുപ്പും കലര്‍ന്ന ഒരു ചെറിയ ചതുരമാണ് ഈ ക്യൂ.ആര്‍ കോഡ്. എന്നാല്‍ ഇത് വെറുമൊരു ചതുരക്കളമല്ല. പരസ്യവിപണിയിലും ആധുനിക സാങ്കേതിക വിദ്യാരംഗത്തും സങ്കല്‍പ്പിക്കാന്‍പോലും കഴിയാത്ത മാറ്റങ്ങള്‍ക്കാണ് ക്യു.ആര്‍ കോഡ് വഴി തെളിക്കുക. സാധാരണ ബാര്‍കോഡുകളെപ്പോലെ തന്നെയുള്ള സംവിധാനമാണിത്. എന്നാല്‍ സാങ്കേതിക മുന്നേറ്റത്തിന്‍റെ ഏറ്റവും പുതിയ മുഖമായിരിക്കും ക്യൂ ആര്‍ കോഡിലൂടെ സംജാതമാവുക. പ്രത്യേക രീതിയിലുള്ള ദ്വിമാന മാട്രിക്‌സ് കോഡുകളാണിവ. ആയിരക്കണക്കിന് വിവരങ്ങള്‍ സൂക്ഷിച്ചു വെച്ച പ്രത്യേക കോഡാണിത്.  പരമ്പരാഗത ബാര് കോഡുകളേക്കാള് നൂറുമടങ്ങ് വിവരങ്ങള്‍ സൂക്ഷിക്കാന്‍ ക്യു.ആർ‍. കോഡുകള്ക്കാകുംക്യു.ആര്‍. റീഡര്എന്ന അപ്ലിക്കേഷന്‍ ഇന്സ്റ്റാള്‍ ചെയ്ത ഫോണുകളില്‍ ഇതിന്‍റെ ചിത്രമെടുത്താല്‍ ഉടന് തന്നെ അതിലുള്ള ഡാറ്റ നമ്മുടെ ഫോണിലേക്ക് വരുംഅതു ചിലപ്പോള്‍ ഒരുവെബ്സൈറ്റിലേക്കുള്ള ലിങ്കോവീഡിയോയോ ആകാംഅച്ചടി മാധ്യമത്തെയും ഓണ്‍ലൈന്‍ മാധ്യമത്തെയും ബന്ധിപ്പിക്കുന്ന കണ്ണിയായും ക്യൂ.ആര്‍ കോഡ് മാറിയിരിക്കുന്നു. 

തുടക്കം

ലോകത്തിലെ സാങ്കേതിക വിദ്യയുടെ തല തൊട്ടപ്പന്‍മാരായ ജപ്പാന്‍കാരിലാണ് ഇതിന്‍റെ തുടക്കം. 1994 ല്‍ ടെയോട്ടയുടെ അനുബന്ധ സ്ഥാപനമായ ഡെന്‍സോ വേവിലാണ് ഈ സംവിധാനം ആദ്യമായി നിലവില്‍ വന്നത്. വ്യവസായ ശാലക്കകത്ത് ഉല്‍പ്പന്ന അസംസ്കൃത പദാര്‍ത്ഥങ്ങള്‍, വാഹന ഘടകങ്ങള്‍ എന്നിവ ശരിയായ രീതിയില്‍ നീക്കം നടത്തി ഉല്‍പ്പാദനം കാര്യക്ഷമമാക്കുവാനാണ് ഈ സംവിധാനം ആദ്യമായി ഉപയോഗിച്ചത്. എന്നാലിന്ന് ഇത് വാണിജ്യ ഉല്‍പ്പന്നങ്ങളുടെ പരസ്യത്തിനും വിപണനത്തിനും, പരസ്യത്തിനും വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്.

വിവിധ തരത്തിലുള്ള ക്യുആർ കോഡുകൾ

കാലക്രമത്തിൽ നിരവധി മാറ്റങ്ങളാണ് ക്യു ആര്‍ കോഡുകൾക്ക് വന്നത്. 1997 ഒക്ടോബറിലാണ് ക്യു ആര്‍ കോഡുകളുടെ നിർമ്മാണവും ഉപയോഗവും സംബന്ധിച്ച ആദ്യ സ്റ്റാൻഡേർഡ് നിലവിൽ വന്നത്. ഈയടുത്ത് 2017 ഫെബ്രുവരിയിൽ നിലവിൽ വന്ന പുതിയ മാനദണ്ഡങ്ങൾ ഉൾപ്പെടുത്തി ഇപ്പോഴും ക്യു ആര്‍ കോഡ് മുഖം മിനുക്കിക്കൊണ്ടിരിക്കുകയാണ്.  

സ്ഥല പരിമിതി ഒരു പോരായ്മയാകുന്ന സന്ദർഭങ്ങളിൽ ഏറെ പ്രയോജനപ്രദമായ മൈക്രോ ക്യു ആര്‍ കോഡ്, ബാർ കോഡുകൾ പോലെ നീളത്തിലുള്ള പ്രതലത്തിൽ  ആലേഖനം ചെയ്യാൻ സാധിക്കുന്ന ഐക്യൂആർ കോഡ് 
(IQR code), രഹസ്യ വിവരങ്ങളും പബ്ലിക് ഡാറ്റയും ഒരുപോലെ ഉൾപ്പെടുത്താൻ കഴിയുന്ന എസ്ക്യുആർ കോഡ് (SQR Code), ചിത്രങ്ങളോ സന്ദേശങ്ങളോ കോഡിന്‍റെ പ്രതലത്തിലെ മധ്യഭാഗത്തുള്ള ശൂന്യമായ കാൻവാസ്‌ ഏരിയയിൽ ഉൾപ്പെടുത്താൻ കഴിയുന്ന ഫ്രെയിം ക്യു ആർ കോഡ് എന്നിവ ഇത്തരം കോഡുകളുടെ വകഭേദങ്ങളാണ്. ഇവയുടെ വിശദവിവരങ്ങൾ വിവരങ്ങൾ  http://www.qrcode.com/en/codes/  എന്ന ലിങ്കിൽ നിന്നും ലഭിക്കും.

ഉപയോഗങ്ങള്‍

ബാർ കോഡുകൾ കൊണ്ട് സാധ്യമാകുന്ന ഒട്ടുമിക്ക ജോലികളും, അതിലധികവും  ഇപ്പോൾ ക്യു ആർ കോഡുകൾ കൊണ്ടും ചെയ്യാനാകും. വാഹനങ്ങളിലെയും തിയറ്ററുകളിലും ടിക്കറ്റുകൾ, ഉത്പന്നങ്ങളുടെ ലേബലുകളിൽ വിവരങ്ങൾ ഉൾപ്പെടുത്തുക, വൈഫൈ നെറ്റ് വർക്കിലേക്ക് കണക്ട് ചെയ്യുക, ജിയോ ലൊക്കേഷൻ അടയാളപ്പെടുത്താനും കണ്ടെത്താനും, വാട്സ്ആപ്പ് പോലുള്ള സേവനങ്ങളുടെ ഓതെന്‍റിക്കേഷൻ നടത്തുക തുടങ്ങിയ നിരവധി ഉപയോഗങ്ങൾ ക്യു ആർ കോഡുകൾക്കുണ്ട്.

ബിസിനസ്സ് പ്രമോഷന് ക്യൂ.ആര്‍ കോഡ്

വന്‍കിട ബിസിനസ്സ്കാര്‍ക്കെന്ന പോലെ തന്നെ ചെറുകിട ബിസിനസ്സ് ചെയ്യുന്നവര്‍ക്കും അവരുടെ ബിസിനസ്സ് പ്രമോഷന് വേണ്ടി ഇതുപയോഗിക്കാവുന്നതാണ്.  വിവിധ പരസ്യ കമ്പനികള്‍ ക്യൂ ആര്‍ കോഡ് ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്. ഉദാഹരണത്തിന് ഏതെങ്കിലുമൊരു കാര്‍ കമ്പനി പത്രത്തില്‍ അതിന്‍റെ പരസ്യത്തിന്‍റെ കൂടെ ഈ ക്യൂ ആര്‍ ചതുരം നല്‍കിയെന്ന് കരുതുക. ക്യൂ ആര്‍ കോഡ് ഇന്‍സ്റ്റാള്‍ ചെയ്ത നിങ്ങളുടെ ഫോണില്‍ ഇത് സ്കാന്‍ ചെയ്താല്‍ അത് നേരെ പോവുക ആ കാര്‍ കമ്പനിയുടെ വെബ്‌സൈറ്റിലേക്കായിരിക്കും. ഇത് പോലുള്ള സംവിധാനം ചെറുകിട ഉല്‍പ്പാദകര്‍ക്കും വിവിധ സേവന ദാതാക്കള്‍ക്കും ഉപയോഗിക്കുവാന്‍ കഴിയും. വിസിറ്റിങ്ങ് കാര്‍ഡുകളില്‍ ക്യൂ ആര്‍ കോഡ് ഉപയോഗിക്കുന്നത് വഴി സ്കാനിങ്ങില്‍ തങ്ങളുടെ കമ്പനിയുടെ വെബ്സൈറ്റിലേക്ക് ചെന്നെത്തുന്ന സംവിധാനം ഏര്‍പ്പെടുത്തുവാന്‍ കഴിയും.

പണമിടപാടിന് ക്യൂ.ആര്‍ കോഡ്

പണമിടപാടിന് അധുനിക ഉപകരണങ്ങളും ആപ്പുകളും വന്നതോട് കൂടിയാണ് ഈ രംഗത്ത് ക്യൂ ആര്‍ കോഡുകളുടെ പ്രചാരം കുതിച്ചുയര്‍ന്നത്. ഏറ്റവും ചെലവ് കുറവാണെന്നത് ഇതിനെ ജനപ്രിയമാക്കുന്ന ഘടകങ്ങളിലൊന്നാണ്. പുത് തലമുറയെ ആകര്‍ഷിക്കുവാന്‍ കഴിയുമെന്നതും പ്രധാനപ്പെട്ടയൊന്നാണ്.

ഇലക്ട്രോണിക്ക് പേയ്‌മെന്റ് സംവിധാനം ലഭ്യമായിട്ടുള്ള വ്യാപാര സ്ഥാപനങ്ങളിലെല്ലാം തന്നെ ക്യൂ ആര്‍ കോഡ് എന്ന ക്വക്ക് റെസ്‌പോണ്‍സ് കോഡ് പ്രദര്‍ശിപ്പിക്കുകയും അവ ഉപഭോക്താക്കള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ ക്യാമറകളുടെ സഹായത്തോടു കൂടി സ്‌കാന്‍ ചെയ്ത് ഇന്റെര്‍നെറ്റ് സഹായത്തോടെ പണമിടപാട് നടത്തുവാന്‍ സാധിക്കുകയും ചെയ്യുന്നത് ഇന്ന വ്യപകമായിക്കൊണ്ടിരിക്കുന്നു. പേ ടി എം എന്ന മൊബൈല്‍ വാലറ്റ് സംവിധാനം ഇതിനകം ഏറെ പ്രശസ്തമായിക്കഴിഞ്ഞു. എന്നാല്‍ ഈ കമ്പനിക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടാണ് ഇലക്ട്രോണിക്ക് ഉപകരണങ്ങളിലൂടെ പണമിടപാട് നടത്തുവാന്‍ സഹായിക്കുന്ന ഭാരത് ക്യൂ ആര്‍ കോഡ് എന്ന പുതിയ സംവിധാനം കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ചിരിക്കുന്നത്. എറ്റവും ചിലവ് കുറഞ്ഞ രീതിയില്‍ പണമിടപാട് നടത്തുവാന്‍ സഹായിക്കുന്ന ക്യു ആര്‍ കോഡ് വിസ, മാസ്റ്റര്‍ കാര്‍ഡ്

എന്നിവയുടെ സഹായത്തോടെ നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷനാണ് അവതരിപ്പിച്ചിരിക്കുന്നത്. രാജ്യത്തെ പ്രമുഖ ബാങ്കുകളായ എസ്ബിഐ, ആക്‌സിസ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്‍ഡ്യ, ഐസിഐസിഐ ബാങ്ക്, വിജയ ബാങ്ക്, യെസ് ബാങ്ക് എന്നിവ ഭാരത് ക്യു ആര്‍ കോഡ് നടപ്പാക്കി കഴിഞ്ഞിട്ടുണ്ട്.

ക്യു ആര്‍ കോഡ് ടൂറിസത്തില്‍

ടൂറിസം രംഗത്ത് ഈ സംവിധാനം ഫലപ്രദമായി ഉപയോഗിക്കുവാന്‍ കഴിയും. ഇതിനൊരു മാതൃക ബ്രസീലില്‍ നിന്നും ഉയര്‍ന്ന് വന്നിരിക്കുന്നു.  ബ്രസീലിയന്‍ നഗരമായ റിയോ ഡി ജനീറോയില്‍ വിനോദ സഞ്ചാരികളെ സഹായിക്കുവാന്‍ ക്യൂ ആര്‍ കോഡ് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.  സ്മാര്‍ട്ട് ഫോണില്‍ കോഡ് സ്കാന്‍ ചെയ്താല്‍ നഗരത്തില്‍ എവിടെയാണ് ഇനി സന്ദര്‍ശിക്കേണ്ട സ്ഥലങ്ങള്‍ തുടങ്ങിയ വിവരങ്ങളെല്ലാം ലഭ്യമാകും. നടപ്പാതകളില്‍ സ്ഥാപിക്കുന്ന ക്യൂ ആര്‍ കോഡുകളില്‍ ബന്ധപ്പെട്ട വിവരങ്ങളുള്ള ടൂറിസം സൈറ്റുകളിലേക്കുള്ള ലിങ്കുകളാവും ഉള്ളത്. സ്കാന്‍ ചെയ്യുമ്പോള്‍ കോഡില്‍ സന്നിവേശിപ്പിച്ചിട്ടുള്ള ലിങ്ക് ഫോണിലെത്തും. അതില്‍ പോയി ആവശ്യമുള്ള വിവരങ്ങള്‍ മനസ്സിലാക്കാം.  ഭൂപടങ്ങളിലേക്കുള്ള ലിങ്കുകളുമുണ്ടാകും ഇതില്‍. നഗരത്തിലെത്തുന്ന ടൂറിസ്റ്റുകളെ ലക്ഷ്യമാക്കിയാണ് ഇത് ടൂറിസം അധികൃതര്‍ ഈ നൂതന സംവിധാനം പരീക്ഷിക്കുന്നത്. നഗരത്തിലെമ്പാടും, ബീച്ചിലും നടപ്പാതകളിലും ക്യൂ ആര്‍ കോഡുകള്‍ സ്ഥാപിക്കുന്ന തിരക്കിലാണവര്‍. റിയോയിലെ അര്‍പോഡര്‍ ജില്ലയിലാണ് ഈ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്.

ദൈവത്തിന്‍റെ സ്വന്തം നാടെന്ന പേരില്‍ ബ്രാന്‍ഡ് ചെയ്യപ്പെട്ടിട്ടുള്ള കേരളത്തിന്‍റെ ഏറ്റവും അധികം വളര്‍ച്ചാ സാധ്യതയുള്ള വ്യവസായമായ ടൂറിസത്തില്‍ നമുക്കും ഈ മാതൃക പിന്തുടരാവുന്നതാണ്. ഇപ്പോള്‍ത്തന്നെ  കേരളത്തിലെ വിനോദസഞ്ചാര മേഖലയില്‍ വിപ്ലവം സൃഷ്ടിക്കുന്നതിന് പുതിയ സംവിധാനവുമായി സംസ്ഥാന ടൂറിസം വകുപ്പ് രംഗത്തെത്തിയിട്ടുണ്ട്. സംസ്ഥാനത്തെത്തുന്ന വിനോദ സഞ്ചാരികളെ സഹായിക്കുന്നതിന് ക്യൂ ആര്‍ കോഡ് സംവിധാനമാണ് ടൂറിസം വകുപ്പ് നടപ്പിലാക്കുന്നത്. ഈ സംവിധാനത്തിലൂടെ വിനോദസഞ്ചാരികള്‍ക്ക് സംസ്ഥാനത്ത് എവിടെയുമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ലഭിക്കും. ക്യൂ ആര്‍ റീഡര്‍ എന്ന ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത സ്മാര്‍ട്ട് ഫോണുകളിലോ ടാബുകളിലോ റോഡ് അരികില്‍ സ്ഥാപിച്ചിട്ടുള്ള ക്യൂ ആര്‍ കോഡിന്റെ ചിത്രമെടുത്താല്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ വിവരങ്ങള്‍ ചിത്രങ്ങള്‍ സഹിതം അപ്പോള്‍ തന്നെ ലഭിക്കും. സംസ്ഥാനത്ത് ഉടനീളം സ്ഥാപിക്കുന്ന ക്യൂ ആര്‍ ബോര്‍ഡുകളുടെ സഹായത്തോടെ അതതു സ്ഥലങ്ങള്‍ക്ക് ഏറ്റവും അടുത്തുള്ള വിനോദ സഞ്ചാര കേന്ദ്രളെക്കുറിച്ചുള്ള വിവരങ്ങള്‍ ടൂറിസം വെബ്‌സൈറ്റില്‍ ലഭ്യമാകും. സഞ്ചാരികള്‍ നില്‍ക്കുന്ന സ്ഥലത്ത് നിന്നും 2 കിലോമീറ്റര്‍ മുതല്‍ 50 കിലോമീറ്റര്‍ വരെ ദൂരപരിധിയിലുള്ള വിവരങ്ങളാണ് പ്രധാനമായും ലഭിക്കുക. ഇന്ത്യയിലാദ്യമായാണ് ടൂറിസം രംഗത്ത് ഇത്തരമൊരു സംവിധാനം നടപ്പിലാക്കുന്നത്. ഇന്‍വിസ് മള്‍ട്ടിമീഡിയയാണ് ടൂറിസം വകുപ്പിന് വേണ്ടി ക്യൂ ആര്‍ കോഡ് സംവിധാനം രൂപകല്‍പ്പന ചെയ്യുന്നത്. ഇത് പോലുള്ള സംവിധാനങ്ങള്‍ വിവിധ വകുപ്പുകള്‍ക്ക് ചെയ്ത് കൊടുക്കുന്നത് ഒരു സംരംഭമായി ആരംഭിക്കാവുന്നതാണ്. സ്റ്റാര്‍ട്ട് അപ് കമ്പനികള്‍ക്ക് ഈ സംവിധാനം വികസിപ്പിക്കുവാന്‍ കഴിയും.
കൃഷിയില്‍ ക്യു ആര്‍ കോഡ്

സർക്കാരിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കാർഷിക നഴ്സറികളിൽ ഉല്പാദിപ്പിച്ച് വില്പന നടത്തുന്ന തൈകൾക്ക് ഇനി മുതൽ ക്യൂ.ആർ. കോഡ് സംവിധാനം ഏർപ്പെടുത്തുന്ന ഒരു പ്രൊജക്ടുമായി കേരള കാര്‍ഷിക ക്ഷേമ വകുപ്പ് മുന്‍പോട്ട് വന്നിട്ടുണ്ട്. . വ്യാജ  തൈകളു ടെ വില്പന തടയുന്നതിനും ഗുണമേന്മ ഉറപ്പു വരുത്തുന്നതിനുമാണ്   ഈ സംവിധാനം ഉപയോഗിക്കുക. സർക്കാരിന്റെ മറ്റ് നഴ്സറികളിലും ഉടൻ ഈ സംവിധാനം നടപ്പാക്കും.

ക്യു ആര്‍ കോഡ്  കയറിലും

കയര്‍ കേരള- 2017 ന്റെ  ഭാഗമായി ആലപ്പുഴയുടെ ചരിത്രത്തിന്‍റെ ഭാഗമായ കയര്‍ വ്യവസായവുമായി ബന്ധപെട്ട സ്ഥാപനങ്ങളെ ക്യൂആര്‍ കോഡ്  ഉപയോഗിച്ച് മാര്‍ക്ക്  ചെയ്യുന്ന പദ്ധതിക്ക് തുടക്കമായിട്ടുണ്ട്. ഈ സ്ഥാപനങ്ങളുടെ ചരിത്രപരമായ പ്രാധാന്യവും വസ്തുതകളും ഇന്‍റര്‍നെറ്റില്‍  ലഭ്യമാക്കുകയും ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്യുന്ന ഒരു മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി  വിവരങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കുകയും ചെയ്യുക എന്നതാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. ആലപ്പുഴയിലെയും പരിസര പ്രദേശങ്ങളിലേയും കയര്‍ വ്യവസായവുമായി ബന്ധപ്പെട്ട  പൊതുമേഖലയിലേയും സ്വകാര്യ മേഖലയിലേയും ഇരുപതോളം സ്ഥാപനങ്ങളെയാണ്.

ചിക്കന്‍ വില്‍പ്പനയിലും ക്യൂ ആര്‍ കോഡ്

മൊബൈല്‍ ഉപയോഗിച്ച് സ്കാന്‍ ചെയ്താല്‍ വളര്‍ത്തിയ കൃഷിക്കാരന്‍, കഴിച്ച തീറ്റ തുടങ്ങി കോഴിയുടെ ജീവ ചരിത്രം മുഴുവന്‍ ലഭ്യമാവുന്ന സംവിധാനമാണ് കൊട്ടരക്കരയിലെ വേണാട് പൌള്‍ട്രി ഫാം ഒരുക്കിയിക്കുന്നത്. അടുത്ത കാലത്ത് കാര്‍ഷിക കേരളം ശ്രദ്ധിച്ച ഏറ്റവും വിപ്ലവകരമായ ആശയമായിരുന്നു ആന്‍റി ബയോട്ടിക് അംശം തീരെയില്ലാത്ത ബ്രോയിലര്‍ കോഴികളുടെ വിപണനം. ഇതിന് ഇവര്‍ സ്വീകരിച്ച വിപ്ലവകരമായ വിപണന തന്ത്രമായിരുന്നു കാലില്‍ ക്യൂ ആര്‍ കോഡ് ലേബല്‍ ഒട്ടിച്ച കോഴി. ഇത് മൊബൈലില്‍ സ്കാന്‍ ചെയ്ത് കോഴിയെപ്പറ്റിയുള്ള വിവരങ്ങള്‍ അറിയുവാന്‍ സാധിക്കും, കർഷകന്റെ പേര്, വിലാസം, കോഴിക്കുഞ്ഞുങ്ങളെ ഉൽപാദിപ്പിച്ച കമ്പനി, തീറ്റ ഉൽപാദിപ്പിച്ച കമ്പനി, നൽകിയ മരുന്നുകളിലെ ആന്റിബയോട്ടിക്ഹോർമോൺസ്റ്റിറോയ്ഡ് സാന്നിധ്യം, മരുന്നു നൽകിയ തീയതി, ഓരോ ബാച്ചിലെയും കോഴികളുടെ എണ്ണം, പ്രായം, ബാച്ച് നമ്പർ.  വിവരങ്ങള്‍ എന്നിവയാണ് ഇതിലൂടെ ലഭ്യമാവുക. വിവരങ്ങള്‍ ആധികാരികമെന്നുറപ്പ് വരുത്തുവാനായിട്ട് ഓരോ കര്‍കന്‍റെ കയ്യൊപ്പും ഇതില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഈ രീതി മറ്റ് കാര്‍ഷികാധിഷ്ഠിത സംരംഭങ്ങള്‍ക്കും മാതൃകയാക്കാവുന്നതാണ്.

എ ടി എം കാര്‍ഡിന് പകരമാവാന്‍ ക്യു ആര്‍ കോഡ്

വ്യത്യസ്തമായ മൊബൈല്‍ ആപ്ലിക്കേഷനുമായാണ് പുത്തന്‍ സ്റ്റാര്‍ട്ട് അപ് കമ്പനികള്‍ ഉദയം ചെയ്യുന്നത്. എടിഎം കാര്‍ഡ് ഉപയോഗിക്കതെ പണം പിന്‍വലിക്കാനുള്ള ആപ്ലിക്കേഷനുമായി തൃശ്ശൂര്‍ ഗവ. എന്‍ജിനിയറിങ് കോളേജിലെ ചില വിദ്യാര്‍ത്ഥികള്‍ മുന്‍പോട്ട് വന്നിട്ടുണ്ട്. വാലറ്റ് എന്നാണ് ഈ ആപ്ലിക്കേഷന്‍റെ പേര്. ക്യു.ആര്‍ കോഡ് ഉപയോഗിച്ചാണ് ആപ്പിന്റെ പ്രവര്‍ത്തനം. ആപ്പ് വികസിപ്പിക്കുക മാത്രമല്ല, സംരംഭകത്വ സംഗമമായ ടൈക്കോണ്‍ കേരള 2015ല്‍ യുവ സംരംഭകര്‍ക്ക് വേണ്ടി നടത്തിയ പിച്ച് ഫെസ്റ്റിന്റെ ആല്‍ഫാ വിഭാഗത്തില്‍ വാലറ്റ് ടീം ഒന്നാമതെത്തുകയും ചെയ്തു. കൊച്ചി സ്റ്റാര്‍ട്ടപ്പ് വില്ലേജിന്റെ സ്റ്റാര്‍ട്ടപ്പ് ബോക്‌സ് പദ്ധതിയുടെ ഭാഗമായുള്ള സംഘങ്ങളിലൊന്നാണ് വാലറ്റ്.
വാലറ്റ് ആപ്പ് ആന്‍ഡ്രോയ്ഡ് ഫോണില്‍ ഡൗണ്‍ലോഡ് ചെയ്ത് എ.ടി.എം. കാര്‍ഡിലെ വിവരങ്ങള്‍ ഇതില്‍ നല്‍കണം. ആപ്പില്‍നിന്ന് മറ്റുള്ളവര്‍ക്ക് ഈ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാനാവില്ല. എ.ടി.എം. കൗണ്ടറിലെത്തിയാല്‍ മെഷീനിന്റെ സ്‌ക്രീനിലെ വാലറ്റ് ഐക്കണില്‍ വിരലമര്‍ത്തണം. സ്‌ക്രീനില്‍ തെളിയുന്ന ക്യു.ആര്‍. കോഡ് മൊബൈല്‍ ഉപയോഗിച്ച് സ്‌കാന്‍ ചെയ്യണം. മൊബൈല്‍ സ്‌കീനില്‍ എ.ടി.എം. കാര്‍ഡിന്റെ പിന്‍ നമ്പര്‍ ചേര്‍ക്കാനുള്ള വിന്‍ഡോ തെളിയും. ഇത് നല്‍കി ആവശ്യമുള്ള തുകയും രേഖപ്പെടുത്തിയാല്‍ പണം കിട്ടും. എ.ടി.എം. കാര്‍ഡ് കൈവശമുണ്ടാവുക പോലും വേണ്ട. പണം പിന്‍വലിച്ച വിവരം മൊബൈലില്‍ സേവാകുകയും ചെയ്യും. നഷ്ടപ്പെട്ട എ.ടി.എം. കാര്‍ഡുപയോഗിച്ചും സ്‌കിമ്മിങ്ങ് വഴി കാര്‍ഡിലെ വിവരങ്ങള്‍ ചോര്‍ത്തിയെടുത്തും കാര്‍ഡ് ക്ലോണ്‍ ചെയ്തുമൊക്കെ പണം തട്ടുന്നതിന് പ്രതിവിധിയാണ് വാലറ്റ് ആപ്പ്. വാലറ്റ് ആപ്പിനോട് ഐ.സി.ഐ.സി.ഐ., ഫെഡറല്‍ ബാങ്ക് തുടങ്ങി രാജ്യത്തെ പ്രമുഖ ബാങ്കുകള്‍ താത്പര്യം പ്രകടിപ്പിച്ചുകഴിഞ്ഞു.
പരസ്യങ്ങളിലും ക്യു ആര്‍ കോഡ്
പരസ്യക്കമ്പനികള്‍ക്ക് വ്യാപകമായി ഉപയോഗിക്കുവാന്‍ കഴിയുന്നയൊന്നാണ് ഇത്. സിനിമാ പരസ്യങ്ങളിലുള്ള കോഡ് സ്കാന്‍ ചെയ്താല്‍ നഗരത്തിലെ തീയേറ്ററുകളിലോടുന്ന സിനിമകളുടെ വിവരങ്ങളറിയുവാന്‍ കഴിയും.
ക്യു ആർ കോഡ് നിർമിക്കുന്നത് എങ്ങനെ?

വിവിധ തരത്തിലുള്ള ക്യൂ ആർ കോഡ് നിർമ്മാണത്തിനായി ഈ കോഡിന്റെ നിർമ്മാതാക്കളായ ഡെൻസോ വേവ് തന്നെ പുറത്തിറക്കിയിട്ടുള്ള QRdraw Ad എന്ന സോഫ്റ്റ് വെയർ ഉപയോഗിക്കാം. ഇത്തരത്തിൽ വ്യാവസായിക ആവശ്യത്തിനായി ക്യുആർ കോഡുകൾ നിർമിക്കുമ്പോൾ കൈക്കൊള്ളേണ്ട മുൻകരുതലുകൾ, മാര്‍ഗനിര്‍ദ്ദേശകരേഖകള്‍ എന്നിവ http://www.qrcode.com  എന്ന ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്. 

വ്യക്തിഗത ആവശ്യങ്ങൾക്കായി ക്യുആര്‍ കോഡ് നിർമിക്കുന്നതിനായി നിരവധി സൈറ്റുകൾ ലഭ്യമാണ് . 
https://www.the-qrcode-generator.com/,  https://www.qrstuff.com/    തുടങ്ങിയവ ഉദാഹരണമാണ്. ഈ സൈറ്റുകളിൽ നിന്നും ക്യു ആര്‍ കോഡ് നിർമ്മിക്കുമ്പോൾ ശ്രദ്ധിക്കേണ്ടുന്ന പ്രധാന കാര്യം അവ പ്രിന്റ് ചെയ്യുമ്പോഴോ വെബ്പേജുകളിലോ ഇ -ഡോക്യുമെന്റുകളിലോ ഉൾപ്പെടുത്തുമ്പോൾ മതിയായ വലിപ്പം ഉറപ്പു വരുത്തണം എന്നതാണ്. അല്ലാത്തപക്ഷം കോഡ്   ഡീകോഡ്‌ ചെയ്യാൻ സാധിക്കാതെ വരും.

ഇതിന്‍റെ നിര്‍മ്മാണം വളരെ ലളിതമാണ്. ഉദാഹരണമായി https://www.the-qrcode-generator.com/  എന്ന സൈറ്റിന്‍റെ സഹായത്താല്‍ നിര്‍മ്മിച്ചിരിക്കുന്ന ഇതോടൊപ്പം കൊടുത്തിരിക്കുന്ന ക്യു ആര്‍ കോഡ് സ്കാന്‍ ചെയ്താല്‍ ലേഖകന്‍റെ സംരംഭകത്വ ബ്ലോഗിലേക്കെത്തുവാന്‍ കഴിയും.

എങ്ങനെ ക്യു ആർ കോഡ് വായിക്കാം

മൊബൈല്‍ ഫോണുപയോഗിച്ച് വളരെ വേഗത്തില്‍ ക്യൂ ആര്‍ കോഡുകള്‍ വായിക്കാം. ആന്‍ഡ്രോയിഡ് ഫോണുകളില്‍ Q R Code scanner എന്ന ആപ്ലി ക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ മതി. ക്യൂ ആര്‍ കോഡുകളുടെ ഫോട്ടോയെടുത്താല്‍ മതി ഈ ആപ്ലിക്കേഷന്‍ ക്യൂ ആര്‍ കോഡിലെ വിവരങ്ങള്‍ കാണിച്ചു തരും.

ക്യൂ ആര്‍ കോഡിന്‍റെ ഭാവി

സ്മാര്‍ട്ട് ഫോണുകളുടെ അതി വ്യാപനമാണ് ഇതിന്‍റെ പ്രചാരം വേഗത്തിലാക്കിയത്.  എന്നാല്‍ സാങ്കേതിക രംഗത്തെ മാറ്റങ്ങള്‍ പ്രവചനാതീതമാണ്.  ഇനി അടുത്തതായി വരുന്നത് Near Field Communication, Snap Tag തുടങ്ങിയ സാങ്കേതിക വിദ്യകളാണ് എന്ന് പ്രവചിക്കപ്പെടുന്നു.  എന്നിരുന്നാലും അടുത്ത ഏതാനും വര്‍ഷങ്ങള്‍ കൂടിയും ക്യൂ ആര്‍ കോഡ് എന്ന ഈ സാങ്കേതിക വിദ്യയുടെ കാലമായിരിക്കുമെന്ന് നിസംശ്ശയം പറയാം.

Saturday, 3 February 2018

ഡിജിറ്റല്‍ ട്രാന്സഷഫര്മേഷന് – മാറ്റങ്ങളുമായി ബിസിനസ്സ് രംഗം.


മാറുകയാണ് ബിസിനസ്സ് ലോകമാകെ. സാങ്കേതിക വിദ്യയുടെ കടന്ന്  കയറ്റം അത്ര കണ്ട് മുന്നോട്ട് പോയിരിക്കുന്നു. മാറുന്ന സാങ്കേതിക വിദ്യകള്‍ക്കൊപ്പം ചുവട് വെക്കാത്ത ബിസിനസ്സുകള്‍ക്ക് അനതി വിദൂര ഭാവിയില്‍ നിലനില്‍പ്പില്ലായെന്ന് വരും എന്നതിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. ബിസിനസ്സ് രംഗത്ത് ഡിജിറ്റല്‍ സാങ്കേതി വിദ്യകള്‍ വരുത്തിയ മാറ്റങ്ങള്‍ ചെറുതല്ല. ഇത് കേവലം ഇ മെയിലിലോ വാട്സ് അപ്പ് പോലുള്ള മെസേജിങ്ങ് ആപ്ലിക്കേഷനിലോ ഒതുങ്ങി നില്‍ക്കുന്നതല്ലായെന്നതാണ് വസ്തുത. ഇന്നിപ്പോള്‍ നാം എത്തി നില്‍ക്കുന്നത് ഇന്‍റര്‍നെറ്റ് ഓഫ് തിങ്ങ്സ് എന്ന മായിക പ്രപഞ്ചത്തിലാണ്. സര്‍വ്വം ഡിജിറ്റല്‍ മയം. ഭാവിയില്‍ ബിസിനസ്സിന്‍റെ ജയ പരാജയങ്ങള്‍ പോലും ഡിജിറ്റല്‍ വേള്‍ഡിലെ മുന്നേറ്റങ്ങളെ ആശ്രയിച്ചാണിരിക്കുന്നത് എന്ന പറഞ്ഞാലത് ഒട്ടും അതിശയോക്തിയല്ലായെന്ന് വര്‍ത്തമാന കാല സാങ്കേതിക മുന്നേറ്റങ്ങള്‍ നമുക്ക് കാട്ടിത്തരുന്നത്.

ആയതിനാല്‍ത്തന്നെ മാറുന്ന ബിസിനസ്സ് ലോകത്ത് സാങ്കേതിക വിദ്യകള്ക്കൊപ്പം ചുവട് വെക്കാത്ത ബിസിനസ്സ് മോഡലുകള്‍ പിന്തള്ളപ്പെടുമെന്നതിന് പക്ഷാന്തരമില്ല.  ടെക്കനിക്കല്‍ കണ്‍സള്‍ട്ടന്‍സിയായ ഇന്‍റര്‍നാഷണല്‍ ഡേറ്റാ കോര്‍പ്പറേഷന്‍റെ (IDC) കണക്കനുസരിച്ച് 2020 ആകുമ്പോഴേക്കും ഇപ്പോള്‍ ബിസിനസ്സ് തലപ്പത്തുള്ള ഒരു പിടി കമ്പനികള്‍ അടച്ച് പൂട്ടലിന്‍റെ വക്കെത്തെത്തുമെന്ന് പ്രവചിക്കപ്പെടുന്നു. ഇതാണ് ബിസിനസ്സ് രംഗം നേരിടുന്ന ഇപ്പോഴത്തെ പ്രധാന പ്രശ്നം. അതിനുള്ള പരിഹാരമാണ് ഡിജിറ്റല്‍ ട്രാന്സ്ഫര്‍മേഷന്‍. ബിസിനസ്സ് രംഗത്ത് ഇതിനെ ഡിജിറ്റല്‍ ബിസിനസ്സ് ട്രാന്‍സ്ഫര്‍മേഷന്‍ എന്ന് പറയുന്നു.

ബിസിനസ്സ് ലോകത്ത് കസ്റ്റമറാണ് രാജാവ്. ആയതിനാല്‍ത്തന്നെ ആധുനിക കസ്റ്റമറെ തൃപ്തിപ്പെടുത്തുവാന്‍ കഴിയാത്ത എല്ലാ ബിസിനസ്സ് മോഡലുകളും പരാജയമായിരിക്കുമെന്നത് പകല്‍ പോലെ വ്യക്തമാണ്. കാരണം ഈ അത്യന്താധുനിക കാലഘട്ടത്തില്‍ ഇന്‍ര്‍നെറ്റ് വഴി ആവശ്യമുള്ളവ വിരല്‍ത്തുമ്പില്‍ ലഭ്യമായിരിക്കുമ്പോള്‍ കസ്റ്റമര്‍ വച്ച് പലര്‍ത്തുന്ന പ്രതീക്ഷകള്‍, മുന്‍ഗണനകള്‍ അനുഭൂതികള്‍ ഇവയെക്കുറിച്ചെല്ലാം പഠിച്ച് കസ്റ്റമര്‍ക്കെന്ത് നല്‍കുവാന്‍ കഴിയുമെന്ന വ്യക്തമായ ധാരണ ബിസിനസ്സ് രംഗത്തുള്ളവര്‍ക്ക് ഉണ്ടായെ പറ്റു. അതായത് ബിസിനസ്സ് കസ്റ്റമര്‍ ബന്ധം പുതിയൊരു തലത്തിലേക്കെത്തി നില്‍ക്കുകയാണിന്ന്.

അതിനാല്‍ ഈ നൂറ്റാണ്ടില്‍ പുതിയൊരു ബിസിനസ്സ് സംസ്കാരം കെട്ടിപ്പെടുക്കുവാനും നില നിര്‍ത്തുവാനും വിജയിക്കുവാനുമുള്ള ഒരു പോംവഴിയായി കണ്ടെത്തുന്ന പ്രക്രിയയെ ഡിജിറ്റല്‍ ട്രാന്‍സഫര്‍മേഷന്‍ എന്ന് പറയുന്നു.

എന്താണ് ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍

നൂതനമായ ഡിജിറ്റല്‍ സാങ്കേതിക വിദ്യകള്‍, ബിസിനസ്സ് മോഡലുകള്‍, ടൂളുകള്‍ ഇവയുടെയെല്ലാം ഉപയോഗത്തിലൂടെ ബിസിനസ്സിനാകമാനം പുതു ജീവന്‍ നല്‍കി ബിസിനസ്സിനെ പുരോഗതിയിലേക്കെത്തിക്കുകയും ചെയ്യുന്നതോടൊപ്പം ഒരു കസ്റ്റമര്‍ ആഗ്രഹിക്കുന്നതിലധികം യൂസര്‍ എക്സ്പീരിയന്‍സ് നല്‍കുന്നതിനെയാണ് ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ എന്നത് കൊണ്ട് വിവക്ഷിക്കുന്നത് എന്ന് ഒറ്റ വാക്കില്‍ പറയാം.

ഒരു ബിസിനസ്സിന്‍റെ പ്രവര്‍ത്തന ശൈലിയില്‍ ആധുനിക സാങ്കേതിക വിദ്യയുടെ ഉപയോഗത്തിലൂടെ മാറ്റങ്ങളുണ്ടാവുകയെന്നതാണ് ഇത് മൂലം ലക്ഷ്യമിടുന്നത്. ഇതിനായി മൊബാല്‍ ടൂളുകള്‍, സോഷ്യല്‍ മീഡിയ, ബിഗ് ഡേറ്റ, ഇന്‍ര്‍നെറ്റ് ഓഫ് തിങ്ങ്സ് തുടങ്ങിയവയെല്ലാം ഉപയോഗിക്കുന്നു. ചുരുങ്ങിയ ചിലവില്‍ മെച്ചപ്പെട്ട കാര്യക്ഷമതയും കൂടുതല്‍ ലാഭവും ആണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഒപ്പം മികച്ച കസ്റ്റമര്‍ സര്‍വ്വീസും ലക്ഷ്യമിടുന്നുണ്ട്.

1.      ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ ആര്‍ക്ക് വേണ്ടി

ഈ ചോദ്യത്തിന്‍റെ പ്രധാനമായുള്ള ഉത്തരം കസ്റ്റമര്‍ക്ക് വേണ്ടിയെന്നതാണ്. ഏറ്റവും പ്രധാനപ്പെട്ട ഉദാഹരണം ഓണ്‍ലൈന്‍ കമ്പനികളാണ്. 24 മണിക്കൂറും തുറന്നിരിക്കുന്ന ഷോപ്പുകളില്‍ നിന്നും ക്യാഷ് ഓണ്‍ ഡെലിവറിയോടെ സാധനങ്ങള്‍ വാങ്ങുവാന്‍ കഴിയുമെന്നതിലേക്ക് കാര്യങ്ങള്‍ മാറിയിരിക്കുന്നു. ഈ മാറ്റം ബിസിനസ്സ് കാരനിലേക്കാളുപരി കസ്റ്റമര്‍ക്ക് വേണ്ടിയാണന്നതാണ് വസ്തുത. നോട്ട് നിരോധനം വന്നപ്പോള്‍ കാര്‍ഡ് സ്വൈപ്പിങ്ങ് മെഷിനുകള്‍ കൂടതല്‍ സാധാരണമായി. അതില്ലാത്ത കടകളില്‍ ബിസിനസ്സ് കുറയുവാ‍നും തുടങ്ങിയെന്നത് വസ്തുതയാണ്. അതിനാല്‍ത്തന്നെ സാങ്കേതിക വിദ്യയുടെ ഈ പരിണാമം ബിസിനസ്സ്കാരനേക്കാളുപരി കസ്റ്റമര്‍ക്കാണ് സഹായകരമാവുക. കസ്റ്റമര്‍ തങ്ങളുടെ അടുത്തേക്ക് വരട്ടെയെന്ന പഴയ പല്ലവിയില്‍ നിന്നും കസ്റ്റമറുടെ അടുത്തേക്ക് പോകാം എന്നതാണ് ഈ മാറ്റത്തിന്‍റെ പ്രേരക ശക്തി.

2.      എവിടെയാണ് മാറ്റം വരേണ്ടത്

പ്രധാനമായും 7 കാറ്റഗറിയിലാണ് ഒരു ബിസിനസ്സില്‍ മാറ്റം വരേണ്ടത് എന്നാണ് ഗ്ലോബല്‍ സെന്‍റര്‍ ഫോര്‍ ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ പറയുന്നത്.

Ø  ബിസിനസ്സ് മോഡല്‍ (ബിസിനസ്സില്‍ പണം വരുന്നത് എവിടെ നിന്ന് എന്നത്)

Ø  സ്ട്രക്ചര്‍ (ഓര്‍ഗനെസേഷന്‍)

Ø  വര്‍ക്കേഴ്സ് (കമ്പനിയുടെ ഉദ്യോഗസ്ഥര്‍)

Ø  പ്രോസസ്സുകള്‍ 9കമ്പനിയുടെ വിവിധ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍)

Ø  ഐ ടി കാര്യക്ഷമത (ലഭ്യമാകുന്ന വിവരങ്ങള്‍ ഉപയോഗപ്പെടുത്തുന്നതില്‍)

Ø  ഉല്‍പ്പന്നത്തില്‍, സര്‍വ്വീസുകളില്‍

Ø  ബിസിനസ്സ് ബന്ധങ്ങളില്‍ (കസ്റ്റമര്‍ കെയര്, വില്‍പ്പനാന്തര സര്‍വ്വീസുകള്‍ ഉള്‍പ്പെടെ)
ഇത് ഓരോ കമ്പനിയിലും വ്യത്യസ്തമായിരിക്കും. തങ്ങള്‍ക്ക് ആവശ്യമുള്ളവ മാത്രം പരിവര്‍ത്തനത്തിന് വിധേയമാക്കുകയെന്നതാണ് ഓരോ ബിസിനസ്സ്കാരനും ചെയ്യേണ്ടത്.

3.      എങ്ങനെ ചെയ്യണം.

കമ്പനിയുടെ എല്ലാ തലങ്ങളും പരിശോധിക്കുകയും ഇപ്പോഴുള്ള പ്രശ്നങ്ങള്‍ കണ്ടെത്തുകയും അവയ്ക്ക് നവീകരണം ആവശ്യമുള്ളിടത്ത് ഡിജിറ്റല്‍ സാങ്കേതിക വിദ്യകളുടെ സാഹായത്തോട് കൂടി മാറ്റങ്ങള്‍ മുന്‍ഗണനാ ക്രമത്തില്‍ ലഭ്യമാക്കുകയും ചെയ്യുക എന്നതാണ് ചെയ്യേണ്ടത്. ഇത് നമ്മള്‍ ചെയ്തില്ലായെങ്കില്‍ സമാന കമ്പനികള്‍ അവ നടപ്പിലാക്കുമെന്ന് ഓര്‍ക്കേണ്ടതാണ്.

ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ എന്തിന് വേണ്ടി

ഈ ചോദ്യത്തിന് നിരവധി ഉത്തരങ്ങള്‍ ഉണ്ട്. എന്നിരുന്നാലും എടുത്ത് പറയേണ്ടയൊന്നാണ് ഡിജിറ്റല്‍ സിസറ്പഷന്‍ എന്നത്. ഡിജിറ്റല്‍ ടെക്നോളജി മുഖാന്തിരം ഒരു വ്യക്തിയ്ക്കോ ബിസിനസ്സ് സ്ഥാപനത്തിനോ ലക്ഷ്യത്തിലേക്കുള്ള മുന്നേറ്റിന് സംഭവിക്കുന്ന ഭീഷണി, തടസ്സം മുതലായവയെ ഡിജിറ്റല്‍ ഡിസ്റപ്ഷന്‍ എന്ന് പറയുന്നു. ഓണ്‍ലൈന്‍ ടാക്സിയായ യൂബര്‍ പോലുള്ളവ വ്യാപകമായപ്പോള്‍ അത് സാധാരണ ടാക്സി ഡ്രൈവര്‍മാര്‍ക്കേല്‍പ്പിച്ച ആഘാതം ഇതിനുദാഹരണമാണ്. ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ ഉപയോഗം മൂലം ഏതെങ്കിലും ബിസിനസ്സ് രംഗത്ത് ഇപ്രകാരമുണ്ടാകുന്ന തടസ്സത്തെ ഡിജിറ്റല്‍ ഡിസ്റപ്ഷന്‍ എന്ന് പറയുന്നു. പ്രധാനമായും ഡിജിറ്റല്‍ ഡിസ്റപ്ഷന്‍ മുഖാന്തിരം ബിസിനസ്സിനുണ്ടാകുന്ന ആഘാതത്തില്‍ നിന്നുമുള്ള സുരക്ഷയെന്ന നിലയിലാണ് ഒരു ബിസിനസ്സ് സ്ഥാപനത്തിന് ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ ആവശ്യമായി വരുന്നത്.

ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ എങ്ങനെ

മൂന്ന് ഘട്ടങ്ങളിലായിട്ടാണ് ഇത് നടപ്പിലാക്കുന്നത്.

1.       ഡിജിറ്റൈസേഷന്‍
2.       ഡിജിറ്റലൈസേഷന്‍
3.       ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍

എന്നിവയാണീ മൂന്ന് ഘട്ടങ്ങള്‍. അനലോഗ് ഡാറ്റകളെ (ടെക്സ്റ്റ്, ഇമേജ്, വീഡിയോ, ഓഡിയോ) എന്നിവയെ അനുയോജ്യമായ ഡിജിറ്റല്‍ ഫോര്‍മാറ്റിലേക്ക് മാറ്റുക എന്നതാണിത് അര്‍ത്ഥമാക്കുന്നത്. ഒരു സംരംഭത്വത്തിന്‍റെ എല്ലാ രേഖകളും ഡിജിറ്റലാക്കി മാറ്റുന്നതാണ് ആദ്യ ഘട്ടം.

ഒരു ഇന്‍ഡസ്ട്രിയിലുള്ള വിവിധ യൂണിറ്റുകള്‍, ഡിപ്പാര്‍ട്ട്മെന്‍റുകള്‍, സപ്ലൈ ചെയിനുകള്‍, വാല്യു ചെയിനുകള്‍, കസ്റ്റമര്‍ എന്നിങ്ങനെയുള്ള എല്ലാ മേഖലകളേയും ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ സഹായത്തോട് കൂടി സമന്വയിപ്പിക്കുക എന്നതാണ് ഇവിടെ വിവക്ഷിക്കുന്നത്.  

ഡിജിറ്റൈസേഷന്, ഡിജിറ്റലൈസേഷന്‍ ഇവയുടെ ഫലമായി സ്വാഭാവികമായി എത്തിച്ചേരുന്നയൊന്നാണ് ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ എന്നത്. ഇതിന്‍റെ ഫലമായി ഒരു ബിസിനസ്സിന്‍റെ നയപരമവും നിയമ പരവുമായ മേഖലകളില്‍ മാത്രമല്ല പ്രോസസ്സിലും  കസ്റ്റമര്‍ സര്‍വീസിലും വരെ ആരോഗ്യ കരമായ മാറ്റങ്ങള്‍ ഉണ്ടാകും.

ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ ഇന്ത്യയില്‍

ബിസിനസ്സില്‍ ഈ മാറ്റത്തിന്‍റെ പാതയില്‍ ഇന്ത്യയും മാറി നില്‍ക്കുന്നില്ലയെന്ന് മാത്രമല്ല 21 രാജ്യങ്ങളില്‍ നടത്തിയ പഠനത്തില്‍ നിന്നും ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷനില്‍ ഒന്നാം സ്ഥാനത്താണ് ഇന്ത്യ. സര്വ്വേയില്‍ 14 മുഖ്യ പെര്‍ഫോര്‍മന്‍സ് ഇന്‍ഡിക്കേറ്റെറുകളിലുണ്ടായ ബിസിനസ്സ് ഇംപാക്ട് സ്കോര്‍ (BIS) കാര്‍ഡിലാണ് ഇന്ത്യക്ക് ഒന്നാം സ്ഥാനം ലഭിച്ചത്.

കേരളവും ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷനും

കേരളത്തില്‍ ജനങ്ങളുടെ ആരോഗ്യ വിവരങ്ങള്‍ രേഖപ്പെടുത്തിയ ഇലക്ട്രോണിക ഹെല്‍ത്ത് റെക്കോര്‍ഡാണ് ഈ രംഗത്തേക്കുള്ള ശ്രദ്ധേയമായ കാല്‍വെപ്പ്. ഈ ഡേറ്റകളെല്ലാം ആധാര്‍ കാര്‍ഡുമായി ലിങ്ക് ചെയ്ത് ബയോമെട്രിക് രേഖകളുള്‍പ്പെടെ ക്ലൌഡിലേക്ക് മാറ്റും. ഒരു വ്യക്തിയുടെ ആരോഗ്യ വിവരങ്ങളും മുന്‍കാല ചികിത്സാ ഹിസ്റ്ററിയുമെല്ലാം രേഖപ്പെടുത്തി വച്ചിരിക്കുന്ന ഇത് ഭാവിയില്‍ ഡൌണ്‍ ലോഡ് ചെയ്തെടുക്കുവാന്‍ സാധിക്കും.

എന്തെല്ലാം ഗുണങ്ങള്‍

റീട്ടെയില്‍ മേഖലകളില്‍ ഈ രീതിക്ക് സാധ്യതയേറെയാണ്. ഇ കോമേഴ്സും എം കൊമേഴ്സിലുമെല്ലാം ഈ രീതിയിലുള്ള മാറ്റം വന്ന് കഴിഞ്ഞു. പേഴ്സണലൈസഡ് കൊമേഴ്സ് ഈ മേഖലയിലെ ഭാവി വാഗ്ദാനമാണ്. പേ പാല്‍ പേ ടി എം പോലുള്ള ഫിനാന്‍ഷ്യല്‍ സര്‍വീസ് കമ്പനികള്‍ക്ക് ഇത് പ്രയോജനപ്പെടുത്താവുന്നതാണ്.

ഇനിയുള്ള കാലഘട്ടത്തില്‍ ബിസിനസ്സ് സംരംഭങ്ങലല്ലാം തന്നെ ഡിജിറ്റലൈസേഷനിലേക്ക് മാറുന്നില്ലായെങ്കില്‍ അത് നില നില്‍പ്പിനെത്തന്നെ ബാധിക്കുമെന്ന് സുവ്യക്തമാണ്. കാരണം മാറുന്ന സാങ്കേതിക വിദ്യകളെക്കുറിച്ച് ഏറെ അവബോധമുള്ള കസ്റ്റമറാണിവിടെയുള്ളത്. സൂപ്പര്‍ മാര്‍ക്കറ്റിലിരിക്കുന്ന ഉല്‍പ്പന്നത്തിന്‍റെ ക്യു ആര്‍ കോഡ് സ്കാന്‍ ചെയ്തിട്ട് അതിനിപ്പോള്‍ ഓണ്‍ലൈന്‍ സ്റ്റോറുകളില്‍ എന്ത് വിലയെന്ന് അന്വേഷിക്കുന്ന ഉപഭോക്താവുള്ളപ്പോള്‍ മാറ്റങ്ങളോട് നാം മുഖം തിരിച്ച് നില്‍ക്കുന്നതില്‍ അര്‍ത്ഥമില്ല.


ആയതിനാല്‍ ബിസിനസ്സിന്‍റെ എല്ലാ മേഖലകളിലും നവ ജീവന്‍ പകരുവാനും കൂടുതല്‍ സംതൃപ്തരായ ഉപഭോക്താക്കളെ സൃഷ്ടിക്കുവാന്‍ അനുയോജ്യവുമായ പുത്തന് സാങ്കേതിക വിദ്യകളെ ബിസിനസ്സില്‍ പരീക്ഷിക്കുവാന്‍, അര്‍ത്ഥ പൂര്‍ണ്ണമായ ബിസിനസ്സ് മോഡലുകള്‍ രൂപപ്പെടുത്തുവാന്‍ ചെറുകിട സംരംഭകര്‍ക്കും കഴിയണം. കാരണം മാറുന്ന കാലഘട്ടത്തില്‍ മുന്‍പേ പറക്കുന്ന പക്ഷിയായില്ലായെങ്കില്‍ ഈ മല്സരത്തിന്‍റെ കാലഘട്ടത്തില്‍ തളര്‍ന്ന് പോകുവാന്‍ സാധ്യതയേറെയാണ്.