കമ്പ്യൂട്ടര്‍ എന്ന യന്ത്ര സംവിധാനം
കേരളത്തിലേക്കെത്തിയപ്പോള്‍ അതിനെ സര്‍വ്വ ശക്തിയും ഉപയോഗിച്ച് എതിര്‍ത്ത ഒരു
തലമുറ ഇവിടെ ഉണ്ടായിരുന്നു. എന്നാല്‍ അറിവില്ലായ്മയുടെ ആ കാലഘട്ടത്തില്‍ നിന്നും
നാം ഏറെ മുന്നോട്ട് പോയിരിക്കുന്നു. തൊഴിലവസരങ്ങള്‍ നഷ്ടമാകുമെന്ന ന്യായമായിരുന്നു
എതിര്‍പ്പിന് പിറകില്‍. എന്നാല്‍ കാലഘട്ടം മാറുമ്പോള്‍ തൊഴില്‍ മേഖലയുടെ നിര്‍വ്വചനങ്ങള്‍
സാങ്കേതിക വിദ്യയുടെ വളര്‍ച്ചക്കനുസരിച്ച് പുനര്‍ നിര്ണ്ണയിയിക്കപ്പെട്ടേ
മതിയാകുകയുള്ളുവെന്നത് ഒരു നിഷേധിക്കാനാവാത്ത യാഥാര്‍ത്ഥ്യമാണ്. ഇന്നിപ്പോള്‍
കമ്പ്യൂട്ടറും ഇന്റര്‍നെറ്റും തൊഴില്‍ നല്കുന്നയിടമെന്നതിനുമപ്പുറം സ്വയം
സംരംഭകത്വം ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള പുത്തന്‍ വാതയാനങ്ങള്‍
തുറന്നിടുന്നയിടമായി പരിണമിച്ചുവെന്നത് അഭ്യസ്ത വിദ്യരായ മലയാളികള്‍ക്കെന്നും
ആശ്വാസത്തിന് വഴി നല്‍കുന്നയൊന്നാണ്.
സോഷ്യല്‍ മീഡിയകളുടെ അതി വ്യാപനം പുതിയ ബിസിനസ്സ് അവസരമായും
നിലവിലുള്ള ബിസിനസ്സ് വിപുലീകരിക്കുവാനും ഉപകരിക്കുമെന്നുള്ള തിരിച്ചറിവും
നമുക്കുണ്ടാകേണ്ടിയിരിക്കുന്നു. സ്വന്തമായി ബ്ലോഗ്
ഉണ്ടാക്കുന്നത് മുതല്‍ ഓണ്‍ലൈന്‍ കച്ചവടം വരെയുള്ള സ്വയം തൊഴില്‍, സംരഭക
സാധ്യതകളുടെ അക്ഷയ ഖനിയാണിന്ന് ഇന്റര്‍നെറ്റ്. സാമ്പത്തിക ഇടപാടുകള്‍ അവസാനം ചെന്നെത്തിയ രീതിയാണ്
ഇ-കൊമേഴ്സ് എന്നറിയപ്പെടുന്ന ഇലക്ട്രോണിക്
വ്യാപാര സമ്പ്രദായം. സാധാരണ പണം നല്കുന്നതിനു പകരം ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഇന്റര്‍നെറ്റ്
സംവിധാനം വഴി പണമെടുക്കുക, ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ക്രയവിക്രയം നടത്തുക, മൊബൈല്‍ ഫോണുപയോഗിച്ച് പണമിടപാടിന്റെ വിശദീകരണമറിയുക, പണമടക്കുക തുടങ്ങി വളരെ വിപുലമായ ഒരു മേഖലയാണ് ഇന്ന് ഇ-കൊമേഴ്സ്. പണം, ചെക്ക് മുതലായവക്ക് പകരം വന്ന നവാതിഥിയാണ് ഇത്
1. കച്ചവടം
വൈബ്സൈറ്റിലൂടെ
ഇന്റര്‍നെറ്റ് ഇന്നൊരു ആഗോള വിപണിയാണ്.
പുത്തന്‍ ആശയങ്ങളായ ഫ്ലിപ്കാര്‍ട്ടും ആമസോണും പോലുള്ളവ അരങ്ങ് തകര്ക്കുന്നിടത്തിനിയും
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സാധ്യതകളേറെയുണ്ടുവെന്നതാണ് സത്യം. വില്ക്കുവാനുള്ളതെന്തുമാവട്ടെ
അത് മീനായാലും, ഡ്രസ് ആയാലും ഇനി കേക്കോ പൂക്കളോ ആയാലും സ്വന്തമായൊരു
വെബ്സൈറ്റുണ്ടാക്കി ആര്‍ക്കും ഓണ്‍ലൈനില്‍ ഒരു കട തുടങ്ങുവാന്‍ കഴിയുമെന്നതാണ്
ഇന്നത്തെ അവസ്ഥ. ഇതിനായി അധികം സാങ്കേതിക പരിജ്ഞാനം പോലും ആവശ്യമില്ല. പരിമിതമായ
അറിവുണ്ടുവെങ്കില് ഇതാരംഭിക്കാം. കേരളത്തിലിപ്പോള്‍ പല ചരക്ക് സാധനങ്ങള്‍ മുതല്‍
പിടക്കുന്ന മീന്‍ വരെ ഓണ്‍ലൈനായി കച്ചവടം നടത്തുന്നവരുണ്ട്. http://www.kada.in ഒരു ഓണ്‍ലെന്‍ സൂപ്പര്‍മാര്‍ക്കാറ്റാണ്.
https://www.dailyfish.in എന്നത് ഓണ്‍ലൈനില്‍
മീന്‍ വില്‍ക്കുന്ന സൈറ്റും. ഇതേ പോലുള്ള നിരവധി വ്യത്യസ്ത സംരംഭങ്ങള്‍ക്ക്
ഇക്കാലഘട്ടത്തില്‍ സാധ്യത ഏറെയാണ്. തിരക്കേറിയ ഈ കാലഘട്ടത്തില്‍ ഷോപ്പിങ്ങിനായി
സമയം കണ്ടെത്തുവാന്‍ മനുഷ്യന് കഴിയുന്നില്ലായെന്നിടത്താണ് ഇതിന്റെ വിജയവും. ഇനി
അതല്ല http://www.indiabazaardfw.com/ പോലുള്ള
സൈറ്റുകളില്‍ നമ്മുടേതായ ഓണ്‍ലൈന്‍ സ്റ്റോറുകള്‍ തുടങ്ങി കച്ചവടം നടത്തുവാനും
അവസരമുണ്ട്. ഇ കൊമേഴ്സ് പഠിപ്പിക്കുന്നതിന് മാത്രമായി പല വെബ് ഡിസൈനിങ്ങ്
കമ്പനികളും ഇപ്പോള്‍ ഹ്രസ്വ കാല കോഴ്സുകളും തുടങ്ങിയിട്ടുണ്ട്.
ചെറുകിട ഇടത്തരം ബിസിനസ്സ്കാരെ
സഹായിക്കുവാന്‍ കേരള സര്‍ക്കാരിന്റെ കീഴില്‍ ഒരു ഇ കൊമേഴ്സ് പദ്ധതി തന്നെയുണ്ട്. കേരള
സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡ് (http://www.ksie.net/) ആണ് http://www.keralarcade.com/ എന്ന പോര്‍ട്ടല്‍ ഇതിനായി
തയ്യാറാക്കിയിരിക്കുന്നതാണ്. ജനങ്ങള്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും ഈ
സൈറ്റില്‍ വില്‍പ്പനക്കെത്തിക്കാം. പാര്‍ട്ണേഴ്സ് ഇന്‍ പ്രോഗ്രസ് പദ്ധതിയിലൂടെ
നിങ്ങളുടെ വെബ്സൈറ്റിന് http://www.keralarcade.com/ ആയി ബന്ധം
സ്ഥാപിക്കുകയും ചെയ്യാം. ലോകത്തിന്റെ ഏത് ഭാഗത്ത് നിന്നും നിങ്ങള്‍ക്കാവശ്യമായ കേരളാ വിഭവങ്ങള്‍
എന്താവശ്യപ്പെട്ടാലും എത്തിക്കുവാന്‍ തയ്യാറാണെന്നാണ് ഈ സൈറ്റിന്റെ പരസ്യ വാചകം
തന്നെ.
2. ഫെയ്സ് ബുക്കിലും
സംരംഭകത്വം
യുവ തലമുറ ഇപ്പോള്‍ ഫെയ്സ്
ബുക്കിലാണെന്നതാണ് മുതിര്‍ന്നവരുടെ പരാതി. വെറുതെ സമയം കളയുന്നുവെന്ന ആ പരാതിയില്‍
കഴമ്പുണ്ട് താനും. എന്നാല്‍ അതേ ഫെയ്സ് ബുക്കിനെ വരുമാന മാര്‍ഗ്ഗമാക്കി
മാറ്റിയാലോ. സ്വന്തമായി കച്ചവടത്തിനായി വെബ്സൈറ്റ് തുടങ്ങുന്നത് സാങ്കേതിക ജ്ഞാനം
ഏറെ ആവശ്യമായ പണിയാണെന്നോ മിനക്കേടാണെന്നോ ചിന്തിക്കുന്നവര്‍ക്ക്
തിരഞ്ഞെടുക്കാവുന്നതാണ് ഫെയ്സ് ബുക്കിലെ പേജും അതുവഴിയുള്ള ബിസിനസ്സും. എസ്
കൊമേഴ്സ് അഥവാ സോഷ്യല്‍ മീഡിയ കൊമേഴ്സ് എന്നതാണ് ഇതറിയപ്പെടുന്നത്. ഇന്ത്യയില്‍
ഫെയ്സ് ബുക്ക് ഉപയോഗിക്കുന്ന കോടിക്കണക്കിന് പേരില്‍ 60 ശതമാനവും 25 വയസ്സില്‍
താഴെയുള്ളവരാണെന്നതാണ് കണക്കുകള്‍ കാണിക്കുന്നത്. അതിനാല്‍ത്തന്നെ യുവതക്ക്
ഇഷ്ടപ്പെടുന്ന കാര്യങ്ങള്‍ അതെന്തായാലും ഒരു ഫെയ്സ് ബുക്ക് പേജിലൂടെ വില്ക്കുവാന്
കഴിയും. സെക്കന്റുകള്‍ക്കുള്ളില്‍ പേജാരംഭിക്കുവാന് കഴിയുമെങ്കിലും നല്ല
തയ്യാറെടുപ്പോടെ വേണം ഇതിനിറങ്ങിപ്പുറപ്പെടുവാന്. വിപണി നന്നായി പഠിച്ച്
ഇറങ്ങേണ്ടതുണ്ട്. നമ്മുടെ പേജ് ലൈക്ക് ചെയ്യുന്നവരുടെ പ്രൊഫൈലില്‍ നമ്മള് നല്കുന്ന
അപ്ഡേറ്റുകള് തല്‍സമയം എത്തുമെന്നതിനാല്‍ വ്യക്തി പരമായ മാര്‍ക്കറ്റിങ്ങിന് ഇത്
ഏറെ സഹായകരമാണ്.
ഫെയ്സ്ബുക്ക് സ്റ്റോറുകളെ മൂന്നായി
തിരിക്കാം. ആദ്യത്തേതില്‍ വില്‍പ്പനയുണ്ടാവില്ല. വിവിധ കമ്പനികള്‍ തങ്ങളുടെ
ഏറ്റവും പുതിയ ഉല്‍പ്പന്നങ്ങളെ പരിചയപ്പെടുത്തുവാന്‍ വേണ്ടി തയ്യാറാക്കുന്നതാണിവ. എന്നാല്‍
വിവിധ ബ്രാന്‍ഡുകള്‍ തങ്ങളുടെ ഫാന്‍സിനെ സൃഷ്ടിക്കുവാന്‍ വേണ്ടി ഉണ്ടാക്കുന്നതാണ്
രണ്ടാമത്തേത്. മൂന്നാമത്തെ വിഭാഗത്തിലാണ് ഉല്‍പ്പനങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയുമെല്ലാം
നടക്കുക. വെബ് ഡിസൈനിങ്ങിന് വരുന്ന ചിലവ് ഇല്ലാതെയാക്കാം എന്നതാണ് ഫെയ്സ് ബുക്ക്
പേജിന്റെ ഗുണം.
ഫേയ്ബുക്കിലൂടെ കേക്കും, ആഭരണങ്ങളും,
കുട്ടിയുടുപ്പുമെല്ലാം വില്ക്കുന്നവര് കേരളത്തില്ത്തനെനയുണ്ട്. https://www.facebook.com/TheQuillMillCrafts/, https://www.facebook.com/AgneyaFemina/ തുടങ്ങിയവ ഉദാഹരണം.
3.
യൂടൂബ് വീഡിയോ - കാശുണ്ടാക്കുവാനൊരു പുതു വഴി
ഗുഗിള്‍ കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും
വലിയ സേര്‍ച്ച് എന്ജിനേതെന്ന ചോദ്യത്തിന് ഒരു ഉത്തരമേയുള്ളു. യൂ ടൂബ്. ദിനം പ്രതി
യൂ ടൂബില്‍ കൂട്ടിച്ചേര്‍ക്കപ്പെടുന്ന വീഡിയോകള്‍ നിരവധിയാണ്. ഇവിടെയാണ് ഇതിന്റെ
വരുമാന സാധ്യതയിരിക്കുന്നത്. ഒരു ഗൂഗിള്‍ അക്കൌണ്ടുള്ളയാര്ക്കും യൂ ടൂബില്‍
വീഡിയോ അപ് ലോഡ് ചെയ്യാം. നമുക്കറിയാവുന്ന കാര്യങ്ങള്‍ അത് പാചകമോ, മെയ്ക്കപ്
ടിപ്സോ എന്തുമാവട്ടെ സ്വന്തം യൂടൂബ് ചാനലില്‍ അപ്ലോഡ് ചെയ്യുവാന്‍ കഴിയും. നിരവധി
ഹിറ്റുകളുണ്ടുവെങ്കില് ഗൂഗിള്‍ കാശും തരും.
നമ്മുടെ യൂടൂബ് പ്രൊഫൈലില്‍ ആവശ്യത്തിന്
വീഡിയോകളായാല് യൂടൂബിന്റെ പാര്‍ട്ണര്‍ഷിപ്പ് പ്രോഗ്രാമിപ്പറ്റി ചിന്തിക്കാം. ഗൂഗിള്‍
അഡ്സെന്‍സ് വഴി യൂടൂബില്‍ പരസ്യം ഗൂഗിള്‍ നല്‍കും. കൃത്യമായൊരു വിഷയത്തെപ്പറ്റി
സ്ഥിരമായി മികവുറ്റ വീഡിയോകള്‍ ഇടുവാന്‍ കഴിഞ്ഞാല്‍ ഇതൊരു സംരംഭമായി വളര്‍ത്തിയെടുക്കുവാന്‍
കഴിയും. ദക്ഷിണേന്ത്യയില്‍ നിന്നുള്ള വരുമാനമുണ്ടാക്കുന്നയൊരു പാചക വീഡിയോ യൂ ടൂബ്
ചാനലിനുദാഹരണമാണ് https://www.youtube.com/user/geetradhu എന്നത്.
4.
പുസ്തകമെഴുതാം ഇന്റര്‍നെറ്റില്‍
എഴുത്തുകാരായവര്ക്ക് സ്വന്തം രചനകള്‍ ഇന്റര്‍നെറ്റിലൂടെ
പബ്ലിഷ് ചെയ്യുവാനിന്നാകും. ആമസോണിന്റെ കിന്‍ഡില്‍ പോലുള്ള സംവിധാനങ്ങളിലൂടെ
പുസ്തകങ്ങള്‍ ഓണ്‍ലൈനില്‍ വില്‍പ്പനക്ക് വയ്ക്കുവാന്‍ കഴിയും. ലോകത്ത് ഏറ്റവും
അധികം ഇംഗ്ലീഷ് പുസ്തകങ്ങള്‍ ഇറങ്ങുന്നതില്‍ അമേരിക്കയും ബ്രിട്ടണും കഴിഞ്ഞാല്‍
ഇന്ത്യയിലാണെന്ന് കണക്കുകള്‍ കാണിക്കുമ്പോള്‍ അത്യാവശ്യം ഇംഗ്ലിഷില്‍ എഴുതുവാനറിയുന്നവര്ക്ക്
പബ്ലിഷറുടെ പിറകേ പോകാതെ തന്ന എഴുത്തുകാരായി അറിയപ്പെടുവാനും തദ്വാരാ
വരുമാനമുണ്ടുക്കുവാനും നല്ലയൊരു വഴിയാണ് ഇ പബ്ലിഷിങ്ങ്.
.https://www.bookbaby.com/, https://pothi.com/, https://notionpress.com/ തുടങ്ങിയവ ഇ പബ്ലിഷിങ്ങിന് സഹായിക്കുന്ന
ചില സൈറ്റുകളാണ്. സ്വന്തം ഇ പബ്ലിഷിങ്ങ് കമ്പനികള്‍ ആരംഭിക്കുകയുമാവാം.
5.
വെബ് ഡിസൈന്‍ ചെയ്യാം – ഓണ്‍ലൈനില്‍
അത്യാവശ്യം ഭാവനാ ശേഷിയുള്ളയൊരു വെബ്
ഡിസൈനര്ക്കിത് ചാകരക്കാലമാണ്. മിക്ക കമ്പനികളും ചെലവ് ചുരുക്കലിന്റെ ഭാഗമായി ഓണ്‍ലൈന്‍
വെബ് ഡിസൈനര്‍മാരെ തേടുന്ന ഇക്കാലഘട്ടത്തില്‍ ഓണ്‍ലൈന്‍ വെബ് ഡിസൈനിങ്ങ് ഒരു
സംരംഭകത്വ സാധ്യതയായി വളര്ത്തിയെടുക്കാവുന്നയൊന്നാണ്. https://www.w3schools.com/, https://www.wix.com/ തുടങ്ങിയ സൈറ്റുകളില്‍ നിന്നും വെബ്
ഡിസൈനിങ്ങ് ഓണ്‍ലൈന്‍ ആയിത്തന്നെ പഠിക്കുവാന്‍ സാധിക്കും. ഏതെങ്കിലും ഫ്രീലാന്‍ഡ്
സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്തു തുടങ്ങാവുന്ന ജോലിയാണ് ഓണ്‍ലൈന്‍ വെബ്
ഡിസൈനിങ്ങ്. https://www.freelancer.in/, http://worknhire.com/ തുടങ്ങിയവ ഇങ്ങനെ രജിസ്റ്റര്‍
ചെയ്യാവുന്ന സൈറ്റുകളാണ്.
6.
ട്യൂഷന് സെന്റര്‍ നടത്താം അതും ഓണ്‍ലൈനായി
മുന്‍കാലങ്ങളില്‍ നാട്ടുമ്പറത്ത് സര്‍വ്വ
സാധാരണമായിരുന്നു ട്യൂഷന് സെന്ററുകള്‍. വിദ്യാസമ്പന്നരും തൊഴില്‍ രഹിതരുമായ
ചെറുപ്പക്കാരുടെ ഇടക്കാലാശ്വാസമായിരുന്ന ഇത് ഇന്ന് തുലോം കുറവാണ്. എന്നാല്‍ ഇന്ന് ലോകത്തെവിടെയുമുള്ള
വിദ്യാര്‍ത്ഥികള്‍ക്ക് ഇന്റര്‍നെറ്റ് വഴി ട്യൂഷനെടുക്കുവാന്‍ കഴിയും. ഇതിനെയാണ്
ഇ-ട്യൂഷന് എന്ന് വിളിക്കുന്നത്. സ്മാര്‍ട്ട് ഫോണുകളിലൂടെ വീഡിയോ ചാറ്റിങ്ങ്
വ്യാപകമായതോടെ ഇ-ട്യൂഷന്റെ സാധ്യതതകളും ഏറുകയാണ്. ഒരു സ്വയം തൊഴില്‍ ആയി
ചെയ്യാവുന്ന ഇ-ട്യൂഷന് ഒരു സ്ഥാപനമായി വളര്‍ത്തിയെടുക്കുവാന്‍ കഴിയും. കമ്പ്യൂട്ടറിലും
ഇന്റ്നെറ്റിലും നല്ല അറിവുള്ളവര്‍ക്ക് ഇ ട്യൂഷന് സെന്റര്‍ ഒരുക്കുവാനും
ട്യൂഷനെടുക്കുവാന്‍ തയ്യാറുള്ള അധ്യാപകരെ സംഘടിപ്പിച്ച് ഒരു സംരംഭമെന്ന നിലയില്‍
ആരംഭിക്കാവുന്നതാണ്. അതായത് വിദ്യാര്‍ത്ഥികളുടേയും അധ്യാപകരുടേയും ഇടക്ക് നില്‍ക്കുകയെന്ന്.
അക്കാദമിക് വിഷയങ്ങള്‍ മാത്രമല്ല അനൌപചാരികമായി നമുക്കറിയാവുന്നതെന്തും അത്
പാചകമാവട്ടെ, ബ്യൂട്ടി ടിപ്സാവട്ടെ എന്തും ഓണ്‍ലൈനായി പഠിപ്പിക്കാം. https://www.wiziq.com/, https://idroo.com/, http://www.oktutor.net/ തുടങ്ങിയ സൈറ്റുകള്‍ സഹായകരമാവും. ഇതൊക്കെയും ഓണ്‍ലൈന്‍ ട്യൂഷന് എടുക്കുന്നവര്‍ക്ക് സഹായകരമായ
പ്ലാറ്റ്ഫോമുകളാണ്. ഇത്തരത്തിലുള്ള പ്ലാറ്റ്ഫോമുകള് സ്വന്തമായോ പാര്‍ട്ണര്‍ഷിപ്പായോ
തുടങ്ങി ഈ രംഗം ഒരു സംരംഭക സാധ്യതയായി വളര്‍ത്തിയെടുക്കാം.
7.
ഫോട്ടോകള്‍ വില്‍ക്കാം ഓണ്‍ലൈനായി
സ്മാര്‍്ട്ഫോണുകളുടെ വരവോട് കൂടി ആര്‍ക്കും
ഫോട്ടോഗ്രാഫറാകാം എന്നതാണ് അവസ്ഥ. എവിടെ വച്ചും എടുത്ത ഫോട്ടോകള്‍ ഫെയ്സ്ബുക്കിലും
മറ്റ് പോസ്റ്റ് ചെയ്ത് ലൈക്കും കമന്റും നേടി സായൂജ്യമടയുന്ന ഇ-കാലത്ത് നാം എടുത്ത
ഫോട്ടോകള്‍ ഇന്‍ര്‍നെറ്റിലൂടെ വില്‍ക്കാമെന്നും അത് ഒരു സ്വയം തൊഴില്‍ സംരംഭമായി
വളര്‍ത്തിയെടുക്കുവാന്‍ കഴിയുമെന്നുമറിയുമ്പോഴെ ഇന്‍ര്‍നെറ്റിന്റെ അപാര സാധ്യതകള്‍
നമുക്ക് കുറച്ചെങ്കിലും മനസ്സിലാവുകയുള്ളു. നാം എടുക്കുന്ന ക്വാളിറ്റിയുള്ള
ഫോട്ടോകള്‍ക്ക് ഓണ്‍ലൈനില്‍ നല്ല ഡിമാന്ഡുവെന്നതാണ് സത്യം. ഓണം, ക്രിസ്തുമസ്
പോലുള്ള ആഘോഷങ്ങളോ, ടൂറിസമോ തുടങ്ങി എന്തുമാവാം ഫോട്ടോഗ്രാഫിയുടെ. വിഷയം. http://www.fotolibra.com/, https://www.dreamstime.com/, https://photodune.net/ എന്നിവയെല്ലാം തന്നെ ഇത്തരത്തില്‍
സഹായിക്കുന്ന വെബ്സൈറ്റുകളാണ്. എന്നാല്‍ ഇത്തരം സൈറ്റുകള്‍ സ്വന്തമായി നടത്തുമ്പോഴാണ്
ഇത് ഒരു സ്വയം തൊഴിലിനപ്പുറത്തേക്ക് സംരംഭകത്വ സാധ്യതയായി മാറുന്നത്.
8.
ചിത്രങ്ങള്‍ ഓണ്‍ലൈനായും വില്‍ക്കാം
കലാകാരന്മാരായുള്ളവര്ക്ക് ഇന്റര്‍നെറ്റ്
ഒരു അപാര സാധ്യതയാണ്. ആര്‍ട്ട് ഗ്യാലറി വാടകക്കെടുത്ത് ചിത്ര പ്രദര്‍ശനം
നടത്തുന്നതില്‍ നിന്നും തങ്ങളുടെ പെയിന്റിങ്ങുകള്‍ ഓണ്‍ലൈനായി പ്രദര്‍ശനത്തിന്
വച്ച് കാശുണ്ടാക്കുന്ന കാലത്തിലേക്ക് ഇപ്പോള്‍ കാര്യങ്ങള്‍ മാറിയിരിക്കുന്നു. ഇത്തരം
വെബ്സൈറ്റുകള്‍ നിര്‍മ്മിച്ചും ഇതൊരു സംരംഭകത്വ സാധ്യതയായി വളര്‍ത്തിയെടുക്കാവുന്നതാണ്.
http://www.artsia.com/, https://www.yessy.com/, http://www.artquid.com/ തുടങ്ങിയവ ഇത്തരത്തിലുള്ള ചില
വെബ്സൈറ്റുകളാണ്. കേരളത്തിലെ ലളിത കലാ അക്കാദമിയും ഇങ്ങനെ ഒരു വെബ്സൈറ്റ്
ആരംഭിച്ചിട്ടുണ്ട്. http://www.lalithkala.org/ എന്ന ഈ സൈറ്റില്‍ ചിത്രങ്ങള്‍ അപ് ലോഡ്
ചെയ്യാം. അക്കാദമി അത് വിറ്റ് തരും.
സംരംഭകത്വ സഹായ
പദ്ധതിയുമായി ഗൂഗിള്‍
ഇന്ത്യയിലെ
വനിതാ സംരംഭകര്‍ക്ക് സാങ്കേതിക സഹായങ്ങള്‍ നല്‍കുന്നതിന് ഗൂഗിള്‍ 2012 ല്‍ women entrepreneurs on the web എന്നപേരില്‍ ഒരു പദ്ധതി ആരംഭിച്ചിട്ടുണ്ട്. http://www.womenentrepreneursontheweb.com/ എന്നതാണ് സൈറ്റ് അഡ്രസ്. 19 ലക്ഷത്തോളം
വനിതാ സംരംഭകര്‍ ഇന്ത്യയിലുണ്ടുവെന്നതാണ് കണക്ക്. അതിനാല്‍ത്തന്നെ പൈലറ്റ്
പ്രൊജക്ട് ആയി ഇന്ത്യിലാണ് ഇത് ആരംഭിച്ചത്. വനിതാ സംരംഭകര്‍ക്ക്
ഉപഭോക്താക്കളിലേക്കെത്തുവാനുള്ള സാങ്കേതിക സഹായം നല്‍കുക, അതു വഴി
ഉപഭോക്താക്കളുമായി ബന്ധമുണ്ടാക്കുക, നിങ്ങളുടെ സംരംഭത്തെ പരമാവധി പ്രമോട്ട്
ചെയ്യുവാനുള്ള വഴികള്‍ നല്‍കുക. ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങളെല്ലാം കൃത്യമായി
ട്രാക്ക് ചെയ്യുക, അതിനനുസരിച്ച് റാങ്കിങ്ങ് നല്‍കുക തുടങ്ങിയവയെല്ലാം ഈ
പദ്ധതിയുടെ ലക്ഷ്യങ്ങളാണ്. ഈ വെബ്സൈറ്റില്‍ കമ്യൂണിറ്റി നടപ്പിലാക്കി സംരംഭകര്‍ക്ക്
പരസ്പരം ബന്ധപ്പെട്ട് ആശയങ്ങള്‍ കൈമാറാനാകും. പുതിയ കാര്യങ്ങള്കണ്ടെത്തി നടപ്പിലാക്കുവാന്‍ കഴിയുന്ന വനിതകള്‍ പക്ഷേ ഇന്റര്‍നെറ്റിന്റെ സാധ്യകള്‍
പൂര്‍ണ്ണമായും സംരംഭത്വത്തിന് പ്രയോജനപ്പെടുത്തുന്നില്ലായെന്ന തിരിച്ചറിവില്‍
നിന്നാണ് ഇതിന്റെ പിറവി.
ചെറുതും
വലുതുമായ നിരവധി സംരംഭങ്ങള്‍ ഇന്റര്‍നെറ്റ് ബേസ് ചെയ്ത് ആരംഭിക്കുവാന്‍ മാത്രവമല്ല
നിലവിലുള്ള സംരംഭങ്ങള്‍ മെച്ചപ്പെടുത്തുവാന്‍ അഫിലിയേറ്റ് മാര്‍ക്കറ്റിങ്ങ്
പോലുള്ള സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുവാനും കഴിയും. വരും കാലങ്ങളില്‍ ഓണ്‍ലൈന്‍
സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുന്ന നവ സംരംഭങ്ങളുമായി യുവ തലമുറ മുന്നോട്ട്
വരുമെന്ന് പ്രത്യാശിക്കാം.
Start your online business by register on top freelancing sites in India.
ReplyDeleteBetting on cricket has been highly popular in recent years, which has resulted in a large number of different betting sites to select from when placing a world777 bet on cricket. It's usually a good idea to look around at other betting sites before committing to one.
ReplyDeleteGreat Article, it is really informative and innovative. survival fund application form
ReplyDelete