Friday, 27 September 2019

ഹൈഡ്രജന്‍ - വരും കാലത്തിലെ ഇന്ധനം





ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ ഒരു പ്രശ്നമായിട്ടാണ് ഇന്ധന ക്ഷാമം  വിലയിരുത്തപ്പെടുന്നത്. ഊർജ്ജം ശേഖരിച്ച് വെക്കുവാന്‍ കഴിവുള്ളതും പിന്നീട് ആ ഊർജ്ജം ആവശ്യാനുസരണം ഉപയോഗിക്കുവാന്‍ കഴിവുള്ള വസ്തുക്കളാണ് ഇന്ധനങ്ങൾ എന്നത്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ഭാവിയിലെ ക്ഷാമത്തെ മുന്‍പില്‍ കണ്ടും ഒപ്പം പരിസ്ഥിതി സൌഹാർദ്ദവുമായിതിനാലാണ് വാഹനങ്ങൾ ബാറ്ററിയിലേക്ക് മാറ്റുവാന്‍ പ്രമുഖ കമ്പനികൾ തയ്യാറെടുക്കുന്നത്.  ലോകത്തെ മുന്‍ നിര കമ്പനികളെല്ലാം തന്നെ തങ്ങളുടെ ഇലക്ട്രിക് വാഹനങ്ങൾ പ്രഖ്യാപിച്ച് കഴിഞ്ഞു. പുത്തന്‍ ഊർജ്ജ സ്രോതസിലേക്കുള്ള മനുഷ്യന്‍റെ അന്വേഷണമാണ് സോളാർ, വിന്‍ഡ്, ടൈഡല്‍ തുടങ്ങിയ ഊർജ്ജ സ്രോതസുകളിലേക്ക് അവനെ എത്തിച്ചത്. എന്നാല്‍ ശാസ്ത്ര സാങ്കേതിക ലോകം അതിനുമപ്പുറത്തേക്കാണ് ചിന്തിക്കുന്നത്. അനതി വിദൂര ഭാവിയിലെ ഇന്ധനം ഹൈഡ്രജന്‍ ആയിരിക്കുമെന്നാണ് ശാസ്ത്ര സാങ്കേതിക മേഖലയിലെ വിദഗ്ദർ വിലയിരുത്തുന്നത്.

പ്രകൃതിയിലെ ഇന്ധന ശേഖരത്തിന് എന്ത് സംഭവിക്കും

നാം ഇന്നുപയോഗിക്കുന്ന കല്‍ക്കരി, പെട്രോളിയം, പ്രകൃതി വാതകങ്ങൾ (Natural Gases), ഫോസില്‍ ഇന്ധനങ്ങൾ (Fossil Fuels) എന്നിവയൊക്കെ വർഷങ്ങൾ കൊണ്ടാണ് പ്രകൃതി ഉല്‍പ്പാദിപ്പിച്ച് സമാഹരിച്ച് സൂക്ഷിച്ച് വച്ചിട്ടുള്ളത്. പത്തൊന്‍പതാം നൂറ്റാണ്ട് വരെ പ്രകൃതിയുടെ ഈ ഇന്ധന ശേഖരത്തിന് കാര്യമായ കുറവ് ഉണ്ടായിരുന്നില്ല, എന്നാല്‍ പിന്നീടുള്ള വ്യവസായ മുന്നേറ്റങ്ങൾ മൂലം പ്രകൃതിയുടെ ഇന്ധന ശേഖരം ഗണ്യമായി കുറഞ്ഞ് കൊണ്ടിരിക്കുന്നു. ഇപ്പോൾ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന നിരക്കില്‍ മാത്രം ഉപയോഗിച്ചാലും കല്‍ക്കരി നിക്ഷേപം ഇനി ഒരു ഒരു നൂറ് വർഷത്തേക്ക് മാത്രമേ തികയുകയുള്ളു. കല്‍ക്കരി നിക്ഷേപം ലോകത്തിലാകെ നോക്കിയാല്‍ ഏകദേശം 860938 മില്യണ്‍ ടണ്‍ എന്നാണ് കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത്.  പ്രതിവർഷ ഉപയോഗം 8000 മില്യണ്‍ ടണ്‍ ആണത്രെ. അതായത് നൂറ് കൊല്ലം കഴിഞ്ഞാല്‍ കല്‍ക്കരിയെല്ലാം മനുഷ്യന്‍ ഉപയോഗിച്ച് തീർക്കുമത്രെ.

ഇനി പെട്രോളിയത്തിന്‍ കാര്യമെടുത്താല്‍ ലോകത്താകെ 1481526 മില്യണ്‍ ബാരല്‍ എണ്ണ നിക്ഷേപമുണ്ട് എന്നാണ് കണക്കാക്കിയിട്ടുള്ളത്. പ്രതി ദിനം ഏകദേശം 87 മില്യണ്‍ ബാരല്‍ ലോകമാകെ ഇപ്പോൾ ഉപയോഗിക്കുന്നുണ്ട്. ഈ തോതില്‍ ഉപയോഗം തുടർന്നാല്‍ 47 വർഷം കൊണ്ട് പ്രകൃതിയുടെ ഈ പെട്രോളിയം ശേഖരം തീർന്ന് പോകുമത്രെ. അതായത് ഏകദേശ കണക്ക് പറഞ്ഞാല്‍ അടുത്ത 50 കൊല്ലം കൊണ്ട് പെട്രോളിയവും 100 കൊല്ലം കൊണ്ട് കല്‍ക്കരിയും മനുഷ്യന്‍ ഉപയോഗിച്ച് തീർക്കുമത്രെ.  ഇവിടെയാണ് മറ്റ് ഇന്ധനങ്ങളുടെ ആവശ്യകതയും പ്രസക്തിയും.

എന്ത് കൊണ്ട് ഹൈഡ്രജന്‍

ഹൈഡ്രജന്‍ ഒരു ഇന്ധനമായി ഉപയോഗിക്കപ്പെടുവാന്‍ നിരവധി കാരണങ്ങളുണ്ട്.  ഹൈഡ്രജന്‍ എന്നത് ഒരു എനർജി ക്യാരിയർ ആണ്. അതായത് ഊർജ്ജത്തെ ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് സുഗമമായി കൊണ്ടു പോകുവാന്‍ കഴിയുന്നയൊന്ന്. ഏറ്റവും വലിയ പ്രത്യേകത ഹൈഡ്രജന്‍ കത്തിച്ചാല്‍ കിട്ടുന്നത് ജലം ആയിരിക്കും എന്നതാണ്. അതിനാല്‍ തന്നെ വാഹനങ്ങളില്‍ ഇതൊരു ഇന്ധനമായി ഉപയോഗിച്ചാല്‍ പുകക്കുഴലില്‍ കൂടി പുറന്തള്ളപ്പെടുന്നത് നീരാവി മാത്രമായിരിക്കുമെന്നതിനാല്‍ വാഹനങ്ങളില്‍ കൂടിയുള്ള അന്തരീക്ഷ മലിനീകരണം ഇല്ലാതെയായി മാറുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഹൈഡ്രജന്‍ സംയുക്താവസ്ഥയില്‍ പ്രകൃതിയില്‍ സുലഭവുമാണ്.  ജല തന്‍മാത്രയില്‍ നിന്നും ഹൈഡ്രജന്‍ വേർതിരിക്കാവുന്നതാണ്. ഒരു ഗ്രീന്‍ എനർജി എന്നതാണ് ഹൈഡ്രജനുള്ള പ്രത്യേകത.

മാത്രവുമല്ല ജലത്തില്‍ നിന്നും വൈദ്യുത വിശ്ളേഷണം വഴി ലഭിക്കുന്ന ഹൈഡ്രജനും ഓക്സിജനും ഉപയോഗിച്ച് Fuel Cells നിർമ്മിച്ച് അവയില്‍ നിന്നും വൈദ്യുതി ഉണ്ടാക്കാവുന്നതാണ്.

എങ്ങനെ ഹൈഡ്രജന്‍ ലഭിക്കും

ഹൈഡ്രജന്‍ എന്നത് വളരെ ചെറിയ മൂലകമാണ്. എന്നിരുന്നാല്‍ തന്നേയും അത് ഒരു ഗ്യാസ് ആയി നേരിട്ട് ലഭിക്കുന്ന ഒന്നല്ല. മൂലകാവസ്ഥയില്‍ അത് വളരെ കുറച്ചേ ഉള്ളു. അതിനാല്‍ തന്നെ അത് മറ്റ് സംയുക്തങ്ങളില്‍ നിന്നും വേർതിരിക്കണ്ടേതുണ്ട്. ഇലക്ട്രോളൈസിസും സ്റ്റീം റീഫോമിങ്ങുമാണ് സാധാരണയായി ഉപയോഗിക്കുന്ന മാർഗ്ഗങ്ങൾ.  സ്റ്റീം റീഫോമിങ്ങില്‍ മീഥേനില്‍ നിന്നുമാണ് ഹൈഡ്രജന്‍ വേർതിരിക്കുന്നത്. എന്നാല്‍ ഈ പ്രക്രിയയില്‍ ഉണ്ടാകുന്ന ഗ്രീന്‍ ഹൌസ് ഗ്യാസുകൾ ഗ്ലോബല്‍ വാമിങ്ങിന് കാരണമാവുകയും ചെയ്യും.  മറ്റൊരു മാർഗ്ഗമായ ഇലക്ട്രോളൈസിസില്‍ വെള്ളത്തിലൂടെ കറന്‍് കടത്തി വിടുകയാണ് ചെയ്യുന്നത്. അപ്പോൾ വെള്ളമെന്നത് അതിന്‍റെ ഘടകങ്ങളായ ഹൈഡ്രജന്‍, ഓക്സിജന്‍ എന്നിവയായി വേർ പിരിയും. എന്നാല്‍ ഇത് വളരെ ചിലവേറിയ ഒന്നാണ്.
Israel Institute of Technology യിലെ ഗവേഷകർ ഒരു bio-photo-electro-chemical (BPEC) സെല്‍ രൂപപ്പെടുത്തുന്നതില്‍ വിജയിച്ചിട്ടുണ്ട്.  സൂര്യപ്രകാശം ഉപയോഗിച്ച് വെള്ളത്തില്‍ നിന്നും ഹൈഡ്രജന്‍ വേർതിരിക്കുന്നതാണിവിടെ സംഭവിക്കുന്നത്.

കൃത്രിമ ഇല – ഹൈഡ്രജന്‍ വേർതിരിക്കുവാന്‍

പച്ച വെള്ളത്തില്‍ നിന്നും ഹൈഡ്രജന്‍ വേർ തിരിക്കുവാന്‍ വളരെ ലളിതമായ ഒരു സാങ്കേതിക വിദ്യയുമായി വന്നിരിക്കുകയാണ് അമേരിക്കയിലെ പ്രശസ്തമായ മസാച്ചു സെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ (MIT) ശാസ്ത്രജ്ഞനായ ഡാന്‍ നൊസേറ. കണ്ടാല്‍ സാധാരണ ഒരു ഇല പോലെ ഇരിക്കുന്ന ഇത് സിലിക്കണ്‍ സോളാർ സെല്ലുകൾ കൊണ്ട് നിർമ്മിക്കപ്പെട്ടിരിക്കുന്ന ഒന്നാണ്. ഇത് വെറുതെ വെള്ളത്തിലിട്ടാല്‍ മതിയാകും വെള്ളം വിഘടിച്ച് ഹൈഡ്രജനും ഓക്സിജനും ആയി മാറുന്നു. തീരെ ഭാരക്കുറവുള്ള ഈ ഇല സൂര്യ പ്രകാശത്തിന്‍റെ സാന്നിധ്യത്തില്‍ ഒരു ഗ്ലാസ് ജലത്തിലിട്ടാല്‍ കുമിളകളായി      ഒരു വശത്ത് ഓക്സിജനും മറു വശത്ത് ഹൈഡ്രജനും വന്നു കൊണ്ടിരിക്കും. സണ്‍ കാറ്റലിറ്റിക്സ്എന്ന കമ്പനി ഈ ഇല വ്യാവസായിക അടിസ്ഥാനത്തില്‍ നിർമ്മിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ട്.

ഹൈഡ്രജന്‍ ഉപയോഗങ്ങൾ

നാസ തങ്ങളുടെ പ്രധാന ഇന്ധനമായി ഇപ്പോൾത്തന്നെ ഹൈഡ്രജന്‍ ഉപയോഗിക്കുന്നുണ്ട്. ദ്രാവകാവസ്ഥയിലുള്ള ഹൈഡ്രജന്‍ സ്പേസ് ഷട്ടിലിലും റോക്കറ്റിലുമൊക്കെ ഉപയോഗിക്കുന്നുണ്ട്. കാരണം ഒരു കിലോഗ്രാം ഏവിയേഷന്‍ ഫ്യൂവലില്‍ നിന്നും ലഭിക്കുന്ന ഊർജ്ജത്തിന്‍റെ മൂന്നിരട്ടി ഒരു കിലോഗ്രാം ഹൈഡ്രജനില്‍ നിന്നും ലഭിക്കും. ചില വളങ്ങളുണ്ടാക്കുവാനും പ്ലാസ്റ്റിക്കുകളുടേയും ചില മരുന്നുകളുടേയും നിർമ്മാണത്തിനുമൊക്കെ ഇത് ഉപയോഗിക്കുന്നുണ്ട്. വാഹനങ്ങളില്‍ ഇന്ധനം ആയി ഉപയോഗിക്കുവാന്‍ കഴിയും എന്നതാണ് ഇതിന്‍റെ ഏറ്റവും വലിയ ഗുണം.

ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്ലുകൾ

ഹൈഡ്രജനിലുള്ള കെമിക്കല്‍ എനർജിയെ ഇലക്ട്രിസിറ്റി ആക്കി മാറ്റുന്നത് ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്ലുകൾ ആണ്. ജലവും, താപവും ആണ് ഈ പ്രക്രിയയിലെ ഉപോല്‍പ്പന്നങ്ങൾ. ഇത് മലീനീകരണം ഉണ്ടാക്കുന്നില്ല എന്ന് മാത്രമല്ല മറ്റ് സാധാരണ സെല്ലുകളെ ആപേക്ഷിച്ച് നോക്കുമ്പോൾ രണ്ടോ മൂന്നോ മടങ്ങ് കാര്യക്ഷമതയും നല്‍കുന്ന ഒന്നാണ്. ഈ ഫ്യൂവല്‍ സെല്ലുകൾ ബസ്, കാർ പോലുള്ള വാഹനങ്ങള്‍, മറൈന്‍ വാഹനങ്ങൾ തുടങ്ങിയവയിലൊക്കെ ഉപയോഗിക്കുന്ന ബാറ്ററികളില്‍ ഉപയോഗിക്കുവാന്‍ കഴിയും.


                       
ഭാവിയിലെ വാഹനങ്ങൾ പെട്രോളിനും ഡീസലിനും പകരം ഹൈഡ്രജന്‍ ഉപയോഗിക്കുന്നവയായിരിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അങ്ങനെയെങ്കില്‍ ഇന്നത്തെ പെട്രോൾ പമ്പുകൾക്ക് പകരം ഹൈഡ്രജന്‍ പമ്പുകളായിരിക്കും വഴിയോരങ്ങളില്‍ കാണപ്പെടുക.

ചില പ്രശ്നങ്ങൾ

എന്നിരുന്നാലും ചില സാങ്കേതിക പ്രശ്നങ്ങൾ ഈ മേഖലയിലുണ്ട് എന്നത് അവഗണിക്കാവുന്നതല്ല.

1.       ജലത്തില്‍ നിന്നും വൈദ്യത വിശ്ലേഷണം (Electrolysis) വഴി ഹൈഡ്രജന്‍ ഉല്‍പ്പാദിപ്പിക്കുവാന്‍ വേണ്ടി വരുന്ന ഊർജ്ജത്തേക്കാൾ കുറവ് ഊർജ്ജം മാത്രമേ ഹൈഡ്രജന്‍ ഒരു ഇന്ധനമായി ഉപയോഗിക്കുമ്പോൾ നമുക്ക് ലഭിക്കുകയുള്ളു. അതായത് ഊർജ്ജ ബാലന്‍സ് ഷീറ്റ് (Energy Balance Sheet) നെഗറ്റീവ് ആയിരിക്കും.

2.       വളരെ കനം കുറഞ്ഞ മൂലകമാണ് ഹൈഡ്രജന്‍ എന്നതിനാല്‍ കാറുകളേക്കാൾ പല മടങ്ങ് വലിപ്പമുള്ള ഇന്ധന ടാങ്ക് വേണ്ടി വരും.

3.       ഹൈഡ്രജന്‍ വാതകത്തെ ദ്രാവക രൂപത്തില്‍ ആക്കുന്നതിനായി വളരെ കുറഞ്ഞ താപനിലയും (Temperature) ഉയർന്ന മർദ്ദവും (Pressure) വേണ്ടി വരും. എന്നാല്‍ ചില പ്രത്യേക ലോഹ മിശ്രിതങ്ങൾ (Alloys) ഉപയോഗിച്ച് അധി ശോഷണം നടത്തി ഈ പ്രശ്നങ്ങൾ പരിഹരിക്കുവാന്‍ സാങ്കേതിക വിദഗ്ദർ ശ്രമിച്ച് കൊണ്ടിരിക്കുന്നു.
ഈ പ്രതിസന്ധികളെ എല്ലാം മറി കടന്ന് വന്‍ ഓട്ടോ മൊബൈല്‍ കമ്പനികൾ പലതും ഹൈഡ്രജന്‍ കാറുകൾ ഇപ്പോൾ തന്നെ നിർമ്മിച്ച് കഴിഞ്ഞിട്ടുണ്ട്. തെക്കന്‍ കൊറിയന്‍ കമ്പനിയായ Hyundai തങ്ങളുടെ ix 35 മോഡല്‍ കാർ വിജയകരമായി നിർമ്മിച്ച് കഴിഞ്ഞു. ഫ്യൂവല്‍ സെല്‍ ടെക്നോളജിയാണ് ഈ കമ്പനി വികസിപ്പിച്ചെടുത്തത്.  ജപ്പാന്‍ കമ്പനികളായ ടെയോട്ടയും ഹോണ്ടയും ഹൈഡ്രജന്‍ കാറുകൾ വിഫണിയിലെത്തിക്കാനുള്ള ശ്രമത്തിലാണ്.

ഇത്തരം വാഹനങ്ങൾ വ്യാപകമാകുന്ന സ്ഥിതി വിശേഷം ഉണ്ടായാല്‍ അത് പെട്രോളിയം ഇറക്ക് മതി ചെയ്യുന്ന രാജ്യമായ നമ്മുടെ സാമ്പത്തിക മേഖലയില്‍ സൃഷ്ടിക്കുന്ന  പ്രത്യാഖ്യാതങ്ങൾ അനവധിയായിരിക്കും. പെട്രോൾ, ഡീസല്‍ വാഹനങ്ങളുടെ അനുബന്ധ വ്യവസായ മേഖലയിലും ഇതുണ്ടാക്കുന്ന മാറ്റങ്ങൾ അനവധിയായിരിക്കും. പുത്തന്‍ സ്റ്റാർട്ടപ്പുകൾ ഈ മേഖലയില്‍ ഉടലെടുക്കും.  കോടിക്കണക്കിന് രൂപ പെട്രോളിയം മേഖലയില്‍ നിക്ഷേപിച്ചിരിക്കുന്ന വന്‍ കമ്പനികളെ ഇത് എങ്ങനെ ബാധിക്കുമെന്നതൊക്കെ കണ്ടറിയേണ്ടതാണ്.  ഏതായാലും ഭാവിയിലെ ഇന്ധനം ഹൈഡ്രജന്‍ ആകുമെന്നതിന്‍റെ സൂചനകൾ നല്‍കി ലോകമാകെ നിരവധി ശാസ്ത്രജ്ഞർ ഈ രംഗത്ത് ഗവേഷണം നടത്തുന്നുണ്ട്.

റിവേഴ്സ് എഞ്ചിനിയറിങ്ങ് – ഒരു അവലോകനം


വ്യാവസായിക രംഗത്താണ് നാം സാങ്കേതിക വിദ്യയുടെ കൂടുതല്‍ ഗുണ ഭോക്താക്കളായി മാറുന്നത്. ഏത് ഉല്‍പ്പന്നത്തിന്‍റെ കാര്യത്തില്‍ ആണെങ്കിലും അതിന്‍റെ രൂപകല്‍പ്പന മുതല്‍ പാക്കിങ്ങ് വരെ നീളുന്നതാണ് വിവിധ എഞ്ചിനിയറിങ്ങ് മേഖലകൾ. ഉല്‍പ്പാദനവുമായി ബന്ധപ്പെട്ട് എഞ്ചിനിയറിങ്ങിനെ ഫോർവേഡ് എഞ്ചിനിയറിങ്ങ് എന്നും റിവേഴ്സ് എഞ്ചിനിയറിങ്ങ് എന്നും രണ്ടായി തിരിക്കുവാന്‍ കഴിയും.  

നാം സാധാരണയായി കാണുന്ന ഒട്ടു മിക്കവാറും ഉല്‍പ്പാദനവും ഫോർവേഡ് എഞ്ചിനിയറിങ്ങിന്‍റെ കാറ്റഗറിയില്‍ വരുന്നതാണ്.  ഒരു നിശ്ചിത സ്പെസിഫിക്കേഷനിലുള്ള ഒരു ഉല്‍പ്പന്നം സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഉണ്ടാക്കുന്നതാണ് ഇത്.

എന്നാല്‍ റിവേഴ്സ് എഞ്ചിനിയറിങ്ങ് എന്നത് ഇതില്‍ നിന്നും വ്യത്യസ്തമാണ്.  നിലവിലുള്ള ഒരു ഉല്‍പ്പന്നത്തേയോ അതിന്‍റെ പ്രത്യേകതകളേയോ പഠിച്ചിട്ട് അത് റി ഡിസെന്‍ ചെയ്യുകയാണിവിടെ.

അതായത് നിലവിലുള്ള ഉല്‍പ്പന്നത്തെ പഠിച്ചിട്ട് പുനർ നിർമ്മിക്കുകയാണിവിടെ എന്ന് പറയാം. ഫോർവേഡ് എഞ്ചിനിയറിങ്ങില്‍ ആവശ്യങ്ങളനുസരിച്ച് ഒരു ഉല്‍പ്പന്നം നിർമ്മിക്കുമ്പോൾ നിലവിലുള്ള സംവിധാനത്തില്‍ നിന്ന് തന്നെയുള്ള വിവരങ്ങളാണ് റിവേഴ്സ്  എഞ്ചിനിയിറങ്ങില്‍ ഉപയോഗിക്കുന്നത്. മനുഷ്യ പ്രയത്നവും ബുദ്ധിയും കൂടുതലായി വേണ്ടി വരുന്നത് ഫോർവേഡ് എഞ്ചിനിയിറിങ്ങിലാണ്.
എവിടെയാണ് റിവേഴ്സ് എഞ്ചിനിയറിങ്ങിന്‍റെ ആവശ്യകത
വ്യാവസായിക രംഗത്ത് റിവേഴ്സ് എഞ്ചിനിയറിങ്ങ് പലപ്പോഴും ആവശ്യമായി വരാറുണ്ട്.  വളരെ പഴയാതായ ഒരു മെഷ്യനോ കാറ് പോലുള്ളവയുടെയോ ചില ഭാഗങ്ങൾ കേടായി എന്നും കരുതുക. പക്ഷേ കമ്പനി അവയുടെ ഉല്‍പ്പാദനം നിർത്തിയിരിക്കുന്ന സാഹചര്യമാണെന്നും ചിന്തിക്കുക.  എന്നാല്‍ കേടായ ചില ഭാഗങ്ങൾ മാറ്റിയാല്‍ അത് പ്രവർത്തനക്ഷമമാകുമെങ്കില്‍ ഇവിടെ സഹായത്തിനെത്തുക റിവേഴ്സ് എഞ്ചിനിയറിങ്ങ് ആണ്. കാരണം യഥാർത്ഥ ഭാഗങ്ങൾ കിട്ടാതെ വരികയോ അത് വളരെ ചിലവേറിയതാവുകയോ ചെയ്യുമ്പോഴാണ് ഇങ്ങനെ ചെയ്യേണ്ടി വരുന്നത്.
ഏതെങ്കിലും മെഷ്യന്‍റെ ചില പ്രത്യേക ഭാഗങ്ങൾ മാത്രം മെച്ചപ്പെടുത്തേണ്ടി വരുമ്പോൾ അല്ലെങ്കില്‍ ഉൽപ്പന്നത്തിന്റെ ചില മോശമായ സവിശേഷതകൾ രൂപകൽപ്പന ചെയ്യേണ്ടി വരുമ്പോൾ റിവേഴ്സ് എഞ്ചിനിയറിങ്ങ് ആവശ്യമായി വരുന്നുണ്ട്.

റിവേഴ്സ് എൻജിനീയറിങ്ങില്‍ യഥാർത്ഥ ഉല്‍പ്പന്നത്തിന്‍റെ ഭാഗങ്ങളുടെ ഭൗതിക അളവുകൾ, സവിശേഷതകൾ, ഭൌതിക ഗുണങ്ങൾ എന്നിവ പിടിച്ചെടുത്ത് നിലവിലുള്ള ഭാഗത്തിന്റെ തനിപ്പകർപ്പ് ഉണ്ടാക്കുകയാണ് ചെയ്യുന്നത്.  ഒരു ഉല്പന്നത്തിന്റെ ദീർഘകാല ഉപയോഗത്തെ അടിസ്ഥാനമാക്കിയുള്ള ഒരു ഉൽപ്പന്നത്തിന്റെ നല്ല സവിശേഷതകൾ ശക്തിപ്പെടുത്തുന്നതിന് ഇത് ഉപകരിക്കുന്നു. എതിരാളികളുടെ ഉൽപ്പന്നത്തിന്റെ നല്ലതും മോശവുമായ സവിശേഷതകൾ വിശകലനം ചെയ്യുവാനും ഇത് പ്രയോജനപ്പെടുത്തുന്നു.
റിവേഴ്സ് എഞ്ചിനിയറിങ്ങ് എങ്ങനെ സാധ്യമാവുന്നു
മെക്കാനിക്കല്‍, ഇലക്ട്രോണിക്സ്, കെമിക്കല്‍, കമ്പ്യൂട്ടർ, ബയോളജി തുടങ്ങി സാങ്കേതിക വിദ്യയുടെ എല്ലാ മേഖലകളിലും റിവേഴ്സ് എഞ്ചിനിയറിങ്ങ് ആവശ്യമായി വരുന്നുണ്ട്. വ്യത്യസ്ത മേഖലകളില്‍ വ്യത്യസ്തമായ രീതിയാണ് അവലംബിക്കുന്നത്.  എങ്കിലും പൊതുവായി റി ക്രിയേറ്റ് ചെയ്യേണ്ട ഉല്‍പ്പന്നത്തിന്‍റെ അളവുകൾ എടുക്കുകയാണ് ആദ്യമായി ചെയ്യുന്നത്. ഒരു മെക്കാനിക്കല്‍ ഉല്‍പ്പന്നമാണെങ്കില്‍ അത് 3D സ്കാനറുകൾ ഉപയോഗിച്ച് ചെയ്യാവുന്നതാണ്.  തുടർന്ന് computer-aided design (CAD) and computer-aided manufacturing (CAM) എന്നി സോഫ്റ്റ് വെയറുകളുപയോഗിച്ച് തുടർന്നുള്ള കാര്യങ്ങൾ ചെയ്യാവുന്നതാണ്.  ഇലക്ട്രോണിക്സ് ഉല്‍പ്പന്നമാണെങ്കില്‍ നിലവിലുള്ള പ്രിന്‍റഡ് സർക്യൂട്ട് ബോർഡ് (PCB) അനലൈസ് ചെയ്യുകയാണ് ആദ്യ പടി. ബോർഡിലുള്ള ഓരോ കമ്പോണന്‍റുകളുടേയും മൂല്യം തിട്ടപ്പെടുത്തുകയും തത്തുല്യമായത് ഉപയോഗിച്ച് പുതിയതായ ബോർഡുകൾ ഉണ്ടാക്കുകയും ചെയ്യുന്നു.
സോഫ്റ്റ് വെയർ മേഖലയാണ് റിവേഴ്സ് എഞ്ചിനിയറിങ്ങ് ഏറെ ഇടപെടലുകൾ നടത്തുന്ന ഒന്ന്. നിലവിലുള്ള പ്രോഗ്രാമിലെ ബൈനറി കോഡുകൾ മാറ്റം വരുത്തിക്കൊണ്ടാണിത് സാധ്യമാക്കുന്നത്. കൈമിക്കല്‍ , ബയോളജിക്കല്‍ മേഖലയിലും റിവേഴ്സ് എഞ്ചിനിയറിങ്ങ് ഉപയോഗപ്പെടുത്തുന്നുണ്ട്.

പല രാജ്യങ്ങളും ശത്രു രാജ്യങ്ങളുടെ പല ഉപകരണങ്ങളും കോപ്പി ചെയ്യുവാനായിട്ട് ഇത് ഉപയോഗിക്കുന്നുണ്ട്. ജർമന്‍ പ്രതിരോധ സേന ഉപയോഗിച്ചിരുന്ന ഒരു ക്യാനിന്‍റെ ഡിസൈന്‍ അമേരിക്കന്‍ സേന കോപ്പിയടിച്ചത് ഒരു ഉദാഹരണം മാത്രം.
റിവേഴ്സ് എഞ്ചിനിയറിങ്ങ് പ്രായോഗിക തലത്തില്‍
നിരവധി വ്യത്യസ്ത മേഖലകളില്‍ റിവേഴ്സ് എഞ്ചിനിയറിങ്ങ് ഉപയോഗപ്പെടുത്തുന്നുണ്ട്. വൈദ്യ ശാസ്ത്രത്തില്‍ അസ്ഥി രോഗ വിഭാഗത്തിലും ദന്ത വൈദ്യത്തിലുമെല്ലാം ഇതിന്‍റെ സാധ്യതകൾ ധാരാളമായി ഉപയോഗപ്പെടുത്താറുണ്ട്. ആനിമേഷന്‍ സിനിമയില്‍ ഇത് ധാരാളമായി പ്രയോജനപ്പെടുത്താറുണ്ട്. വ്യത്യസ്തമായ കെമിക്കലുകളുടെ കോമ്പോസിഷന്‍ കണ്ട് പിടിക്കുവാനും അതുപയോഗിച്ച് പുതിയവ രൂപകല്‍പ്പന ചെയ്യുവാനും ഇത് ഉപയോഗപ്പെടുത്തുന്നുണ്ട്.
റിവേഴ്സ് എഞ്ചിനിയറിങ്ങ് - നേട്ടങ്ങൾ
പുതിയ ഉല്‍പ്പന്നങ്ങൾ താരതമേന്യ കുറഞ്ഞ ചിലവില്‍ ഉല്‍പ്പാദിപ്പിക്കുവാന്‍ സാധിക്കുന്നു.
ഉല്‍പ്പന്നങ്ങൾക്ക് കുറഞ്ഞതായ മെയിന്‍റനന്‍സ് ചാർജ്ജ്
നിലവിലുള്ള ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരം ഉയർത്തുവാന്‍ സാധിക്കുന്നു
റിവേഴ്സ് എഞ്ചിനിയറിങ്ങ് – ചില നിയമ പ്രശ്നങ്ങൾ
പലപ്പോഴും റിവേഴ്സ് എഞ്ചിനിയറിങ്ങ് ചില നിയമ പ്രശ്നങ്ങളിലേക്ക് നീണ്ട് പോകാറുണ്ട്. ഒരു ഉല്‍പ്പന്നം കോപ്പി അടിക്കപ്പെടുന്നത് ഇന്‍റലക്ട്വല്‍ പ്രോപ്പർട്ടി റൈറ്റ്സിന്‍റെ പരിധിയില്‍ വരുമെന്നതിനാല്‍ തന്നെ ഒരു പക്ഷേ ഇത് നിയമ യുദ്ധത്തിലേക്ക് നയിച്ചേക്കാം. 

എന്നിരുന്നാല്‍ തന്നേയും പല കമ്പനികളും വ്യപകമായി ഉപയോഗപ്പെടുത്തുന്ന ഒന്നാണ് റിവേഴ്സ് എഞ്ചിനിയറിങ്ങ് എന്നത്.

മെഷിന്‍ ലേണിങ്ങ് – മാറുന്ന ബിസിനസ് ലോകം



ആർട്ടിഫിഷ്യല്‍ ഇന്‍റലിജെന്‍സ് എന്നത് ഒരിക്കല്‍ ഈ പംക്തിക്ക് വിഷയീഭവിച്ചതാണ്.  എന്നാല്‍ അതിലെ പുതു വസന്തമാണ് മെഷിന്‍ ലേണിങ്ങ് എന്നത്.  ആർട്ടിഫിഷ്യല്‍ ഇന്‍റലിജെന്‍സ് എന്നതിനെപ്പറ്റി മനുഷ്യന്‍ ചിന്തിക്കുവാന്‍ തുടങ്ങിയിട്ട് ആറ് പതിറ്റാണ്ടുകൾ കഴിഞ്ഞ് പോയിരിക്കുന്നു. ആ കൃത്രിമ ബുദ്ധിയുടെ പുതു വസന്തമാണ് മെഷിന്‍ ലേണിങ്ങ് എന്നത്.  ആർട്ടിഫിഷ്യല്‍ ഇന്‍റലിജെന്‍സിന്‍റെ ഉപമേഖലയാണ് മെഷിന്‍ ലേണിങ്ങ് എന്നത്.

എന്താണ് മെഷിന്‍ ലേണിങ്ങ്

യന്ത്രങ്ങളെ കാര്യങ്ങൾ പഠിപ്പിച്ചെടുക്കുകയാണ് ഇവിടെ ചെയ്യുന്നത്.  ഒരു പ്രത്യേക കാര്യം ചെയ്യുന്നതിനായി യന്ത്രങ്ങളെ ആയത് പഠിപ്പിച്ച് കൊടുക്കുന്നതാണിതെന്ന് ലളിതമായി പറയാം. മെഷിന്‍ ലേണിങ്ങില്‍ വിവിധ തരം സംവിധാനങ്ങളുണ്ടെങ്കിലും ഇപ്പോൾ അതിന്‍റെ ആകർഷണം നൂതന ആർട്ടിഫിഷ്യല്‍ റൂറല്‍ നെറ്റ്  വർക്കുകൾ തന്നെയാണ്. ഒരു മനുഷ്യന്‍റെ തലച്ചോറിന് സമാനമായ രീതിയില്‍ കംപ്യൂട്ടറുകളുടെ പ്രവര്‍ത്തനം നിര്‍മ്മിച്ചെടുക്കുന്നതാണ് ന്യൂറല്‍ നെറ്റ് വര്‍ക്കില്‍ സാധ്യമാവുന്നത്.  അനേകായിരം ചിത്രങ്ങളില്‍ നിന്ന് ഒരാളുടെ ചിത്രം തിരിച്ചറിയാന്‍ സാധിക്കുന്ന കംപ്യൂട്ടര്‍ സംവിധാനം ഇതിന്‍റെ ഏറ്റവും പ്രധാന ഉദാഹരണമാണ്. മുഖം തിരിച്ചറിയുന്നതിനോടൊപ്പം മുഖ ഭാവം തിരിച്ചറിയുന്നതും മെഷിന്‍ ലേണിങ്ങിന്‍റെ ഉദാഹരണമാണ്. അതായത് നമ്മൾ സന്തോഷത്തിലാണോ, ദുഖത്തിലാണോ, മനസ്സിനുള്ളില്‍ പ്രതിഷേധത്തിലാണോ എന്നുള്ളതൊക്കെ തിരിച്ചറിയുവാന്‍ കഴിയുന്ന മെഷിന്‍ ലേണിങ്ങ് ആപ്ലിക്കേനുകൾ വിജയകരമായി രംഗത്തുണ്ട്.  .  ഫേസ് ബുക്കും ഗൂഗിളുമെല്ലാം നാം ഇടുന്ന ഫോട്ടോയില്‍ നിന്നും നമ്മളെ തിരിച്ചറിഞ്ഞ് ടാഗ് ചെയ്യുന്നത് ഇതിലൂടെ ആണ്. അതായത് ഒരു പ്രശ്നത്തെ പരിഹരിക്കുന്നതിന് പ്രത്യേകം അല്‍ഗോരിതം ഉണ്ടാക്കുന്നതിന് പകരം മനുഷ്യന്‍ പ്രശ്നം പരിഹരിക്കുന്ന ഡേറ്റയില്‍ നിന്ന് കമ്പ്യൂട്ടർ സംവിധാനം പഠിച്ചെടുക്കുന്ന രീതിയാണ് മെഷിന്‍ ലേണിങ്ങ്.

മെഷിന്‍ ലേണിങ്ങ് പ്രവർത്തന മേഖല

കമ്പ്യൂട്ടറിന് കിട്ടുന്ന ഡേറ്റയില്‍ നിന്നാണ് അത് വിവരങ്ങൾ ശേഖരിച്ച് ഔട്ട് പുട്ട് നല്‍കുന്നത്. അത് സഞ്ചിതമായ ഒരു വിവര ശേഖരം ആണ്. ഇത് സ്ഥിതി വിവര കണക്കുകൾ ആവാം, ലേഖനങ്ങൾ ആവാം, ചിത്രങ്ങൾ ആവാം, ശബ്ദഫയലുകൾ ആവാം, വീഡിയോ ആവാം.  ഇതിനെ മെഷിന്‍ ലേണിങ്ങിന്‍റേതായ പ്രത്യേക പ്രോഗ്രാമുകൾ ഉപയോഗിച്ച് പ്രോസസ് ചെയ്യുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ തീരുമാനങ്ങൾ എടുക്കുവാനും നമുക്ക് നിർദ്ദേശങ്ങൾ നല്‍കുവാനും മെഷീനുകൾക്ക് സാധിക്കും. ഉദാഹരണമായി രണ്ട് ഭാഷകളില്‍ നിന്നുള്ള ഡേറ്റാ നല്‍കുക ആണെങ്കില്‍ വിവർത്തനം നടത്തുവാന്‍ പോലും മെഷിന്‍ സ്വയം പഠിക്കുന്നു. ഇങ്ങനെ നിരന്തരമായി നിരീക്ഷിക്കപ്പെടുവാന്‍ കഴിയുന്നതോ ഒരുപാട് ഡേറ്റ നമുക്ക് കൈവശം ഉള്ളതോ ആയ എന്ത് കാര്യത്തിനും മെഷിന്‍ ലേണിങ്ങ് ഉപയോഗിക്കാം.

മെഷിന്‍ ലേണിങ്ങ് – പ്രായോഗിക മേഖല

ഇന്ന് പല കമ്പനികളും മെഷിന്‍ ലേണിങ്ങ് ഉപയോഗിക്കുന്നുണ്ട്. വിവിധ മേഖലകളിലുട നീളം തട്ടിപ്പിന് സാധ്യതയുള്ള കാര്യങ്ങൾ കണ്ടെത്തുവാന്‍ ഇത് ഉപയോഗപ്പെടുത്തുന്നുണ്ട്. പേപാല്‍ കമ്പനി ദശലക്ഷക്കണക്കിന് ഇടപാടുകൾ കൈകാര്യം ചെയ്യുന്നതിനായി മെഷിന്‍ ലേണിങ്ങ് ഉപയോഗിക്കുന്നു. കള്ളപ്പണം വെളുപ്പിക്കുന്നതിനെതിരെ ഗവണ്‍മെന്‍റുകളും ഇത് പ്രയോജനപ്പെടുത്തുന്നുണ്ട്.

നമ്മൾക്ക് ഗൂഗിളില്‍ കുറേ തിരയിലിന് ശേഷവും ഉദ്ദേശിച്ച റിസൾട്ട് കിട്ടിയില്ല എങ്കില്‍ പിന്നീടുള്ള സെർച്ചില്‍ ബന്ധപ്പെട്ട റിസൾട്ടുകൾ ഗൂഗിൾ റെക്കമന്‍റെ ചെയ്യുന്നത് മെഷിന്‍ ലേണിങ്ങ് അൾഗോരിതങ്ങൾ മൂലമാണ്.

സ്റ്റോക്ക് മാർക്കറ്റുകൾ എന്ത് ചെയ്യുമെന്ന് പ്രവചിക്കുവാന്‍ മനുഷ്യനേക്കാളേറെ മെഷിന്‍ ലേണിങ്ങ് അൾഗോരിതങ്ങൾക്ക് കഴിയുന്നുണ്ട്. പല പ്രശസ്ത വ്യാപാര സ്ഥാപനങ്ങളും ഉയർന്ന വേഗത്തിലും ഉയർന്ന അളവിലും ട്രേഡുകൾ പ്രവചിക്കുവാനും നടപ്പിലാക്കുവാനും മെഷിന്‍ ലേണിങ്ങ് ഉപയോഗിക്കുന്നുണ്ടിപ്പോൾ.

ഡ്രൈവറില്ലാ സ്മാർട്ട് കാറുകളായിരിക്കും നാളെ നിരത്തുകളിലെന്നത് ഏറെക്കുറെ പ്രവചിക്കപ്പെട്ടയൊന്നാണ്. ഒരു സ്മാർട്ട് കാർ ഇന്‍റർനെറ്റ് ഓഫ് തിങ്സുമായി സംയോജിപ്പിക്കുക മാത്രമല്ല, അതിന്‍റെ ഉടമയെക്കുറിച്ചും പരിസ്ഥിതിയെക്കുറിച്ചും അറിയുകയും ഡ്രൈവിങ്ങ് സാഹചര്യങ്ങൾ റിപ്പോർട്ട് ചെയ്യുകയും പ്രശ്നങ്ങൾ സ്വയം പരിഹരിക്കുകയും ചെയ്യും. സ്വയം  ഡ്രൈവ് ചെയ്യുകയും ട്രാഫിക്കിനെക്കുറിച്ചും രോഡ് അവസ്ഥകളെക്കുറിച്ചും തല്‍സമയ ഉപദേശം നല്‍കുകയും ചെയ്യുന്ന കാര്യങ്ങൾ ഇന്‍റർനെറ്റ് ഓഫ് തിങ്ങ്സും മെഷിന്‍ ലേണിങ്ങും ഉപയോഗപ്പെടുത്തിക്കൊണ്ട് ചെയ്യുവാന്‍ സാധിക്കും.

ആളുകളുടെ രോഗ വിവരങ്ങൾ അറിയുകയാണെങ്കില്‍ രോഗ സാഹചര്യങ്ങൾ മുന്‍കൂട്ടി പ്രവചിക്കുവാന്‍ കഴിയുന്നതാണ്. ഇതും സാധിക്കുന്നത് മെഷിന്‍ ലേണിങ്ങ് വഴിയാണ്.  

വിമാനത്താവളങ്ങൾ, സ്റ്റേഡിയങ്ങൾ, മറ്റ് പ്രോഗ്രാമുകൾ നടക്കുന്ന വേദികൾ എന്നിവിടങ്ങളിലെ സുരക്ഷാ സ്ക്രീനിങ്ങുകളില്‍ തെറ്റായ അലാറങ്ങൾ ഇല്ലാതാക്കുവാനും മനുഷ്യർക്ക് നഷ്ടമായ വിവരങ്ങൾ കണ്ടെത്തുവാനും മെഷിന്‍ ലേണിങ്ങിന് സാധിക്കും. അത്  സുരക്ഷിതമായ ഈവന്‍റുകൾ ഉറപ്പാക്കുവാനും സഹായിക്കുന്നു.

വിവിധങ്ങളായ മാല്‍വെയറുകളെ കൃത്യതയോടെ പ്രവചിക്കുവാനും മെഷിന്‍ ലേണിങ്ങ് അല്‍ഗോരിതങ്ങൾക്ക് സാധിക്കും. ക്ലൌഡിലെ ഡേറ്റാ പാറ്റേണുകൾ തിരയുവാനും സുരക്ഷാ പ്രശ്നങ്ങൾ പ്രവചിക്കുവാനും അപാകതകൾ റിപ്പോർട്ട് ചെയ്യുവാനും മെഷിന്‍ ലേണിങ്ങ് ഉപയോഗപ്പെടുത്താറുണ്ട്.

മെഷിന്‍ ലേണിങ്ങ് ബിസിനസ്സ് ലോകത്തില്‍

ബിസിനസ്സില്‍ വലിയ മാറ്റങ്ങൾ വരുത്തുവാന്‍ പര്യാപ്തമായ ഒരു സാങ്കേതിക വിദ്യയാണ് മെഷിന്‍ ലേണിങ്ങ് എന്നത്.  

ഉപഭോക്താവിന്‍റെ ഫീഡ് ബാക്കുകൾ കൃത്യമായി വ്യാഖ്യാനിക്കുവാന്‍ ഇത് വഴി സാധിക്കുന്നതാണ്. മുന്‍കാല ഉല്‍പ്പന്ന ഉപഭോക്താക്കളുമായി ബന്ധപ്പെട്ട ഉപഭോക്തൃ ഡേറ്റാ വിശകലനം ചെയ്യുവാനും അവ വ്യാഖ്യാനിക്കുവാനും ഇത് വഴി കഴിയും. അതിനാല്‍ അവർക്ക് കൃത്യമായ പ്രവചനങ്ങൾ നടത്തുവാനും അത് വഴി ബിസിനസ്സ് മെച്ചപ്പെടുത്തുവാനും സാധിക്കും.  അത് കൊണ്ട് തന്നെ ഉപഭോക്താവിനാവശ്യമായ വസ്തുക്കൾ തിരിച്ചറിഞ്ഞ് ഏറ്റവും അനുയോജ്യമായ ഏഫറുകൾ ഒപ്റ്റിമൈസ് ചെയ്യുകയും ചെയ്യും.  അതിന്‍ഫലമായി ഉപഭോക്താക്കൾക്കാവശ്യമായ രീതിയില്‍ പരസ്യങ്ങൾ ആസൂത്രണം ചെയ്യുവാന്‍ കഴിയുന്നതാണ്. ഇത് മൂലം ഊഹക്കച്ചവടങ്ങളും ഫലപ്രദമല്ലാത്ത ക്യാപയിനുകളും ഒഴിവാക്കുവാനും സാധിക്കുന്നതാണ്.

ഉപഭോക്താക്കളുടെ പെരുമാറ്റ രീതികളുടെ അടിസ്ഥാനത്തില്‍ വില്‍പ്പന, വിപണന തന്ത്രങ്ങൾ നിരന്തരം അവലോകനം ചെയ്യുന്നതിനും പരിഷ്കരിക്കുന്നതിനും മെഷിന്‍ ലേണിങ്ങ് ഉപയോഗപ്പെടുത്തുവാന്‍ കഴിയും. അതിലൂടെ പ്രോഡക്ടിന് ആവശ്യമായ മാറ്റങ്ങൾ വരുത്തുവാനും മെച്ചപ്പെട്ട വിപണി കണ്ടെത്തുവാനും കഴിയും.
ബിസിനസ് സംബന്ധമായ പല പ്രശ്നങ്ങൾക്കും മെഷിന്‍ ലേണിങ്ങ് ഒരു പോംവഴിയാണ്. നിലവിലുള്ള ഡേറ്റയില്‍ നിന്നും ആവർത്തനമായി പഠിക്കുവാനും പ്രോഗ്രാം ചെയ്യാതെ മറഞ്ഞിരിക്കുന്ന സ്ഥിതി വിവരക്കണക്കുകളെ കണ്ടെത്തുവാന്‍ കമ്പ്യൂട്ടറുകളെ സഹായിക്കുവാനും അല്‍ഗോരിതങ്ങളെ പ്രേരിപ്പിക്കുന്ന ഒരു ഡേറ്റാ വിശകലന പ്രക്രിയയാണ് മെഷിന്‍ ലേണിങ്ങ് എന്നത്.  ഗൂഗിൾ, ആമസോണ്‍, മൈക്രോസോഫ്റ്റ് തുടങ്ങിയവർ അവരുടെ ക്ലൌഡ് മെഷിന്‍ ലേണിങ്ങ് പ്ലാറ്റ്ഫോമുകൾ സാരംഭിച്ചതോടെ എം എല്‍ ന് സമീപ കാലത്ത് പ്രാധാന്യം ഏറി.  ഇ മെയിലുകളില്‍ സ്പാം കണ്ടെത്തല്‍, ഫെയ്സ്ബുക്ക് നടത്തിയ ഇമേജ് അല്ലെങ്കില്‍ ഫെയ്സ് ടാഗിങ്ങ് എന്നിവ ഉദാഹരണമാണ്. തിരഞ്ഞെടുത്ത പദങ്ങളോ, സ്പാം ഫില്‍ട്ടർ ചെയ്യുന്നതിനുള്ള പാറ്റേണോ ജി മെയില്‍ തിരിച്ചറിയുമ്പോൾ, ഇമേജ് റെക്കഗ്നിഷ്യന്‍ രീതി ഉപയോഗിച്ച് അപ് ലോഡ് ചെയ്ത ചിത്രങ്ങൾ ഫെയ്സ്ബുക്ക് സ്വയം ടാഗ് ചെയ്യുന്നു.

ഡേറ്റകൾ ഉപയോഗിച്ച് ബിസിനസ്സുകളില്‍ തീരുമാനങ്ങളെടുക്കേണ്ടി വരുന്ന സന്ദർഭങ്ങളില്‍ എം എല്‍ പ്രയോജനപ്പെടുത്തുവാന്‍ കഴിയും. പക്ഷപാതരഹിതമായ ബിസിനസ്സ് തീരുമാനങ്ങളെടുക്കുവാന്‍ കഴിയുമെന്നതാണ് ഇതിന്‍റെ പ്രത്യേകത. 

വിവിധ ജോലിക്കാരെ തിരഞ്ഞെടുക്കുവാന്‍ നമുക്ക് മെഷിന്‍ ലേണിങ്ങ് ഉപയോഗപ്പെടുത്തുവാന്‍ കഴിയും. ഒരു ഉദ്യോഗാർത്ഥിയെ സംബന്ധിക്കുന്ന വിദ്യാഭ്യാസ യോഗ്യ.തകൾ, പരിശീലനം,  പ്രവൃത്തി പരിചയം, വിജ്ഞാന മേഖലകൾ തുടങ്ങിയവയെല്ലാം കൃത്യമായി വിശകലനം ചെയ്ത് ഏറ്റവും നല്ല ആൾക്കാരെ തിരഞ്ഞെടുക്കുവാന്‍ കഴിയുന്നതിലൂടെ കമ്പനിക്ക് അവരുടെ സമയവും പണവുമെല്ലാം ലാഭിക്കുവാന്‍ കഴിയുന്നു.

മെഷിന്‍ ലേണിങ്ങ് ഭാവിയില്‍


ആർട്ടിഫിഷ്യല്‍ ഇന്‍റലിജെന്‍സും മെഷിന്‍ ലേണിങ്ങും പല വ്യവസായങ്ങളിലും സോഫ്റ്റ്വെയർ പാക്കേജുകൾക്കുള്ളിലും ഏതാനും ചില വർഷങ്ങൾക്കുള്ളില്‍ നമ്മുടെ ദൈനം ദിന ജീവിതത്തിന്‍റെ ഭാഗമായി ഉണ്ടായിരിക്കും. ഗൂഗിൾ പറയുന്നു മെഷിന്‍ ലേണിങ്ങ് ആണ് ഭാവി. മനുഷ്യന്‍ മെഷിനുകൾക്ക് അടിമകളാവുമ്പോൾ ലോകം ഏറ്റെടുക്കുന്ന ഒരു പുതിയ വിപ്ലവത്തിന് മെഷിനുകൾ നേതൃത്വം വഹിക്കും. ഡീപ് ലേണിങ്ങ് സങ്കേതങ്ങൾ മെഷിനുകൾക്ക് മനുഷ്യ ബുദ്ധി നല്‍കുന്ന കാലം വരും.  പ്രധാന ഇന്‍ഡസ്ട്രികളെല്ലാം മെഷിന്‍ ലേണിങ്ങ് കീഴടക്കുമെന്നാണ് സാങ്കേതിക ലോകത്തിലെ പ്രവചനം. ഇന്‍റർനെറ്റ് ഓഫ തിങ്സിന്‍റെ ആവിർഭാവവും മെഷിന്‍ ലേണിങ്ങിന് ഗുണകരമായി തീർന്നിട്ടുണ്ട്. സൈബർ സുരക്ഷയുടെ കാര്യങ്ങൾ കൂടി പരിഹരിക്കപ്പെട്ടാല്‍ മെഷിന്‍ ലേണിങ്ങ് വലിയ കുതിച്ച് ചാട്ടങ്ങൾക്ക് തുടക്കം കുറിക്കുമെന്ന് പ്രത്യാശിക്കാം.

സംരംഭക സാധ്യതകളുടെ ക്ലൌഡ് കമ്പ്യൂട്ടിങ്ങ്




ആധുനിക കാലഘട്ടത്തിലെ സംരംഭകത്വം സാങ്കേതിക വിദ്യയിലധിഷ്ഠിതമാണ് എന്ന് പറഞ്ഞാല്‍ അത് അതിശയോക്തിയല്ല.  സാങ്കേതിക വിദ്യയുടെ വളർച്ചക്കൊപ്പം മുന്‍കാലഘട്ടങ്ങളില്‍   ചി ന്തിക്കുവാന്‍ പോലും കഴിയാതിരുന്ന നിരവധി സംരംഭങ്ങള്‍ ഈ അടുത്തിടെ സംജാതമാകുന്നതോടൊപ്പം നിലവിലുള്ള സംരംഭങ്ങള്‍ക്ക് പുത്തന്‍ നിർവ്വചനങ്ങള്‍ നല്‍കപ്പെടുന്നതും നമ്മുടെ കണ്‍മുന്നില്‍ കാണുന്ന കാഴ്ചയാണ്. ഇന്‍റർനെറ്റിന്‍റെ വളർച്ച നമ്മുടെ സംരംഭകത്വ സ്വപ്നങ്ങള്‍ക്ക് ആക്കം കൂട്ടുന്നയൊന്നാണ്. കമ്പ്യൂട്ടറും ഇന്‍റർനെറ്റും ബിസിനസ്സില്‍ ഏതറ്റം വരെയും സംരംഭകത്വത്തെയെത്തിക്കുമെന്ന് പ്രവചിക്കുവാന്‍ പോലും കഴിയാത്ത അവസ്ഥയാണിന്ന്.  സ്മാർട്ട് ഫോണുകള്‍ സാധാരണക്കാരന്ന് പോലും പ്രാപ്യമായതും കുറഞ്ഞ ചിലവില്‍ ഡേറ്റാ ലഭ്യമായതുമെല്ലാം ഇന്‍റർനെറ്റ് അധിഷ്ഠിത സംരംഭങ്ങളുടെ വളർച്ചക്ക് ആക്കം കൂട്ടിയ ഘടകങ്ങളാണ്.  


വിവര സാങ്കേതിക വിദ്യയില്‍ നാമിപ്പോള്‍ ഏറ്റവും കൂടുതല്‍ കേള്‍ക്കുന്ന ഒരു വാക്കാണ് ക്ലൌഡ് കമ്പ്യൂട്ടിങ്ങ് എന്നത്.  എവിടെ ചെന്നാലും ഏത് കമ്പ്യൂട്ടർ ഉപയോഗിച്ചാലും നമ്മുടെ ഫയലുകളും ലഭ്യമാവുക, മുന്നിലിരിക്കുന്ന ഉപകരണം ശേഷി കുറഞ്ഞ ഒരു ഫോണ്‍ ആയാല്‍ പോലും അതില്‍ അതി ശക്തമായ ഒരു സെർവ്വറിന്‍റെ കഴിവുകള്‍ കൊണ്ടു വരിക. ലളിതമായ ഭാഷയില്‍ പറഞ്ഞാല്‍ ഇതാണ് ക്ലൌഡ് കമ്പ്യൂട്ടിങ്ങ്. സ്വന്തം കമ്പ്യൂട്ടറിലെ ഗൂഗിള്‍ ഡ്രൈവിനപ്പുറം ഇന്‍റർനെറ്റില്‍ ഫയലുകള്‍ സൂക്ഷിക്കുന്ന ക്ലൌഡ് സ്റ്റോറേജ് മുതല്‍ സ്വയം വളരുന്ന സെർവ്വറുകള്‍ വരെ പല തലങ്ങളിലുള്ളയൊന്നാണ് ആധുനിക കാലഘട്ടത്തില്‍ ക്ലൌഡ് എന്നത്.  പ്രധാനപ്പെട്ട ഫയലുകളെല്ലാം ഏതെങ്കിലും ഒരു ഓണ്‍ലൈന്‍ സേവനത്തില്‍ സൂക്ഷിക്കുക എന്നത് മാത്രമാണ് സാധാരണക്കാരന് ക്ലൌഡ്. സ്ഥാപനത്തിന്‍റെ ഫയലുകള്‍ ഒരു കേന്ദ്രീകൃത സംവിധാനത്തില്‍ സൂക്ഷിക്കുകയും അതില്‍ വർക്ക് ചെയ്യുവാന്‍ ഉദ്യോഗസ്ഥർക്ക് അവസരമൊരുക്കുകയുമാണ് ഒരു ഓഫീസ് അന്തരീക്ഷത്തില്‍ ക്ലൌഡ് എന്നത്. അതിനായുള്ള റെഡിമെയ്ഡ് ക്ലൌഡ് സേവനങ്ങളും  ലഭ്യമാണ്. എന്നാല്‍ വലിയ കമ്പനികള്‍ക്ക് തങ്ങളുടേതായ ക്ലൌഡുകള്‍ സൃഷ്ടിക്കേണ്ടതുണ്ട്. 


അതായത് ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറുകളിലും ലാപ്ടോപ്, സ്മാർട്ട്ഫോണ്‍, ടാബ്ലെറ്റ് കമ്പ്യൂട്ടർ തുടങ്ങിയ മൊബൈല്‍ ഉപകരണങ്ങളിലും പേഴ്‍സണല്‍ ഡേറ്റകളും ആപ്ലിക്കേഷനുകളും സൂക്ഷിച്ച് വക്കുന്ന പഴയ രീതിക്ക് പകരം ഇന്‍റർനെറ്റ് വഴി ദൂരെയുള്ള സെർവ്വറുകളില്‍ ഡേറ്റ പ്രോസസ് ചെയ്യുകയും ഫയലുകള്‍ സൂക്ഷിക്കുകയും ചെയ്യുന്ന രീതിയാണ് ക്ലൌഡ് കമ്പ്യൂട്ടിങ്ങ്. ഗൂഗിളിന്‍റെ ക്ലൌഡ് സ്റ്റോറേജ് സേവനമായ ഗൂഗിള്‍ ഡ്രൈവിന്‍റെ ഭാഗമായ ക്ലൌഡ് ഓഫീസ് സ്യൂട്ട് ആണ് ഗൂഗിള്‍ ഡോക്സ്, ഷീറ്റ് & സ്ളൈഡ്സ്. ജി മെയില്‍ അക്കൌണ്ട് ഉള്ളവർക്കെല്ലാം ഈ സേവനങ്ങള്‍ ഉപയോഗിക്കാവുന്നതാണ്. 


ചില ക്ലൌഡ് തുടക്കങ്ങള്‍


നാലാം വ്യാവസായിക വിപ്ലവത്തില്‍ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കപ്പെടുന്ന ഒന്നാവും ക്ലൌഡ് സേവനങ്ങള്‍.  രാജ്യമെമ്പാടും ഈ സേവനങ്ങളുടെ വേഗത കൂട്ടുവാനായി ഇന്ത്യയുടെ ക്ലൌഡ് ഇനിഷ്യേറ്റീവ് ആണ് Megh Raj. ഇതില്‍ ഇ – ഗവണ്‍മെന്‍റ് ആപ്ലിക്കേഷനുകളുടെ വിന്യാസവും മറ്റും ഉള്‍പ്പെടുന്നു. ഇതിന്‍റെ നേതൃത്വം വഹിക്കുന്നത് എന്‍ ഐ സി ആണ്. ക്രോസ്സ് ബോർഡർ ഡേറ്റാ ഫ്ലോ, ഡേറ്റാ സെക്യൂരിറ്റി, ഡേറ്റാ ലൊക്കേഷന്‍, നീതി ന്യായ പരിപാലനം തുടങ്ങിയ കാര്യങ്ങള്‍ ക്ലൌഡ് സർവ്വീസുകളില്‍ ഉള്‍പ്പെടുത്താന്‍ ഗവണ്‍മെന്‍റ് ആലോചിക്കുന്നു. https://cloud.gov.in/ എന്ന വെബ് പോജ് വഴി ക്ലൌഡ് സേവനങ്ങള്‍ ലഭ്യമാണ്. ക്ലൌഡ് കമ്പ്യൂട്ടിങ്ങിന്‍റെ എല്ലാ സേവനങ്ങളും Megh Raj ഓഫർ ചെയ്യുന്നുണ്ട്.


ഗവണ്‍മെന്‍റ് ക്ലൌഡിലെ ലോക ലീഡറാണ് യു എസ് ഗവണ്‍മെന്‍റ്. അവരുടെ 50 ഓളം എജന്‍സി സർവ്വീസുകള്‍ ക്ലൌഡ് കമ്പ്യൂട്ടിങ്ങിലേക്ക് ഏകീകരിച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെ അവർക്ക് മില്യണ്‍ കണക്കിന് ഡോളർ അത് വഴി സേവ് ചെയ്യുവാന്‍ സാധിച്ചു. ഹെയ്തിയില്‍ ദുരന്തം വിതച്ച ഭൂമി കുലുക്കത്തില്‍ നിരവധി പേരാണ് മരിച്ചത്. അന്ന് രക്ഷാ പ്രവർത്തനങ്ങള്‍ സംയോജിപ്പിക്കാന്‍ എന്‍ എസ് എയും ഓപ്പണ്‍ ക്ലൌഡ് ഗ്രൂപ്പ് ഇനിഷ്യേറ്റീവും ചേർന്ന് വികസിപ്പിച്ച പ്രോജക്ട് ആണ് Project Matsu. ഇതിലൂടെ ക്ലൌഡ് ടെക്നോളജികളും ഡിസ്ട്രിബ്യൂട്ടഡ് കമ്പ്യൂട്ടിങ്ങും യോജിപ്പിച്ച് കൊണ്ട് ദുരന്ത സ്ഥലങ്ങളുടെ സാറ്റലൈറ്റ് ഇമേജുകള്‍ രൂപപ്പെടുത്തി അപ്റ്റുഡേറ്റ് മാപ്പിങ്ങുകള്‍ ഉപയോഗിച്ചായിരുന്നു രക്ഷാപ്രവർത്തനം സംയോജിപ്പിച്ചു കൊണ്ടിരുന്നത്.
ഹ്യൂമന്‍ ജീനോമിക്സ് എന്നത് വളരെ വിപുലമായ പഠന ശാഖയാണ്. വളരെയധികം കമ്പ്യൂട്ടേഷണല്‍ പവറും വളരെ വലിയ ഡേറ്റാ സെന്‍റേഴ്സും 3 മില്ല്യണോളം ഡി എന്‍ എ ബേസ് പെയറുകള്‍ അനലൈസ് സയന്‍റിസ്റ്റുകള്‍ ഉപയോഗിച്ച് വരുന്ന ബയോനിംബസ് എന്ന ഓപ്പണ്‍ സോഴ്സ് ക്ലൌഡ്, ജീനോമിക്സ് ഡേറ്റായെ ഷെയർ ചെയ്യുന്നതിനും ജീനോമിക് ഡേറ്റാ സെന്‍ററുകളെ തമ്മില്‍ കണക്ട് ചെയ്ത് ഡേറ്റാ അനാലിസിസിനും ഉപയോഗപ്പെടുത്തുന്നുണ്ട്.


ക്ലൌഡും സംരംഭകത്വ സാധ്യതകളും


സാധാരണക്കാരന് ക്ലൌഡ് സേവനങ്ങള്‍ക്ക് വേണ്ടി ഗൂഗിള്‍ ഡോക്സും ക്ലൊഡ് കമ്പ്യൂട്ടിങ്ങും പോലുള്ള സൌജന്യ സേവനങ്ങള്‍ മതിയാകും. എന്നാല്‍ അതല്ല ഒരു വന്‍ കിട സ്ഥാപനത്തിന്‍റെ അവസ്ഥ. അടിസ്ഥാന ആശയങ്ങള്‍ സമാനമാണെങ്കിലും സ്ഥാപനങ്ങളുടെ ആവശ്യങ്ങള്‍ മുന്നില്‍ കണ്ട് പ്രത്യേക ആപ്ലിക്കേഷനുകള്‍ തയ്യാറാക്കുകയും അത് ജീവനക്കാർക്കെല്ലാം ലഭ്യമാക്കുകയും ചെയ്യേണ്ടി വരും.  ഇത് എങ്ങനെ സജ്ജമാക്കുന്നു എന്നതിനെ അനുസരിച്ച് അതിനെ പ്രൈവറ്റ് എന്നും പബ്ലിക് എന്നും വിളിക്കുന്നു.


ക്ലൌഡ് സബ്രദായത്തിലേക്ക് മാറുവാന്‍ ആപ്ലിക്കേഷനുകള്‍ സജ്ജീകരിച്ചിരിക്കുന്നതും ഫയലുകള്‍ സൂക്ഷിക്കുന്നതും സെർവ്വറുകളിലാണ്. ഒരു സ്ഥാപനത്തിന് വേണ്ട സെർവ്വറുകളും നെറ്റ് വർക്ക് സൌകര്യവുമെല്ലാം കേന്ദ്രീകരിച്ചിട്ടുള്ള ഇടമാണ് ഡേറ്റാ സെന്‍റർ. ഇങ്ങനെയുള്ള ഡേറ്റാ സെന്‍ററുകള്‍ സ്വന്തമായി ഉപയോഗിച്ച് ക്ലൌഡ് സംവിധാനം പ്രവർത്തിപ്പിക്കുന്നതാണ് പ്രൈവറ്റ് ക്ലൌഡുകള്‍.  ചെറുകിട കമ്പനികള്‍ക്ക് ഇങ്ങനെയുള്ള ക്ലൌഡ് സംവിധാനങ്ങള്‍ ഒരുക്കിക്കൊടുക്കുന്ന സേവനങ്ങള്‍ ചെയ്യുന്ന കമ്പനികളായി സ്റ്റാർട്ടപ്പുകള്‍ക്ക് പ്രവർത്തിക്കാവുന്നതാണ്. സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, നെറ്റ്വർക്ക് വിദഗ്ദർ തുടങ്ങിയ ആളുകള്‍ അവിടെയുണ്ടാവണം.


സ്വന്തം ഡേറ്റാ സെന്‍റർ ഉപയോഗിക്കുന്നതിന് പകരം സ്ഥാപനത്തിന്‍റെ ക്ലൌഡ് ആവശ്യങ്ങള്‍ മറ്റൊരു കമ്പനിയെ ഏല്‍പ്പിക്കുന്നതാണ് പബ്ലിക് ക്ലൌഡ്.  ആമസോണ്‍, മൈക്രോസോഫ്റ്റ് തുടങ്ങി ഒരുപാട് കമ്പനികള്‍ ഇങ്ങനെ മറ്റുള്ളവർക്ക് ക്ലൌഡ് സേവനം ലഭ്യമാക്കുന്നുണ്ട്. ഒരു ഡേറ്റാ സെന്‍റർ നിർമ്മിച്ച് നടത്തിക്കൊണ്ട് പോവുക എന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ല. പണവും അധ്വാനവും ഏറെ വേണം. വൈദ്യുതി, നെറ്റ് വർക്കിങ്ങ് പ്രശ്നങ്ങള്‍, സോഫ്റ്റ് വെയർ, ഹാർഡ് വെയർ അപ്ഡേറ്റുകള്‍, സൈബർ ആക്രമണങ്ങള്‍ എന്നിവയെല്ലാം പതിവായി പരിഗണിക്കേണ്ട വിഷയങ്ങള്‍ ആണ്. ഈ തലവേദനയൊന്നും പബ്ലിക് ക്ലൌഡില്‍ ഉണ്ടാവുന്നില്ല. അതെല്ലാം നോക്കാന്‍ മറ്റൊരു കമ്പനിയുണ്ട്.  ഇത്തരം സേവനങ്ങള്‍ മറ്റ് കമ്പനികള്‍ക്ക് കൊടുക്കുന്ന കമ്പനികള്‍ എന്നത് ഈ രംഗത്തെ ഒരു സംരംഭക സാധ്യതയാണ്.


ഇന്‍റർനെറ്റ് ഓഫ് തിങ്ങ്സും ക്ലൌഡ് കമ്പ്യൂട്ടിങ്ങും സമന്വയിപ്പിക്കപ്പെട്ടത് ഈ രംഗത്തെ സാധ്യതകള് വർദ്ധിപ്പിക്കുന്ന ഒന്നാണ്. ഫിസിക്കല്‍ ഡിവൈസുകള്‍ ഇന്‍റർനെറ്റുമായി കണക്ട് ചെയ്തിരിക്കുന്നതാണ് ഇന്‍റർനെറ്റ് ഓഫ് തിങ്സ് (IoT) എന്നത്. ഹോം ഓട്ടോമേഷന്‍ പോലുള്ള സംവിധാനങ്ങള്‍ ഇന്ന് ഐ ഓ റ്റിയിലാണ് പ്രവർത്തിക്കുന്നത്.  IoT വഴി ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ഡേറ്റയെ ബിഗ് ഡേറ്റ എന്നാണ് വിളിക്കുന്നത്. ഇതിനെ പ്രോസസ് ചെയ്യണമെന്നുണ്ടുവെങ്കില്‍ ക്ലൌഡ് പ്ലാറ്റ് ഫോമുകള്‍ അനിവാര്യമാണ്. ഐ ഓ റ്റി ക്ലൌഡ് കമ്പ്യൂട്ടിങ്ങുമായി കണക്ട് ചെയ്യപ്പെടുമ്പോഴുണ്ടാകുന്ന സാധ്യതകള്‍ അനവധിയാണ്. വളരെയേറെ കമ്പനികള്‍ ഇന്ന് ഐ  ഓ റ്റിയും ക്ലൌഡ് കമ്പ്യൂട്ടിങ്ങും കണക്ട് ചെയ്ത് കൊണ്ട് പുതിയ പരീക്ഷണങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നു. ചെറിയ ഐ ഓ റ്റി സ്റ്റാർട്ടപ്പുകള്‍ മുതല്‍ വലിയ ഐ ഓ റ്റി സ്റ്റാർട്ടപ്പുകള്‍ വരെ ഇന്ന് ക്ലൌഡ് കമ്പ്യൂട്ടിങ്ങിന്‍റെ വിവിധ മേഖലകള്‍ പ്രയോജനപ്പെടുത്തി വരുന്നു. ഐ ഓ റ്റി ക്ലൌഡ് ഇന്ന് ഏറെ ചർച്ച ചെയ്യപ്പെടുന്ന ക്ലൌഡ് കമ്പ്യൂട്ടിങ്ങ് പ്ലാറ്റ്ഫോമിന്‍റെ ഒരു മുഖമാണ്.


ക്ലൌഡ് കമ്പ്യൂട്ടിങ്ങിന്‍റെ ഒരു ഭാഗമാണ് വെർച്വലൈസേഷന്‍. ഒരു കമ്പ്യൂട്ടർ സിസ്റ്റത്തില്‍ ഒന്നിലധികം ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങള്‍ റണ്‍ ചെയ്യുന്നതാണ് വെർച്വലൈസേഷന്‍ എന്ന് ഒറ്റ വാക്കില്‍ പറയാം. വെർച്വല്‍ മെഷീനുകള്‍ റണ്‍ ചെയ്യുവാനാവശ്യമായ റിസോഴ്സുകള്‍ (മെമ്മറി, പ്രോസസിങ്ങ് പവർ, ഹാർഡ് വെയർ) മുതലായവയെല്ലാം ക്ലൌഡില്‍ നിന്നും റെന്‍റായി ലഭിക്കുന്ന സംവിധാനമാണുള്ളത്. പ്രത്യേക സോഫ്റ്റ് വെയറുകളാണ് ഇതിന് ഉപയോഗിക്കുന്നത്. ഈ സംവിധാനം ഒരുക്കുന്ന കമ്പനികള്‍ക്കും ഇവിടെ പ്രവർത്തിക്കാവുന്നതാണ്. 


തൊഴില്‍ സാധ്യതകള്‍

നിലവിലുള്ള ഓർഗനൈസേഷനുകളും ഐ ടി കമ്പനികളും എല്ലാം തന്നെ അവരുടെ ഫിസിക്കല്‍ സ്റ്റോറേജ് സിസ്റ്റങ്ങളില്‍ നിന്നും ക്ലൌഡിലേക്ക് മാറി കൊണ്ടിരിക്കുകയാണ്. ആയതിനാല്‍ ക്ലൌഡ് കമ്പ്യൂട്ടിങ്ങ് മേഖല അടുത്ത നാലു വർഷങ്ങളില്‍ ഇന്ത്യയില്‍ത്തന്നെ 3 ലക്ഷത്തോളം പ്രൊഫഷണലുകളെ ആവശ്യമായി വരുമെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.


ഒരു കമ്പനിയുടെ ക്ലൌഡ് എൻവിയോണ്‍മെന്‍റിനെ മാനേജ് ചെയ്യുന്ന ആളാണ് ക്ലൌഡ് ആർക്കിടെക്റ്റ്. ലിനക്സ്, യൂനിക്സ്, സോലാരിസ്, ഉബുണ്ടു, വിന്‍ഡോസ് തുടങ്ങിയ ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളെക്കുറിച്ച് നല്ല ധാരണയുള്ളവരായിരിക്കണം ഇവർ. നിലവിലുള്ള ക്ലൌഡ് പ്ലാറ്റ്ഫോമുകളില്‍ നിന്നും തങ്ങള്‍ക്കാവശ്യമായ പ്ലാന്‍ തിരഞ്ഞെടുക്കുകയും അതിന്‍റെ ഡിസൈനുമെല്ലാം നേതൃത്വം നല്‍കുകയുമാണ് ഇവരുടെ ചുമതല. ക്ലൌഡ് ആർക്കിടെക്ട് സർട്ടിഫിക്കേഷന്‍ ഈ മേഖലയിലെ സർട്ടിഫിക്കേഷന് ഉദാഹരണമാണ്. ആമസോണ്‍ നല്‍കുന്ന സർട്ടിഫിക്കേഷനാണ് ഇതില്‍ പ്രധാനം.  സർട്ടിഫൈഡ് സൊലൂഷന്‍സ് ആർക്കിടെക്റ്റ് – അസ്സോസിയേറ്റ് (AWS) എന്നാണ് ഇതറിയപ്പെടുന്നത്.
ക്ലൌഡ് ആപ്ലിക്കേഷനുകളുടെ ഡവലപ്മെന്‍റ് ആണ് ക്ലൌഡ് ഡവലപ്പർമാരുടെ ചുമതല. കമ്പ്യൂട്ടർ സയന്‍സില്‍ ഡിഗ്രി അനിവാര്യമാണ്. ക്ലൌഡ് ആപ്ലിക്കേഷനുകള്‍ നിർമ്മിക്കാനുപയോഗിക്കുന്ന പ്രധാന പ്രാഗ്രാമിങ്ങ് ലാംഗ്വേജുകളായ പൈത്തന്‍, ജാവ, സി++, റൂബി, പി എച്ച് പി, ജാവാ സ്കിപ്റ്റ്, എസ് ക്യു എല്‍ എന്നിവയെക്കുറിച്ചെല്ലാം വ്യക്തമായ ധാരണയുണ്ടാവണം.


ക്ലൌഡ് ആപ്ലിക്കേഷന്‍ ഡെവലപ്മെന്‍റുമായി ബന്ധപ്പെട്ട റിസ്കുകള്‍ കണ്ടെത്തുക, സെക്യൂരിറ്റി റിസ്കുകള്‍ തിരിച്ചറിയുക തുടങ്ങിയവയില്‍ ക്ലൌഡ് ഡവലപ്പറെ സഹായിക്കുക എന്നിവയാണ് ഒരു ക്ലൌഡ് സെക്യൂരിറ്റി സ്പെഷ്യലിസ്റ്റിന്‍റെ ചുമതല. AWS സർച്ചിഫിക്കേഷനാണ് ഏറെ അഭികാമ്യം.


ഇന്ന് ഈ മേഖലയില്‍ നിരവധി കോഴ്സുകളുണ്ട്. കെല്‍ട്രോണ്‍ ക്ലൌഡ് അടിസ്ഥാനത്തിലുള്ള ഡിപ്ലോമാ കോഴ്സുകള്‍ നല്‍കുന്നുണ്ട്. കൂടാതെ സ്വകാര്യ സ്ഥാപനങ്ങളും Amazon Web Services Certification, Microsoft Asure Cloud Certification Training, Google Cloud Certification Training, IBM Cloud Certification Training, VM Ware Training തുടങ്ങിയ നിരവധി സർട്ടിഫിക്കേഷന്‍ പ്രോഗ്രാമുകളും കോഴ്സുകളും നല്‍കി ഇവിടെയുണ്ട്.


സാധ്യതകളുടെ വലിയൊരു ആകാശമാണ് ക്ലൌഡ് നമ്മുടെ മുന്‍പില്‍ തുറന്നിടുന്നത്. സർട്ടിഫിക്കേഷനുള്‍ നേടുന്ന അഭ്യസ്ത വിദ്യരായ യുവതലമുറയുടെ നോട്ടം കോർപ്പറേറ്റുകളിലേക്കാവാതെ സാധ്യതകള്‍ തിരിച്ചറിഞ്ഞ് നൂതന സംരംഭങ്ങളുമായി മുന്‍പോട്ട് വന്നാല്‍ അത് നമ്മുടെ നാടിന്‍റെ വികസനത്തിന് ഏറെ സഹായകരമാകുന്നതിന് പക്ഷാന്തരമില്ല.

Friday, 21 June 2019

ആനിമേഷന്‍ അതിരുകളില്ലാത്ത ഭാവനയുടെ ലോകം



സംരംഭമെന്ന് കേൾക്കുമ്പോൾ അരിപ്പൊടിയും തയ്യല്‍ക്കടയും മാത്രം ചിന്തിച്ചിരുന്ന കാലത്തില്‍ നിന്നും നാം മാറുകയാണ്.  സാങ്കേതിക വിദ്യ.യുടെ കടന്ന് കയറ്റം സംരംഭകത്തിലേക്കെത്തുന്നതിന്‍റെ ഗുണങ്ങൾ പലതാണ്. അതിലൊന്നാണ് യുവതലമുറക്ക് സംരംഭകത്തോടു വന്നിട്ടുള്ള കാഴ്ചപ്പാട്. സാങ്കേതിക രംഗത്ത് തന്നെ നിരവധി സംരംഭങ്ങൾ ആരംഭിക്കുവാന്‍ കഴിയുന്ന കാലഘട്ടത്തിലേക്ക് നാം മാറുമ്പോൾ വൈറ്റ് കോളർ ജോലി എന്നത് പോലെ തന്നെ ഗ്ലാമറുള്ള ഒന്നായി ഇതും മാറുന്നുണ്ട്. കാരണം പഠിച്ച സാങ്കേതിക വിദ്യയില്‍ തന്നെ ഊന്നി ജോലി ചെയ്യുവാന്‍ കഴിയുമെന്ന മെച്ചമിതിനുണ്ട്. മുന്‍ തലമുറ ചിന്തിച്ചിരുന്നത് പോലെ ഒരു ജോലിയും ഇല്ലാത്തവർക്കുള്ളതാണ് ബിസിനസ് എന്ന കാഴ്ടപ്പാടില്‍ നിന്നും  പുതിയ കാലത്തെ തലമുറ മാറി ചിന്തിക്കുവാന്‍ സാങ്കേതിക വിദ്യ സഹായിച്ചു എന്നുള്ളതിന് പക്ഷാന്തരമില്ല. ആയതിനാല്‍ തന്നെ സ്റ്റാർട്ടപ്പുകൾ ഏറെ ഉയർന്ന് വരുന്നുമുണ്ട്.  

സാങ്കേതിക ലോകത്തെ സംരംഭക സാധ്യതകൾ നിരവധിയാണ്. അതിലൊന്നാണ് വിനോദ വ്യവസായ രംഗം.  അതില്‍ പ്രധാനപ്പെട്ടയൊന്നാണ് ആനിമേഷന്‍ മേഖല.  ഒന്നുമില്ലാത്തയിടത്ത് നിന്നും പുതിയ കാലത്തെ ഒരു സംഭവത്തെ സൃഷ്ടിച്ചെടുക്കുന്നതാണ് ആനിമേഷന്‍ എന്ന് പറയുന്നത്.

അല്‍പ്പം ചരിത്രം

ആനിമേഷന്‍ വ്യവസായ രംഗത്ത് ഇന്ത്യയുടെ രംഗ പ്രവേശനം വളരെ വൈകി ആയിരുന്നു. ആയതിനാല്‍ത്തന്നെ വളരെ ബൃഹത്തായ ചരിത്രമൊന്നും ഇതിന് അവകാശപ്പെടാനില്ല. മനുഷ്യ നേത്രത്തിന്‍റെ പ്രത്യേകതയായ വീക്ഷണ സ്ഥിരത (Persistence of Vision) അടിസ്ഥാനമാക്കി പത്തൊന്‍പതാം നൂറ്റാണ്ടിന്‍റെ മധ്യ കാതഘട്ടത്തില്‍ ആരംഭിച്ച കലാ രൂപമാണ് ആനിമേഷന്‍. ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ ഇന്ത്യയില്‍ ഉണ്ടായിരുന്ന നിഴല്‍ പാവക്കൂത്തുകൾ (Shadow Puppet) ആനിമേഷന്‍റെ ആദി കാല രൂപങ്ങളായി കണക്കാക്കപ്പെടുന്നു. ഇന്ത്യയില്‍ ആനിമേഷന്‍റെ സാധ്യതകൾ പരീക്ഷിച്ച ആദ്യ വ്യക്തി ഇന്ത്യന്‍ സിനിമയുടെ പിതാവെന്ന് അറിയപ്പെടുന്ന ദാദാ സാഹിബ് ഫാല്‍ക്കേയാണ്.

ആനിമേഷനുകൾ പല തരം

കമ്പ്യൂട്ടർ സോഫ്റ്റ്വെയറുകളുടെ സഹായത്തോടെയാണ് ഇന്ന് ആനിമേഷന്‍ ചിത്രങ്ങളും സിനിമകളും തയ്യാറാക്കുന്നത്. എന്നാല്‍ സാങ്കേതിക വിദ്യകൾ വികാസം പ്രാപിച്ചിട്ടില്ലാത്ത കാലഘട്ടത്തിലും ആനിമേഷന്‍ ചിത്രങ്ങൾ തയ്യാറാക്കിയിരുന്നു. ഓരോ കാലഘട്ടത്തിലും ലഭ്യമായ ആനിമേഷന്‍ ടെക്നിക്കുകളായിരുന്നു ഉപയോഗിച്ചിരുന്നത്. ആയതിനാല്‍ത്തന്നെ പല തരത്തിലുള്ള ആനിമേഷനുകൾ ഉണ്ട്.

പരമ്പരാഗത ആനിമേഷന്‍ രീതി (Traditional Animation)

സെല്‍ ആനിമേഷന്‍, ഹാന്‍ഡ് ഡ്രോണ്‍ ആനിമേഷന്‍ എന്നി പോരുകളില്‍ അറിയപ്പെടുന്ന ട്രെഡിഷണല്‍ ആനിമേഷന്‍ രീതിയാണ് ഇരുപതാം നൂറ്റാണ്ടില്‍ ആനിമേറ്റഡ് സിനിമകളില്‍ ഏറെയും ഉപയോഗിച്ചിരുന്നത്. ആനിമേഷന്‍ സീക്വന്‍സിലെ ഓരോ ചലനങ്ങളും ഓരോ ഫ്രെയിമായി കൈ കൊണ്ട് വരച്ചുണ്ടാക്കുന്ന രീതിയായിരുന്നു ഇത്. ഏറെ സമയം ഇതിനായി ചിലവഴിക്കേണ്ടതുണ്ടായിരുന്നു.

കമ്പ്യൂട്ടർ ആനിമേഷന്‍

കമ്പ്യൂട്ടറിന്‍റെ സഹായത്തോടെ ആനിമേഷന്‍ ഡിജിറ്റലായി ചിത്രീകരിക്കുന്നതാണ് കമ്പ്യൂട്ടർ ആനിമേഷന്‍ എന്നത്.  2 D ആനിമേഷന്‍, 3 D ആനിമേഷന്‍ എന്നിങ്ങനെ 2 തരമുണ്ടിത്.  ദ്വിമാന തലത്തില്‍ ചിത്രീകരിക്കുന്നവയാണ് 2 D ആനിമേഷന്‍. ആയതിനാല്‍ത്തന്നെ ഇടത്തേക്കും വലത്തേക്കും മാത്രമേ ഇതില്‍ ചലനമുണ്ടാക്കുവാന്‍ സാധ്യമാവുകയുള്ളു. ഒരിക്കലും പ്രേക്ഷകന്‍റെ നേരെ വരികയോ അകന്ന് പോവുകയോ ചെയ്യുകയില്ല. അഡോബ് ഫോട്ടോ ഷോപ്പ്, ഫ്ലാഷ്, ആഫ്റ്റർ ഇഫക്ട് തുടങ്ങിയ സോഫ്റ്റ്വെയറുകൾ ഇതിനുപയോഗിക്കുന്നു. പരസ്യങ്ങൾ, ഗെയിമുകൾ, ടെലിവിഷന്‍ ഷോകൾ, പവർ പോയിന്‍റ് ആനിമേഷന്‍ എന്നിവിടങ്ങളിലെല്ലാം  ഉപയോഗിക്കുന്നത് 2 D ആനിമേഷന്‍ ആണ്.

എന്നാല്‍ പ്രത്യേക 3 D സോഫ്റ്റ്വെയറിന്‍റെ സഹായത്തോടെ ക്യാരക്ടറുകളുടെ 2 D മോഡലുകൾ തയ്യാറാക്കി ത്രിമാന തലത്തില്‍ ആനിമേറ്റ് ചെയ്യുന്നതാണ് 3 D ആനിമേഷന്‍.  യാഥാർത്ഥ്യം എന്ന തോന്നലുളവാക്കുന്ന ഒബജക്ടുകളും സീനുകളും സൃഷ്ടിക്കുവാന്‍ 3D ആനിമേഷന്‍ ആണുപയോഗിക്കുന്നത്.  ട്രാന്‍സ്ഫോർമേഷന്‍, അവതാർ, ദി അവലഞ്ചേഴ്സ് പോലുള്ള ലൈവ് ആക്ഷന്‍ സിനിമകൾ ആസ്വാദ്യകരമാക്കിയത് അതിലെ 3D എലമെന്‍റുകളാണ്. 2 D ആനിമേഷനില്‍ നിന്നും 3D ആനിമേഷനില്‍ നിന്നുള്ള പ്രധാന വ്യത്യാസം 3D യില്‍ വിഡ്ത്തിനും ഹൈറ്റിനും ഉപരി ഡെപ്ത്ത് കൂടി നല്‍കുന്നു എന്നതാണ്.

ഇത് കൂടാതെ പേപ്പർ കട്ടൌട്ട് അല്ലെങ്കില്‍ ക്ലേ മോഡലുകളില്‍ തയ്യാറാക്കുന്ന ഒബജക്ടുകളുടെ ഇമേജ് ഉപയോഗിച്ച് തയ്യാറാക്കുന്ന സ്ലോപ് മോഷന്‍ ആനിമേഷന്‍ മറ്റൊരു തരമാണ്.

ആനിമേഷന്‍ - വ്യത്യസ്ത ജോലികൾ

അല്‍പ്പം കലാ വാസനയും സാങ്കേതിക അറിവുമുള്ളവർക്ക് വിവിധങ്ങളായ സംരംഭങ്ങൾ ആരംഭിക്കുവാന്‍ കഴിയുന്നയൊന്നാണ് ആനിമേഷന്‍ രംഗം. എന്നാല്‍ ഈ രംഗത്തുള്ള വിവിധങ്ങളായ ജോലികൾ ഏവയെന്നുള്ള തിരിച്ചറിവ് ഉണ്ടായിരിക്കുന്നത് സ്റ്റാർട്ടപ്പുകൾ ആരംഭിക്കുന്നവർക്ക് ഏറെ പ്രയോജനപ്രദമാണ്.  ആനിമേഷന്‍ എന്നത് ഒരു മൾട്ടി ടാസ്കിങ്ങ് പ്രൊജക്ട് ആണ്.  ആയതിനാല്‍ വിവിധങ്ങളായ ജോലികൾ ഈ മേഖലയിലുണ്ട്.

സ്റ്റോറി ബോർഡ് ആർട്ടിസ്റ്റ്

ആനിമേഷനില്‍ ഒരു ഫ്രെയിമില്‍ നിന്നും മറ്റൊന്നിലേക്കുള്ള രംഗങ്ങൾ ശ്രേണികളായി ദൃശ്യവല്‍ക്കരിക്കുകയാണ് സ്റ്റോറി ബോർഡ് ആർട്ടിസ്റ്റിന്‍റെ ജോലി.  ആയതിനാല്‍ത്തന്നെ വരക്കുവാനുള്ള കഴിവ് ഇവിടെ പ്രധാനപ്പെട്ടതാണ്.

3D മോഡലർ

വരച്ചുണ്ടാക്കിയ ക്യാരക്ടറുകളുടേയും രംഗങ്ങളുടേയും ത്രിമാന കമ്പ്യൂട്ടർ മോഡലുകൾ തയ്യാറാക്കുക എന്നതാണ് മോഡലറുടെ ജോലി. സാങ്കല്‍പ്പികമായ എന്തിന്‍റേയും 3D മോഡലുകൾ നിർമ്മിക്കുവാന്‍ കഴിയുന്ന സോഫ്റ്റ് വെയറുകൾ ഇന്ന് ലഭ്യമാണ്. ടെലി വിഷന്‍ പരസ്യങ്ങൾ, ഗെയിമുകൾ, ഹോളിവുഡ് സിനിമൾ വരെ 3D മോഡലറുടെ കരവിരുതാണ്. കൂടാതെ ശാസ്ത്ര ഗവേഷണങ്ങൾക്കുള്ള മോഡലുകൾ നിർമ്മിക്കുവാനും ഇത് ഉപയോഗിക്കുന്നുണ്ട്.

ടെക്സചർ ആർട്ടിസ്റ്റ്

ക്യാരക്ടറുകളുടെയൊക്കെ 3D മോഡലുകൾ തയ്യാറായിക്കഴിഞ്ഞാല്‍ അവയിലേക്ക് ഉപരിതല സവിശേഷതകൾ സന്നിവേശിപ്പിക്കുകയാണ് ഇവരുടെ ജോലി. ഇതിനായി സ്പെഷ്യല്‍ സോഫ്റ്റ്വെയറുകൾ ഇപ്പോൾ ലഭ്യമാണ്.

റിഗ്ഗിങ്ങ് ആർട്ടിസ്റ്റ്

ടെക്സ്ചറിന് ശേഷം മോഡലുകൾക്ക് അസ്ഥികൂടം നല്‍കുന്നവരാണിവർ. മോഡലുകളുടെ ചലനം നിയന്ത്രിക്കുന്നവരാണിവർ.

ആനിമേറ്റർ

ഒരു ക്യാരക്ടറിന് ജീവന്‍ പകരുന്നവരാണിവർ. പ്രത്യേക സോഫ്റ്റ്വെയറുകളുടെ സഹായത്താലാണിത് സാധ്യമാവുന്നത്.

കമ്പോസിറ്റർ

നിർമ്മാണ പ്രക്രിയയില്‍ ഏറ്റവും പ്രാധാന്യമുള്ളവരാണിവർ. വിവിധങ്ങളായ ക്യാരക്ടറുകളും ബാക്ക് ഗ്രൌണ്ടും ഒരൊറ്റ ആനിമേഷന്‍ ഫ്രെയിമിലാക്കി കോർത്തിണക്കുന്നവരാണിവർ.


ഇതൊന്നും കൂടാതെ ആനിമേഷന്‍ മേഖലയില്‍ നിരവധി വ്യത്യസ്തങ്ങളായ ജോലികളുണ്ട്. യഥാർത്ഥത്തില്‍ ചിത്രീകരിക്കുന്ന രംഗങ്ങളിലേക്ക് കമ്പ്യൂട്ടർ നിർമ്മിത രംഗങ്ങൾ കൂട്ടിച്ചേർക്കുന്ന സ്പെഷ്യല്‍ ഇഫക്ട് ആർട്ടിസ്റ്റുകൾ, ആനിമേറ്റർ നല്‍കുന്ന ഡ്രോയിങ്ങുകൾ ആവശ്യമെങ്കില്‍ സോഫ്റ്റ്വെയർ സഹായത്തോടെ ക്ലീന്‍ അപ് വർക്കുകൾ ചെയ്തെടുത്ത ശേഷം ഫോട്ടോഷോപ്പ് പോലുള്ള വിവിധങ്ങളായ സോഫ്റ്റ്വെയറുകളുപയോഗിച്ച് വർണ്ണാഭമായ ഫ്രെയിമുകളിലാക്കുന്നവ ഡിജിറ്റല്‍ ഇങ്ക് & പെയിന്‍റിങ്ങ്  ആർട്ടിസ്റ്റ്, ബാക്ക് ഗ്രൌണ്ട് സീനുകളൊക്കെ പ്രകാശ പൂരിതമാക്കുന്ന ലൈറ്റിങ്ങ് ആർട്ടിസ്റ്റ്, തുടങ്ങി നിരവധി വ്യത്യസ്തമായ തൊഴിലുകളാല്‍ സമ്പന്നമാണ് ഈ മേഖല.

ആനിമേഷന്‍ ഇന്‍ഡസട്രിയില്‍ കുറ്റാന്വേഷകർക്ക് തെളിവുകൾ തയ്യാറാക്കി കുറ്റകർത്യങ്ങൾ തെളിയിക്കാനാവും വിധം രംഗങ്ങൾ പുനരാവിഷ്കരിക്കുന്ന ഫോറന്‍സിക് ആനിമേറ്റർ ഈ മേഖലയിലെ മറ്റൊരു പ്രധാനപ്പെട്ട ജോലിയാണ്.

ആനിമേഷന്‍ സാധ്യതകൾ

സംരംഭക രംഗത്ത് നിരവധി സാധ്യതകളുള്ളതാണ് ആനിമേഷന്‍ മേഖല.  ഫിലിം, ടെലിവിഷന്‍, വീഡിയോ ഗെയിം,, മൊബൈല്‍ ആപ്സ്,,  വെബ്സൈറ്റുകൾ തുടങ്ങിയ രംഗങ്ങളിലൊക്കെ നിരവധി വ്യത്യസ്തങ്ങളായ സേവന സംരംഭങ്ങൾ ഈ രംഗത്ത് ആരംഭിക്കുവാന്‍ കഴിയും. സോഫ്റ്റ്വെയർ കമ്പനികൾ, ആർക്കിടെക്ചർ സ്ഥാപനങ്ങൾ, സയന്‍സ്, മെഡിക്കല്‍ ലോബറട്ടറികൾ, പ്രോഡക്ട് ഡിസൈന്‍ സ്ഥാപനങ്ങൾ, ഇന്‍റീരിയർ ഡിസൈന്‍ സ്ഥാപനങ്ങൾ തുടങ്ങിയവയും ഈ മേഖലയിലെ സാധ്യതകളാണ്.'

നാളത്തെ ആനിമേഷന്‍ രംഗം

ആർട്ടിഫിഷ്യല്‍ ഇന്‍റലിജെന്‍സിന്‍റേയും മെഷിന്‍ ലേണിങ്ങിന്‍റേയുമെല്ലാം അപാര സാധ്യതകളാണ് ഇനി ആനിമേഷന്‍ രംഗത്തെ മാറ്റിമറിക്കുവാന്‍ പോകുന്നത്. യഥാർത്ഥ വ്യക്തിയുടെ ചലനങ്ങൾ പിടിച്ചെടുത്ത് 3 D മോഡല്‍ കഥാ പാത്രങ്ങങൾക്ക് നല്‍കുന്ന സാങ്കേതിക വിദ്യയാണ് മോഷന്‍ പിക്ചർ. അതിനായി അഭിനേതാക്കൾ സെന്‍സറുൾ ഘടിപ്പിച്ച ഡ്രസ്സുകൾ ധരിക്കണമായിരുന്നു. വളരെ ചിലവേറിയതായ ഇതിന് ഇപ്പോൾ സമൂല മാറ്റം സംഭവിച്ചിരിക്കുന്നു. അഭിനേതാക്കൾക്കൾക്ക് സെന്‍സറുകൾ വേണ്ടായെന്നായിരിക്കുന്നു. അല്ലാതെ തന്നെ അവരഭിനയിച്ച വീഡിയോകളില്‍ നിന്ന് അവരുടെ ചലനങ്ങൾ കമ്പ്യൂട്ടറില്‍ സൃഷ്ടിച്ച് 3 D മോഡലുകൾക്ക് നല്‍കുവാന്‍ കഴിയുന്ന രീതിയില്‍ ഈ രംഗം വികാസം പ്രാപിച്ചിരിക്കുന്നു. ഇഷ്യ നടന്‍റെ വീഡിയോയില്‍ നിന്ന് മാത്രം അദ്ദേഹത്തിന്‍റെ ചലനങ്ങൾ 3D മോഡലിന് നല്‍കുവാന്‍ കഴിയുമെന്നർത്ഥം.

ഫെയ്സ് റെക്കഗനൈസേഷന്‍ എന്നത് ഇന്ന് സ്മാർട്ട് ഫോണുകളിലെ ഒരു സാധാരണ ഫീച്ചർ മാത്രമാണ്.  ഇത് ഒരു മെഷിന്‍ ലേണിങ്ങ് അൾഗോരിതം വഴിയാണ് സാധ്യമാവുന്നത്. കണ്ണിന്‍റേയും മൂക്കിന്‍റേയുമെല്ലാം സ്ഥാനം ഫോണിനെ പഠിപ്പിക്കുകയാണ് ഇവിടെ  ചെയ്യുന്നത്.  ഇതേ സാങ്കേതിക വിദ്യയാണ് വീഡിയോ അടിസ്ഥാനമാക്കിയുള്ള മോഷന്‍ ക്യാപ്ചറില്‍ ഉപയോഗിക്കുന്നത്. ഭാവിയിലെ ഡ്രൈവർ ഇല്ലാത്ത വാഹനങ്ങളില്‍ ഈ സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നത്.  റോഡിലെ എല്ലാ ചലനങ്ങളും കാറിനെ പഠിപ്പുവാന്‍ കഴിയുന്ന തരത്തിലേക്കാണ് ഭാവിയിലെ ആനിമേഷന്‍റെ പ്രയാണം.


ഇന്നിപ്പോൾ സിനിമയില്‍ കൃത്രിമമായി തെരുവുകൾ സൃഷ്ടിക്കുന്നത് സാധാരണമാണ്. എന്നാലിനി അതിന്‍റെ ആവശ്യമുണ്ടാവില്ല എന്ന രീതിയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. എന്നാലിനി കമ്പ്യൂട്ടറിന്‍റെ ഡേറ്റാ ബേസില്‍ 100 തെരുവുകളുടെ ചിത്രങ്ങളുണ്ടുവെങ്കില്‍ നൂറ്റി ഒന്നാമതൊന്ന് കൃത്രിമമമായി സൃഷ്ടിക്കുവാന്‍ സാങ്കേതിക വിദ്യക്കാവും. മാത്രവുമല്ല ആനിമേഷന്‍ വഴി ജീവിച്ചിരുന്നിട്ടില്ലാത്ത മനുഷ്യരുടെയൊക്കെ യഥാർത്ഥ രൂപം തന്നെ സൃഷ്ടിക്കുവാന്‍ കഴിയുമെന്ന് പറയുമ്പോൾ ആനിമേഷന്‍ എന്ന സാങ്കേതിക വിദ്യയുടെ കടന്ന് കയറ്റം എത്രത്തോളമുണ്ടുവെന്ന് വ്യക്തമാണല്ലോ.

ഇന്നിപ്പോൾ  3D സ്കാനറുകൾ ലഭ്യമാണ്. ഒരു വസ്തുവിന്‍റെ രൂപം 3D സ്കാനറുകൾ ഉപയോഗിച്ച് സ്കാന്‍ ചെയ്ത് 3D മോഡലുകൾ ആക്കുകയാണിവിടെ ചെയ്യുന്നത്. എന്നാലിതിന് പരിമിതികളുണ്ട്. വലിയൊരു കെട്ടിടത്തിന്‍റെ കാര്യം വരുമ്പോഴാണ് ഇതിന്‍റെ പരിമിതി മനസ്സിലാവുന്നത്. എന്നാല്‍ ആ കെട്ടിടത്തിന്‍റെ വിവിധങ്ങളായ ഫോട്ടോകളില്‍ നിന്നും 3D മോഡലുകൾ

സാധാരണ ഗതിയില്‍ ഒരു സിനിമക്ക് പ്രി പ്രൊഡക്ഷന്‍, പ്രൊഡക്ഷന്‍, പോസ്റ്റ് പ്രൊഡക്ഷന്‍ എന്നീ മൂന്ന് ഭാഗങ്ങളുണ്ട് എന്ന് നമുക്കറിയാം. ഇത്രയും പറഞ്ഞത് പ്രി പ്രൊഡക്ഷന്‍റെ കാര്യമാണെങ്കില്‍ റിയല്‍ ടൈം പ്രൊഡക്ഷന്‍ ആയിരിക്കും നാളത്തെ ട്രെന്‍ഡ്.  ഒരു കാലത്ത് ഡെയിമുകൾ നിർമ്മിക്കുവാന്‍ മാത്രം ഉപയോഗിച്ചിരുന്ന ഗെയിം എഞ്ചിനുകളാണ് സിനിമയുടെ നിർമ്മാണ മേഖലയിലേക്കും കടന്ന് വന്നിരിക്കുന്നത്. സിനിമയിലെ പോസ്റ്റ് പ്രൊഡക്ഷന്‍ വർക്കുകളായ ലൈറ്റിങ്ങ്, എഡിറ്റിങ്ങ്, ഗ്ലാഡിങ്ങ്, സിമുലേഷന്‍, ക്യാമറ, എഫ് എക്സ്,  റിയല്‍ ടൈം റെന്‍റിങ്ങ് എന്നിവ ഒരേ സമയം ഇവിടെ സംഭവിക്കുന്നു.  നിർമ്മാണ സമയത്ത് തന്നെ നിറവും. ടെക്ചറും, ലൈറ്റിംഗും കാണാനാകുന്നു എന്നതാണ് റിയല്‍ ടൈം റെന്‍ററിങ്ങ് എന്നത് കൊണ്ടുദ്ദേശിക്കുന്നത്.

ഈ സാങ്കേതിക വിദ്യ അനു നിമിഷവും മാറിക്കൊണ്ടിരിക്കുന്നത് ഈ രംഗത്തുള്ള സംരംഭകർക്ക് ഒരു വെല്ലു വിളിയാണ്. മാറുന്ന സാങ്കേതിക വിദ്യക്കൊപ്പം മാറുവാന്‍ തയ്യാറായില്ലായെങ്കില്‍ പിന്‍തള്ളപ്പെടുമെന്നതിന് പക്ഷാന്തരമില്ല തന്നെ.