Saturday, 2 February 2019

എഡ്യൂടെക് – വളരുന്നയൊരു സംരംഭകത്വ മേഖല


സംരംഭക സാധ്യതകള്‍ ഏറെയുള്ള മേഖലയാണ് ഭക്ഷ്യ സംസ്കരണവും വസ്ത്ര നിർമ്മാണവും. കാരണം ഇത് രണ്ടും ജാതി മത ഭേദമെന്യേ, പ്രായ വ്യത്യാസമില്ലാതെ എല്ലാവർക്കും ആവശ്യമുള്ളയൊന്നാണ്. അത് പോലെ തന്നെയാണ് കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസത്തിന് നാം കൊടുക്കുന്ന പ്രാധാന്യവും. ആഹാരം, വസ്ത്രം, പാർപ്പിടം എന്ന മനുഷ്യന്‍റെ അടിസ്ഥാന ആവശ്യങ്ങളുടെ ക്രമം ഇന്ന് ആഹാരവും വസ്ത്രവും കഴിഞാല്‍ വിദ്യാഭ്യാസമെന്നതിലേക്ക് കാര്യങ്ങള്‍ മാറിയിട്ടുണ്ട്.  അതിനാല്‍ത്തന്നെ നിരവധി സംരഭാവസരങ്ങള്‍ ഈ മേഖലയിലുണ്ട്. ഉല്‍പ്പാദന മേഖലയിലും സേവന മേഖലയിലുമെല്ലാം നിരവധി സാധ്യതകള്‍ പുതുതായി ഉടലെടുക്കുന്നുണ്ട്.  സർക്കാരിന്‍റെ നയങ്ങളില്‍ വന്ന മാറ്റവും ആശാവഹമാണ്. ഒപ്പം പൊതു ജനങ്ങളുടെ കാഴ്ചപ്പാടില്‍ വന്ന വ്യത്യാസവും ഇന്‍റർനെറ്റിന്‍റെ അതിവ്യാപനവും സ്മാർട്ട് ഫോണുകളുടേയും മൊബൈല്‍ ആപ്ലിക്കേഷനുകളുടെ പ്രചാരവും ഹൈടെക് വിദ്യാഭ്യാസത്തിനും അതു വഴിയുള്ള സംരംഭക സാധ്യതകള്‍ക്കും ആക്കം കൂട്ടിയ ഘടകങ്ങളാണ്.
വിദ്യാഭ്യാസ രംഗം അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഒരു മേഖലയാണ്. ആരോഗ്യ രംഗം കഴിഞ്ഞാല്‍ രണ്ടാം സ്ഥാനത്താണ് ലോക വിദ്യാഭ്യാസ രംഗം. നിലവിലെ ഇന്ത്യന്‍ വിദ്യാഭ്യാസ കമ്പോളത്തില്‍ വന്‍ കുതിച്ചുചാട്ടമാണ് കൈവന്നിരിക്കുന്നത്. ഇന്ത്യയിലെ ജനസംഖ്യ നിരക്ക് ഈ വളര്‍ച്ച ആവശ്യപ്പെടുന്നുണ്ട്. വിദ്യാഭ്യാസ രംഗത്തെ വളര്‍ച്ച ഒരു രാജ്യത്തിന്റെ വികസനത്തെ വളരെ അധികം ആശ്രയിച്ചിരിക്കുന്നു. അതിനാല്‍ തന്നെ സര്‍ക്കാരുകളും സംരഭകരും വിദ്യാഭ്യാസമേഖലയില്‍ തങ്ങളുടെതായ മുതല്‍ മുടക്കുകള്‍ ധാരാളം നടത്തുന്നുണ്ട്. സാങ്കേതിക വിദ്യയും വിദ്യാഭ്യാസ രംഗത്ത് ഏറെ മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. വിര്‍ച്ച്വല്‍ ക്ലാസ് റൂമുകള്‍ പോലുള്ളവ ഇതിന് ഉദാഹരണമാണ്. വിദ്യാഭ്യാസ രംഗവും വിദ്യാര്‍ത്ഥികളും പഠനത്തിനാവശ്യമായ എല്ലാത്തരം സാങ്കേതിക വിദ്യകളെയും നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. അതിനാല്‍ തന്നെ ധാരാളം സംരഭകരും വിദ്യാഭ്യാസ രംഗത്ത് മുതല്‍ മുടക്കാനായി മുന്നോട്ട് വരുന്നുണ്ട്.
കേരളത്തിലെ പൊതു വിദ്യാഭ്യാസ മേഖലയില്‍ ഈ അടുത്ത കാലത്തായി ഉണ്ടായിട്ടുള്ള മാറ്റങ്ങള്‍ ആശാവഹമാണ്.  ആയതിനാല്‍ത്തന്നെ വിദ്യാഭ്യാസ മേഖലയിലുള്ള സ്റ്റാർട്ടപ്പുകള്‍ക്ക് നല്ല കാലമായിരിക്കും ഇനി.  ഇതിന് പുത്തന്‍ സാങ്കേതിക വിദ്യയുടെ പിന്തുണയുമാകുമ്പോള്‍ ഇതു വരെ ചിന്തിക്കാത്ത നിരവധി സംരംഭക സാധ്യതകള്‍ ഉടലെടുക്കുന്നത് കാണുവാന്‍ കഴിയും. കേരളത്തിന്റെ വികസനക്കുതിപ്പിന് വേഗതയും കരുത്തും പകരേണ്ട ഊര്‍ജദായിനിയാണ് പൊതുവിദ്യാഭ്യാസ സംവിധാനം. അവയെ കാലോചിതമായി വികസിപ്പിക്കുന്നതിനായാണ് സമഗ്ര വിദ്യാഭ്യാസ നവീകരണ മിഷന്‍ ആവിഷ്കരിച്ചിരിക്കുന്നത്. സ്കൂളിലെത്തുന്ന ഓരോ കുട്ടിയുടെയും സവിശേഷതകളും പരിമിതികളും തിരിച്ചറിഞ്ഞ്, വേണ്ട ഇടപെടലുകളിലൂടെ ഓരോരുത്തരുടെയും വ്യക്തിപരമായ മികവുകളും കഴിവും പരമാവധി പോഷിപ്പിക്കുകയാണ് ലക്ഷ്യം. സങ്കേതങ്ങളുടെയും സമ്പ്രദായങ്ങളുടെയും സമന്വയത്തിലൂടെ അടുത്ത തലമുറയെ സാമൂഹിക ബോധമുള്ള പൗരരും മെച്ചപ്പെട്ട മനുഷ്യരുമായി വാര്‍ത്തെടുക്കുന്നതിനുള്ള ശ്രമമാണിത്.

ഒന്ന് മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ എല്ലാ കുട്ടികള്‍ക്കും ഓരോ ക്ലാസിലും കൈവരിക്കേണ്ട ശേഷികളും ധാരണകളും നേടി അന്തര്‍ദേശീയ നിലവാരത്തില്‍ സ്കൂള്‍ പഠനം പൂര്‍ത്തിയാക്കുന്നതിനുള്ള സംവിധാനം വരുന്ന അഞ്ച് വര്‍ഷത്തിനകം പൊതുവിദ്യാലയങ്ങളില്‍ ഉറപ്പു വരുത്തുക എന്നതാണ് ഇതിന്റെ ലക്ഷ്യങ്ങളിലൊന്ന്. ഇതിനു വേണ്ടി ഇപ്പോള്‍ പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം അളക്കേണ്ടതുണ്ട്. ശാസ്ത്രം, ഗണിതശാസ്ത്രം, ഭാഷാശേഷികള്‍ എന്നിവയെ അടിസ്ഥാനപ്പെടുത്തിയുള്ള ഒരു ബേസ് ലൈന്‍ സൃഷ്ടിച്ചതിന് ശേഷം 2017 ജൂണ്‍ മുതലുള്ള അക്കാദമിക വര്‍ഷത്തെ സ്കൂള്‍തല ഇടപെടലുകളിലൂടെ ആരംഭിച്ച് 2021 മാര്‍ച്ച് വരെ ഓരോ വിദ്യാലയവും നേടേണ്ട നിലവാരം കേരള പൊതു വിദ്യാഭ്യാസ ലക്ഷ്യങ്ങള്‍ (Kerala Education Missions Agenda 2021) നിര്‍വചിക്കും.

ഈ പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസ മേഖലയിലെ സംരംഭക സാധ്യതകള്‍ക്ക് പ്രസക്തിയേറുന്നത്. വിവര സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തിയുള്ള നിരവധി വ്യത്യസ്തങ്ങളായ സംരംഭങ്ങള്‍ക്ക് ഈ രംഗത്ത് സാധ്യതകള്‍ ഏറെയാണ്. കണ്ടന്റ് ക്രിയേഷന്‍, സ്‌കില്‍ ഡെവലപ്പമെന്റ് ആന്റ് ട്രെയിനിംഗ്, എക്‌സ്പിരിമെന്റല്‍ ലേണിങ്ങ്, സോഷ്യല്‍ നെറ്റ്വര്‍ക്ക് ഫോര്‍ സ്റ്റുഡന്‍സ്, മൊബൈല്‍ ആപ്പ്‌സ് തുടങ്ങിയവയുമായി ബന്ധപ്പെട്ട് ധാരാളം സ്റ്റാര്‍ട്ടപ്പുകള്‍ രംഗത്തെത്തിക്കഴിഞ്ഞു. വിദ്യാഭ്യാസ രംഗത്തെ പിന്തുണയ്ക്കാനായി ധാരാളം സംരഭകര്‍ മുന്നോട്ടുവരുന്നുമുണ്ട്. 

ഗുണനിലവാരമില്ലാത്ത വിദ്യാഭ്യാസം, പഴഞ്ചന്‍ പഠന രീതി, അടിസ്ഥാന  വികസന സൌകര്യങ്ങളുടെ കുറവ് എന്നിവയെല്ലാം ഗ്രാമീണ വിദ്യാഭ്യാസ രംഗം മന്ദഗതിയാകുന്നതിന്റെ വിവിധ കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നു. നാഗരിക വിദ്യാഭ്യാസവും ഗ്രാമീണ വിദ്യാഭ്യാസവും തമ്മിലുള്ള അന്തരമില്ലാതാക്കുവാന്‍ സഹായിക്കുന്ന ചില സ്റ്റാർട്ടപ്പുകളെങ്കിലും ഈ മേഖലയിലുണ്ട്.

ലേണിങ്ങ് ഡിലൈറ്റ്

ഡിജിറ്റല്‍ ലേണിങ്ങ് ടൂളുകളായ റിഡില്‍സ്, ക്വിസ്, ആനിമേഷന്‍ എന്നിവയിലൂടെ വിദ്യാർത്ഥികളുടെ പഠനം പ്രോത്സാഹിപ്പിക്കുന്ന സംരംഭമാണ് ലേണിങ്ങ് ഡിലൈറ്റ്. 2010 ല്‍ ഹർഷാല്‍ ഗോഹില്‍, വന്ദന്‍ കംദാർ എന്നിവർ ചേർന്ന് തുടങ്ങിയ സംരംഭം ഡിജിറ്റല്‍ പാഠ്യ പ്രവർത്തനങ്ങളില്‍ അധ്യാപകർക്കും വളരെയധികം സഹായകമാണ്. ഗുജറാത്തിലെ രാജ്കോട്ട് ആസ്ഥാനമായി പ്രവർത്തിക്കുന്ന സംരംഭം നിലവില്‍ സംസ്ഥാനത്തെ ഒന്‍പതോളം ജില്ലകളിലായി 4400 ഗ്രാമീണ സർക്കാർ സ്കൂളുകളില്‍ വിജയകരമായി പ്രവർത്തിക്കുന്നുണ്ട്.

പാഠശാല ലേണിങ്ങ് സൊല്യൂഷന്‍സ്

രജീബ് ചൌധരി, സോനാല്‍ സേഥ് എന്നിവർ ചേർന്ന് തുടങ്ങിയ ഈ നൂതന സംരംഭം വിദ്യാർത്ഥികള്‍ക്ക് ടെക്നോളജി അധിഷ്ഠിത സൌകര്യങ്ങള്‍ നല്‍കുന്ന ഒരു കണ്‍സള്‍ട്ടിങ്ങ് സ്ഥാപനമാണ്. വിവിധ നൈപുണ്യ വികസന പരിപാടികള്‍, യോഗ, എക്സപിരിമെന്‍റല്‍ ലേണിങ്ങ് എന്നിവയെല്ലാം പാഠശാല ലേണിങ്ങ് സൊല്യൂഷന്‍സ് ആവിഷ്കരിച്ച് നടപ്പിലാക്കുന്നുണ്ട്.

ക്ലാസില്‍

വിദ്യാർത്ഥികളും അധ്യാപകരും തമ്മിലും, നൈപുണ്യ ജനതയും തൊഴില്‍ ദാതാക്കളും തമ്മിലുള്ള വിടവ് നികത്തുവാന്‍ സഹായിക്കുന്ന സംരംഭമാണ് ക്ലാസില്‍. ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ സംരംഭം ലോജിസ്റ്റിക്സ്, ഭാഷാ നൈപുണ്യം, ടെക്നോളജി റീച്ച് എന്നിവയില്‍ കൂടുതല്‍ പരിപാടികള്‍ ഉള്‍ക്കൊള്ളിച്ചാണ് വിവിധ നൈപുണ്യ വികസന പരിപാടികള്‍ ആവിഷ്കരിച്ചിരിക്കുന്നത്. ഇന്ത്യയിലെ വിവിധ ഗ്രാമീണ മേഖലയിലുള്ളവർക്കായി മൊബൈല്‍ വഴിയുള്ള നൈപുണ്യ സേവനങ്ങളും പരിശീലനങ്ങളും ഇവർ ഒരുക്കുന്നുണ്ട്.

മലയാളികള്‍ക്ക് അഭിമാനമായി ബൈജൂസ് ആപ്പ്

ലോകത്തിലെ തന്നെ ഏറ്റവും വലിയ ലേണിങ്ങ് ആപ്പ് ആയി മാറിക്കൊണ്ടിരിക്കുകയാണ് ബൈജൂസ് ആപ്പ് എന്ന എഡ്യുക്കേഷന്‍ ആപ്ലിക്കേഷന്‍.  കണ്ണൂർ അഴീക്കല്‍ സ്വദേശിയായ ബൈജു രവീന്ദ്രന്‍ ആണ് ഇതിന്‍റെ സ്ഥാപകന്‍.  ഇന്ത്യയിലെ വിദ്യാഭ്യാസ സംബന്ധിയായ മത്സരപരീക്ഷകൾക്ക് വേണ്ടി തയ്യാറെടുക്കുന്ന ഉദ്യോഗാർഥികൾക്ക് വേണ്ടിയുള്ള ഒരു മൊബൈൽ ആപ്ലിക്കേഷനാണ് ബൈജൂസ് ആപ്പ്. ബാംഗ്ലൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഒരു സ്റ്റാർട്ട്‌അപ്പ് സംരംഭമാണ് ബൈജൂസ്. പ്രധാനമായും 4 മുതൽ 12 വരെ ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് വേണ്ടിയുള്ള കോഴ്സുകൾ ഓൺലൈൻ ആയി പഠിപ്പിക്കുന്ന ഒരു മൊബൈൽ ആപ്പ് ആണ് ഇത്. ഫേസ്ബുക്ക് സി ഈ ഓ ആയ മാർക്ക് സുക്കർബർഗിന്‍റെ  മകളുടെ പേരിലുള്ള ചാരിറ്റിയായ ചാൻസ് സുക്കർബർഗ് ഫൌണ്ടേഷൻ ഈ സംരഭത്തിലേക്ക് പണം നിക്ഷേപിച്ചിട്ടുണ്ട്.  അധ്യാപകന്‍-വിദ്യാര്‍ഥി-ക്ലാസ്മുറികള്‍ തുടങ്ങിയ പരമ്പരാഗത രീതീയില്‍ നിന്ന് വ്യത്യസ്തമായി എവിടെയും എപ്പോഴും ഏത് വിഷയങ്ങളിലും ക്ലാസുകള്‍ ലഭ്യമാകുന്നു  എന്നതാണ് ബൈജുസ് ആപ്പിന്റെ പ്രത്യേകത. ക്ലാസ് മുറികളില്‍ നിന്ന് ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ ഫലപ്രദമായി പഠിക്കാന്‍ വിദ്യാര്‍ഥികളെ സഹായിക്കുന്ന ആപ്പ് ഇന്ന് രാജ്യത്ത് വളരെ അധികം പ്രചാരം നേടിയിരിക്കുകയാണ്. നൂറ് തവണ പറഞ്ഞ് കേട്ടത് മനസ്സില്‍ തങ്ങുന്നതിലും വേഗത്തില്‍ ഒരു തവണ കണ്ട കാഴ്ച, കുട്ടികളുടെ മനസ്സില്‍ ആഴത്തില്‍ പതിയുന്നു എന്ന വാസ്തവം തിരിച്ചറിഞ്ഞതാണ് ഇത്തരത്തിലുള്ള ആപ്പിന്‍റെ പിറവിക്ക് പിന്നിലെ രഹസ്യം.
നിലവില്‍ 40 ലക്ഷത്തോളം ആളുകള്‍ ഇത് ഡൗണ്‍ലോഡ് ചെയ്തു കഴിഞ്ഞിരിക്കുന്നു. ബൈജൂസ് ആപ്പിന്റെ പെയിഡ് സേവനങ്ങള്‍ ഉപയോഗിച്ച് പഠനം നടത്തുന്നത് 1,60,000 ത്തോളം വിദ്യാര്‍ഥികളാണ്. ഓരോ മാസവും 15 ശതമാനം വര്‍ധനവാണ് ഇക്കാര്യത്തില്‍ ഉണ്ടാകുന്നതെന്ന പ്രത്യേകതയുമുണ്ട്. വിദ്യാര്‍ഥികള്‍ക്ക് ഗണിതം, രസതന്ത്രം, ഊര്‍ജ തന്ത്രം, ജീവശാസ്ത്രം തുടങ്ങിയ വിഷയങ്ങളിലാണ് ആപ്പിലൂടെ ക്ലാസുകള്‍ നല്‍കുന്നത്. കൂടാതെ വിവിധ എന്‍ട്രന്‍സ് ക്ലാസുകള്‍ക്കാവശ്യമായ പരിശിലനങ്ങളും നല്‍കുന്നു. ഇന്ന് നിരവധി നിക്ഷേപകരെ ആകര്‍ഷിക്കുന്ന സ്റ്റാര്‍ട്ടപ്പ് പദ്ധതിയാണ് ഇത്. രാജ്യത്തെമ്പാടും 22 കോടിയോളം വരുന്ന വിദ്യാര്‍ഥികളിലേക്ക് എത്തിപ്പെടുക എന്ന ലക്ഷ്യത്തിലേക്കാണ് ബൈജു കണ്ണെറിയുന്നത്. സമാനമായ മറ്റൊരു സംവിധാനങ്ങളും നിലവിലില്ലാത്തതിനാല്‍ ഇത് വളരെ എളുപ്പത്തില്‍ നേടാവുന്ന ലക്ഷ്യം മാത്രമാണ്.

സാങ്കേതിക വിദ്യയിലുള്ള അറിവും അതുപയോഗിക്കുന്നതിലൈ വൈദഗ്ദ്യവും മാത്രമല്ല,  സ്മാര്‍ട്ട് ഫോണ്‍ രംഗത്തുണ്ടായ വിപ്ലവങ്ങളെ തുടര്‍ന്ന് കുറഞ്ഞ വിലയ്ക്ക് എല്ലാവര്‍ക്കും സ്മാര്‍ട്ട് ഫോണ്‍ ലഭ്യമാവുകയും അവയുടെ സ്‌ക്രീന്‍ സൈസ് വര്‍ധിക്കുകയും ചെയ്തതോടെ സാഹചര്യങ്ങള്‍ കൂടുതല്‍ അനുകൂലമായതുമാണ് ഈ സംരംഭത്തിന്‍റെ വിജയത്തിന്‍റെ പ്രധാന കാരണങ്ങളിലൊന്ന്. വ്യത്യസ്തമായ ആശയങ്ങളവതിപ്പിക്കുവാന്‍ കഴിയുന്നവർക്ക് വിജയിക്കുവാന്‍ കഴിയുമെന്നതിന്‍റെ  ഉത്തമോദാഹരണമാണിത്.

കൃത്രിമ ബുദ്ധിയും വിദ്യാഭ്യാസ രംഗവും

അടുത്ത കാലത്തായി ഏറെ പ്രചാരം സിദ്ധിച്ചയൊരു സാങ്കേതിക വിദ്യയാണ് കൃത്രിമ ബുദ്ധി (Artificial Intelligence) എന്നത്. കൃത്രിമ ബുദ്ധി ഉപയോഗപ്പെടുത്തിയുള്ള കരിയർ ഗൈഡന്‍സിന് തുടക്കമിട്ടത് കേരളത്തിലെ കോഴിക്കോട് ഐ ഐ എം ലെ സ്റ്റാർട്ടപ്പായ വൂഡിയുടെ സഹകരണത്തോടെയാണ്. നിലവിലുള്ള ഡേറ്റകളെ കൃത്രിമ ബുദ്ധിയുടെ സഹായത്തോടെ അവലോകനം ചെയ്ത് കൃത്യമായ കരിയർ മെന്‍ററിങ്ങ് നല്‍കുന്നതാണ് ഈ നൂതന സംരംഭം.

ഓണ്‍ലൈന്‍ സ്കൂളുകള്‍

വിദേശരാജ്യങ്ങളില്‍ വ്യാപകമായിട്ടുള്ള സംരംഭമാണിത്. മിക്ക സർവ്വകലാശാലകളും ഈ വഴിക്ക് തിരിഞ്ഞിട്ടുണ്ട്. വരും നാളുകളില്‍ കൂടുതല്‍ വ്യാപകമാകുവാന്‍ പോകുന്ന ഒരു സംരംഭമായിരിക്കുമിത്.  എവിടെയിരുന്നും പഠിക്കാം എന്നതാണ് പോസ്റ്റല്‍ മാര്‍ഗമുള്ള വിദൂരവിദ്യാഭ്യാസത്തേക്കാള്‍ ഓണ്‍ലൈന്‍ കോഴ്‌സുകളിലേക്ക്  വിദ്യാര്‍ഥികളെ ആകര്‍ഷിക്കുന്നത്.  അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഓണ്‍ലൈന്‍ പഠിതാക്കളുള്ളത് ഇന്ത്യയിലാണ്. കേന്ദ്രസര്‍ക്കാരിന്റെ ഓണ്‍ലൈന്‍ പഠനപോര്‍ട്ടലായ 'സ്വയം' (Study Webs of Active-Learning for Young Aspiring Minds- SWAYAM)  കുറഞ്ഞ കാലം കൊണ്ട് വിദ്യാര്‍ഥികള്‍ക്കിടയില്‍ ഹിറ്റായിരിക്കയാണ്. രാജ്യാന്തര നിലവാരത്തിലുള്ള പഠനം ലക്ഷ്യമാക്കി കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം, ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എജ്യുക്കേഷന്‍ എന്നിവര്‍ മൈക്രോസോഫ്റ്റിന്റെ സഹായത്തോടെ ആവിഷ്‌കരിച്ച പദ്ധതിയാണ് 'സ്വയം'. സ്പീഡുള്ള ഒരു ഇന്റര്‍നെറ്റ് കണക്ഷനും പഠിക്കാനുള്ള ആര്‍ജവവുമുണ്ടെങ്കില്‍ സൗജന്യമായി പഠനം സാധ്യമാണ്.  പഠിപ്പിക്കാനെത്തുന്നതോ ഐ.ഐ.ടി., ഐ.ഐ.എം. എന്നിവിടങ്ങളിലെയും കേന്ദ്ര സര്‍വകലാശാലയിലെയും അധ്യാപകരാണ്. കോഴ്സുകള്‍ക്ക് പ്രവേശനപരീക്ഷയില്ല.

 ഓണ്‍ലൈന്‍ ലൈബ്രറി സർവീസ്

ഡിജിറ്റൽ രൂപത്തിൽ വിവരങ്ങൾ സൂക്ഷിക്കുന്ന ഗ്രന്ഥശാലകളെയാണ് ഡിജിറ്റൽ ലൈബ്രറി എന്നു വിളിക്കുന്നത്. പരമ്പരാഗത ഗ്രന്ഥശാലകളെ അപേക്ഷിച്ച് ഡിജിറ്റൽ ലൈബ്രറികളിലെ വിവരങ്ങൾ കാലദേശഭേദമന്യേ ഒന്നിലധികം ആളുകൾക്ക് ഉപയോഗപ്പെടുത്താൻ കഴിയും. നമുക്കാവശ്യമായ വിവരങ്ങൾ എളുപ്പത്തിൽ കണ്ടെത്താൻ കഴിയുന്നു, വിവരങ്ങൾ സൂക്ഷിക്കാൻ വളരെക്കുറച്ച് സ്ഥലം മതിയാകും, കൂടുതൽ കാലം ഉപയോഗിക്കാൻ കഴിയും, കൂടുതൽ വ്യക്തതയോടെ പ്രമാണങ്ങളും ചിത്രങ്ങളും സൂക്ഷിക്കാൻ കഴിയും എന്നിവ ഡിജിറ്റൽ ലൈബ്രറികളുടെ പ്രധാന മേന്മകളാണ്.‍ ഡിജിറ്റൽ ലൈബ്രറികൾ കടലാസുകളുടെ ഉപയോഗം വലിയ തോതിൽ കുറക്കുന്നതിനാൽ അവയെ പ്രകൃതി സൗഹൃദമായി കണക്കാക്കാം. കംപ്യൂട്ടറുകളിൽ സംഭരിക്കപ്പെടുന്ന വിവരം നെറ്റ് വർക്കുകൾവഴി ഉപഭോക്താവിനു ലഭിക്കുന്ന സംവിധാനമാണിത്. വിവരസാങ്കേതികവിദ്യാരംഗത്തെ അഭൂതപൂർവമായ നേട്ടങ്ങളുടെ ഫലമായാണ് ഡിജിറ്റൽ ലൈബ്രറി എന്ന സങ്കല്പം യാഥാർഥ്യമായിത്തീർന്നത്. വരും തലമുറയ്ക്കുവേണ്ടി വിവരങ്ങൾ അച്ചടിച്ചു സൂക്ഷിക്കുന്ന പഴയ സമ്പ്രദായത്തിൽ നിന്നും വ്യത്യസ്തമായി വിവിധ രീതിയിലുള്ള ഇലക്ട്രോണിക് മാധ്യമങ്ങളിൽ ശേഖരിച്ചു സൂക്ഷിക്കേണ്ട വിവരങ്ങൾ സഞ്ചയിക്കുകയാണ് ഇതിൽ ചെയ്യുന്നത്. ഇതിനായി സ്റ്റോറേജ് ഏരിയ നെറ്റ് വർക്ക് (SAN), നെറ്റ് വർക്ക് സ്റ്റോറേജ് യൂണിറ്റുകൾ (NSU) തുടങ്ങിയ ഡേറ്റാ സംഭരണ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുന്നു. ഒട്ടേറെ വിവരങ്ങൾ ഇലക്ട്രോണിക് ശേഖര മാധ്യമങ്ങളിൽ സൂക്ഷിച്ച് സംഭരിക്കാനും ആവശ്യമുള്ളപ്പോൾ യഥോചിതം വളരെ വേഗം വിതരണം ചെയ്യാനും ഈ സംവിധാനം അത്യന്തം പ്രയോജനപ്രദമാണ്.

ഇന്ത്യന്‍ സര്‍വകലാശാലകളിലെ ലൈബ്രറികള്‍ ഡിജിറ്റല്‍ രൂപത്തിലാക്കി ആധുനികീകരിക്കാന്‍ സഹായിക്കുകയും അവയെ പരസ്പരം ബന്ധിപ്പിച്ച് വിവര കേന്ദ്രങ്ങളാക്കി മാറ്റുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തോടുകൂടി യു.ജി.സി. ആരംഭിച്ചതാണ് ഇന്‍ഫ്‌ളിബ്നെറ്റ് സെന്റര്‍ (ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ലൈബ്രറി നെറ്റ്വര്‍ക്ക് സെന്റര്‍).  അക്കാദമിക ലേഖനങ്ങളും മറ്റ് റിസോഴ്സുകളും എളുപ്പത്തില്‍ ലഭ്യമാക്കാന്‍ ഓജസ്, ശോധ്ഗംഗ തുടങ്ങിയ ഓപ്പണ്‍ ആക്‌സസ് സംരംഭങ്ങളുമുണ്ട്. രാജ്യത്തെ സര്‍വകലാശാലകളിലെ ലൈബ്രറികള്‍ ഡിജിറ്റലായി പരസ്പരം ബന്ധിപ്പിക്കുക ഏത് വിദ്യാര്‍ഥിക്കും എവിടെനിന്നും വിവരങ്ങള്‍ ലഭ്യമാക്കാം. പി.ജി. വിദ്യാര്‍ഥികള്‍ക്ക് ഇ-പി.ജി. പാഠശാല.  https://www.inflibnet.ac.in/ എന്ന ലിങ്കിലൂടെ കൂടുതലറിയാം.

ഏറെ വളർച്ചാ സാധ്യതയുള്ള ഈ രംഗം വിദ്യാഭ്യാസമുള്ല ചെറുപ്പക്കാരായ നവ സംരംഭകരുടെ ശ്രദ്ധ പതിയേണ്ടയൊന്നാണ്. ഏറെ സാധ്യതകള്‍ ഈ രംഗത്തുണ്ട്.  ആയതിനാല്‍ത്തന്നെ  വ്യത്യസ്തമായ നിരവധി സ്റ്റാർട്ടപ്പുകള്‍ ഈ മേഖലയില്‍ ഉയർന്ന് വരുമെന്ന് പ്രത്യാശിക്കാം.

സിന്തറ്റിക് ബയോളജി – വ്യാവസായിക മാറ്റങ്ങളുടെ കാഹള ധ്വനി



പുത്തന്‍ സാങ്കേതിക വിദ്യകള്‍ ഏറെ മാറ്റങ്ങള്‍ വരുത്തുന്ന ഒരു മേഖലയാണ് വ്യാവസായിക രംഗം. പരീക്ഷണ ശാലയിലെ പുത്തന് സാങ്കേതിക വിദ്യകളുടെ ഉദയം വ്യാവസായത്തിന്‍റെ ഏതാണ്ടെല്ലാ മേഖലകളിലും നിരവധി മാറ്റങ്ങള്ക്ക് കാരണമാവും. വരും നാളുകളില് വിവിധ വ്യവസായങ്ങളില്‍ ഏറെ മാറ്റങ്ങള് വരുത്തുവാന് പര്യാപ്തമായൊരു സാങ്കേതിക വിദ്യയാണ് സിന്തറ്റിക് ബയോളജി. എഞ്ചിനിയറിങ്ങിന്‍റെ തത്വങ്ങള്‍ ബയോളജിയില്‍ സംയോജിപ്പിക്കുന്നതാണ് സിന്തറ്റിക് ബയോളജി എന്ന പദം കൊണ്ടർത്ഥമാക്കുന്നത്.

എന്താണ് സിന്തറ്റിക് ബയോളജി
ജീവനുള്ള എല്ലാ വസ്തുക്കളിലും അതെന്ത് ചെയ്യണം, എന്ത് ചെയ്യണ്ട എന്ന് എഴുതി വച്ടിട്ടുണ്ട്.  കാക്കയുടെ കൂട്ടിൽ കുയിൽ മുട്ടയിടുന്നത് ഒരു സ്വാഭാവിക പ്രതിഭാസമാണെങ്കിലും മുട്ട വിരിഞ്ഞ് കുയിൽ കുഞ്ഞുങ്ങൾ മാത്രമേ പുറത്ത് വരാറുള്ളു. ഒരിക്കലും കാക്കക്കുഞ്ഞുങ്ങൾ വരാറില്ല. എന്താണു കാരണം? അതായത് കുയിലിൻറ്റെ മുട്ടയിൽ നിന്നു കുയിൽ കുഞ്ഞുങ്ങളും കാക്കയുടെ മുട്ടയിൽ നിന്നു കാക്ക കുഞ്ഞുങ്ങളും മാത്രം ഉണ്ടാകുവാൻ എന്തെങ്കിലും കാരണമുണ്ടോ?.  ഒരു മാവിന്‍റെ കുരുവിനു അത് ഒരു മാവായിട്ട് തന്നെയാണു വളർന്ന് വരേണ്ടത് എന്ന് ആരാണു പറഞ്ഞ് കൊടുത്തത്? 

ഈ ചോദ്യങ്ങളുടെ ഉത്തരം തേടുമ്പോൾ നാം ചെന്നെത്തി നിൽക്കുന്നത് ജീവികളിലെ മഹാത്ഭുതമായ ജനറ്റിക് ഇൻഫോർമേഷൻ എന്ന യാഥാർഥ്യത്തിലാണു. ഒരു കുഞ്ഞിൻറ്റെ ജനന സമയത്തെ കണ്ണിൻറ്റെ നിറം മുതൽ വളരുമ്പോൾ ആ കുഞ്ഞിനു ഉണ്ടാകുവാൻ പോകുന്ന നീളം വരെ അത് അമ്മയുടെ ഉദരത്തിൽ ഉരുവാകുന്ന സമയത്ത് തന്നേ നിശ്ചയിക്കപ്പെട്ടിരിക്കുന്നുവെന്നത് ഒരു ശാസ്ത്ര യാഥാർഥ്യമാണു.  ഈ ഇൻഫോർമേഷൻ ശേഖരിക്കപ്പെട്ടിരിക്കുന്നത് ക്രോമസോമുകളിലാണു.  ക്രോമസോമുകളിലെ ഇൻഫോർമേഷൻ ശേഖരിക്കപ്പെട്ടിരിക്കുന്ന ഭാഗത്തിൻറ്റെ പേരാണു ഡി ഓക്സി റൈബോ ന്യൂക്ലിക് ആസിഡ് (ഡി എൻ എ). ഏതു ജീവ വ്യവസ്ഥയുടേയും രണ്ട് അടിസ്ഥാന ഘടകങ്ങളാണു മാംസ്യവും (Proteins) ഡിഎൻ എയും.  ഒരു കോശത്തിലെ എല്ലാ കോമസോമുകളിലേയും എല്ലാ ഡി എൻ എ കളേയും ഒരുമിച്ച് ചേർന്നാൽ അതിനെ ജീനോം എന്ന് വിളിക്കുന്നു.  അതിനാൽ തന്നെ അതിൽ ശേഖരിച്ച് വച്ചിരിക്കുന്ന ഇൻഫോർമേഷനെ ജെനറ്റിക് ഇൻഫോർമേഷൻ എന്ന് പറയുന്നു.  ഡി എൻ എ യാണു പാരമ്പര്യത്തിൻറ്റെ അടിസ്ഥാന ഘടകമെന്നാണു ശാസ്ത്രം ലോകം വിശ്വസിക്കുന്നത്.  ഡി എൻ യോട് ബണ്ഡപ്പെട്ട ആർ എൻ എ (റൈബോ ന്യൂക്ലിക് ആസിഡ്) ഉം, പ്രോട്ടീനും ഇക്കാര്യത്തിൽ നിർണ്ണായക പങ്ക് വഹിക്കുന്നുണ്ടെന്ന് കാണാം. 

ഇന്ന് ശാസ്ത്ര ലോകത്തിന് ഈ കോഡിങ്ങില് മാറ്റം വരുത്തുവാന്‍ കഴിയും. ഇതാണ് ജനറ്റിക്ക് എഞ്ചിനിയറിങ്ങ് വഴി സാധ്യമാവുന്നത്.  ഇങ്ങനെ കോഡിങ്ങില്‍ എഞ്ചിനിയറിങ്ങിന്‍റെ തത്വങ്ങള്‍ ഉപയോഗപ്പെടുത്തുന്നത് വ്യാവസായിക ലോകത്ത് വലിയ മാറ്റങ്ങള്‍ക്ക് നിദാനമായി ഭവിക്കും. ഇതാണ് സിന്തറ്റിക് ബയോളജിയില്‍ സംഭവിക്കുന്നത്.

സിന്തറ്റിക് ബയോളജി പ്രായോഗിക തലത്തില്
ഇന്ന് സിന്തറ്റിക് ബയോളജി ഇന്‍ഡസ്ട്രികളുടെ തുടക്കം പല രാഷ്ട്രങ്ങളിലും കാണാന്‍ കഴിയും. അവിടെയൊക്കെ നടക്കുന്നത് ഡി.എന്‍.എയുടെ മൌലികമായ പ്രവര്‍ത്തികളെ കുറിച്ചുള്ള ഗവേഷണങ്ങളാണ്.      

വെള്ളത്തില്‍ നിന്നും അതിലെ മാലിന്യം വേർതിരിക്കുന്ന ചിലവ് കുറഞ്ഞ രീതിയാണ് ബയോ റെമഡിയേഷന്‍. മൈക്രോ ഓർഗാനിസങ്ങളുടെ സഹായത്തോടെയാണ് ഇത് സാധ്യമാകുന്നത്. വരും നാളുകളില്‍ വേസ്റ്റ് ട്രീറ്റ്മെന്‍റില്‍ ഇത് വ്യാപകമായി ഉപയോഗിക്ക്പ്പെടും. മാത്രവുമല്ല ആരോഗ്യ രംഗത്ത് മുറിവുകളില്‍ നിന്നും മാലിന്യം നീക്കുവാന്‍ ഈ രീതി ഉപയോഗപ്പെടുന്നയൊന്നാണ്. ഇതിനെ മെഡിക്കല്‍ ബയോ റെമഡിയേഷന്‍ എന്ന് പറയുന്നു.

സിന്തറ്റിക് ബയോളജി വ്യാപകമായ ഉപയോഗിക്കപ്പെടുവാന് പോകുന്നയൊരു മേഖലയാണ് ആരോഗ്യ രംഗം. മലേറിയക്ക് ചിലവ് കുറഞ്ഞ മരുന്ന് ഉല്‍പ്പാദിപ്പിക്കുവാന്‍ ഈ രീതി കൊണ്ട് കഴിയും.  ത്വക്കിന് പുതു ജീവന്‍ നല്‍കുന്ന ബയോ കോസ്മെറ്റിക്സ് ഈ രീതിയില് ഉല്പ്പാദിപ്പിക്കുവാന് കഴിയും.

പുതിയ ബയോ കെമിക്കലുകളുടെ ഉല്പ്പാദനത്തിന് സിന്തറ്റിക് ബയോളജി സാധ്യമാകും. പ്ലാസ്റ്റിക്കിന് ബദലായുള്ള പോളി ലാക്റ്റിക് ആസിഡ് (PLA) ഉദാഹരണമാണ്. ഇപ്പോള് ഇതുല്പ്പാദിപ്പിക്കുന്ന രീതിയില് നിന്നും വ്യത്യസ്തമായ മറ്റൊരു രീതിയല് ഇത് ഉല്പ്പാദിക്കുവാന് കഴിയും. താരതമേന്യ ചിലവ് കുറഞ്ഞ ഈ രീതി വികസിപ്പിച്ചത് കൊറിയയിലെ അഡ്വാന്സഡ് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ശാസ്ത്രജ്ഞരാണ്.  ഇത് വ്യപകമായാല് പ്ലാസ്റ്റിക്കിന് ഒരു ബദല് ലഭിക്കുന്നതാണ്.

ബയോ ഫ്യൂവലുകളാണ് അടുത്ത ഒരു പ്രധാനപ്പെട്ട മേഖല. മൂന്നാം തലമുറ ബയോ ഫ്യൂവലുകള് ഉല്പ്പാദിപ്പിക്കപ്പെടുന്നത് ആല്ഗേയില്‍ നിന്നുമായിരിക്കും. ഒരു കാലിഫോർണിയന് കമ്പനി നാച്വറല് കാർബോഹൈഡ്രേറ്റിനെ ബയോ ഡീസല് ആക്കുന്ന ഒരു ഇ കോളി ബാക്ടീരിയ കണ്ടു പിടിച്ചു കഴിഞ്ഞു. ബോയോ ഫീല്ഡ് എന്ന മെക്സിക്കന് കമ്പനി ആല്ഗേയില് നിന്നുള്ള ബയോ ഫ്യവല് വാണിജ്യ പരമായി ഉല്പ്പാദിപ്പിക്കുവാന്‍ തയ്യാറെടുത്ത് കഴിഞ്ഞു.

കൃത്രിമ റബ്ബറിന്‍റെ ഉല്‍പ്പാദനത്തില്‍ വ്യാപകമായി ഉപയോഗിക്കുന്നയൊന്നാണ് ഐസോപ്രീന്‍ എന്നത്. ഐസോപ്രീന്‍ എന്നത് ഒരു നാച്വറല്‍ ഉല്‍പ്പന്നമാണ്. ഐസോപ്രീന്‍ സിന്തസിസിന് ആവശ്യമായ എന്‍സൈമുകള്‍ റബ്ബർ പോലുള്ളവയിലാണ് വ്യാപകമായി ഉള്ളത്. എന്നാല്‍ ഇത്തരത്തിലുള്ള എന്‍സൈമുകള്‍ കൃത്രിമമായി നിർമ്മിക്കുവാന്‍ കഴിയുന്നത് സിന്തറ്റിക് ബയോളജിയുടെ വിജയമാണ്. ഡ്യൂപോണ്ടും ഡുഡ് ഇയർ കമ്പനിയും ഒരുമിച്ച് ചേർന്ന് ഒരു ബയോ ഐസോപ്രീന്‍ എന്‍സൈം കണ്ടെത്തുന്നതില്‍ വിജയിച്ചിരിക്കുന്നുവെന്നാണ് പുറത്ത് വരുന്ന വാർത്തകള്‍.

നൈലോണിന്‍റെ ഉല്‍പ്പാദനത്തിന് ഉപയോഗിക്കുന്ന പ്രധാന അസംസകൃത വസ്തുവാണ് അഡിപിക് ആസിഡ്. ഇതൊരു പെട്രോളിയം ഉല്‍പ്പന്നമാണ്. ഒരു ടണ്‍ അഡിപിക് ആസിഡ് ഉണ്ടാകുമ്പോള്‍ 4 ടണ്‍ കാർബണ്‍ ഡൈ ഓക്സൈഡ് ഉണ്ടാകുന്നുണ്ട്. എന്നാല്‍ സിന്തറ്റിക് ബയോളജി മുന്‍പോട്ട് വക്കുന്ന രീതിയില്‍ പ്രോസസ് റീ സ്ട്രക്ചർ ചെയ്യുമ്പോള്‍ ഉല്‍പ്പാദന ചിലവ് 20 ശതമാനത്തിലധികം കുറക്കുവാന്‍ കഴിയും. Verdezyne എന്ന ബയോടെക്നോളജി കമ്പനിയാണ് അഡിപിക് ആസിഡിന്‍റെ ഉല്‍പ്പാദനത്തിന് പുതിയ പ്രോസസുമായി രംഗത്ത് വന്നിട്ടുള്ളത്.

വിവിധ ഉല്‍പ്പന്നങ്ങളില്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നയൊന്നാണ് അക്രിലിക് എന്നത്. എന്നാലിതൊരു പെട്രോളിയം ഉല്‍പ്പന്നമാണ്. എന്നാല്‍ OPX Biotechnologies (OPXBIO) എന്നയൊരു കമ്പനി 75 ശതമാനത്തോളം കുറഞ്ഞ ചിലവില്‍ ബയോ അക്രിലിക് എന്നയൊന്ന് കണ്ടു പിടിച്ചിരിക്കുന്നു. Efficiency Directed Genome Engineering എന്നയൊരു സാങ്കേതിക വിദ്യയാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്.

പെട്രോകെമിക്കലുകളില്‍ നിന്നോ എണ്ണയില്‍ നിന്നോ ആണ് സർഫാക്ടന്‍റുകള്‍ സാധാരണയായി നിർമ്മിക്കപ്പെടുന്നത്. 3.6 ബില്യന്‍ ഗാലന്‍ പെട്രോള്‍ കത്തിയാല്‍ പുറത്ത് വിടുന്ന കാർബണ്‍ ഡയോക്സെഡ് ആണ് ലോകമാകമാനമുള്ള സർഫാക്ടന്റുകള്‍ ഒരു വർഷം  പുറത്ത് വിടുന്നത് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എണ്ണയില്‍ നിന്നുമുള്ള ഉല്‍പ്പാദനം ഓർഗാനിക് ആണെങ്കിലും അതിനൊരു നിയന്ത്രണം അനിവാര്യമാകുന്നു. ഇവിടെയാണ് കൃത്രിമ മാർഗ്ഗങ്ങളിലേക്ക് നമ്മുടെ ശ്രദ്ധ തിരിയുന്നത്. കാർഷിക മാലിന്യങ്ങളില്‍ നിന്നും  സർഫാക്ടന്‍റുകള്‍ നിർമ്മിക്കുന്നയൊരു സാങ്കേതിക വിദ്യ കണ്ടുപിടിക്കപ്പെട്ടിരിക്കുന്നു.

DSM എന്ന നെതർലന്‍റ് കമ്പനിയാണ് ആന്‍റി ബയോട്ടിക്കുകളുടെ നിർമ്മാണത്തില്‍ ആദ്യമായി സിന്തറ്റിക് ബയോളജി ഉപയോഗപ്പെടുത്തിയത്. Cephalexin എന്ന ആന്‍റി ബയോട്ടിക്കിന്‍റെ നിർമ്മാണത്തിനായിരുന്നു അത്. പതിമൂന്നോളും പ്രോസസുകളെ മാറ്റി ജീനുകളെ കോഡ് ചെയ്യുന്ന രീതി അവലംബിച്ചപ്പോള്‍ കുറഞ്ഞ സമയത്തിനുള്ളില്‍ ചിലവ് കുറച്ച് ഉല്‍പ്പാദിപ്പിക്കുവാന്‍ കഴിഞ്ഞു.

അടുത്ത യുഗം ബയോ ഇലക്ട്രോണിക്സിന്റേതാവും. ഭാവിയിലെ ഇലക്ട്രോണിക്സ് സെന്സറുകള് രുചിയും മണവും അറിയുവാന് കഴിയുന്നവയായിരിക്കും. ശരീരത്തിലെ ആൾക്കഹോളിന്റെ അളവു മനസ്സിലാക്കാൻ കയ്യിൽ ധരിക്കാവുന്ന ടാറ്റൂവുമായി യു.എസ്.ശാസ്ത്രജ്ഞർ രംഗത്തെത്തിക്കഴിഞ്ഞു. ശരീരത്തിലെത്തിയിരിക്കുന്ന മദ്യത്തിന്റെ അളവ് വിയർപ്പിൽ നിന്നും കണ്ടെത്തി സ്മാർട്ട് ഫോണിലെ പ്രത്യേക ആപ്പ് വഴി രേഖപ്പെടുത്തുന്ന സംവിധാനമാണിത്. ഈ ഉപകരണം മദ്യോപഭോഗത്തിന്റെ അളവ് നിയന്ത്രിക്കുവാൻ സഹായിക്കുമെന്ന് ശാസ്ത്രജ്ഞർ അവകാശപ്പെടുന്നു. ടാറ്റൂ പോലെ തോന്നിക്കുന്ന, കയ്യിലണിയാവുന്ന ബയോ സെൻസറുകൾ വഴിയാണ് ഉപകരണം ശരീരത്തിലെ മദ്യത്തിന്റെ അളവറിയുന്നത്.

ഭക്ഷണമാവുന്ന വിസർജ്ജ്യം

മനുഷ്യ വിസർജത്തിൽ നിന്നു ഭക്ഷണം ഉണ്ടാക്കാനുള്ള പദ്ധതിയുമായി യുഎസ് ബഹിരാകാശ ഏജൻസിയായ നാസ രംഗത്ത്. ബഹിരാകാശ സഞ്ചാരികളെ കേന്ദ്രീകരിച്ചാണ് ഈ പദ്ധതി നടപ്പാക്കുക. മാസങ്ങളോളം ബഹിരാകാശത്ത് തങ്ങുന്ന സഞ്ചാരികൾക്ക് ഭക്ഷണം ലഭ്യമാക്കാൻ വേണ്ടിയാണ് നാസ ഇത്തരമൊരു നീക്കം നടത്തുന്നത്.
ഇത്തരമൊരു ഗവേഷണത്തിനായി ഒരു വർഷത്തേക്ക് 200,000 ഡോളറാണ് നാസ നീക്കിവച്ചിരിക്കുന്നത്. സൗത്ത്‌ കാരലീനയിലെ ക്ലെമ്‌സണ്‍ സര്‍വകലാശാലയാണ്‌ നാസക്കായി പുതിയ പഠനം നടത്തുന്നത്‌. സിന്തറ്റിക്‌ ബയോളജി ഫോര്‍ റിസൈക്ലിങ് ഹ്യുമന്‍ വേസ്‌റ്റ് ഇന്‍ടു ഫുഡ്‌, ന്യൂട്രാസ്യുട്ടിക്കല്‍സ്‌ ആന്‍ഡ്‌ മെറ്റീരിയല്‍സ്‌' എന്ന പേരിലാണ് ഗവേഷണം നടക്കുന്നത്.
ഭാവിയിൽ ബഹിരാകാശത്തേക്ക് നിരവധി യാത്രകൾ സംഘടിപ്പിക്കാൻ നാസയ്ക്ക് പദ്ധതിയുണ്ട്. മനുഷ്യനെ ചൊവ്വയിലേക്ക് അയയ്ക്കാനൊരുങ്ങുകയാണ് നാസ. ഇതിന്റെ മുന്നൊരുക്കങ്ങൾ നടക്കുകയാണ്. ഇതിനു പുറമെ രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് ഭക്ഷണം എത്തിക്കുന്നതിലുള്ള ബുദ്ധിമുട്ടു പരിഹരിക്കുകയാണ് മുഖ്യ ലക്ഷ്യം.
പ്രത്യേകം നിര്‍മ്മിച്ചിരിക്കുന്ന റീസൈക്കിള്‍ മെഷീനിലേക്ക്‌ നിക്ഷേപിക്കപ്പെടുന്ന വിസര്‍ജ്യം സിന്തറ്റിക്‌ ആഹാരമായി പുറത്തുവരുന്ന രീതിയാവും പരീക്ഷിക്കപ്പെടുക. മൂന്ന്‌ വര്‍ഷത്തിനകം പഠനം പൂര്‍ത്തിയാകും.
                                                         
തലച്ചോറും ഹാക്ക് ചെയ്യപ്പെടുന്നുവോ
ഇന്ന് സാധാരണ കംപ്യൂട്ടര്‍ ഉപയോക്താവിന് കംപ്യൂട്ടറിലുള്ള ഇന്‍ഫര്‍മേഷന്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ കഴിയില്ല. പലവിധത്തിലുള്ള ഹാക്കര്‍മാര്‍ ലോകത്തെ അതി ശക്തമായ സെക്യൂരിറ്റികളുള്ള സെര്‍വറുകള്‍ വരെ ഹാക്ക് ചെയ്യുന്നു. കമ്പ്യൂട്ടറില്‍ കയറികൂടുന്ന വൈറസ് വഴി കമ്പ്യൂട്ടര്‍ ഹാക്ക് ചെയ്യപെടുന്നത് പോലെ മനുഷ്യന്റെ തലച്ചോറ് വൈറസ് വഴി ഹാക്ക് ചെയ്യുമെന്ന് ചിന്തിക്കാനാവുമോ? എന്നാല്‍ വരും കാലം നമ്മുടെ തലച്ചോറ് ഹാക്ക് ചെയ്യപെടുന്നതിനെ ഭയപെടേണ്ടിയിരിക്കുന്നു എന്നാണ് ചില വസ്തുതകള്‍ വിളിച്ചു പറയുന്നത്. ഡി എന്‍ എയിലുള്ള നാനോ സാങ്കേതിക വിദ്യയും ജൈവ തന്മാത്രകളുടെ കണക്കിലുമെല്ലാം മനുഷ്യന്റെ ജ്ഞാനം വളരെ വര്‍ദ്ധിച്ചിരിക്കുന്നു. ആയതിനാല്‍ തന്നെ മനുഷ്യന്റെ തലച്ചോറിനെ സംരക്ഷിക്കുക എന്നതായിരിക്കും 21 നൂറ്റാണ്ടിലെ ഏറ്റവും വലിയ വെല്ലുവിളി.
സ്വാഭാവികമായി ജീവനുള്ള വൈറസുകളും ബാക്ടീരിയകളുമെല്ലാം മനുഷ്യരില്‍ കടന്നു കൂടി രോഗം മാത്രമല്ല ഉണ്ടാക്കുന്നത്, അത് ശരീര പെരുമാറ്റ രീതിയെ മാറ്റുകയും ആതിഥേയനെ നിയന്ത്രിക്കുകയും ചെയ്യുന്നു.  കൃത്രിമമായി നിര്‍മ്മിച്ചെടുത്ത വൈറസുകളുടെ പ്രവര്‍ത്തനത്തിന്‍റെ പരിണിതഫലമായി ഉണ്ടാവുന്നത് പനിയേക്കാളും തലവേദനയെക്കാളും ഗൌരവമുള്ളതായിരിക്കും. വൈറസുകളും ബാക്ടീരിയകളും  തന്ത്രപരമായ പ്രവര്‍ത്തനങ്ങള്‍ വഴി മനുഷ്യ ശരീരത്തിനുള്ളില്‍ കൌശലത്തോടെ സ്വാധീനിക്കുകയും ബയോ പ്രോഗ്രാം ചെയ്തു തലച്ചോറിലെ സന്ദേശം സവിശേഷമായ ഭാഗങ്ങളിലെത്തിക്കുകയും ചെയ്യും. അതുവഴി ബയോ പ്രോഗ്രാമുകള്‍ കൊണ്ട് ബാധക്ക് വിധേയമായ വ്യക്തിയുടെ പെരുമാറ്റത്തെ നിയന്ത്രിക്കാനും കഴിയുമെന്നാണ് ബയോടെക് ഗവേഷകര്‍ കരുതുന്നത്.
വരുന്നു കൃത്രിമ മാംസം
ഭക്ഷ്യസംസ്കരണ രംഗത്ത് വിപ്ലവം കുറിക്കുവാന്‍ കഴിയുന്നയൊരു സാങ്കേതിക വിദ്യ അണിയറയിലൊരുങ്ങുന്നുണ്ട്. മാംസാഹാരം ഇഷ്ടപ്പെടുന്നവരാണ് നമ്മളില്‍ പലരും. 2030 ആവുമ്പോഴേക്കും 376 ദശലക്ഷം ടണ്‍ മാംസം ലോകജനത ഭക്ഷണമായി ആവശ്യപ്പെടുമെന്നാണ് കണക്ക്. പരീക്ഷണശാലയില്‍ കൃത്രിമമായി വളര്‍ത്തിയെടുക്കുന്ന മാംസം! സാങ്കേതികമായി "ഇന്‍ വിട്രോ മീറ്റ്" (In Vitro Meat) എന്നറിയപ്പെടുന്ന ഇതിന്റെ പരീക്ഷണപ്രദര്‍ശനം ഇക്കഴിഞ്ഞ ആഗസ്ത് 19ന് ലണ്ടനിലാണ് നടന്നത്.

കാഴ്ചയിലും രുചിയിലും സാധാരണ മാംസംപോലെയുള്ളതും അതുപോലെ പാചകംചെയ്ത് ഉപയോഗിക്കാവുന്നതുമാണ് "ഇന്‍ വിട്രോ മീറ്റ്" എന്ന കൃത്രിമമാംസം. ഒരു ജീവിയുടെയും ശരീരത്തിന്റെ ഭാഗമല്ല എന്നതിന്റെ അടിസ്ഥാനത്തില്‍ ഇത് "രക്തരഹിത മാംസ"വുമാണ്. ഏതൊരു ജീവശരീരത്തിന്റെയും അടിസ്ഥാന ഘടകങ്ങളാവുന്ന "കോശങ്ങള്‍" (Cells) കൊണ്ടുതന്നെയാണ് ഈ കൃത്രിമ മാംസവും നിര്‍മിച്ചിരിക്കുന്നത്. പല കോശങ്ങള്‍ ഒന്നിച്ചുചേര്‍ന്ന് "ടിഷ്യു" (Tissue) എന്ന് അറിയപ്പെടുന്ന "കലകള്‍" രൂപമെടുക്കുന്നതുപോലെത്തന്നെയാണ് കൃത്രിമമാംസവും രൂപാന്തരപ്പെടുന്നത്. ഒരു ജീവശരീരത്തിനുള്ളിലുള്ളതല്ല ഈ രൂപപ്പെടല്‍ എന്നതു മാത്രമാണ് വ്യത്യാസം. പരീക്ഷണശാലയിലാണ് അത് നടക്കുന്നത്. ജീവ ശരീരത്തിനുള്ളിലെന്നതുപോലെ തുടക്കം കോശങ്ങളില്‍നിന്നു തന്നെയാണ്.

ശരീരത്തിലെ ഏതൊരു തരം കോശങ്ങളായും മാറാന്‍കഴിയുന്ന "കാണ്ഡകോശ" (stem cells) ങ്ങളില്‍നിന്നും."കാണ്ഡകോശ"ങ്ങളെ മാത്രമാണ്, കൃത്രിമ മാംസത്തിന്റെ വളര്‍ത്തിയെടുക്കലിന് ഒരു ജീവിയുടെ ശരീരത്തില്‍നിന്നു ശേഖരിക്കുന്നത്. അതിനുശേഷം പരീക്ഷണശാലയില്‍ ഒരുക്കുന്ന കൃത്രിമ വളര്‍ച്ചാസഹചര്യങ്ങളിലാണ് ഈ കാണ്ഡകോശങ്ങള്‍ വളര്‍ത്തപ്പെടുന്നത്. നിശ്ചിതദിവസത്തിനുള്ളില്‍ അവ മാംസപേശികളായി മാറും. അവ എന്തായി മാറുമെന്നത് നമുക്ക് മുന്‍കൂട്ടി നിശ്ചയിക്കാവുന്നത് ഇന്ന് മുന്നേറ്റത്തിന്റെ പാതയിലായ ഒരു ശാസ്ത്രശാഖയുടെ വളര്‍ച്ചയിലൂടെയാണ്- "ടിഷ്യു എന്‍ജിനിയറിങ്". ഈ സാങ്കേതികവിദ്യയുടെ ഏറ്റവും പുതിയ നേട്ടങ്ങളിലൊന്നുമാണ് കൃത്രിമ മാംസം. നെതര്‍ലന്‍ഡിലെ മാസ്ട്രിച്ച് സര്‍വകലാശാലയിലെ ഗവേഷകനായ ഡോ. മാര്‍ക് പോസ്റ്റ് ആണ് കൃത്രിമ മാംസത്തിന്റെ അവതരണത്തിനു പിന്നില്‍. വര്‍ഷങ്ങളായി തുടരുന്ന ഗവേഷണ ശ്രമങ്ങളുടെ പരിസമാപ്തിയായിരുന്നു കൃത്രിമ മാംസത്തിന്റെ സൃഷ്ടി. ഹൃദയപേശികളുടെയും രക്തക്കുഴലുകളുടെയും നാശം പരിഹരിക്കുന്നതിനും പുതിയവ വളര്‍ത്തിയെടുക്കുന്നതിനുമായി "ടിഷ്യു എന്‍ജിനിയറിങ്ങി"ന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുകയായിരുന്നു അദ്ദേഹത്തിന്റെ ആദ്യകാല ഗവേഷണങ്ങള്‍.

കൃത്രിമമായി രക്തക്കുഴലുകള്‍ വളര്‍ത്തിയെടുക്കുന്ന സങ്കേതത്തിന്റെ വഴിയില്‍നിന്നുമുള്ള ഒരു വേര്‍പിരിവായിരുന്നു യാദൃശ്ചികമായി അദ്ദേഹത്തെ "കൃത്രിമമാംസ"ത്തിലേക്കെത്തിച്ചത്. തികച്ചും സ്വന്തമായ ഒരു "ഡിസൈന്‍" ആയിരുന്നു "കൃത്രിമമാംസ"ത്തിന്റെ സൃഷ്ടിക്കായി മാര്‍ക് പോസ്റ്റ് തയ്യാറാക്കിയത്. പശുക്കളുടെ കാണ്ഡകോശത്തില്‍നിന്ന് ആദ്യം മാംസപേശികളെ വളര്‍ത്തിയെടുത്തു. ഇത്തരം 20,000 മാംസപേശീ തന്തുക്കളെ ഒരുമിച്ചുചേര്‍ത്താണ് "കൃത്രിമമാംസം" തയ്യാറാക്കിയത്. മാട്ടിറച്ചികൊണ്ട് തയ്യാറാക്കുന്ന "ഹാംബര്‍ഗര്‍" (Hamburger) എന്ന ലഘുഭക്ഷണത്തെ, കൃത്രിമമാംസംകൊണ്ട് അതേപടി അനുകരിക്കാനും മാര്‍ക് പോസ്റ്റിനു കഴിഞ്ഞു. സ്വയം കഴിച്ചുകൊണ്ടും പൊതുജനങ്ങള്‍ക്കായി വിതരണംചെയ്തുകൊണ്ടും അദ്ദേഹം ലോക ഭക്ഷ്യചരിത്രത്തിലേക്കുള്ള "കൃത്രിമമാംസ"ത്തിന്റെ അരങ്ങേറ്റം യാഥാര്‍ഥ്യമാക്കി. 2030 ഓടെ "കൃത്രിമമാംസ"ത്തിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉല്‍പ്പാദനം സാധ്യമാക്കാനാവുമെന്ന പ്രതീക്ഷയിലാണ് മാര്‍ക് പോസ്റ്റും കൂട്ടരും
ഇത് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയെന്തെന്നാൽ ഇതിന്റെ നിർമ്മാണ ചെലവാണ്. ഏകദേശം 2.18 കോടി രുപ ഇതിനായി ചിലവഴിച്ചു കഴിഞ്ഞു. ഇൻ വിട്രോ മീറ്റിന്റെ ചെലവു വഹിച്ചത് ഗൂഗിള് സ്ഥാപകരിൽ ഒരാളായ സെർജി ബ്രിന്നാണ്

ഒരു അമേരിക്കന്‍ കമ്പനിയായ മെംഫിസ് മീറ്റ് ലോകത്തെ ആദ്യ ലാബ് നിര്‍മ്മിത മീറ്റ് ബോള്‍ ഉണ്ടാക്കി. ഏകദേശം 500 ഗ്രാമിന് 18,000 ഡോളറാണ് (1196990.10 രൂപ) വില. . സാധാരണ ഇറച്ചിയില്‍നിന്നും രുചി വ്യത്യാസമുണ്ടെന്ന് രുചിച്ച് നോക്കിയവര്‍ പറയുന്നു. കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍തന്നെ കൃത്രിമ ഇറച്ചിയും ഇറച്ചി ഇറച്ചി വിഭവങ്ങളും സൂപ്പര്‍മാര്‍ക്കറ്റുകളിലും റസ്റ്റോറന്റുകളിലും പ്രത്യക്ഷപ്പെടുമെന്നാണ് ഡച്ച്, അമേരിക്കന്‍ ശാസ്ത്രജ്ഞരുടെ വാദം.  അതേസമയം ലാബ് നിര്‍മ്മിത ഇറച്ചി എന്ന ആശയത്തോട് ചിലര്‍ക്ക് അതൃപ്തിയാണ്. ലാബ് നിര്‍മ്മിത ഇറച്ചി പരിസ്ഥിതിയ്ക്കും ആരോഗ്യത്തിനും ഗുണം ചെയ്യുമെന്നാണ് അനുകൂലിക്കുന്നവരുടെ വാദം. യൂറോപ്പിലും അമേരിക്കയിലും കൃത്രിമ ഇറച്ചിയെന്ന ആശയത്തെ പിന്തുണയ്ക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്നുണ്ടെന്നാണ് ഒര്‍ഗനൈസേഷന്‍ ഫോര്‍ എക്കണോമിക് കോര്‍പറേഷന്‍ ആന്റ് ഡവലപ്പ്മെന്റിന്റെ കണക്ക്.  കൃത്രിമ ഇറച്ചി വ്യാപകമായാല്‍ ചിലവ് കുറയ്ക്കാന്‍ സാധിക്കുമെന്നും ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നു.  അതേസമയം ഇത്തരത്തില്‍ ലാബ് നിര്‍മ്മിത ഇറച്ചിയുടെ ആരോഗ്യഗുണങ്ങളെ കുറിച്ച് കൃത്യമായ സ്ഥിരീകരണമൊന്നും വന്നിട്ടില്ല. വൃത്തിയുള്ളതും സുരക്ഷിതവുമായ മാര്‍ഗ്ഗങ്ങളിലൂടെ നിര്‍മ്മിക്കപ്പെടുന്നതിനാല്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഒഴിവാക്കാനാകുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.  സാധാരണ ഇറച്ചികളില്‍ ഉണ്ടാകാവുന്ന അപകടകാരികളായ കീടാണുക്കള്‍ ഇതില്‍ ഉണ്ടാവില്ല. ഇത്തരം ബാക്ടീരിയകള്‍ മുഖേനയുണ്ടാകാവുന്ന മാരക രോഗങ്ങളെ അകറ്റാന്‍ അതുവഴി കഴിയുമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. ഇറച്ചിയ്ക്കുവേണ്ടി ഉപയോഗിക്കുന്ന മൃഗങ്ങളില്‍ വളര്‍ച്ചയ്ക്ക് വേണ്ടി ഉപയോഗിക്കുന്ന മരുന്നുകളില്‍ പലതും മനുഷ്യ മനുഷ്യശരീരത്തിന് അപകടകരമാണ്. ആന്റിബയോട്ടിക്കുകളും ഹോര്‍മോണുകളും ആവശ്യമില്ലാത്തതിനാല്‍ ലാബ് നിര്‍മ്മിത ഇറച്ചികളില്‍ അത്തരത്തിലുള്ള അപകടസാധ്യത ഒഴിവാക്കാനാകും.  കൃത്രിമ ഇറച്ചി നിര്‍മ്മാണം കുറച്ചുകൂടി കാര്യക്ഷമമാക്കാനുള്ള ശ്രമത്തിലാണ് മെംഫിസ് മീറ്റ്സും ഡച്ച് ശാസ്ത്രജ്ഞരും. നിര്‍മ്മാണം വാണിജ്യാടിസ്ഥാനത്തിലേക്ക് മാറുന്നതോടെ വില കുറയാനും സാധ്യതയുണ്ട്.  അതേസമയം സാധാരണ ഇറച്ചിയെ (പോത്തിറച്ചിയേയും പന്നിയിറിച്ചിയേയും) വെല്ലുന്ന ഒന്നാന്തരം ലാബ് നിര്‍മ്മിത ഇറച്ചി താമസിയാതെ പുറത്തിറക്കുമെന്നാണ് മെംഫിസ് മീറ്റ്സ് സ്ഥാപകരില്‍ ഒരാളും ഇന്ത്യന്‍ വംശജനുമായ ഉമ വലേറ്റിയുടെ പ്രഖ്യാപനം. ഇതെല്ലാം യാഥാര്‍ത്ഥ്യമാവുകയാണെങ്കില്‍ നമ്മുടെ നാട്ടിലും ലാബില്‍ നിര്‍മ്മിച്ച ഇറച്ചിവിഭവങ്ങള്‍ എത്താന്‍ അധികനാള്‍ വേണ്ടിവരില്ല.

സിന്തറ്റിക് ബയോളജിയുടെ വിശേഷങ്ങള്‍ ഇനിയുമേറെയുണ്ട്. ഒരു ചെറു ലേഖനത്തിലൊതുക്കാവുന്നതിനപ്പുറം നിരവധി മേഖലകളെ സ്വാധീനിക്കുവാന്‍ കഴിവുള്ളയൊന്നാണിത്. നാളെയുടെ വ്യാവസായിക രംഗത്ത് നിരവധി മാറ്റങ്ങള്‍ വരുത്തുവാന്‍ പര്യാപ്ചമായ ഈ സാങ്കേതിക വിദ്യയ്ക്കായി കാത്തിരിക്കാം.

Sunday, 4 November 2018

മാറ്റത്തിന്‍റെ കാറ്റുമായി പാക്കേജിങ്ങ് രംഗം



കവർ നന്നായിരുന്നാല്‍ ഏത് ചവറും വിറ്റ് പോകുമെന്നുള്ള ചൊല്ല് അല്‍പ്പം അതിശയോക്തിയാണെങ്കിലും ഒരു ഉല്‍പ്പന്നത്തിന്‍റെ വില്‍പ്പനയില്‍ അതിന്‍റെ പാക്കിങ്ങ് ചെലുത്തുന്ന സ്വാധീനം ചെറുതല്ലായെന്നതൊരു യാഥാർത്ഥ്യമായി നില കൊള്ളുന്നുണ്ടിവിടെ. വില്‍പ്പനക്ക് മാത്രമല്ല ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരം കാത്ത് സൂക്ഷിക്കുന്നതിനും കയറ്റിയിറക്കങ്ങള്‍ക്കിടെ ഉണ്ടാകുന്ന കേടുപാടുകള്‍ ഒഴിവാക്കുന്നതിനുമെല്ലാം പാക്കിങ്ങ് അനുപേക്ഷണീയമായയൊന്നാണ്. വ്യത്യസ്ത പ്രത്യേകതകളുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് അതിനനുസരിച്ചുള്ള പാക്കിങ്ങുകള്‍ അത്യാവശ്യമാണ്. വ്യവസായങ്ങളില്‍ സാങ്കേതിക വിദ്യകളുടെ കടന്ന് കയറ്റം കാലഘട്ടത്തിന്‍റെ ആവശ്യമാകുമ്പോള്‍ പാക്കിങ്ങുകളും മാറി നില്‍ക്കുന്നില്ല. വ്യാവസായിക മേഖലയില്‍ ഒഴിച്ച് കൂടാനാവത്തയൊന്നാണ് പാക്കേജിങ്ങ്. ഒരു ഉല്‍പ്പന്നത്തെ പൊതിഞ്ഞ് കെട്ടി എളുപ്പത്തില്‍ കൈകാര്യം ചെയ്യുവാനും ദൂരെ സ്ഥലത്തേക്ക് കൊണ്ട് പോകുവാനും വിപണനം നടത്തുവാനും സഹായിക്കുന്ന പ്രക്രിയയാണ് പാക്കേജിങ്ങ്. ഉള്‍ക്കൊള്ളിക്കല്‍, സംരക്ഷിക്കല്‍, കേട് പറ്റാതെ നോക്കല്‍, തിരിച്ചറിയല്‍, ഉല്‍പ്പന്നത്തെപ്പറ്റിയുള്ള അറിവ് പകര്‍ന്ന് കൊടുക്കല്‍ തുടങ്ങിയ ധര്‍മ്മങ്ങളാണ് പ്രധാനമായും ഒരു പാക്കേജിന് നിര്‍വ്വഹിക്കാനുള്ളത്.


ഇന്ന് നമ്മുടെ നിത്യജീവിതത്തിന്‍റെ ഭാഗം തന്നെയാണ് പാക്കേജിങ്ങ്.  അത് തന്നെയാണ് ഈ രംഗത്തെ വ്യാവസായിക തൊഴില്‍ സാധ്യതകളുടെ പ്രസക്തിയും. പേപ്പറില്‍ നിര്‍മ്മിക്കുന്ന കൂറ്റന്‍ കാര്‍ട്ടണുകള്‍ മുതല്‍ ഓരോ ഉല്‍പ്പന്നത്തിനും യോജിച്ച ഇക്കോ ഫ്രണ്ടിലി പാക്കേജിങ്ങ് വരെ ഈ മേഖല നീണ്ട് കിടക്കുന്നു. അതിനാല്‍ത്തന്നെ പുതിയ ഗവേഷണങ്ങള്‍ നടന്ന് കൊണ്ടിരിക്കുന്ന മേഖലയാണിത്. ചെറുതും വലുതുമായ 22000 ലധികം കമ്പനികള്‍ ഈ രംഗത്ത് ഇന്ന് രാജ്യത്തുണ്ട്. ഗ്ലാസ് പാക്കേജിങ്ങ്, ഫ്ലക്സിബിള്‍ പാക്കേജിങ്ങ്, പേപ്പര്‍ പാക്കേജിങ്ങ്, വുഡന്‍ പാക്കേജിങ്ങ്, പ്ലാസ്റ്റിക് പാക്കേജിങ്ങ് എന്നിങ്ങനെ അനേകവിധം രീതികള്‍. ആധുനിക സാങ്കേതിക മെഷീനുകള്‍ ഉപയോഗിച്ചാണ് നടത്തുക.
 
പാക്കിങ്ങിന്‍റെ പ്രാധാന്യം

എല്ലാത്തരം കമ്പനികളും പാക്കിങ്ങില്‍ പുതുമകള്‍ തേടുന്നതിന് കാരണമുണ്ട്.

1.       വില

ഉല്‍പ്പന്നങ്ങളുടെ വില നിർണ്ണയിക്കുന്ന ഘടകങ്ങളിലൊന്നാണ് അതിന്‍റെ പാക്കിങ്ങ്. ആയതിനാല്‍ത്തന്നെ ഫ്ലെക്സിബിള്‍ പാക്കിങ്ങ് പോലുള്ള താരതമേന്യ ചിലവ് കുറഞ്ഞ രീതികള്‍ കമ്പനികള്‍ പരീക്ഷിക്കുവാന്‍ തയ്യാറാവുന്നു.

2.       ഷിപ്പിങ്ങും സ്റ്റോറേജും

ഉല്‍പ്പന്നങ്ങളുടെ പാക്കിങ്ങുകളുടെ ഭാരം കൂടുന്തോറും അതിന്‍റെ ഷിപ്പിങ്ങ് ചാർജ്ജും കൂടും. ഒപ്പം പാക്കിങ്ങിനുള്ള സമയവും.  ആയിരക്കണക്കിന് ഉല്‍പ്പന്നങ്ങള്‍ നിത്യവും പാക്ക് ചെയ്യുന്ന കമ്പനികള്‍ പ്രത്യേകിച്ച് ഓണ്‍ലൈന്‍ മാർക്കറ്റിങ്ങ് കമ്പനികള്‍ പോലുള്ളവക്ക് ഇത് ഏറെ പ്രധാനമാണ്.

3.       കസ്റ്റമർ നോക്കുമ്പോള്‍

ഒരു ഉല്‍പ്പന്നത്തിലേക്ക് ആദ്യം ഉപഭോക്താവിനെ ആകർഷിക്കുന്ന ഘടകം അതിന്‍റെ പാക്കിങ്ങ് തന്നെയാണ്. മാത്രവുമല്ല അത് കൊണ്ടു പോകുന്നതിനും സൂക്ഷിച്ച് വക്കുന്നതിനുമുള്ള എളുപ്പം ഉപഭോക്താവിന സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ടതാണ്. ആയതിനാല്‍ത്തന്നെ ഉല്‍പ്പന്നത്തിന്‍റെ പാക്കിങ്ങിന് ഏറെ പ്രാധാന്യമുണ്ട്.

പുത്തന്‍ പ്രവണതകള്‍

ഈ മത്സരാധിഷ്ടിത കാലഘട്ടത്തില്‍ പാക്കിങ്ങിലും പുത്തന്‍ പരീക്ഷണങ്ങള്‍ ഏറെയുണ്ടിന്ന്.

1.      ഹോളോഗ്രാഫിക് ഇഫക്ട്

  
മള്‍ട്ടി നാഷണല്‍ കമ്പനികള്‍ ഇപ്പോള്‍ ഏറെ പരീക്ഷിക്കുന്നയൊരു പാക്കേജിങ്ങ് രീതിയാണിത്. മറ്റുള്ളവരില്‍ നിന്നും വ്യത്യ.സ്തമാക്കുന്നത് മാത്രമല്ല വളരെ പെട്ടെന്ന് ഉപഭോക്താവിന്‍റെ കണ്ണില്‍ പെടുവാനും സഹായകരമാണ് ഈ രീതി. ഒരു 3 ഡി വിഷ്വല്‍ ഇഫക്ട് ആണ് ഇത് വഴി സൃഷ്ടിക്കപ്പെടുന്നത്.

2.      സെല്‍ഫ് ഹീറ്റിങ്ങ് & കൂളിങ്ങ് പാക്കേജിങ്ങ്

ഭക്ഷണ പദാർത്ഥങ്ങളുടെ പാക്കിങ്ങിലിപ്പോള്‍ വരും കാലങ്ങളില്‍ വ്യാപകമായി ഉപയോഗിക്കപ്പെടുവാന്‍ പോകുന്നയൊരു രീതിയാണിത്. സൌത്ത് കൊറിയയില്‍ നിന്നാണ് ഇതിന് അമേരിക്കന്‍ പേറ്റന്‍റിനായി അപേക്ഷ സമർപ്പിക്കപ്പെട്ടിട്ടുള്ളത്. ചൂടോടെ ഇരിക്കേണ്ടുന്ന റെഡി റ്റു ഈറ്റ് ഉല്‍പ്പന്നങ്ങളുടെ പാക്കിങ്ങിലാണ് ഇത് വ്യപകമായി ഉപയോഗിക്കപ്പെടുവാന്‍ പോകുന്നത്.

നാനോ ടെക്നോളജിയും പാക്കേജിങ്ങും

നാനോ ടെക്നോളജിയുടെ വികാസം പാക്കിങ്ങ് വ്യവസായത്തിലും ഏറെ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. പ്രത്യേകിച്ചും ഭക്ഷ്യ വസ്തുക്കളുടെ പാക്കിങ്ങില്‍. 100 നാനോ മീറ്ററില്‍ താഴെ വലിപ്പമുള്ള വസ്തുക്കളാണ് സാധാരണയായി നാനോ പാർട്ടിക്കളുകള്‍ എന്ന് വിവക്ഷിക്കപ്പെടുന്നത്. വിവിധ തരത്തിലുള്ള നാനോ സെന്‍സേഴ്സ് ഇപ്പോള്‍ പാക്കിങ്ങില്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. ഉള്ളിലുള്ള വസ്തുക്കളില്‍ അസ്വാഭികമായ മണമോ മറ്റെന്തെങ്കിലുമോ ഉണ്ടുവെങ്കില്‍ തിരിച്ചറിയുവാന്‍ ഇവക്ക് സാധിക്കും. ആക്ടീവ് പാക്കിങ്ങിലും ഇന്‍റലിജെന്‍റ് അഥവാ സ്മാർട്ട് പാക്കിങ്ങിലും നാനോ മെറ്റീരിയലുകള്‍ വ്യാപകമായി ഉപയോഗപ്പെടുത്താം.

1.      ആക്റ്റീവ് പാക്കേജിങ്ങ്

ഭക്ഷണ പദാർത്ഥങ്ങളുടെ പാക്കിങ്ങിലാണ് ഈ രീതി കൂടുതലായി അവലംബിക്കപ്പെടുവാന്‍ പോകുന്നത്. ഉല്‍പ്പന്നത്തിന്‍റെ ആയുസ്സ് (Shelf Life), ഗുണനിലവാരം എന്നിവ കൂട്ടുന്നതിനാണ് ഈ രീതി ഉപയോഗിക്കുന്നത്. പാക്കിങ്ങിന്‍റെ ഉള്ളില്‍ നിന്നും ഓക്സിജനെ എടുത്ത് കളയുന്നതാണ് ഇത്. സാധാരണയായി സാഷെ പാക്കറ്റുകള്‍ പാക്കിങ്ങിനുള്ളില്‍ ഇടുകയോ അല്ലായെങ്കില്‍ ആക്ടീവ് മെറ്റീരിയലുകള്‍ നേരിട്ട് പാക്കിങ്ങിനുള്ളില്‍ ഇടുകയോ ആണ് ചെയ്യാറുള്ളത്. പാക്കിങ്ങിന്‍റെ ഉള്ളിലെ ഓക്സിജനെ എടുത്ത് കളയുവാന്‍ കഴിവുള്ളതാണ് ഈ മെറ്റീരിയലുകള്‍. ഭക്ഷ്യോല്‍പ്പന്നങ്ങളിലെ ബാക്റ്റീരിയുടെ അളവ് ക്രമാതീതമായി ഉയർന്നാല്‍ ഇതിലുള്ള ആന്‍റി ബാക്ടീരിയലുകള്‍ പ്രവർത്തിച്ച് തുടങ്ങും. അള്‍ട്രാ വയലറ്റ് രശ്മികളുടെ സാന്നിധ്യവും ഇതിനായി ഉപയോഗപ്പെടുത്തുന്നുണ്ട്.

2.      ഇന്‍റലിജെന്‍റ് പാക്കേജിങ്ങ്

ഈ രീതിയിലുള്ള പാക്കിങ്ങില്‍ ഭക്ഷ്യോല്‍പ്പന്നങ്ങളുടെ ഗുണനിലവാരം അളക്കുകയും ആയത് ഉപഭോക്താവിനെ അറിയിക്കുകയും ചെയ്യുന്ന സംവിധാനമാണുള്ളത്. ഇതിലൊരു ടൈം – റ്റെംപറേച്ചർ ഇന്‍ഡിക്കേറ്ററുണ്ട്. ഗുണനിലവാരം മാറുമ്പോള്‍ പാക്കിങ്ങിലെ ഇന്‍ഡിക്കേറ്ററുകളുടെ കളർ മാറുന്ന തരത്തിലാണ് പലപ്പോഴും ഇതിന്‍റെ പ്രവർത്തനം. എത്ര നേരം ഭക്ഷ്യോല്‍പ്പന്നങ്ങള്‍ അന്തരീക്ഷവുമായി സമ്പർക്കത്തില്‍ വരാം എന്ന് കാണിക്കുന്ന ടൈം സ്ട്രിപ്പുകളുള്ള പാക്കിങ്ങുകളുമുണ്ട്. പാക്കിങ്ങില്‍ ക്യൂ ആർ കോഡ് ഉപയോഗിക്കുന്നതുമെല്ലാം ഇന്‍റലിജെന്‍റ് പാക്കിങ്ങിന്‍റെ പരിധിയില്‍ വരും. കാരണം ഇത് ഉല്‍പ്പന്നത്തെപ്പറ്റിയുള്ള വിവരങ്ങള്‍ ഉപഭോക്താവിന് നല്‍കുന്നതാണ്.  കളർ വ്യത്യാസം വരുവാനായി തെർമോക്രോണിക് ഇങ്ക് ആണ് ഉപയോഗിക്കുന്നത്.

ഇക്കോ ഫ്രണ്ടലി പാക്കേജിങ്ങ്

വ്യവസായങ്ങളും ഗ്രഹ നിർമ്മാണങ്ങളുമെല്ലാം ഇക്കോ ഫ്രണ്ടിലി എന്നതിലേക്ക് ചുവട് മാറ്റിയപ്പോള്‍ പാക്കിങ്ങും മാറി നില്‍ക്കുന്നില്ല. പുനരുപയോഗിക്കാവുന്നതും മണ്ണിലലിയുന്നതുമായ പാക്കിങ്ങ് മെറ്റീരിയലുകളാണ് ഇപ്പോഴത്തെ ട്രെന്‍ഡ്.  കോണ്‍ സ്റ്റാർച്ച്, കാർഡ് ബോർഡ്, ബയോ ഡിഗ്രേഡബിള്‍ പ്ലാസ്റ്റിക് തുടങ്ങിയ വസ്തുക്കളാണ് ഇപ്പോള്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നത്. പാക്കിങ്ങിലുള്ള എഴുത്തുകള്‍ പോലും രാസ വസ്തുക്കളുപയോഗിക്കാതെ സോയാ ബീനില്‍ നിന്നെടുക്കുന്ന സോയി ഇങ്ക് പോലുള്ളവ ഉപയോഗിക്കാന്‍ കഴിയുമോയെന്നാണ് ഈ രംഗത്തെ ഗവേഷകരുടെ ചിന്ത. അതായത് പെട്രോളിയത്തില്‍ നിന്നുള്ള മഷി ഉപയോഗിക്കുന്നതിന് പകരം വെജിറ്റബിള്‍ ബേസഡ് ആയിട്ടുള്ള മഷി ഉപയോഗിക്കുന്നത് വ്യാപകമാക്കുക എന്ന്.

മിനിമലിസം

അത്യാവശ്യത്തിന് മാത്രം പാക്കിങ്ങ് മെറ്റീരിയലുകള്‍ ഉപയോഗിക്കുക എന്നതാണ് ഇപ്പോള്‍ വ്യാപകമായി വരുന്നയൊരു ട്രെന്‍ഡ്. കാരണം പാക്കിങ്ങ് ഉല്‍പ്പന്നത്തിന്‍റെ വില നിർണ്ണയിക്കുന്ന ഘടകങ്ങളിലൊന്നാണ്. മ്യൂസിക് കോഡുകള്‍ പലപ്പോഴും ഈ രിതിയിലേക്ക് മാറ്റപ്പെട്ടിട്ടുണ്ട്.

മോഡിഫൈഡ് അറ്റ്മോസ്ഫിയർ പാക്കിങ്ങ്  (MAP)

പച്ചക്കറികളും പഴങ്ങളും കൃഷിയിടങ്ങളില്‍ നിന്നും പാക്ക് ചെയ്യുന്നതിനാണ് ഈ രീതി അവലംബിക്കുന്നത്. സാധാരണയായി ഇത് പാക്ക് ചെയ്യുമ്പോള്‍ Pseudomonas, Acinetobacter, Moraxella തുടങ്ങിയ സൂക്ഷ്മ ജീവികളുടെ പ്രവർത്തനം മൂലം പച്ചക്കറികളും പഴങ്ങളും ചീയുവാനാരംഭിക്കുന്നത് സാധാരണയാണ്. ഇത് തടയുന്ന രീതിയിലുള്ള പാക്കിങ്ങിനാണ് മോഡിഫൈഡ് അറ്റ്മോസ്ഫിയർ പാക്കിങ്ങ് എന്ന് പറയുന്നത്. ഇത് മൂലം പച്ചക്കറികളും പഴങ്ങളും കേടാവാതെ ഇരിക്കുവാന്‍ കഴിയുന്നു. ആക്റ്റീവ്, പാസ്സീവ് എന്നിങ്ങനെ 2 തരത്തിലുള്ള MAP കള്‍ നിലവിലുണ്ട്. പാക്കിങ്ങിനകത്തെ ഓക്സിജന്‍ ഉള്‍പ്പടെയുള്ള വാതകങ്ങള്‍ നീക്കം ചെയ്യുന്നതാണ് ആക്ടീവ് എങ്കില്‍ പ്രത്യേക ഫിലിം ഉപയോഗിച്ച് പാക്ക് ചെയ്യുന്നതാണ് പാസ്സീവ് MAP. Gas flushing, Barrier packaging films, Scavenger or desiccant packs, On-package valves എന്നിവയെല്ലാം വ്യത്യസ്ത രീതിയിലുള്ള MAP കള്‍ ആണ്. എല്ലാത്തരം MAP കളിലും ഓക്സിജനുമായിട്ടുള്ള സമ്പർക്കം ഒഴിവാക്കുന്നതാണ് ആത്യന്തികമായി ചെയ്യുന്നത്.

പാക്കേജിങ്ങ് കോഴ്സുകള്‍

ഇന്ന് പാക്കേജിങ്ങ് ടെക്നോളജി പഠിപ്പിക്കുന്ന സ്ഥാപനങ്ങളും ഇന്ത്യയിലുണ്ട്.  ഇന്ത്യയിലെ ഈ രംഗത്തെ പ്രധാന സ്ഥാപനമാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാക്കേജിങ്ങ് (http://www.iip-in.com). മിനിസ്ട്രി ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ കീഴിലുള്ള സ്ഥാപനമായതിനാല്‍ ഫീസ് കുറവാണിവിടെ. ബി എസ് സി. ബി ടെക് ബിരുദ ധാരികള്‍ക്കായുള്ള രണ്ട് വര്‍ഷത്തെ ഫുള്‍ടൈം പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമയാണിവിടുത്തെ പ്രധാന കോഴ്സ്. അഖിലേന്ത്യാ എന്‍ട്രന്‍സ് വഴിയാണ് പ്രവേശനം. സ്ഥാപനത്തിന്‍റെ ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ഹൈദരാബാദ് സെന്‍ററുകളിലായാണ് പരിശീലനം. ആദ്യ മൂന്ന് സെമസ്റ്ററുകള്‍ സ്ഥാപനത്തിലും അവസാന സെമസ്റ്റര്‍ തിരഞ്ഞെടുത്ത വ്യവസായ സ്ഥാപനത്തിലുമാകും. ബി എസ് സി. ബി ടെക് ബിരുദ ധാരികള്‍ക്കായുള്ള 3 മാസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്സും വിദൂര വിദ്യാഭ്യാസം വഴിയുള്ള 18 മാസത്തെ മറ്റൊരു കോഴ്സും ഇവിടെയുണ്ട്.

നവി മുംബൈയിലെ SIES SCHOOL OF PACKAGING - PACKAGING TECHNOLOGY CENTRE (http://www.siessop.edu.in) ആണ് മറ്റൊരു പ്രധാന സ്ഥാപനം.
  • 2 year postgraduate programme in Packaging Science & Technology (Eligibility: BSc/B.Tech or B.E/ B.Ppharm)
  • One year Graduate Diploma in packaging Technology (Part time)
  • One year Graduate Diploma in Packaging Technology ( Distance learning)
  • Industry oriented short term courses
എന്നിവയാണിവിടുത്തെ കോഴ്സുകള്‍.      
                                                                                       
മാറ്റങ്ങളുമായി പാക്കേജിങ്ങ് എന്ന സാങ്കേതിക വിദ്യ മുന്നേറുമ്പോള്‍ കമ്പനികളും അതിനനുസരിച്ച് മാറുകയാണ്. പാക്കേജിങ്ങ് ടെക്നോളജി കഴിഞ്ഞവര്‍ക്ക് സ്വന്തം സംരംഭങ്ങള്‍ ആരംഭിക്കുവാനും കഴിയും.