Tuesday, 24 October 2017

ഡിജിറ്റല്‍ മാര്ക്കറ്റിങ്ങ് – വിപണന കലയിലെ പുതു വഴി


സംരംഭകത്വത്തിലെ 5 M കളിലെ ഏറ്റവും പ്രധാനപ്പെട്ട M ആണ് മാര്‍ക്കറ്റിങ്ങ് എന്നത്. മണി, മെഷീന്‍, മെന്‍, മെറ്റീരിയല്‍ എന്നിവയാണ് മറ്റുള്ളവ. സത്യത്തില്‍ ഒരു കലയായ ഇതാണ് എത് ബിസിനസിന്‍റേയും ജീവശ്വാസമെന്ന് പറയാം. ഈ കമ്പ്യൂട്ടര്‍ യുഗത്തില്‍ എല്ലാം ഡിജിറ്റലായപ്പോള്‍ മാര്‍ക്കറ്റിങ്ങും മാറി നിന്നില്ല. പേഴ്സണല്‍ കമ്പ്യൂട്ടറും മൊബൈലുമെല്ലാമായി ലോകം വിരല്‍ത്തുമ്പിലേക്ക് ചുരുങ്ങിയപ്പോള്‍ പരസ്യങ്ങളിപ്പോള്‍ വ്യക്തികളിലേക്ക് ടാര്‍ഗറ്റ് ചെയ്യുന്നയവസ്ഥയായി. നമുക്കെന്താണ് വേണ്ടതെന്ന് കൃത്യമായി മനസ്സിലാക്കി അതിന്‍റെ പരസ്യങ്ങള്‍ നമ്മുടെ മാത്രം മൊബൈലിലും, ഇ മെയിലിലുമെത്തുന്നത് ഇന്ന് സര്‍വ്വ സാധാരണമായിക്കഴിഞ്ഞു. സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നുമൊക്കെ സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഒരു പ്രത്യേക ഉല്‍പ്പന്നം ആരാണ് അല്ലെങ്കില്‍ ഏത് വിഭാഗത്തിലുള്ളവരാണ് വാങ്ങുന്നതെന്ന് കൃത്യമായി കണക്കെടുക്കുന്ന സോഫ്റ്റ് വെയറുകളിന്നുണ്ട്. പ്രത്യകിച്ച് ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ്ങ് കമ്പനികളുടെ അഭൂതപൂര്‍വ്വമായ വളര്‍ച്ച ഈ രംഗത്തെ അവസരങ്ങള്‍ കൂട്ടിയിട്ടുണ്ട്. ഓര്‍ഡര്‍ ചെയ്യുന്നതിന്‍റെ പിറ്റേ ദിവസം ഉല്‍പ്പന്നം ഉപഭോക്താവിന്‍റെ കയ്യിലെത്തിക്കുക മാത്രമല്ല വിപണി വിലയേക്കാള്‍ കുറവില്‍ സാധനങ്ങള്‍ കിട്ടുമ്പോഴുള്ള ഉപഭോക്താവിന്‍റെ സംതൃപ്തിയുടെ അളവ് കോല്‍ പോലും അപ്പോഴപ്പോള്‍ അറിയുവാനുള്ള സൌകര്യം വരെ കമ്പനികള്‍ക്കിന്നുണ്ട്.

എന്താണ് ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ്

സത്യത്തില്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ് എന്നത് വലിയൊരു അംബ്രല്ലാ ടേം ആണ്. ഡിജിറ്റല്‍ മീഡിയകളെ ഉല്‍പ്പന്നങ്ങളുടെ പ്രോമോഷനായി ഉപയോഗപ്പെടുത്തുകയെന്നതാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിന്‍റെ കീഴില്‍ ടെലി മാര്‍ക്കറ്റിങ്ങ്, സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിങ്ങ്,  സെര്‍ച്ച് എന്‍ജിന്‍ ഒപ്റ്റിമൈസേഷന്‍, സെര്‍ച്ച് എന്‍ജിന്‍ മാര്‍ക്കറ്റിങ്ങ്, ഇ മെയില്‍ ഡയറക്ട് മാര്‍ക്കറ്റിങ്ങ്, ഇന്‍ഫ്ലുവെന്‍സര്‍ മാര്‍ക്കറ്റിങ്ങ്, കണ്ടന്‍റ് ഓട്ടോമേഷന്‍, ഡിസ്പ്ലേ മാര്‍ക്കറ്റിങ്ങ്, ഇ കോമേഴ്സ് മാര്‍ക്കറ്റിങ്ങ് തുടങ്ങി നിരവധി ഉപ വിഭാഗങ്ങളുണ്ട്. ഇതിന്‍റെയെല്ലാം സോഫ്റ്റ് വെയറ്‍ പ്രോഗ്രാമുകളുടെ രൂപകല്‍പ്പനയും പരിപാലനവുമെല്ലാം ഇതില്‍ത്തന്നെ വരുന്നതാണ്. ഇതിനായുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ ഡവലപ്മെന്‍റും ഈ രംഗത്ത് ആവശ്യമാണ്. 

സമൂഹ മാധ്യമങ്ങൾ വഴി ഒരു സ്ഥാപനത്തെ, അല്ലെങ്കിൽ പരസ്യം നല്കാൻ ഉദ്ദേശിക്കുന്നതിനെ ഏറ്റവും കുറഞ്ഞ ചിലവിൽ ലക്ഷക്കണക്കിന് ആളുകളിലേക്ക് എത്തിക്കുകയാണ് ഡിജിറ്റൽ മാർക്കറ്റിങ്ങില്‍ ചെയ്യുന്നത്. ഫേസ്ബുക്ക്, ട്വിറ്റര്‍, വാട്ആപ്പ്, ഈ മെയില്‍, യൂ ട്യൂബ് തുടങ്ങി ഇന്ന് ലഭ്യമായ എല്ലാ സാങ്കേതിക സംവിധാനങ്ങളും ഇതിനായി ഉപയോഗപ്പെടുത്തുന്നുണ്ട്. 

ഉദാഹരണമായി ഒരു ലേഡീസ് ബോട്ടിക്ക് നടത്തുന്ന വ്യക്തി ഓണ്‍ലെനില്‍ പരസ്യം നല്‍കുന്നു എന്ന് കരുതുക. പരസ്യം കാണുന്നവര്‍ക്ക് നമ്മുടെ ഏതെങ്കിലും ഡിസൈന്‍ അപ്പോള്‍ത്തന്നെ ഓര്‍ഡെര്‍ ചെയ്യണം എന്നും കരുതുക. നമ്മുടെ വെബ്സൈറ്റിലെ ഓര്‍ഡെര്‍ ഫോം വഴി അത് ഉപഭോക്താവ് നമ്മെ അറിയിക്കുകയും ഒരു പടി കൂടി മുന്നോട്ട് പോയാല്‍ പണമടയ്ക്കുകയും ചെയ്യാന്‍ സാധിക്കുമെങ്കില്‍, നമ്മള്‍ "പരസ്യം" ചെയ്തു, താല്പര്യം അറിയിച്ചു , ഓര്‍ഡെര്‍ എടുത്തു, പണം കിട്ടി, ഈ നാലു കാര്യങ്ങള്‍ ഒന്നോ രണ്ടോ മിനിട്ടില്‍ കഴിഞ്ഞു. 

ഇനി വെബ്സൈറ്റ് ഇല്ലെങ്കില്‍ നമ്മുടെ ബൊട്ടിക്കിലേക്ക് വരാനുള്ള വഴി ഗൂഗിള്‍ മാപ്പില്‍ നമുക്ക് പരസ്യത്തോടൊപ്പം കാണിക്കാം. ഉപഭോക്താവിന്റെ മൊബൈല്‍ ഫോണില്‍ ലൊക്കേഷന്‍ സംവിധാനം ഉണ്ടെങ്കില്‍ അയാള്‍ എവിടെ നില്‍ക്കുന്നോ അവിടെനിന്നും വഴി തെറ്റാതെ നമ്മുടെ ബോട്ടിക്കില്‍ എത്താം. അപ്പോള്‍ നമ്മുടെ സെയില്‍, ഡിജിറ്റല്‍ മീഡിയ ഉപയോഗിച്ചുതന്നെ നടന്നു. അതിനാലാണ് ഇതിനെയെല്ലാം കൂടി ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ് എന്ന് പറയുന്നത്. മേല്‍പ്പറഞ്ഞ പരസ്യത്തിന് ഉപയോഗിച്ച മാധ്യമം വെബ്സൈറ്റോ, ഫേസ്ബുക്കോ, ഇ മെയിലോ അങ്ങനെ എന്തുമാകാം.
ഇത് മാത്രമല്ല പല കമ്പനിക്കാരും തങ്ങളുടെ ഓഫറുകള്‍ അറിയിക്കുവാന്‍ മൊബൈല്‍ ഫോണില്‍ ബന്ധപ്പെടുന്നത് തന്നേയും ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങിന്‍റെ പരിധിയില്‍ വരും.

ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ് ഒരു സംരംഭമാക്കാം

ആകര്‍ഷകമായ രീതിയില്‍ ഒരു വെബ്‌സൈറ്റ് രൂപകല്‍പനയില്‍ മാത്രം ഒതുങ്ങുകയാണ് ഇന്ന് ഭൂരിഭാഗം സംരംഭകരുടെയും സ്ഥാപനങ്ങളുടെയും ഇന്‍റര്‍നെറ്റുമായുള്ള ബന്ധം. എന്നാല്‍ പരമ്പരാഗത മാര്‍ക്കറ്റിങ് രീതികള്‍ക്ക്  അപ്പുറം ഇന്‍റര്‍നെറ്റിലൂടെ നേടിയെടുക്കാന്‍ കഴിയുന്ന സൗകര്യങ്ങളെക്കുറിച്ചു നല്ലൊരു  ശതമാനം പേര്‍ക്കും അത്ര കണ്ട് ബോധ്യമുണ്ടായിട്ടില്ല. എല്ലാ വിധ ഡിജിറ്റല്‍ സൗകര്യങ്ങളും ഉപയോഗപ്പെടുത്തി തങ്ങള്‍ ടാര്‍ജറ്റ് ചെയ്യുന്ന ഉപഭോക്താക്കളോട് നേരിട്ട് കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ കഴിയുന്നു എന്നതാണ് ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങിന്‍റെ നേട്ടം. വില്‍പന ഉയര്‍ത്തുന്നതിനും സേവനങ്ങള്‍ കൂടുതല്‍ ജനകീയമാക്കുന്നതിനും പുതിയ സാധ്യതകള്‍ ഉയര്‍ത്തുന്നതിനും ഫലപ്രദമായ തന്ത്രമാണ് ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ്.

നിയമപരമായി വരുമാനമുണ്ടാക്കുന്നതെന്തും സംരംഭമെന്നതിന്‍റെ  നിര്‍വ്വചനത്തിലുള്‍പ്പെടുത്താമെങ്കില്‍ മറ്റു സംരംഭകരുടെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും ഡിജിറ്റലായി മാര്‍ക്കറ്റ് ചെയ്ത് കൊടുക്കുന്ന ഒരു സംരംഭത്തിന് ഈ ആധുനിക കാലഘട്ടത്തില് ഏറെ പ്രസക്തിയുണ്ട്. പ്രത്യേകിച്ചും കേരളത്തിലെ ചെറുകിട സംരംഭകര്‍ക്ക് വിപണിയെന്നത് ഒരു വലിയ പ്രശ്നമായി നില്‍ക്കുമ്പോള്‍ അവരുദ്ദേശിക്കുന്ന ഉപഭോക്താക്കളിലേക്ക് വിവരങ്ങളെത്തിക്കുകയെന്നത് ഒരു സംരംഭ സാധ്യതയായി വളര്‍ത്തിയെടുക്കാവുന്നതാണ്. കേരളത്തിന്‍റെ വൈവിധ്യത ഏറെ സംരംഭ സാധ്യതയുള്ളയൊന്നാണ്. ഉദാഹരണമായി ഭക്ഷ്യോല്‍പ്പാദന രംഗത്തെ വൈവിധ്യമെടുക്കാം. പ്രാദേശികമായി വ്യത്യസ്തതയുള്ള വിഭവങ്ങള്‍ പല പ്രദേശത്തായുണ്ടാക്കപ്പെടുന്നുണ്ട്. എന്നാലിവയൊന്നും തന്നെ കേരളത്തിന് പുറത്തേക്ക് വിപണനത്തിനായി അധികമൊന്നും എത്തപ്പെടുന്നില്ലായെന്നത് ഒരു യാഥാര്‍ത്ഥ്യമായി നില നില്‍ക്കുമ്പോള്‍ ഇതിനൊരു ആഗോള വിപണി സൃഷ്ടിക്കുവാന്‍ സഹായിക്കുന്ന സംരംഭങ്ങള്‍  ഈ രംഗത്ത് ആരംഭിക്കുവാന്‍ കഴിയും. അത് പോലെ വൈവിധ്യമാര്‍ന്ന ടൂറിസം പോയിന്‍റുകള്‍, കേരളീയ കലകള്‍, ആറന്മുള കണ്ണാടി പോലുള്ളവയെല്ലാം തന്നെ ആഗോള വ്യാവസായിക ഭൂപടത്തില്‍ ഇടം പിടിക്കാവുന്ന ഉല്‍പ്പന്നങ്ങള്‍ തന്നെയാണ്. എന്നാല്‍ കേരളത്തിലെ ചെറു കിട വ്യവസായികളില്‍ 95 ശതമാനത്തിന് മുകളിലുള്ളവരും ഇതിന്‍റെ സാധ്യതകളെക്കുറിച്ച് അജ്ഞരാണെന്നിരിക്കെ ഈ മേഖലയിലെ സാധ്യതകള്‍ വലുതാണ്. ഇവിടുത്തെ ചെറുകിട വ്യവസായ സംരംഭകര്‍ക്കായി ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ് നടത്തിക്കൊടുക്കുന്ന ഒരു സ്ഥാപനം ആരംഭിക്കാവുന്നതാണ്. കൂടാതെ നിരവധി ശില്‍പ്പശാലകളും ബോധവല്‍ക്കരണ ക്ലാസുകളും നടത്തുന്നത് മറ്റൊരു സംരംഭക സാധ്യതയാണ്. ചെറുകിട വ്യവസായികള്‍ക്കായി പേമെന്‍റ് ഗേറ്റ് വേകള്‍ രൂപപ്പെടുത്തി നല്‍കുന്നതും ഇതിന്‍റെ അനന്തര സാധ്യതകളില്‍പ്പെടുന്നയൊന്നാണ്. അതിനാല്‍ത്തന്നെ ഉദ്യോഗാര്‍ത്ഥികള്‍ക്കും അധിക വരുമാനം ആഗ്രഹിക്കുന്ന  സാധാരണക്കാര്‍ക്കും ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങിലൂടെ മികച്ച നേട്ടമുണ്ടാക്കാന്‍ കഴിയുo. ഓണ്‍ലൈനിലൂടെ ഗൂഗിളിന്‍റെയും മൈക്രോസോഫ്ടിന്‍റെയും സര്‍ട്ടിഫിക്കറ്റകള്‍ കരസ്ഥമാക്കി അംഗീകാരമുള്ള ഒരു ഡിജിറ്റല്‍ മാര്‍ക്കറ്ററായി മാറുവാന്‍ സാധിക്കും.

ഉയര്‍ന്ന് വരുന്ന തൊഴില്‍ മേഖല

ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ് മികച്ചൊരു തൊഴില്‍ സാധ്യത കൂടി തുറന്നിടുന്നുണ്ട്. ഉദ്യോഗാര്‍ത്ഥികളെ സംബന്ധിച്ചിടത്തോളം ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എന്നത് അനന്ത സാദ്ധ്യതകള്‍ നിറഞ്ഞ ഒരു മേഖലയാണ്. ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങിനായി ഇന്ന് മിക്കസ്ഥാപനങ്ങളും പ്രത്യേക വിഭാഗം തന്നെ ആരംഭിച്ച് ജീവനക്കാരെ നിയമിക്കുന്നുണ്ട്. ഇന്ന് പല സ്ഥാപനങ്ങളും പരമ്പരാഗത മാര്‍ക്കറ്റിങ്ങിനൊപ്പം തന്നെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ്ങിനു പ്രത്യേക വിഭാഗം തന്നെ രൂപീകരിച്ചിട്ടുണ്ട്. പാര്‍ട് ടൈം ആയോ ഫുള്‍ടൈം ആയോ ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങിലൂടെ പണം സമ്പാദിക്കുന്നവരും ഇന്ന് നിരവധി ആണ്. വിദ്യാര്‍ഥികള്‍ മുതല്‍ മറ്റു തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ വരെ ഇന്ന് സമാന്തരമായി ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ് സാധ്യതകളും രീതികളും പ്രയോജനപ്പെടുത്തി വരുമാനം നേടുന്നുണ്ട്.

ചെറുകിട വ്യവസായവും ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങും

പരമ്പരാഗത പരസ്യ രീതികളിലൂടെയും വിപണന തന്ത്രങ്ങളിലൂടെയും ഉദ്ദേശിക്കുന്ന രീതിയിലുള്ള നേട്ടം ഉണ്ടാക്കാന്‍ ബുദ്ധിമുട്ടുന്നവരാണ് ഇന്ന് ഭൂരിഭാഗം ചെറുകിട ബിസിനസുകാരും. യഥാര്‍ത്ഥ ഉപഭോക്താക്കളിലേക്ക് തങ്ങളുടെ ഉത്പന്നത്തെയോ സേവനത്തെയോ സംബന്ധിച്ച വിവരങ്ങള്‍ കൃത്യമായി എത്തിക്കാന്‍ കഴിയുന്നില്ല എന്നതാണ് ഇതിനു കാരണം. വിവര സാങ്കേതിക ആശയ വിനിമയ ഉപാധികളുടെ സാധ്യതകള്‍ വര്‍ദ്ധിച്ചതോടെ വരുമാന നേട്ടത്തിനു പുതിയ രീതികള്‍ തെരഞ്ഞെടുക്കാന്‍ ബിസിനസുകാര്‍ നിര്‍ബന്ധിതരാവുകയാണ്. ഇവിടെയാണ് ഈ രംഗത്തെ ഡിജിറ്റല്‍ മാര്‍ക്കറ്റിങിന്റെ പ്രസക്തി. അധികം ചെലവില്ലാതെ ഉദ്ദേശിക്കുന്ന ഉപഭോക്താവിലേക്ക് അതി വേഗത്തില്‍ എത്തിച്ചേരാം എന്നതാണ് ഇതിന്‍റെ നേട്ടം.

ഇന്ന് പരമ്പരാഗത മാര്‍ക്കറ്റിങ് രീതികളെക്കാള്‍ ആകര്‍ഷകമാകുന്നതും ഉപഭോക്താക്കള്‍ വിശ്വാസം അര്‍പ്പിക്കുന്നതും ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങിലാണ്. ഉപഭോക്താക്കളിലേക്ക് നേരിട്ട് ഇറങ്ങി ചെന്നു അവരുമായി സംവദിക്കാന്‍ കഴിയുന്നു എന്നതാണ് ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങിന്‍റെ പ്രത്യേകത. ഇത് തിരിച്ചറിയുന്ന ഉത്പാദകരും സംരംഭകരും സേവനദാതാക്കളും ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങിന്‍റെ സാധ്യതകള്‍ പ്രയോജനപ്പെടുത്താനും ശ്രമിച്ചു വരുന്നു. എന്നാല്‍ കേരളത്തിലെ ഭൂരിഭാഗം ചെറുകിട ബിസിനസ് സംരംഭകരും ഇത്തരം സാധ്യതകളെക്കുറിച്ച് അധികം ബോധവാന്‍മാരല്ല. പുതിയ കാലത്തിന്റെ മാര്‍ക്കറ്റിങ് തന്ത്രമായ ഡിജിറ്റല്‍ മാര്‍ക്കറ്റിങിലേക്ക് മാറിയില്ലെങ്കില്‍, ബിസിനസ് വരുമാനത്തിന്റെ അമ്പതു ശതമാനത്തോളം തുകയാണ് നഷ്ടപ്പെടുന്നത് എന്നാണു സമീപ കാലത്തെ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങിന് അധികം മുതല്‍ മുടക്ക് വേണ്ട എന്നുള്ളതും ഉദ്ദേശിക്കുന്ന ഉപഭോക്താക്കളിലേക്ക് ഉറപ്പായും എത്തിച്ചേരും എന്നുള്ളതിനാലും ചെറുകിട സംരംഭകര്‍ ഈ രംഗത്തിന്‍റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണ്.

ശക്തവും സുതാര്യവുമായ മാര്‍ക്കറ്റിങ് തന്ത്രങ്ങള്‍ രൂപപ്പെടുത്തുന്നതിനു ഇന്ന് ഭൂരിഭാഗം സംരംഭകരും ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങിനെ ആശ്രയിക്കുന്നുണ്ട്. ട്രഡിഷണല്‍ മാര്‍ക്കറ്റിങ്ങ് രീതികള്‍ പുതിയകാലത്തെ ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങിന് വഴിമാറുകയാണ്. ജനങ്ങള്‍ വ്യാപകമായി ഉപയോഗിക്കുന്ന സംവേദന മാധ്യമം എന്ന നിലയില്‍ ഇന്‍റര്‍നെറ്റിന്‍റെ സാധ്യതകള്‍ പൂര്‍ണമായും ഉപയോഗിക്കുന്നതാണ് ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ് രീതി. ഇന്‍റര്‍നെറ്റ് തുറന്നു തരുന്ന വിവരങ്ങളുടെ അനന്തമായ കുത്തൊഴുക്കില്‍ സ്വന്തം ഉത്പന്നങ്ങളുമായോ സ്ഥാപനങ്ങളുമായോ സേവനങ്ങളുമായോ ബന്ധപ്പെട്ട വിവരങ്ങള്‍ പൊതുസമൂഹത്തിനു മുന്നിലോ ഉദ്ദേശിക്കുന്ന ഒരു പ്രത്യേക വിഭാഗത്തിനു മുന്നിലോ എത്തിക്കുന്നതിനു ഡിജിറ്റല്‍ മാര്‍ക്കറ്റിങ് തന്ത്രങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്.
എന്ത് കൊണ്ട് ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ്
1)       ഇന്‍റര്‍നെറ്റിലൂടെ ബിസിനസ്സും സെയ്ല്‍സും വര്‍ദ്ധിപ്പിക്കുവാനും കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുവാനും സാധിക്കുന്നു.
2)       സോഷ്യല്‍ മീഡിയയുടെ പരിധി ഒരു പ്രദേശത്തോ സംസ്ഥാനത്തോ രാജ്യത്തോ ഒതുങ്ങി നില്‍ക്കുന്നില്ല, ലോകം തന്നെ നമ്മുടെ പരിധിക്കുള്ളിലാകും.
3)       ഇത് ഓണ്‍ലൈന്‍ ഷോപ്പുകളുടെ കാലം. ഭീമമായ മുതല്‍ മുടക്കില്ലാതെ ഓണ്‍ലൈനിലൂടെ സ്വന്തമായി ബിസിനസ് ആരംഭിക്കുവാനും ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങിലൂടെ അനുയോജ്യരായ ഉപഭോക്താക്കളിലേക്ക് എത്തിച്ചേരാനും സാധിക്കും.
4)       വീട്ടിലിരുന്ന് ഓണ്‍ലൈനിലൂടെ വരുമാനം ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഗൂഗിളിന്‍റെ ആഡ്‌സെന്‍സ്, അഫിലിയേറ്റ് മാര്‍ക്കറ്റിങ്, ബ്ലോഗിങ്ങ്, യൂട്യൂബ് ചാനല്‍ തുടങ്ങിയവയിലൂടെ അവസരം സാധ്യമാകുന്നു.
5)       ബിസിനെസ്സിനെ കൂടുതല്‍ പ്രശസ്തമാക്കാന്‍,  
തിരഞ്ഞെടുത്ത ആളുകളിലേക്ക് മാത്രം പരസ്യങ്ങൾ  നൽകുവാന്‍ കഴിയുന്നു.
6)       മിനുട്ടുകൾ കൊണ്ട് പരസ്യം ലക്ഷക്കണക്കിന് ആളുകളിലേക്ക് എത്തുന്നു.
7)       ഏത് തരത്തിലുള്ള പരസ്യവും നല്കാൻ കഴിയുന്നു.
8)       ലോകത്ത് ഏത് കോണിലുള്ള ആളുകളുമായും ബന്ധപ്പെടുവാൻ സാധിക്കുന്നു.

ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ് – പ്രത്യേകതകള്‍

1.       നമ്മള്‍ ആഗ്രഹിക്കുന്ന ഉപഭോക്താവിലേക്ക് തന്നെ നമ്മുടെ പരസ്യങ്ങളെത്തിക്കുവാന്‍ കഴിയുമെന്നതാണ് ഇതിന്‍റെ ഏറ്റവും വലിയ ഗുണം. അതായത് യഥാര്‍ഥ ലക്ഷ്യസ്ഥാനം നമുക്ക് മുന്‍‌കൂട്ടി നിശ്ചയിക്കാനാകും. ഉദാഹരണത്തിന് ഒരു ലേഡീസ് ബോട്ടിക്കിന്റെ പരസ്യമാണെങ്കില്‍, 15 വയസിന് മുകളില്‍ പ്രായമുള്ളതും 50 വയസിനു താഴെ പ്രായമുള്ളതുമായ സ്ത്രീകള്‍ മാത്രം, കൂടാതെ സ്ഥാപനത്തിന്റെ 30 കിലോമീറ്റര്‍ പരിധിയില്‍ ഉള്ളവര്‍ മാത്രം നമ്മുടെ പരസ്യം കാണ്ടാല്‍ മതി എങ്കില്‍, അത് നമുക്ക് മുന്‍‌കൂട്ടി തീരുമാനിക്കാനാവും. ഇതാണ് സാധാരണ മാധ്യമങ്ങളിലെയും നവമാധ്യമങ്ങളിലെയും പരസ്യം ചെയ്യലിന്‍റെ പ്രധാന വ്യത്യാസം. കൂടാതെ, നമ്മുടെ പരസ്യം ഉപഭോക്താവ് കണ്ടു അല്ലെങ്കില്‍ നമ്മുടെ പരസ്യത്തില്‍ താല്പര്യം കാണിച്ചു (ഉദാഹരണത്തിന് ക്ലിക്ക് ചെയ്യ്തു) എങ്കില്‍ മാത്രമേ നമ്മള്‍ നമുക്ക് വേണ്ടി ഓണ്‍ലൈന്‍ പരസ്യം നല്‍കുന്ന കമ്പനിക്ക് പണം നല്‍കേണ്ടതുള്ളു. 

2.      ഇങ്ങനെ കൃത്യമായി നമ്മുടെ യഥാര്‍ഥ ഉപഭോക്താക്കളില്‍ മാത്രമായി നമ്മുടെ പരസ്യം എത്തുന്നതിന് നമ്മള്‍ കൊടുക്കേണ്ടത് സാധാരണ മാധ്യമങ്ങളിലെ പരസ്യങ്ങള്‍ക്ക് കൊടുക്കേണ്ടി വരുന്ന ചിലവിലും താരതമ്യേന കുറവ് മാത്രമാണ്.
 
3.      ഗൂഗിള്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ് നാല് തരം സാദ്ധ്യതകള്‍ നമുക്ക് തരുന്നുണ്ട്. സേര്‍ച്ച് മാര്‍ക്കെറ്റിങ്ങ്, ഡിസ്പ്ലേ പരസ്യങ്ങള്‍, വീഡിയോ പരസ്യങ്ങള്‍ കൂടാതെ ഷോപ്പിങ്ങ് പരസ്യങ്ങള്‍. നമ്മുടെ സ്ഥാപനം അല്ലെങ്കില്‍ വ്യക്തി ഒരു പ്രത്യേക സേവനമാണ് കൊടുക്കുന്നതെങ്കില്‍ - ഉദാഹരണത്തിന് ഇലക്ട്രീഷ്യന്‍ ജോലി - സേര്‍ച്ച് മാര്‍ക്കറ്റിങ്ങ് ആണ് അനിയോജ്യം. കാരണം ഒരാള്‍ ഗൂഗിളില്‍ "Electricians in Kottayam" എന്ന് സേര്‍ച്ച് ചെയ്യുമ്പോള്‍ നമ്മുടെ പരസ്യം സേര്‍ച്ച് പേജിന്റെ ഏറ്റവും മുകളില്‍ത്തന്നെ കാണിക്കും. ഇതില്‍ ചിത്രങ്ങള്‍ ഉപയോഗിക്കാന്‍ കഴിയില്ല. ഇനി നമ്മുടെ ബോട്ടിക്കിന്റെ ഉത്ഘാടന വിവരമോ അല്ലെങ്കില്‍ ഒരു പുതിയ വസ്ത്രത്തിന്റെ വിവരങ്ങളോ ആണ് നമുക്ക് അറിയിക്കേണ്ടതെങ്കില്‍ ഡിസ്പ്ലേ പരസ്യമാണ് അനുയോജ്യം. ഡിസ്പ്ലേ പരസ്യത്തില്‍ നമുക്ക് ഫോട്ടോ അല്ലെങ്കില്‍ ഡിസൈന്‍ ചെയ്ത ഇന്‍‌വിറ്റേഷന്‍, ഗൂഗിളിലും മറ്റ് അനുബന്ധ വെബ്സൈറ്റുകളിലും (ഉദാഹരണത്തിന് നമ്മള്‍ ലക്ഷ്യം വക്കുന്ന ഒന്നോ അതില്‍ അധികമോ ന്യൂസ് സൈറ്റുകള്‍, ബ്ലോഗ്കള്‍ മുതലായവ) കാണിക്കാന്‍ കഴിയും.

4.       വീഡിയോ പരസ്യങ്ങളാണെങ്കില്‍ ലോകത്തിലേ ഏറ്റവും വലിയ വീഡിയോ സേര്‍ച്ച് സൈറ്റായ യൂടൂബില്‍ (എംബെഡെഡ് വീഡിയോകളില്‍ ഉള്‍പ്പടെ) കാണിക്കാന്‍ കഴിയും. അതും ടിവി പരസ്യങ്ങളേക്കാള്‍ കുറഞ്ഞ ചിലവില്‍. നമ്മുടേത് ഒരു ഓണ്‍ലൈന്‍ ഷോപ്പിങ്ങ് സ്ഥാപനമാണെങ്കില്‍ മുകളില്‍ പറഞ്ഞവ കൂടാതെ ഷോപ്പിങ്ങ് പരസ്യങ്ങളും അഭികാമ്യമാണ്. ഇതില്‍ നമ്മുടെ ഉല്പന്നത്തിന്റെ ചിത്രം, ചെറിയ വിവരണം, വില, എന്തെങ്കിലും ഓഫറുകള്‍ ഉണ്ടെങ്കില്‍ അതും കാണിക്കാം.

ചെറുകിട സംരംഭകര്‍ ശ്രദ്ധിക്കേണ്ട്. 

ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ് കമ്പനികള്‍ക്ക് കരാര്‍ കൊടുക്കുമ്പോള്‍ അതില്‍ വിദഗ്ധരായവരെ മാത്രം നമുക്ക് വേണ്ടി കാര്യങ്ങള്‍ ചെയ്യാന്‍ ഏല്പ്പിക്കുക. അല്ലെങ്കില്‍ നഷ്ടങ്ങള്‍ സംഭവിക്കാനുള്ള സാധ്യതകള്‍ ഏറെയാണ്. കാര്യങ്ങള്‍ ചെയ്ത് തരുന്നവര്‍ ഗൂഗിള്‍ നിയമാനുസ്രതമായി അഗീകരിച്ചിട്ടുള്ളവരാണെങ്കില്‍ (Google Certified) പല നഷ്ടങ്ങളും നമുക്ക് ഒഴിവാക്കാനാവും.

സംരംഭകത്ത്വത്തിന്‍റെ നൂതന സാധ്യതകളില്‍ മുന്നില്‍ നില്‍ക്കുന്ന ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ് ഈ രംഗത്ത് നവ സംരംഭങ്ങള്‍ ആരംഭിക്കുവാനാഗ്രഹിക്കുന്നവര്‍ക്കും നിലവിലുള്ള സംരംഭകര്‍ക്ക് തങ്ങളുടെ ബിസിനസ്സ് കൂടുതല്‍ മെച്ചപ്പെടുത്തുവാനുമുള്ള നല്ലയൊരു മാര്‍ഗ്ഗമാണ്. ഈ ആധുനിക ബിസിനസ്സ് യുഗത്തില്‍ യഥാര്‍ത്ഥ ഉപഭോക്താക്കളെ തേടിയുള്ള ഈ വിപണന യാത്ര ചെറു കിട വ്യവസായ സംരംഭകര്‍ പ്രയോജനപ്പെടുത്തേണ്ടതാണ്. അല്ലായെങ്കില്‍ മാറുന്ന കാലഘട്ടത്തില്‍ വിപണിയില്‍ പുറം തള്ളപ്പെട്ട് പോവുകയായിരിക്കും ഫലം. വ്യത്യസ്തമായ സംരംഭങ്ങളാരംഭിക്കുവാനാഗ്രഹിക്കുന്ന വിദ്യാഭ്യാസമുള്ള യുവലമുറക്ക് നല്ലയൊരു വഴിയായിരിക്കും ഇന്ന് ശൈശവ ദശയില്‍ നില്‍ക്കുന്ന ഡിജിറ്റല്‍ മാര്ക്കറ്റിങ്ങ് എന്ന വിപണന കലയിലെ ഈ പുതു വഴി.

Wednesday, 23 August 2017

സംരംഭകത്വത്തിന്‍റെ ഓണ്‍ ലൈന്‍ സങ്കേതങ്ങള്‍



കമ്പ്യൂട്ടര്‍ എന്ന യന്ത്ര സംവിധാനം കേരളത്തിലേക്കെത്തിയപ്പോള്‍ അതിനെ സര്‍വ്വ ശക്തിയും ഉപയോഗിച്ച് എതിര്‍ത്ത ഒരു തലമുറ ഇവിടെ ഉണ്ടായിരുന്നു. എന്നാല്‍ അറിവില്ലായ്മയുടെ ആ കാലഘട്ടത്തില്‍ നിന്നും നാം ഏറെ മുന്നോട്ട് പോയിരിക്കുന്നു. തൊഴിലവസരങ്ങള്‍ നഷ്ടമാകുമെന്ന ന്യായമായിരുന്നു എതിര്‍പ്പിന് പിറകില്‍. എന്നാല്‍ കാലഘട്ടം മാറുമ്പോള്‍ തൊഴില്‍ മേഖലയുടെ നിര്‍വ്വചനങ്ങള്‍ സാങ്കേതിക വിദ്യയുടെ വളര്‍ച്ചക്കനുസരിച്ച് പുനര്‍ നിര്‍ണ്ണയിയിക്കപ്പെട്ടേ മതിയാകുകയുള്ളുവെന്നത് ഒരു നിഷേധിക്കാനാവാത്ത യാഥാര്‍ത്ഥ്യമാണ്. ഇന്നിപ്പോള്‍ കമ്പ്യൂട്ടറും ഇന്‍റര്‍നെറ്റും തൊഴില്‍ നല്‍കുന്നയിടമെന്നതിനുമപ്പുറം സ്വയം സംരംഭകത്വം ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള പുത്തന്‍ വാതയാനങ്ങള്‍ തുറന്നിടുന്നയിടമായി പരിണമിച്ചുവെന്നത് അഭ്യസ്ത വിദ്യരായ മലയാളികള്‍ക്കെന്നും ആശ്വാസത്തിന് വഴി നല്‍കുന്നയൊന്നാണ്. 

സോഷ്യല്‍ മീഡിയകളുടെ അതി വ്യാപനം പുതിയ ബിസിനസ്സ് അവസരമായും നിലവിലുള്ള ബിസിനസ്സ് വിപുലീകരിക്കുവാനും ഉപകരിക്കുമെന്നുള്ള തിരിച്ചറിവും നമുക്കുണ്ടാകേണ്ടിയിരിക്കുന്നു. സ്വന്തമായി ബ്ലോഗ് ഉണ്ടാക്കുന്നത് മുതല്‍ ഓണ്‍ലൈന്‍ കച്ചവടം വരെയുള്ള സ്വയം തൊഴില്‍, സംരഭക സാധ്യതകളുടെ അക്ഷയ ഖനിയാണിന്ന് ഇന്‍റര്‍നെറ്റ്. സാമ്പത്തിക ഇടപാടുകള്‍ അവസാനം ചെന്നെത്തിയ രീതിയാണ് ഇ-കൊമേഴ്‌സ് എന്നറിയപ്പെടുന്ന ഇലക്‌ട്രോണിക് വ്യാപാര സമ്പ്രദായം. സാധാരണ പണം നല്‍കുന്നതിനു പകരം ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഇന്റര്‍നെറ്റ് സംവിധാനം വഴി പണമെടുക്കുക, ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ക്രയവിക്രയം നടത്തുക, മൊബൈല്‍ ഫോണുപയോഗിച്ച് പണമിടപാടിന്‍റെ വിശദീകരണമറിയുക, പണമടക്കുക തുടങ്ങി വളരെ വിപുലമായ ഒരു മേഖലയാണ് ഇന്ന് ഇ-കൊമേഴ്‌സ്. പണം, ചെക്ക് മുതലായവക്ക് പകരം വന്ന നവാതിഥിയാണ് ഇത്

1.       കച്ചവടം വൈബ്സൈറ്റിലൂടെ

ഇന്‍റര്‍നെറ്റ് ഇന്നൊരു ആഗോള വിപണിയാണ്. പുത്തന്‍ ആശയങ്ങളായ ഫ്ലിപ്കാര്‍ട്ടും ആമസോണും പോലുള്ളവ അരങ്ങ് തകര്‍ക്കുന്നിടത്തിനിയും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സാധ്യതകളേറെയുണ്ടുവെന്നതാണ് സത്യം. വില്‍ക്കുവാനുള്ളതെന്തുമാവട്ടെ അത് മീനായാലും, ഡ്രസ് ആയാലും ഇനി കേക്കോ പൂക്കളോ ആയാലും സ്വന്തമായൊരു വെബ്സൈറ്റുണ്ടാക്കി ആര്‍ക്കും ഓണ്‍ലൈനില്‍ ഒരു കട തുടങ്ങുവാന്‍ കഴിയുമെന്നതാണ് ഇന്നത്തെ അവസ്ഥ. ഇതിനായി അധികം സാങ്കേതിക പരിജ്ഞാനം പോലും ആവശ്യമില്ല. പരിമിതമായ അറിവുണ്ടുവെങ്കില്‍ ഇതാരംഭിക്കാം. കേരളത്തിലിപ്പോള്‍ പല ചരക്ക് സാധനങ്ങള്‍ മുതല്‍ പിടക്കുന്ന മീന്‍ വരെ ഓണ്‍ലൈനായി കച്ചവടം നടത്തുന്നവരുണ്ട്. http://www.kada.in ഒരു ഓണ്‍ലെന്‍ സൂപ്പര്‍മാര്‍ക്കാറ്റാണ്. https://www.dailyfish.in എന്നത് ഓണ്‍ലൈനില്‍ മീന്‍ വില്‍ക്കുന്ന സൈറ്റും. ഇതേ പോലുള്ള നിരവധി വ്യത്യസ്ത സംരംഭങ്ങള്‍ക്ക് ഇക്കാലഘട്ടത്തില്‍ സാധ്യത ഏറെയാണ്. തിരക്കേറിയ ഈ കാലഘട്ടത്തില്‍ ഷോപ്പിങ്ങിനായി സമയം കണ്ടെത്തുവാന്‍ മനുഷ്യന് കഴിയുന്നില്ലായെന്നിടത്താണ് ഇതിന്‍റെ വിജയവും. ഇനി അതല്ല http://www.indiabazaardfw.com/ പോലുള്ള സൈറ്റുകളില്‍ നമ്മുടേതായ ഓണ്‍ലൈന്‍ സ്റ്റോറുകള്‍ തുടങ്ങി കച്ചവടം നടത്തുവാനും അവസരമുണ്ട്. ഇ കൊമേഴ്സ് പഠിപ്പിക്കുന്നതിന് മാത്രമായി പല വെബ് ഡിസൈനിങ്ങ് കമ്പനികളും ഇപ്പോള്‍ ഹ്രസ്വ കാല കോഴ്സുകളും തുടങ്ങിയിട്ടുണ്ട്.
ചെറുകിട ഇടത്തരം ബിസിനസ്സ്കാരെ സഹായിക്കുവാന്‍ കേരള സര്‍ക്കാരിന്‍റെ കീഴില്‍ ഒരു ഇ കൊമേഴ്സ് പദ്ധതി തന്നെയുണ്ട്. കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്‍റര്‍പ്രൈസസ് ലിമിറ്റഡ് (http://www.ksie.net/) ആണ് http://www.keralarcade.com/ എന്ന പോര്‍ട്ടല്‍ ഇതിനായി തയ്യാറാക്കിയിരിക്കുന്നതാണ്. ജനങ്ങള്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും ഈ സൈറ്റില്‍ വില്‍പ്പനക്കെത്തിക്കാം. പാര്‍ട്ണേഴ്സ് ഇന്‍ പ്രോഗ്രസ് പദ്ധതിയിലൂടെ നിങ്ങളുടെ വെബ്സൈറ്റിന് http://www.keralarcade.com/ ആയി ബന്ധം സ്ഥാപിക്കുകയും ചെയ്യാം. ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും നിങ്ങള്‍ക്കാവശ്യമായ കേരളാ വിഭവങ്ങള്‍ എന്താവശ്യപ്പെട്ടാലും എത്തിക്കുവാന്‍ തയ്യാറാണെന്നാണ് ഈ സൈറ്റിന്‍റെ പരസ്യ വാചകം തന്നെ.

2.       ഫെയ്സ് ബുക്കിലും സംരംഭകത്വം

യുവ തലമുറ ഇപ്പോള്‍ ഫെയ്സ് ബുക്കിലാണെന്നതാണ് മുതിര്‍ന്നവരുടെ പരാതി. വെറുതെ സമയം കളയുന്നുവെന്ന ആ പരാതിയില്‍ കഴമ്പുണ്ട് താനും. എന്നാല്‍ അതേ ഫെയ്സ് ബുക്കിനെ വരുമാന മാര്‍ഗ്ഗമാക്കി മാറ്റിയാലോ. സ്വന്തമായി കച്ചവടത്തിനായി വെബ്സൈറ്റ് തുടങ്ങുന്നത് സാങ്കേതിക ജ്ഞാനം ഏറെ ആവശ്യമായ പണിയാണെന്നോ മിനക്കേടാണെന്നോ ചിന്തിക്കുന്നവര്‍ക്ക് തിരഞ്ഞെടുക്കാവുന്നതാണ് ഫെയ്സ് ബുക്കിലെ പേജും അതുവഴിയുള്ള ബിസിനസ്സും. എസ് കൊമേഴ്സ് അഥവാ സോഷ്യല്‍ മീഡിയ കൊമേഴ്സ് എന്നതാണ് ഇതറിയപ്പെടുന്നത്. ഇന്ത്യയില്‍ ഫെയ്സ് ബുക്ക് ഉപയോഗിക്കുന്ന കോടിക്കണക്കിന് പേരില് 60 ശതമാനവും 25 വയസ്സില്‍ താഴെയുള്ളവരാണെന്നതാണ് കണക്കുകള്‍ കാണിക്കുന്നത്. അതിനാല്‍ത്തന്നെ യുവതക്ക് ഇഷ്ടപ്പെടുന്ന കാര്യങ്ങള്‍ അതെന്തായാലും ഒരു ഫെയ്സ് ബുക്ക് പേജിലൂടെ വില്‍ക്കുവാന്‍ കഴിയും. സെക്കന്‍റുകള്‍ക്കുള്ളില്‍ പേജാരംഭിക്കുവാന്‍ കഴിയുമെങ്കിലും നല്ല തയ്യാറെടുപ്പോടെ വേണം ഇതിനിറങ്ങിപ്പുറപ്പെടുവാന്‍. വിപണി നന്നായി പഠിച്ച് ഇറങ്ങേണ്ടതുണ്ട്. നമ്മുടെ പേജ് ലൈക്ക് ചെയ്യുന്നവരുടെ പ്രൊഫൈലില്‍ നമ്മള്‍ നല്‍കുന്ന അപ്ഡേറ്റുകള്‍ തല്സമയം എത്തുമെന്നതിനാല്‍ വ്യക്തി പരമായ മാര്‍ക്കറ്റിങ്ങിന് ഇത് ഏറെ സഹായകരമാണ്. 

ഫെയ്സ്ബുക്ക് സ്റ്റോറുകളെ മൂന്നായി തിരിക്കാം. ആദ്യത്തേതില്‍ വില്‍പ്പനയുണ്ടാവില്ല. വിവിധ കമ്പനികള്‍ തങ്ങളുടെ ഏറ്റവും പുതിയ ഉല്‍പ്പന്നങ്ങളെ പരിചയപ്പെടുത്തുവാന്‍ വേണ്ടി തയ്യാറാക്കുന്നതാണിവ. എന്നാല്‍ വിവിധ ബ്രാന്‍ഡുകള്‍ തങ്ങളുടെ ഫാന്‍സിനെ സൃഷ്ടിക്കുവാന്‍ വേണ്ടി ഉണ്ടാക്കുന്നതാണ് രണ്ടാമത്തേത്. മൂന്നാമത്തെ വിഭാഗത്തിലാണ് ഉല്‍പ്പനങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയുമെല്ലാം നടക്കുക. വെബ് ഡിസൈനിങ്ങിന് വരുന്ന ചിലവ് ഇല്ലാതെയാക്കാം എന്നതാണ് ഫെയ്സ് ബുക്ക് പേജിന്‍റെ ഗുണം.
ഫേയ്ബുക്കിലൂടെ കേക്കും, ആഭരണങ്ങളും, കുട്ടിയുടുപ്പുമെല്ലാം വില്‍ക്കുന്നവര്‍ കേരളത്തില്‍ത്തനെനയുണ്ട്. https://www.facebook.com/TheQuillMillCrafts/, https://www.facebook.com/AgneyaFemina/ തുടങ്ങിയവ ഉദാഹരണം.

3.       യൂടൂബ് വീഡിയോ - കാശുണ്ടാക്കുവാനൊരു പുതു വഴി

ഗുഗിള്‍ കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും വലിയ സേര്‍ച്ച് എന്‍ജിനേതെന്ന ചോദ്യത്തിന് ഒരു ഉത്തരമേയുള്ളു. യൂ ടൂബ്. ദിനം പ്രതി യൂ ടൂബില്‍ കൂട്ടിച്ചേര്‍ക്കപ്പെടുന്ന വീഡിയോകള്‍ നിരവധിയാണ്. ഇവിടെയാണ് ഇതിന്‍റെ വരുമാന സാധ്യതയിരിക്കുന്നത്. ഒരു ഗൂഗിള്‍ അക്കൌണ്ടുള്ളയാര്‍ക്കും യൂ ടൂബില്‍ വീഡിയോ അപ് ലോഡ് ചെയ്യാം. നമുക്കറിയാവുന്ന കാര്യങ്ങള്‍ അത് പാചകമോ, മെയ്ക്കപ് ടിപ്സോ എന്തുമാവട്ടെ സ്വന്തം യൂടൂബ് ചാനലില്‍ അപ്ലോഡ് ചെയ്യുവാന്‍ കഴിയും. നിരവധി ഹിറ്റുകളുണ്ടുവെങ്കില്‍ ഗൂഗിള്‍ കാശും തരും.
നമ്മുടെ യൂടൂബ് പ്രൊഫൈലില്‍ ആവശ്യത്തിന് വീഡിയോകളായാല്‍ യൂടൂബിന്‍റെ പാര്‍ട്ണര്‍ഷിപ്പ് പ്രോഗ്രാമിപ്പറ്റി ചിന്തിക്കാം. ഗൂഗിള്‍ അഡ്സെന്‍സ് വഴി യൂടൂബില്‍ പരസ്യം ഗൂഗിള്‍ നല്‍കും. കൃത്യമായൊരു വിഷയത്തെപ്പറ്റി സ്ഥിരമായി മികവുറ്റ വീഡിയോകള്‍ ഇടുവാന്‍ കഴിഞ്ഞാല്‍ ഇതൊരു സംരംഭമായി വളര്‍ത്തിയെടുക്കുവാന്‍ കഴിയും. ദക്ഷിണേന്ത്യയില്‍ നിന്നുള്ള വരുമാനമുണ്ടാക്കുന്നയൊരു പാചക വീഡിയോ യൂ ടൂബ് ചാനലിനുദാഹരണമാണ് https://www.youtube.com/user/geetradhu എന്നത്.

4.       പുസ്തകമെഴുതാം ഇന്‍റര്‍നെറ്റില്‍

എഴുത്തുകാരായവര്‍ക്ക് സ്വന്തം രചനകള്‍ ഇന്‍റര്‍നെറ്റിലൂടെ പബ്ലിഷ് ചെയ്യുവാനിന്നാകും. ആമസോണിന്‍റെ കിന്‍ഡില്‍ പോലുള്ള സംവിധാനങ്ങളിലൂടെ പുസ്തകങ്ങള്‍ ഓണ്‍ലൈനില്‍ വില്‍പ്പനക്ക് വയ്ക്കുവാന്‍ കഴിയും. ലോകത്ത് ഏറ്റവും അധികം ഇംഗ്ലീഷ് പുസ്തകങ്ങള്‍ ഇറങ്ങുന്നതില്‍ അമേരിക്കയും ബ്രിട്ടണും കഴിഞ്ഞാല്‍ ഇന്ത്യയിലാണെന്ന് കണക്കുകള്‍ കാണിക്കുമ്പോള്‍ അത്യാവശ്യം ഇംഗ്ലിഷില്‍ എഴുതുവാനറിയുന്നവര്‍ക്ക് പബ്ലിഷറുടെ പിറകേ പോകാതെ തന്ന എഴുത്തുകാരായി അറിയപ്പെടുവാനും തദ്വാരാ വരുമാനമുണ്ടുക്കുവാനും നല്ലയൊരു വഴിയാണ് ഇ പബ്ലിഷിങ്ങ്.
.https://www.bookbaby.com/, https://pothi.com/, https://notionpress.com/ തുടങ്ങിയവ ഇ പബ്ലിഷിങ്ങിന് സഹായിക്കുന്ന ചില സൈറ്റുകളാണ്. സ്വന്തം ഇ പബ്ലിഷിങ്ങ് കമ്പനികള്‍ ആരംഭിക്കുകയുമാവാം.

5.       വെബ് ഡിസൈന്‍ ചെയ്യാം – ഓണ്‍ലൈനില്‍

അത്യാവശ്യം ഭാവനാ ശേഷിയുള്ളയൊരു വെബ് ഡിസൈനര്‍ക്കിത് ചാകരക്കാലമാണ്. മിക്ക കമ്പനികളും ചെലവ് ചുരുക്കലിന്‍റെ ഭാഗമായി ഓണ്‍ലൈന്‍ വെബ് ഡിസൈനര്‍മാരെ തേടുന്ന ഇക്കാലഘട്ടത്തില്‍ ഓണ്‍ലൈന്‍ വെബ് ഡിസൈനിങ്ങ് ഒരു സംരംഭകത്വ സാധ്യതയായി വളര്‍ത്തിയെടുക്കാവുന്നയൊന്നാണ്. https://www.w3schools.com/, https://www.wix.com/ തുടങ്ങിയ സൈറ്റുകളില്‍ നിന്നും വെബ് ഡിസൈനിങ്ങ് ഓണ്‍ലൈന്‍ ആയിത്തന്നെ പഠിക്കുവാന്‍ സാധിക്കും. ഏതെങ്കിലും ഫ്രീലാന്‍ഡ് സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്തു തുടങ്ങാവുന്ന ജോലിയാണ് ഓണ്‍ലൈന്‍ വെബ് ഡിസൈനിങ്ങ്. https://www.freelancer.in/, http://worknhire.com/ തുടങ്ങിയവ ഇങ്ങനെ രജിസ്റ്റര്‍ ചെയ്യാവുന്ന സൈറ്റുകളാണ്.

6.       ട്യൂഷന്‍ സെന്‍റര്‍ നടത്താം അതും ഓണ്‍ലൈനായി

മുന്‍കാലങ്ങളില്‍ നാട്ടുമ്പറത്ത് സര്‍വ്വ സാധാരണമായിരുന്നു ട്യൂഷന്‍ സെന്‍ററുകള്‍. വിദ്യാസമ്പന്നരും തൊഴില്‍ രഹിതരുമായ ചെറുപ്പക്കാരുടെ ഇടക്കാലാശ്വാസമായിരുന്ന ഇത് ഇന്ന് തുലോം കുറവാണ്. എന്നാല്‍ ഇന്ന് ലോകത്തെവിടെയുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഇന്‍റര്‍നെറ്റ് വഴി ട്യൂഷനെടുക്കുവാന്‍ കഴിയും. ഇതിനെയാണ് ഇ-ട്യൂഷന്‍ എന്ന് വിളിക്കുന്നത്. സ്മാര്‍ട്ട് ഫോണുകളിലൂടെ വീഡിയോ ചാറ്റിങ്ങ് വ്യാപകമായതോടെ ഇ-ട്യൂഷന്‍റെ സാധ്യതതകളും ഏറുകയാണ്. ഒരു സ്വയം തൊഴില്‍ ആയി ചെയ്യാവുന്ന ഇ-ട്യൂഷന്‍ ഒരു സ്ഥാപനമായി വളര്‍ത്തിയെടുക്കുവാന്‍ കഴിയും. കമ്പ്യൂട്ടറിലും ഇന്‍റ്‍നെറ്റിലും നല്ല അറിവുള്ളവര്‍ക്ക് ഇ ട്യൂഷന്‍ സെന്‍റര്‍ ഒരുക്കുവാനും ട്യൂഷനെടുക്കുവാന്‍ തയ്യാറുള്ള അധ്യാപകരെ സംഘടിപ്പിച്ച് ഒരു സംരംഭമെന്ന നിലയില്‍ ആരംഭിക്കാവുന്നതാണ്. അതായത് വിദ്യാര്‍ത്ഥികളുടേയും അധ്യാപകരുടേയും ഇടക്ക് നില്‍ക്കുകയെന്ന്. അക്കാദമിക് വിഷയങ്ങള്‍ മാത്രമല്ല അനൌപചാരികമായി നമുക്കറിയാവുന്നതെന്തും അത് പാചകമാവട്ടെ, ബ്യൂട്ടി ടിപ്സാവട്ടെ എന്തും ഓണ്‍ലൈനായി പഠിപ്പിക്കാം. https://www.wiziq.com/, https://idroo.com/, http://www.oktutor.net/ തുടങ്ങിയ സൈറ്റുകള്‍ സഹായകരമാവും.  ഇതൊക്കെയും ഓണ്‍ലൈന്‍ ട്യൂഷന്‍ എടുക്കുന്നവര്‍ക്ക് സഹായകരമായ പ്ലാറ്റ്ഫോമുകളാണ്. ഇത്തരത്തിലുള്ള പ്ലാറ്റ്ഫോമുകള്‍ സ്വന്തമായോ പാര്‍ട്ണര്‍ഷിപ്പായോ തുടങ്ങി ഈ രംഗം ഒരു സംരംഭക സാധ്യതയായി വളര്‍ത്തിയെടുക്കാം.

7.       ഫോട്ടോകള്‍ വില്‍ക്കാം ഓണ്‍ലൈനായി

സ്മാര്‍്ട്ഫോണുകളുടെ വരവോട് കൂടി ആര്‍ക്കും ഫോട്ടോഗ്രാഫറാകാം എന്നതാണ് അവസ്ഥ. എവിടെ വച്ചും എടുത്ത ഫോട്ടോകള്‍ ഫെയ്സ്ബുക്കിലും മറ്റ് പോസ്റ്റ് ചെയ്ത് ലൈക്കും കമന്‍റും നേടി സായൂജ്യമടയുന്ന ഇ-കാലത്ത് നാം എടുത്ത ഫോട്ടോകള്‍ ഇന്‍ര്‍നെറ്റിലൂടെ വില്‍ക്കാമെന്നും അത് ഒരു സ്വയം തൊഴില്‍ സംരംഭമായി വളര്‍ത്തിയെടുക്കുവാന്‍ കഴിയുമെന്നുമറിയുമ്പോഴെ ഇന്‍ര്‍നെറ്റിന്‍റെ അപാര സാധ്യതകള്‍ നമുക്ക് കുറച്ചെങ്കിലും മനസ്സിലാവുകയുള്ളു. നാം എടുക്കുന്ന ക്വാളിറ്റിയുള്ള ഫോട്ടോകള്‍ക്ക് ഓണ്‍ലൈനില്‍ നല്ല ഡിമാന്‍ഡുവെന്നതാണ് സത്യം. ഓണം, ക്രിസ്തുമസ് പോലുള്ള ആഘോഷങ്ങളോ, ടൂറിസമോ തുടങ്ങി എന്തുമാവാം ഫോട്ടോഗ്രാഫിയുടെ. വിഷയം. http://www.fotolibra.com/, https://www.dreamstime.com/, https://photodune.net/ എന്നിവയെല്ലാം തന്നെ ഇത്തരത്തില്‍ സഹായിക്കുന്ന വെബ്സൈറ്റുകളാണ്. എന്നാല്‍ ഇത്തരം സൈറ്റുകള്‍ സ്വന്തമായി നടത്തുമ്പോഴാണ് ഇത് ഒരു സ്വയം തൊഴിലിനപ്പുറത്തേക്ക് സംരംഭകത്വ സാധ്യതയായി മാറുന്നത്.

8.       ചിത്രങ്ങള്‍ ഓണ്‍ലൈനായും വില്‍ക്കാം

കലാകാരന്‍മാരായുള്ളവര്‍ക്ക് ഇന്‍റര്‍നെറ്റ് ഒരു അപാര സാധ്യതയാണ്. ആര്‍ട്ട് ഗ്യാലറി വാടകക്കെടുത്ത് ചിത്ര പ്രദര്‍ശനം നടത്തുന്നതില്‍ നിന്നും തങ്ങളുടെ പെയിന്‍റിങ്ങുകള്‍ ഓണ്‍ലൈനായി പ്രദര്‍ശനത്തിന് വച്ച് കാശുണ്ടാക്കുന്ന കാലത്തിലേക്ക് ഇപ്പോള്‍ കാര്യങ്ങള്‍ മാറിയിരിക്കുന്നു. ഇത്തരം വെബ്സൈറ്റുകള്‍ നിര്‍മ്മിച്ചും ഇതൊരു സംരംഭകത്വ സാധ്യതയായി വളര്‍ത്തിയെടുക്കാവുന്നതാണ്. http://www.artsia.com/, https://www.yessy.com/, http://www.artquid.com/ തുടങ്ങിയവ ഇത്തരത്തിലുള്ള ചില വെബ്സൈറ്റുകളാണ്. കേരളത്തിലെ ലളിത കലാ അക്കാദമിയും ഇങ്ങനെ ഒരു വെബ്സൈറ്റ് ആരംഭിച്ചിട്ടുണ്ട്. http://www.lalithkala.org/ എന്ന ഈ സൈറ്റില്‍ ചിത്രങ്ങള്‍ അപ് ലോഡ് ചെയ്യാം. അക്കാദമി അത് വിറ്റ് തരും. 

സംരംഭകത്വ സഹായ പദ്ധതിയുമായി ഗൂഗിള്‍

ഇന്ത്യയിലെ വനിതാ സംരംഭകര്‍ക്ക് സാങ്കേതിക സഹായങ്ങള്‍ നല്‍കുന്നതിന് ഗൂഗിള്‍ 2012 ല്‍ women entrepreneurs on the web എന്നപേരില്‍ ഒരു പദ്ധതി ആരംഭിച്ചിട്ടുണ്ട്. http://www.womenentrepreneursontheweb.com/ എന്നതാണ് സൈറ്റ് അഡ്രസ്. 19 ലക്ഷത്തോളം വനിതാ സംരംഭകര്‍ ഇന്ത്യയിലുണ്ടുവെന്നതാണ് കണക്ക്. അതിനാല്‍ത്തന്നെ പൈലറ്റ് പ്രൊജക്ട് ആയി ഇന്ത്യിലാണ് ഇത് ആരംഭിച്ചത്. വനിതാ സംരംഭകര്‍ക്ക് ഉപഭോക്താക്കളിലേക്കെത്തുവാനുള്ള സാങ്കേതിക സഹായം നല്‍കുക, അതു വഴി ഉപഭോക്താക്കളുമായി ബന്ധമുണ്ടാക്കുക, നിങ്ങളുടെ സംരംഭത്തെ പരമാവധി പ്രമോട്ട് ചെയ്യുവാനുള്ള വഴികള്‍ നല്‍കുക. ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങളെല്ലാം കൃത്യമായി ട്രാക്ക് ചെയ്യുക, അതിനനുസരിച്ച് റാങ്കിങ്ങ് നല്‍കുക തുടങ്ങിയവയെല്ലാം ഈ പദ്ധതിയുടെ ലക്ഷ്യങ്ങളാണ്. ഈ വെബ്സൈറ്റില്‍ കമ്യൂണിറ്റി നടപ്പിലാക്കി സംരംഭകര്‍ക്ക് പരസ്പരം ബന്ധപ്പെട്ട് ആശയങ്ങള്‍ കൈമാറാനാകും. പുതിയ കാര്യങ്ങള്‍കണ്ടെത്തി നടപ്പിലാക്കുവാന്‍ കഴിയുന്ന വനിതകള്‍ പക്ഷേ ഇന്‍റര്‍നെറ്റിന്‍റെ സാധ്യകള്‍ പൂര്‍ണ്ണമായും സംരംഭത്വത്തിന് പ്രയോജനപ്പെടുത്തുന്നില്ലായെന്ന തിരിച്ചറിവില്‍ നിന്നാണ് ഇതിന്‍റെ പിറവി.

ചെറുതും വലുതുമായ നിരവധി സംരംഭങ്ങള്‍ ഇന്‍റര്‍നെറ്റ് ബേസ് ചെയ്ത് ആരംഭിക്കുവാന്‍ മാത്രവമല്ല നിലവിലുള്ള സംരംഭങ്ങള്‍ മെച്ചപ്പെടുത്തുവാന്‍ അഫിലിയേറ്റ് മാര്‍ക്കറ്റിങ്ങ് പോലുള്ള സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുവാനും കഴിയും. വരും കാലങ്ങളില്‍ ഓണ്‍ലൈന്‍ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുന്ന നവ സംരംഭങ്ങളുമായി യുവ തലമുറ മുന്നോട്ട് വരുമെന്ന് പ്രത്യാശിക്കാം.