Saturday, 4 March 2017

`വാഴയില്‍ നിന്നും മൂല്യ വര്ദ്ധിത ഉല്‍പ്പന്നങ്ങളുമായി എന്‍ ആര്‍ സി ബി, തിരുച്ചിറപ്പള്ളി


കാര്‍ഷിക ഭക്ഷ്യ സംസ്കരണമെന്നത് വളരെയേറെ സാധ്യതകളുള്ളയൊരു വ്യവസായമാണ്. ഐ സി എ ആറിന്‍റെ കീഴില്‍ രാജ്യത്ത് ഈ മേഖലയില്‍ പരിശീലനം നേടുവാന്‍ കഴിയുന്ന നിരവധി ഗവേഷണ സ്ഥാപനങ്ങളുണ്ട്. വാഴപ്പഴത്തിന്‍റേയും വാഴ നാരിന്‍റേയും സംസ്കരണ സാങ്കേതിക വിദ്യയില്‍ മികച്ച പരിശീലനം നല്‍കുന്ന സ്ഥാപനമാണ് തിരുച്ചിറപ്പള്ളിയിലെ ദേശീയ വാഴ ഗവേഷണ കേന്ദ്രം. കായ്പ്പൊടി കൊണ്ടുള്ള ബിസ്കറ്റ്, ഹെല്‍ത്ത് ഡ്രിങ്ക്, ബേബി ഫുഡ് തുടങ്ങിയ നിരവധി ഉല്‍പ്പന്നങ്ങള്‍ ഇവിടുത്തെ സാങ്കേതിക വിദ്യ അടിസ്ഥാനമാക്കി നിര്‍മ്മിച്ചിട്ടുള്ളവ വിപണിയില്‍ ലഭ്യമാണ്. 

വാഴപ്പഴത്തില്‍ നിന്നും സ്ക്വാഷ്, ബ്ലന്‍ഡഡ് ജ്യൂസ്, മിഠായി, സ്വിപ് അപ്, അച്ചാര്‍, വാഴപ്പിണ്ടി ജ്യൂസ് തുടങ്ങി നിരവധി ഉല്‍പ്പന്നങ്ങളുണ്ടാക്കുവാനുള്ള പരിശീലനവും സാങ്കേതിക വിദ്യയും ഇവിടെ ലഭ്യമാണ്. വാഴ നാര് കൊണ്ടുള്ള വിവിധ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള പരിശീലനവും ഇവിടെ ലഭിക്കും. വിവിധയിനം വാഴയിനങ്ങളേപ്പറ്റിയുള്ള ഗവേഷണവും ഇവിടെ നടക്കുന്നുണ്ട്. 

കൂടുതല്‍ വിവരങ്ങള്‍ക്കും പരിശീലനത്തിനും ബന്ധപ്പെടേണ്ട വിലാസം

National Research Centre for Banana
Thogamalai Road, Thayanur Post
Tiruchirapalli - 620 102
Tamil Nadu, India.
0431-2618125


Wednesday, 25 January 2017

ഭക്ഷ്യ സംസ്കരണ സാങ്കേതിക വിദ്യക്കായി ഇന്ത്യന്‍ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ക്രോപ് പ്രോസസിങ്ങ് ടെക്നോളജി



സംസ്കരിച്ച ഭക്ഷണ സാധനങ്ങളുടെ കയറ്റുമതിയില് ചൈനയ്ക്കും അമേരിക്കക്കും പിറകില്‍ മൂന്നാമതാണ് ഇന്ത്യയുടെ സ്ഥാനം. ഏറ്റവും ആരോഗ്യപ്രദവും രുചികരവുമായ ഉല്‍പ്പന്നങ്ങളുണ്ടാക്കുവാന്‍ പുത്തന്‍ സാങ്കേതിക വിദ്യ ആവശ്യമാണ്. സംരംഭകര്‍ക്ക് തുണയായി ഇത്തരം സാങ്കേതിക വിദ്യ നല്‍കുന്ന അന്താരാഷ്ട്ര നിലവാരമുള്ള പല സ്ഥാപനങ്ങളും ഇന്ത്യയിലുണ്ട്. അതില്‍ ഏറ്റവും അധികം പ്രധാനപ്പെട്ടയൊന്നാണ് കേന്ദ്ര സര്‍ക്കാരിന്‍റെ ഭക്ഷ്യ സംസ്കരണ മന്ത്രാലയത്തിന്‍റെ രാജ്യത്തെ ഏക പരിശീലന സ്ഥാപനമായ തഞ്ചാവൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്രോപ് പ്രോസസിങ്ങ് ടെക്നോളജി. കാര്‍ഷിക വിള സംസ്കരണ രംഗത്ത് ഇന്ത്യയിലെ ഏറ്റവും മുന്തിയ പഠന ഗവേഷണ സ്ഥാപനങ്ങളിലൊന്നാണ് ഇത്. ദേശീയവും അന്തര്‍ ദേശീയവുമായ നിരവധി യൂണിവേഴ്സിറ്റികളുമായും നിരവധി കമ്പനികളുമായും സാങ്കേതിക സഹകരണമുള്ള സ്ഥാപനമാണിത്. 

പ്രത്യേകതകള്‍

കാര്‍ഷികോല്‍പ്പന്നങ്ങളെ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്താല്‍ സംസ്കരിക്കുന്നതാണ് ക്രോപ് പ്രോസസിങ്ങ് എന്ന് പറയുന്നത്. വിള സംസ്കരണവും മൂല്യ വര്‍ദ്ധനവുമായി ബന്ധപ്പെട്ട ഒട്ടേറെ സാങ്കേതിക വിദ്യകള്‍ ഇവിടെ ലഭ്യമാണ്. പരിശീലന പരിപാടികള്‍ക്ക് പുറമേ സംരംഭകര്‍ക്കായുള്ള ഇന്‍കുബേഷന്‍ സെന്‍ററും പ്രവര്‍ത്തിക്കുന്നു. വിവിധ സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തി ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനും വിപണനം നടത്തുന്നതിനും ഇവിടെ സൌകര്യമുണ്ട്. 

ഐസ്ക്രീം, കേക്ക്, വീഞ്ഞ്, കുക്കീസ്, ബ്രഡ്, വിവിധ മധുരപലഹാരങ്ങള്‍, പാരമ്പര്യ ഭക്ഷണം, ബിസ്കറ്റ്, കൂണ്‍ ഉല്‍പ്പന്നങ്ങള്‍, അച്ചാര്‍, പഴച്ചാറുകള്‍ എന്നിവയുടെയൊക്കെ നിര്‍മ്മാണ പരിശീലനം സംരംഭകര്‍ക്ക് ഏറെ പ്രയോജനപ്പെടും. കാനിങ്ങ്, റിട്ടോര്‍ട്ട് പാക്കിങ്ങ്, ബേക്കിങ്ങ് ടെക്നോളജി, ഇലകളുടേയും പഴങ്ങളുടേയും മൂല്യ വര്‍ദ്ധന, പയര്‍ ധാന്യ വിളകളില്‍ നിന്നുള്ള ഉല്‍പ്പന്ന നിര്‍മ്മാണം, വിവിധ ഗുണമേത്മാ പരിശോധനകള്‍ തുടങ്ങിയ സാങ്കേതിക വിദ്യകളില്‍ ഏറ്റവും മികച്ച പരിശീലനമാണ് നല്‍കുന്നത്. 

പരിശീലനം എങ്ങനെ

ധാന്യങ്ങള്‍ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ പൊടിയാക്കി സംസ്കരിച്ച് കയറ്റുമതിക്കനുയോജ്യമായ രീതിയില്‍ പാക്ക് ചെയ്യുന്ന വിവിധ തരം ജോലികള്‍ ഇവിടെയുണ്ട്. ഫലപ്രദമായ ഭക്ഷ്യ വിതരണത്തിന്‍റെ മാനേജ്മെന്‍റ് വിദ്യയും ഇവിടുത്തെ പഠന വിഷയമാണ്. 

തുടക്കക്കാര്‍ക്ക് ഏക ദിന പരിശീലനവും മറ്റുള്ളവര്‍ക്ക് ത്രിദിന, പഞ്ച ദിന പരിശീലനവും ക്രമീകരിച്ചിരിക്കുന്നു. ഓരോ പരിശീലനത്തിനും പ്രത്യേകം രജിസ്റ്റര്‍ ചെയ്യണം. പരിശീലനത്തിന്‍റെ വിശദ വിവരങ്ങള്‍ വെബ്സൈറ്റലുണ്ട്. അഞ്ച് പേരുണ്ടെങ്കിലേ പരിശീലന പരിപാടികള്‍ നടത്തുകയുള്ളു. നവ സംരംഭകര്‍ക്ക് അഞ്ച് പ്രായോഗിക പരിശീലനങ്ങളും ആറു മാസത്തെ കണ്‍സള്‍ട്ടന്‍സിയും അടങ്ങുന്ന പാക്കേജും ലഭ്യമാണ്. ഉല്‍പ്പന്നങ്ങളുടെ ഗുണ നിലവാര പരിശോധനയും പോഷക നിര്‍ണ്ണയവും കീടനാശിനി അവക്ഷിപ്തത പരിശോധനയും നടത്തുന്നതിനുള്ള ലാബ് സൌകര്യവും ഇവിടെയുണ്ട്. 

കോഴ്സുകള്‍

ഭക്ഷ്യ സംസ്കരണ രംഗത്ത് ചില കോഴ്സുകളും ഇവിടെയുണ്ട്. Food Process Engineering, Food Science & Technology എന്നിവയാണിവിടുത്തെ കോഴ്സുകള്‍. Food Process Engineering ല്‍ B.Tech,  M.Tech, PhD  പ്രോഗ്രാമുകളും Food Science & Technology യില്‍ M.Tech കോഴ്സുമാണുള്ളത്. B.Tech ന് Mathematics, Physics and Chemistry എന്നിവയടങ്ങിയ പ്ലസ് ടു സയന്‍സ് ആണ് വേണ്ടത്. IIT JEE Advanced ആണ് പ്രവേശന പരീക്ഷ. 40 സീറ്റുകളാണുള്ളത്. 

2 വര്‍ഷത്തെ M.Tech Food Process Engineering പ്രോഗ്രാമിന് Food Process Engineering, Agricultural Engineering,  Agricultural Process Engineering, Post-Harvest Technology and Food Technology and Food science and Technology എന്നിവയിലുള്ള B.Tech ഉം M.Tech Food Science & Technology കോഴ്സിന് Food Technology, Home Science, Food Science and Nutrition, Food Science and Quality Control, Food process Engineering, Agricultural Engineering, Food Processing Technology, Post harvest technology എന്നിവയിലുള്ള നാല് വര്‍ഷത്തെ ഡിഗ്രിയോ വേണം. രണ്ട് പ്രോഗ്രാമിനും 10 സീറ്റുകള്‍ വീതമാണുള്ളത്. പ്രത്യേക പ്രവേശന പരീക്ഷയുണ്ടാകും. 

3 വര്‍ഷത്തെ PhD പ്രോഗ്രാമിന് 60 ശതമാനം മാര്‍ക്കോട് കൂടി Food Process Engineering, Agricultural Process Engineering, Post Harvest Technology, Agricultural Engineering, Food science and Technology എന്നിവയിലേതിലെങ്കിലും M.Tech വേണം. 5 സീറ്റുകളാണുള്ളത്. പ്രവേശന പരീക്ഷയുണ്ടാകും. 

പ്രധാന മന്ത്രിയുടെ നൈപുണ്യ വികസന പദ്ധതി പ്രകാരം 18 – 45 പ്രായ പരിധിയിലുള്ളവര്‍ക്ക് ഒരു മാസത്തെ ബേക്കിങ്ങ് ടെക്നീഷ്യന്‍ കോഴ്സും നടത്തുന്നുണ്ട്. പത്താം ക്ലാസാണ് യോഗ്യത. സയന്‍സ് ഡിഗ്രിക്കാര്‍ക്കായി ഒരു മാസത്തെ ഫുഡ് ആന്‍ഡ് അഗ്രിക്കള്‍ച്ചറല്‍ അസിസ്റ്റന്‍റ് ലാബ് ടെക്നീഷ്യന്‍ എന്നയൊരു പ്രോഗ്രാമും ഈ പദ്ധതി പ്രകാരം നടത്തുന്നുണ്ട്.

വിലാസം

The Director

Indian Institute of Crop Processing Technology
Ministry of Food Processing Industries, Government of India
Pudukkottai Road, Thanjavur - 613 005
Tamil Nadu
India.


Contact No. : 91 4362 228155
Fax : 91 4362 227971

Mail Id : director@iicpt.edu.in, incubation@iicpt.edu.in
 
വെബ് വിലാസം http://www.iicpt.edu.in

Sunday, 22 January 2017

സ്വയം തൊഴില്‍ പദ്ധതിയുമായി പട്ടിക ജാതി വികസന വകുപ്പ്




സ്വയം തൊഴില്‍ ചെയ്യുവാന്‍ സന്നദ്ധരായ പട്ടിക ജാതിയില്‍പ്പെട്ട വ്യക്തികള്‍ക്കോ സ്വയം സഹായ സംഘങ്ങള്‍ക്കോ പട്ടിക ജാതി വികസന വകുപ്പ് സാമ്പത്തിക സഹായം നല്‍കുന്നുണ്ട്. ലോണ്‍ ബാങ്കില്‍ നിന്നും അനുവദിക്കുന്നവര്‍ക്ക് അനുവദിക്കപ്പെട്ട തുകയുടെ മൂന്നിലൊന്ന് സബ്സിഡിയായി വകുപ്പ് നല്‍കും. വ്യക്തികള്‍ക്ക് ഒരു ലക്ഷം രൂപയും സ്വയം സഹായ സഘങ്ങള്‍ക്ക് മൂന്നര ലക്ഷം രുപയുമായി സബ്സിഡി നിജപ്പെടുത്തിയിട്ടുണ്ട്. 18 വയസ്സ് മുതല്‍ 50 വയസ്സ് വരെയാണ് പ്രായം. ഏഴാം ക്ലാസെങ്കിലും വിദ്യാഭ്യാസ യോഗ്യത വേണം. വരുമാന പരിധിയില്ല. പദ്ധതിയുടെ ഭാഗമായി വിവിധ സ്വയം തൊഴില്‍ പദ്ധതികളിലേര്‍പ്പെടാം. ജാതി സര്‍ട്ടിഫിക്കറ്റ്, പ്രൊജക്ട് റിപ്പോര്‍ട്ട്, വിദ്യാഭ്യാസ യോഗ്യതകള്‍ എന്നിവ സഹിതം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ പട്ടിക ജാതി വികസന ഓഫീസര്‍ക്കോ ജില്ലാ ഓഫീസിലോ അപേക്ഷ സമര്‍പ്പിക്കണം.

Monday, 5 December 2016

ഗ്രാഫീനും മാറുന്ന വ്യവസായ ലോകവും


ലോകത്തിലിന്ന് ഏറ്റവുമധികം ഗവേഷണങ്ങള്‍ നടക്കുന്ന ഒരു മേഖലയാണ് പദാര്‍ത്ഥങ്ങളുടേത്. ശാസ്ത്ര ലോകം എന്നും പുത്തന്‍ പദാര്‍ത്ഥങ്ങളുടെ പിറകേയാണ്. ഇനിയുള്ള കാലഘട്ടത്തില്‍ വ്യാവസായിക ലോകം മാറ്റി മറിക്കുവാന്‍ കഴിയുന്നയൊരു പദാര്‍ത്ഥം കണ്ടു പിടിക്കപ്പെട്ടിരിക്കുന്നു. ഈ പുത്തന്‍ വസ്തുവിന്‍റെ പേരാണ് ഗ്രാഫീന്‍. സെമി കണ്ടക്ട്റുകളുടെ കണ്ടു പിടുത്തം ഇലക്ട്രോണിക്സ് വ്യവസായത്തിന് നല്‍കിയ കുതിച്ച് ചാട്ടത്തിന് തത്തുല്യമായ ഒന്നാണ് ഇനി വരുവാന്‍ പോകുന്നത്. സെമി കണ്ടക്ട്റുകള്‍ മാറ്റം വിതച്ച് ഇലക്ട്രോണിക്സിലായിരുന്നുവെങ്കില്‍ ഗ്രാഫീനുകള്‍ മറ്റ് വ്യാവസായിക മുന്നേറ്റങ്ങളിലും പങ്കാളികളാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
എന്താണ് ഗ്രാഫീന്‍
ഒരു അണുവിന്റെ മാത്രം കട്ടിയുള്ള, തേനീച്ചക്കൂടുപോലെ ഇടതൂർന്ന ക്രിസ്റ്റലിക ഘടനയുള്ള ദ്വിമാന കാർബൺ ആറ്റങ്ങളുടെ ഒരു പരന്ന പാളിയാണ് ഗ്രാഫീൻ. കാര്‍ബണിന്‍റെ മറ്റൊരു രൂപമായ ഗ്രാഫൈറ്റ് നമുക്ക് ചിരപരിചിതമായ വസ്തുവാണ്. ഗ്രാഫൈറ്റുമായി ഘടനാ സാദൃശ്യമുള്ള അത്ഭുത വസ്തുവാണ് ഗ്രാഫീന്‍. ഗ്രാഫൈറ്റിന് ത്രിമാന തലത്തിലുള്ള രൂപമാണ്. എന്നാല്‍ ഗ്രാഫീനാകട്ടെ ദ്വിമാന തലത്തിലുള്ള (Two dimensional Structure) വസ്തുവാണ്. ബെന്‍സീന്‍ തന്മാത്രയിലുള്ളത് പോലെ പരസ്പര ബന്ധമായ ഷഡ്ഭുജങ്ങളായി  കാര്‍ബണ്‍ അണുക്കള്‍ ഗ്രാഫീനിലും കാണപ്പെടുന്നു. കാര്‍ബണ്‍ ആറ്റങ്ങള്‍ ഷഡ്ഭുജ ഘടനയില്‍ വിന്യസിച്ചിരിക്കുന്ന വസ്തുക്കളാണ് ബെന്‍സീന്‍, ഗ്രാഫൈറ്റ്, ഗ്രാഫീന്‍ എന്നിവ. എന്നാല്‍ ബെന്‍സീന്‍ ഒറ്റ തന്മാത്രയാണ്. ഗ്രാഫൈറ്റ് അനന്ത പാളികള്‍ പരസ്പരം വാന്‍ഡര്‍ വാള്‍സ് (Wander Walls) ബന്ധങ്ങളാല്‍ കൂട്ടിച്ചേര്‍ത്ത ത്രിമാന പോളിമാറാണ്. ഗ്രാഫീനാകട്ടെ ഒരു അണുവിന്‍റെ കനം മാത്രമുള്ള അനന്തമായ ദ്വിമാന പ്രതല പോളിമറാണ്. ഗ്രാഫൈറ്റില്‍ നിന്നും അതി സങ്കീര്‍ണ്ണമായ പ്രക്രിയ വഴി അടര്‍ത്തിയെടുത്തതാണ് ഗ്രാഫീനെ. 
അല്‍പ്പം ചരിത്രം
ഗ്രാഫീന്‍റെ കണ്ടു പിടുത്തവും നിര്‍മ്മിതിയും നടത്തിയത് ബ്രിട്ടണിലെ മാഞ്ചസ്റ്റര്‍ സര്‍വ്വകലാശാലയിലെ ആന്ദ്രേ ഗൈം, കോണ്‍സ്റ്റാന്‍റീന്‍ നൊവോസെലേവ് എന്ന രണ്ട് റഷ്യന്‍ വംശജരായ ശാസ്ത്രജ്ഞരാണ്. ഈ കണ്ട് പിടുത്തത്തിന് ഇവര്‍ക്ക് 2010 ലെ ഭൌതീക ശാസ്ത്ര നോബേല്‍ സമ്മാനം നല്‍കപ്പെട്ടു.
പ്രത്യേകതകള്‍
ഒരു കാര്‍ബണ്‍ ആറ്റത്തിന്‍റെ കട്ടിയേുള്ളു ഗ്രാഫീന്‍ പാളിക്ക്. എന്നാല്‍ ലോകത്തിലിന്ന് അറിയപ്പെടുന്ന പദാര്‍ത്ഥങ്ങളില്‍ വച്ചേറ്റവും കട്ടി കൂടിയ പദാര്‍ത്ഥമാണ് ഗ്രാഫീന്‍. അതായത് ഒരു മുടിനാരിന്റെ 10 ലക്ഷത്തില്‍ ഒരുഭാഗം മാത്രം കട്ടിയും എന്നാല്‍ ഉരുക്കിനെക്കാള്‍ 200 മടങ്ങ് ഉറപ്പുമുള്ള അത്ഭുത വസ്തുവാണ് ഗ്രാഫീന്‍. കാരണം ദ്വിമാന ഘടനയിൽ കാർബൺ ആറ്റങ്ങൾ അതിശക്തമായ പരസ്പര ബന്ധനത്തിലാണ് നിൽക്കുന്നത്. ആയതിനാല്‍ ഇത് ഗ്രാഫീനിനെ ലോകത്തിലേക്കും വച്ച് ഏറ്റവും ബലമുള്ള വസ്തുക്കളിലൊന്നാക്കുന്നു, അതേ സമയം തന്നെ ഇത് നന്നായി വലിയുകയും ചെയ്യും. ഒറ്റ കാർബൺ ആറ്റത്തിന്റെ കട്ടി മാത്രമുള്ളതിനാൽ സമ്പൂർണമായും സുതാര്യമാണിത്. അതേസമയം ആറ്റങ്ങൾ ഇടതിങ്ങി ഞെരുങ്ങിയാണ് ബന്ധനത്തിലേർപ്പെട്ട് നിൽക്കുന്നത് എന്നതിനാൽ ഏറ്റവും സൂക്ഷ്മമായ ഹീലിയം വാതകത്തിന്റെ ആറ്റത്തെപ്പോലും ഇത് കടത്തിവിടുകയുമില്ല. ഇത് ഏറ്റവും നല്ല താപ ചാലകതയുള്ള (Thermal Conductivity) വസ്തുവുമാണ്.
ഗ്രാഫീന്‍ വ്യവസായ ലോകത്തില്‍
അത്യസാധാരണയായ ഉയര്‍ന്നബലം, താപചാലകത, വിദ്യുത് ചാലകത മുതലായ ഗുണ ധര്‍മ്മങ്ങള്‍ കാരണം ഗ്രാഫീന്‍ പാളികള്‍ അനേകം സാങ്കേതിക സാധ്യതകള്‍ നല്‍കുന്നുണ്ട്.
ഗ്രാഫീന്‍ ബള്‍ബുകള്‍‍

'അത്ഭുതവസ്തു'വെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗ്രാഫീന്‍ ഉപയോഗിച്ചുള്ള ആദ്യ ഉത്പന്നം വിപണിയിലെത്തുന്നു. ഊര്‍ജക്ഷമതയേറിയ ലൈറ്റ് ബള്‍ബാണ് ഇപ്പോള്‍ വിപണി.യിലെത്തിയിരിക്കുന്നത്. പത്തുവര്‍ഷംമുമ്പ് ഗ്രാഫീന്‍ (Graphene) ആദ്യമായി വികസിപ്പിച്ച മാഞ്ചെസ്റ്റര്‍ സര്‍വകലാശാലയില്‍ തന്നെയാണ് ഗ്രാഫീന്‍ ഉപയോഗിച്ചുള്ള ലൈറ്റ് ബള്‍ബിനും രൂപം നല്‍കിയിരിക്കുന്നത്. മാഞ്ചെസ്റ്റര്‍ സര്‍വകലാശാലയുടെ പിന്തുണയോടെ സ്ഥാപിക്കപ്പെട്ട 'ഗ്രാഫീന്‍ ലൈറ്റിങ്' (Graphene Lighting) എന്ന കമ്പനിയാണ് ഗ്രാഫീന്‍ ബള്‍ബുകള്‍ വിപണിയിലെത്തിക്കുന്നത്. കനേഡിയന്‍ നിക്ഷേപകരുടെ പിന്തുണയോടെയാണ് പുതിയ സംരംഭം ആരംഭിക്കുന്നതെന്നാണ് ഗ്രാഫീന്‍ ലൈറ്റിങ് ഡയറക്ടര്‍മാരിലൊരാളും മാഞ്ചെസ്റ്ററിലെ ഡെപ്യൂട്ടി വൈസ് ചാന്‍സലറുമായ പ്രൊഫസര്‍ കോളിന്‍ ബെയിലി പറഞ്ഞത്. ഗ്രാഫീന്‍ ബള്‍ബുകള്‍ കുറച്ച് ഊര്‍ജ്ജം മാത്രമേ വികിരണം ചെയ്യുകയുള്ളു. അവ കൂടുതല്‍ കാലം നിലനില്‍ക്കും. നിര്‍മ്മാണച്ചിലവ് കുറവായിരിക്കുകയും ചെയ്യും. ഇതൊക്കെയാണ് യൂണിവേഴ്സിറ്റിയിലെ ഗവേഷകസംഘം ഉറപ്പുതരുന്നത്. ഗ്രാഫീന്‍ സുതാര്യവും കൂടുതല്‍ പ്രകാശം തരുന്നതുമാണ്. കൂടുതല്‍ ചൂടുത്പാദിപ്പിക്കാതെ, കൂടുതല്‍ വൈദ്യുതി ഉപയോഗിക്കാതെ കൂടുതല്‍ പ്രകാശം നല്‍കുന്നതിനാല്‍ തന്നെ ഗ്രാഫീന്‍ ബള്‍ബുകള്‍ പരിസ്ഥിതി സൗഹൃദപരവുമാണ്. ഗ്രാഫീന്‍ ബള്‍ബുകള്‍ ഉപയോഗിച്ചാല്‍ ഊര്‍ജ്ജ ഉപഭോഗം പത്തുശതമാനമായി കുറയ്ക്കാനാകുമെന്ന് ഇതിന്‍റെ ഉപജ്ഞാതാക്കള്‍ പറയുന്നു.  ഏതാനും മാസങ്ങള്‍ക്കകം തന്നെ അവ മാര്‍ക്കറ്റിലെത്തും.
ഇംഗ്ലണ്ടില്‍ നിന്ന് പുറത്തുവരുന്ന, ഗ്രാഫീനിന്‍റെ ആദ്യ വ്യാവസായിക ഉല്‍പ്പന്നമാകും ഗ്രാഫീന്‍ ബള്‍ബ്. മാത്രവുമല്ല, മാഞ്ചെസ്റ്റര്‍ യൂണിവേഴ്സിറ്റിയില്‍ കഴിഞ്ഞ അടുത്ത കാലത്ത് മാത്രം സ്ഥാപിക്കപ്പെട്ട നാഷണല്‍ ഗ്രാഫീന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (എന്‍. ജി. ഐ.) ഉണ്ടാക്കുന്ന ആദ്യ ഉല്‍പന്നവുമാണിത്. ഈ സ്ഥാപനത്തിന് എന്‍ജിനീയറിംഗ് ആന്‍റ് ഫിസിക്കല്‍ സയന്‍സസ് റിസര്‍ച്ച് കൗണ്‍സിലും യൂറോപ്യന്‍ റീജിയണല്‍ ഡവലപ്മെന്‍റ് ഫണ്ടും പങ്കാളികളാവുകയും സാമ്പത്തികസഹായം നല്‍കുകയും ചെയ്യുന്നുണ്ട്. ഇതു കൂടാതെ മുപ്പത്തഞ്ചിലധികം  കമ്പനികളും പങ്കാളികളായിക്കഴിഞ്ഞു. ഇതെല്ലാം ഈ ഉല്‍പന്നം അതിവേഗം വ്യാപകമായി മാര്‍ക്കറ്റിലെത്തിക്കാന്‍ സഹായകമാകും.
ഗ്രാഫീന്‍ വിപ്ലവം ഒരു വൈദ്യുതീ വിളക്കില്‍ മാത്രമായി ഒതുങ്ങുന്നില്ല. കായികോപകരണങ്ങളുടെ നിര്‍മാണത്തിലും, വൈദ്യശാസ്ത്രരംഗത്തും, നാനോ ടെക്നോളജിയിലും, മൊബൈല്‍ ഫോണുകളിലും, സപേസ് ടെക്നോളജിയിലും, ക്യാമറകളിലുമെല്ലാം ഇനി ഗ്രാഫീന്‍ വിപ്ലവത്തിന്റെ നാളുകളാണ് വരാന്‍പോകുന്നത്.
വാഹനങ്ങളില്‍ ഗ്രാഫീന്‍
ഗ്രാഫീനെ പ്ലാസ്റ്റിക്കോ ഇപ്പോക്സിയോ പോലുള്ള ഖര വ്സതുക്കളുമായി സംയോജിപ്പിച്ചാൽ തീരെ ഭാരമില്ലാത്തതും എന്നാൽ സ്റ്റീലിന്റെ നൂറിരട്ടിയോളം ബലവുമുള്ളതുമായ ഉല്പന്നങ്ങളുണ്ടാക്കാമെന്നത് ഇതിനെ കാറുകൾ, വിമാനങ്ങൾ, റോക്കറ്റ്, സാറ്റലൈറ്റുകൾ തുടങ്ങിയവയിൽ ഉപയോഗയോഗ്യമാക്കുന്നു. ചൂടുതാങ്ങാനുള്ള പ്ലാസ്റ്റിക്കുകളുടെ കഴിവും ഗ്രാഫീൻ സങ്കലനം വഴി വർദ്ധിപ്പിക്കാം.

ഗ്രാഫീനും ഇലക്ട്രോണിക്സ് വ്യവസായവും

സാധാരണ നിലയിലെ  ഗ്രാഫീൻ ഷീറ്റ് വൈദ്യുതി കടത്തിവിടുന്നതിൽ വളരെ പിശുക്കു കാണിക്കുമെങ്കിലും യഥാവിധി ഡോപ്പിംഗ് ചെയ്ത് വൈദ്യുതി കടത്തിവിടാൻ പാകപ്പെടുത്തിയാൽ വളരെ മികച്ച ഊർജ്ജക്ഷമതയുള്ള ഒരു വിദ്യുത്‌ചാലകമാകുമിത്. ഇങ്ങനെ തയ്യാറാക്കപ്പെട്ട ഗ്രാഫീനെ പ്ലാസ്റ്റിക്കുമായി സംയോജിപ്പിച്ചാൽ ലോഹ ഭാഗങ്ങളൊന്നുമില്ലാതെ തന്നെ വൈദ്യുതി കടത്തി വിടുന്ന വസ്തുക്കളെ ഉണ്ടാക്കാൻ നമുക്കാവും. ഇലക്ട്രോണിക്സ് രംഗത്ത് ഇതുണ്ടാക്കാൻ പോകുന്ന ഭൂകമ്പം ചില്ലറയല്ലെന്ന് ഊഹിക്കാമല്ലോ. ഇന്നത്തെ കമ്പ്യൂട്ടറുകളിലും മറ്റുമുപയോഗിക്കുന്ന സിലിക്കോൺ-അധിഷ്ഠിത ട്രാൻസിസ്റ്ററുകളെയും ഗ്രാഫീൻ-അധിഷ്ഠിത ട്രാൻസിസ്റ്ററുകൾ സമീപഭാവിയിൽ തന്നെ പിന്തള്ളും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഗ്രാഫീന് ഏറ്റവും ഉയര്‍ന്ന ചലനാത്മകതയുള്ള സെമി കണ്ടക്ടറുകളേക്കാള്‍ വിനിമയ വേഗത (Transport Speed) കൈവരിക്കാനാവുമെന്ന് കൊളംബിയ സര്‍വ്വകലാശാലയിലെ ഗവേഷകര്‍ തെളിയിച്ച് കഴിഞ്ഞു. ഇത് വേഗത കൂടിയ ചിപ്പുകളുടെ നിര്‍മ്മാണത്തിന് വഴി തെളിക്കും. കമ്പ്യൂട്ടറുകളുടേയും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളുടേയും വേഗതയും കാര്യക്ഷമതയും വര്‍ദ്ധിപ്പിക്കുവാനിതിനാകുമെന്നാണ് ഗവേഷക ലോകം വിശ്വസിക്കുന്നത്.

ബാറ്ററിയിലും ഗ്രാഫീന്‍

കൂടുതല്‍ നേരം ചാര്‍ജ് നിലനിര്‍ത്താന്‍ ബാറ്ററിക്കുള്ളിലെ രാസഘടകങ്ങള്‍ മാറ്റുന്നതിനെക്കുറിച്ചും ഗവേഷണങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ഗ്രാഫീന്‍ എന്ന അദ്ഭുത വസ്തുവിനെ അടിസ്ഥാനമാക്കിയാണിത്. 

കാര്‍ബണ്‍ ആറ്റങ്ങള്‍ നിറഞ്ഞിട്ടുള്ള ഗ്രാഫീന് ഭാരം തീരെ കുറവാണ്. മികച്ചൊരു ചാലക ശക്തിയായ ഗ്രാഫീന് ഏറെ നേരം ചാര്‍ജ് വഹിക്കാനുമാകും. സ്റ്റീലിനേക്കാള്‍ നൂറിരട്ടി കരുത്തുള്ള ഗ്രാഫീന് വേഗത്തില്‍ വൈദ്യുതി കടത്തി വിടാനുമാകും. അതു കൊണ്ടു തന്നെ ബാറ്ററിക്കുള്ളില്‍ ഗ്രാഫീന്‍ ഉപയോഗിച്ചാല്‍ സെക്കന്‍ഡുകള്‍ക്കുള്ളില്‍ അത് ഫുള്‍ചാര്‍ജ് ആകുമെന്നുറപ്പ്. 

റബ്ബറിനേക്കാള്‍ ഇലാസ്തികതയുമുണ്ട് ഗ്രാഫീന്. വരും കാലത്ത് ഒടിച്ചുമടക്കാവുന്ന സ്മാര്‍ട്‌ഫോണുകള്‍ വരുമ്പോള്‍ അതിനുള്ളില്‍ ഗ്രാഫീന്‍ ബാറ്ററികളായിരിക്കുമെന്നതില്‍ സംശയം വേണ്ട.

ഒപ്റ്റിക്കല്‍ ഇലക്ട്രോണിക്സ്

ആറ്റങ്ങളുടെ ഒറ്റപ്പാളി മാത്രമുള്ളതിനാൽ ഗ്രാഫീനു പ്രകാശത്തെ മുഴുവനായും കടത്തിവിടാം. മൊബൈൽ ഫോൺ, കമ്പ്യൂട്ടർ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങളിലെ ടച്ച് സ്ക്രീനുകൾ, സോളാർ സെല്ലുകൾ തുടങ്ങിയവയിൽ ഈ ഗുണങ്ങൾ അത്യധികം പ്രയോജന പ്രദമാണ്. ഇപ്പോള്‍ ഇന്‍ഡിയം ടിന്‍ ഓക്സൈഡ് ഉപയോഗിക്കുന്ന സ്ഥാനത്താണ് ഗ്രാഫീന്‍ ഉപയോഗിക്കുവാന്‍ കഴിയുക. ഇന്‍ഡിയം ടിന്‍ ഓക്സൈഡ്  വില കൂടിയ വസ്തുവാണ്. ഒപ്റ്റിക്കല്‍ ഫൈബര്‍ കോബിളുകള്‍ ഇപ്പോള്‍ത്തന്നെ വാര്‍ത്താ വിനിമയ രംഗത്ത് വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. എന്നാല്‍ ഗ്രാഫീന്‍റെ ഉപയോഗം ഇവിടെ വേഗത ഇനിയും കൂട്ടുവാന്‍ ഉപകരിക്കും. 
വൈദ്യശാസ്ത്രവും ഗ്രാഫീനും
ലോഹപ്രതലങ്ങളില്‍ ഗ്രാഫീന്‍ പാളികള്‍ വച്ച് പിടിപ്പിച്ചാല്‍ സമര്‍ത്ഥങ്ങളായ കോമ്പോസിറ്റുകള്‍ ഉണ്ടാക്കുവാന്‍ സാധിക്കും. ഇത് കൃത്രിമ അവയവ നിര്‍മ്മാണത്തില്‍ ഏറെ മാറ്റങ്ങള്‍ വരുത്തും. ഭാരം കുറഞ്ഞതും എന്നാല്‍ ബലവത്തായതുമായ ശരീറ ഭാഗങ്ങള്‍ നിര്‍മ്മിക്കുവാന്‍ ഇത് മൂലം കഴിയും.
അയഡിനോ മാംഗനീസോ ചേര്‍ത്ത ഗ്രാഫീന്‍ നാനോ പാര്‍ട്ടിക്കിളുകള്‍ സി റ്റി സ്കാനില്‍ (Computed Tomography)  കോണ്‍ട്രാസ്റ്റ് ഏജന്‍റായി ഉപയോഗിക്കുവാന്‍ കഴിയും. ഇത് വിഷ രഹിതമായതിനാല്‍ വൈദ്യശാസ്ത്ര രംഗത്ത് ഉത്തമമാണ്.
കോണ്ടം നിര്‍മ്മിക്കുവാനും ഗ്രാഫീന്‍
സ്വാഭാവിക റബറും കാര്‍ബണ്‍ അധിഷ്ഠിത ഗ്രാഫീനും സംയോജിപ്പിച്ച് നിര്‍മിക്കുന്ന ഗര്‍ഭ നിരോധന ഉറയുടെ നിര്‍മ്മാണത്തിലാണ് എച്ച് എല്‍ എല്‍ ലൈഫ് കെയര്‍ ലിമിറ്റഡ് (HLL Life Care Ltd). ലൈംഗിക സംതൃപ്തിയും ഗര്‍ഭ നിരോധന ഉറയുടെ മൂല്യവും വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഗ്രാഫീന്‍ അധിഷ്ഠിത പോളിമര്‍ സംയുക്തങ്ങളില്‍ ഉയര്‍ന്ന ചൂട് കടത്തിവിടുന്നതിനും സംവേദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും ഔഷധഗുണം നല്‍കുന്നതുമായ മാതൃകാ കോണ്ടം നിര്‍മ്മിക്കുന്നതിനുള്ള പരീക്ഷണമാണ്. ഗവേഷണത്തിന്റെ ആദ്യ ഘട്ടമാണ് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്എല്‍എല്‍ ലൈഫ്‌കെയര്‍ ലിമിറ്റഡിലെ ഡോ. ലക്ഷ്മി നാരായണന്‍ രഘുപതിയുടെ നേതൃത്വത്തിലുള്ള സംഘം വിജയകരമായി പൂര്‍ത്തീകരിച്ചത്.  ഈ പദ്ധതിക്ക് ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്റെ 6.43 കോടി രൂപയുടെ ഗ്രാന്റ് അവാര്‍ഡ് ലഭിച്ചു. രണ്ടാം ഘട്ടത്തിലെ നിക്ഷേപം ഗ്രാഫീന്‍ മിശ്രിത സ്വാഭാവിക റബറധിഷിഠിത കോണ്ടത്തിന്റെ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് ഉപയോഗിക്കുവാനാണ് എച്ച്എല്‍എല്‍ ലക്ഷ്യമിടുന്നത്. പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ അവസാനത്തോടെ മധ്യദക്ഷിണ ആഫ്രിക്കന്‍ രാജ്യങ്ങളിലുള്‍പ്പെടെ ലോകമെമ്പാടും ഗ്രാഫീന്‍ കോണ്ടത്തിന്‍റെ വിപണനം തുടങ്ങാമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

പ്രിന്‍റര്‍ പൌഡര്‍

2015 ല്‍ ഗ്രാഫീന്‍ ചേര്‍ത്ത ഒരു പ്രിന്‍റിങ്ങ് പൌഡര്‍ വിപണിയിലിറങ്ങുകയുണ്ടായി. ഇത് പെയിന്‍റ്, ലൂബ്രിക്കേറ്റിങ്ങ് ഓയില്‍, 3 ഡി പ്രിന്‍റിങ്ങ് മെറ്റീരിയലുകള്‍, കപ്പാസിറ്ററുകള്‍ തുടങ്ങിയിവയില്‍ ഉപയോഗിക്കുവാന്‍ കഴിയും. ശാസ്ത്രജ്ഞര്‍ പറയുന്നത് ഗ്രാഫീന്‍ ഒരു ലൂബ്രിക്കന്‍റായി ഉപയോഗിക്കുവാന്‍ കഴിയുമെന്നാണ്.
വെള്ളം ശുദ്ധീകരിക്കുവാനും ഗ്രാഫീന്‍
ഗ്രാഫിന്‍ ഓക്സൈഡുകള്‍ക്ക് വെള്ളം ശുദ്ധിയാക്കുവാനുള്ള കഴിവ് വ്യാവസായിക രംഗത്ത് വ്യാപകമായി ഉപയോഗിക്കുവാന്‍ കഴിയും. ഗ്രാഫീനെ ഒരു അള്‍ട്രാ ഫില്‍ട്ടറേഷന്‍ മീഡിയം ആയി ഉപയോഗിക്കുവാന്‍ കഴിയും. അതിനാല്‍ത്തന്നെ വ്യവസായ ശാലകളിലും മറ്റും ഉപയോഗിക്കുന്ന ഫില്‍റ്ററുകളില്‍ കാതലായ മാറ്റം പ്രതീക്ഷിക്കാം.
ഉപ്പ് വെള്ളം ശുദ്ധീകരിക്കുവാന്‍ ഇപ്പോഴുപയോഗിക്കുന്ന മാര്‍ഗ്ഗമായ റിവേഴ്സ് ഓസ്മോസിനേക്കാള്‍ ചിലവ് കുറച്ച് ഗ്രാഫീന്‍ ഉപയോഗിച്ച് കടല്‍ വെള്ളം ശുദ്ധീകരിക്കുവാന്‍ സാധിക്കും. 
വില കുറഞ്ഞ ഫ്യൂവല്‍ സെല്ലുകള്‍
ഹാലജന്‍ ആറ്റങ്ങള്‍ (ക്ലോറിന്‍, ബ്രോമിന്‍, അയഡിന്‍ പോലുള്ള) ചേര്‍ത്ത (ഗ്രാഫീന്‍ നാനോ പ്ലേറ്റുകള്‍ ഉപയോഗിച്ചാല്‍ ഫ്യൂവല്‍ സെല്ലുകളിലെ ചിലവേറിയ പ്ലാറ്റിനം കാറ്റലറ്റിക് സെല്ലുകള്‍ മാറ്റുവാന്‍ കഴിയും. ഇത് വഴി ഫ്യൂവല്‍ സെല്ലുകള്‍ കുറഞ്ഞ ചിലവില്‍ ഉല്‍പ്പാദിപ്പിക്കുവാന്‍ സാധിക്കും.
പ്ലാറ്റിനം ഇല്ലാതെ ഹൈഡ്രജന്‍
ഗ്രാഫീനും കോബാള്‍്ട്ടും കൂടി ചേര്‍ത്താല്‍ ലഭിക്കുന്ന ഉല്‍പ്രേരകം ഉപയോഗിച്ച് പ്ലാറ്റിനം ഉപയോഗിക്കാതെ തന്നെ ജലത്തില്‍ നിന്നും ഹൈഡ്രജനെ വേര്‍ തിരിക്കുവാന്‍ കഴിയും. നാളത്തെ ഇന്ധനമായി വിലയിരുത്തപ്പെടുന്ന ഹൈജ്രജന്‍ കുറഞ്ഞ ചിലവില്‍ ഉല്‍പ്പാദിപ്പിക്കുവാന്‍ കഴിഞ്ഞാല്‍ അത് വ്യവസായ മേഖലക്ക് നല്‍കുന്ന കുതിപ്പ് വളരെ വലുതായിരിക്കും.
പത്ത് വര്‍ഷത്തിനുള്ളില്‍ സിലിക്കണ്‍ പോലെ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഒരു വസ്തുവായി ഗ്രാഫീന്‍ മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ആയതിനാല്‍ തന്നെ നമ്മുടെ വ്യാവസായിക ലോകത്ത് നിരവധി മാറ്റങ്ങള്‍ നമുക്ക് പ്രതീക്ഷിക്കാം. പ്രത്യേകിച്ചും ഇലക്ട്രോണിക്സ് അതിഷ്ഠിത വ്യാവസായിക രംഗം.