Tuesday, 6 September 2016

നിര്‍മ്മാണ രംഗത്തിലെ പുത്തന്‍ വ്യാവസായിക സാധ്യതകള്‍


എന്നും മാറ്റമില്ലാത്തെ നില്‍ക്കുന്നയൊന്നും എന്നാല്‍ നിരന്തരമായി പുത്തന്‍ പരീക്ഷണങ്ങള്‍ നടക്കുന്നയൊന്നുമാണ് കെട്ടിട നിര‍മ്മാണ മേഖല. സംഘടിതവും അസംഘടിതവുമായ നിരവധി തൊഴിലാളികള്‍ ഉള്ള രംഗം. ആയതിനാല്‍ത്തന്നെ ഈ മേഖലയുമായി ബന്ധപ്പെട്ട് നിരവധി ചെറുകിട വ്യവസായങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ രംഗത്ത് സംഭവിക്കുന്ന മാറ്റങ്ങള്‍ പ്രതിഫലിക്കുന്നത് ഇത്തരം വ്യവസായങ്ങളിലും കൂടിയാണ്. കൈയ്യില്‍ കാല്‍ക്കാശില്ലായങ്കിലും ബാങ്കുകള്‍ ലോണ്‍ നല്‍കുവാന്‍ തയ്യാറാണെങ്കില്‍ ആഡംബര വസതികള്‍ കെട്ടിപ്പൊക്കുവാന്‍ യാതൊരു മടിയുമില്ലാത്ത മലയാളിക്ക്, തങ്ങളുടെ ഭവനം മറ്റുള്ളവരെക്കാളും മികച്ചതാവണമെന്ന ചിന്ത കൂടെയുള്ളപ്പോള്‍ വ്യത്യസ്തതക്ക് വേണ്ടി ഏതറ്റം വരെ പോകുവാനും തയ്യാറാകുമെന്നതാണ് വസ്തുത. ആയതിനാല്‍ത്തന്നെ ഈ മേഖലയില്‍ സംഭവിക്കുന്ന സാങ്കേതിക മാറ്റങ്ങളോട് നമ്മള്‍ വളരെപ്പെട്ടെന്ന് തന്നെ പ്രതികരിക്കുമെന്നതാണ് സത്യം.

ഇന്ന് ഏറെ പരീക്ഷണങ്ങള്‍ നടക്കുന്ന ഒന്നാണ് കെട്ടിട നിര്‍മ്മാണ മേഖല. അതിനനുസരിച്ച് നിരവധി പുതിയ സംരംഭകത്വ സാധ്യതകളും ഉടലെടുത്ത് കൊണ്ടിരിക്കുന്നു. പുത്തന്‍ നിര്‍മ്മാണ സാമഗ്രികളും പുതിയ നിര്‍മ്മാണ രീതികളുമായി സാങ്കേതിക വിദ്യയുടെ കടന്ന് കയറ്റം ഈ രംഗത്ത് വളരെ ശക്തമാണ്. പുത്തന്‍ നിര്‍മ്മാണ സാമഗ്രികള്‍ ഉപയോഗിക്കപ്പെടുമ്പോള്‍ അവയുടെ നിര്‍മ്മാണവും മറ്റുമായി നിരവധി പുതിയ അനുബന്ധ വ്യവസായങ്ങളുടലെടുക്കുന്നുണ്ട്. ആശയങ്ങളിലും സാങ്കേതിക വിദ്യയിലും മാറ്റങ്ങളുണ്ടാകുമ്പോള്‍ പുതിയ യന്ത്രങ്ങള്‍ പിറവിയെടുക്കുന്നുണ്ട്. ഗ്രീന്‍ ബില്‍ഡിങ്ങ് എന്ന ആശയം തന്നെ ഉദാഹരണം. മാത്രവുമല്ല നമ്മുടെ മുളയും മറ്റ് പാഴ്തടികള്‍ക്കും പുത്തന്‍ ഉപയോഗങ്ങള്‍ കണ്ട് പിടിക്കപ്പെടുമ്പോള്‍ പ്രകൃതി വിഭവങ്ങളുടെ വില വര്‍ദ്ധിക്കുകയും അത് സാമൂഹിക മാറ്റങ്ങള്‍ വഴി മരുന്നാവുകയും ചെയ്യും.

പുത്തന്‍ നിര്‍മ്മാണ സാമഗ്രികള്‍

കുതിച്ച് കയറുന്ന വിലക്കയറ്റമാണ് ബദല്‍ നിര്‍മ്മാണ വസ്തുക്കളിലേക്ക് മനുഷ്യനെ കൊണ്ടെത്തിക്കുന്ന ഘടകങ്ങളിലൊന്ന്. ആയതിനാല്‍ തന്നെ ഈ രീതിയില്‍ മാറി ചിന്തിച്ച് വ്യത്യസ്തമായ നിര്‍മ്മാണ വസ്തുക്കളുടെ നിര്‍മ്മാണം ഒരു വ്യവസായമായി ആരംഭിക്കാവുന്നതാണ്. വെട്ടുകല്ലു കൊണ്ടോ ഇഷ്ടികയോ കരിങ്കല്ലു കൊണ്ടുമോ നിര്‍മ്മിക്കുന്ന വീടുകള്‍ക്ക് മാത്രമേ ഉറപ്പുള്ളുവെന്ന് ചിന്തിക്കുന്ന കാലത്തില്‍ നിന്നും നാം മുന്നോട്ട് പോകേണ്ടിയിരിക്കുന്നു

1.       ജി എഫ് ആര്‍ ജി പാനല്‍
              
ജിപ്സം ബോര്‍ഡും ഫെറോ സിമന്‍റുമിന്ന് കെട്ടിട നിര്‍മ്മാണ രംഗത്ത് വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. എന്നാല്‍ തീര്‍ത്തും വ്യത്യസ്തമായ ഒരു നിര്‍മ്മാണ വസ്തുവാണ് ജി എഫ് ആര്‍ ജി പാനല്‍. ഗ്ലാസ് ഫൈബര്‍ റീ ഇന്‍ഫോഴ്സ്ഡ് ജിപ്സം എന്നാണിതിന്‍റെ പൂര്‍ണ്ണ രൂപം. കേരളത്തിലാണ് ഈ മെറ്റീരിയലിപ്പോള്‍ നിര്‍മ്മിക്കപ്പെടുന്നത്.  ഫാക്ടിന്‍റെ അമ്പലമുകള്‍ ഫാക്ടറിയില്‍. 12 മീറ്റര്‍ നീളവും 3 മീറ്റര്‍ ഉയരവുമുള്ള ഇതിന് 5 ഇഞ്ചാണ് കനം. ഏതളവിലും മുറിച്ച് ലഭിക്കുന്ന ഇത് കൊണ്ട് ഓഫീസുകളും ഹോസ്റ്റലുകളും നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്. ഒരു വീട് പൂര്‍ണ്ണമായും തന്നെ നിര്‍മ്മിച്ച് കഴിഞ്ഞിരിക്കുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ നിര്‍മ്മിക്കാമെന്നതിനാല്‍ നിര്‍മ്മാണച്ചിലവില്‍ 20 – 30 ശതമാനം ലാഭിക്കാം. ചുവര്‍ പ്ലാസ്റ്റര്‍ ചെയ്യേണ്ടതില്ലാത്തതിനാല്‍ മണലും സിമന്‍റും ലാഭിക്കാമെന്നതിനാല്‍ വീടിനുള്ളില്‍ ചൂടു കുറയുമെന്നൊരു ഗുണവും കൂടിയുണ്ട്.

2.       സ്വയം കേടുപാടുകള്‍ തീര്‍ക്കുന്ന കോണ്‍ക്രീറ്റ്

ഒരു കെട്ടിടം പണിയുമ്പോള്‍ ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്നതിലൊന്നാണ് സിമെന്‍റെങ്കിലും ഹാനികരമായ കാര്‍ബണിക സംയക്തങ്ങള്‍ പുറത്ത് വിടുന്നതും ഇത് തന്നെയാണ്. ലോകത്തിലെ കാര്‍ബണിക സംയുക്തങ്ങളുടെ ഏകദേശം ഏഴ് ശതമാനവും പുറത്ത് വിടുന്നത് സിമിന്‍റാണെന്നാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. സിമന്‍റ് ഉപയോഗിക്കുന്ന കെട്ടിടങ്ങങ്ങള്‍ കാലാന്തരത്തില്‍ വിള്ളല്‍ വീഴുന്നതായാണ് കണ്ട് വരുന്നത്. എന്നാലിപ്പോള്‍ ഇങ്ങനെ വിള്ളല്‍ വീണാലും അത് സ്വയമേവ ശരിയാവുന്ന പ്രത്യേകതയുള്ള ഒരു കോണ്‍ക്രീറ്റ് യു കെയിലെ ബാത്ത് യൂണിവേഴ്സിറ്റിയിലെ എഞ്ചിനിയേഴ്സ് ഉണ്ടാക്കിയിരിക്കുന്നു. ബാക്ടീരയയുടെ പ്രവര്‍ത്തനമാണിവിടെ നടക്കുന്നത്. ചെറിയ വിള്ളലുകള്‍ വന്നാല്‍ അത് അന്തരീക്ഷത്തിലെ ഈര്‍പ്പം ഉപയോഗിച്ച് മൃദുവാകുകയും ലൈം സ്റ്റോണ്‍ ഉല്‍പ്പാദിപ്പിക്കപ്പെടുകയും ഒപ്പം തനിയെ വിള്ളലടക്കുകയും ചെയ്യുന്നു. മണലിനും മെറ്റലിനും പകരം പ്രത്യേക തരം ഫൈബറുകളാണിവിടെ ഉപയോഗിക്കുന്നത്.

3.       വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന ചുവരുകള്‍

വീടുകളില്‍ സോളാര്‍ സംവിധാനമൊരുക്കുകയൊന്നത് ഇന്നത്ര പുതുമയൊന്നുമല്ല. എന്നാല്‍ ഒരു ചുവര്‍ മുഴുവന്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതായി ചിന്തിച്ച് നോക്കു. ഇത്തരത്തിലുള്ള ട്രാന്‍സ്പേരന്‍റ് ആയ Building integrated photovoltaic (BIPV) എന്ന ബില്‍ഡിങ്ങ് മെറ്റീരിയലുമായി രംഗത്തെത്തിയിരിക്കുകയാണ് പോളി സോളാര്‍ എന്ന കമ്പനി. 

4.       റാപ്പിഡ് ഡ്രൈയിങ്ങ് കോണ്‍ക്രീറ്റ്

ബില്‍ഡിങ്ങ് പണിയിലെ ഒരു പ്രധാന ഭാഗമാണ് കോണ്‍ക്രീറ്റിങ്ങ്. അത് ഉണങ്ങുന്നതിനെടുക്കുന്ന സമയം വളരെ കൂടുതലാണെന്നതാണ് ഒരു പ്രശ്നം. എന്നാലിപ്പോള്‍ വളരെ വേഗം ഉണങ്ങുന്ന ഒരു കോണ്‍ക്രീറ്റ് കണ്ടു പിടിക്കപ്പെട്ടിരിക്കുന്നു. Aridus എന്നാണിതിന്‍റെ പേര്.

5.    നാച്വറല്‍ സെല്ലുലോസ് റൂഫിങ്ങ്

റൂഫിങ്ങാണ് ഇന്ന് മാറ്റങ്ങള്‍ വരുന്ന മറ്റൊരു മേഖല. 50 ശതമാനം റീസൈക്കിള്‍ഡ് സെല്ലുലോസ് ഫൈബര്‍, ബിറ്റുമെന്‍, റെസിന്‍ എന്നിവയാണ് ഫ്രഞ്ച് സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന നാച്വറല്‍ സെല്ലുലോസ് ഫൈബറിന്‍റെ ഭാഗങ്ങള്‍. ക്ലേ ടൈലിന്‍റെ പത്തിലൊന്ന് ഭാരമേയുള്ളു. മണിക്കൂറില്‍ 300 കി. മീറ്റര്‍ വേഗതയുള്ള കാറ്റിനെ വരെ അതി ജീവിക്കുവാന്‍ സാധിക്കുന്ന തരത്തിലാണ് ഇതിന്‍റെ ഫിറ്റിങ്സ് എന്നതിനാല്‍ വരും നാളുകളില്‍ ഇതിന്‍റെ നിര്‍മ്മാണം നല്ലയൊരു വ്യവസായ സാധ്യതയായി ഉയര്‍ന്ന് വരാം.

6.       ഷിംഗിള്‍സ്

വിദേശ രാജ്യങ്ങളില്‍ പ്രചാരം നേടിയ ഷിംഗിള്‍സും റൂഫിങ്ങിന് ഉപയോഗിക്കാവുന്നതായതിനാല്‍ ഇതിന്‍റെ നിര്‍മ്മാണവും ഒരു വ്യത്യസ്തമായ വ്യവസായമെന്ന നിലക്ക് ആരംഭിക്കാവുന്നതാണ്. ഗ്ലാസ് ഫൈബര്‍, ബിറ്റുമെന്‍, സെറാമിക് പൌഡര്‍ എന്നിവ കൊണ്ടാണിത് നിര്‍മ്മിക്കുന്നത്. കാണാനുള്ള ഭംഗി മാത്രമല്ല പായലും പൂപ്പലും പിടിക്കില്ലയെന്നതിനാലും പല നിറങ്ങളില്‍ നിര്‍മ്മിക്കാമെന്നതിനാലും ഇത് വിപണി പിടിക്കുവാനുള്ള സാധ്യതയും കൂടുതലാണ്.

7.       എയര്‍ സപ്പോര്‍ട്ടഡ് പോളിയെസ്റ്റര്‍ റൂഫ്
  
പമ്പ് കൊണ്ട് കാറ്റടിച്ച് കൂടാരം പോലെ നിര്‍മ്മിക്കുന്ന ഈ റൂഫ് വിദേശത്ത് കണ്ട് വരുന്നു. വീടുകള്‍ക്കല്ലായെങ്കിലും വലിയ പ്രദര്‍ശനങ്ങള്‍ റൂഫ് നിര്‍മ്മിക്കുവാന്‍ ഈ സാങ്കേതിക വിദ്യ ഉപയോഗിക്കാം.

8.       പാഴ്തടികളുടെ ഉപയോഗം

വീടു വയ്ക്കുമ്പോള്‍ എല്ലാവരും തന്നെ പരിഗണിക്കുന്നത് മുന്തിയ ഇനം തേക്കാണ്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വരെ തേക്ക് കൊണ്ടു വരുന്നവരുണ്ട്. ഇത് ചിലവ് വളരെയധികം വര്‍ദ്ധിപ്പിക്കുന്നുണ്ട്. എന്നാല്‍ നമ്മുടെ നാട്ടിലെ പാഴ് തടികള്‍ ട്രീറ്റ് ചെയ്ത് ഉപയോഗിക്കാമെന്നതാണ് വസ്തുത. ഇത് തടിക്ക് വില വര്‍ദ്ധിപ്പിക്കുമെന്നത് മാത്രമല്ല ഒപ്പം കെമിക്കല്‍ ട്രീറ്റ്മെന്‍റ്, കിലന്‍ ഡ്രൈയിങ്ങ് തുടങ്ങി പുത്തന്‍ വ്യവസായ സാധ്യതകള്‍ ഉടലെടുക്കുവാന്‍ നിമിത്തമാവുകയും ചെയ്യും. കുറച്ച് നാള്‍ കഴിയുമ്പോള്‍ തടി നശിക്കുമെന്നതിന് പ്രതിവിധിയാണ് ഇത്തരം ട്രീറ്റ്മെന്‍റ്. തടിയുമായി ബന്ധപ്പെട്ട് തടിമില്ലല്ലാതെ ഇത്തരം മറ്റ് സാധ്യതകള്‍ മുതലെടുക്കുവാനും കഴിയും.

കെമിക്കല്‍ ഇംപ്രിഗ്നേഷന്‍ വാക്വം പ്ലാന്‍റ് എന്ന മെഷീനാണ് ട്രീറ്റ് ചെയ്യുവാന്‍ ഉപയോഗിക്കുന്നത്. തടിക്കുള്ളിലേക്ക് ബോറാക്സ് – ബോറിക്ക് ആസിഡ് മിശ്രിതം കടത്തി വിട്ടാണ് കീടങ്ങളെ പ്രതിരോധിക്കാനുള്ള ശേഷി കൈവരുത്തുന്നത്. 

 മെഷീനിലെ പ്രത്യേക അറയ്ക്കുള്ളില്‍ തടി അടുക്കിയ ശേഷം അതിനുള്ളിലാണ് മിശ്രിതം നിറയ്ക്കുക. തുടര്‍ന്ന് പ്ലാന്‍റിനുള്ളിലെ മര്‍ദ്ദം വളരെ കുറച്ച് തടിയുടെ കോശഘടനയില്‍ അയവ് വരുത്തും. അതിന് ശേഷം മര്‍ദ്ദം ഉയര്‍ത്തുമ്പോള്‍ തടിക്കുള്ളിലേക്ക് മിശ്രിതം കടക്കും. അതോടെ തടിയുടെ ഉറപ്പും ബലവും കൂടും. മാത്രവുമല്ല കീടങ്ങള്‍ തടിയെ ആക്രമിക്കുകയുമില്ല.

തടിയിലെ ജലാംശമാണ് അത് കേടാക്കുന്നയൊരു വില്ലന്‍. ഇവിടെയാണ് സീസണിങ്ങ് തുണയാവുന്നത്. ഇതിനാണ് കിലന്‍ ഡ്രൈയിങ്ങ് ചേമ്പര്‍ ഉപയോഗിക്കുന്നത്. ബോയിലര്‍ യൂണിറ്റില്‍ നിന്ന് ഉയര്‍ന്ന താപ നിലയിലുള്ള നീരാവി കടത്തി വിട്ടാണ് ഇത് സാധ്യമാക്കുന്നത്. തെങ്ങ്, മുള്, മാവ്, അക്വേഷ്യ തുടങ്ങിയവയൊക്കെ ഇപ്രകാരം ഉപയോഗിക്കാമെന്നതിനാല്‍ പാഴ്തടികള്‍ക്ക് മറ്റൊരു വിപണി സാധ്യത തുറക്കുകയും ചെയ്യും.

9.       ഷെറാ ബോര്‍ഡുകള്‍

വാള്‍ ക്ലാഡിങ്ങിനും, വാള്‍ പാര്‍ട്ടീഷിനും, ഫ്ലോറിങ്ങിനും മറ്റും ഉപയോഗിക്കാവുന്ന മെറ്റീരിയലാണ് ഷെറാ ബോര്‍ഡുകള്‍. ഓഫീസുകള്‍ക്കും ആശുപത്രികള്‍ക്കും മറ്റും ഇത് ഉപയോഗിക്കാവുന്നതാണ്. വളരെ വേഗത്തിലുള്ള നിര്‍മ്മാണവും ശുചിത്വവുമെല്ലാം ഇതിന്‍റെ പ്രത്യേകതയാണ്. ഇതൊരു നോണ്‍ ആസ്ബെറ്റോസ് ഫൈബര്‍ സിമന്‍റ് പ്രോഡക്ട് ആണ്. ഗ്ലാസ്, സംസ്കരിച്ച പാഴ്തടി,   സെല്ലുലോസ് ഫൈബര്‍ എന്നിവയാണ് നിര്‍മ്മാണ ഘടകങ്ങള്‍ എന്നതിനാല്‍ ഇവയുടെ നിര്‍മ്മാണം ഇത്തരം വസ്തുക്കള്‍ക്ക് വിപണി മൂല്യമുയര്‍ത്തും.

10.    അണ്‍ പ്ലാസ്റ്റിസൈഡ് പോളി വിനൈല്‍ ക്ലോറൈഡ്

വരും വര്‍ഷങ്ങളില്‍ നല്ലയൊരു ശതമാനം ആളുകളും പ്രീ ഫാബ്രിക്കേറ്റഡ് നിര്‍മ്മാണ രീതിയിലേക്ക് തിരിയുമെന്നതിനാല്‍ വലിയൊരു കുതിച്ച് ചാട്ടം തന്നെ ഈ രംഗത്ത് നടക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇപ്പോള്‍ത്തന്നെ ഇത്തരം മെറ്റീരിയല്‍ പലതും വിപണിയിലെത്തിക്കഴിഞ്ഞു. അലുമിനിയവും സ്റ്റീലും മാത്രമല്ല തടിക്ക് പകരമായി ഉപയോഗിക്കപ്പെടുന്നത്. അണ്‍ പ്ലാസ്റ്റിസൈഡ് പോളി വിനൈല്‍ ക്ലോറൈഡ് (യു പി വി സി) എന്നയൊരു പുത്തന്‍ മെറ്റീരിയലും കൂടി ഉദയം ചെയ്തിട്ടുണ്ട്. വിദേശത്ത് നിന്നാണിപ്പോള്‍ ഇത് ഇറക്ക് മതി ചെയ്യുന്നത്. ആയതിനാല്‍ത്തന്നെ ഇതിന്‍റെ നിര്‍മ്മാണം മറ്റൊരു നിര്‍മ്മാണ സാധ്യതയാണ്.

11.    വുഡ് പ്ലാസ്റ്റിക് കോമ്പോസിറ്റ്

തടിയും പ്ലാസ്റ്റിക്കും ചേര്‍ന്ന മെറ്റീരിയലാണിത്. തറയിലാണ് ഇത് ഉപയോഗിക്കുന്നത്. വെള്ളം ഇറങ്ങാത്തതിനാല്‍ കുത്തിപ്പോവില്ലായെന്നതാണ് ഒരു ഗുണം. ഇതിന്‍റെ മറ്റൊരു പ്രത്യേകത റീസെക്കിള്‍ ചെയ്യുന്ന വേസ്റ്റ് പ്ലാസ്റ്റിക്ക് ഉപയോഗിച്ചും നിര്‍മ്മിക്കാമെന്നതാണ്. അതിനാല്‍ തന്നെ പ്ലാസ്റ്റിക് മാലിന്യത്തിനൊരു പരിഹാരമാവുകയും അതിനൊരു പുത്തന്‍ വിപണി കൂടി തുറക്കുകയും ചെയ്യും. മാത്രവുമല്ല തടിയുടെ വേസ്റ്റ് കൊണ്ടിത് നിര്‍മ്മിക്കാമെന്നതിനാല്‍ ഏറെ ആകര്‍ഷകമായയൊന്നാണിത്. ഏത് രൂപത്തിലും ഉണ്ടാക്കാമെന്നതാണ് മറ്റൊരു ഗുണം. ആയതിനാല്‍ വേസ്റ്റില്‍ നിന്നും പുത്തല്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നവര്‍ക്ക് ഇതിലേക്ക് തിരിയാവുന്നതാണ്.
നിര്‍മ്മാണത്തിലെ മാറ്റങ്ങള്‍
കെട്ടിട നിര്‍മ്മാണ രീതികളിലും സാങ്കേതിക മാറ്റങ്ങള്‍ക്ക് അരങ്ങൊരുങ്ങുകയാണ്. മനുഷ്യനിന്ന് ഒന്നിനും സമയമില്ലായെന്നതാണ് ഇതിന്‍റെയൊക്കെ അടിസ്ഥാനം. എത്രയും പെട്ടെന്ന് ഫലം കിട്ടണമെന്ന ചിന്തയാണ് സത്യത്തില്‍ പല ഉപകരണങ്ങളുടേയും പിറവിക്ക് പിന്‍പില്‍.
1.       മോഡുലാര്‍ കണ്‍സ്ട്രക്ഷന്‍

മോഡുലാര്‍ കണ്‍സ്ട്രക്ഷനാണ് ഈ രംഗത്തെ ഒരു പ്രധാന ട്രെന്‍ഡ്. ബില്‍ഡിങ്ങിന്‍റെ പല ഭാഗങ്ങള്‍ പ്ലാന്‍റില്‍ നിര്‍മ്മിച്ചിട്ട് കെട്ടിടം നിര്‍മ്മിക്കുന്ന സൈറ്റില്‍ കൊണ്ട് വന്ന് കൂട്ടിച്ചേര്‍ക്കുന്ന രീതിയാണിത്. കൂടുതല്‍ ഗുണമേന്‍ന്മ ഉറപ്പ് വരുത്താമെന്നതാണ് ഇതിന്‍റെ ഒരു ഗുണം. മാത്രവുമല്ല വേസ്റ്റ് വളരെ കുറയ്ക്കുവാനും സാധിക്കും. വിദേശ രാജ്യങ്ങളില്‍ മുന്നമേ തന്നെ ഈ രീതി നിലവിലുണ്ട്. മോഡുലാര്‍ കണ്‍സ്ട്രക്ഷന്‍ കമ്പനികളെന്ന ഒരു കണ്‍സെപ്റ്റ് തന്നെയുണ്ട്. ചൈനയിലെ ബ്രോഡ് സസ്റ്റയിനബിള്‍ ബില്‍ഡിങ്ങ് കമ്പനി എന്ന കണ്‍സ്ട്രക്ഷന്‍ സ്ഥാപനം 57 നിലകളുള്ള ഒരു ബില്‍ഡിങ്ങ് ഈ രിതിയില്‍ കേവലം 19 ദിവസങ്ങള്‍ കൊണ്ട് നിര്‍മ്മിച്ച് വാര്‍ത്തകളിലിടം നേടുകയുണ്ടായി. സാധാരണ രീതിയില്‍ നിര്‍മ്മിക്കുന്നവയെക്കാള്‍ കൂടുതല്‍ ഉറപ്പ് ഇതിനുണ്ടാകുമെന്നാണ് വിദഗ്ദാഭിപ്രായം.

2.       പ്ലാസ്റ്റര്‍ ചെയ്യുവാനും മെഷ്യന്‍

കോണ്‍ക്രീറ്റ് ഉണ്ടാക്കുന്ന മെഷ്യനായിരുന്നു ഈ രംഗത്ത് ആദ്യം വന്നത്. എന്നാലിപ്പോള്യന്ത്രവല്ക്കരണം പ്ലാസ്റ്ററിങ്ങ്  രംഗത്തേക്കും കടന്നിരിക്കുന്നു. നിരവധി ദിവസങ്ങളിലെ മനുഷ്യാധ്വാനമാണ് ഒരു ബില്ഡിങ്ങ് പ്ലാസ്റ്റര്ചെയ്യുകയെന്നത്. എന്നാല്‍ മെഷീനുപയോഗിച്ച് ചെയ്യുമ്പോള്‍ വളരെപ്പെട്ടെന്നും ഫിനീഷിങ്ങോട് കൂടിയും ചെയ്യുവാന്‍ സാധിക്കുന്നു. പല മെഷ്യന്‍ നിര്‍മ്മാതാക്കളും ഈ രംഗത്തേക്ക് തിരിഞ്ഞിട്ടുണ്ട്. ഇന്ത്യയിലെ കണ്‍സ്ട്രക്ഷന്‍ യന്ത്ര നിര്‍മ്മാണ മേഖല 30 ശതമാനം വാര്‍ഷിക വളര്‍ച്ചാ നിരക്കാണ് കാണിക്കുന്നത്.
മറ്റ് മാറ്റങ്ങള്‍

1.       കൈനറ്റിക് എനര്‍ജിയുടെ ഉപയോഗം.

വളര്‍ന്ന് വരുന്നയൊരു സാങ്കേതിക വിദ്യയാണിത്. മനുഷ്യന്‍ നടക്കുമ്പോള്‍ തറയില്‍ ഏല്‍പ്പിക്കുന്ന മര്‍ദ്ദത്തിനാനുപാതികമായി വൈദ്യുതി ഉല്‍പ്പാദിപ്പിക്കപ്പെടുന്നതാണിത്. വളരെ തിരക്കുള്ള റോഡുകളിലിത് പ്രയോജനപ്പെടുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ബ്രസീലിലെ Rio de Janeiro യിലെ ഒരു ഫുട്ബോള്‍ സ്റ്റേഡിയത്തില്‍ ലൈറ്റുകള്‍ തെളിക്കുവാന്‍ കഴിയുന്ന തരത്തില്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന ടൈലുകള് ഉപയോഗിച്ചിട്ടുണ്ട്. ബ്രിട്ടീഷ് സ്റ്റാര്‍ട്ട് അപ് കമ്പനിയായ പാവ്ജെന്‍ ആണ് ഇത് ഉല്‍പ്പാദിപ്പിച്ചിരിക്കുന്നത്. റെയില്‍വേ സ്റ്റേഷനുകളിലും എയര്‍പോര്‍ട്ടുകളിലും ഇത് ഉപയോഗിക്കുവാനാണ് കമ്പനിയുടെ ശ്രമം.

ഒരു ഇറ്റാലിയന്‍ സ്റ്റാര്‍ട്ട് അപ് കമ്പനിയായ അണ്ടര്‍ ഗ്രൌണ്ട് വാഹനങ്ങളോടുമ്പോഴുള്ള കൈനറ്റിക് എനര്‍ജി ഉപയോഗിച്ച് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന ലിബ്ര എന്നയൊരു സാങ്കേതിക വിദ്യയുമായി രംഗത്തെത്തിയിരിക്കുന്നു. മിലാന്‍ പോളിടെക്നിക് യൂണിവേഴ്സിറ്റിയുമായി ചേര്‍ന്നാണിത് വികസിപ്പിച്ചിരിക്കുന്നത്.

2.       എയര്‍ കണ്ടീഷനിങ്ങ് നല്‍കുന്ന മേല്‍ക്കൂരകള്‍

മനുഷ്യരും മൃഗങ്ങളും ശരീരം തണുപ്പിക്കുവാനായി സ്വേദനമെന്നയൊരു മാര്‍ഗ്ഗം ഉപയോഗിക്കുന്നുണ്ട്. ഈ ആശയം ഉപയോഗിച്ച് ഒരു പ്രത്യേക തരം മാറ്റ് രൂപപ്പെടുത്തിയിട്ടുണ്ട്. ഇത് റൂഫിങ്ങിലുപയോഗിക്കുമ്പോള്‍ മഴയത്ത് വെള്ളം ഒരു സ്പോഞ്ച് പോലെ വലിച്ചെടുക്കുകയും ചൂടു വരുമ്പോള്‍ വലിച്ചെടുത്ത വെള്ളം പുറത്ത് വിടുകയും ചെയ്യുന്നത് വഴി ബില്‍ഡിങ്ങിന് ഒരു എയര്‍ കണ്ടീഷനിങ്ങ് ഇഫക്ട് ഉണ്ടാക്കുകയും ചെയ്യുന്നു. PNIPAM (Poly (N-isopropylacrylamide) എന്ന ഒരു പ്രത്യേക തരം മെറ്റീരിയലാണ് ഇതിനായി ഉപയോഗിക്കുന്നത്.

പുതിയ നിര്‍മ്മാണ വസ്തുക്കളുടെ ഉപയോഗത്തിലും പുത്തന്‍ നിര്‍മ്മാണ രീതികളിലുമായി സാങ്കേതിക വിദ്യ മുന്നേറുമ്പോള്‍ നാം അതിനനുസരിച്ച് ചലിക്കേണ്ടിയിരിക്കുന്നു. കാലഘട്ടത്തിന്‍റെ മാറ്റത്തിനനുസൃതമായി പുതിയ സ്റ്റാര്‍ട്ടപ്പുകളുടലെടുക്കേണ്ടതായിട്ടുണ്ട്.  പുത്തന്‍ നിര്‍മ്മാണ വസ്തുക്കളുടെ നിര്‍മ്മാണവും വിതരണവും ഒരു വ്യവസായമായി ഉയര്‍ന്ന് വരേണ്ടതുണ്ട്. പ്രകൃതിയെ നോവിക്കാത്ത തരത്തിലും ഒപ്പം പുനരുപയോഗിക്കുന്ന മെറ്റീരിയലുകളുമായും ഈ രംഗത്തേക്ക് വികസനം കൊണ്ടുവരുവാന്‍  സര്‍ക്കാരുകളും ശ്രമിക്കേണ്ടിയിരിക്കുന്നു.


Saturday, 13 August 2016

വസ്ത്ര നിര്‍മ്മാണത്തിലെ പുത്തന്‍ സങ്കേതങ്ങള്‍


പൌരാണിക കാലഘട്ടം മുതല്‍ ഒരു വ്യവസായമെന്ന നിലയില്‍ വളര്‍ന്ന് വന്നയൊന്നാണ് വസ്ത്ര നിര്‍മ്മാണ രംഗം. വസ്ത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നിരവധി അനുബന്ധ വ്യവസായങ്ങള്‍ ഉടലെടുത്തിട്ടുണ്ട്. ഓരോ പുതിയ മെറ്റീരിയലുകളും വസ്ത്ര നിര്‍മ്മാണ രംഗത്തേക്ക് വരുമ്പോള്‍ അതിനനുസൃതമായി നിരവധി അനുബന്ധ വ്യവസായ യൂണിറ്റുകളും തൊഴിലവസരങ്ങളും ഉടലെടുക്കുന്നുമുണ്ട്. ഇന്നിപ്പോള്‍ ശാരിരിക ആവശ്യമെന്നതിനുപരി വസ്ത്രങ്ങള്‍ ഫാഷന്‍റേയും, സ്റ്റാറ്റസിന്‍റേയും മറ്റും സിംബലുകളായി രൂപ പരിണാമം പ്രാപിച്ചപ്പോള്‍ ശാസ്ത്ര സാങ്കേതിക രംഗത്തെ മാറ്റങ്ങള്‍ ഈ മേഖലയിലും പ്രതിഫലിച്ചു. വിവര സാങ്കേതിക വിദ്യയുടേയും ഇലക്ട്രോണിക്സിന്‍റേയും അഭൂത പൂര്‍വ്വമായ വളര്‍ച്ച ഒപ്പം പുത്തന്‍ സാങ്കേതി വിദ്യയായ നാനോ ടെക്നോളജിയുടെ മുന്നേറ്റം തുടങ്ങിയവയെല്ലാം ഈ മേഖലയിലെ മാറ്റങ്ങള്‍ക്ക് കാരണമായ വസ്തുതകളാണ്. ഇന്നിപ്പോള്‍ വസ്ത്രങ്ങളുടെ ആവശ്യകത തന്നെ ഏറെ മാറിയിട്ടുണ്ട്. ഓരോ കര്‍മ്മ പഥങ്ങളിലെ ആവശ്യകതയനുസരിച്ച് പ്രത്യേകം വസ്ത്രങ്ങള്‍ രൂപകല്‍പ്പന ചെയ്യുകയാണിന്ന്. ആരോഗ്യ മേഖലയിലും, വ്യാവസായിക മേഖലയിലുമെല്ലാം പ്രത്യേകമായുള്ള വസ്ത്രങ്ങളാണ് ആവശ്യമെന്നിരിക്കെ അതിനനുസൃതമായ മാറ്റങ്ങളോടെയാണ് ഇന്ന് വസ്ത്രങ്ങള്‍ വിപണിയിലെത്തുന്നത്.

ഈ മാറ്റങ്ങള്‍ ഫാബ്രിക്, മെഷിനറി, കോട്ടിങ്ങ്, ബോണ്ടിങ്ങ്, പ്രൊഡക്ഷന്‍ പ്രോസസ്, പ്രിന്‍റിങ്ങ്, ഡൈയിങ്ങ്, തയ്യല്‍ തുടങ്ങിയെല്ലാ രംഗത്തും തന്നെയുണ്ട്. വളരെയധികം ഗവേഷണങ്ങള്‍ ഈ മേഖലയില്‍ നടക്കുന്നുമുണ്ട്.

A. ഫാബ്രിക് രംഗത്തെ മാറ്റങ്ങള്‍

പൌരാണിക കാലഘട്ടത്തിലെ വസ്ത്രങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തമാണ് ഇന്നത്തെ വസ്ത്രങ്ങള്‍. വ്യത്യസ്തമായ മെറ്റീരിയല്‍സ് പരീക്ഷിച്ച് കൊണ്ടിരിക്കുന്നു. സ്വര്‍ണ്ണം കൊണ്ട് നിര്‍മ്മിച്ച ഷര്‍ട്ട് ഈയിടെയാണ് വാര്‍ത്താ പ്രാധാന്യം നേടിയത്. പരീക്ഷണങ്ങളിപ്പോള്‍ അതും കടന്ന് മനുഷ്യന് മുന്‍കാലങ്ങളില്‍ ചിന്തിക്കുവാന്‍ കഴിയാത്ത തലത്തിലേക്കെത്തി നില്‍ക്കുന്നു.

a. പാലില്‍ നിന്നം വസ്ത്രം
QMilch എന്ന പേരില്‍ പാലില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന ഒരു ഫൈബറുമായി ജര്‍മ്മനിയിലെ Anke Domaske എന്ന ഗവേഷക വിദ്യാര്‍ഥിനി രംഗത്തെത്തിയിരിക്കുന്നു. പാലില്‍ നിന്നും വെള്ളത്തിന്‍റെ അംശം പൂര്‍ണ്ണമായും നീക്കിയിട്ട് ബയോ എഞ്ചിനിയറിങ്ങ് സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രോട്ടീന്‍ സ്പിന്നിങ്ങ് ഫ്ലൂയിഡ് ആക്കി മാറ്റും. തുടര്‍ന്ന് ഇത് മറ്റ് വസ്തുക്കളും ചേര്‍ത്ത് ഫൈബറാക്കി മാറ്റുകയാണ് ചെയ്യുന്നത്.  സില്‍ക്കിനോട് സമാനമായ ഈ ഫൈബറിന് വില കുറവാണെന്നതാണ് ആകര്‍ഷണീയത. മാത്രവുമല്ല അമിനോ അസിഡുകളുടെ കലവറയായ ഈ പ്രോട്ടീന്‍ പരിസ്ഥിതി സൌഹാര്‍ദ്ദമായതിനാല്‍ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നുമില്ല. ആയതിനാല്‍ കുഞ്ഞുങ്ങളുടെ വസ്ത്ര നിര്‍മ്മാണത്തില്‍ ഇത് ഉപയോഗപ്പെടുത്തുവാന്‍ കഴിയുമെന്നാണ് ഗവേഷക ലോകം പ്രതീക്ഷിക്കുന്നത്. ഈ ഫൈബര്‍ ഒറ്റയ്ക്കോ മറ്റ് ഫൈബറുകളുമായോ ചേര്‍ത്തോ വസ്ത്ര നിര്‍മ്മാണത്തിനുപയോഗിക്കുവാന്‍ കഴിയും. വാഹനങ്ങളുടെ ഇന്‍റീരിയര്‍, ഹോസ്പിറ്റലില്‍ ഉപയോഗിക്കുന്ന വിവിധ ഡ്രസ്സ് മെറ്റീരിയലുകള്‍ തുടങ്ങി ഒട്ടുമിക്ക ആവശ്യങ്ങള്‍ക്കും ഇത് ഉപയോഗിക്കുവാന്‍ കഴിയും.
b. മെറ്റല്‍ ഫൈബേഴ്സ്
1 മുതല്‍ 80 മൈക്രോണ്‍ വരെ കനമുള്ള മെറ്റല്‍സ് ഇപ്പോള്‍ ഫാബ്രിക് ആയി ഉപയോഗിക്കുവാന്‍ കഴിയും. ഇ സി ജി പോലുള്ള ഫിസിയോളജിക്കല്‍ ആവശ്യങ്ങള്‍ക്ക് ഇലക്ട്രോഡ് ആയി ഇതിനെ ഉപയോഗിക്കുവാന്‍ കഴിയും. എന്നാല്‍ സ്പിന്നിങ്ങിലും മറ്റും ചില പ്രശ്നങ്ങള്‍ ഇത് സൃഷ്ടിക്കുന്നതിനാല്‍ പൂര്‍ണ്ണമായും ഈ സാധ്യത പ്രയോജനപ്പെടുത്തുവാന്‍ കഴിഞ്ഞിട്ടില്ല ഇത് വരേയും. മാത്രവുമല്ല കാര്‍ബണ്‍, കോപ്പര്‍, ഗോള്‍ഡ്, നിക്കല്‍ പോലുള്ളവ പ്രിന്‍റിങ്ങിലുപയോഗിക്കുന്നതിലൂടെ വസ്ത്രങ്ങള്‍ക്ക് ചാലകശക്തി കൊടുക്കുവാന്‍ കഴിയും. ഇങ്ങനെ പ്രിന്‍റ് ചെയ്ത ഭാഗങ്ങള്‍ക്ക് ഇലക്ട്രിക്ക് സര്‍ക്യൂട്ടുകളുടെ സ്വിച്ച് ആയി പ്രവര്‍ത്തിക്കുവാന്‍ കഴിയും. ഇത് മെഡിക്കല്‍ രംഗത്ത് വന്‍ മാറ്റങ്ങള്‍ക്ക് കാരണമാകും.
c. ഒപ്റ്റിക്കല്‍ ഫൈബറുകള്‍
ഒപ്റ്റിക്കല്‍ ഫൈബറുകള്‍ ഇന്‍റഗ്രേറ്റ് ചെയ്ത വസ്ത്രങ്ങളായിരിക്കും നാളത്തെ ഒരു ട്രെന്‍ഡ്. സെന്‍സറുകളായി ഉപയോഗിക്കുവാന്‍ കഴിയുന്ന ഇത് ഫാഷന്‍ ഇന്‍ഡസ്ട്രിയിലാണ് കൂടുതലായും ഉപയോഗിക്കപ്പെടുന്നത്. ഇത് ഇപ്പോഴെ വിപണിയിലെത്തിക്കഴിഞ്ഞു.
d. നാനോ പാര്‍ട്ടിക്കുളുകള്‍ ചേര്‍ത്ത വസ്ത്രങ്ങള്‍
നാനോപാര്‍ട്ടിക്കിളുകള്‍ സാധാരണ ഫാബ്രിക്കുകളില്‍ കോട്ട് ചെയ്താല്‍ അവയുടെ കാലദൈര്‍ഖ്യം കൂട്ടുവാനായിട്ട് കഴിയും. ബാക്ടീരിയകളെ നശിപ്പിക്കുവാന്‍ സില്‍വര്‍, നനഞ്ഞ് കുതിര്‍ന്ന് പോകാതിരിക്കുവാന്‍ സിലിക്ക, സൂര്യപ്രകാശത്തിന്‍റെ തീവ്രതയില്‍ നിന്നും രക്ഷിക്കുവാന്‍ ടൈറ്റാനിയം ഡയോക്സൈഡും സിങ്ക് ഓക്സൈഡും തുടങ്ങി വ്യത്യസ്തങ്ങളായ നാനോ പാര്‍ട്ടിക്കിളുകള്‍ വ്യത്യസ്തമായ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുവാന്‍ കഴിയും. അമേരിക്കയിലെ നാനോടെക്സ് എന്ന കമ്പനി ഈ രംഗത്തുണ്ട്.

e. കാപ്പിയില്‍ നിന്നും വസ്ത്രങ്ങള്‍

കാപ്പി കുടിച്ചതിന് ശേഷമുള്ള വേസ്റ്റ് നാമെല്ലാം കളയുകയോ ലാന്‍ഡ് ഫില്ലു ചെയ്യുകയോ ചെയ്യും. എന്നാലിതുപയോഗിച്ച് ഫാബ്രിക്കുകളുണ്ടാമെന്ന കണ്ടെത്തലുമായി വന്നിരിക്കുകയാണ് തായ്വാനിലെ Singtex എന്ന കമ്പനി. ഇതില്‍ നിന്നും വേര്‍തിരിക്കുന്ന ഓയിലാണ് ഇവിടെ ഉപയോഗികിക്കുന്നത്. ഇത് പരിസ്ഥിതി സൌഹാര്‍ദ്ദമാണെന്നതാണ് വസ്തുത. S.Cafe എന്നാണ് ഈ പുതിയ ഫൈബറിന്‍റെ പേര്.

f. പുനരുപയോഗിക്കപ്പെടുന്ന കോട്ടണ്‍

ഉപയോഗിച്ച കോട്ടണ്‍ തുണികളില്‍ നിന്നും ഗുണമേന്‍മയുള്ള നാരുകളുമായി എത്തിയിരിക്കുകയാണ് അമേരിക്കയിലെ ഒരു കമ്പനി.  Evrnu  എന്നാണ് ഈ പുതിയ സാങ്കേതിക വിദ്യയുടെ പേര്.

B. ഡൈയില്‍ വരുന്ന മാറ്റങ്ങള്‍
a. ക്രോമിക് മെറ്റീരയലുകളുടെ ഉപയോഗം
ഇന്‍റലിജെന്‍റ് ആയ വസ്ത്രങ്ങളാണ് നാളത്തെ മറ്റൊരു ട്രെന്‍ഡ്. പുറമേയുള്ള സാഹചര്യങ്ങള്‍ക്കനുസരിച്ച് നിറം മാറുവാന്‍ കവിവുള്ളതാണ് ക്രോമിക് മെറ്റീരിയല്‍ എന്ന് പറയുന്നത്. പുറമേയുള്ള വെളിച്ചത്തിനനുസരിച്ച് മാറുന്ന ഫോട്ടോക്രോമിക് ഡൈ, ചൂടിനോട് പ്രതികരിക്കുന്ന തെര്‍മോക്രോമിക് ഡൈ, pH മാറുന്നതനുസരിച്ച് കളര്‍ മാറുന്ന അയണോക്രോമിക് ഡൈ, കറന്‍റ് കൊടുക്കുന്നതിനനുസരിച്ച് മാറുന്ന ഇലക്ട്രോ ക്രോമിക ഡൈ തുടങ്ങി വ്യത്യസ്തമായ ഡൈകളായിരിക്കും നാളെ ഉണ്ടാവുക.  ഫാഷന്‍ ഇന്‍ഡസ്ട്രിയില്‍ മാറ്റങ്ങളുണ്ടാക്കുവാന്‍ ഇതിന് കഴിയും.

C. വായു ഉപയോഗിച്ചുള്ള ഡൈയിങ്ങ്

സാധാരണയായി ഡൈയിങ്ങ് നടത്തുന്നത് വെള്ളം ഉപയോഗിച്ചിട്ടാണ്. അരക്കിലോ ഫാബ്രിക്ക് ഡൈ ചെയ്യുവാന്‍ ഏകദേശം 4 ലിറ്റര്‍ വെള്ളം വേണ്ടി വരുമെന്നാണ് കണക്ക്.   എന്നാല്‍ അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ നിന്നും കേള്‍ക്കുന്ന വാര്‍ത്ത ഡൈയിങ്ങിന് വായു ഉപയോഗിക്കാമെന്നാണ്. ചൂട് ഉപയോഗിച്ച് വളരെ എളുപ്പത്തില്‍ ഇത് ചെയ്യാമെന്നതിനാല്‍ കുറഞ്ഞ ഊര്‍ജ്ജത്തില്‍ വെള്ളം ഉപയോഗിക്കാതെ തന്നെ ഇത് ചെയ്യുവാന്‍ സാധിക്കും.
D. സ്മാര്ട്ട് ടെക്സ്റ്റയില്സ്
എന്തും ഏതും സ്മാര്‍ട്ടാകുന്ന കാലഘട്ടത്തില്‍ വസ്ത്രങ്ങള്‍ക്ക് മാറി നില്‍ക്കുവാന്‍ കഴിയുകയില്ലല്ലോ. ചുറ്റുപാടുമായിട്ട് സംവേദിക്കുവാന്‍ കഴിവുള്ള വസ്ത്രങ്ങളാണ് സ്മാര്‍ട്ട് ടെക്സ്റ്റയില്‍സ് എന്ന് ചുരുക്കത്തില്‍ പറയാം. സെന്‍സറുകളും ആക്ചേറ്ററുകളുമാണ് സ്മാര്‍ട്ട് വസ്ത്രങ്ങളുടെ അടിസ്ഥാന ഘടകങ്ങള്‍. ഒപ്റ്റിക്കല് ഫൈബറുകളും മെറ്റലുകളും ചാലക ശക്തിയുള്ള പോളിമറുകളുമാണ് ഇതിന് വസ്ത്രങ്ങളെ സാധ്യമാക്കുന്നത്. മനുഷ്യ ജീവിതത്തിന്‍റെ പല മേഖലകളിലും പ്രയോജനപ്പെടുവാന്‍ പോകുന്നയൊന്നാണ് സ്മാര്‍ട്ട് ടെക്സ്റ്റയില്‍സ്. ഇന്‍റര്‍നെറ്റ് ഓഫ് തിങ്ങ്സ് എന്നാണ് ഇപ്പോഴത്തെ കാഴ്ചപ്പാട്. അതായത് ഇന്‍റര്‍നെറ്റുമായി സംവേദിക്കുവാന്‍ നാം ഉപയോഗിക്കുന്ന ഏതൊരു വസ്തുവിനും കഴിയുമെന്നര്‍ത്ഥം. അതിലൊന്നാണിപ്പോള്‍ വെയറബിള്‍ ഇലക്ട്രോണിക്സിന്‍റെ ഗണത്തില്‍ പെടുന്ന സ്മാര്‍ട്ട് ടെക്സ്റ്റയില്‍സില്‍ കൂടി സാധ്യമാകുന്നതും.
1.    സ്മാര്‍ട്ട് ടെക്സ്റ്റയില്‍സും ആരോഗ്യ മേഖലയും

സ്മാര്‍ട്ട് ടെക്സ്റ്റയില്‍സ് മാറ്റം വരുത്തുന്നയൊരു മേഖലയാണ് ആരോഗ്യ രംഗത്തിന്‍റേത്. രോഗിയുടെ ആരോഗ്യ സ്ഥിതി മനസ്സിലാക്കുന്നതിന് ഈ സാങ്കേതിക വിദ്യ സഹായകമാവും. സെന്‍സറുകള്‍ ഘടിപ്പിച്ച തലയിണകളും ബെഡ് ഷീറ്റുകളുമാവും നാളത്തെ ആശുപത്രികളില്‍ ഉപയോഗിക്കുന്നത്. രോഗിയുടെ ഉറക്കത്തില്‍ പോലുമുള്ള ശാരിരിക മാറ്റങ്ങള്‍ തല്‍സമയം റെക്കോര്‍ഡ് ചെയ്യുവാന്‍ ഇവയ്ക്കാവും.


ഹൃദയ പരിശോധനകള്‍ പോലുള്ള സങ്കീര്‍ണ്ണ കാര്യങ്ങള്‍ക്ക് നിരവധി വയറുകളുടേയും മറ്റും സഹായമാവശ്യമാകുന്നത് നാം കണ്ടിട്ടുണ്ട്. ഇനിയിപ്പോള്‍ വയറുകളുടെ സഹായമില്ലാതെ സ്മാര്‍ട്ട് ഗൌണുകളുപയോഗിച്ച് ഇത്തരം പരിശോധനകള്‍ ചെയ്യുവാന്‍ കഴിയുമോയെന്നാണ് ഇപ്പോള്‍ ശാസ്ത്ര ലോകം ആലോചിക്കുന്നത്. ധരിച്ചിരിക്കുന്ന ഗൌണുകളില്‍ നിന്നും നേരിട്ട് വയര്‍ലെസ്സ് ആയി പള്‍സ്സ് റേറ്റും, രക്തസമ്മര്‍ദ്ദവും, ഹൃദയമിടിപ്പും മറ്റും നേരിട്ടറിയുന്നയൊരു സംവിധാനം സാധ്യമാകുമെന്ന് തന്നെയാണ് ശാസ്ത്രജ്ഞര്‍ പ്രതീക്ഷിക്കുന്നത്.

സ്പോര്‍ട്സ്സ് താരങ്ങള്‍ക്ക് പരിക്ക് പറ്റുകയെന്നതൊരു സാധാരണ കാര്യമാണ്. സെന്‍സറുകള്‍ ഘടിപ്പിച്ചയൊരു ക്യാപ്പ് അവര്‍ അണിയുന്നുവെങ്കില്‍ എന്തെങ്കിലും പരിക്ക് പറ്റുമ്പോള്‍ത്തന്നെ തലയുടെ തല്‍സ്ഥിതി മനസ്സിലാക്കുവാന്‍ കഴിയുമെന്നതിനാല്‍ പിന്നീടുള്ള ചികില്‍സക്ക് അത് ഏറെ സഹായകമാവും. അതിനാല്‍ത്തന്നെ ഈ ദിശയിലുള്ള ഗവേഷണങ്ങളിലാണ് ഗവേഷണ ലോകം.

നിലവിലുപയോഗിക്കുന്ന നുണപരിശോധനാ യന്ത്രങ്ങള്‍ക്ക് പകരമായി സെന്‍സറുകള്‍ ഘടിപ്പിച്ച സ്മാര്‍ട്ട് ഡ്രസ്സുകള്‍ ഉപയോഗിക്കുവാന്‍ കഴിയും. വയറുകള്‍ ഉപയോഗിച്ച് ഘടിപ്പിക്കുന്ന യന്ത്രത്തിന് പകരം ശരീരത്തില്‍ ധരിക്കുന്ന വസ്ത്രങ്ങള്‍ തന്നെ ആ ജോലി നിര്‍വ്വഹിക്കുമ്പോള്‍ തെറ്റു വരുവാനുള്ള സാധ്യത കുറയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ആരോഗ്യ രംഗത്ത് സ്മാര്‍ട്ട് ടെക്സ്റ്റയില്‍സ് വ്യാപകമാകുമ്പോള്‍ അതിന്‍റേയും അതിലുപയോഗിക്കുന്ന സെന്‍സറുകളുടേയും മറ്റും നിര്‍മ്മാണവും സര്‍വീസിങ്ങും ഒരു തൊഴിലവസരമായി ഉയര്‍ന്ന് വരാം.  

2.        പ്രതിരോധരംഗവും സ്മാര്‍ട്ട് ടെക്സ്റ്റയില്‍സും

ഒപ്റ്റിക്കല്‍ ഫൈബറുകളുപയോഗിക്കുന്ന വസ്ത്രങ്ങളായിരിക്കും നാളത്തെ ഡിഫന്‍സിലെ ട്രെന്‍ഡ്. പ്രതികൂല കാലാവസ്ഥകളില്‍ ജോലി ചെയ്യുന്ന സൈനീകര്‍ക്ക് അവരുടെ തല്‍സമയ ആരോഗ്യ സ്ഥിതികള്‍ വിദൂരത്ത് നിന്നറിയുവാനും വേണ്ട സഹായമെത്തിക്കുവാനും കഴിയുന്ന തരത്തിലായിരിക്കും സ്മാര്‍ട്ട് ടെക്സ്റ്റയില്‍സ് വരുത്തുന്ന മാറ്റം. ജോര്‍ജിയ ടെക്നോളജിയെലെ പ്രൊഫസര്‍. ഡോ. സുന്ദരേശന്‍ ജയരാമനും സംഘവും ഒരു സ്മാര്‍ട്ട് ഷര്‍ട്ടുമായി രംഗത്ത് വന്നിരിക്കുന്നു. ശരീരത്തിലെ താപ നിലയും രക്തസമ്മര്‍ദ്ദവും മറ്റും അളക്കുവാന്‍ കഴിവുള്ള ഇത് ശരീരത്തിലെ വെടിയുണ്ടയുടെ കൃത്യമായ സ്ഥാനം മനസ്സിലാക്കുവാനാണ് കൂടുതലായും ഉപയോഗിക്കുന്നത്. സെന്‍സാ ടെക്സ് എന്ന കമ്പനിയാണ് ഇത് വിപണിയിലിറക്കിയിരിക്കുന്നത്.

3.        കായിക രംഗവും സ്മാര്‍ട്ട് വസ്ത്രങ്ങളും.

സ്മാര്‍ട്ട് ടെക്സ്റ്റയില്‍സിന് മാറ്റങ്ങളുണ്ടാക്കുവാന്‍ കഴിയുന്നയൊരു മേഖലയാണ് കായിക രംഗത്തിന്‍റേത്. വിവിധങ്ങളായ സെന്‍സറുകള്‍ഘടിപ്പിച്ച വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നതിലൂടെ കളിക്കാരുടെ ശരീരത്തിലെ മാറ്റങ്ങല്‍ തല്‍സമയം അളക്കുവാന്‍ കഴിയും. ഹൃദയമിടിപ്പും, ടെംപറേച്ചറും, പ്രഷറും മറ്റെല്ലാം തന്നെ. ഇത് പരിക്ക് പറ്റുമ്പോള്‍ അടിയന്തിരമായി വൈദ്യസഹായമെത്തിക്കുവാന്‍ ഏറെ സഹായകമാകും. ചില ഫുട്ബോള്‍ താരങ്ങളെങ്കിലും പരിക്ക് പറ്റി കളിക്കളത്തില്‍ത്തന്നെ മരിച്ച് വീണിട്ടുള്ള സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ടുവെന്ന് ഓര്‍ക്കുമ്പോഴാണ് നാമിന്‍റെ പ്രാധാന്യം മനസ്സിലാക്കുക.

E.     പ്രോസസില്‍ വരുന്ന മാറ്റങ്ങള്‍

വസ്ത്ര നിര്‍മ്മാണത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ഒന്നാണ് മലിനജലത്തിന്‍റെ പ്രോസസിങ്ങ് എന്നത്. കാരണം വളരെ ഹാനികരമായ രാസവസ്തുക്കളങ്ങിയതാണിവിടുത്തെ മലിനജലം. ഇതിന് ഒരു ബയോ ട്രീറ്റ്മെന്‍റ് ഇപ്പോള്‍ കണ്ട് പിടിക്കപ്പെട്ടിട്ടുണ്ട്. സീക്വന്‍സിങ്ങ് ബാച്ച് ബയോ ഫില്‍റ്റര്‍ ഗ്രാനുലര്‍ റിയാക്ടര്‍ (SBBGR) എന്നാണ് പേര്. ബയോടെക്നോളജിയുടെ ടെക്സ്റ്റയില്‍ മേഖലയിലെ ആപ്ലിക്കേഷനിലൊന്നാണിത്. എയറോബിക് ബയോമാസ് ഗ്രാന്യൂള്‍സ് ആണ് ഇവിടെ ഉപയോഗിക്കുന്നത്. ഇതില്‍ എല്ലാ പ്രോസസും നടക്കുന്നത് ഒരൊറ്റ ടാങ്കിലാണെന്നതാണ് പ്രത്യേകത. മാത്രവുമല്ല സാധാരണ പ്രോസസുമായി നോക്കുമ്പോള്‍ സ്ലഡ്ജ് വളരെ കുറവാണെന്നതും എടുത്ത് പറയേണ്ട പ്രത്യകത.
F.      തയ്യലിലെ മാറ്റങ്ങള്‍
കമ്പ്യൂട്ടറിന്‍റെ സഹായം തയ്യലില്‍ ഇപ്പോള്‍ത്തന്നെ വന്നിട്ടുണ്ട്. എന്നാല്‍ ഇന്ത്യന്‍ ഡിസൈനറായ സിദ്ധാര്‍ഥ ഉപദാവ ആവിഷ്കരിച്ച പുതിയ സംവിധാനമാണ് ഡയറക്ട് പാനല്‍ ഓണ്‍ ലൂം ടെക്നോളജി (DPOL) അഥവാ സ്മാര്‍ട്ട് ടെയ് ലറിങ്ങ്. 15 ശതമാനം കാര്യക്ഷമത (Efficiency) കൂടുന്ന ഇത് 50 ശതമാനം സമയലാഭം വാഗ്ദാനം ചെയ്യുന്നു. ഗാര്‍മെന്‍റിനെ സംബന്ധിച്ച് എല്ലാ കാര്യങ്ങളും കമ്പ്യൂട്ടറിന് നല്‍കിയാല്‍ വേസ്റ്റ് തീരെയില്ലാതെ കട്ടിങ്ങും മറ്റും ലൂം നടത്തുന്നതാണിത്.
G.    തുണികളിലെ ഡിജിറ്റല്‍ പ്രിന്‍റിങ്ങ്
ഇപ്പോഴത്തെ പുതിയ ഡിജിറ്റല്‍ പ്രിന്‍റിങ്ങ് പരിസ്ഥിതി സൌഹാര്‍ദ്ദവും വെള്ളം വളരെ കുറവ് ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയുമാണ്. ജപ്പാന്‍ കമ്പനിയായ കോണിക്ക മിനോള്‍ട്ട (Konica Minolta)  ഇത്തരം ഒരു അള്‍ട്ടാ ഹൈസ്പീഡ് ഹൈറെസല്യൂഷന്‍ പ്രിന്‍ററുമായി രംഗത്ത് വന്നിരിക്കുന്നു. NASSENGER SP-1 എന്നാണ് പേര്. പ്രിന്‍ററിന്‍റെ നോസിലില്‍ വരെ കണ്‍ട്രോള്‍ ഉള്ളതിനാല്‍  വളരെ കുറച്ച് ഇങ്ക് ആവശ്യമായ സ്ഥലത്ത് മാത്രം ഉപയോഗിക്കുവാന്‍ കഴിയുന്നു. ചൈനയിലെ അല്ക്സോ എന്ന കമ്പനിയും ഇത്തരം ഒരു സിംഗിള്‍ പാസ് പ്രിന്‍ററുമായി രംഗത്ത് വന്നിട്ടുണ്ട്. 2015 ല്‍ ഇറ്റലിയില്‍ നടന്ന ഇന്‍റര്‍ നാഷണല്‍ ടെക്സ്റ്റൈല്‍ മാര്‍ക്കറ്റ് അസോസിയേഷനില്‍ (ITMA) ഇത് അവതരിപ്പിക്കപ്പെട്ടിരുന്നു.
H.   മെഷ്യനറിയിലെ മാറ്റങ്ങള്‍

വസ്ത്ര നിര്‍മ്മാണത്തിലെപ്പോഴും പുത്തന്‍ യന്ത്രങ്ങള്‍ കണ്ട് പിടിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. തയ്വാനിലെ കമ്പനിയായ Acme Machinery Industry വെള്ളത്തിന്‍റെ അളവ് വളരെ കുറവ് മേണ്ടുന്നതായ AM-ICD Intelligent Conveyer Drive High Pressure Constant Speed Dyeing Machine എന്ന ഒരു പുതിയ മെഷീനുമായി രംഗത്ത് വന്നിരിക്കുന്നു. വെള്ളം മാത്രമല്ല താരതമേന്യ വളരെ കുറച്ച് കെമിക്കലും ഇതിന് മതിയാകും, ഏകദാശം 65 ശതമാനം കെമിക്കല്‍ മതിയാകുമിതിന്.   


ഇവിടെ പ്രതിപാദിക്കപ്പെട്ടതും അല്ലാത്തതുമായ നിരവധി മാറ്റങ്ങളോടെയാണ് നാളത്തെ വസ്ത്ര മേഖല രംഗത്തെത്തുന്നത്. കാരണം കണ്‍സ്ട്രക്ഷന്‍ മേഖലയിലും ആരോഗ്യമേഖലയിലും വ്യാവസായിക രംഗത്തും കാര്‍ഷിക രംഗത്തും പ്രത്യകതയുള്ള ടെക്ക്നിക്കല്‍ മെറ്റീരിയലുകളാണാവശ്യം.  അതിനാല്‍ത്തന്നെ ഈ രംഗത്തെ ഗവേഷണത്തിനായി നാമും ഏറെ ഊര്‍ജ്ജം മാറ്റി വെക്കേണ്ടിയിരിക്കുന്നു.   

Wednesday, 10 August 2016

ആരോഗ്യ വകുപ്പിന്റെര അനുമതി ആവശ്യമുള്ള വ്യവസായങ്ങള്‍

A.       ബാറ്ററികളുടെ നിര്‍മ്മാണം

B.       സൈക്കിളുകളുടെ ഭാഗങ്ങള്‍

C.       ഇലക്ട്രിക് വിളക്കുകള്‍ - ട്യൂബ് ലൈറ്റുകള്‍, മെര്‍ക്കുറി വിളക്കുകള്‍, റിഫ്ലക്ടറുകള്‍, ഷേഡുകള്‍ മുതലായ ലോഹ നിര്‍മ്മിത ഭാഗങ്ങള്‍

D.       ഹാന്‍ഡ് ടൂളുകള്‍, മെഷീന്‍ ടൂളുകള്‍, ഇന്‍ഡസ്ട്രിയല്‍-സയന്‍റിഫിക് ഉപകരണങ്ങള്‍ (ഇവയുടെ നിര്‍മ്മാണത്തില്‍ കട്ടിങ്ങ് ഓയില്‍, ഇലക്ട്രോ പ്ലെയിറ്റിങ്ങ്, ക്രോമിയം പ്ലെയിറ്റിങ്ങ ഇവയുടെ ഉപയോഗമുള്ളത് കൊണ്ട്)

E.        പിക്ലിങ്ങ് പ്രയോഗം നിലവിലുള്ള ഇരുമ്പുരുക്ക് വ്യവസായങ്ങള്‍ (ഇതിന് ആസിഡ് ഉപയോഗിക്കുന്നു)

F.        ഇലക്ട്രിക്, ഇലക്ട്രോണിക് പാര്‍ട്ടുകള്‍-പ്രിന്‍റഡ് സര്‍ക്യൂട്ടുകള്‍, വാല്‍വുകള്‍ (ആസിഡുകള്‍, ഇലക്ട്രോ പ്ലേറ്റിങ്ങ് എന്നിവ ഉപയോഗിക്കുന്നു)

G.       ടെലഫോണ്‍, ടെലിപ്രിന്‍റര്‍ എന്നിവയുടെ നിര്‍മ്മാണം (ഇവിടെ ഇലക്ട്രോ പ്ലേറ്റിങ്ങ്, ഹീറ്റ് ട്രീറ്റ്മെന്‍റ്, ലെറ്റര്‍ ടൈപ്പുകളുടെ നിര്‍മ്മാണം ഇവ നടക്കുന്നു.)

H.       ടൈം പീസുകള്‍, വാച്ചുകള്‍ (പ്ലേറ്റിങ്ങ്, തിളങ്ങുന്ന ഡയലുകള്‍ മറ്റു പാര്‍ട്ടുകള്‍ എന്നിവയുടെ നിര്‍മ്മാണം ഉള്ളത് കൊണ്ട്)

         I.                        കെമിക്കലും ഫെര്‍ട്ടിലൈസറുകളും

        II.                        നിറം കൊടുക്കുന്ന രാസവസ്തുക്കള്‍ (Dry Stuff)

      III.                        ആഹാര പദാര്‍ഥങ്ങള്‍ (Food Products)

      IV.                        തുകല്‍ ഊറയ്ക്കിടല്‍
       V.                        ധാതു എണ്ണ (Mineral Oil), സംസ്കരണം/ശുദ്ധീകരണം (Reconditioning) – (Engine Oil, Cutting Oil, Transformer Oil)

         I.                        പെയിന്‍റുകളും വാര്‍ണീഷുകളും

        II.                        വിവിധ തരം പേപ്പര്‍ നിര്‍മ്മാണം

      III.                        മരുന്ന് നിര്‍മ്മാണം (Pharmaseuticals)

      IV.                        ഇന്‍റേണല്‍ കംബസ്റ്റിയന്‍ എന്‍ജിനുകള്‍, ഡീസല്‍ എന്‍ജിനുകള്‍, റേഡിയേറ്ററുകള്‍

       V.                        തുണിത്തരങ്ങളുടെ പ്രിന്‍റിങ്ങ് – ചായമിടല്‍, മെഴ്സിറൈസിങ്ങ്, ബ്ലീച്ചിങ്ങ് തുടങ്ങിയ മേല്‍ പറഞ്ഞ തരം വ്യവസായങ്ങളെല്ലാം, വെള്ളം, അമ്ലങ്ങള്‍, ക്ഷാരങ്ങള്‍, രാസ വസ്തുക്കള്‍, ഹീറ്റ് ട്രീറ്റ്മെന്‍റ് മുതലായവ ഉപയോഗിക്കുകയും അത് വഴി ഖര, ദ്രാവക, വാതക രൂപത്തിലുള്ള മാലിന്യങ്ങള്‍ പുറത്ത് വിട്ട് മലിനീകരണ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നവയാണ്. ആയതിനാല്‍ ഇങ്ങനെയുള്ള എല്ലാ വ്യവസായങ്ങളും ആരംഭിക്കുന്നതിന് ആരോഗ്യ വകുപ്പിന്‍റെ മുന്‍കൂര്‍ അനുമതി നേടിയിരിക്കണം.