Monday, 9 March 2015

ജില്ലാ വ്യവസായ കേന്ദ്രങ്ങളും സേവനങ്ങളും




സംരംഭകര്‍ക്കെന്നും കൈത്താങ്ങലായി നിലകൊള്ളുന്ന സ്ഥാപനമാണ് സംസ്ഥാന സര്‍ക്കാരിന്‍റെ വ്യവസായ വാണിജ്യ വകുപ്പ്. സംസ്ഥാനത്തിന്‍റെ വ്യാവസായിക വളര്‍ച്ചക്കുതകുന്ന തരത്തില്‍ നിരവധി സേവനങ്ങള്‍ വകുപ്പില്‍ നിന്നും ലഭിക്കുന്നുണ്ട്. ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍ വഴിയാണ് ഈ സേവനങ്ങള്‍ ലഭ്യമാവുക. പ്രധാന സേവനങ്ങള്‍ ഇവയാണ്.

1.       1.       വ്യവസായ സെമിനാറുകള്‍
2.       സ്കില്‍ ഡവലപ്മെന്‍റ് പ്രോഗ്രാമുകള‍്‍
3.       ടെക്നോളജി ക്ലിനിക്കുകള്‍
4.       എന്‍ട്രപ്രണര്‍ഷിപ്പ് ഡവലപ്മെന്‍റ് ക്ലബുകള്‍
5.       നിക്ഷേപക സംഗമം
6.       ക്ലസ്റ്റര്‍ ഡവലപ്മെന്‍റ് പ്രോഗ്രാം
7.       വാണിജ്യ വ്യാവസായിക പ്രദര്‍ശനങ്ങള്‍
8.       സാങ്കേതിക പ്രദര്‍ശനങ്ങള്‍
9.       പീഡിത വ്യവസായ പുനരുദ്ധാരണ പദ്ധതി
10.    ബാങ്ക് മുഖേനെയുള്ള വായ്പാ സൌകര്യം
11.    കോമണ്‍ ഫെസിലിറ്റി സെന്‍റര്‍
12.    ഗ്രാമീണ വ്യവസായ പ്രൊമോഷന്‍
13.    ഏക ജാലക സംവിധാനം
14.    എന്‍ട്രപ്രണേഴ്സ് സപ്പോര്‍ട്ട് സ്കീം (ഇ എസ് എസ്)
15.    പ്രൊജക്ട് റിപ്പോര്ട്ട് തയ്യാറാക്കി നല്‍കല്‍
16.   ടെക്നിക്കല്‍ ഫീസിബിലിറ്റി റിപ്പോര്‍ട്ട് തയ്യാറാക്കി നല്‍കല്‍

യന്ത്രോപകരണങ്ങള്‍ക്ക് വേണ്ടി വരുന്ന മൂലധനത്തിന്‍റെയടിസ്ഥാനത്തില്‍ സൂക്ഷ്മമ, ചെറുകിട, ഇടത്തരം, വന്‍കിട എന്നിങ്ങനെ സംരംഭങ്ങളെ തരം തിരിച്ചിട്ടുണ്ട്. 

ഓരോ യൂണിറ്റിന്‍റേയും സ്വഭാവം അനുസരിച്ച് വേണ്ടി വരുന്ന ലൈസന്‍സുകളും വായ്പ ലഭ്യമാകുന്ന സ്ഥാപനങ്ങളും നടപടിക്രമങ്ങള്‍ സംബന്ധിച്ച വിവരങ്ങളും ജില്ലാ വ്യവസായ കേന്ദ്രങ്ങളില്‍ നിന്നു നേടാം.

ജില്ലാ വ്യവസായ കേന്ദ്രങ്ങളുടെ ഫോണ്‍ നമ്പറുകള്‍

1.       തിരുവനന്തപുരം       -    0471 2326756
2.       കൊല്ലം                 -    0474 2748395
3.       പത്തനംതിട്ട           -    0468 2214639
4.       ആലപ്പുഴ                -    0477 2251272
5.       കോട്ടയം               -    0481 2570042
6.       ഇടുക്കി                  -    0486 2235507
7.       എറണാകുളം          -    0484 2421461
8.       തൃശൂര്‍                  -    0487 2360847
9.       പാലക്കാട്             -    0491 2505408
10.    മലപ്പുറം                -    0483 2734812
11.    കോഴിക്കോട്         -    0495 2766035
12.    വയനാട്              -    04936 202485
13.    കണ്ണൂര്‍                -    0497 2700928
14.    കാസര്‍കോട്        -    04994 255749

Thursday, 19 February 2015

പ്രോജക്ട് റിപ്പോര്ട്ടും ബാങ്ക് വായ്പയും




ഒരു സംരംഭം തുടങ്ങുവാന്‍ പണം എവിടെ നിന്നും ലഭിക്കുമെന്ന് ചിന്തിക്കുമ്പോഴാണ് വിവിധ ധനകാര്യ സ്ഥാപനങ്ങളിലേക്ക് അന്വേക്ഷണം നീളുന്നത്. കാരണം സ്വന്തം പണം കൊണ്ട് മാത്രം സ്ഥാപനം ആരംഭിക്കുകയെന്നത് എല്ലായ്പ്പോഴും പ്രായോഗികമല്ലല്ലോ. പലര്‍ക്കും ഏറ്റവും പ്രയാസമേറിയതാണ് ഈ ഘട്ടം. എന്നാല്‍ തുടങ്ങുവാന്‍ ആഗ്രഹിക്കുന്ന സംരംഭത്തെക്കുറിച്ച് വ്യക്തമായ അവബോധവും തികഞ്ഞ ആത്മ വിശ്വാസവും എല്ലാറ്റിലുമുപരി നല്ലയൊരു പ്രൊജക്ട് റിപ്പോര്‍ട്ടും കയ്യിലുള്ളവര്‍ക്ക് ഈ ഘട്ടം അനായസമായി തരണം ചെയ്യുവാന്‍ കഴിയും. അതായത് തുടക്കത്തിലേ തന്നെ അവസാനവും മുന്‍പില്‍ കാണുവാനുള്ള കഴിവുണ്ടാവണം 

ഒരു പ്രോജക്ട് റിപ്പോര്‍ട്ടില്‍ എന്തെല്ലാം ഉണ്ടാവണം?

വ്യക്തമായി തയ്യാറാക്കിയ ഒരു പ്രോജക്ട് ആണ് ഏതൊരു സംരംഭത്തിന്‍റേയും വിജയത്തിലേക്കുള്ള ആദ്യ ചവിട്ടു പടി. തന്‍റെ മുന്‍പിലുള്ള ലക്ഷ്യങ്ങള്‍ കൃത്യമായി വിശദീകരിക്കുന്നതായിരിക്കണം ഒരു നല്ല പ്രോജക്ട് റിപ്പോര്‍ട്ട്. പ്രൊജക്ടിന്‍റെ വിജയ സാധ്യതകള്‍ അവലോകനം ചെയ്യുന്ന ഒരാള്‍ ചോദിക്കാവുന്ന ചോദ്യങ്ങള്‍ക്ക് യുക്തി സഹമായ ഉത്തരങ്ങള്‍ ഈ റിപ്പോര്‍ട്ടിലുണ്ടാവണം. 



സംരംഭകന്‍റെ യോഗ്യതകള്‍, മുന്‍പരിചയം, സംരംഭം തിരഞ്ഞെടുക്കുവാനുള്ള കാരണങ്ങള്‍
 
·         പ്രൊജക്ടിന്‍റെ ലക്ഷ്യവും വ്യാപ്തിയും

·         ഉല്‍പ്പന്നത്തിന്‍റെ സ്വഭാവം, ഗുണങ്ങള്‍, ഉപയോഗം

·         വിപണി സാധ്യതകള്‍

·         അടിസ്ഥാന സൌകര്യങ്ങളുടെ ലഭ്യത

·         ഉല്‍പ്പാദനം, അവലംബിക്കുന്ന സാങ്കേതിക വിദ്യ

·         വിപണന മാര്‍ഗ്ഗങ്ങള്‍

·  സ്ഥിര നിക്ഷേപവും പ്രവര്‍ത്തന മൂലധനവുമടക്കം പ്രൊജക്ട് ആരംഭിക്കുന്നതിനാവശ്യമായ പദ്ധതി (Cost of Project)

·        ധന സമാഹരണം (Source of Finance)

·        ധനാഗമ മാര്‍ഗ്ഗങ്ങളെപ്പറ്റിയുള്ള വിശകലനം (Profitability/Cash flow statement)

·         വായപ തിരിച്ചടവിനുള്ള പദ്ധതി (Loan Repayment Statement)

ബാങ്ക് വായ്പ എങ്ങനെ നേടാം?

ഏതൊരു സംരംഭത്തില്‍ പണം മുടക്കുന്നയാളിന്‍റെ ലക്ഷ്യം ന്യായമായ പ്രതിഫലമാണ്. ഇതുറപ്പാക്കണമെങ്കില്‍ പദ്ധതി സാങ്കേതികമായും സാമ്പത്തികമായും ഭദ്രമായിരിക്കണം. മാത്രവുമല്ല വായ്പ അനുവദിക്കുന്ന സ്ഥാപനത്തിന് ഇത് ബോധ്യമാവുകയും വേണം. നല്‍കുന്ന വായ്പ ഗഡുക്കളായി തിരിച്ചടക്കുവാന്‍ സാധിക്കുമോയെന്ന് ധനകാര്യ സ്ഥാപനങ്ങള്‍ ഗഹനമായി പരിശോധിക്കുകയും ചെയ്യും. 

ധനകാര്യ സ്ഥാപനങ്ങളുടെ വിവിധ വായ്പാ പദ്ധതികളെപ്പറ്റിയും വിവിധ ഏജന്‍സികള്‍ നല്‍കുന്ന സബ്സിഡി, മാര്‍ജിന്‍ മണി വായ്പ തുടങ്ങിയ ആനുകൂല്യങ്ങളെപ്പറ്റിയും ഏകദേശ ധാരണ സംരംഭകന് മുന്‍കൂറായി ഉണ്ടാവണം. കൂടാതെ ഉല്‍പ്പാദനം, വിപണനം, നിക്ഷേപം തുടങ്ങിയവയെപ്പറ്റി ഏകദേശ ധാരണ ഉണ്ടായിരിക്കണം. ഇവ ഉള്‍ക്കൊണ്ട് പദ്ധതി തയ്യാറാക്കുകയാണെങ്കില്‍ അത് പണം വായ്പ നല്‍കുന്ന സ്ഥാപനത്തിനോ പദ്ധതിയില്‍ നിക്ഷേപം നടത്തുവാനുദ്ദേശിക്കുന്നവര്‍ക്കോ കാര്യങ്ങള്‍ വേഗം ഗ്രഹിക്കുവാന്‍ കഴിയും. ധനകാര്യ സ്ഥാപനങ്ങളില്‍ സാധാരണ അനുഭവപ്പെടാറുള്ള കാലതാമസവും നടപടിക്രമങ്ങളും കുറയ്ക്കുവാനും സാധിക്കും.

ജാമ്യ രഹിത വായ്പ

ചെറുകിട സംരംഭങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വരെ ജാമ്യ (Security) മില്ലാതെ വായ്പ നല്‍കുവാന്‍ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശമുണ്ട്. ക്രെഡിറ്റ് ഗാരന്‍റി ട്രസ്റ്റ് (CGTMSE) മുഖേന മൊത്തം വായ്പയുടെ 75 ശതമാനം പരമാവധി 37.5 ലക്ഷം വരെ നിബന്ധനകള്‍ക്ക് വിധേയമായി ഗാരന്‍റി നല്‍കുന്ന സംവിധാനം നിലവിലുണ്ട്.

നല്ല പ്രൊജക്ട് ആശയങ്ങള്‍ കൃത്യമായ പദ്ധതിയുടെ അടിസ്ഥാനത്തില്‍ നടപ്പിലാക്കുവാന്‍ മുന്നോട്ട് വരുന്ന സംരംഭകരെ സ്വാഗതം ചെയ്യുന്ന ഒരു ബാങ്കിങ്ങ് സംവിധാനം ഇപ്പോഴുണ്ട്. ആയതിനാല്‍ സംരംഭകര്‍ ഒരു പ്രൊഫഷണല്‍ സമീപനം അവലംബിച്ച് കൊണ്ട് അത് പ്രയോജനപ്പെടുത്തുകയാണ് വേണ്ടത്.

Tuesday, 17 February 2015

തൊഴില്‍ രഹിതര്ക്ക് പുത്തന്‍ പ്രതീക്ഷകളുമായി പ്രൈം മിനിസ്റ്റേഴ്സ് എംപ്ലോയ്മെന്‍റ് ജനറേഷന്‍ പ്രോഗ്രാം (പി എം ഇ ജി പി)






തൊഴിലും ഉല്‍പ്പാദനവും വര്‍ദ്ധിപ്പിക്കുവാന് ഉദ്ദേശിച്ചുള്ളതാണ് പ്രൈം മിനിസ്റ്റേഴ്സ് എംപ്ലോയ്മെന്‍റ് ജനറേഷന്‍ പ്രോഗ്രാം (പി എം ഇ ജി പി) എന്ന പ്രധാനമന്ത്രിയുടെ പുതിയ തൊഴില്‍ പദ്ധതി. പ്രവര്‍ത്തനം അവസാനിപ്പിച്ച പി. എം. ആര്‍. വൈ, ആര്‍. ഇ. ജി. പി എന്നീ പദ്ധതികള്‍ സംയോജിപ്പിച്ചാണ് പുതിയ പദ്ധതി ആവിഷ്ക്കരിച്ചിരിക്കുന്നത്. കേന്ദ്ര ലഘു-ചെറുകിട-ഇടത്തരം സംരംഭ വികസന (എം.എസ്.എം.ഇ) മന്ത്രാലയത്തിന് കീഴിലുള്ള ഖാദി ഗ്രാമ വ്യവസായ കമ്മീഷനാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല. 

പദ്ധതി ചെലവിന്‍റെ 90 മുതല്‍ 95 ശതമാനം വരെ വായപയായി അനുവദിക്കുകയും 15 മുതല്‍ 35 ശതമാനം വരെ സബ്സിഡി കിട്ടുകയും ചെയ്യുമ്പോള്‍ സന്നദ്ധരും യോഗ്യരുമായ ആര്‍ക്കും സംരംഭങ്ങളുമായി മുന്നോട്ട് വരാം.

അപേക്ഷകരുടെ യോഗ്യതാ മാനദണ്ഡങ്ങള്‍ എന്തൊക്കെ?


·         വ്യക്തിയാണെങ്കില്‍ 18 വയസ്സ് തികഞ്ഞിരിക്കണം


·         വരുമാന പരിധി ബാധകമല്ല

·    ഉല്‍പ്പാദന വ്യവസായങ്ങള്‍ക്ക് 25 ലക്ഷം രൂപ വരേയും ബിസിനസ്സ്-സേവന സംരംഭങ്ങള്‍ക്ക് 10 ലക്ഷം രൂപ വരേയും പദ്ധതി ചെലവ് വരുന്ന സംരംഭങ്ങള്‍ ഈ പദ്ധതിയില്‍ നടപ്പിലാക്കാനാവുന്നതാണ്.

·  10 ലക്ഷം രൂപക്ക് മുകളില്‍ വരുന്ന വ്യവസായ സംരംഭങ്ങള്‍ക്കും 5 ലക്ഷത്തിന് മുകളില്‍ വരുന്ന സേവന സംരംഭങ്ങള്‍ക്കും അപേക്ഷകര്‍ എട്ടാം ക്ലാസ്സ് പാസ്സായിരിക്കണം


·         പദ്ധതി പ്രകാരമുള്ള സഹായം പുതിയ സംരംഭങ്ങള്‍ക്ക് മാത്രം


·      വ്യക്തികള്‍ക്ക് പുറമേ സ്വയം സഹായ സംഘങ്ങള്‍, സഹകരണ സംഘങ്ങള്‍‍, ചാരിറ്റബിള്‍  സൊസൈറ്റികള്‍  എന്നിവയ്ക്കും അപേക്ഷിക്കാം


·   നിലവില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഏതെങ്കിലും സഹായങ്ങള്‍ ലഭിച്ചിട്ടുള്ള സ്ഥാപനങ്ങള്‍ അപേക്ഷിക്കുവാന്‍ പാടില്ല

വായ്പ നല്‍കുന്ന സ്ഥാപനങ്ങള്‍

·         പൊതുമേഖലാ ബാങ്കുകള്‍
·         റീജിയണല്‍ ഗ്രാമീണ ബാങ്കുകള്‍
·         സംസ്ഥാന തല കര്‍മ്മ സമിതി ശുപാര്‍ശ ചെയ്യുന്ന സഹകരണ ബാങ്കുകള്‍
·         കര്‍മ്മ സമിതി അംഗീകരിച്ച സ്വകാര്യ ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകള്‍
·         സ്മോള്‍ ഇന്‍ഡസ്ട്രിയല്‍ ഡവലപ്മെന്‍റ് ബാങ്ക് ഓഫ് ഇന്‍ഡ്യ (സിഡ്ബി)

പി എം ഇ ജി പി പദ്ധതി പ്രകാരം ഗുണ ഭോക്താക്കള്‍ക്കുള്ള സാമ്പത്തിക സഹായവുംസബ്സിഡിയും മേഖല തിരിച്ച്




പദ്ധതിയുടെ ഗുണഭോക്താക്കളുടെ വിഹിതം
സബ്സിഡി നിരക്ക് (പദ്ധതി ചെലവിന്‍റെ)
പട്ടണ പ്രദേശം
ഗ്രാമീണ മേഖല
പൊതു വിഭാഗം
15 ശതമാനം
25 ശതമാനം
പ്രത്യേക വിഭാഗം
25 ശതമാനം
35 ശതമാനം


ആരാണ് പ്രത്യേക വിഭാഗം?

പ്രത്യേക വിഭാഗം എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത് പട്ടിക ജാതിക്കാര്‍, പട്ടിക വര്‍ഗ്ഗക്കാര്‍, മറ്റു പിന്നോക്ക വിഭാഗക്കാര്‍, ന്യൂനപക്ഷ വിഭാഗക്കാര്‍, സ്ത്രീകള്‍, വിമുക്ത ഭടന്‍മാര്‍, വികലാംഗര്‍, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലുള്ളവര്‍, മലമുകളിലും അതിര്‍ത്തിയിലും താമസിക്കുന്നവര്‍ എന്നിവരെയാണ് പ്രത്യേക വിഭാഗം എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

മറ്റെന്തെങ്കിലും പ്രത്യേകതയുണ്ടോ?

വനിതാ സംരംഭത്തിന് ഊന്നല്‍ നല്‍കിയിരിക്കുന്ന പദ്ധതികളില്‍ 30 ശതമാനം ഉപഭോക്താക്കള്‍ സ്ത്രീകളായിരിക്കണമെന്ന് നിബന്ധനയുണ്ട്.  പട്ടിക ജാതിക്കാര്‍ക്ക് 15 ശതമാനവും, ന്യൂന പക്ഷക്കാര്‍ക്ക് 5 ശതമാനവും, പട്ടിക വര്‍ഗ്ഗത്തിന് 7.5 ശതമാനവും, വികലാംഗര്‍ക്ക് 3 ശതമാനവും സംവരണം ചെയ്തിരിക്കുന്നു. 

എവിടെ അപേക്ഷിക്കണം?


ഖാദി കമ്മീഷന്‍റെ സംസ്ഥാന ഓഫീസും, ഖാദി ഗ്രാമ വ്യവസായ ബോര്‍ഡും, ജില്ലാ വ്യവസായ കേന്ദ്രങ്ങളും വഴി സ്വീകരിക്കുന്ന അപേക്ഷകള്‍ അതാത് ജില്ലാ തലത്തില്‍ കളക്ടറുടെ അധ്യക്ഷതയില്‍ രൂപം കൊടുക്കുന്ന കര്‍മ്മ സമിതി വിശദമായി പരിശോധിച്ചാണ് അര്‍ഹരായവരെ തിരഞ്ഞെടുക്കുന്നത്. കര്‍മ്മ സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ വിവിധ ധനകാര്യ സ്ഥാപനങ്ങള്‍ വഴി ഘട്ടം ഘട്ടമായി വായ്പ അനുവദിക്കും. 

വായ്പ നല്‍കുന്ന ബാങ്കുകളുടെ നയപരമായ തീരുമാനമനുസരിച്ചുള്ള അവധി (Moratorium) കാലയളവിന് ശേഷം 3 മുതല്‍ 7 വര്‍ഷം കൊണ്ടാണ് വായ്പ തിരിച്ചടക്കേണ്ടത്. നടപ്പ് പലിശ നിരക്കായിരിക്കും ബാധകം. 

മറ്റെന്തെങ്കിലും പ്രയോജനമുണ്ടോ?

എല്ലാ വര്‍ഷവും ദേശീയ, മേഖല, സംസ്ഥാന, ജില്ലാ തല പി എം ഇ ജി പി എക്സിബിഷനുകള്‍ സംഘടിപ്പിക്കും. ഗ്രാമീണ പട്ടണ മേഖലയിലെ സംരംഭകര്‍ക്കായി പ്രത്യേക പവലിയനുകള്‍ അനുവദിക്കും. തെരഞ്ഞെടുത്ത പി എം ഇ ജി പി സംരംഭകര്‍ക്ക് തങ്ങളുടെ വിദേശ വിപണി വിപുലീകരിക്കുന്നതിനായി അന്താരാഷ്ട്ര വ്യാപാരോത്സവങ്ങളില്‍ പങ്കെടുക്കുന്നതിന് അവസരം ഒരുക്കും. 

സഹായം ലഭ്യമല്ലാത്ത ഏതെങ്കിലും വ്യവസായ സംരംഭങ്ങളുണ്ടോ?


പി എം ഇ ജി പിയുടെ പരിധിയില്‍ പെടാത്ത അഥവാ നെഗറ്റീവ് ലിസ്റ്റില്‍ ഉളപ്പെടുത്തിയിട്ടുള്ളവക്ക് ഈ പദ്ധതി പ്രകാരം വായപാ സൌകര്യം ലഭ്യമല്ല. പ്രധാനമായും

·         പാന്‍, പുകയില, സിഗരറ്റ് അടിസ്ഥാനമാക്കിയുള്ള സംരംഭങ്ങള്‍
·         മാംസം അടിസ്ഥാനമാക്കിയുള്ള സംരംഭങ്ങള്‍

·         പ്ലാസ്റ്റിക് റീ-പ്രോസസിംഗ്, 20 മൈക്രോണ്‍ താഴെയുള്ളവ അടിസ്ഥാനമാക്കിയുള്ള വ്യവസായങ്ങള്‍

·         കൃഷി അനുബന്ധ മേഖലകള്‍

·         ഓട്ടോ സര്‍വീസ് തുടങ്ങിയവ

PMEGP അപേക്ഷ നടപടി ക്രമങ്ങള്‍ എന്തൊക്കെ
1.       വേണ്ടതായ യന്ത്ര സാമഗ്രികളുടെ  കൊട്ടേഷന്‍  അനുബന്ധ സ്ഥാപനങ്ങളില്‍ നിന്നും വാങ്ങുക

2.       PMEGP പദ്ധതിക്കാവശ്യമായ പ്രൊജക്ട് റിപ്പോർട്ട് തയ്യാറാക്കുക

3.       https://www.kviconline.gov.in/  എന്ന സൈറ്റില്‍ കയറി PMEGP E - Portal എന്ന ലിങ്കില്‍ കയറി അപേക്ഷിക്കുക. ഒപ്പം അനുബന്ധ രേഖകളുടെ പകർപ്പ് അപ് ലോഡ് ചെയ്യണം.

4.       തുടർന്ന്  അപേക്ഷയുടെ പ്രിന്‍റ് ഔട്ട് ഫോട്ടോ, പ്രോജക്ട് റിപ്പോർട്ട്, പാന്‍ കാർഡ്, ആധാർ കാർഡ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകള്‍, ഗ്രാമ പ്രദേശത്ത് തുടങ്ങുന്ന സംരംഭത്തിന് ആയത് തെളിയിക്കുന്ന രേഖ, ജാതി തെളിയിക്കുന്ന രേഖ (ബാധകമായവർക്ക് മാത്രം) എന്നിവ സഹിതം താലൂക്ക് വ്യവസായ ഓഫീസുകളിലോ, അതത് ജില്ലാ വ്യവസായ കേന്ദ്രങ്ങളിലോ നല്‍കുക.

5.       തുടർന്ന് അപേക്ഷകന്‍ ജില്ലാ വ്യവസായ കേന്ദ്രങ്ങളില്‍ വച്ച് നടത്തപ്പെടുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കേണ്ടതുണ്ട്. 

6.       അവിടെ ലോണ്‍ അനുവദിക്കപ്പെട്ടാല്‍  അപേക്ഷകള്‍ അതാത് ബാങ്കുകളിലേക്ക് എത്തിക്കുന്നതായിരിക്കും.  സരംഭം തുടങ്ങുന്ന സ്ഥലത്തെ സർവീസ് ഏരിയ ബാങ്കിലേക്കായിരിക്കും അപേക്ഷ എത്തിക്കുക.

7.       ബാങ്കുകളില്‍ അപേക്ഷ തള്ളപ്പെടാതെ ലോണ്‍ അനുവദിച്ചാല്‍ തുടർന്ന് 10 ദിവസത്തെ  EDP ട്രെയിനിങ്ങില്‍ പങ്കെടുക്കേണ്ടതുണ്ട്.   EDP ട്രെയിനിങ്ങ് നല്‍കുന്ന അംഗീകൃത പരിശീലന സ്ഥാപനങ്ങളുടെ പേര് വിവരം http://www.kvic.org.in/update/pmegp/PMEGP_EDP%20trg.pdf  എന്ന ലിങ്കില്‍ ലഭ്യമാണ്.  ഇത് കൂടതെ എല്ലാ ജില്ലാ വ്യവസായ കേന്ദ്രങ്ങളും പരിശീലനം നല്‍കാറുണ്ട്.  EDP ട്രെയിനിങ്ങ് സർട്ടിഫിക്കറ്റ് ബാങ്കില്‍ സമർപ്പിച്ച് സംരംഭകന്‍റെ വിഹിതം ബാങ്കില്‍ അടച്ച് കഴിഞ്ഞാല്‍ ലോണ്‍ അനുവദിക്കുന്നതാണ്.  അതിന് ശേഷം നിശ്ചിത സബ്സിഡി ബാങ്കില്‍ എത്തുന്നതാണ്. സബ്സിഡി തുക വന്ന് കഴിഞ്ഞാല്‍ അത് കഴിഞ്ഞിട്ടുള്ള തുകയും പലിശയും മാത്രം അടച്ചാല്‍ മതിയാകും.

8.       സബ്സിഡി ലഭ്യമായ സ്ഥാപനങ്ങള്‍ കുറഞ്ഞത് 3 വർഷമെങ്കിലും പ്രവർത്തിക്കേണ്ടതാണ്. അല്ലാത്ത പക്ഷം സബ്സിഡി തിരിച്ച് പിടിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ ജില്ലാ വ്യവസായ കേന്ദ്രങ്ങളില്‍, താലൂക്ക് വ്യവസായ ഓഫീസുകള്‍, വ്യവസായ വികസന ഓഫീസർമാർ,  മറ്റു നടപ്പാക്കല്‍ ഏജന്‍സികളിലും, കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ വെബ് സൈറ്റുകളിലും ലഭ്യമാണ്