Monday, 2 February 2015

സംരംഭകർക്ക് ഒരു കൈത്താങ്ങലായി വ്യവസായ വകുപ്പ് – എൻട്രപ്രണർഷിപ്പ് സപ്പോർട്ട് സ്കീം (ഇ എസ് എസ്)



ഉൽപ്പാദന മേഖലയിലുള്ള മൈക്രോ, സ്മോൾ സംരംഭങ്ങൾക്ക് കൈത്താങ്ങാകുന്നതിനു വേണ്ടി വിവിധ ഘട്ടങ്ങളിൽ സാമ്പത്തിക സഹായം അനുവദിക്കുവാൻ വ്യവസായ വകുപ്പ് ആവിഷ്കരിച്ചതാണു സംരംഭകത്വ സഹായ പദ്ധതി (ഇ എസ് എസ്).

പദ്ധതി ആർക്ക് വേണ്ടി?

2012 ഏപ്രിൽ ഒന്ന് മുതൽ പ്രവർത്തനം ആരംഭിക്കുകയോ, വായ്പ അനുവദിക്കുകയോ, കൈപ്പറ്റുകയോ ചെയ്തിട്ടുള്ള വ്യവസായ സ്ഥാപനങ്ങൾക്ക് ഈ പദ്ധതി പ്രകാരം ധന സഹായം ലഭിക്കും. ഉൽപ്പാദന സംരംഭങ്ങൾക്ക് മാത്രമാണു ഈ പദ്ധതി പ്രയോജനം ചെയ്യുക.  ബാങ്ക് വായ്പ ഇല്ലാതെ സംരംഭങ്ങൾ ആരംഭിക്കുന്നവർക്കും ഇ എസ് എസ് പ്രകാരമുള്ള ആനുകൂല്യം ലഭിക്കും. 

സാമ്പത്തിക സഹായത്തിനു പരിധിയുണ്ടോ?

നെഗറ്റീവ് ലിസ്റ്റിൽ പരാമർശിക്കാത്ത എല്ലാത്തരം ഉൽപ്പാദന സംരഭങ്ങൾക്കും ഈ പദ്ധതി പ്രകാരമുള്ള സഹായത്തിനു അർഹതയുണ്ട്.  ഒരു സംരംഭം തുടങ്ങുന്നതിനു ആവശ്യമായ സ്ഥിര മൂലധന നിക്ഷേപം പരിഗണിച്ചാണു ആനുകൂല്യങ്ങൾ നൽകുക. ഭൂമി, ഭൂമി വികസനം, കെട്ടിടം, യന്ത്ര സാമഗ്രികൾ, ജനറേറ്ററുകൾ, വൈദ്യുതീകരണ ചെലവുകൾ തുടങ്ങി നിക്ഷേപത്തിൻറ്റെ തോത് അനുസരിച്ച് പരമാവധി 30 ലക്ഷം രൂപ വരെയാണു സബ്സഡി നൽകുക.

സംസ്ഥാനത്ത് ആരംഭിക്കുന്ന മൈക്രോ, സ്മോൾ സംരംഭങ്ങൾക്ക് അവയ്ക്ക് വേണ്ടി വരുന്ന സ്ഥിര നിക്ഷേപത്തിൻറ്റെ 15 ശതമാനം പരമാവധി 20 ലക്ഷം രൂപ എന്ന കണക്കിൽ സബ്സിഡി നൽകുന്നു. എന്നാൽ വനിതകൾ, പട്ടിക ജാതി/വർഗ്ഗ വിഭാഗക്കാർ, യുവാക്കൾ (45 വയസ്സിൽ താഴെ) എന്നിവർക്ക് 20 ശതമാനവും, പരമാവധി 30 ലക്ഷം രൂപയുമാണു സബ്സിഡിയുടെ കണക്ക്.  പദ്ധതി വിഹിതത്തിൻറ്റെ 30 ശതമാനം മൈക്രോ സംരംഭങ്ങൾക്കായി നീക്കി വയ്ക്കണമെന്ന് പ്രത്യേകം നിഷ്ക്കർഷിക്കുന്നുണ്ട്. 

അധിക സബ്സിഡി ലഭ്യമാണോ?

മുൻഗണനാ വിഭാഗത്തിൽ വരുന്ന യൂണിറ്റുകൾക്കും, ഇടുക്കി, കാസർഗോഡ്, പത്തനംതിട്ട, വയനാട് എന്നീ ജില്ലകളെ പിന്നോക്ക ജില്ലകളായി കണക്കാക്കിയിരിക്കുന്നതിനാൽ ഇവിടുങ്ങളിൽ ആരംഭിക്കുന്ന വ്യവസായങ്ങൾക്കും പുതിയ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിയിരിക്കുന്നവയ്ക്കും 10 ശതമാനം പരമാവധി 10 ലക്ഷം രൂപ എന്ന കണക്കിൽ അധിക സബ്സിഡിയും ലഭിക്കുന്നതാണു.  

മുൻഗണനാ വിഭാഗത്തിൽ വരുന്ന സംരംഭങ്ങൾ ഏവ

റബ്ബർ, കാർഷിക ഭക്ഷ്യ സംസ്കരണം, റെഡിമെയ്ഡ് വസ്ത്ര നിർമ്മാണം, പാരമ്പര്യേതര ഊർജ്ജ ഉൽപ്പന്നങ്ങൾ, ബയോടെക്നോളജി, 100 ശതമാനം കയറ്റുമതി സ്ഥാപനങ്ങൾ, മണ്ണിൽ നശിക്കുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ, ഉപയോഗശൂന്യമായ പ്ലാസ്റ്റിക്കുകളുടെ പുനരുപയോഗ സംരംഭങ്ങൾ, ജൈവ വളം എന്നീ മേഖലകളാണു മുൻഗണനാ വിഭാഗത്തിൽ വരിക. 

ആനുകൂല്യങ്ങൾ ഒരുമിച്ച് ലഭിക്കുമോ?

ഇ എസ് എസ് പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങൾ 3 ഘട്ടങ്ങളിലായിട്ടാണു ലഭ്യമാവുക.  സംരംഭം ആരംഭിക്കുന്നതിനു മുൻപ് തുടങ്ങാനുള്ള സഹായവും ആരംഭിച്ച് കഴിഞ്ഞാൽ നിക്ഷേപ സഹായവും മെച്ചപ്പെട്ട സാങ്കേതിക വിദ്യ സമ്പാദിച്ചാൽ സാങ്കേതിക സഹായവും നൽകുവാൻ ഇതിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്.  

ഇതിൽ തുടങ്ങുവാനുള്ള സഹായം ബാങ്ക് വായ്പ എടുക്കുന്നവർക്ക് മാത്രമേ ലഭ്യമാവുകയുള്ളു.  ബാങ്ക് വായ്പയ്ക്കുള്ള അപേക്ഷ വ്യക്തമായ പ്രോജക്ട് റിപ്പോർട്ട് സഹിതം ജില്ലാ വ്യവസായ കേന്ദ്രം വഴി ശുപാർശ ചെയ്ത് ധനകാര്യ സ്ഥാപനങ്ങൾക്ക് സമർപ്പിക്കേണ്ടതാണു.  നിക്ഷേപത്തിൻറ്റെ അർഹമായ സബ്സിഡിയുടെ 50 ശതമാനം, പരമാവധി 3 ലക്ഷം രൂപയാണു അനുവദിക്കുന്നത്. 

നിക്ഷേപ സഹായത്തിനുള്ള അപേക്ഷ ഉൽപ്പാദനം ആരംഭിച്ച് ഒരു വർഷത്തിനുള്ളിൽ സമർപ്പിക്കേണ്ടതാണു.  എന്നാൽ ന്യായമായ കാരണങ്ങൾ ഉണ്ടെങ്കിൽ 2 വർഷം വരെ ഇതിൽ ഇളവ് ലഭിക്കും.  വൈവിധ്യ വൽക്കരണം, വിപുലീകരണം, ആധുനിക വൽക്കരണം എന്നിവ നടപ്പാക്കിയ സ്ഥാപനങ്ങൾക്കും സഹായം ലഭിക്കും.  സ്ഥിര നിക്ഷേപത്തിന്മേൽ നടത്തിയ അധിക നിക്ഷേപത്തിനാണു ഇത് ലഭിക്കുക. 
ഇങ്ങനെയുള്ള ആനുകൂല്യങ്ങൾക്ക് യന്ത്ര സാമഗ്രികളുടെ നിക്ഷേപത്തിൽ 25 ശതമാനത്തിൻറ്റേയും വിപുലീകരണത്തിലുള്ള ഉൽപ്പാദന ശേഷിയിൽ 25 ശതമാനത്തിൻറ്റേയും വർദ്ധന ഉണ്ടായിരിക്കണം. 

സാങ്കേതിക സഹായമാണു മൂന്നാം ഘട്ടം. പുതിയ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നതിനാണിത്.  ആറ് മാസത്തിനുള്ളിൽ ഇതിനുള്ള അപേക്ഷ സമർപ്പിക്കണം.  പുതിയ സംരംഭങ്ങൾക്കും നിലവിലുള്ള സംരംഭങ്ങൾക്കും ഈ ആനുകൂല്യം ലഭിക്കും.  പരമാവധി 10 ലക്ഷം രൂപ വരെയാണു അധിക സഹായമായി ലഭിക്കുക.  CFTRI, CSIR, DFRL, DRDO, ICAR, CTCRI, KVK, Rubber Board തുടങ്ങിയ സർക്കാർ അംഗീകൃത സ്ഥാപന്നങ്ങളിൽ നിന്നും ലഭ്യമാകുന്ന സാങ്കേതിക വിദ്യകൾക്കാണു സഹായം ലഭിക്കുക.  ഗവണ്മെൻറ്റ് എഞ്ചിനിയറിങ്ങ് കോളേജ് പോലുള്ള സ്ഥാപനങ്ങൾ വ്യവസായ പുരോഗതിക്ക് ഉതകുന്ന സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്താലും ഈ ആനുകൂല്യത്തിനു അർഹരാണു.  മെച്ചപ്പെട്ട പാക്കേജിങ്ങ് സംവിധാനം, ഊർജ്ജോൽപ്പന്ന സംരക്ഷണ സംവിധാനങ്ങൾ, എന്നിവയ്ക്കും ഇത് പ്രകാരമുള്ള സഹായം ലഭിക്കും.  

എന്തെങ്കിലും കരാർ ഉണ്ടോ?

നിക്ഷേപ സഹായം സ്വീകരിക്കുന്ന സ്ഥാപനം ഉൽപ്പാദനം ആരംഭിച്ച തീയതി മുതൽ അടുത്ത അഞ്ച് വർഷം തുടർച്ചയായി പ്രവർത്തിപ്പിച്ച് കൊള്ളാമെന്ന് മുദ്രപ്പത്രത്തിൽ സമ്മത പത്രം നൽകേണ്ടതുണ്ട്. 
 
എവിടെയാണു ബന്ധപ്പെടേണ്ടത്?

വ്യവസായ വാണിജ്യ ഡയറക്ട്രേറ്റ്, ജില്ലാ വ്യവസായ കേന്ദ്രങ്ങൾ, താലൂക്ക് വ്യവസായ ഓഫീസുകൾ, ബ്ലോക്കുകളിലെ വ്യവസായ വികസന ഓഫീസർമാർ എന്നിവിടങ്ങളിൽ അപേക്ഷ സമർപ്പിക്കാവുന്നതാണു. 

നിങ്ങൾക്കും ഒരു എൻട്രപ്രണർ ആകുവാൻ കഴിയും




ഇന്ന് നൂതന ആശയങ്ങൾ നിരവധിയുള്ളവരെ കാണുവാൻ കഴിയും. വിജയിപ്പിക്കുവാൻ കഴിയുന്ന ആശയങ്ങൾ. പക്ഷേ എവിടെ തുടങ്ങും, ഏതൊക്കെ ലൈസൻസ് എപ്പോഴൊക്കെ എടുക്കണം, എവിടെ നിന്നും സഹായം കിട്ടും നിരവധി ചോദ്യങ്ങൾ. പക്ഷേ ഉത്തരങ്ങളോ? ചെറിയ സംരംഭമായി തുടങ്ങി വിജയം വരിച്ചവരുടെ നിരവധി പ്രചോദന കഥകൾ. പക്ഷേ എങ്ങനെ എൻറ്റെ ആശയങ്ങൾ പ്രവൃത്തി പഥത്തിലെത്തിക്കും? 

ആരാണു ഒരു എൻട്രപ്രണർ?

ഒരു സംരംഭകൻ കേവലമൊരു കച്ചവടക്കാരനല്ല മറിച്ച് നൂതനമായ ആശയങ്ങളുള്ളവർ, അത് ഒരു പുതിയ ഉൽപ്പന്നമാക്കി മാറ്റുവാൻ കഴിവുള്ളവർ, കാലഘട്ടത്തിനനുസരിച്ച് തങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് മാറ്റം വരുത്തുവാൻ തയ്യാറുള്ളവർ, മാറുന്ന കാലഘട്ടത്തിനനുസൃതമായി വിപണി കണ്ടെത്തുന്നവർ, മറ്റുള്ളവരിൽ പ്രചോദനം നിറയ്ക്കുന്നവർ, വിപണിയിൽ ആവശ്യങ്ങൾ സൃഷ്ടിക്കുവാൻ കഴിവുള്ളവർ, റിസ്ക് എടുക്കുവാൻ തയ്യാറുള്ളവർ ഇതെല്ലാം ഉള്ളവരോ അതുമല്ലായെങ്കിൽ ഇതിലേതെങ്കിലുമൊരു സവിശേഷതയുള്ളവരോ ആണു എൻട്രപ്രണർ.  

എൻട്രപ്രണർഷിപ്പ് എത്ര തരം? 

സംരഭം ആരംഭിക്കുവാൻ തീരുമാനിക്കുമ്പോൾത്തന്നെ മറുപടി കണ്ടെത്തേണ്ട ചോദ്യമാണിത്.  ചെറു കിട ഇടത്തരം സംരംഭകരെ ഉൽപ്പാദനം(Manufacturing) സേവനം (Service), കച്ചവടം (Trading) എന്നീ മൂന്ന് വിഭാഗങ്ങളായി തിരിക്കാം. ഒരു അസംസ്കൃത വസ്തുവിനെ വിവിധ മെക്കാനിക്കൽ, കെമിക്കൽ പ്രോസസിങ്ങിനു വിധേയമാക്കി ഒരു ഉൽപ്പന്നമാക്കി മാറ്റിയെടുക്കേണ്ടതുണ്ടുവെങ്കിൽ അതിനെ ഉൽപ്പാദനം എന്നും ഉൽപ്പന്നമില്ലാതെ മറ്റുള്ളവർക്ക് വേണ്ടി ഒരു ജോലി ചെയ്ത് കൊടുക്കുമ്പോള്‍ അത് സേവനമാകുന്നു.   എന്നാല്‍ ഒരു വസ്തു രൂപ മാറ്റം വരുത്താതെ വിറ്റാല്‍ അത് കച്ചവടമാകുന്നു.  ഉദാഹരണമായി ഒരു സോപ്പ് നിർമ്മാണത്തെ മാനു ഫാക്ചറിങ്ങ് വിഭാഗത്തിലും ഫോട്ടോ കോപ്പി സെൻറ്ററിനെ സേവനമായും കണക്ക് കൂട്ടാം.  ഒരു തയ്യൽക്കട നടത്തുന്നത് സേവനമാകുമ്പോൾ സ്വന്തമായി തുണിയെടുത്ത് അത് ഷർട്ട്, ചുരിദാർ പോലുള്ള ഉൽപ്പന്നങ്ങളാക്കി ഒരു റെഡിമെയ്ഡ് വിൽപ്പന നടത്തുമ്പോൾ പക്ഷേ അത് ഉൽപ്പാദനത്തിൻറ്റെ പരിധിയിൽ വരുന്നു. എന്നാല്‍ ഒരു ടെക്സ്റ്റൈല്‍ എന്നത് കച്ചവടമാകുന്നു. വൻ കിട വ്യവസായങ്ങളെ മാറ്റി നിർത്തിയാൽ പിന്നീടുള്ളവയെ സൂക്ഷ്മ (Micro), ചെറുകിട (Small), ഇടത്തരം (Medium)വ്യവസായങ്ങളെന്ന് തിരിക്കാം. ഈ മൂന്ന് സംരംഭങ്ങളും ഉൽപ്പാദന, സേവന വിഭാഗത്തിലുണ്ട്. ഒരു സംരംഭത്തിൻറ്റെ സ്ഥിര നിക്ഷേപത്തിൻറ്റെ (Capital Investment) അടിസ്ഥാനത്തിലാണീ തരം തിരിവ്.  ഒരു സംരംഭം തുടങ്ങുവാനാവശ്യമായ സ്ഥലം, കെട്ടിടം, യന്ത്ര സാമഗ്രികൾ എന്നിവയ്ക്കായി ചിലവായ തുകയാണു സ്ഥിര നിക്ഷേപം.  


ഉൽപ്പാദന മേഖല
സേവന മേഖല
സൂക്ഷ്മം  (Micro)
25 ലക്ഷം വരെ
10 ലക്ഷം വരെ
ചെറുകിട  (Small)
5 കോടി വരെ
2 കോടി വരെ
ഇടത്തരം  (Medium)
10 കോടി വരെ
5 കോടി വരെ

ഒരു സംരംഭകൻ ആദ്യമേ തന്നെ തൻറ്റെ സംരംഭം ഇതിലേതെന്നു തീരുമാനിക്കേണ്ടിയിരിക്കുന്നു.  

മാർക്കറ്റ് സർവേ

ഒരു പുതിയ ഉൽപ്പന്നമൊ സേവനമൊ വിപണിയിലെത്തിക്കുവാൻ ആഗ്രഹിക്കുന്ന വ്യക്തി ഇദം പ്രഥമായി ചെയ്യേണ്ടത് വിപണിയിപ്പറ്റി പഠിക്കുകയാണു. 

1.  ഇപ്പോൾ ഏത് ഉൽപ്പന്നം വിപണിയിലിറക്കിയാൽ വിജയിക്കുവാൻ കഴിയും?
2.  ഞാൻ ലക്ഷ്യം വയ്ക്കുന്ന ഉപഭോക്താക്കൾ ഏത് വിഭാഗത്തിൽപ്പെടും സ്ത്രീകളാണോ, കുട്ടികളാണോ, പ്രായമായവരാണോ അതോ മറ്റു ഏതെങ്കിലും വിഭാഗത്തിൽ പെടുന്നവരാണോ?

3.  ഉണ്ടാക്കുന്ന ഉൽപ്പന്നത്തിൻറ്റെ ഭൗതീക രാസ പ്രത്യേകതകൾ എന്തൊക്കെ?
4.  അസംസ്കൃത വസ്തുക്കൾ സുലഭമായി ലഭ്യമാണോ?
5.  സമാനമായ ഉൽപ്പന്നങ്ങൾ വിപണിയിലുണ്ടോ?
6.  പുതിയൊരു ഉൽപ്പന്നമാണെങ്കിൽ അതിൻറ്റെ ആവശ്യകത ഉപഭോക്താക്കളിൽ ജനിപ്പിക്കുവാൻ കഴിയുമോ?
7.  സാങ്കേതിക വിദ്യ മാറുമ്പോൾ വിപണിയിൽ പിന്തള്ളപ്പെട്ടു പോകാതെ കാലാനുസൃതമായി മാറ്റം വരുത്തുവാൻ കഴിവുള്ള ഉൽപ്പന്നമാണോ?

ഇങ്ങനെ നിരവധി ചോദ്യങ്ങൾ സ്വയം ചോദിക്കുകയും അവക്കെല്ലാറ്റിനും തൃപ്തികരമായ ഉത്തരം ലഭിക്കുകയും ചെയ്യുന്നുവെങ്കിൽ മാത്രം സംരംഭകനാകുവാൻ ഇറങ്ങുന്നതായിരിക്കും ബുദ്ധി. കാരണം ആവേശമല്ല യാഥാർഥ്യ ബോധമാണിവിടെ ആവശ്യം.  

സ്ഥലം നിർണ്ണയിക്കുക

ഉൽപ്പന്നമോ സേവനമോ ഏതെന്ന് തീരുമാനിച്ച് കഴിഞ്ഞാൽ പിന്നീട് അതിൻറ്റെ സ്ഥലം തീരുമാനിക്കുകയാണു അടുത്ത പടി.  

1.  സ്വന്ത സ്ഥലം
2.  മറ്റുള്ളവരുടെ സ്ഥലം പാട്ടത്തിനെടുക്കൽ
3.  സ്ഥലം വാടകക്കെടുക്കുക

4. വ്യവസായ വകുപ്പ്, കിൻഫ്ര, സിഡ്കോ തുടങ്ങിയ സർക്കാർ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള വ്യവസായ പാർക്കുകൾ, ഇൻഡസ്ട്രിയൽ എസ്റ്റേറ്റുകൾ, മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റുകൾ, സ്റ്റാർട്ട് അപ് വില്ലേജ് തുടങ്ങി എവിടെ വേണമെന്നു തീരുമാനിക്കുക

സ്ഥലം തിരഞ്ഞെടുക്കുമ്പോൾ, വൈദ്യുതി, വെള്ളം തുടങ്ങിയവയുടെ ലഭ്യത അസംസ്കൃത സാധനങ്ങളും ഉൽപ്പന്നങ്ങളും എത്തിക്കുവാനും കൊണ്ടു പോകുവാനുമുള്ള ഗതാഗത സൗകര്യം, എളുപ്പത്തിൽ അസംസ്കൃത സാധനങ്ങൾ ലഭിക്കുവാനുള്ള സൗകര്യം തുടങ്ങിയവ പരിഗണിക്കേണ്ടതാണു. നിർമ്മാണ പ്രവർത്തനം ആരംഭിക്കുന്നതിനു മുൻപായി ബണ്ഡപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിൻറ്റെ ആവശ്യമായ ലൈസൻസ് ലഭിച്ചിട്ടുണ്ടുവെന്ന് ഉറപ്പ് വരുത്തുക. വ്യവസായ വകുപ്പ്, കിൻഫ്ര, കെ എസ് ഐ ഡി സി എന്നീ സ്ഥാപനങ്ങളിൽ നിന്നും എല്ലാ വിധ പശ്ചാത്തല സൗകര്യങ്ങളോട് കൂടി വികസിപ്പിച്ചെടുത്ത സ്ഥലം വ്യവസായ പാർക്കുകളിലും, എസ്റ്റേറ്റിലും ലഭ്യമാണു. വ്യവസായ വകുപ്പിൻറ്റെ കീഴിലുള്ള സ്ഥലത്തിനായി അതാത് ജില്ലകളിലെ ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജരുമായോ ബണ്ഡപ്പെടാവുന്നതാണു.  കിൻഫ്രയുടെ പാർക്കിനു വേണ്ടി എം ഡി, കിൻഫ്ര, വെള്ളയമ്പലം, തിരുവനന്തപുരം എന്ന വിലാസത്തിൽ ബണ്ഡപ്പെടുക. 

പ്രോജക്ട് റിപ്പോർട്ട്

വായ്പക്കായി ബാങ്കിനെ സമീപിക്കുമ്പോൾ വിശദമായ ഒരു പ്രോജക്ട് റിപ്പോർട്ട് സമർപ്പിക്കേണ്ടതുണ്ട്. തൻറ്റെ സംരംഭകത്തിൻറ്റെ വിജയ സാധ്യത കൃത്യമായി ബാങ്കിനെ ബോധ്യപ്പെടുത്തുവാൻ കഴിയുന്നതായിരിക്കണം ഒരു പ്രോജക്ട് റിപ്പോർട്ട്. തൻറ്റെ ഉൽപ്പന്നത്തെപ്പറ്റിയുള്ള വ്യക്തവും സാമ്പത്തിക ചിലവുകളേപ്പറ്റി കൃത്യമായ അവബോധവുമുള്ളയൊന്നാവണമിത്. കണക്കുകളുടെ പിൻ ബലത്തോട് തയ്യാറാക്കുന്നയിത് ലോൺ ലഭിക്കുന്നതിനു ഒഴിച്ച് കൂടുവാൻ പാടില്ലാത്തയൊന്നാണു.  ഇതിൽ ഫ്ലോ പ്രോസസ് ചാർട്ട് ഉൾപ്പെടെയുള്ള ഉൽപ്പാദന പ്രക്രിയയുടെ വിവിധ വശങ്ങൾ പ്രതിപാദിക്കേണ്ടതാണു. കൂടാതെ ഉൽപ്പന്നത്തിൻറ്റെ വിപണിയിലെ ആവശ്യകത, ഉൽപ്പാദന ശേഷി, ഉൽപ്പാദന ചിലവ്, ഉൽപ്പന്നത്തിൻറ്റെ പ്രതീക്ഷിക്കുന്ന വില എന്നിവ ഉൾപ്പെടുത്തണം. സ്ഥലം, കെട്ടിടം, പ്ലാൻറ്റ്, മെഷിനറി എന്നിവയ്ക്കും പ്രവർത്തനത്തിനു മുൻപ് വേണ്ടി വരുന്നതുമായ സ്ഥിരമായ ചിലവുകളും ആവർത്തന സ്വഭാവമുള്ളതായ ചിലവുകളും കണക്കിലെടുത്ത് കൊണ്ട് പദ്ധതിച്ചിലവ് വിശദമായി കണക്കാക്കേണ്ടതുണ്ട്. അത് പോലെ ഓരോ മാസത്തേയും ലാഭവും, മുതൽ മുടക്കിന്മേലുള്ള ലാഭ ശതമാനവും ഉൾക്കൊള്ളുന്നതായിരിക്കണം. ഇതിനായി അതാത് ബ്ലോക്കുകളിലെ വ്യവസായ വികസന ഓഫീസറെ സമീപിക്കാവുന്നതാണു.  

ഏതൊക്കെ ലോൺ?

വ്യവസായ സ്ഥാപനങ്ങൾക്കുള്ള ലോണുകളെ ദീർഘ കാല വായ്പ (Term Loan) എന്നും പ്രവർത്തന മൂലധന വായ്പ (Working Capital Loan) എന്നും രണ്ടായി തിരിക്കാം.

ടേം ലോൺ 

സ്ഥിര നിക്ഷേപത്തിനുള്ള ലോണുകളെ ടേം ലോൺ എന്നു വിളിക്കുന്നു. സ്ഥലം, കെട്ടിടം, യന്ത്ര സാമഗ്രികൾ തുടങ്ങിയവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.  ബാങ്കുകളിലോ, കെ എഫ് സി, കെ എസ് ഐ ഡി സി തുടങ്ങിയ സ്ഥാപനങ്ങളിൽ ഈ ലോണിനപേക്ഷിക്കാവുന്നതാണു. പുതിയ മെഷിനറികൾക്ക് മാത്രമേ ലോൺ കിട്ടുകയുള്ളുവെന്ന് പ്രത്യേകം ഓർക്കുക.  ആവശ്യമായതിൻറ്റെ നിശ്ചിത ശതമാനം മാത്രമേ ലോൺ കിട്ടുകയുള്ളു.  ബാക്കി തുക സംരംഭകൻ സ്വന്തമായി കണ്ടെത്തേണ്ടതുണ്ട്.  

വർക്കിങ്ങ് ക്യാപിറ്റൽ ലോൺ

പ്രവർത്തനം തുടങ്ങുവാനാവശ്യമായ ഹ്രസ്വ കാല ലോൺ ആണിത്.  അസംകൃത വസ്തുക്കൾക്കായോ സാലറി പോലുള്ള ചിലവുകൾക്കായോ ഇതുപയോഗിക്കാം.  

നിയമ പരമായ ലൈസൻസുകളും അനുവാദങ്ങളും

1.  തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ നിന്നും

(a) കെട്ടിട നിർമ്മാണത്തിനുള്ള അനുമതി
(b) സ്ഥാപനം പ്രവർത്തിപ്പിക്കുവാനുള്ള അനുമതി (പ്രവർത്തനം തുടങ്ങുമ്പോൾ)
സർക്കാർ ഏജൻസികൾ, ഇവയുടെ കീഴിൽ പ്രവർത്തിക്കുന്ന വ്യവസായ എസ്റ്റേറ്റുകൾ, വ്യവസായ വളർച്ചാ കേന്ദ്രങ്ങൾ, എന്നിവിടങ്ങളിൽ സ്ഥാപിക്കപ്പെടുന്ന വ്യവസായ സംരംഭങ്ങക്ക് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ മുനികൂർ അനുമതി ആവാശ്യമില്ല.  അത്തരം സരംഭങ്ങൾ മതിയായ ഫീസ് അടച്ച് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്താൽ മതിയാകും.

2.  ജില്ലാ ടൗൺ പ്ലാനർ പുതിയ കെട്ടിടം നിർമ്മിക്കുന്നതിനു (KMBR 99) പ്രകാരം നൽകുന്ന ലേ ഔട്ട് അംഗീകാരം

3.  ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് ഡിപ്പാർട്ട്മെൻറ്റ് നൽകുന്ന എൻ ഓ സി. പത്ത് പേരിൽ താഴെ മാത്രം ആളുകൾ ജോലി ചെയ്യാനിടയുള്ള (വൈദ്യുതി ഉപയോഗിക്കുന്നവ) സ്ഥാപനങ്ങൾക്ക് ഫാക്ടറി ഇൻസ്പെടറുടെ എൻ ഓ സി ആവശ്യമില്ല. അതു പോലെ 20 പേരിൽ താഴെ ആളുകൾ ജോലി ചെയ്യുന്ന (വൈദ്യുതി ഉപഭോഗം ഇല്ലാത്ത) സ്ഥാപനങ്ങൾക്കും എൻ ഓ സി ആവശ്യമില്ല.  എന്നാൽ അവർ ഫാക്ടറീസ് റൂൾസ് പ്രകാരം ലൈസൻസ് എടുക്കേണ്ടതാണു.

4.  മലിനീകരണം നിയന്ത്രണ ബോർഡിൻറ്റെ അനുമതി

(a) സ്ഥാപനം തുടങ്ങുന്നതിനുള്ള അനുമതി
(b) സ്ഥാപനം പ്രവർത്തിപ്പിക്കുവാനുള്ള അനുമതി

5.  വനം വകുപ്പിൽ നിന്നുള്ള അനുമതി (വനവുമായി ബണ്ഡപ്പെട്ട ഉൽപ്പന്നങ്ങൾക്ക്)

6.  ജില്ലാ മെഡിക്കൽ ഓഫീസറിൽ നിന്നുള്ള സമ്മതപത്രം (ഭക്ഷ്യ, മെഡിക്കൽ അനുബന്ധ വ്യവസായങ്ങൾക്ക്)

7.  ഇലക്ട്രിക്കൽ ഇൻസ്പെക്ട്രേറ്റിൽ നിന്നുള്ള സമ്മത പത്രം

8.  ഡിവിഷണൽ ഫയർ ഓഫീസിൽ നിന്ന് ലഭിക്കേണ്ട എൻ ഓ സി (പ്രത്യേക വ്യവസായങ്ങൾക്ക് മാത്രം)

9.  ജില്ലാ ലേബർ ഓഫീസിൽ നിന്നും ലഭിക്കേണ്ടുന്ന അനുമതി (പ്രത്യേക വ്യവസായങ്ങൾക്ക് മാത്രം)

10. മൈനിങ്ങ് ആൻഡ് ജിയോളജി വകുപ്പിൽ നിന്നും ലഭിക്കേണ്ടുന്ന പെർമിറ്റ് ((പ്രത്യേക വ്യവസായങ്ങൾക്ക് മാത്രം)

11. ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽ നിന്നും ലഭിക്കേണ്ടുന്ന എൻ ഓ സി ((പ്രത്യേക വ്യവസായങ്ങൾക്ക് മാത്രം)

12. വൈദ്യുതി ഉപയോഗത്തിനായി ഇലക്ട്രിസിറ്റി ബോർഡിൽ അപേക്ഷ നൽകുക

13. ജല ഉപയോഗത്തിനായി വാട്ടർ അഥോറിറ്റി, കോർപ്പറേഷൻ, മുൻസിപ്പാലിറ്റി, പഞ്ചായത്ത് എന്നിവിടങ്ങളിൽ അപേക്ഷിക്കുക. അല്ലായെങ്കിൽ സ്വന്തം സ്ഥലത്തെ ജലം ഉപയോഗിക്കുക

മെഷിനറികൾ സമ്പാദിക്കുക

യന്ത്രങ്ങൾക്ക് ഓർഡർ ചെയ്യുമ്പോൾ അവയുടെ സർവീസിങ്ങ്, പ്രവർത്തന ക്ഷമത, സ്പെയർ പാർട്സിൻറ്റെ ലഭ്യത, വില തുടങ്ങി നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.  കേന്ദ്ര സർക്കാർ സ്ഥാപനമായ എൻ എസ് ഐ സി മുഖാന്തിരം മെഷിനറി ലഭിക്കുവാനുള്ള സൗകര്യമുണ്ട്. ഉൽപ്പാദനത്തിൻറ്റെ സുഗമമായ നടത്തിപ്പിനു ഒരു പുതിയ സംരംഭകൻ അനുയോജ്യമായ ലേ ഔട്ട് ആവിഷ്കരിക്കണം.  ഓരോ ജോലിക്കാരനും ആരോഗ്യകരമായ അന്തരീക്ഷത്തിൽ ജോലി ചെയ്യുന്നതിനാവശ്യമായ വാതയാന സൗകര്യമുണ്ടാക്കുന്നതിനും പ്രത്യേക ശ്രദ്ധ പതിപ്പിക്കണം.  ഫാക്ടറി ഇൻസ്പെക്ടറുടെ അനുമതി ലഭിക്കുന്നതിനു ഈ വിവരങ്ങൾ നിർബണ്ഡമായും പ്ലാനിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. 

നിയമനം

യന്ത്ര സാമഗ്രികൾ സ്ഥാപിക്കുന്നതോടൊപ്പം തൊഴിലാളികളേയും മറ്റ് ഉദ്യോഗസ്ഥരേയും നിയമിക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളണം. വ്യവസായത്തിൻറ്റെ വലിപ്പത്തിനും സ്വഭാവത്തിനും അനുസരിച്ച് പ്രാവിണ്യമുള്ളവരേയും അല്ലാത്തവരേയും തിരഞ്ഞെടുക്കേണ്ടതാണു. പ്രൊഫഷണലുകളെ ആവശ്യമെന്ന് കണ്ടാൽ അവരേയും അഭിരുചിയുള്ള തൊഴിലാളികളേയും ഉൾപ്പെടുത്തുന്നതും നന്നായിരിക്കും. 

അസംസ്കൃത വസ്തുക്കൾ ലഭ്യമാക്കൽ

സംരംഭകർ തൻറ്റെ ഉൽപ്പന്നങ്ങൾക്കാവശ്യമുള്ളതായ അസംസ്കൃത വസ്തുക്കൾ ലഭ്യമാക്കേണ്ടതുണ്ട്. ഇതിനായി ഒരു സ്ഥാപനത്തെ മാത്രം ആശ്രയിക്കുന്നതിനു പകരം ഒന്നിലധികം സ്ഥാപനങ്ങളെ ചുമതലപ്പെടുത്തുക നല്ലതായിരിക്കും. ഉദാരവൽക്കരിക്കപ്പെട്ട ഇറക്കുമതി നയം വഴിയും ചട്ടങ്ങൾ ലഘൂകരിച്ചും ചെറുകിട വ്യവസായ മേഖലയ്ക്ക് കൂടുതൽ സൗകര്യങ്ങൾ നൽകി വരുന്നു. ഓപ്പൺ ജനറൽ ലൈസൻസ് പ്രകാരം (ഒ ജി എൽ) ഇറക്കുമതി ചെയ്യാനുള്ള വ്യവസ്ഥയിൽ നിരവധി അസംസ്കൃത വസ്തുക്കളും ഉപകരണങ്ങളും അനുബണ്ഡ ഘടകങ്ങളും യന്ത്ര സാമഗ്രികൾ മറ്റുപകരണങ്ങൾ എന്നിവയും ഉൾപ്പെടുത്തിയിരിക്കുന്നു. 

ഉൽപ്പാദനം

ആരംഭ ഘട്ടത്തിൽത്തന്നെ സംരംഭകൻ ആസൂത്രണത്തിൻറ്റെ പ്രാധാന്യം മനസ്സിലാക്കണം. വേണ്ടത്ര ആസൂത്രണമില്ലായ്മ ഉൽപ്പാദനത്തിൻറ്റെ സുഗമമായ നടത്തിപ്പിനെ തടസ്സപ്പെടുത്തുന്നു. കൂടാതെ അസാധാരണ ഗതിയിലുള്ള കാലതാമസം ഉൽപ്പാദന ചിലവ് വർദ്ധിപ്പിക്കുകയും ലാഭമില്ലാതാക്കുകയും ചെയ്യുന്നു. മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പദ്ധതിക്കനുസൃതമായി അസംസ്കൃത സാധനങ്ങൾ വാങ്ങുന്നത് മുതൽ പൂർത്തിയാക്കിയ ഉൽപ്പന്നങ്ങളുടെ ഗതാഗതമുൾപ്പെടെയുള്ള കാര്യങ്ങൾ സുഗമമായി നടക്കേണ്ടതുണ്ട്. കൂടാതെ ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം ശ്രദ്ധിക്കേണ്ടതുണ്ട്.  ഗുണനിലവാരം ഇല്ലാത്ത സാധനങ്ങളുടെ ഉൽപ്പാദനം ഒഴിവാക്കുകയോ സാങ്കേതിക വിദ്യ മെച്ചപ്പെടുത്തുകയോ ചെയ്യേണ്ടതുണ്ട്.  

ഉദ്യോഗ് ആധാര്‍ രജിസ്റ്റര്‍ ചെയ്യുക

ഏതൊരു സംരംഭകനും തന്‍റെ സ്ഥാപനം പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞ് കേന്ദ്ര സര്‍ക്കാരിന്‍റെ രജിസ്ട്രേഷനായ ഉദ്യോഗ് ആധാര്‍ എടുക്കേണ്ടതാണ്. ഇതിനായി ഒരു സര്‍ക്കാരോഫീസിലും പോകേണ്ടതില്ല. ആധാര്‍ കാര്‍ഡും ബാങ്ക് അക്കൌണ്ട് വിവരങ്ങളുള്ള ആര്‍ക്കും സ്വന്തമായി ഓണ്‍ലൈന്‍ ആയി ചെയ്യാവുന്നതാണ്. തുടര്‍ന്ന് ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് സൂക്ഷിച്ച് വച്ചിരുന്നാല്‍ മതിയാകു്. അതില്‍ ആരുടേയും ഒപ്പോ മുദ്രയോ ആവശ്യമില്ല. വെബ് സൈറ്റ് http://udyogaadhaar.gov.in/ 

വിപണനം (Marketing)

ഓരോ സംരംഭകനും വിപണി നേടുവാൻ തൻറ്റെ ഉൽപ്പന്നങ്ങൾക്കനുസരിച്ചുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കണം. ഉൽപ്പന്നത്തിൻറ്റേയോ സേവനത്തിൻറ്റേയോ വിപണി മൂല്യം വർദ്ധിപ്പിക്കുന്നതിനു ദേശീയ, അന്തർദേശീയ നിലവാരത്തിലുള്ള സർട്ടിഫിക്കറ്റുകൾ നേടുന്നത് ഉചിതമായിരിക്കും.  BIS, ISO 9000/14000/22000, FSSAI, HACCP, FPO, AGMARK തുടങ്ങിയ അംഗീകാരങ്ങൾ നേടുന്നത് സ്ഥാപനത്തിൻറ്റെ മൊത്തത്തിലുള്ള വളർച്ചക്ക് സഹായകരമാണു. ഇവയിൽ ചിലത് നിർബണ്ഡമായും എടുക്കേണ്ടതും ചിലത് താൽപ്പര്യമെങ്കിൽ മാത്രം എടുക്കേണ്ടതുമാണു. ദേശീയ അന്തർദേശീയ ഉൽപ്പന്ന പ്രദർശന മേളകളിൽ പങ്കെടുക്കുന്നതും വാർത്താ മാധ്യമങ്ങളിൽ പരസ്യം നൽകുന്നതും വിപണനത്തെ സഹായിക്കും.

ഓരോ വർഷവും ഇന്ത്യയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും പുറത്ത് വരുന്ന ഉന്നത ബിരുദ ധാരികൾ അനവധിയാണു.  ഇവർ നല്ലയൊരു ശതമാനം വിദേശ രാജ്യങ്ങളിലോ ബഹു രാഷ്ട്ര കമ്പനികളിലോ ജോലി അന്വേഷിച്ച് പോകുന്നു. എന്നാൽ ഇനിയുള്ള കാലഘട്ടത്തിൽ ഇന്ത്യയുടെ ഭാവി എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന MSME (Micro Small and Medium Entreprises) മേഖലയിലേക്ക് ഈ യുവശക്തിയെ തിരിച്ച് വിടുവാൻ കഴിഞ്ഞാൽ നമുക്ക് അത്ഭുതങ്ങൾ പ്രതീക്ഷിക്കുവാൻ കഴിയും. 





എൻറ്റർപ്രേണർഷിപ് മാനേജ്മെൻറ്റ് – സംരംഭകരാക്കാൻ ഒരു മാനേജ്മെൻറ്റ് പഠന ശാഖ





പരമ്പരാഗത മാനേജ്മെൻറ്റ് പഠന ശാഖകളിൽ നിന്നും വ്യത്യസ്തമായൊരു പഠന മേഖല, ഒപ്പം സ്വയം തൊഴിൽ കണ്ടെത്തുവാൻ പ്രാപ്തരാക്കുന്ന നിലയിലുള്ള സിലബസ്.  ഇതാണു ഈ അടുത്ത കാലത്തായി പ്രചാരമേറി വരുന്ന എൻറ്റർപ്രേണർഷിപ് ആൻഡ് ഫാമിലി ബിസിനസ്സ് മാനേജ്മെൻറ്റ്. മാനുഫാച്വറിങ്ങ്, ഭഷ്യസംസ്കരണം, സുഗന്ധവ്യജ്ഞനം, സമുദ്രോത്പന്ന വ്യവസായം തുടങ്ങിയവയോടൊപ്പം തന്നെ ഐ ടി, ഇലക്ട്രോണിക്സ് വ്യവസായങ്ങൾ വളർന്ന് വരുന്നത് വ്യവസായ ശാലകളുടെ ചിത്രം തന്നെ മാറ്റുന്നുണ്ട്. യുവ തലമുറ കൂടുതലായി ഈ മേഖലയിലേക്ക് ചുവട് വെക്കുന്നുണ്ട് എന്നത് നമ്മുടെ സമ്പദ് വ്യവസ്ഥക്ക് ആശ്വാസം നൽകുന്നയൊന്നാണു. കോളേജ് വിദ്യാർഥികളുടെ പല സംരംഭങ്ങളും ഇന്ന് വളർന്ന് പന്തലിച്ചതിൻറ്റെ വർത്തമാന കാല ഉദാഹരണങ്ങൾ ധാരാളം നമുക്കു മുൻപിലുണ്ട്. മാത്രവുമല്ല കേന്ദ്ര സംസ്ഥാന ഗവണ്മെൻറ്റുകൾ യുവ സംരംഭകരെ പ്രോത്സാഹിപ്പിക്കുവാൻ ചില പദ്ധതികൾ തന്നെ ആവിഷ്കരിച്ചിട്ടുണ്ട്. തിരുവനന്തപുരം  ടെക്നോ പാർക്ക് ടെക്നോ ബിസിനസ് ഇൻക്യുബേറ്റർ (ടി ബി ഐ), എറണാകുളത്തെ സ്റ്റാർട്ട് അപ് വില്ലേജ്, കോഴിക്കൊട് എൻ ഐ ടി യിലെ ഇൻക്യുബേറ്റർ എന്നിവ ഏതാനും ഉദാഹരണങ്ങളാണു. മൊബൈൽ ആപ്ലിക്കേഷൻ ഡവലപ്മെൻറ്റ്, ഐ ടി അനുബന്ധ വ്യവസായങ്ങൾ തുടങ്ങി സാധ്യതകൾ ഏറെയാണു. അതിനാൽ തന്നെ എങ്ങനെ സംരംഭകരാവാം എന്ന് ശാസ്ത്രീയമായി പഠിപ്പിക്കുന്ന ഈ പഠന ശാഖക്ക് പ്രസക്തിയേറുന്നു. 

പഠന വിഷയങ്ങൾ

സാധാരണ എം ബി എ ക്കുള്ള പഠന വിഷയങ്ങളായ മാർക്കറ്റിങ്ങ്, ഹ്യൂമൻ റിസോഴ്സ്, സിസ്റ്റംസ്, ഫിനാൻസ്, ഓപ്പറേഷൻസ് റിസേർച്ച് തുടങ്ങിയവയുണ്ടാവും. ഒപ്പം
നിലവിലുള്ള വ്യവസായത്തെ വിപുലീകരിക്കുവാനും വൈവിധ്യവൽക്കരിക്കാനുമുള്ള പ്രായോഗിയതയിലൂന്നിയ പാഠങ്ങൾ.
·   
·         പുതുതായി വ്യവസായ രംഗത്തെന്നുന്നവർക്ക് ഉണ്ടാവാനിടയുള്ള വെല്ലുവിളികൾ തരണം ചെയ്യുവാനുതകുന്ന പരിശീലനം.
·         നിലവിലുള്ള വിപണി വിപുലീകരിക്കുവാനും പുത്തൻ വിപണി കണ്ടെത്തുവാനുമുള്ള പരിശീലനം

·         വിദേശ രാജ്യങ്ങളിലെ സാധ്യതകൾ കണ്ടെത്തുവാനും പ്രയോജനപ്പെടുത്തുവാമുള്ള പാഠങ്ങൾ
·         സ്വന്തം സംരംഭം ആരംഭിക്കുവാനുള്ള വിഭവ സമാഹരണം നടത്തുവാനുള്ള പരിശീലനം

സംരംഭകത്വ മനോഭാവം വളർത്തുവാനുതകുന്ന ക്ലാസുകൾ, നിക്ഷേപകരെ കണ്ടെത്തുവാനുള്ള വഴികൾ, വിജയം വരിച്ച സംരംഭകരുമായുള്ള നേരിട്ടുള്ള സമ്പർക്കം, സ്വദേശത്തും വിദേശത്തുമുള്ള വ്യവസായ യൂണിറ്റുകളിലേക്കുള്ള പഠന യാത്രകൾ, വ്യവസായ അസോസിയേഷനുമായി ബണ്ഡപ്പെടുത്തിയുള്ള ചർച്ചാ ക്ലാസ്സുകൾ തുടങ്ങിയവയും പാഠ്യ പദ്ധതിയുടെ ഭാഗമാണു. 

യോഗ്യതയെന്ത്?

ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി എടുത്തവർക്കാണു സാധാരണയായി എം ബി എ ക്ക് ചേരവാൻ കഴിയുക. എന്നാൽ ചില സ്ഥാപനങ്ങളിൽ പത്താം ക്ലാസ് കഴിഞ്ഞ സംരംഭകത്വ മനോഭാവമുള്ളവർക്കായി ഹ്രസ്വ കാല കോഴ്സുകളും നടത്തുന്നുണ്ട്. 

എവിടെ പഠിക്കാം?

ഈ മേഖലയിലെ ഏറ്റവും കീർത്തി കേട്ട സ്ഥാപനമാണു ഗുജറാത്ത് ഗാന്ധിനഗറിലെ Entrepreneurship Development Institute of India (www.ediindia.org/).  Post Graduate Diploma in Management - Business Entrepreneurship (PGDM-BE) ആണു ഇവിടുത്തെ കോഴ്സ്. 120 സീറ്റുണ്ട്. 

സംരംഭക വിദ്യാഭ്യാസം നൽകുന്ന മറ്റു  പ്രമുഖ സ്ഥാപനങ്ങൾ

സ്ഥാപനം
കോഴ്സ്
സീറ്റ്
1.      എം ബാംഗ്ലൂർ (എൻ എസ് രാഘവ സെൻ റ്റർ ഫോർ എൻറ്റർപ്രേണർഷിപ് സ്റ്റഡീസ്)    (www.nsrcel.org/)
Management Programme for Entrepreneurs and Family Business 

45
2.      നാർസീ മോൻജീ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ്റ് സ്റ്റഡീസ് (www.nmims.edu/)
MBA Entrepreneurship and Family Business Management

3.      നിർമ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ്റ് അഹമ്മദാബാദ് (www.imnu.ac.in/)
MBA (Family Business & Entrepreneurship)
  120
4.      എസ് പി ജെയിൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ്റ് ആൻഡ് റിസേർച്ച് (www.spjimr.org/)
Post Graduate Program in Family Managed Business


5.      ഇന്ത്യൻ സ്കൂൾ ഓഫ് ബിസിനസ് ഹൈദരാബാദ്
Management Programme For Family Business

6.      അമൃത് മോഡി സ്കൂൾ ഓഫ് മാനേജ്മെൻറ്റ്
അഹമ്മദാബാദ് (www.ahduni.edu.in/)
Entrepreneurial - MBA
40
7.      പ്രിൻ. എൽ എൻ വെലിങ്കാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ് മെൻറ്റ് ഡവലപ്മെൻറ്റ് റിസേർച്ച് മുംബൈ (www.welingkar.org/)
Post Graduate Program in Entrepreneurship
30
8.      സേവ്യർ ലേബർ റിലേഷൻസ് ഇൻസ്റ്റിറ്റ്യൂട്ട്
ജാംഷെഡ്പൂർ (www.xlri.ac.in/)
Post Graduate Programme for Certificate in Entrepreneurship Management


9.      എൻറ്റർപ്രൈസസ് ഡവലപ്മെൻറ്റ് ഇൻസ്റ്റിറ്റ്യൂട്ട്
കൊൽക്കത്ത
Executive Masters of Business Creation & Administration (EMBCA)




10.  സിംബിയോസിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ്റ് പൂനൈ (www.sibm.edu)
MBA in Innovation & Intrapreneurship
Postgraduate Diploma in Innovation and Corporate Entrepreneurship (PGDICE)
Programme Structure for Postgraduate Diploma in Family Business (PGDFB)


കൂടാതെ ഐ ഐ എം പോലെയുള്ള പ്രശസ്ത സ്ഥാപനങ്ങൾ ഹൃസ്വ കാല പ്രോഗ്രാമുകൾ നൽകുന്നുണ്ട്. ഐ ഐ എം ബാംഗ്ലൂരിലെ Post Graduate Certificate Program In Family Owned Business And Entrepreneurship (PGCFOBE) ഉദാഹരണമാണു. ഏതാനും ആഴ്ചകൾ മാത്രം ദൈർഖ്യമുള്ള സംരംഭക വിദ്യാഭ്യാസ പദ്ധതികൾ കേന്ദ്ര സർക്കാർ സ്ഥാപനമായ എം എസ് എം ഇ നടത്തുന്നുണ്ട്. വിശദ വിവരങ്ങൾക്ക് (www.msmedibangalore.gov.in/) സന്ദർശിക്കുക. 

ഇന്ന് മൂലധന സമാഹാരം സംരഭകർക്ക് മുൻപിൽ ഒരു വെല്ലുവിളിയല്ല. വെഞ്ച്വൽ ക്യാപിറ്റേഴ്സ്, എയ്ഞ്ചൽ ഇൻവെസ്റ്റേഴ്സ്…. ഇങ്ങനെ സാധ്യതകൾ നിരവധിയുണ്ട്. ഇതൊന്നും പറ്റിയില്ലെങ്കിൽ മാത്രം ബാങ്കുകളേയോ സിഡ്ബി/കെ എസ് ഐ ഡി സി/കെ എഫ് സി പോലുള്ള ധനകാര്യ സ്ഥാപനങ്ങളേയോ സമീപിച്ചാൽ മതിയാകും. സത്യത്തിൽ മൂലധനമല്ല ക്രിയേറ്റീവ് ആയ ആശയങ്ങളുള്ളവരെയാണു ഇന്ന് സമൂഹത്തിനാവശ്യം