Sunday, 14 October 2018

സംരംഭം ആരംഭിക്കാം – കൂട്ടിന് ബിസിനസ് ഇന്‍ക്യുബേറ്ററുകളുണ്ട്



ഇന്‍ക്യുബേറ്റർ എന്ന വാക്ക് മുന്‍പൊക്കെ ആരോഗ്യ മേഖലയുമായും, കോഴിക്കുഞ്ഞുങ്ങളുമായി ചേർത്തുമൊക്കെയാണ് നാം കേട്ടിരുന്നുള്ളു. എന്നാലിപ്പോള്‍ ഈ വാക്കിന് കേള്‍ക്കുമ്പോള്‍ത്തന്നെ മറ്റൊരു അർത്ഥം വരത്തക്ക വിധത്തില്‍ ആശയം മാറി മറിഞ്ഞത് പെട്ടെന്നാണ്. ബിസിനസ് ലോകത്താണ് ഈ വാക്ക് ഇന്ന് കൂടുതല്‍‌ ഉപയോഗിക്കുന്നത്.  നവ സംരംഭവുമായി മുന്‍പോട്ട് വരുന്നവർക്ക് മുന്‍പില്‍ തങ്ങളുടെ ആശയങ്ങള്‍ യാഥാർത്ഥ്യമാക്കി മാറ്റുവാന്‍ നിരവധി തടസ്സങ്ങളുണ്ട്. തങ്ങളുടെ സംരംഭകാശയങ്ങള്‍ വികസിപ്പിച്ച് മികച്ചയൊരു കമ്പനിയായി വളർത്തുവാനുള്ള ഇടങ്ങളാണ് ബിസിനസ്സ് ഇന്‍ക്യുബേഷന്‍ സെന്‍ററുകള്‍. സംരംഭത്തിന്‍റെ ശൈശവ ദിശയില്‍ അതിന് വളരുവാനാവശ്യമായ എല്ലാ സഹായങ്ങളും ചെയ്യുകയെന്നതാണ് ഇത്തരം സെന്‍ററുകളുടെ ചുമതല.

ഇന്‍ക്യുബേഷന്‍ സെന്‍ററുകളിലെ സൌകര്യങ്ങള്‍

·         ഓഫീസ് സ്പേസും വിലാസവും
·         അതിവേഗ ഇന്‍റർനെറ്റ്
·         കോമണ്‍ അമിനിറ്റീസ്  -   റിസപ്ഷന്‍, ലോബി, കോണ്‍ഫറന്‍സ് റൂമുകള്‍, സെക്യൂരിറ്റി റൂമുകള്‍ തുടങ്ങിയവ
·         മെഷ്യനറികള്‍
·         ആവശ്യമായ സാങ്കേതിക സഹായം
·         വിദഗ്ദരുടെ മാർഗ്ഗ നിർദ്ദേശങ്ങള്‍

പുതിയൊരു കമ്പനിയെ സംബന്ധിച്ച് ഇത്തരം സൌകര്യങ്ങള്‍ ഒരുക്കുന്നതിന് ലക്ഷങ്ങള്‍ത്തന്നെ ചിലവാകും.  മാത്രവുമല്ല ഇത്രയുമൊക്കെ ചിലവാക്കിയാലും വിജയിക്കുമോയെന്ന് പറയാനാവില്ല. ഇവിടെയാണ് ഇന്‍ക്യുബേഷന്‍ സെന്‍ററുകള്‍ തുണയാവുന്നത്.

ബിസിനസ്സിന്‍റെ അടിസ്ഥാന തത്വങ്ങള്‍ മനസ്സിലാക്കുവാനും വിപണി ഗവേഷണത്തിനും സാങ്കേതിക സഹായങ്ങള്‍ക്കും ഇന്‍ക്യുബേഷന്‍ സെന്‍ററുകള്‍ സഹായകമാണ്. സ്റ്റാർട്ട് അപ് രംഗത്തെ മറ്റ് സംരംഭകർ, സ്റ്റാർട്ട് അപ് രംഗത്ത് നിക്ഷേപം നടത്തുവാന്‍ താല്‍പര്യമുള്ള എയ്ഞ്ചല്‍ നിക്ഷേപകർ, ധനകാര്യ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍, വന്‍കിട കമ്പനികളുടെ മേധാവികള്‍ എന്നിവരുമായിട്ടൊക്കെ നെറ്റ് വർക്കിലൂടെ പരിചയം സ്ഥാപിക്കുവാനും ഇന്‍കുബേഷന്‍ സെന്‍ററുകള്‍ സഹായകമാവും. ചില ഇന്‍ക്യുബേഷന്‍ സെന്‍ററുകള്‍ സംരംഭകത്വ പരിശീലന പരിപാടികളും സംഘടിപ്പിക്കാറുണ്ട്. മാർക്കറ്റിങ്ങ്, ലീഗല്‍, അക്കൌണ്ടിങ്ങ്, പേറ്റന്‍റ് രജിസ്ട്രേഷന്‍ എന്നിവയിലൊക്കെ കണ്‍സള്‍ട്ടന്‍സി സേവനങ്ങളും ഇവിടെ നിന്ന് ലഭിക്കാറുണ്ട്.

വിവിധ തരം ഇന്‍ക്യുബേഷന്‍ സെന്‍ററുകള്‍

വിവിധ മേഖലകളില്‍ ഇന്‍ക്യുബേഷന്‍ സൌകര്യങ്ങള്‍ ഇന്ന് ലഭ്യമാണ്. ടെക്നോളജി അധിഷ്ടിത സംരംഭങ്ങള്‍ക്കുള്ളവ, ടെലികമ്യൂണിക്കേഷന്‍ അധിഷ്ടിതമായവ, ബയോടെക്നോളജി അധിഷ്ചിതമായവ, കൃഷി മൂല്യവർദ്ധിതാധിഷ്ടിതമയവ തുടങ്ങി വ്യത്യസ്തമായ ഇന്‍ക്യുബേഷന്‍ സെന്‍ററുകള്‍ ഇന്നുണ്ട്. ഓഫീസ് സ്പേസ് ഇല്ലാതെ വിർച്വല്‍ ഇന്‍ക്യുബേറ്ററുകളും നിരവധിയുണ്ട്.  ഉടമസ്ഥതയ്കനുസരിച്ച് സർക്കാർ നിയന്ത്രണത്തിലുള്ളവ, സ്വകാര്യ മേഖലയിലുള്ളവ, പൊതു സ്വകാര്യ പങ്കാളിത്തത്തിലുള്ളവ എന്നിങ്ങനെ വിവിധ തരത്തില്‍  ഇന്‍ക്യുബേഷന്‍ സെന്‍ററുകള്‍ ഇന്ന് നാട്ടിലുണ്ട്.

എങ്ങനെ പ്രവേശനം ലഭിക്കും

നിശ്ചിത ഫോറത്തില്‍ അപേക്ഷ സമർപ്പിക്കേണ്ടതുണ്ട്. പലതിലും ഇപ്പോള്‍ ഓണ്‍ലൈന്‍ അപേക്ഷക്ക് സൌകര്യമുണ്ട്. മാനദണ്ഡങ്ങള്‍ ഓരോ ഇന്‍ക്യുബേറ്ററുകളിലും വ്യത്യസ്തമായിരിക്കും. എന്നിരുന്നാലും ബിസിനസ് ആശയത്തിന്‍റെ പ്രായോഗികത, വാണിജ്യ വിജയ സാധ്യത, ബിസിനസ് പ്ലാന്‍ എന്നിവ പൊതുവില്‍ കണക്കിലെടുത്താണ് പ്രവേശനം ലഭിക്കുക. പ്രവേശനം ലഭിച്ചാല്‍ അവിടുത്തെ നിബന്ധനകള്‍ക്ക് അനുസരിച്ച് പ്രവർത്തികേണ്ടതുണ്ട്. എന്നാല്‍ നിശ്ചിത കാലയളവ് പൂർത്തിയാകുമ്പോള്‍ ഇന്‍ക്യുബേറ്ററില്‍ നിന്നും പുറത്ത് പോവേണ്ടതുണ്ട്.

ഇന്ത്യയിലെ ഇന്‍ക്യുബേറ്ററുകള്‍

സ്റ്റാർട്ട് അപ് ആവാസ വ്യവസ്ഥയില്‍ അമേരിക്കക്കും ഇംഗ്ലണ്ടിനും പിന്നിലായി മൂന്നാം സ്ഥാനത്താണ് ഇന്ത്യയിപ്പോള്‍. ഇതിന് പ്രധാനപ്പെട്ടയൊരു കാരണം ഇന്‍കുബേഷന്‍ സെന്‍ററുകളാണ്. കേന്ദ്ര സർക്കാരിന്‍റെ കീഴിലുള്ള ഡിപ്പാർട്ട്മെന്‍റ്    ഓഫ്  സയന്‍സ് ആന്‍ഡ് ടെക്നോളജിയുടെ ധന സഹായത്തോടെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി നൂറിലേറെ ഇന്‍ക്യുബേഷന്‍ സെന്‍ററുകള്‍ പ്രവർത്തിക്കുന്നുണ്ട്.  ഐ ഐ ടി ഉള്‍പ്പടെ രാജ്യത്തെ മുന്‍നിര വിദ്യാഭ്യാസ സ്ഥാപനങ്ങളിലെല്ലാം തന്നെ ഇന്‍ക്യുബേറ്ററുകള്‍ പ്രവർത്തിക്കുന്നുണ്ട്.

ഇന്‍കുബേറ്ററുകള്‍ കേരളത്തില്‍

സ്റ്റാർട്ടപ് സംസ്കാരത്തിന്‍റെ ആവേശം ഉള്‍ക്കൊണ്ട് കേരളത്തിലും നിരവധി ഇന്‍ക്യുബേഷന്‍ സെന്‍ററുകള്‍ ഉദയം ചെയ്തിട്ടുണ്ട്.

1.      ടെക്നോ പാർക്ക് ടി ബി ഐ  (കേരള സ്റ്റാർട്ടപ് മിഷന്‍)

2002 ല്‍ പ്രവർത്തനം ആരംഭിച്ച ഇത് കേരളത്തിലെ ആദ്യ ഇന്‍ക്യുബേഷന്‍ സെന്‍ററാണ്. 2006 ലാണ് ഇത് ടെക്നോളജി ബിസിനസ് ഇന്‍ക്യുബേഷന്‍ കേന്ദ്രമായി വികസിപ്പിച്ചത്. കേന്ദ സർക്കാരിന്‍റെ കീഴിലുള്ള                                                   ഡിപ്പാർട്ട്മെന്‍റ്    ഓഫ്  സയന്‍സ് ആന്‍ഡ് ടെക്നോളജിയുടെ സഹായത്തോടെയായിരുന്നു വികസനം. 20000 ചതുരശ്ര അടിയില്‍ സ്റ്റാർട്ടപ് സൌകര്യങ്ങളൊരുക്കിയിട്ടുള്ള ഇവിടെ ആദ്യ പത്ത് വർഷം കൊണ്ട് ഇരുനൂറിലേറെ സ്റ്റാർട്ടപുകളാണ് ഉദയം ചെയ്തത്. 2015 ല്‍ ഇത് കേരളാ സർക്കാരിന്‍റെ കീഴിലായപ്പോള്‍ പേര് കേരളാ സ്റ്റാർട്ടപ് മിഷന്‍ എന്നാക്കി. മൂന്ന് ഘട്ടങ്ങളിലായിട്ടാണ് ഇന്‍ക്യുബേഷന്‍ ഒരുക്കിയിട്ടുള്ളത്. പ്രി ഇന്‍ക്യുബേഷന്‍ (3 – 6 മാസം). ഇന്‍ക്യുബേഷന്‍ (6 – 12 മാസം), ആക്സിലറേറ്റർ (3 – 6 മാസം). ആകെ ഒരു വർഷം മുതല്‍ 2 വർഷം വരെയാണ് പ്രവർത്തിക്കാനാവുക. കൂടുതല്‍ വിവരങ്ങള്‍ക്ക് https://startupmission.kerala.gov.in/ സന്ദർശിക്കുക.  

2.      സ്റ്റാർട്ടപ് വില്ലേജ് കൊച്ചി  (ടെക്നോളജി ഇന്നോവേഷന്‍ സോണ്‍)

പൊതു സ്വകാര്യ പങ്കാളിത്തത്തോടെയുള്ള ഇന്ത്യയിലെ ആദ്യത്തെ സ്റ്റാർട്ടപ് ഇന്‍ക്യുബേറ്ററാണ് കളമശ്ശേരി കിന്‍ഫ്ര ഹൈടെക് പാർക്കില്‍ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ് വില്ലേജ്. കേരളത്തില്‍ നിന്ന് വളർന്ന് വന്ന സ്റ്റാർട്ടപ് കമ്പനിയായ മോബ് ബി വയർലെസ് സൊല്യൂഷന്‍സ്, തിരുവനന്തപുരം ടെക്നോപാർക്ക്, കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് എന്നിവയാണ് ഇതിന്‍റെ പ്രൊമോട്ടർമാർ. 2012 ഏപ്രിലില്‍ പ്രവർത്തനം തുടങ്ങിയ സ്റ്റാർട്ടപ് വില്ലേജ് 2016 ല്‍ കേരളാ സ്റ്റാർട്ടപ് മിഷന്‍ ഏറ്റെടുത്തു. ഇതോടെ ഇതിന്‍റെ പേര് ടെക്നോളജി ഇന്നോവേഷന്‍ സോണ്‍ എന്നാക്കി മാറ്റി. പഴയ പ്രമോട്ടർമാർ സ്റ്റാർട്ടപ് വില്ലേജിന്‍റെ ഡിജിറ്റല്‍ പതിപ്പ് എസ് വി .ഡോട്ട് (https://www.sv.co/) കോം എന്ന പേരില്‍ അവതരിപ്പിച്ചു. വിശദ വിവരങ്ങള്‍ക്ക് https://startupmission.kerala.gov.in/ സന്ദർശിക്കുക.  

3.      കിറ്റ്കോ മൈ എന്‍റർപ്രൈസസ് കൊച്ചി

കേരള സർക്കാരിന്‍റെ നിയന്ത്രണത്തിലുള്ള കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ കിറ്റ്കോ മൈ എന്‍റർപ്രൈസസ് എന്ന പേരില്‍ കൊച്ചിയിലെ വെണ്ണലയില്‍ നവ സംരംഭകർക്കായി ഇന്‍ക്യുബേഷന്‍ സൌകര്യം ഒരുക്കിയിട്ടുണ്ട്. 50 പേർക്ക് ഒരേ സമയം ഇരുന്ന് ജോലി ചെയ്യുവാനുള്ള സൌകര്യമാണ് ആദ്യ ഘട്ടത്തില്‍ ഒരുക്കിയിട്ടുള്ളത്. ടെക്നോളജി അധിഷ്ടിത സ്റ്റാർട്ടപ്പുകള്‍ക്ക് പുറമേ ബയോടെക്നോളജി, കമ്യൂണിക്കേഷന്‍ തുടങ്ങിയ മേഖലകളിലുള്ള സംരംഭകർക്കും ഇവിടെ പ്രവേശനമുണ്ട്.  കൂടുതലറിയാന്‍ http://kitco.in/services/-KITCO---Technology-Business-Incubator   സന്ദർശിക്കുക.

4.      കെ എസ് ഐ ഡി സി ഇന്‍ക്യൂബേറ്റർ

കൊച്ചിയിലെ കാക്കനാട് ഇന്‍ഫോപാർക്കിനോട് ചേർന്ന് ജിയോ ഇന്‍ഫോ പാർക്കിലാണ് സംസ്ഥാന വ്യവസായ വികസന കോർപ്പറേഷന്‍റെ ബിസിനസ് ഇന്‍ക്യുബേഷന്‍ സെന്‍റർ. വിവര സാങ്കേതിക മേഖലകളിലേയും ഇലക്ട്രോണിക്സ് മേഖലയിലേയും സ്റ്റാർട്ടപ്പുകളെ ലക്ഷ്യം വച്ചുള്ള ഇത് 2014 നവംബറിലാണ് പ്രവർത്തനം തുടങ്ങിയത്. 4600 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഈ ഇന്‍ക്യുബേഷന്‍ സെന്‍ററില്‍ 124 സീറ്റാണുള്ളത്.  വിശദാംശങ്ങള്‍ക്ക് https://www.ksidc.org കാണുക.

5.      ടി ബി ഐ, കോഴിക്കോട് എന്‍ ഐ ടി

കോഴിക്കോടെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി സ്വന്തം നിലയില്‍ സ്വന്തം നിലയില്‍ ഇന്‍ക്യുബേറ്റർ സ്ഥാപിച്ചിട്ടുണ്ട്. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്‍റേയും (DST) ദേശീയ ശാസ്ത്ര സാങ്കേതിക സംരംഭകത്വ വികസന ബോർഡിന്‍റേയും (NSTEDB) സഹായത്തോടെയാണ് കേന്ദ്രം പ്രവർത്തിക്കുന്നത്. ഐ ടി, ഇലക്ട്രോണിക്സ് എന്നീ മേഖലകളിലെ സ്റ്റാർട്ടപ്പുകള്‍ക്കാണ് ഇന്‍ക്യുബേഷന്‍ സൌകര്യം ലഭിക്കുക. കുറഞ്ഞ നിരക്കിലാണ് സൌകര്യം ഒരുക്കിയിട്ടുള്ളത്. മൂന്ന് വർഷം വരെ പ്രവർത്തിക്കുവാനാകും. വെബ് അഡ്രസ് http://tbi.nitc.ac.in/

6.      എന്‍ ആർ ഐ ഇന്‍ക്യുബേഷന്‍ കൊച്ചി

വിദേശ ഇന്ത്യക്കാർക്കായി രാജ്യത്ത് ആരംഭിച്ച ആദ്യ ഇന്‍ക്യുബേഷന്‍ കേന്ദ്രമാണ് കൊച്ചി ഇന്‍ഫോപാർക്കിലെ എന്‍ ആർ ഐ ടി ബി ഐ. ഇന്‍ഫോ പാർക്കിലെ തപസ്യ ബില്‍ഡിങ്ങില്‍ 2500 ചതുരശ്ര ആടിയില്‍ സൌകര്യമൊരുക്കിയിരിക്കുന്നയിവിടെ പ്രവാസി മലയാളികള്‍ക്ക് ചുരുങ്ങിയ ചിലവില്‍ സ്റ്റാർട്ടപ്പുകള്‍ ആരംഭിക്കുവാന്‍ കഴിയും. തിരുവനന്തപുരം ടെക്നോപാർക്ക് ടി ബി ഐ, കൊച്ചി ഇന്‍ഫോ പാർക്ക്, നോർക്ക എന്നിവയുടെ പങ്കാളിത്തത്തോടെയാണ് ഇത് ആരംഭിച്ചിരിക്കുന്നത്. കേന്ദ്ര ശാസ്ത്ര, സാങ്കേതിക വകുപ്പിന്‍റെ പിന്തുണയുമുണ്ട്.  ഇലക്ട്രോണിക്സ് ആന്‍ഡ് എംബഡഡ് സിസ്റ്റം, ടെലി കമ്യൂണിക്കേഷന്‍ ആന്‍ഡ് മൊബൈല്‍ ടെക്നോളജി, വിവിധ മേഖലകള്‍ക്ക് ആവശ്യമായ ടെക്നോളജി ആപ്ലിക്കേഷനുകള്‍, ഫ്യൂച്ചർ ഫാമിങ്ങ് ടെക്നോളജി എന്നീ രംഗങ്ങളിലുള്ള സ്റ്റാർട്ടപ്പുകള്‍ക്കാണ് ഇവിടെ അവസരമുള്ളത്.  വെബ് അഡ്രസ് https://www.nritbi.in/.

7.      നാസ്കോം സ്റ്റാർട്ട് അപ്പ് വെയർഹൌസ്, കൊച്ചി

സോഫ്റ്റ്വേർ കമ്പനികളുടെ ട്രേഡ് അസോസിയേഷനായ നാസ്കോം രാജ്യത്ത് 10000 സ്റ്റാർട്ടപ്പുകള്‍ക്ക് അവസരമൊരുക്കുവാന്‍ ലക്ഷ്യമിട്ട് തുടക്കം കുറിച്ചിരിക്കുന്ന പദ്ധതിയാണ് സ്റ്റാർട്ടപ്പ് വെയർ ഹൌസുകള്‍. ടെക്നോളജി സ്റ്റാർട്ടപ്പുകള്‍ക്കാണ് ഇവിടെ അടിസ്ഥാന സൌകര്യം ലഭിക്കുക. നിക്ഷേപകർ, മെന്‍റർമാർ, വന്‍കിട കമ്പനികളുടെ പ്രതിനിധികള്‍ എന്നിവരുമായി ബന്ധമുണ്ടാക്കാനും നാസ്കോമിന്‍റെ സ്റ്റാർട്ടപ്പ് വെയർ ഹൌസുകള്‍ അവസരമൊരുക്കുന്നു. കൊച്ചി ഇന്‍ഫോ പാർക്കിലാണ് കേതളത്തിലെ സ്റ്റാർട്ടപ്പ് വെയർഹൌസ്. കൊച്ചിക്ക് പുറമേ ബാംഗ്ലൂരു, ചെന്നൈ, മുംബൈ, പൂനൈ, കൊല്‍ക്കത്ത, ഹൈദരാബാദ്, വിശാഖപട്ടണം, നോയിഡ, ഗുഡ്ഗാവ് എന്നിവിടങ്ങളിലൊക്കെ നാസ്കോമിന് ഇത്തരം കേന്ദ്രങ്ങളുണ്ട്. ഇവിടെ പ്രവേശനം ലഭിക്കുന്ന സംരംഭങ്ങള്‍ക്ക് സ്റ്റാർട്ടപ് കിറ്റുള്‍പ്പെടെയുള്ള സൌകര്യങ്ങള്‍ ലഭിക്കും. മാത്രവുമല്ല ഓഫീസ് സ്പേസിന് കുറഞ്ഞ വാടകയേ ഈടാക്കുന്നുള്ളു. വിശദ വിവരങ്ങള്‍ക്ക് http://10000startups.com/ നോക്കുക.

8.      ടെക്നോളജി ബിസിനസ് സെന്‍റർ, കൊച്ചി

കൊച്ചി നഗര മധ്യത്തില്‍ കലൂരില്‍ ടെക്നോളജി സ്റ്റാർട്ടപ്പുകള്‍ക്കായി ബിസിനസ് സെന്‍റർ പ്രവർത്തിക്കുന്നുണ്ട്. സംസ്ഥാന ഐ ടി മിഷന് കീഴില്‍ പ്രവർത്തിച്ചിരുന്ന ഐ ടി ഇ എസ് ഹാബിറ്റാറ്റ് സെന്‍റർ 2013 ല്‍ ഇൻഫോ പാർക്ക് ഏറ്റെടുക്കുകയായിരുന്നു. അതോടെയാണ് ടെക്നോളജി ബിസിനസ് സെന്‍റർ എൻ്നായി മാറിയത്. ഏതാണ്ട് 15000 ചതുരശ്ര അടി സ്ഥലമാണ് ഇവിടെയുള്ളത്. 400 പേർക്ക് ഒരേ സമയം ജോലി ചെയ്യുവാനുള്ള സൌകര്യമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.infopark.in/ നോക്കുക.

9.      ഇ വൈ ആക്സിലറേറ്റർ

പ്രമുഖ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ഏണസ്റ്റ് ആന്‍ഡ് യങ്ങും കേരളാ സ്റ്റാർട്ടപ്പ് മിഷനും ചേർന്ന് തിരുവനന്തപുരം കിന്‍ഫ്ര ഫിലിം ആന്‍ഡ് വീഡിയോ പാർക്കില്‍ സ്റ്റാർട്ടപ്പ് ആക്സിലറേറ്റർ കേന്ദ്രം നടത്തുന്നുണ്ട്. കെ എസ് യു എം – ഇ യു ആക്സിലറേറ്റർ എന്ന പേരില്‍ ഈ കേന്ദ്രം കിന്‍ഫ്ര പാർക്കിലെ ദൃശ്യ ബില്‍ഡിങ്ങില്‍ 1500 ചതുരശ്ര അടിയിലാണ് പ്രവർത്തിക്കുന്നത്. സ്റ്റാർട്ടപ്പ് സംരംഭകർക്ക് ആറ് മാസത്തെ നേതൃത്വ – സംരംഭകത്വ പരിശീലനമാണ് ഇവിടെ നല്‍കുന്നത്. ബിസിനസ്സ് സ്ട്രാറ്റജി, ഫിനാന്‍സ്, എച്ച് ആര്‍ ഇന്‍വെസ്റ്റ്മെന്‍റ് പ്രൊപ്പോസല്‍, ടെക്നോളജി രംഗത്തെ പുതിയ ട്രെന്‍ഡുകള്‍, വിപണി ഗവേഷണം എന്നിവയെക്കുറിച്ചുള്ള മാർഗ്ഗ നിർദ്ദേശങ്ങളാണ് ഇവിടെ നിന്നും ലഭിക്കുന്നത്. വിശദ വിവരങ്ങള്‍ക്ക് https://startupmission.kerala.gov.in/ksum-ey നോക്കുക.

10.  അമൃത ടി ബി ഐ കൊല്ലം

അമൃത യൂണിവേഴ്സിറ്റി കേന്ദ്ര സർക്കാരിന്‍റെ പിന്തുണയോടെ ആരംഭിച്ചിരിക്കുന്ന കേന്ദ്രമാണ് കൊല്ലം ജില്ലയിലെ വള്ളിക്കാവിലുള്ള അമൃതപുരി കാമ്പസിലുള്ള അമൃത ടി ബി ഐ. ഇന്‍ക്യുബേഷന് പുറമേ സ്റ്റാർട്ടപ്പുകള്‍ക്ക് ഫണ്ടിങ്ങ് സൌകര്യങ്ങളും ഒരുക്കിക്കൊടുക്കുന്നു. ബാംഗ്ലുരു, കോയമ്പത്തൂർ എന്നിവിടങ്ങളിലെ അമൃത കാമ്പസുകളിലും ടി ബി ഐ പ്രവർത്തിക്കുന്നുണ്ട്. https://www.amritatbi.com/ എന്നതാണ് വെബ് വിലാസം.

11.  സി ഇ ടി - ടി ബി ഐ

സംസ്ഥാന സർക്കാർ, കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയം എന്നിവയുടെ പിന്തുണയോടെ തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനിയറിങ്ങ് കാമ്പസില്‍ ടെക്നോളജി ബിസിനസ് ഇന്‍ക്യുബേറ്റർ പ്രവർത്തിക്കുന്നുണ്ട്. പരിശീലനം, സീഡ് ഫണ്ടിങ്ങ് എന്നിവയും ഒരുക്കിക്കൊടുക്കുന്നുണ്ട്. കൂടുതല്‍ അറിയാന്‍ http://www.cettbi.in/ സന്ദർശിക്കുക.

12.  അമല്‍ ജ്യോതി - ടി ബി ഐ കാഞ്ഞിരപ്പള്ളി

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയിലുള്ള അമല്‍ ജ്യോതി കോളേജ് ഓഫ് എഞ്ചിനിയറിങ്ങിന് കീഴില്‍ ടെക്നോളജി ബിസിനസ്സ് ഇന്‍ക്യുബേറ്റർ പ്രവർത്തിക്കുന്നുണ്ട്. സ്റ്റാർട്ടപ്പ്സ് വാലി എന്നാണ് പേര്. ഫിനിഷഡ് ഓഫീസ് സ്പേസ്, പ്രി ഇന്‍ക്യുബേഷന്‍, വിർച്വല്‍ ഇന്‍ക്യുബേഷന്‍ തുടങ്ങിയ സൌകര്യങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. കേന്ദ്ര ശാസ്ത്ര – സാങ്കേതിക വകുപ്പിന്‍റെ സഹകരണത്തോടെയാണ് ഈ ഇന്‍ക്യുബേറ്റർ പ്രവർത്തിക്കുന്നത്. കോളേജ് വിദ്യാർത്ഥികള്‍ക്ക് മാത്രമല്ല പുറത്ത് നിന്നുള്ള സ്റ്റാർട്ടപ്പുകള്‍ക്കും ഇവിടെ സൌകര്യം ലഭിക്കും.

13.  ടെക്നോ ലോഡ്ജ്

പി പി പി (പബ്ലിക് പ്രൈവറ്റ് പാർട്ണർഷിപ്പ്) മോഡലില് പ്രവർത്തിക്കുന്ന ഇന്‍ക്യുബേഷന്‍ സെന്‍ററാണിത്. ടെക്നോളജി അധിഷ്ടിത സംരംഭങ്ങള്‍ക്കായുള്ള ഇതിന്‍റെ ചെയർമാന്‍ മുഖ്യമന്ത്രിയാണ്. എറണാകുളം ജില്ലയിലെ പിറവത്തിനടുത്തുള്ള കാക്കൂരാണ് ഈ ഇന്‍ക്യുബേഷന്‍ സെന്‍റർ. 40 സ്റ്റാർട്ടപ്പുകള്‍ക്കുള്ള സ്ഥലം ഇവിടെയുണ്ട്. ഇത് വരെ 28 കമ്പനികള്‍ ഇവിടെ നിന്നും ഇന്‍ക്യുബേറ്റ് ചെയ്ത് കഴിഞ്ഞു.  ഇതൊരു റൂറല്‍ ഐ ടി പാർക്കാണ്. 40 കമ്പനികള്‍ക്ക് പ്രവർത്തിക്കുവാനുള്ള സൌകര്യത്തോടെ ഇപ്പോള്‍ കോട്ടയം നഗരത്തിലും ടെക്നോ ലോഡ്ജ് ആരംഭിച്ചിട്ടുണ്ട്.  കൂടുതല്‍ വിവരങ്ങള്‍ക്ക് http://technolodge.in/ കാണുക.

14.  മേക്കർ വില്ലേജ്, കൊച്ചി
ഇലക്ട്രോണിക്സ്, റോബോട്ടിക്സ്, ഇന്‍റർനെറ്റ് ഓഫ് തിങ്സ് എന്നീ മേഖലകളിലെ സ്റ്റാർട്ടപ്പുകള്‍ക്കായുള്ള ഇന്‍ക്യുബേഷന്‍ സെന്‍ററാണ് കളമശ്ശേരി കിന്‍ഫ്ര ഹൈ – ടെക്ക് പാർക്കില്‍ പ്രവർത്തിക്കുന്ന മേക്കർ വില്ലേജ്. കേരളാ സ്റ്റാർട്ടഫ് മിഷന്‍റെ ടെക്നോളജി ഇന്നോവേഷന്‍ സോണിലാണ് 25000 ചതുരശ്രയടി വിസ്തീർണ്ണതയിലുള്ള മേക്കർ വില്ലേജ്.  കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫോർമേഷന്‍ ടെക്നോളജി വകുപ്പ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫർമേഷന്‍ ടെക്നോളജി ആന്‍ഡ് മാനേജ്മെന്‍റ് കേരള (ഐ ഐ ടി എം - കെ), സംസ്ഥാന സർക്കാരിന് കീഴിലുള്ള സ്റ്റാർട്ടപ് മിഷന്‍ എന്നിവയുടെ സംയുക്ത സംരംഭമാണിത്.  കണ്‍സ്യൂമർ ഇലക്ട്രോണിക്സ്, സ്മാർട്ട് വെയറബിള്‍സ് എന്നിവ വികസിപ്പിക്കുന്ന നൂതന സംരംഭങ്ങള്‍ക്ക് ഇത് നല്ലയൊരു വേദിയായിരിക്കും.  വിശദ വിവരങ്ങള്‍ക്ക് http://www.makervillage.in/ നോക്കുക.

15.  സ്പൈസസ് ബിസിനസ്സ് ഇന്‍ക്യുബേറ്റർ, കോഴിക്കോട്

കോഴിക്കോടുള്ള ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസേർച്ചില്‍ സുഗന്ധ വ്യജ്ഞനമേഖലയിലെ നവീന ആശയങ്ങളുമായി എത്തുന്ന പുതു സംരംഭകരെ പ്രോത്സാഹിപ്പിക്കുവാനായി ഇന്‍ക്യുബേഷന്‍ സൌകര്യം ഒരുക്കിയിട്ടുണ്ട്. പരമാവധി മൂന്ന് വർഷത്തെ ഇന്‍ക്യൂബേഷനാണ് ഇവിടെ നല്‍കുന്നത്. ഈ രംഗത്തെ ഗവേഷകരുടേയും ശാസ്ത്രജ്ഞരുടേയും മാർഗ്ഗ നിർദ്ദേശങ്ങള്‍ ലഭിക്കുവാനുള്ള സൌകര്യം ഇവിടെ ഒരുക്കിയിട്ടുണ്ട്. വിശദാശംങ്ങള്‍ക്ക് http://www.spices.res.in/ കാണുക.

16.  അഗ്രി ബിസിനസ്സ് ഇന്‍ക്യുബേറ്റർ, കാസർകോട്

കാർഷികാധിഷ്ഠിത സംരംഭങ്ങള്‍ക്കായി കാസർകോടുള്ള കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തില്‍ (സി പി സി ആർ ഐ) അഗ്രി ബിസിനസ് ഇന്‍ക്യുബേഷന്‍ സെന്‍റർ പ്രവർത്തിക്കുന്നുണ്ട്. നാളികേരത്തില്‍ നിന്നുള്ള മൂല്യവർദ്ധിത ഉല്‍പ്പന്നങ്ങള്‍ക്കാണ് ഇവിടെ മുന്‍ഗണന ലഭിക്കുന്നത്. ഇവിടെയെത്തുന്ന പുതു സംരംഭകർക്ക് ഉല്‍പ്പാദന സൌകര്യം ഉള്‍പ്പെടെ ലഭിക്കുന്നതാണ്. ചെറിയൊരു തുക സർവീസ് ചാർജ്ജായി നല്‍കേണ്ടതുണ്ട്. വിപണനം, പ്രൊജക്ട് റിപ്പോർട്ട് തയ്യാറാക്കാല്‍ എന്നിവയ്ക്കാവശ്യമായ സഹായങ്ങളും ലഭ്യമാണ്. കൂടുതലറിയാന്‍ http://www.cpcri.gov.in/ സന്ദർശിക്കുക.

17.  സിഫ്റ്റ് അഗ്രി ബിസിനസ്സ് ഇന്‍ക്യുബേറ്റർ, കൊച്ചി

മത്സ്യ  സമ്പത്ത് ഉള്‍പ്പടെയുള്ള കാർഷികാധിഷ്ഠിത മേഖലയിലെ സംരംഭങ്ങള്‍ക്കായിട്ടുള്ള ഇന്‍ക്യുബേഷന്‍ കേന്ദ്രമാണ് കൊച്ചിയിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയുടെ കീഴിലുള്ളത്.  നാഷണല്‍ അഗ്രിക്കള്‍ച്ചർ ഇന്നോവേഷന്‍ ഫണ്ട് പദ്ധതിക്ക് കീഴിലാണ് ഈ അഗ്രി – ബിസിനസ്സ് ഇന്‍ക്യുബേറ്റർ പ്രവർത്തിക്കുന്നത്. കാർഷികാധിഷ്ഠിത വ്യവസായ രംഗത്തെ നൂതനാശയങ്ങള്‍ വാണിജ്യ സംരംഭങ്ങളാക്കി മാറ്റാന്‍ സഹായിക്കുന്നതാണ് ഈ ഇന്‍ക്യുബേറ്റർ. രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളിലുള്ള സംരംഭങ്ങള്‍ക്ക് വിർച്വല്‍ ഇന്‍ക്യുബേഷന്‍ സൌകര്യവും ഇവിടെയുണ്ട്. വെബ് വിലാസം http://www.cift.res.in/.

18.   കുഫോസ് ഫിഷറീസ് ഇന്‍ക്യുബേറ്റർ, കൊച്ചി

ഫിഷറീസ്, സമുദ്ര സമ്പത്ത്, അഗ്രി ബിസിനസ്, റൂറല്‍ ഇന്‍ഡസ്ട്രീസ് എന്നീ മേഖലകള്‍ക്ക് ഊന്നല്‍ നല്‍കുന്നതാണ് കേരളാ യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസ് നടത്തുന്ന ഇന്‍ക്യുബേഷന്‍ കേന്ദ്രം. കൊച്ചി പനങ്ങാട് കുഫോസ് ക്യാമ്പസിലാണ് ഇത് പ്രവർത്തിക്കുന്നത്. വിവരങ്ങള്‍ക്ക് https://www.kufos.ac.in/.

19.  ബയോടെക്നോളജി ഇന്‍ക്യുബേറ്റർ, കൊച്ചി

എറണാകുളം, കളമശ്ശേരി കിന്‍ഫ്ര ഹൈടെക് പാർക്കിലെ കേരള ടെക്നോളജി ഇന്നോവേഷന്‍ സോണിലാണ് ബയോടെക്നോളജി ഇന്‍ക്യുബേഷന്‍ സെന്‍റർ പ്രവർത്തിക്കുന്നത്. 25000 ചതുരശ്രയടി വിസ്തീർണ്ണമുള്ള ബയോടെക്നോളജി ഇന്‍ക്യുബേഷന്‍ കേന്ദ്രത്തിന്‍റെ പ്രവർത്തനം കേരളാ സ്റ്റാർട്ടപ് മിഷന് കീഴിലാണ്.  രാജീവ് ഗാന്ധി സെന്‍റർ ഫോർ ബയോടെക്നോളജിയുടെ മേല്‍ നോട്ടത്തിലാണ് പ്രവർത്തനം. കേന്ദ്ര ബയോടെക്നോളജി വകുപ്പിന്‍റെ സാമ്പത്തിക സഹായത്തോടെ ആർ ജി ബി സി ബി നൂതന ഗവേഷണ ലാബ് ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. വിവരങ്ങള്‍ക്ക് https://startupmission.kerala.gov.in/ കാണുക.  

20.  ട്യൂബർ ക്രോപ്സ് റിസേർച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം

കിഴങ്ങ് വർഗ്ഗങ്ങളില്‍ നിന്നും വ്യത്യസ്ത മൂല്യവർദ്ധിത ഉല്‍പ്പന്നങ്ങളുണ്ടാക്കുവാന്‍ താല്‍പ്പര്യമുള്ള   നവ സംരംഭകരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സെന്‍റർ ട്യൂബർ ക്രോപ്സ് റിസേർച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് തിരുവനന്തപുരത്ത് ഇന്‍ക്യുബേഷന്‍ സെന്‍റർ സ്ഥാപിച്ചിരിക്കുന്നത്. ടെക്നോ ഇന്‍ക്യുബേഷന്‍ സെന്‍റർ എന്ന പേരിലാണിത്. സംസ്ഥാന കൃഷി വകുപ്പിന്‍റെ കൂടി പിന്തുണയോട് കൂടിയാണിത് പ്രവർത്തിക്കുന്നത്. കൂടുതലറിയുവാന്‍ http://www.ctcri.org/techno.php നോക്കുക.

21.  ടെക്നോളജി ഇന്‍ക്യുബേറ്റർ ഫോർ മെഡിക്കല്‍ ഡിവൈസസ്, തിരുവനന്തപുരം

മെഡിക്കല്‍ ഉപകരണങ്ങള്‍ക്കും ബയോമെറ്റീരിയില്‍ സ്റ്റാർട്ടപ്പുകള്‍ക്കും വേണ്ടിയുള്ള ഇന്ത്യയിലെ ആദ്യ ഇന്‍ക്യുബേഷന്‍ കേന്ദ്രമാണ് തിരുവനന്തപുരത്ത് ശ്രീ ചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി (എസ് സി ടി ഐ എം എം എസ് ടി) കീഴില്‍ പ്രവർത്തിക്കുന്നത്. ഇന്‍ക്യുബേറ്റർ ഫോർ മെഡിക്കല്‍ ഡിവൈസസ് എന്ന ഈ കേന്ദ്രം ടിമെഡ് എന്ന ചുരുക്കപ്പേരിലാണ് അറിയപ്പെടുന്നത്. 2015 ലാണ് ഇത് പ്രവർത്തനം തുടങ്ങിയത്. കെ എസ് ഐ ഡി സി, കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയം എന്നിവയുടെ പിന്തുണയോടെയാണ് ഇതിന്‍റെ പ്രവർത്തനം.

മെഡിക്കല്‍ ഉപകരണങ്ങളും മെഡിക്കല്‍ ടെക്നോളജിയും വികസപ്പിക്കുവാന്‍ പുതു സംരംഭകർക്കും ശാസ്ത്രകാരന്‍മാർക്കും അവസരമൊരുക്കുന്നതാണ് ടിമെഡ്. 50000 ചതുരശ്രയടി വിസ്തീർണ്ണമുള്ള കേന്ദ്രത്തില്‍‌ ഏഫീസ് സ്പേസ്, ലാബ് സൌകര്യങ്ങള്‍ എന്നിവയൊക്കെ ലഭ്യമാണ്.  കൂടുതല്‍ വിവരങ്ങള്‍ക്ക് http://timed.org.in/.

22.  അഗ്രോ പാർക്ക് പിറവം

കാർഷിക മൂല്യവർദ്ധിത സംരംഭങ്ങള്‍ക്കായുള്ള സ്വകാര്യ മേഖലയിലെ ഇന്‍ക്യുബേറ്ററാണിത്.  കേരളത്തിലെ ആദ്യ സ്വകാര്യ ഇന്‍ക്യുബേഷന്‍ സെന്‍ററാണിത്. എറണാകുളം ജില്ലയിലെ പിറവത്താണിതുള്ളത്. പുതിയ സാങ്കേതിക വിദ്യ പഠിക്കുവാനും യന്ത്രങ്ങളുപയോഗിച്ച് പുതിയ ഉല്‍പ്പന്നങ്ങള്‍ നിർമ്മിച്ച് വിപണി പരീക്ഷണം നടത്തുവാനും ഇവിടെ അവസരമുണ്ട്.  എല്ലാ രണ്ടാം ശനിയാഴ്ചയും എം എസ് എം ഇ ക്ലിനിക് ഇവിടെയുണ്ട്. കൂടാതെ വിവിധ വിഷയങ്ങളെപ്പറ്റിയുള്ള പരിശീലന ക്ലാസുകളും ലഭ്യമാണ്. കുടുതലറിയാന്‍ http://www.keralaagropark.com/ സന്ദർശിക്കുക.

Saturday, 29 September 2018

മാറ്റങ്ങളുമായി ഭക്ഷ്യ സംസ്കരണ വ്യാവസായിക രംഗം



മനുഷ്യന്‍ ഉള്ളിടത്തോളം കാലം നില നില്‍ക്കുന്നയൊരു വ്യവസായമേത് എന്ന് ചോദിച്ചാല്‍ ഭക്ഷ്യ സംസ്കരണമെന്ന് മറുപടി പറയുവാന്‍ ശങ്കിക്കേണ്ടതില്ല.  ആയതിനാല്‍ത്തന്നെ ഏറെ സംരംഭക സാധ്യതയുള്ളയൊന്നാണിത്. കാരണം എല്ലാ മനുഷ്യർക്കും വ്യത്യാസേതുമില്ലാതെ വേണ്ടയൊന്നാണ് ഭക്ഷണമെന്നത്.  കോടികളുടെ വ്യവസായ മേഖലയാണിത്.  കാർഷിക ഭക്ഷ്യ സംസ്കരണം, മത്സ്യ മാംസാദികളുടെ സംസ്കരണം അങ്ങനെ നിരവധിയായ ഉപ വിഭാഗങ്ങളുമായി മുന്നേറിക്കൊണ്ടിരിക്കുകയാണ് ഈ രംഗം. ആയതിനാല്‍ത്തന്നെ സാങ്കേതിക ലോകത്ത് വരുന്ന ഏതാണ്ടെല്ലാ മാറ്റങ്ങളും ഈ മേഖലയില്‍ ചലനങ്ങള്‍ സൃഷ്ടിക്കാറുണ്ട്. വിഷമില്ലാത്ത ഭക്ഷണത്തിന് മനുഷ്യർ ഏറെ പ്രാമുഖ്യം നല്‍കുന്ന കാലഘട്ടമാണിത്. ഇന്നിപ്പോള്‍ നിരവധി സാങ്കേതിക മാറ്റങ്ങള്‍ ഈ രംഗത്ത് വന്നിട്ടുമുണ്ട്. പുതിയ സാങ്കേതിക വിദ്യ, ഉപകരണങ്ങള്‍ തുടങ്ങിയവയിലെല്ലാം ഏറെ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. വ്യാവസായിക രംഗത്ത് വരുന്ന  മാറ്റങ്ങളനുസരിച്ച് ക്രിയാത്മകമായി പ്രതികരിക്കുവാന്‍ കഴിയുന്നില്ലാത്തവർ വിപണിയില്‍ പിന്നാക്കം പോകുമെന്നതിന് പക്ഷാന്തരമില്ല.  ഭക്ഷ്യ സംസ്കരണത്തില്‍ മാത്രമല്ല, ഫുഡ് പ്രിസർവേഷന്‍, ഫുഡ് പാക്കിങ്ങ് എന്നിവയിലൊക്കെത്തന്നെ നിരവധി സാങ്കേതിക വിദ്യകള്‍ ഉടലെടുത്തിട്ടുണ്ട്.  ചില മാറ്റങ്ങളെ നമുക്കൊന്ന് പരിചയപ്പെടാം.


ഫോർവേഡ് ഓസ്മോസിസ്


റിവേഴ്സ് ഓസ്മോസിസ് എന്ന പദം പൊതുവേ സുപരിചിതമാണ്. എന്നാല്‍ ഫോർവേഡ് ഓസ്മോസിസ് എന്നത് താരതമേന്യ പുതിയൊരു സാങ്കേതിക വിദ്യയാണ്.  ഭക്ഷ്യ സംസ്കരണ രംഗത്ത് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ദ്രവ രൂപത്തിലുള്ള വസ്തുക്കളുടെ ജലാംശം നീക്കി അതിന്‍റെ കോണ്‍സന്‍ട്രേഷന്‍ കൂട്ടുക എന്നത്. ക്ഷീര വ്യവസായം പോലുള്ളവയില്‍ ഇത് ഏറെ പ്രധാനപ്പെട്ട ഒന്നാണ്. ബാഷ്പീകരണം, റിവേഴ്സ് ഓസ്മോസിസ്, സ്പ്രേ ഡ്രയർ  എന്നിങ്ങനെയുള്ള പലതും ആവ്യശ്യാനുസരണം ഇത്തരം വ്യവസായ പ്ലാന്‍റുകളില്‍ ഉപയോഗിക്കാറുണ്ട്. സാധാരണയായി ഉയർന്ന മർദ്ദത്തിലാണ് റിവേഴ്സ് ഓസ്മോസിസ്, ബാഷ്പീകരണം ചെയ്യുന്നത്. എന്നാല്‍ സാധാരണയായി കുറഞ്ഞ മർദ്ദത്തിലാണ് ഫോർവേഡ് ഓസ്മോസിസ് എന്ന പരിപാടി ചെയ്യുന്നത്. ആയതിനാല്‍ത്തന്നെ കൂടുതല്‍ ചൂട് ഉണ്ടാക്കുന്നില്ല. ഭക്ഷ്യ വസ്തുക്കളിലെ പ്രോട്ടീന്‍  നഷ്ടപ്പെടാതെ ഗുണമേന്മ കാത്ത് സൂക്ഷിക്കുവാന്‍ ഇത് വഴി കഴിയുന്നു. ക്ഷീര വ്യവസായത്തില്‍ മാത്രമല്ല ജ്യൂസ് തുടങ്ങിയ ഭക്ഷ്യ സംസ്തരണത്തിലും ഇതിന് വളരെ പ്രസക്തിയുണ്ട്.


മൈക്രോ വേവ് ഹീറ്റിങ്ങ്


ലോക വ്യാപകമായി ഉയർന്ന് വരുന്നയൊരു സാങ്കേതിക വിദ്യയാണ് മൈക്രോ ഹീറ്റിങ്ങ്. കുറഞ്ഞ സമയം, ഉയർന്ന കാര്യക്ഷമത തുടങ്ങിയവ എടുത്ത് പറയേണ്ട മേന്മകളാണ്. മൈക്രോ വേവുകള്‍ നേരിട്ട് ഭക്ഷ്യ വസ്തുക്കളിലെത്തുന്നുവെന്നതാണ് ഇതിന്‍റെ ഗുണം. വീടുകളിലുപയോഗിക്കുന്ന മൈക്രോ വേവുകളുടെ അതേ സാങ്കേതിക വിദ്യ വ്യവസായികമായി  ഉപയോഗിക്കുന്നതാണിവിടെ. ക്ഷീര വ്യവസായത്തില്‍ പാസ്ച്റൈസേഷന് ഇതിപ്പോള്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. 


എക്സ്ട്രൂഷന്‍ പോറോസിഫിക്കേഷന്‍ ടെക്നോളജി


സ്പ്രേ ഡ്രൈയിങ്ങ് എന്നത് ഭക്ഷ്യ സംസ്കരണ വ്യവസായങ്ങളില്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഒരു സാങ്കേതിക വിദ്യയാണ്. പാല്‍പ്പൊടി, തേയിലപ്പൊടി തുടങ്ങിയവയുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്നതും ഈ സാങ്കേതിക വിദ്യയാണ്. എന്നാലിതിന് വളരെയധികം വൈദ്യുതി ചിലവാകുന്നുണ്ട്. എന്നാലിതിന് ബദലായി കണ്ട് പിടിക്കപ്പെട്ടിട്ടുള്ള സാങ്കേതിക വിദ്യയാണ് വളരെ കുറഞ്ഞ താപ നിലയില്‍ പ്രവർത്തിക്കുന്ന Extrusion Personification Technology എന്നത്.  അതിനാല്‍ത്തന്നെ ഭക്ഷ്യ വസ്തുക്കളുടെ ഗുണ നിലവാരം കുറയാതെ കാത്ത് സൂക്ഷിക്കുവാന്‍ കഴിയുന്നു. വളരെ വിസ്കസ് ആയിട്ടുള്ള ഭക്ഷ്യ വസ്തുക്കളാണ് കൂടുതലും ഈ സാങ്കേതിക വിദ്യ മൂലം ഡ്രൈ ചെയ്യുന്നത്. സാധാരണ സ്പ്രേ ഡ്രൈയിങ്ങിനേക്കാള്‍ 20 – 40 ശതമാനം ഊർജ്ജം കുറവാണ് ഈ പ്രോസസിങ്ങിന്.


ഷോക്ക് വേവ് ടെക്നോളജി


മീറ്റ് പ്രോസസിങ്ങിനാണ് ഈ സാങ്കേതിക വിദ്യ ഉപയോഗിക്കപ്പെടുന്നത്. മീറ്റിന്‍റെ ഗുണമേന്‍മ നില നീർത്തുന്നതിനാണ് പ്രധാനമായും ഇതുപയോഗിക്കുന്നത്. മാസം, മത്സ്യം തുടങ്ങിയവയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് അവയുടെ ആർദ്രത (Tenderness) നില നിർത്തേണ്ടത് വളരെ ആശ്യമാണ്. ഇതാണ് ഈ പ്രോസസിങ്ങിലൂടെ സാധ്യമാവുന്നത്. മീറ്റ് പ്രോസസിങ്ങ് രംഗത്ത് വലിയ കുതിച്ച് ചാട്ടത്തിന് ഈ സാങ്കേതിക വിദ്യ സഹായകരമാകുമെന്നാണ് കരുതപ്പെടുന്നത്.


പോസ്റ്റ് ഹാർവെസ്റ്റിങ്ങ് ലോസ്സ് തടയുക


കർഷകർ വിളവെടുക്കുന്നത് മുതല്‍ തീന്‍ മേശയില്‍ എത്തുന്നത് വരെയുള്ള കാലഘട്ടമാണ് പോസ്റ്റ് ഹാർവെസ്റ്റിങ്ങ് എന്നറിയപ്പെടുന്നത്. അത് മൂല്യ വർദ്ധിത ഉല്‍പ്പന്നങ്ങളാക്കി മാറ്റുന്നത് വരെയുള്ള സമയങ്ങളില്‍ നിരവധി പ്രോസസിങ്ങിലൂടെ കടന്ന് പോവുന്നുണ്ട്. ഇവിടെയൊക്കെയും ഭക്ഷ്യ വസ്തുക്കള്‍ നഷ്ടമാവാറുണ്ട്. ഇതാണ് പോസ്റ്റ് ഹാർവെസ്റ്റ് ലോസ്സ് എന്നറിയപ്പെടുന്നത്. വിളവെടുക്കുന്ന കാർഷിക വസ്തുക്കളുടെ ഏകദേശം 30 ശതമാനം ഇങ്ങനെ പാഴായിപ്പോകുന്നുവെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. ആഗോളമായി ഏകദേശം 1.6 ഗിഗാ ടണ്‍ ഭക്ഷ്യ വസ്തുക്കളാണ് ഉപയോഗ്യ ശൂന്യമായി ഒരു വർഷം നഷ്ടപ്പെടുന്നുവെന്നാണ് കണക്ക്. ഇതില്‍ ഏകദേശം 1,3 ഗിഗാ ടണ്ണും ഉപയോഗ യോഗ്യമായിരിക്കുന്നുവെന്നതാണ് സത്യം. ഇവിടെയാണ് സാങ്കേതിക വിദ്യകളുടെ ആവശ്യം. ഉദാഹരണമായി ആപ്പിള്‍ കൃഷിയെടുക്കാം. വിളവെടുക്കുന്ന ആപ്പിളുകളെല്ലാം തന്നെ അതേ പോലെ സൂപ്പർമാർക്കറ്റുകളില്‍ എത്തുവാന്‍ പര്യാപ്തമല്ല. എന്നാല്‍ ബാക്കിയുള്ളവ ജ്യൂസ് പോലുള്ള മൂല്യ വർദ്ധിത ഉല്‍പ്പന്നങ്ങളാക്കി മാറ്റുവാന്‍ കഴിയും. ഇത് ഇപ്പോള്‍ത്തന്നെ ചെയ്യുന്നുണ്ട്. എന്നാല്‍ ജ്യൂസ് ആക്കി മാറ്റുമ്പോള്‍ത്തന്നെ ബാക്കി വരുന്ന ആപ്പിള്‍ പള്‍പ്പ് ഭക്ഷ്യ യോഗ്യമായത് തന്നെയാണ്. ഇത്തരത്തിലുള്ള ആപ്പിള്‍ പള്‍പ്പിനെ അതിന്‍റെ ഗുണമേന്‍മ ചോരാതെ തന്നെ സ്റ്റെബിലൈസ് ചെയ്ത് മറ്റ് മൂല്യ വർദ്ധിത ഉല്‍പ്പന്നങ്ങളാക്കി മാറ്റുന്ന സാങ്കേതിക വിദ്യ കണ്ട് പിടിക്കപ്പെട്ടിട്ടുണ്ട്. ഇത് ആപ്പിളിന്‍റെ കാര്യത്തില്‍ മാത്രമല്ല മറ്റ് പഴങ്ങളിലും പച്ചക്കറികളിലും ഉപയോഗപ്പെടുത്താവുന്നതാണ്.


പള്‍സഡ് ഇലക്ട്രിക് ഫീല്‍ഡ് ടെക്നോളജി


ഇത് ഒരു ഫുഡ് പ്രിസർവേഷന്‍ ടെക്നോളജിയാണ്. സാധാരണ രീതിയില്‍ ഉപയോഗിക്കുന്ന തെർമല്‍ പ്രോസസിങ്ങിന് പകരമാണ് ഇത് ഉപയോഗിക്കുന്നത്. ഉയർന്ന വോള്‍ട്ടേജിലുള്ള വൈദ്യുതി ഫുഡ് മെറ്റീരിയലിലൂടെ കടത്തി വിടുകയാണ് ഇവിടെ ചെയ്യുന്നത്.


ഡ്രൈയിങ്ങ്


ഭക്ഷ്യ വസ്തുക്കളുടെ ബിസിനസ്സില്‍ ഏറ്റവും പ്രധാനപ്പെട്ടയൊന്നാണ് അതിന്‍റെ കയറ്റ് മതിയെന്നത്. കയറ്റി അയക്കുന്ന ഭക്ഷ്യ വസ്തുക്കള്‍ ദിവസങ്ങളോളം അല്ലെങ്കില്‍ മാസങ്ങളോളം തന്നെയോ കേടായി ഇരിക്കേണ്ടുന്നത് ഏറെ അത്യന്താപേക്ഷിതമായ ഒന്നാണ്.  അതിനാലാണ് ഡ്രൈയിങ്ങ് എന്നത് ആവശ്യമായി വന്നത്.  എണ്ണയില്ലാതെയുള്ള ഡ്രൈയിങ്ങാണ് ഇനി പ്രചാരത്തിലാകുവാന്‍ പോകുന്നത്. ഇപ്പോള്‍ത്തന്നെ ഇത് വന്നു കഴിഞ്ഞുവെന്ന് പറയാം.


വാക്വം ഡ്രൈയിങ്ങ്


ഇതിന് ഈയടുത്ത നാളിലായി ഏറെ പ്രചാരം ലഭിച്ച് കൊണ്ടിരിക്കുന്ന ഒരു സാങ്കേതിക വിദ്യയാണ് വാക്വം ഡ്രൈയിങ്ങ് എന്നത്.  ഡ്രൈയിങ്ങ് എന്നത് ഒരു മാസ്സ് ട്രാന്‍സ്ഫർ ഓപ്പറേഷന്‍ ആണ്. ഭക്ഷ്യ വസ്തുക്കളില്‍ നിന്നും ജലാംശം നീക്കുന്നതാണ് ഡ്രൈയിങ്ങ് എന്ന ഓപ്പറേഷന്‍.  ഇത് സാധ്യമാക്കുന്നത് വാക്വം ഉപയോഗിച്ചാണിവിടെ. ഡ്രൈ ചെയ്യേണ്ട വസ്തുവിന്‍റെ ചുറ്റുമുള്ള മർദ്ദം വേപ്പർ പ്രഷറിലും താഴ്ത്തിയാണ് ഇത് ചെയ്യുന്നത്. ഇത് ബോയിലിങ്ങ് പോയിന്‍റ് കുറക്കുകയും ബാഷ്പീകരണ നില കൂട്ടുകയും ചെയ്യുന്നു. ഡ്രൈയിങ്ങ് നിരക്ക് കൂടുകയാണ് ഇതിന്‍റെ ഫലം.


റേഡിയേഷന്‍ ഡ്രൈയിങ്ങ്


മൈക്രോ വേവുകള്‍ ഉപയോഗിച്ച് ഡ്രൈയിങ്ങ് നടത്തുന്ന രീതിയാണിത്. ഡ്രൈയിങ്ങ് സമയം കുറയ്ക്കുവാന്‍ കഴിയുന്നുവെന്നതാണ് ഇതിന്‍റെ ഗുണം. മറ്റ് ഡ്രൈയിങ്ങ് രീതികളോട് ചേർന്നും ഇത് ചെയ്യുവാന്‍ കഴിയും. ഇന്‍ഫ്രാ റെഡ് റേഡിയേഷനും ഇതിന് ഉപയോഗിക്കാറുണ്ട്. ക്യാരറ്റ്, ഉരുളക്കിഴങ്ങ്, കൂണ്‍, തക്കാളി തുടങ്ങിയവയെല്ലാം ഇന്‍ഫ്രാ റെഡ് റേഡിയേഷന്‍ വഴി ഡ്രൈ ചെയ്യുവാന്‍ കഴിയും. ചുറ്റുമുള്ള വായുവിന്‍റെ താപനിലക്ക് യാതൊരു മാറ്റവും സംഭവിക്കാതെ ഡ്രൈ ചെയ്യുവാന്‍ കഴിയുന്നത് ഇതിന്‍റെ പ്രത്യേകതയാണ്.


ഫ്രീസ് ഡ്രൈയിങ്ങ്


കൂടുതലായും പഴങ്ങള്‍ ഡ്രൈ ചെയ്യുന്നതിനാണ് ഈ രീതി അവലംബിക്കുന്നത്. ഫ്രീസ് ചെയ്ത് ജലാംശം നീക്കുന്നതാണ് ഈ രീതി. ഈ രീതിയില്‍ ഡ്രൈ ചെയ്ത പഴങ്ങളും മറ്റും വളരെ വേഗം സാധാരണ അവസ്ഥയിലേക്ക് കൊണ്ടു വരുവാന്‍ കഴിയുന്നു.  എന്നാല്‍ ഈ രീതി താരതമേന്യ ചിലവേറിയതാണെന്നതാണ് മറ്റൊരു കാര്യം. കൂടുതല്‍ ചൂട് ഉപയോഗിച്ചാല്‍ സ്വാഭാവിക ഗുണങ്ങള്‍ നഷ്ടപ്പെടുന്ന ഭക്ഷ്യ വസ്തുക്കള്‍ക്ക് ഏറ്റവും അനുയോജ്യമായ സംസ്കരണ രീതിയാണിത്.


ഓസ്മോട്ടിക് ഡ്രൈയിങ്ങ്


ഈ രീതിയില്‍ ഡ്രൈ ചെയ്യേണ്ട ഭക്ഷ്യ വസ്തുക്കള്‍ ഒരു ഹൈപ്പർ ടോണിക് സൊല്യൂഷനില്‍ മുക്കിയിടുന്നു. ഭക്ഷ്യ വസ്തുക്കളിലെ ജലാംശവും സൊല്യൂഷനിലെ ജലാംശവും തമ്മിലുള്ള കോണ്‍സെന്‍ട്രേഷന്‍ വ്യത്യാസമാണ് ഇവിടെ ഡ്രൈയിങ്ങിന് കാരണമാവുന്നത്. പല വസ്തുക്കളിലും അവയുടെ സ്വഭാവമനുസരിച്ച് ഈ ഡ്രൈയിങ്ങുകള്‍ ഒരുമിച്ച് ചേർത്ത് ചെയ്യാറുണ്ട്.


ഫുഡ് ഡിസൈന്‍


മാറുന്ന വ്യാവസായിക സാഹചര്യത്തില്‍ ഏറ്റവും പ്രാധാന്യമേറുന്നയൊന്നാണ് ഫുഡ് ഡിസൈന്‍ എന്നത്. ഈ വിഷയത്തില്‍ ഇന്ന് കോഴ്സുകളും ലഭ്യമാണ്. ഇന്ന് വന്‍കിട കമ്പനികള്‍ ഏറെ പ്രാധാന്യം കൊടുക്കുന്നയൊന്നാണിത്. ഭക്ഷ്യ വസ്തുവിന്‍റെ മെറ്റീരിയല്‍, ഷേപ്പ്, പാക്കിങ്ങ്, ഉപയോഗം, രുചി, ചൂട്, പേര് തുടങ്ങിയവയെല്ലാം ചേർന്നതാണ് ഫുഡ് ഡിസൈന്‍ എന്നത്.


ന്യൂട്രാ സ്യൂട്ടിക്കല്‍സ്


ഭക്ഷ്യ സംസ്കരണ വ്യവസായത്തില്‍ താരതമേന്യ പുതിയൊരു പേരാണ് ന്യൂട്രാസ്യൂട്ടിക്കല്‍ എന്നത്. ഇതൊരു അംബ്രല്ലാ ടേം ആണ്. ഭക്ഷ്യ വസ്തുക്കളിലടങ്ങിയിരിക്കുന്ന ന്യൂട്രീഷ്യന്‍ വാല്യുവിന് പുറമേ ആരോഗ്യത്തിന് ആവശ്യമായ പോഷകങ്ങളും കൂടി ഉള്‍പ്പെടുത്തിയിരിക്കു ഭക്ഷ്യ വസ്തുക്കളാണ് ന്യൂട്രാ സ്യൂട്ടിക്കല്‍സ് എന്ന് ഒറ്റ വാക്കില്‍ പറയാം.  ന്യൂട്രിയന്‍റ്, ഫാർമസ്യൂട്ടിക്കല്‍സ് എന്നീ രണ്ട് വാക്കുകളുടെ സംയോജനമാണ് ന്യൂട്രാ സ്യൂട്ടിക്കല്‍ എന്ന വാക്ക്.  ഇന്ന് ഭക്ഷ്യ ഗവേഷണ സ്ഥാപനങ്ങള്‍ ഈ ദിശയില്‍ ചുവട് വച്ചിരിക്കുന്നു.  117 ബില്യണ്‍ യു എസ് ഡോളറിന്‍റേതാണ് ഈ വ്യവസായിക രംഗമെന്നാണ് കണക്കാക്കുന്നത്.


കാലം ചെല്ലുന്തോറും നിരവധി മാറ്റങ്ങളുമായി മാറിയ കാലഘട്ടത്തെ വരവേല്‍ക്കാനൊരുങ്ങുകയാണ് ഭക്ഷ്യ  സംസ്കരണ വ്യവസായം. ഗവേഷണശാലകള്‍ അനവധി ഈ രംഗത്തുണ്ട്. ആഗോള തലത്തിലാണ് ഈ മാറ്റങ്ങള്‍ പ്രതിഫലിക്കുന്നത്. ഇത് പുത്തന്‍ മെഷിനറികളുടേയും പുതിയ സംസ്കരണ രീതികളുടേയുമെല്ലാം ഉയർച്ചക്ക് നിദാനമായി ഭവിക്കും.