Friday, 29 April 2016

ഇലക്ട്രോണിക്സ് വ്യവസായത്തിലെ പുത്തന്‍ പ്രവണതകള്‍

അനുദിനം മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നതാണ് ഇലക്ട്രോണിക്സ് വ്യവസായ മേഘല. അതാവട്ടെ മറ്റ് പലതിന്‍റേയും മാറ്റത്തിന് വഴിമരുന്നിടുകയും ചെയ്യും. ചില പ്രത്യേക മെറ്റീരിയല്‍സിന്‍റേയോ ഡിവൈസുകളുടേയും കണ്ടുപിടുത്തമാണ് വന്‍മാറ്റങ്ങള്‍ക്ക് നാന്ദിയാവുന്നത്. സെമികണ്ടക്ടറുകളുടെ കണ്ട് പിടുത്തം ഇലക്ട്രോണിക്സില്‍ വരുത്തിയ മാറ്റങ്ങള്‍ ചരിത്രമാണല്ലോ. ശാസ്ത്രലോകം എപ്പോഴും പുത്തന്‍ മെറ്റീരിയലുകള്‍ക്ക് പിറകേയാണ്.  എന്നും ഏറ്റവും കൂടുതല്‍ ഗവേഷണം നടന്ന് കൊണ്ടിരിക്കുന്ന ഒന്നാണ് മെറ്റീരിയല്‍ സയന്‍സിന്‍റെ മേഘലയെന്നത്.

കോളും ഇലക്ട്രോണിക്സ് ഉപയോഗങ്ങളും

ഇപ്പോഴത്തെ താരം കോള്‍ ആണ്. സോളാര്‍ പാനലുകളിലും ബാറ്ററികളിലും മറ്റ് ഇലക്ട്രോണിക്സ് ഉപകരണങ്ങളിലും ഇത് ഇപ്പോള്‍ ഉപയോഗിക്കാമെന്ന് കണ്ടെത്തിയിട്ടുണ്ട്. കാറിന്‍റെയും പ്ലെയിനി്‍റെയും ഡോര്‍ ഡിഫ്രോസ്റ്റ് ചെയ്യുവാനും മെഡിക്കല്‍ ഇംപ്ലാന്‍റായി ഉപയോഗിക്കുവാന്‍ കഴിയുന്ന ഒരു ഹീറ്റിങ്ങ് ഡിവൈസ് കോള്‍ ഉപയോഗിച്ച് ഉണ്ടാക്കുന്നതില്‍ ശാസ്ത്രജ്ഞര്‍ വിജയിച്ചിട്ടുണ്ട്. സിലിക്കണുമായി താരതമ്യപ്പെടുത്തിയാല്‍ കോള്‍ ഉപയോഗിച്ചുണ്ടാക്കുന്ന ഡിവൈസുകളുടെ ഇലക്ട്രോണിക് കണ്ടക്ടിവിറ്റി വളരെയധികം കൂടുതലാണെന്നാണ് കണ്ടെത്തല്‍. വളരെ വിലക്കുറവില്‍ ലഭ്യമായതാണ് കോള്‍ എന്നതാണ് ഇതിന്‍റെ മറ്റൊരു ഗുണം. എം ഐ ടി യിലെ ഗവേഷകരാണിതിന് പിറകില്‍. പ്രമുഖ സയന്‍സ് ജേര്‍ണലായ നാനോ ലെറ്റഴ്സില്‍ ഇത് സംബന്ധിച്ച പഠനങ്ങള്‍ ഈയടുത്ത കാലത്തായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ഇത് വാണിജ്യമായി ഉല്‍പ്പാദനത്തിലേക്കെത്തിയാല്‍ ഈ രംഗത്ത് വന്‍മാറ്റങ്ങളുണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

മൂത്രത്തില്‍ നിന്നും വൈദ്യുതി

മൂത്രത്തില്‍ നിന്നും വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന ഒരു സാങ്കേതിക വിദ്യ കണ്ടു പിടിക്കപ്പെട്ടിരിക്കുന്നു. മൂത്രത്തില്‍ നിന്നും വേര്‍തിരിച്ച് എടുക്കുന്ന ഹൈഡ്രജനാണ് ഇവിടെ വൈദ്യുതോല്‍പ്പാദനത്തിന് ഉപയോഗിക്കുന്നത്. ഒരു ലിറ്റര്‍ മൂത്രത്തില്‍ നിന്നും 6 മണിക്കൂര്‍ ഉപയോഗിക്കുവാനുള്ള വൈദ്യുതി ഉല്‍പ്പാദിപ്പിക്കുവാന്‍ കഴിയുമെന്നാണ് അവകാശ വാദം. ഉള്‍ ഗ്രാമങ്ങളില്‍ വളരെ കുറഞ്ഞ ചിലവില്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുവാനും അതുപയോഗിച്ച് ചില വൈദ്യുതോപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുവാനും കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കൃഷിയിലും വേസ്റ്റ് വാട്ടര്‍ ട്രീറ്റുമെന്‍റിലുമെല്ലാം വന്‍മാറ്റങ്ങള്‍ക്ക് നാന്ദിയാകുവാന്‍ ഇതിന് കഴിയും.

മാലിന്യ നിര്‍മ്മാര്‍ജ്ജനം

ഏതന്‍സിലെ E3 ടെക്നോളജീസ് എന്ന കമ്പനി ഗ്രീന്‍ബോക്സ് എന്നയൊരു സാങ്കേതിക വിദ്യയുമായി രംഗത്ത് വന്നിരിക്കുന്നു. മലിന ജലം ശുദ്ധീകരിച്ച് അതില്‍ നിന്നും ഹൈഡ്രജന്‍ ഉല്‍പ്പാദിപ്പിക്കുന്ന ഈ കണ്ട് പിടുത്തത്തിന് പേറ്റന്‍റ് എടുക്കപ്പെട്ടിട്ടുണ്ട്. 

ഇലക്ട്രോണിക്സ് സ്കിന്‍

ഭാവിയില്‍ നമ്മള്‍ മൊബൈല്‍ഫോണ്‍ പോലുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ കൊണ്ട് നടക്കേണ്ടി വരില്ലത്രേ. ശാസ്ത്രജ്ഞര്‍ ഇതൊക്കെയും നമ്മുടെ ശരീരത്തില്‍ ഇംപ്ലാന്‍റ് ചെയ്യുവാനുള്ള ശ്രമത്തിലാണ്. വെയറബിള്‍ ഇലക്ട്രോണിക്സിന്‍റെ കാലമാണിനി. വളരെ നേര്‍ത്തതും ഫ്ലെക്സിബിളുമായ ഒരു ഓര്‍ഗാനിക് ലൈറ്റ് എമിറ്റിങ്ങ് ഡയോഡ് (O-LED) യൂണിവേഴ്സിറ്റി ഓഫ് ടോക്യോയിലെ ഗവേഷകര്‍ കണ്ട് പിടിച്ചിരിക്കുന്നു. ഇത് ഇലക്ട്രോണിക്സ് സ്കിന്നിന്‍റെ കണ്ടു പിടുത്തത്തിലേക്ക് ആണ് വഴി മരുന്നിടുന്നത്. വൈദ്യശാസ്ത്രരംഗത്ത് വന്‍ മാറ്റങ്ങള്‍ക്ക് വഴി തെളിക്കുന്നയൊന്നാണിത്. ത്വക്കിനുള്ളില്‍ പതിപ്പിക്കുക വഴി നേര്‍സ്പര്‍ശമില്ലാതെ രക്തത്തിലെ ഗ്ലൂക്കോസ് നില അറിയുവാന്‍ ഈ സ്കിന്‍ വഴി സാധിക്കും. ഒരു ഇന്‍ജക്ഷനിലൂടെ ശരീരത്തിലുള്‍ക്കൊള്ളിക്കുവാന്‍ കഴിയുന്ന ഈ നാനോ മെംബ്രയിന്‍ പ്രവര്‍ത്തിക്കുന്നത് കൈത്തണ്ടയിലിടാവുന്ന സ്മാര്‍ട് ബ്രേസ് ലെറ്റ് നല്‍കുന്ന വൈദ്യുതി ഉപയോഗിച്ചാണ്.

ഇലക്ട്രോണിക്സ് വസ്ത്രങ്ങള്‍

വസ്ത്രങ്ങളെ ചാലക ശക്തിയുള്ളതാക്കി മാറ്റുവാന്‍ കഴിയുന്നയൊരു തരം മഷി യൂണിവേഴ്സിറ്റി ഓഫ് ടോക്യോയിലെ ഗവേഷകര്‍ കണ്ടെത്തിയിക്കുന്നു. സ്പോര്‍ട്സ് താരങ്ങള്‍ ഉപയോഗിക്കുന്ന വസ്ത്രങ്ങളില്‍ ഈ മഷി ഉപയോഗിച്ച് പ്രിന്‍റ് ചെയ്താല്‍ ആ വസ്ത്രത്തെ ഒരു സെന്‍സറായി മാറ്റുവാന്‍ കഴിയും. ഇത് അവരുടെ ഹൃദയ സ്പന്ദനവും മറ്റും അറിയുവാന്‍ ഉപയോഗിക്കുവാന്‍ കഴിയും. ഫുട്ബോളും ബാസ്കറ്റ് ബോളും പോലുള്ള മല്‍സരയിനങ്ങളില്‍ ഇത് എത്ര മാത്രം പ്രയോജനപ്രദമാമെണെന്ന് ചിന്തിച്ചു നോക്കു. സില്‍വര്‍ ഫ്ലേക്കും, ഓര്‍ഗാനിക് സോള്‍വെന്‍റും, ഫ്ലൂറിന്‍ റബറും ഫ്ലൂറിന്‍ സര്‍ഫാക്ടന്‍റും ഉപയോഗിച്ചാണിത് നിര്‍മ്മിച്ചിരിക്കുന്നത്. വെയറബിള്‍ ഇലക്ട്രോണിക്സ് രംഗത്തെ ഒരു വേറിട്ട കണ്ട് പിടുത്തം തന്നെയാണിത്.

ഫ്ലെക്സിബിള്‍ പോളിമര്‍ സോളാര്‍ സെല്ലുകള്‍

സോളാര്‍ എന്നത് ഏറെ നല്ലയൊരു ഊര്‍ജ്ജ സ്രോതസ് ആണെങ്കിലും ഇതിനാവശ്യമായ ചിലവാണ് സാധാരണക്കാരനെ അതില്‍ നിന്നും അകറ്റുന്നത്. എന്നാല്‍ വളരെ ചിലവ് കുറഞ്ഞ പോളിമര്‍ സോളാര്‍ സെല്‍ ഇപ്പോള്‍ Linköping University and the Chinese Academy of Science ലെ ഗവേഷകര്‍ വികസിപ്പിച്ചിരിക്കുന്നു. സിലിക്കണ്‍ സോളാര്‍ സെല്ലുകളേക്കാള്‍ ചിലവ് കുറവാണിവയ്ക്ക്. ഫുള്ളറന്‍സ് എന്ന മെറ്റീരിയല്‍ ഉപയോഗിക്കാതെയാണിന്‍റെ നിര്‍മ്മാണം എന്നതിനാല്‍ ഉയര്‍ന്ന എഫിഷ്യന്‍സിയും തെര്‍മ്മല്‍ സ്റ്റെബിലിറ്റിയുമുണ്ടാവും.

വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന വസ്ത്രങ്ങള്‍

വെയറബിള്‍ ഇലക്ട്രോണിക്സ് തരംഗമാവുമ്പോള്‍ അവയ്ക്കുള്ള ഊര്‍ജ്ജ സ്രോതസ് ഒരു പ്രസ്നം തന്നെയാണ്. എന്നാല്‍ ഈ പ്രശ്നത്തിന് പരിഹാരമായി മനുഷ്യരുടെ ചലനങ്ങളില്‍ നിന്നും വൈദ്യതി ഉല്‍പ്പാദിപ്പിക്കുവാന്‍ കഴിവുള്ള വസ്ത്രങ്ങളായിരിക്കും നാളത്തെ ട്രെന്‍ഡ്. ബൊബൈല്‍ പോലുള്ള ഗാഡ്ജെറ്റുകള്‍ ചാര്‍ജ്ജ് ചെയ്യുവാന്‍ ഇതുപയോഗിച്ച് കഴിയും.

ചലനം മാത്രമല്ല തുണിയുടെ ചൂടും വൈദ്യുതി ഉല്‍പ്പാദിപ്പിക്കുവാന്‍ കാരണമാകുമെന്ന കണ്ടെത്തലാണ് പുതിയ ട്രെന്‍ഡ്. അതായത് ഒരു കോട്ടണ്‍ ടീ-ഷര്‍ട്ട്‌ ഉണ്ടെങ്കില്‍ മൊബൈല്‍ഫോണ്‍ ചാര്‍ജ്ജ്‌ ചെയ്യാമെന്ന്. അവിശ്വസനീയമായി തോന്നാമെങ്കിലും സംഗതി യാഥാര്‍ത്ഥ്യമാകുകയാണ്‌. അമേരിക്കയിലെ സൗത്ത്‌ കരോലിന സര്‍വ്വകലാശാലയിലെ ഇലക്‌ട്രോണിക്‌ എന്‍ജിനിയറിംഗ്‌ വിഭാഗത്തിലെ ഗവേഷകരാണ്‌ ഇതുസംബന്ധിച്ച കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്‌.

കോട്ടണ്‍ തുണി ചൂടാകുമ്പോള്‍ ഉണ്ടാകുന്ന ഉര്‍ജ്ജത്തെ മാംഗനീസ്‌ ഡയോക്‌സൈഡ്‌ മെറ്റല്‍ ആവരണം ഉപയോഗിച്ച്‌ ഒരു കപ്പാസിറ്റര്‍ പോലെയാക്കി മാറ്റാമെന്നാണ്‌ സിയാഡോങ്‌ ലീയുടെ നേതൃത്വത്തിലുള്ള പഠനസംഘം കണ്ടെത്തിയത്‌. ഇത്തരത്തില്‍ ശേഖരിക്കുന്ന ഊര്‍ജ്ജം ടി-ഷര്‍ട്ടിന്റെ പിറകിലായി സംഭരിക്കുന്നതിന്‌ പ്രത്യേക സങ്കേതം വികസിപ്പിക്കേണ്ടതുണ്ട്‌. ഇതുസംബന്ധിച്ച പരീക്ഷണങ്ങള്‍ പുരോഗമിക്കുകയാണ്‌. കോട്ടണ്‍ തുണിയില്‍ നിന്ന്‌ ചെറിയതോതിലുള്ള വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ സാധിച്ചതോടെ ബദല്‍ ഊര്‍ജ്ജം എന്ന നിലയില്‍ ഇത്‌ ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെടുമെന്നാണ്‌ തന്റെ പ്രതീക്ഷയെന്നും സിയാഡോങ്‌ ലീ പറഞ്ഞു. 

ചാലക ശക്തിയുള്ള പ്ലാസ്റ്റിക്കുകള്‍

കറന്‍റിനെ കട്ത്തി വിടുവാന്‍ കഴിയുന്ന പ്ലാസ്റ്റിക്കുകള്‍ എന്ന ആശയത്തിന് ദശാബ്ദങ്ങളുടെ പഴക്കമുണ്ട്. എന്നാലിത് യാഥാര്‍ഥ്യമാക്കിയിരിക്കുകയാണ് വാഷിങ്ങ്ടണ്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍. മെഡിക്കല്‍ സയന്‍സിലാണ് ഇതിന്‍റെ പ്രധാന പ്രയോജനം. ശരീരത്തില്‍ ഇംപ്ലാന്‍റ് ചെയ്യുവാന്‍ കഴിയുന്ന ഡിവൈസുകളിലും മറ്റും ഇത് ഉപയോഗിക്കുവാന്‍ കഴിയുന്നതിനാല്‍ പരാലിസിസ് ബാധിച്ചവര്‍ക്കും അന്ധര്‍ക്കും മറ്റും പ്രയോജനപ്രദമായിരിക്കുമെന്ന് കണക്ക് കൂട്ടപ്പെടുന്നു.

ഇലക്ട്രോണിക്സും ചെറുകിട വ്യവസായവും


ഇന്ന് എഞ്ചിനിയറിങ്ങ് കോളേജുകളില്‍ ചേരുന്ന നല്ലയൊരു ശതമാനം കുട്ടികളും എടുക്കുന്ന ബ്രാഞ്ചാണ് ഇലക്ട്രോണിക്സ് എന്നത്. എന്നാല്‍ പഠനം കഴിഞ്ഞ് ഭൂരിഭാഗവും ബാങ്ക് ജോലിക്ക് ചേരുന്നത് ഒരു വര്‍ത്തമാന കല ദുരന്തമാണ്. എന്നാല്‍ ഇലക്ട്രോണിക്സ് മാനുഫാക്ചറിങ്ങ് രംഗത്തേക്ക് ഇവര്‍ തിരിയേണ്ടിയിരിക്കുന്നു. സ്റ്റാര്‍ട്ടപ്പുകള്‍ എന്നാല്‍ സോഫ്റ്റ് വെയറുകള്‍ മാത്രമല്ലായെന്നും നാം തിരിച്ചറിയണം. ഗവേഷണത്തിന് ഊന്നല്‍ നല്‍കുന്ന ഒരു വിദ്യാഭ്യാസ സംസ്കാരം രൂപപ്പെടേണ്ടതുണ്ട്. മെയ്ക്ക് ഇന്‍ഡ്യാ കാംപയന്‍റെ ഒരു പ്രധാന ഭാഗമാണ് ഇലക്ട്രോണിക്സ് എന്നത് ഈ രംഗത്തെ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നു.. പുത്തന്‍ മാറ്റങ്ങള്‍ ഈ രംഗത്തുണ്ടാകുമ്പോള്‍ അത് നിരവധിയായ ഉല്‍പ്പന്ന നിര്‍മ്മാണത്തിലേക്കും അനുബന്ധ സേവന മേഖലകളിലേക്കുമെല്ലാം വഴി തുറക്കും. ഇത് പ്രയോജനപ്പെടുത്തുവാന്‍ നമുക്ക് കഴിഞ്ഞാല്‍ അത് നമ്മുടെ ചെറുകിട വ്യവസായ വേഖലക്കൊരു മുതല്‍ക്കൂട്ടാകുമെന്നതില്‍ പക്ഷാന്തരമില്ല. 

Wednesday, 16 March 2016

ഗ്രീന്‍ ടെക്നോളജിയും മാറുന്ന വ്യവസായ മുഖഛായയും



പ്രകൃതിയുടെ ചൂഷണമാണ് വ്യവസായമെന്നാണ് പൊതുവേയുള്ള കാഴ്ചപ്പാട്. ഏതൊരു കാലഘട്ടത്തിലും മനുഷ്യന്‍റെ അനുദിനമുള്ള ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുവാന്‍ വ്യവസായങ്ങളനിവാര്യമാണെന്നുള്ളത് നിഷേധിക്കാനാവാത്ത വസ്തുതയാണ്. എന്നാല്‍ പ്രകൃതി വിഭവങ്ങളുടെ അമിതമായ ചൂഷണം ഭാവി തലമുറയുടെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്യുന്ന സാഹചര്യം മുന്‍പിലുണ്ടെന്ന വസ്തുത നാം കാണാതിരുന്നു കൂടാ. പ്രത്യേകിച്ചും കേരളം പോലെ ജനസാന്ദ്രത കൂടിയ ഒരു സംസ്ഥാനത്ത്. അതിനാലാണ് ലോകരാഷ്ട്രങ്ങള്‍ തന്നെ ഒരു ബദല്‍ മാര്‍ഗ്ഗം ആരാഞ്ഞ് തുടങ്ങിയത്. പരിസ്ഥിതിക്ക് ഹാനികരമായ പ്രവണതകള്‍ കുറക്കാനും ഊര്‍ജ്ജ സംരംക്ഷണത്തെയും പ്രകൃതി സംരംക്ഷണത്തെയും യോജിപ്പിച്ച് പുതിയൊരു സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിനെക്കുറിച്ച് ലോകം ചിന്തിച്ച് തുടങ്ങിയിരിക്കുന്നു ഇവിടെയാണ് ഗ്രീന്‍ ടെക്നോളജിയുടെ പ്രസക്തി.

എന്താണ് ഗ്രീന്‍ ടെക്നോളജി

സാങ്കേതിക ലോകത്ത് താരതമേന്യ പുതിയ പദമാണിത്. പരിസ്ഥിതി സൌഹാര്‍ദ്ദമായ സാങ്കേതിക വിദ്യയെന്ന് പൊതുവേ നിര്‍വ്വചിക്കാം. ഊര്‍ജ്ജ ഉപയോഗം താരതമേന്യ കുറഞ്ഞ ഉല്‍പ്പന്ന നിര്‍മ്മാണമാണിനിയുള്ള കാലത്തിലെ ട്രെന്‍റ്. മലീനീകരണമില്ലാത്തതോ അല്ലായെങ്കില്‍ താരതമേന്യ കുറഞ്ഞതോ ആയ വ്യവസായങ്ങള്‍ക്ക് മാത്രമേ ഇനി നില നില്‍പ്പുള്ളുവെന്ന തിരിച്ചറിവാണ് ഈ ദിശയിലേക്ക് ചിന്തിക്കുവാനുള്ള കാരണം. ആയതിനാല്‍ തന്നെ വ്യവാസായിക ലോകവും  വിവിധ ഗവണ്‍മെന്‍റുകളും ഈ തരത്തിലാണിപ്പോള്‍ കാര്യങ്ങള്‍ നീക്കുന്നത്. വികസനമെല്ലാം തന്നെ Sustainable ആയെങ്കില്‍ മാത്രമേ ഈ പ്രകൃതി അതു പോലെ നില നില്‍ക്കുവെന്ന് ഇപ്പോള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഭാവി തലമുറയുടെ ആവശ്യങ്ങള്‍ പരിഗണിച്ചു കൊണ്ട് മാത്രമുള്ള വികസനത്തിനാണ് Sustainable Development എന്ന് പറയുന്നത്. 

വ്യവസായിക മാറ്റങ്ങള്‍

സാങ്കേതിക ലോകവും വിവിധ ഗവണ്മെന്‍റുകളുമെല്ലാം ഈ ദിശയില്‍ ചിന്തിക്കുമ്പോള്‍ വ്യാവസായിക രംഗത്ത് വിവിധ മാറ്റങ്ങളുണ്ടാവുമെന്ന് മാത്രമല്ല കൂടുതല്‍ തൊഴിലവസരങ്ങളും ഉടലെടുക്കുവാനിടയാകും. മലീനികരണമുണ്ടാക്കുന്ന വസ്തുക്കള്‍ കുറക്കുകയെന്നതാണ് ഈ രംഗത്തെ ആദ്യത്തെ ചുവട് വെപ്പ്. എങ്ങനെ മാലിന്യങ്ങള്‍ കുറക്കാമെന്ന് ചിന്തിക്കുന്നതിന് മുന്‍പ് എന്തിന് മാലിന്യങ്ങള്‍ കുറക്കണമെന്നാലോചിക്കേണ്ടിയിരിക്കുന്നു. ജന സംഖ്യാവര്‍ദ്ധനവും മാറുന്ന ജീവിത സാഹചര്യങ്ങളും വിവിധ തരത്തിലുള്ള മാലിന്യങ്ങളുടെ തോത് ക്രമാതീതമായി വര്‍ദ്ധിപ്പിച്ചിരിക്കുന്നു. ആയതിനാല്‍ തന്നെ മാലിന്യങ്ങള്‍ കുറക്കേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണ്. ഓഫീസുകള്‍ ഓണ്‍ലൈനാക്കി മാറ്റുന്നത് വഴി പേപ്പറ്‍ വേസ്റ്റ് കുറക്കുവാന്‍ കഴിയും. അതായത് ഇത് മൂന്ന് R കളിലാണ് നില നില്‍ക്കുന്നത്. Reduce, Re use and Recycle എന്നിവയാണിവ. Reduce ചെയ്യുവാനും Re use ചെയ്യുവാനും കഴിഞ്ഞാലും Recycle എന്ന മറ്റൊരു സാധ്യത ഇവിടെയുണ്ട്. അതിനാല്‍ത്തന്നെ വിവിധ മാലിന്യങ്ങള്‍ പുനരുപയോഗം നടത്തി ഉപയോഗപ്രദമായ മറ്റുല്‍പ്പന്നങ്ങളാക്കി മാറ്റുന്ന പ്ലാന്‍റുകള്‍ക്ക് ഇനി ഏറെ സാധ്യതയാണുള്ളത്. പേപ്പര്‍, പ്ലാസ്റ്റിക്, റബ്ബര്‍ തുടങ്ങിയവയ്ക്കൊക്കെ ഇത്തരം സാധ്യതകള്‍ കൂടുതലായി ആരായാവുന്നതാണ്. ഉപയോഗപ്രദമല്ലാത്ത പ്ലാസ്റ്റിക് ഉള്‍പ്പന്നങ്ങളെ കരകൌശല വസ്തുക്കളാക്കി മാറ്റാവുന്നതാണ്. പ്രകൃതിക്ക് ഹാനികരമായ പാഴ് വസ്തുക്കളില്‍ നിന്ന് ഉപയോഗപ്രദമായ നിരവധി കരകൌശല വസ്തുക്കളുല്‍പ്പാദിപ്പിക്കുവാന്‍ കഴിയും.  

ഓട്ടോ മൊബൈല്‍ വ്യവസായ രംഗം

വാഹനങ്ങളില്‍ നിന്നും ബഹിര്ഗ്ഗമിക്കുന്ന പുകയുണ്ടാക്കുന്ന പരിസ്ഥിതി മലിനീകരണം കുറക്കുകയെന്നത് ആഗോള വ്യാപകമായി ചര്‍ച്ച ചെയ്യുന്നയൊന്നാണ്. ആയതിനാല്‍ത്തന്നെ പ്രമുഖ വാഹന നിര്‍മ്മാതാക്കള്‍ ഈ ദിശയിലേക്ക് തിരിഞ്ഞിരിക്കുന്നു. ഇതാണ് ഹൈബ്രിഡ് കാറുകളുടെ ഉല്‍പ്പാദനത്തിലേക്കെത്തിച്ചത്. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന കാറുകളാണിവ. ഒന്ന് ചാര്‍ജ്ജ് ചെയ്താല്‍ ദീര്‍ഘ നേരം ചാര്‍ജ് നില്‍ക്കുന്ന ബാറ്ററിയുടെ കണ്ട് പിടുത്തം ഈ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടിയിട്ടുണ്ട്. പുത്തന്‍ മെറ്റീരിയലുകളുടെ കണ്ട് പിടുത്തവും ഇതിന് ഉപോല്‍ബലകമാകുന്നുണ്ട്. വിദേശ രാജ്യങ്ങളില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന ഇത് കൂടുതല്‍ വിജയപ്രദമായാല്‍ അതുണ്ടാക്കുന്ന വ്യാവസായിക മാറ്റങ്ങളും തൊഴില്‍ മേഖലയിലെ മാറ്റങ്ങളും പ്രവചിക്കുക അസാധ്യം. പെട്രോള്‍ പമ്പുകളുടെ സ്ഥാനത്ത് ബാറ്ററി ചാര്‍ജിങ്ങ് പോയിന്‍റുകള്‍ ആവിര്‍ഭവിക്കും. ബാറ്ററികളുടെ നിര്‍മ്മാണവും സര്‍വീസിങ്ങും മറ്റൊരു തൊഴില്‍ മേഖലയായി ഉയര്‍ന്ന് വരാം. 

ഗ്രീന്‍ ടെക്നോളജി ഐ ടി മേഖലയിലും

കമ്പ്യൂട്ടറും മൊബൈലുമെല്ലാം ചേര്‍ന്ന ഐ ടി മേഖല ഒരു വരമുമാന സ്രോതസ് മാത്രമല്ല മറിച്ച് ഒരു പ്രമുഖ ഊര്‍ജ്ജ ഉപഭോക്താവും കൂടിയാണ്. അതിനാല്‍ത്തന്നെ ഊര്‍ജ്ജ സംരംക്ഷണം ഏറ്റവും ആവശ്യമായയിടമാണിത്. മനുഷ്യന്‍ പുറം തള്ളുന്ന ഹരിത വാതകങ്ങളുടെ (Green house gases) രണ്ട് ശതമാനം ഈ മേഖലയുടെ സംഭാവനയാണെന്നാണ് യു കെയിലെ ഗ്രോബല്‍ ആക്ഷന്‍ പ്ലാന്‍ നല്‍കുന്ന കണക്ക്. 

ക്ലൌഡ് കമ്പ്യൂട്ടിങ്ങ് ഈ ദിശയിലേക്കുള്ള ഒരു ചുവട് വെപ്പാണ്. ചെറിയ മൊബൈല്‍ ഉപകരണങ്ങള്‍ക്ക് പോലും വലിയ അളവിലുള്ള ഡേറ്റാ കൈകാര്യം ചെയ്യുവാന്‍ ഇത് വഴി കഴിയുന്നു. ഇത് അനാവശ്യമായ സ്റ്റോറേജ് ഉപകരണങ്ങളുടെ ആവശ്യകത കുറക്കുകയും ഒപ്പം ക്ലൌഡ് കമ്പ്യൂട്ടിങ്ങ് എന്ന പുതിയൊരു മേഖലയില്‍ തൊഴിലവസരങ്ങള് സൃഷ്ടിക്കുകയും ചെയ്യുന്നു. 

കമ്പ്യൂട്ടര്‍ നിര്‍മ്മാണ മേഖലയില്‍ ഇക്കോ ഫ്രണ്ടലി ആയ മെറ്റീരിയല്‍സ് ഉപയോഗിക്കുന്നതിലേക്കാണ് കമ്പനികളുടെ ഇപ്പോഴത്തെ ശ്രദ്ധ. ഐറിഷ് കമ്പനിയായ മൈക്രോ പ്രോ രൂപകല്‍പ്പന ചെയ്തിരിക്കുന്ന തടിയുടെ കെയ്സുള്ള IAMECO എന്ന കമ്പ്യൂട്ടര്‍ ഇത്തരത്തിലുള്ളയൊന്നാണ്. സാധാരണ കമ്പ്യൂറിനേക്കാള്‍ 70 ശതമാനം ഊര്‍ജ്ജ ഉപഭോഗം കുറവാണ് ഇതിന്. നമ്മുടെ മുള ഇത്തരത്തിലുള്ള ഒന്നാണ്. ട്രീറ്റ് ചെയ്ത മുളയാണിത്തരം നിര്‍മ്മിതിക്കുപയോഗിക്കുന്നത്. ഇത് വളരെ ഉറപ്പുള്ളയൊന്നായിട്ടാണ് മനസ്സിലാക്കപ്പെടുന്നത്.


കെട്ടിട നിര്‍മ്മാണ മേഖലയിലും ഗ്രീന്‍ തരംഗം

ലോകത്തിലുള്ള ഊര്‍ജ്ജ ഉപഭോഗത്തിന്‍റെ 40 ശതമാനവും പുറന്തള്ളപ്പെടുന്ന കാര്‍ബണ്‍ഡൈഓക്സൈഡിന്‍റെ 24 ശതമാനവും ഇപ്പോഴുള്ള കെട്ടിടങ്ങളില്‍ നിന്നാണെന്നാണ് കണക്കാക്കപ്പെടുന്നത്. ഇത്തരുണത്തിലാണ് പരിസ്ഥിതി സൌഹാര്‍ദ്ദമായ കെട്ടിട രൂപകല്‍പ്പനയിലേക്ക് ആര്‍ക്കിടെക്ടുമാരുടേയും എഞ്ചിനിയര്‍മാരുടേയും ശ്രദ്ധ തിരിഞ്ഞത്. സൂര്യപ്രകാശം പരമാവധി ഉപയോഗിക്കുന്ന രീതിയില്‍ വാതിലുകളുടേയും ജനലുകളുടേയും സ്ഥാനം രൂപകല്‍പ്പന ചെയ്യുന്നതില്‍ത്തന്നെ തുടങ്ങുന്നു ഇത്. സോളാര്‍ പാനലുകളും വിന്‍ഡ് നര്‍ജിയെ ഉപയോഗപ്പെടുത്തുന്ന സംവിധാനവുമെല്ലാം കെട്ടിട നിര്‍മ്മാണത്തിലേക്ക് കടന്ന് വരുന്നതും ഗ്രീന്‍ബില്‍ഡിങ്ങ് എന്ന ആശയം തന്നെ.
ഡച്ച് റിന്യൂവബ്ള്‍ എനര്‍ജി സ്റ്റാര്‍ട്ട് അപ് കമ്പനിയായ ആര്‍ക്കിമെഡീസ് വീടിന് മുകളില്‍ ഉപയോഗിക്കാവുന്ന വിന്‍ഡ് മില്ലുമായി രംഗത്ത് വന്നിരിക്കുന്നു. ഒരു വീട്ടിലെ പകുതിയോളം വൈദ്യുതി ആവശ്യങ്ങള്‍ ഇത് മൂലം നടക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. സേളാറും കൂടി ഉപയോഗിച്ചാല്‍ രണ്ടും കൂടി ഗ്രിഡ് സിസ്റ്റം ആക്കാമെന്നാണ് കമ്പനിയുടെ സി ഇ ഓ ആയ റിച്ചാര്‍ഡ് റുജിറ്റിന്‍ ബീക്ക് പറയുന്നത്.

ഇക്കോ ഫ്രണ്ടലി ആയ മെറ്റീരിയല്‍സ് നിര്‍മ്മാണത്തിലുപയോഗിക്കുകയെന്നതാണ് മറ്റൊരു രീതി. ഫൈബറോണ്‍ എന്ന മെറ്റീരിയല്‍ ഇപ്പോള്‍ ഫ്ലോറിങ്ങിനുപയോഗിക്കുന്നുണ്ട്. റീസൈക്കിള്‍ ചെയ്ത പ്ലാസ്റ്റിക്കില്‍ നിന്നുമാണിതുണ്ടാക്കുന്നത്. ട്രീറ്റ് ചെയ്ത മുള ഇപ്പോള്‍ കെട്ടിട നിര്‍മ്മാണത്തിലുപയോഗിക്കുന്നുണ്ട്. കാര്‍ബണ്‍ഡൈ ഓക്സൈഡിനെ സ്വീകരിക്കുകയും 35 ശതമാനം ഓക്സിജനെ പുറന്തള്ളുവാനും കഴിവുള്ളതാണ് മുള. വേസ്റ്റേജ് കുറവാണെന്നാണ് ഇതിന്‍റെ ഒരു പ്രത്യേകത. 

ജിയോ തെര്‍മല്‍ ഹീറ്റ് പമ്പകളാണ് ഈ മോഖലയിലെ മറ്റൊരു കാല്‍വെപ്പ്. ഭൂമിയെ Heat Source ഉം Heat Sink ഉം ആയി  ഉപയോഗിക്കുകയാണിവിടെ. ഇത് വഴി മുറിക്കുള്ളിലെ ചൂട് ക്രമീകരിക്കുവാന്‍ കഴിയും. ഗള്‍ഫ് മേഖലയില്‍ ഇത് വ്യാപകമായി വരുന്നുണ്ട്.
എന്നാല്‍ ഇതിന്‍റെ പ്രാരംഭ ചിലവ് കൂടുതലാണെന്നതാണ് വസ്തുത. 

ഗ്രീന്‍ ഇലക്ട്രോണിക്സ്

ഗ്രീന്‍ ഇലക്ട്രോണിക്സ് എന്നത് 3 ഘട്ടങ്ങളിലായാണ് യാഥാര്‍ഥ്യമാകുന്നത്. മെറ്റീരിയല്‍, പ്രോസസ്, ഉല്‍പ്പന്നം എന്നിവയാണവ. പി സി ബി (Printed Circuit Board) കളിലും മറ്റും ഉപയോഗിക്കുവാന്‍ ബയോ ഡിഗ്രേഡബിളായിട്ടുള്ള പോളിമര്‍  സംയുക്തങ്ങളായിരിക്കും വരും കാലങ്ങളില്‍. ചിലവ് കുറഞ്ഞതായ ഇത്തരം സംയുക്തങ്ങളുടെ പിറകേയാണ് ഗവേഷണ ലോകമിന്ന്. ഇലക്ട്രോണിക്സ് ഉല്‍പ്പന്ന നിര്‍മ്മാണ രംഗമാണിനി. പരിസ്ഥിതിക്ക് ദോഷമുണ്ടാക്കാത്തതും അതേ സമയം കുറഞ്ഞ ഊര്‍ജ്ജമാവശ്യപ്പെടുന്നതുമായ നിര്‍മ്മാണ രീതിയും ഇത്തരത്തിലുള്ള രാസ വസ്തുക്കളും ഉപയോഗിച്ച് കൊണ്ടിത് പരിഹരിക്കാം. അവസാനമായി പരമാവധി കുറഞ്ഞ ഊര്‍ജ്ജ ഉപഭോഗമുള്ള ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണവും ലക്ഷ്യമിടുന്നു. റെഫ്രിജേറ്ററും വാഷിങ്ങ് മെഷീന്‍ പോലുള്ള ഗ്രഹോപകരണങ്ങളും കുറഞ്ഞ ഊര്‍ജ്ജ ഉപഭോഗവും പരമാവധി പരിസ്ഥിതി സൌഹാര്‍ദ്ദവുമായിരിക്കേണമെന്നുള്ളതാണ് ഇന്നത്തെ കാഴ്ചപ്പാട്. ഗൃഹോപകരണങ്ങളിലെ സ്റ്റാര്‍ റേറ്റിങ്ങ് ഉദാഹരണമാണ്. 

ഗ്രീന്‍ ടെക്നോളജിയും മെറ്റീരിയല്‍ സയന്‍സും

ഇന്ന് ഏറ്റവും കൂടുതല്‍ ഗവേഷണം നടക്കുന്നയൊരു മേഖലയാണ് മെറ്റിരിയല്‍ സയന്‍സിന്‍റേത്. പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ സൃഷ്ടിക്കുന്ന മലിനീകരണം ഇന്നൊരു ആഗോള പ്രശ്നമാണ്. ആയതിനാല്‍ ബയോ ഡിഗ്രേഡബിളായിട്ടുള്ള (മണ്ണില്‍ ലയിക്കുന്ന) പോളിമറുകളാണിന്ന് ട്രെന്‍റ്. ഇതിന്‍റെ കടന്ന് വരവ് എല്ലാ ഉല്‍പ്പന്ന നിര്‍മ്മാണ മേഖലയിലും ചലനങ്ങള്‍ സൃഷ്ടിക്കും. നാനോ ടെക്നോളജിയുടെ കടന്ന് വരവ് പുത്തന്‍ നിര്‍മ്മാണ വസ്തുക്കളിലേക്കുള്ള ഗവേഷണത്തിന് ആക്കം കൂട്ടിയിട്ടുണ്ട്. സില്‍ക്ക്, ജെലാറ്റിന്‍ തുടങ്ങിയവ ഇലക്ടോണിക്സ് വ്യവസായ രംഗത്തേക്ക് കടന്ന് വന്നിരിക്കുന്നു, പ്രത്യേകിച്ചും മെഡിക്കല്‍ ഇലക്ട്രോണിക്സ് മേഘലയില്‍. വസ്ത്ര നിര്‍മ്മാണ മേഖലയില്‍ ഉപയോഗിക്കുന്ന കളറുകള്‍ സിന്തറ്റിക്കില്‍ നിന്നും നാച്വറിലേക്ക് മാറുന്നത് വഴി തുറക്കെപ്പെടുന്ന വ്യവസായ മേഖല വലുതായിരിക്കും. ചാലക ശക്തിയുള്ള ബയോ ഡിഗ്രേഡബിളായിട്ടുള്ള മെറ്റീരിയലുകള്‍ക്കായിട്ടാണ് ഗവേഷകരുടെ ഉന്നം. ശരീരത്തില്‍ ഘടിപ്പിക്കുന്ന നിരവധി ഉപകരണങ്ങളുള്ള വൈദ്യശാസ്ത്ര രംഗത്ത് ഇതിന്‍റെ പ്രയോജനം വലുതായിരിക്കും. 

ഗ്രീന്‍ ടെക്നോളജിയുടെ വര്‍ത്തമാന കാല പ്രസക്തി

ഇന്ന് ഒഴിവാക്കാനാവത്താതാണ് ഗ്രീന്‍ ടെക്നോളജി എന്ന ആശയം. മനുഷ്യന്‍ കൂടുതല്‍ സുഖ സൌകര്യങ്ങശക്കായി ശാസ്ത്ര സാങ്കേതിക വിദ്യകളെ ഉപയോഗപ്പെടുത്തുമ്പോള്‍ മറന്ന് പോകുന്നതാണ് ഈ ഭൂമിയുടെ നില നില്‍പ്പ്. ആയതിനാല്‍ത്തന്നെ വ്യവസായ ലോകം ഉല്‍പ്പന്ന നിര്‍മ്മാണത്തിലും മറ്റും ഈ ആശയം ഉള്‍ക്കൊള്ളേണ്ടതാണ്. സോളാര്‍ പോലുള്ള ഊര്‍ജ്ജ സ്രോതസുകള്‍ പ്രയോജനപ്പെടുത്തുകയും പുത്തന്‍ മെറ്റീരിയല്‍സും ഊര്‍ജ്ജ ഉപഭോഗം കുറഞ്ഞതും ഇക്കോ ഫ്രണ്ടിലിയായതുമായ നിര്‍മ്മാണ രീതികളിലേക്ക് മാറുകയും വേണം. അല്ലായെങ്കില്‍ നാം കൊടുക്കേണ്ട വില വലുതായിരിക്കും. UNIDO പോലുള്ള അന്താരാഷ്ട്ര ഏജന്‍സികളും വിവിധ ഗവണ്‍മെന്‍റുകളും വ്യവസായ ലോകവും ഇത്തരത്തിലുള്ള നീക്കങ്ങള്‍ നടത്തുന്നുയെന്നുള്ളത് ആശാവഹമാണ്.

Tuesday, 16 February 2016

നാളത്തെ വ്യാവസായിക ലോകം ഫ്രൂഗല്‍ എഞ്ചിനിയിറിങ്ങിന്റേകത്



ടാറ്റാ ഇറക്കിയ ഒരു ലക്ഷം രൂപയുടെ കാറ്‍ വിജയമായിരുന്നുവോ, അതിന് ഇന്ത്യക്ക് പുറത്ത് വിപണി കണ്ടെത്തുവാന്‍ കഴിഞ്ഞുവോ, അവര്‍ ഇട്ടിരുന്ന വില ശരിയായിരുന്നുവോ എന്നുള്ള ചോദ്യങ്ങള്‍ക്കുത്തരം തേടിപ്പോകുന്നവര്‍ കാണാത്ത ഒരു കാര്യം ആ കാറിന്‍റെ ഉല്‍പ്പാദനത്തിന് ഉല്‍പ്പന്ന രൂപകല്‍പ്പനയില്‍  കൊണ്ട് വരുവാന്‍ കഴിഞ്ഞ നവീകരണമാണ് (Innovation).  ഇതാണ് ഇന്ന് കോടിക്കണക്കിന് രൂപ ചിലവഴിച്ച് വന്‍കിട കമ്പനികള്‍ നടപ്പിലാക്കുവാന്‍ ശ്രമിക്കുന്ന ആശയം. കാരണം സാധാരണക്കാര്‍ക്കും ഇടത്തരക്കാര്‍ക്കും പ്രാപ്യമായി വരുമ്പോഴാണ് ഏതൊരു സാങ്കേതിക വിദ്യക്കും അതിന്‍റെ പൂര്‍ണ്ണത കൈവരിക്കുവാന്‍ കഴിയുന്നത്. പ്രത്യകിച്ചും ഇന്ത്യയെപ്പോലുള്ള ഒരു മൂന്നാം ലോകരാഷ്ട്രത്തില്‍ വില കൂടുതലുള്ള ഉല്‍പ്പന്നങ്ങള്‍ വാങ്ങുവാന്‍ ക്രയശേഷിയുള്ള സമ്പന്നര്‍ മാത്രമല്ല ഇവിടുത്തെ വിപണി മറിച്ച് ദരിദ്ര വിഭാഗങ്ങളുമുണ്ട്. ആയതിനാല്‍ത്തന്നെ ഗുണമേന്മ കുറയാതുള്ള വിലക്കുറവ് ലക്ഷ്യമിട്ടാണ് ഇന്ന് വന്‍കിട കമ്പനികള്‍ പ്രവര്‍ത്തിക്കുന്നത്. വിലക്കുറവുള്ള ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിച്ച് ബഹുജനങ്ങളുടെ വിപണി പിടിക്കുകയെന്ന പുത്തന്‍ മാര്‍ക്കറ്റിങ്ങ് തന്ത്രമാണിന്ന് കമ്പനികള്‍ പയറ്റുന്നത്. 

എന്താണ് ഫ്രൂഗല്‍ എഞ്ചിനിയറിങ്ങ് 

പ്രൂഗല്‍ എഞ്ചിനിയറിങ്ങ് അഥവാ ഗാന്ധിയന്‍ എഞ്ചിനിയറിങ്ങ് എന്നാണ് ഈ ഗുണമേന്മയുള്ള ചെറുതുകളുടെ നിര്‍മ്മിതിക്ക് പൊതുവേ പറയുന്ന പേര്. ഗാന്ധിജി വിഭാവന ചെയ്തത് പോലെ പാവപ്പെട്ടവര്‍ക്കും ഇടത്തരക്കാര്‍ക്കും താങ്ങാനാവുന്ന ഉല്‍പ്പന്നങ്ങളുടെ രൂപകല്‍പ്പന ആയതിനാലാണ് ഈ പേര് വന്നത്. നാനോ ടെക്നോളജിയുടെ വ്യാപനത്തോടെയാണ് ഗാന്ധിയന്‍ എഞ്ചിനിയറിങ്ങ് ലോകപ്രശസ്തമായത്. മുന്‍ മാനവശേഷി വികസന മന്ത്രി ശ്രീ കപില്‍ സിബല്‍ ഇന്ത്യയുടെ ഭാവി ചൂണ്ടിക്കാണിക്കുന്ന ശാസ്ത്രങ്ങളില്‍ പ്രധാനമായി ഈയിടെ എഴുതിയത് ഫ്രൂഗല്‍ എഞ്ചിനിയറിങ്ങിനെക്കുറിച്ചാണ്. ഇന്ന് ഇന്ത്യയില്‍ സി എസ് ഐ ആര്‍ കാര്യമായി പ്രമോട്ട് ചെയ്യുന്ന ഗവേഷണ മേഖലയണിത്. കഴിഞ്ഞ ആതാനും വര്‍ഷങ്ങളായി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന പല ശാസ്ത്രമേളകളിലും ഉയര്‍ന്ന് വരുന്നത് ഫ്രൂഗല്‍ എഞ്ചിനിയറിങ്ങിന്‍റെ സാധ്യതകള്‍ത്തന്നെയാണ്. 

എന്തിനാണ് പ്രൂഗല്‍ എഞ്ചിനിയറിങ്ങ്
ജനറല്‍ ഇലക്ട്രിക്കല്‍സിന്‍റെ മുന്‍ മാനേജിങ്ങ് ഡയറക്ടര്‍ ശ്രീ. ഗൈലര്‍മോ വില്ലിയുടെ അഭിപ്രായത്തില്‍ ഇന്ത്യയുടെ വിപണി ലോകത്തുള്ള എല്ലാ ഉല്‍പ്പന്നങ്ങളും ആവശ്യപ്പെടുന്നുണ്ട് പക്ഷേ ചെറുതും വിലക്കുറവിലും ആയിരിക്കണം. ഇത് തന്നെയാണ് ഫ്രൂഗല്‍ എഞ്ചിനിയറിങ്ങിന്‍റെ പ്രസക്തിയും. ഇന്ത്യയുടെ ഗ്രാമങ്ങളുടെ വളര്‍ച്ചയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വന്‍കിട കമ്പനികള്‍ രംഗത്തുണ്ടെങ്കിലും തദ്ദേശീയമായി ഉണ്ടാവുന്ന പ്രശ്നങ്ങള്‍ക്ക് തദ്ദേശീയമായിത്തന്നെ പരിഹാരം കാണുകയും ആയത് ചെറുകിട വ്യവസായമാക്കി വളര്‍ത്തുകയും ചെയ്യുകയും എന്ന ഉദ്ദേശവും കൂടി ഇതിനുണ്ട്. 

മെഡിക്കല്‍ രംഗം

മുട്ടുമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍ക്ക് ഉപയോഗിക്കുവാന്‍ കഴിയുന്ന ചെലവ് കുറഞ്ഞ നീ ഇംപ്ലാന്‍റ് വികസിപ്പിക്കുവാനുള്ള ശ്രമത്തിലാണ് ജോണ്‍സണ്‍ ആന്‍റ് ജോണ്‍സണ്‍ കമ്പനി. ചെലവ് കുറഞ്ഞ കാര്‍ഡിയോ വാസ്കുലാര്‍ സ്ക്രീനിങ്ങ് ഉപകരണ ഗവേഷണത്തിലാണ് റോച്ചേ ഡയഗ്നോസ്റ്റിക്സ്. കൈയ്യില്‍ കൊണ്ട് നടക്കാവുന്ന ഇ സി ജി ഉപകരണത്തിലാണ് ജനറല്‍ ഇലക്ട്രിക്കല്‍സിന്‍റെ ഗവേഷണം. പാരാമെഡിക്കല്‍ മേഖലയില്‍ മാത്രമല്ല ചെലവ് കുറഞ്ഞ മരുന്നുകളില്‍ വരെ ഇത് വരും നാളുകളില്‍ എത്തുമെന്നാണ് ഗവേഷണ മതം. 

യു പിയില്‍ സി എസ് ഐ ആറിന്‍റെ സഹായത്തോടെ നടന്ന ശാസ്ത്രമേളയില്‍ ഗ്രാമീണരുടെ നേത്രരോഗങ്ങള്‍ കണ്ടെത്തുവാനുള്ള കൊണ്ട് നടക്കാവുന്ന ഉപകരണവും നിലവിലുള്ളതിന്‍റെ പത്തിലൊന്ന് മാത്രം ചെലവ് വരുന്ന ഡയപ്പറും രൂപകല്‍പ്പന ചെയ്ത 2 ചെറുപ്പക്കാരാണ് സമ്മാനം നേടിയത്.  

Zhongxing Medical എന്ന ചൈനീസ് മെഡിക്കല്‍ കമ്പനി നിലവിലുള്ളതിന്‍റെ ഇരുപതില്‍ ഒന്ന് മാത്രം വില വരുന്ന ഒരു X-ray മെഷീന്‍ രൂപകല്‍പ്പന നടത്തിയിരിക്കുന്നു.

ലോകത്തില്‍ ഒരു വര്‍ഷം ഏകദേശം 1 മില്യണ്‍ കുഞ്ഞുങ്ങള്‍ പ്രസവത്തോട് കൂടി മരിക്കുന്നുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. ചിലവേറിയ ഇന്‍കുബേറ്റര്‍ സൌകര്യം സമൂഹത്തിലെ വളരെ കുറച്ച് പേര്‍ക്ക് മാത്രമേ ഉപയോഗിക്കുവാനായി കഴിയുകയുള്ളു. എന്നാല്‍ ഇപ്പോള്‍ കുഞ്ഞുങ്ങള്‍ക്കായുള്ള ഒരു ചിലവ് കുറഞ്ഞ ഇന്‍കുബേറ്റര്‍ രൂപകല്‍പ്പന ചെയ്യപ്പെട്ടിരിക്കുന്നു. 37 ഡിഗ്രി സെന്‍റിഗ്രേഡില്‍ കുഞ്ഞുങ്ങളെ 6 മണിക്കൂര്‍ വരെ സൂക്ഷിക്കുവാന്‍ ഇതിലൂടെ കഴിയും. ഹൈടെക് ആശുപത്രി സൌകര്യം പ്രാപ്യമല്ലാത്ത ഗ്രാമീണ പ്രദേശങ്ങളില്‍ ഈ സംവിധാനം പ്രയോജനപ്പെടുത്തുവാന്‍ കഴിയും. ഇപ്പോള്‍ കറന്‍റിലാണ് ഇത് ഉപയോഗിക്കുന്നതെങ്കിലും കാറിന്‍റെ ബാറ്റിയില്‍ ഘടിപ്പിക്കാവുന്ന സംവിധാനമാണ് പുതിയ ട്രെന്‍ഡ്. ഈ പ്രോജക്ട് ഇപ്പോള്‍ അതിന്‍റെ പ്രാരംഭ ദിശയിലാണെങ്കിലും താമസം വിനാ ഇത് ഉല്‍പ്പാദന രംഗത്തേക്കെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
മറ്റ് വിവിധ സാങ്കേതിക വിദ്യകള്‍

മനുഷ്യന്‍ അഭിമുഖീകരിക്കുന്ന വിവിധ പ്രശനങ്ങള്‍ക്ക് പരിഹാരമെന്ന നിലയ്ക്കാണ് പുതിയ ബിസിനസ്സ് ആശയങ്ങള്‍ ഉടലെടുക്കുന്നത്. ഇന്നിപ്പോള്‍ ഇത്തരം ആശയ സാക്ഷാല്‍ക്കാരം ഗാന്ധിയന്‍ സാങ്കേതിക വിദ്യയിലൂടെ സാധിക്കുമോയെന്നാണ് ചിന്ത. ജപ്പാനിലെ നിപ്പോണ്‍ ബേസിക്, സൈക്കിള്‍ കറക്കുമ്പോള്‍ കിട്ടുന്ന ഊര്‍ജ്ജം ഉപയോഗിച്ച് വെള്ളം ശുദ്ധീകരിക്കുന്ന ഒരു സംവിധാനം രൂപകല്‍പ്പന ചെയ്തിരിക്കുന്നു. സൈക്ളോക്ലീന്‍ എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്.
                  
പശുക്കളുടെ ചാണകത്തില്‍ നിന്നും മണ്ണിഷ്ടികയെക്കാള്‍ ഭാരം കുറഞ്ഞതും എന്നാല്‍ ഉറപ്പുള്ളതുമായ ഇഷ്ടികയുടെ നിര്‍മ്മാണം ഇത്തരത്തിലുള്ളയൊന്നാണ്.  EcoFaeBrick എന്നാണ് ഇതറിയപ്പെടുന്നത്. ഇന്‍ഡോനേഷ്യയിലെ Prasetiya Mulya Business സ്കൂളിലെ കുട്ടികളാണ് ഈ കണ്ടുപിടുത്തത്തിന് പിറകില്‍. ഇന്ത്യ, മെക്സിക്കോ, കെനിയ തുടങ്ങിയ രാജ്യങ്ങളിലെ ചില ഗ്രൂപ്പുകള്‍ ഈ സാങ്കേതിക വിദ്യയില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
                       
വ്യക്തിഗത ഉപയോഗത്തിനുതകുന്ന biodegradable ആയ ഒരു ടോയ് ലറ്റ് കണ്ടു പിടിക്കപ്പെട്ടിരിക്കുന്നു. Peepoo bag എന്നാണിതറിയപ്പെടുന്നത്. ഇതില്‍ യൂറിയ നിറച്ചിട്ടുണ്ടാവും. 12 മുതല്‍ 24 മണിക്കൂര്‍ വരെ ദുര്‍ഗന്ധമില്ലാതെ സൂക്ഷിക്കുവാനിതിനാകും. 2 മുതല്‍ 4 ആഴ്ചകള്‍ക്ക് ശേഷം വിസര്‍ജ്ജ്യ വസ്തുക്കള്‍ വളമായി ഉപയോഗിക്കാവുന്നതാണ്.  2010 മുതല്‍ കെനിയയിലെ നഗരപ്രദേശങ്ങളിലെ ചേരികളില്‍ ഈ ചിലവ് കുറഞ്ഞ സംവിധാനം ഉപയോഗിക്കുന്നുണ്ട്.
ലോകത്തിലെ ഏറ്റവും ചെറിയ റെഫ്രിജേറ്ററുമായാണ് ഗോദ്റെജിന്‍റെ രംഗപ്രവേശം. ഗ്രാമീണരുടെ ജീവിത സാഹചര്യം കൃത്യമായി വിലയിരുത്തിയതിന് ശേഷമാണിത്. കംപ്രസറില്ലാത്ത ഇതില്‍  കംപ്യൂട്ടറുകള്‍ തണുപ്പിക്കുവാനുപയോഗിക്കുന്നത് പോലെ കൂളിങ്ങ് ചിപ്പും ഫാനുമാണുപയോഗിച്ചിരിക്കുന്നത്. ChotuKool എന്നാണ് പേര് നല്‍കിയിരിക്കുന്നത്.
ഫ്രൂഗല്‍ എഞ്ചിനിയറിങ്ങും ചെറുകിട വ്യവസായ മേഖലയും
ചെറുകിട വ്യവസായ മേഖലയില്‍ ഉപയോഗിക്കുവാന്‍ കഴിയുന്ന നിരവധി യന്ത്രങ്ങളിപ്പോള്‍ സാധാരണക്കാര്‍ തന്നെ കുറഞ്ഞ ചിലവില്‍ ഉണ്ടാക്കുന്നുണ്ട്. തമിഴ്നാട്ടില്‍ നിന്നുള്ള നാഗരാജന്‍ രൂപകല്‍പ്പന ചെയ്ത നാരങ്ങ മുറിക്കുന്ന യന്ത്രവും കേരളത്തില്‍ നിന്നുള്ള പാലു കറക്കുന്ന യന്ത്രവും, കോയമ്പത്തൂരിലെ മുരുകാനന്ദത്തിന്‍റെ സാനിട്ടറി നാപ്കിന്‍ ഉണ്ടാക്കുന്ന യന്ത്രവും ആസാമില്‍ നിന്നുള്ള റൂറല്‍ എഗ്ഗ് ഇന്‍കുബേറ്ററും കേരളത്തില്‍ നിന്ന് തന്നെയുള്ള Reversible reduction gear for marine diesel engine and Z- drive എന്ന സംവിധാനവുമെല്ലാം ഇതിനുദാഹരണങ്ങളാണ്. ചെലവ് കുറവാമെന്നാണിതിന്‍റെ മെച്ചം. കേവലം 300 രൂപക്ക് സെല്‍ഫോണ്‍, വീണ്ടും ഉപയോഗിക്കാവുന്ന സ്റ്റാപ്ലര്‍ പിന്നുകള്‍, ഒരു കൂളറിന്‍റെ അത്ര മാത്രം വലിപ്പമുള്ള ലോകത്തിലെ ഏറ്റവും വില കുറഞ്ഞ റഫ്രിജേറ്റര്‍ ഇതൊക്കെയും സ്വപ്നമല്ല യാഥാര്‍ത്ഥ്യമാകുവാന്‍ പോകുന്ന കാര്യങ്ങള്‍ മാത്രം.   മുന്‍കാലങ്ങളില്‍ പുതിയ സാങ്കേതിക വിദ്യകള്‍ പിറവിയെടുത്തിരുന്നത് ഗവേഷണ ശാലകളില്‍ മാത്രമായിരുന്നുവങ്കില്‍ ഇന്ന് ഉന്നത വിദ്യാഭ്യാസം പോലുമില്ലാത്ത സാധാരണക്കാര്‍ പല പുതിയ കണ്ടുപിടുത്തങ്ങളുമായി മുന്‍പോട്ട് വരുന്നുണ്ട്. എന്നാല്‍ തങ്ങളുടെ നൂതനാശയങ്ങള്‍ക്ക് പേറ്റന്‍റും കൂടി എടുക്കവാന്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
ഫ്രൂഗല്‍ എഞ്ചിനിയറിങ്ങിന്‍റെ പ്രാധാന്യമെന്ത്

വികസനം എത്തി നോക്കാത്ത ഉത്തരേന്ത്യന്‍ ഗ്രാമങ്ങളുടെ പശ്ചാത്തലത്തില്‍ ചിന്തിക്കുമ്പോഴെ ഗ്രാമീണ സാങ്കേതിക വിദ്യയുടെ പ്രധാന്യം മനസ്സിലാവുകയുള്ളു. വലിയ വില ചിലവഴിച്ച് ആധുനിക സൌകര്യങ്ങള്‍ സ്വായത്തമാക്കുവാന്‍ കഴിവില്ലാത്തവര്‍ക്ക് ഇത്തരം സാങ്കേതിക വിദ്യകള്‍ ഉപകാരപ്രദമാകും. ഭാരക്കുറവുള്ളതിനാല്‍ ഉല്‍പ്പന്നങ്ങളുടെ കൈമാറ്റം താരതമേന്യ എളുപ്പമായിരിക്കുമെന്നതാണ് ഇതിന്‍റെ പ്രത്യേകത. ഉല്‍പ്പാദനച്ചിലവ് കുറവായതിനാല്‍ ഉല്‍പ്പാദനത്തിന്‍റെ അളവ് കൂട്ടുവാന്‍ സാധിക്കും. പ്രത്യേകിച്ചും ഇന്ത്യയെപ്പോലെ ജനസാന്ദ്രത കൂടിയ ഒരു രാജ്യത്ത് ഇത് നിര്‍ണ്ണായകമാണ്. ആരോഗ്യരംഗത്ത് ഇത് ഏറ്റവും പ്രയോജനം ചെയ്യും. ഇത്തരത്തിലുള്ള നിര്‍മ്മിതി അതിന്‍റെ അനുബന്ധ വ്യവസായ സാധ്യതകളും വര്‍ദ്ധിപ്പിക്കുന്നുണ്ട്. ചിലവ് കുറഞ്ഞ റപ്രിജേറ്ററിന്‍റെ നിര്‍മ്മിതിക്കാവശ്യമായ അസംസ്കൃത വസ്തുക്കളുടെ നിര്‍മ്മാണം ഉദാഹരിക്കാവുന്നതാണ്.  

ഗ്രാമീണ മേഖലയിലെ ഉന്നമനത്തിനായി വ്യത്യസ്തങ്ങളായ നൂതനാശയങ്ങള്‍ കണ്ടെത്തുകയും അത് വ്യാവസായികമായി ഉല്‍പ്പാദിപ്പിക്കുവാനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്.