മാറുന്ന സാങ്കേതിക
വിദ്യ നമുക്ക് സമ്മാനിക്കുന്നത് അത്ഭുതങ്ങളാണ്.
പരീക്ഷണ ശാലകളില്‍ നിന്നും സാങ്കേതിക വിദ്യ അരങ്ങത്തേക്കെത്തുമ്പോൾ അത്
ഉണ്ടാക്കുന്ന മാറ്റങ്ങൾ നിരവധിയാണ്.
വ്യാവസായിക രംഗത്ത് ഈ മാറ്റങ്ങൾ സൃഷ്ടിക്കുന്ന ചലനങ്ങൾ
പ്രവചനാതീതമാണ്. വളരെ വേഗത്തിലാണ് ഈ മാറ്റങ്ങൾ
സംഭവിക്കുന്നത് എന്നതാണ് കൌതുകകരം. ആധുനിക
കാലഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ മാറ്റങ്ങൾ സംഭവിക്കുന്ന മേഖലകളില്‍ പ്രമുഖമായതാണ്
ഇലക്ട്രോണിക്സ് രംഗം. സാധ്യതകളുടെ
വിശാല പ്രപഞ്ചം തുറന്നിട്ടുകൊണ്ട് ഭാവിയുടെ സാങ്കേതികവിദ്യ ആവുകയാണ് ഇപ്പോള്‍
ഇലക്ട്രോണിക്‌സ് മേഖല. ഇലക്ട്രോണിക്‌സ് എന്ന് മാത്രം പറഞ്ഞാല്‍ പൂര്‍ത്തിയാകില്ല,
ഫ്ളക്‌സിബിള്‍ ഇലക്ട്രോണിക്‌സ് എന്ന്
തികച്ച് പറയണം. ഇലക്ട്രോണിക്സിലെ
മാറ്റങ്ങൾ ഒരിക്കല്‍ ഈ പംക്തിക്ക് വിഷയീഭവിച്ചതാണെങ്കിലും ഫ്ലെക്സിബിൾ
ഇലക്ട്രോണിക്സ് എന്ന ഒരു ചിമിഴിനുള്ളില്‍ നിന്ന് മാത്രം ചിന്തിക്കുന്നത്
ഇതാദ്യം.
എന്താണ്
ഫ്ലെക്സിബിൾ ഇലക്ട്രോണിക്സ്?
എന്താണ് ഈ ഫ്ളെക്‌സിബിള്‍ ഇലക്ട്രോണിക്‌സ് എന്ന്
ചോദിക്കുന്നതിനേക്കാള്‍ എന്തല്ല എന്ന് ചോദിക്കുന്നതാണ് ഉചിതം. കളിക്കോപ്പ് മുതല്‍
പടക്കോപ്പ് വരെ വ്യാപിക്കുന്നതാണ് ഫ്ളെക്‌സിബിള്‍ ഇലക്ട്രോണിക്‌സിന്‍റെ
ഉപയോഗമേഖലകള്‍. വിനോദം, വ്യവസായം, ആരോഗ്യം, പ്രതിരോധം,
ഭക്ഷ്യ സംസകരണം വാര്‍ത്താവിനിമിയം തുടങ്ങി ഫ്ളെക്‌സിബിള്‍
ഇലക്ട്രോണിക്‌സിന് എത്തിപ്പെടാന്‍ സാധിക്കാത്ത മേഖലകള്‍ വളരെ വിരളം. ഫ്ളെക്‌സിബിള്‍ ഇലക്ട്രോണിക്‌സ് എന്നാല്‍ പുതിയ തരം സര്‍ക്യൂട്ട് രൂപകല്‍പ്പനയാണ്.
സാധാരണ, സര്‍ക്യൂട്ടുകള്‍ എന്ന് പറഞ്ഞാല്‍
കുറെ കേബിളുകളും കണ്ടക്ടറുകളും നിറഞ്ഞ ഒരു ബോര്‍ഡാണ് നമ്മള്‍ക്ക് ഓര്‍മ്മ വരിക. എന്നാല്‍ ഫ്ളെക്‌സിബിള്‍
ഇലക്ട്രോണിക്‌സില്‍ സര്‍ക്യൂട്ടുകള്‍ പ്ളാസ്റ്റിക് പോലത്തെ പ്രതലത്തില്‍ പ്രിന്‍റ്
ചെയ്യുകയാണ് ചെയ്യുക. പോളി അമൈഡ്, പോളി എസ്റ്റര്‍
എന്നിവയിലാണ് ഇത്തരത്തില്‍ സര്‍ക്യൂട്ടുകള്‍ പ്രിന്‍റ് ചെയ്യുന്നത്. വെള്ളി
ഉപയോഗിച്ചാണ് ഇത് ചെയ്യുന്നത്. കൂടാതെ
വളരെ ചെറിയ, തലമുടി നാരിനേക്കാള്‍ കനം കുറഞ്ഞ കോപ്പര്‍
നാരുകള്‍ സര്‍ക്യൂട്ടുകളെ തമ്മില്‍ ബന്ധിപ്പിക്കാനായി ഉപയോഗിക്കുകയും ചെയ്യുന്നു.
നാനോ ടെക്നോളജിയുടെ വികാസമാണ് ഫ്ളെക്‌സിബിള്‍ ഇലക്ട്രോണികസിന്‍റെ അടിസ്ഥാനമായി
വര്‍ത്തിക്കുന്നത്. കാര്‍ബണ്‍ നാനോട്യൂബുകള്‍ നാനോ ടെക്‌നോളജിയുടെ സംഭാവനയാണ്.
കാര്‍ബണ്‍ നാനോ ട്യൂബുകള്‍ ഇപ്പോള്‍ ഫ്ളെക്‌സിബിള്‍ ഇലക്ട്രോണിക്‌സില്‍
ഉപയോഗിക്കാന്‍ ആരംഭിച്ചിട്ടുണ്ട്. ഇതിന്‍റെ ഗൂണമെന്തെന്നാല്‍ ഒരു സര്‍ക്യൂട്ടായി
പ്രവര്‍ത്തിക്കുന്നതിനൊപ്പം ഉപകരണങ്ങളുടെ ഭാരം കുറയ്ക്കാനും 15 മടങ്ങ് വരെ അവയെ വലിച്ച് നീട്ടാനും സാധിക്കും. സാധാണയായി എല്‍സിഡി നിര്‍മ്മാണത്തില്‍ ഗ്ളാസാണ്
അടിസ്ഥാനമായി ഉപയോഗിക്കുന്നത്. എന്നാല്‍ ഇതിന് പകരമായി ഒരു പോളിമര്‍ ഫിലിം
ഉപയോഗിച്ചാല്‍ ആ സംവിധാനമാകെ ഫ്ളെക്‌സിബിളാകും. ഒന്നിന് മീതേ മറ്റൊന്നായി പല
അടരുകളായി ഫ്ളെക്‌സ് സര്‍ക്യൂട്ടുകള്‍ നിര്‍മ്മിക്കാനാകും.
ഫ്ളെക്‌സിബിള്‍ ഇലക്ട്രോണിക്‌സ് രംഗത്തെ പ്രധാന
കണ്ടുപിടുത്തമാണ് ഓര്‍ഗാനിക് ലൈറ്റ് എമിറ്റിങ്ങ് ഡയോഡുകള്‍ (OLED ). ഇതും ഒരുതരം ലൈറ്റ്
എമിറ്റിങ് ഡയോഡുകള്‍ അഥവാ എല്‍ഇഡിയാണ്. സാധാരണ എല്‍ഇഡികളായി പ്രവര്‍ത്തിക്കുന്നത്
ചില അര്‍ധചാലകങ്ങളാണ്. അവയില്‍നിന്ന് വ്യത്യസ്തമായി വൈദ്യുതി പ്രവഹിക്കുമ്പോള്‍
പ്രകാശം പുറത്ത് വിടുന്ന ഓര്‍ഗാനിക് പദാര്‍ഥങ്ങളാണ് ഒര്‍ഗാനിക് ലൈറ്റ് എമിങ്ങ്
ഡയോഡുകള്‍. സാധാരണ എല്‍ഇഡികളേക്കാള്‍ കനംകുറഞ്ഞതും ഫ്ളെക്‌സിബിളുമാണ്. ഫ്ളെക്‌സിബിള്‍
സോളാര്‍ പാനലുകള്‍ ഇതേ പാതയുടെ പിറവിയാണ്.
പ്രിന്‍റഡ് ഇലക്ട്രോണിക്സ്
ഫ്ലെക്സിബിൾ ഇലക്ട്രോണിക്സിന് ബഹുമുഖ ഭാവങ്ങൾ നല്‍കിയ സാങ്കേതിക വിദ്യയാണ്
പ്രിന്‍റഡ് ഇലക്ട്രോണിക്സ്.
ഇലക്ട്രോണിക്സ് സർക്യൂട്ടുകളെ ലോല പ്രതലങ്ങളില്‍ അച്ചടിച്ചെടുക്കുന്ന
വിദ്യ. കടലാസ് പോലെ ചുരുട്ടുവാനും നിവർത്തുവാനും ഒക്കെ സാധിക്കുന്ന ഫ്ലെക്സിബിൾ
ഇലക്ട്രോണിക്സ് ഉപാധികൾ തയ്യാറാക്കുന്നത് മിക്കപ്പോഴും പ്രിന്‍റഡ് ഇലക്ട്രോണിക്സ്
എന്ന ആശയത്തിന്‍റെ പിന്‍ബലത്തോടെയാണ്. ഇലക്ട്രോണിക് സർക്യൂട്ട് ബോർഡുകളും വിഷ്വല്‍
ഡിസ്പ്ലേ സ്ക്രീനുകളും മറ്റും പ്രിന്‍റഡ് ഇലക്ട്രോണിക്സിന്‍റെ ലോകത്തില്‍ ഇപ്പോൾ
സർവ്വ സാധാരണമാണ്. ഇ ബുക്ക് റീഡറുകൾ,
ഗ്ലൂക്കോസ് ടെസ്റ്റ് സ്ട്രിപ്പുകൾ, സോളാർ സെല്ലുകൾ എന്നിങ്ങനെ നീളുന്ന പലും ഇപ്പോൾ
പ്രിന്‍റഡ് ഇലക്ട്രോണിക്സിലൂടെ ഇപ്പോൾ തന്നെ ചെയ്യുന്നുണ്ട്.
ഓർഗാനിക് ഇലക്ട്രോണിക്സ്
ഇന്‍സുലേറ്ററുകൾക്ക്
ഉദാഹരണമായി പ്ലാസ്റ്റിക്കിനെ ചൂണ്ടിക്കാണിച്ചിരുന്നതൊക്കെ പഴങ്കഥയാവുകയാണിപ്പോൾ. ഇപ്പോഴതിനെ നല്ലയൊരു കണ്ടക്ടർ ആയിട്ടാണ്
സാങ്കേതിക ലോകം കൈകാര്യം ചെയ്യുന്നത്. അതായത് പ്ലാസ്റ്റിക് എന്ന ഇന്‍സുലേറ്റർ
പ്ലാസ്റ്റിക് എന്ന കണ്ടക്ടർ ആയി രൂപം മാറി വൈദ്യുത പ്രവാഹത്തിന് സുഗമമായൊരു
പാതയൊരുക്കുകയാണിവിടെ. ഫ്ലെക്സിബിൾ ഇലക്ട്രോണിക്സിന്‍റെ ഒരു ഉപ വിഭാഗമായി അനന്ത
സാധ്യതകളുടെ ലോകമാണ് ഇനി വരുവാനിരിക്കുന്നത്. കണ്ടക്ടിങ്ങ് പോളിമറുകളെ കൈകാര്യ ചെയ്യുന്ന
മേഖലയാണ് പ്ലാസ്റ്റിക് ഇലകട്രോണിക്സ് അഥവാ ഓർഗാനിക് ഇലക്ട്രോണിക്സ്. പോളിമറിലെ തന്മാത്രകൾ കാർബണ്‍ ബേസഡ് ആയതിനാലാണ്
ഇതിനെ ഓർഗാനിക് ഇലക്ട്രോണിക്സ് എന്ന് പറയുന്നത്. കോപ്പർ, സിലിക്കണ്‍ തുടങ്ങിയ ഇന്‍ ഓർഗാനിക്
കണ്ടക്ടറുകളുമായി തട്ടിച്ച് നോക്കുമ്പോൾ താഴ്ന്ന വിലയും ഉയർന്ന വഴക്കവും,
ഭാരക്കുറവും ഒക്കെ കണ്ടക്ടിങ്ങ് പോളിമറുകളുടെ സവിശേഷതകളാണെന്ന് കാണാം.
ഫ്ലെക്സിബിൾ
ഇലക്ട്രോണിക്സ് – ഭാവിയിലെ മാറ്റങ്ങൾ
വ്യത്യസ്തങ്ങളായ വ്യവസായങ്ങളില്‍
നിർണ്ണായകമായ മാറ്റങ്ങൾക്ക് വഴി മരുന്നിടുവാന്‍ പര്യാപ്തമായൊരു സാങ്കേതിക
വിദ്യയാണ് ഫ്ലെക്സിബിൾ ഇലക്ട്രോണിക്സ് എന്നത്. കമ്പ്യൂട്ടർ കീ ബോർഡുകൾക്കുള്ളിലെ കിമട്രിക്സ്,
വാഹനങ്ങൾക്കുള്ളിലെ ഇന്‍സ്ട്രുമെന്‍റ് പാനല്‍, സ്മാർട്ട് ഫോണുകൾക്കൊപ്പമുള്ള സോളിഡ് സ്റ്റേറ്റ് ഡിസ്പ്ലേ എന്നിവയെല്ലാം
ഫ്ലെക്സിബിൾ ഇലക്ട്രോണിക്സ് ടെക്നോളജിയുടെ ഉദാഹരണമാണ്. ബഹിരാകാശ വാഹനങ്ങളില്‍
പതിപ്പിക്കുന്ന ഫ്ലെക്സിബിൾ സോളാർ പാനല്‍ ആണ് മറ്റൊരുദാഹരണം.
വൈദ്യ ശാസ്ത്രവും ഫ്ലെക്സിബിൾ ഇലക്ട്രോണിക്സും
മെഡിക്കല്‍ ഇലക്ട്രോണിക്സ് ഒരു സാങ്കേതിക പഠന ശാഖയായി വികാസം
പ്രാപിച്ചിരിക്കുന്ന ഇക്കാലത്ത് ഫ്ലെക്സിബിൾ ഇലക്ട്രോണിക്സിന് ഈ രംഗത്ത് ഏറെ
മാറ്റങ്ങൾ വരുത്തുവാന്‍ കഴിയും. X
Ray മെഷിനുകളില്‍ നിലവിലുള്ള
ട്യൂബിന് പകരമായി ഓർഗാനിക് തിന്‍ ഫിലിം ട്രാന്‍സിസ്റ്റർ (OTFT) ഉപയോഗിക്കുന്നത്
വഴി ചിലവ് മാത്രമല്ല ഭാരവും കുറക്കുവാന്‍ കഴിയും.
മെഡിക്കല്‍ ലാബിലുള്ള ഗ്ലാസ് നിർമ്മിതമായ പല ഉപകരണങ്ങൾക്കും പകരംമായി OTFT
ഉപയോഗിക്കുവാന്‍ കഴിയും. ഭാവിയില്‍
നമ്മള്‍ മൊബൈല്‍ഫോണ്‍ പോലുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ കൊണ്ട് നടക്കേണ്ടി
വരില്ലത്രേ. ശാസ്ത്രജ്ഞര്‍ ഇതൊക്കെയും നമ്മുടെ ശരീരത്തില്‍ ഇംപ്ലാന്‍റ്
ചെയ്യുവാനുള്ള ശ്രമത്തിലാണ്. വെയറബിള്‍ ഇലക്ട്രോണിക്സിന്‍റെ കാലമാണിനി. വളരെ നേര്‍ത്തതും
ഫ്ലെക്സിബിളുമായ ഒരു ഓര്‍ഗാനിക് ലൈറ്റ് എമിറ്റിങ്ങ് ഡയോഡ് (O-LED) യൂണിവേഴ്സിറ്റി
ഓഫ് ടോക്യോയിലെ ഗവേഷകര്‍ കണ്ട് പിടിച്ചിരിക്കുന്നു. ഇത് ഇലക്ട്രോണിക്സ് സ്കിന്നിന്‍റെ
കണ്ടു പിടുത്തത്തിലേക്ക് ആണ് വഴി മരുന്നിടുന്നത്. വൈദ്യശാസ്ത്രരംഗത്ത് വന്‍
മാറ്റങ്ങള്‍ക്ക് വഴി തെളിക്കുന്നയൊന്നാണിത്. ത്വക്കിനുള്ളില്‍ പതിപ്പിക്കുക വഴി
നേര്‍സ്പര്‍ശമില്ലാതെ രക്തത്തിലെ ഗ്ലൂക്കോസ് നില അറിയുവാന്‍ ഈ സ്കിന്‍ വഴി
സാധിക്കും. ഒരു ഇന്‍ജക്ഷനിലൂടെ ശരീരത്തിലുള്‍ക്കൊള്ളിക്കുവാന്‍ കഴിയുന്ന ഈ നാനോ
മെംബ്രയിന്‍ പ്രവര്‍ത്തിക്കുന്നത് കൈത്തണ്ടയിലിടാവുന്ന സ്മാര്‍ട് ബ്രേസ് ലെറ്റ്
നല്‍കുന്ന വൈദ്യുതി ഉപയോഗിച്ചാണ്. ശയ്യാവലംബിയായ നിത്യ രോഗികളില്‍ പതിവായ
ബെഡ്സോർ എന്ന പ്രശ്നം അതിന്‍റെ തുടക്കത്തില്‍ത്തന്നെ മുന്നറിയിപ്പായി
ഉയർത്തിക്കാട്ടുന്ന സ്മാർട്ട് ബാന്‍ഡേജ് ആണ് ബെഡ്സോർ അലേർട്ട് ബാന്‍ഡേജ്. ടാറ്റു പോലെ താല്‍ക്കാലികമായി തൊലിപ്പുറത്ത്
പതിപ്പിക്കാവുന്ന, ബ്ലഡ് ഗ്ലൂക്കോസ് നില അളന്നറിയിക്കുന്ന പ്രത്യേക ഇ – ടാറ്റു ആണ്
ഗ്ലൂക്കോസ് ടെസ്റ്റ് ടാറ്റു എന്ന പ്രിന്‍റഡ് ഇലക്ട്രോണിക്സ് ടാറ്റു.
പെന്‍സില്‍വാനിയ യൂണിവേഴ്സിറ്റിയില്‍ 2011 – ല്‍ തന്നെ ബ്രെയിന്‍
മാപ്പിങ്ങ് എളുപ്പമാക്കുന്ന ഫ്ലെക്സിബിൾവ ഇ ഇ ജി ഇലക്ട്രോഡ് (Flexible EEG Electrode) പരീക്ഷിക്കപ്പെട്ടിട്ടുണ്ട്. പതിവ് പോലെ ഇലക്ട്രോഡുകൾ കുത്തിയിറക്കാതെ
സെറിബ്രല്‍ കോർട്ടക്സ് സർഫസില്‍ നിന്നുള്ള ന്യൂറല്‍ ആക്ടിവിറ്റികൾ റെക്കോർഡ്
ചെയ്യുവാന്‍ സഹായിക്കുന്ന ഈ പുതിയ വിദ്യ (High Density Array For Mapping Activities) ഈ സാങ്കേതിക വിദ്യക്ക് മകുടോദാഹരണമാണ്.
ഫ്ലെക്സിബിൾ ഇലക്ട്രോണിക്സ് വാഹന വ്യവസായത്തില്‍
കണ്ക്ടിവിറ്റി ഉള്ള വാഹനങ്ങളാവും ഭാവിയിലെ ട്രെന്‍ഡ്. വാഹനങ്ങളുടെ ഡിസ്പ്ലേ ആണ് ഇനി ഫ്ലെക്സിബിൾ
ആകുവാന്‍ പോകുന്നത്. ഓർഗാനിക് LCD (OLCD) ഡിസ്പ്ലേകളാണ്
ഇനി വാഹനങ്ങളിലുണ്ടാവുക. വളരെ നേർത്തതും
ഭാരക്കുറവുള്ളതുമായ ഇതിന് താരതമേന്യ ചിലവും കുറവായിരിക്കും.
പ്രതിരോധ മേഖലയിലും ഫ്ലെക്സിബിൾ ഇലക്ടോണിക്സിന്‍റെ
സാന്നിധ്യം
ഫ്ളെക്‌സിബിള്‍ ഇലക്ട്രോണിക്‌സ് അതിന്‍റെ ചിറക് വിരിച്ച്
പറക്കാന്‍ പോകുന്നത് പ്രതിരോധമേഖലയിലാണ്. യുദ്ധമേഖലയിലോ, പ്രത്യേക സൈനിക നടപടിയിലോ ഏര്‍പ്പെട്ടിരിക്കുന്ന
സൈനികരുടെ ഒരോ നീക്കവും അറിയാന്‍ അവരുടെ ശരീരത്തില്‍ സ്ഥാപിക്കുന്ന ഫ്‌ളെക്‌സിബിള്‍
ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ കൊണ്ട് സാധിക്കും. മാത്രമല്ല അവരുടെ ശാരീരിക
അവസ്ഥയെങ്ങനെ എന്നറിഞ്ഞ് ആവശ്യമായ വൈദ്യസഹായം ലഭ്യമാക്കാനും ഇത് സഹായിക്കും.
ഭാരമൊട്ടും ഇല്ലാത്തതിനാല്‍ ഇത്തരം ഉപകരണങ്ങള്‍ സൈനികര്‍ക്ക്
പ്രയാസങ്ങളുണ്ടാക്കുകയുമില്ല
യുദ്ധ മുന്നണിയിലെ സൈനീകരുടെ ശരീര താപനിലയും ഹൃദയ താളവും രക്തസമ്മർദ്ദവും
ഒക്കെ സമയ ബന്ധിതമായി നിരീക്ഷിക്കുവാനും, കണ്ടെത്തലുകൾ അതി വേഗത്തില്‍ വയർ രഹിത
പാതകളിലൂടെ മറ്റൊരിടത്തേക്ക് അതിവേഗത്തില്‍ എത്തിച്ച് കൊടുക്കുവാനും കഴിവുള്ള
സ്മാർട്ട് ബാന്‍ഡേജുകൾ പ്രധാനമായും പ്രതിരോധ മേഖലയില്‍
പ്രചാരത്തിലായിക്കഴിഞ്ഞു. ആയുധങ്ങളില്‍ത്തന്നെ
പതിപ്പിക്കുന്ന ഡിജിറ്റല്‍ ഡിസ്പ്ലേ സ്ക്രീനുകളും ഡിജിറ്റല്‍ ഡിസ്പ്ളേകളുടെ വസ്ത്ര
രൂപങ്ങളും മറ്റും ഇതിലുൾപ്പെടുന്നതാണ്. ഫ്ലെക്സിബിൾ ലേബർ മാർക്കുകൾ, ലേസർ ഗണ്ണുകൾ
എന്നിങ്ങനെ നീളുന്ന യുദ്ധോപകരണങ്ങൾ ആണ് മറ്റൊരു ഫ്ലെക്സിബിൾ കാഴ്ച..
പരസ്യ ബോർഡുകളും ഫ്ലെക്സിബിൾ
മാറുന്ന ഡിസ്പ്ലേ ആണ് വർത്തമാന ലോകത്തെ കാഴ്ച. ഗ്ലാസുകളില്‍ നിർമ്മിക്കുന്ന വലിയ
പരസ്യബോർഡുകളുടെ സ്ഥാനം ഫ്ലെക്സിബിൾ ഡിസ്പ്ളേകൾ ഏറ്റെടുക്കും. ഗ്ലാസുകളിലുള്ള ഡിസ്പ്ളേകൾ അവയുടെ കൂടിയ ഭാരം
കൊണ്ടും പൊട്ടുവാന്‍ സാധ്യതയുള്ളതു കൊണ്ടും അനാകർഷകമാണ്. ഒഎല്‍ഇഡികളാണ് (OLED) ഫ്ളെക്‌സിബിള്‍ ഇലക്ട്രോണിക് ഉപകരണങ്ങളുടെ
ഡിസ്പ്ളേയായി പ്രവര്‍ത്തിക്കുന്നത്.. LCD ഡിസ്പ്ലേകൾക്കുള്ല എല്ലാ
ഗുണങ്ങളോടൊപ്പം ഭാരക്കുറവും നേർത്തതും ഏത് പ്രതലത്തിലും ഉപയോഗിക്കാമെന്നതും ഇത്തരം
ഡിസ്പ്ളേകളുടെ സ്വീകര്യത വർദ്ധിപ്പിക്കുന്നു.
ഓർഗാനിക് ബാറ്ററി
അച്ചടിച്ചടുക്കുന്ന ബാറ്ററിയാണ്
ഓർഗാനിക് ബാറ്ററി എന്ന പ്രിന്‍റഡ് ബാറ്ററി.
ഫ്ലെക്സിബിൾ ഇലക്ട്രോണിക്സിന് ആവശ്യമായ പ്രത്യേക സെമി കണ്ടക്ടറുകൾ
നിർമ്മിക്കുവാന്‍ മാത്രമല്ല ഫ്ലെക്സിബിൾ ആയ ബാറ്ററികൾ നിർമ്മിക്കുവാനും ഓർഗാനിക്
പോളിമറുകൾ ഉപയോഗപ്പെടുത്തുവാന്‍ കഴിയും. കടലാസിന്‍റെ കട്ടി മാത്രമുള്ള നേരിട്ട്
അച്ചടിച്ചെടുക്കാവുന്ന ഓർഗാനിക് ബാറ്ററിയില്‍ പുതിയ തരം റാഡിക്കല്‍ പോളിമർ
ഇലക്ട്രോഡുകൾ ആണുപയോഗിക്കുന്നത്. കടലാസിന്‍റെ
കട്ടി മാത്രമുള്ള നേരിട്ട് അച്ചടിച്ചെടുക്കാവുന്ന ഓർഗാനിക് ബാറ്ററിയില്‍ പുതിയ തരം
റാഡിക്കല്‍ പോളിമർ ആണുപയോഗിക്കുന്നത്. ഇങ്ക്ജെറ്റ് പ്രിന്‍റിങ്ങ് വഴി
അച്ചടിച്ചെടുക്കുന്ന ഇത്തരം ഓർഗാനിക്
ബാറ്ററികൾ ചുരുട്ടുവാനും നിവർത്തുവാനും കഴിയുന്ന റി ചാർജ്ജബിൾ ബാറ്ററികളാണ്.
കളിക്കോപ്പുകളില്‍
ഫ്ലെക്സിബിൾ ഇലകട്രോണിക്സ്
കളിപ്പാട്ടങ്ങളിലുള്ള ഫ്ലെക്സിബിൾ
ഇലക്ട്രോണിക്സിന്‍റെ സാന്നിധ്യം അതിനെ കൂടുതല്‍ ആകർഷകമാക്കുന്നു. ഇപ്പോൾ പ്രചാരത്തിലുള്ള ഫ്ലെക്സിടോയ് ഉല്‍പ്പന്നങ്ങളായ
പല കളിപ്പാട്ടങ്ങളായ കുട്ടികൾക്ക് കളിക്കുവാന്‍ മാത്രമല്ല, റിമോട്ട് കണ്‍ട്രോൾ
പോലെ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളെ ചെയ്യുവാന്‍ കൂടി സഹായിക്കത്തക്ക വിധത്തില്‍
ഫ്ലെക്സിബിൾ ഡിസ്പ്ലേ യൂണിറ്റ് ഉൾപ്പെടുത്തിയാണ് വിപണിയിലെത്തിക്കുന്നത്. ചുരുക്കത്തില്‍
കുട്ടികൾക്ക് പ്രിയങ്കരമായേക്കാവുന്ന ഫ്ലെക്സിബിളും ഇന്‍ററാക്ടീവും ആയ പ്രിന്‍റഡ്
ഇലക്ട്രോണിക്സ് കളിപ്പാട്ടങ്ങളുടെ കാലമാണ് മുന്‍പിലെത്തി നില്‍ക്കുന്നു എന്നർത്ഥം.
സ്മാർട്ട് ഡിവൈസുകളും
ഫ്ലെക്സിബിൾ ആകുമ്പോൾ
പ്രതിരോധവും വൈദ്യ ശാസ്ത്രവുമൊക്കെ
വിട്ട് ഈ സാങ്കേതിക വിദ്യ സാധാരണക്കാരുടെ ഇടയിലേക്ക് ഇറങ്ങുകയാണ്. ടെലിവിഷനുകളിലേക്കും സ്മാർട്ട്
ഫോണുകളിലേക്കുമൊക്കെ ഈ സാങ്കേതിക വിദ്യ സന്നിവേശിക്കുമ്പോൾ കാര്യങ്ങൾ കൂടുതല്‍
എളുപ്പമാകുന്നു. ക്യാനഡയിലെ ക്യൂന്‍സ് യൂണിവേഴ്സിറ്റിയിലേയും അരിസോണ യൂണിവേഴ്സിറ്റിയിലേയും ഗവേഷകർ ഒരുമിച്ച്
ചേർന്ന് ചുരുട്ടുവാനും മടക്കുവാനും സാധിക്കുന്ന പേപ്പർ ഫോണ്‍
രൂപപ്പെടുത്തിയിരിക്കുന്നു. കാഴ്ചയില്‍
പ്ലാസ്റ്റിക് ആവരണമുള്ള കടലാസ് ഷീറ്റ് പോലെ ഇരിക്കുന്ന ഇതിന്‍റെ പ്രോട്ടോ ടൈപ്പ്
ആണ് ഇപ്പോൾ ഗവേഷകർ വികസിപ്പിച്ചിരിക്കുന്നത്.
ലോകത്തിലെ ആദ്യത്തെ ഫ്ലെക്സിബിൾ OLED ഡിസ്പ്ലേ സ്മാർട്ട്
ഫോണ്‍ ആയ ഗ്യാലക്സി റൌണ്ട് സാംസങ്ങാണ് പുറത്തിറക്കിയത്. തൊട്ടു പിന്നാലെ എല്‍ ജി ഫ്ലെക്സ് എന്ന ആദ്യ
റിയല്‍ കേർവ്ഡ് സ്മാർട്ട് ഫോണ്‍ അവതരിപ്പിച്ചു.
പോക്കറ്റില്‍ കൊണ്ട് നടക്കുവാന്‍
സാധിക്കുന്നയത്ര വലിപ്പത്തില്‍ രൂപപ്പെടുത്തിയിരിക്കുന്ന ആദ്യത്തെ ഇ റീഡറാണ്
റേഡിയസ്. ചുരുട്ടുവാന്‍ സാധിക്കുന്ന ഇ – പേപ്പർ ഡിസ്പ്ലേയാണ് ഇതിനുള്ളത്. പോളിമർ വിഷന്‍ എന്ന കമ്പനി
നിർമ്മിച്ചിരിക്കുന്ന ഈ ഡിവൈസ് വായന
കഴിഞ്ഞാല്‍ ചുരുട്ടി പോക്കറ്റിലിടാവുന്നതാണ്.
കളർ ടെലിവിഷനുകളില്‍ മുതല്‍
കമ്പ്യൂട്ടറിലും സ്മാർട്ട് ഫോണുകളിലും വരെ ഇപ്പോൾ ഓർഗാനിക് ലൈറ്റ് എമിറ്റിങ്ങ്
ഡയോഡുകളും (OLED) ഡിസ്പ്ലേകളും കടന്ന് കൂടിക്കഴിഞ്ഞു.
സംഗീതം ഇഷ്ടപ്പെടുന്നവർക്ക് സഹചാരിയായ
കൂടെ കൊണ്ട് നടക്കാവുന്ന ഒരു ഹാന്‍ഡി ഇലക്ട്രോണിക് കീ ബോർഡാണ് റോൾ അപ്
ഇലക്ട്രോണിക് പിയാനോ.
ഉപയോഗ ശേഷം ചുരുട്ടിയെടുക്കാന്‍
കഴിയുന്ന ഇത് ലൂജെക്സ് എന്ന കമ്പനിയാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ശരീരത്തില്‍
ധരിക്കാവുന്ന വെയറബിളുകൾ ഇപ്പോഴെ തരംഗം ആയിക്കഴിഞ്ഞു. മാത്രമല്ല, ഇനി നമ്മള്‍ ധരിക്കാന്‍ പോകുന്ന വസ്ത്രങ്ങള്‍ പോലും ഫ്ളെക്‌സിബിള്‍
സാങ്കേതിക വിദ്യ സന്നിവേശിപ്പിച്ചതായിരിക്കും.
ഫ്ലെക്സിബിൾ
ഇലക്ട്രോണിക്സിന്‍റെ ഭാവി
കാര്യക്ഷമത,
കൂടുതല്‍ കാലം നിലനില്‍ക്കുന്നത്, കുറഞ്ഞ ഊര്‍ജ
ഉപഭോഗം എന്നിവ ഫ് ളെക്‌സിബിള്‍ ഇലക്ട്രോണിക്‌സിന്‍റെ സവിശേഷതകളാണ്. പരമ്പാരാഗത സാങ്കേതിക വിദ്യയേക്കാൾ
ചെലവ് കുറഞ്ഞ നിർമ്മാണ രീതിയും അതിനാല്‍ത്തന്നെ താരതമേന്യ താഴ്ന്ന വിലയും
ഉപയോഗിക്കുവാന്‍ കൂടുതല്‍ എളുപ്പവുമായതും ഇതിനെ വിപണിക്ക്
പ്രിയങ്കരമാക്കുന്നു. 2020 ല്‍ സോണി
സമ്മാനിക്കുമെന്ന് കരുതുന്ന ബ്രേസ് ലെറ്റ് കമ്പ്യൂട്ടറിനായി കാത്തിരിക്കുകയാണ്
സാങ്കേതിക ലോകം ഇപ്പോൾ. ഫ്ളെക്‌സിബിള്‍ ഇലക്ട്രോണിക്‌സ് ഉപകരണങ്ങളെ
വിപണിയില്‍ എത്തിക്കുന്നതില്‍ നിന്ന് ഇത്രയും കാലം തടഞ്ഞിരുന്നത് ഊര്‍ജ സംഭരണ
സംവിധാനങ്ങളുടെ അപര്യാപ്തതയായിരുന്നു. എന്നാല്‍
ഫ്ളെക്‌സിബിള്‍ സോളാര്‍ പാനലുകളുടെ വരവോടെ പ്രതിസന്ധി ഏറെക്കുറെ ഒഴിവാകുമെന്ന്
പറയാം. ഫ്ലെക്സിബിൾ
ഇലക്ട്രോണിക്സ് ടെക്നോളജിക്കൊപ്പം പ്രവർത്തിക്കുന്ന അനുബന്ധ സാങ്കേതിക വിദ്യകളായ
ഓർഗാനിക് ഇലക്ട്രോണിക്സും പ്രിന്‍റഡ്/പ്ലാസ്റ്റിക്
ഇലക്ട്രോണിക്സും നാനോ സയന്‍സും ത്രിഡി പ്രിന്‍റിങ്ങും ഒക്കെ നിത്യേന കൈവരിക്കുന്ന
പുരോഗതിയും നാളെകളില്‍ ഫ്ലെക്സിബിൾ ഇലക്ട്രോണിക്സ് ടെക്നോളജിയെ
ജനപ്രിയമാക്കിയേക്കാം.