Friday, 21 June 2019

ആനിമേഷന്‍ അതിരുകളില്ലാത്ത ഭാവനയുടെ ലോകം



സംരംഭമെന്ന് കേൾക്കുമ്പോൾ അരിപ്പൊടിയും തയ്യല്‍ക്കടയും മാത്രം ചിന്തിച്ചിരുന്ന കാലത്തില്‍ നിന്നും നാം മാറുകയാണ്.  സാങ്കേതിക വിദ്യ.യുടെ കടന്ന് കയറ്റം സംരംഭകത്തിലേക്കെത്തുന്നതിന്‍റെ ഗുണങ്ങൾ പലതാണ്. അതിലൊന്നാണ് യുവതലമുറക്ക് സംരംഭകത്തോടു വന്നിട്ടുള്ള കാഴ്ചപ്പാട്. സാങ്കേതിക രംഗത്ത് തന്നെ നിരവധി സംരംഭങ്ങൾ ആരംഭിക്കുവാന്‍ കഴിയുന്ന കാലഘട്ടത്തിലേക്ക് നാം മാറുമ്പോൾ വൈറ്റ് കോളർ ജോലി എന്നത് പോലെ തന്നെ ഗ്ലാമറുള്ള ഒന്നായി ഇതും മാറുന്നുണ്ട്. കാരണം പഠിച്ച സാങ്കേതിക വിദ്യയില്‍ തന്നെ ഊന്നി ജോലി ചെയ്യുവാന്‍ കഴിയുമെന്ന മെച്ചമിതിനുണ്ട്. മുന്‍ തലമുറ ചിന്തിച്ചിരുന്നത് പോലെ ഒരു ജോലിയും ഇല്ലാത്തവർക്കുള്ളതാണ് ബിസിനസ് എന്ന കാഴ്ടപ്പാടില്‍ നിന്നും  പുതിയ കാലത്തെ തലമുറ മാറി ചിന്തിക്കുവാന്‍ സാങ്കേതിക വിദ്യ സഹായിച്ചു എന്നുള്ളതിന് പക്ഷാന്തരമില്ല. ആയതിനാല്‍ തന്നെ സ്റ്റാർട്ടപ്പുകൾ ഏറെ ഉയർന്ന് വരുന്നുമുണ്ട്.  

സാങ്കേതിക ലോകത്തെ സംരംഭക സാധ്യതകൾ നിരവധിയാണ്. അതിലൊന്നാണ് വിനോദ വ്യവസായ രംഗം.  അതില്‍ പ്രധാനപ്പെട്ടയൊന്നാണ് ആനിമേഷന്‍ മേഖല.  ഒന്നുമില്ലാത്തയിടത്ത് നിന്നും പുതിയ കാലത്തെ ഒരു സംഭവത്തെ സൃഷ്ടിച്ചെടുക്കുന്നതാണ് ആനിമേഷന്‍ എന്ന് പറയുന്നത്.

അല്‍പ്പം ചരിത്രം

ആനിമേഷന്‍ വ്യവസായ രംഗത്ത് ഇന്ത്യയുടെ രംഗ പ്രവേശനം വളരെ വൈകി ആയിരുന്നു. ആയതിനാല്‍ത്തന്നെ വളരെ ബൃഹത്തായ ചരിത്രമൊന്നും ഇതിന് അവകാശപ്പെടാനില്ല. മനുഷ്യ നേത്രത്തിന്‍റെ പ്രത്യേകതയായ വീക്ഷണ സ്ഥിരത (Persistence of Vision) അടിസ്ഥാനമാക്കി പത്തൊന്‍പതാം നൂറ്റാണ്ടിന്‍റെ മധ്യ കാതഘട്ടത്തില്‍ ആരംഭിച്ച കലാ രൂപമാണ് ആനിമേഷന്‍. ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ ഇന്ത്യയില്‍ ഉണ്ടായിരുന്ന നിഴല്‍ പാവക്കൂത്തുകൾ (Shadow Puppet) ആനിമേഷന്‍റെ ആദി കാല രൂപങ്ങളായി കണക്കാക്കപ്പെടുന്നു. ഇന്ത്യയില്‍ ആനിമേഷന്‍റെ സാധ്യതകൾ പരീക്ഷിച്ച ആദ്യ വ്യക്തി ഇന്ത്യന്‍ സിനിമയുടെ പിതാവെന്ന് അറിയപ്പെടുന്ന ദാദാ സാഹിബ് ഫാല്‍ക്കേയാണ്.

ആനിമേഷനുകൾ പല തരം

കമ്പ്യൂട്ടർ സോഫ്റ്റ്വെയറുകളുടെ സഹായത്തോടെയാണ് ഇന്ന് ആനിമേഷന്‍ ചിത്രങ്ങളും സിനിമകളും തയ്യാറാക്കുന്നത്. എന്നാല്‍ സാങ്കേതിക വിദ്യകൾ വികാസം പ്രാപിച്ചിട്ടില്ലാത്ത കാലഘട്ടത്തിലും ആനിമേഷന്‍ ചിത്രങ്ങൾ തയ്യാറാക്കിയിരുന്നു. ഓരോ കാലഘട്ടത്തിലും ലഭ്യമായ ആനിമേഷന്‍ ടെക്നിക്കുകളായിരുന്നു ഉപയോഗിച്ചിരുന്നത്. ആയതിനാല്‍ത്തന്നെ പല തരത്തിലുള്ള ആനിമേഷനുകൾ ഉണ്ട്.

പരമ്പരാഗത ആനിമേഷന്‍ രീതി (Traditional Animation)

സെല്‍ ആനിമേഷന്‍, ഹാന്‍ഡ് ഡ്രോണ്‍ ആനിമേഷന്‍ എന്നി പോരുകളില്‍ അറിയപ്പെടുന്ന ട്രെഡിഷണല്‍ ആനിമേഷന്‍ രീതിയാണ് ഇരുപതാം നൂറ്റാണ്ടില്‍ ആനിമേറ്റഡ് സിനിമകളില്‍ ഏറെയും ഉപയോഗിച്ചിരുന്നത്. ആനിമേഷന്‍ സീക്വന്‍സിലെ ഓരോ ചലനങ്ങളും ഓരോ ഫ്രെയിമായി കൈ കൊണ്ട് വരച്ചുണ്ടാക്കുന്ന രീതിയായിരുന്നു ഇത്. ഏറെ സമയം ഇതിനായി ചിലവഴിക്കേണ്ടതുണ്ടായിരുന്നു.

കമ്പ്യൂട്ടർ ആനിമേഷന്‍

കമ്പ്യൂട്ടറിന്‍റെ സഹായത്തോടെ ആനിമേഷന്‍ ഡിജിറ്റലായി ചിത്രീകരിക്കുന്നതാണ് കമ്പ്യൂട്ടർ ആനിമേഷന്‍ എന്നത്.  2 D ആനിമേഷന്‍, 3 D ആനിമേഷന്‍ എന്നിങ്ങനെ 2 തരമുണ്ടിത്.  ദ്വിമാന തലത്തില്‍ ചിത്രീകരിക്കുന്നവയാണ് 2 D ആനിമേഷന്‍. ആയതിനാല്‍ത്തന്നെ ഇടത്തേക്കും വലത്തേക്കും മാത്രമേ ഇതില്‍ ചലനമുണ്ടാക്കുവാന്‍ സാധ്യമാവുകയുള്ളു. ഒരിക്കലും പ്രേക്ഷകന്‍റെ നേരെ വരികയോ അകന്ന് പോവുകയോ ചെയ്യുകയില്ല. അഡോബ് ഫോട്ടോ ഷോപ്പ്, ഫ്ലാഷ്, ആഫ്റ്റർ ഇഫക്ട് തുടങ്ങിയ സോഫ്റ്റ്വെയറുകൾ ഇതിനുപയോഗിക്കുന്നു. പരസ്യങ്ങൾ, ഗെയിമുകൾ, ടെലിവിഷന്‍ ഷോകൾ, പവർ പോയിന്‍റ് ആനിമേഷന്‍ എന്നിവിടങ്ങളിലെല്ലാം  ഉപയോഗിക്കുന്നത് 2 D ആനിമേഷന്‍ ആണ്.

എന്നാല്‍ പ്രത്യേക 3 D സോഫ്റ്റ്വെയറിന്‍റെ സഹായത്തോടെ ക്യാരക്ടറുകളുടെ 2 D മോഡലുകൾ തയ്യാറാക്കി ത്രിമാന തലത്തില്‍ ആനിമേറ്റ് ചെയ്യുന്നതാണ് 3 D ആനിമേഷന്‍.  യാഥാർത്ഥ്യം എന്ന തോന്നലുളവാക്കുന്ന ഒബജക്ടുകളും സീനുകളും സൃഷ്ടിക്കുവാന്‍ 3D ആനിമേഷന്‍ ആണുപയോഗിക്കുന്നത്.  ട്രാന്‍സ്ഫോർമേഷന്‍, അവതാർ, ദി അവലഞ്ചേഴ്സ് പോലുള്ള ലൈവ് ആക്ഷന്‍ സിനിമകൾ ആസ്വാദ്യകരമാക്കിയത് അതിലെ 3D എലമെന്‍റുകളാണ്. 2 D ആനിമേഷനില്‍ നിന്നും 3D ആനിമേഷനില്‍ നിന്നുള്ള പ്രധാന വ്യത്യാസം 3D യില്‍ വിഡ്ത്തിനും ഹൈറ്റിനും ഉപരി ഡെപ്ത്ത് കൂടി നല്‍കുന്നു എന്നതാണ്.

ഇത് കൂടാതെ പേപ്പർ കട്ടൌട്ട് അല്ലെങ്കില്‍ ക്ലേ മോഡലുകളില്‍ തയ്യാറാക്കുന്ന ഒബജക്ടുകളുടെ ഇമേജ് ഉപയോഗിച്ച് തയ്യാറാക്കുന്ന സ്ലോപ് മോഷന്‍ ആനിമേഷന്‍ മറ്റൊരു തരമാണ്.

ആനിമേഷന്‍ - വ്യത്യസ്ത ജോലികൾ

അല്‍പ്പം കലാ വാസനയും സാങ്കേതിക അറിവുമുള്ളവർക്ക് വിവിധങ്ങളായ സംരംഭങ്ങൾ ആരംഭിക്കുവാന്‍ കഴിയുന്നയൊന്നാണ് ആനിമേഷന്‍ രംഗം. എന്നാല്‍ ഈ രംഗത്തുള്ള വിവിധങ്ങളായ ജോലികൾ ഏവയെന്നുള്ള തിരിച്ചറിവ് ഉണ്ടായിരിക്കുന്നത് സ്റ്റാർട്ടപ്പുകൾ ആരംഭിക്കുന്നവർക്ക് ഏറെ പ്രയോജനപ്രദമാണ്.  ആനിമേഷന്‍ എന്നത് ഒരു മൾട്ടി ടാസ്കിങ്ങ് പ്രൊജക്ട് ആണ്.  ആയതിനാല്‍ വിവിധങ്ങളായ ജോലികൾ ഈ മേഖലയിലുണ്ട്.

സ്റ്റോറി ബോർഡ് ആർട്ടിസ്റ്റ്

ആനിമേഷനില്‍ ഒരു ഫ്രെയിമില്‍ നിന്നും മറ്റൊന്നിലേക്കുള്ള രംഗങ്ങൾ ശ്രേണികളായി ദൃശ്യവല്‍ക്കരിക്കുകയാണ് സ്റ്റോറി ബോർഡ് ആർട്ടിസ്റ്റിന്‍റെ ജോലി.  ആയതിനാല്‍ത്തന്നെ വരക്കുവാനുള്ള കഴിവ് ഇവിടെ പ്രധാനപ്പെട്ടതാണ്.

3D മോഡലർ

വരച്ചുണ്ടാക്കിയ ക്യാരക്ടറുകളുടേയും രംഗങ്ങളുടേയും ത്രിമാന കമ്പ്യൂട്ടർ മോഡലുകൾ തയ്യാറാക്കുക എന്നതാണ് മോഡലറുടെ ജോലി. സാങ്കല്‍പ്പികമായ എന്തിന്‍റേയും 3D മോഡലുകൾ നിർമ്മിക്കുവാന്‍ കഴിയുന്ന സോഫ്റ്റ് വെയറുകൾ ഇന്ന് ലഭ്യമാണ്. ടെലി വിഷന്‍ പരസ്യങ്ങൾ, ഗെയിമുകൾ, ഹോളിവുഡ് സിനിമൾ വരെ 3D മോഡലറുടെ കരവിരുതാണ്. കൂടാതെ ശാസ്ത്ര ഗവേഷണങ്ങൾക്കുള്ള മോഡലുകൾ നിർമ്മിക്കുവാനും ഇത് ഉപയോഗിക്കുന്നുണ്ട്.

ടെക്സചർ ആർട്ടിസ്റ്റ്

ക്യാരക്ടറുകളുടെയൊക്കെ 3D മോഡലുകൾ തയ്യാറായിക്കഴിഞ്ഞാല്‍ അവയിലേക്ക് ഉപരിതല സവിശേഷതകൾ സന്നിവേശിപ്പിക്കുകയാണ് ഇവരുടെ ജോലി. ഇതിനായി സ്പെഷ്യല്‍ സോഫ്റ്റ്വെയറുകൾ ഇപ്പോൾ ലഭ്യമാണ്.

റിഗ്ഗിങ്ങ് ആർട്ടിസ്റ്റ്

ടെക്സ്ചറിന് ശേഷം മോഡലുകൾക്ക് അസ്ഥികൂടം നല്‍കുന്നവരാണിവർ. മോഡലുകളുടെ ചലനം നിയന്ത്രിക്കുന്നവരാണിവർ.

ആനിമേറ്റർ

ഒരു ക്യാരക്ടറിന് ജീവന്‍ പകരുന്നവരാണിവർ. പ്രത്യേക സോഫ്റ്റ്വെയറുകളുടെ സഹായത്താലാണിത് സാധ്യമാവുന്നത്.

കമ്പോസിറ്റർ

നിർമ്മാണ പ്രക്രിയയില്‍ ഏറ്റവും പ്രാധാന്യമുള്ളവരാണിവർ. വിവിധങ്ങളായ ക്യാരക്ടറുകളും ബാക്ക് ഗ്രൌണ്ടും ഒരൊറ്റ ആനിമേഷന്‍ ഫ്രെയിമിലാക്കി കോർത്തിണക്കുന്നവരാണിവർ.


ഇതൊന്നും കൂടാതെ ആനിമേഷന്‍ മേഖലയില്‍ നിരവധി വ്യത്യസ്തങ്ങളായ ജോലികളുണ്ട്. യഥാർത്ഥത്തില്‍ ചിത്രീകരിക്കുന്ന രംഗങ്ങളിലേക്ക് കമ്പ്യൂട്ടർ നിർമ്മിത രംഗങ്ങൾ കൂട്ടിച്ചേർക്കുന്ന സ്പെഷ്യല്‍ ഇഫക്ട് ആർട്ടിസ്റ്റുകൾ, ആനിമേറ്റർ നല്‍കുന്ന ഡ്രോയിങ്ങുകൾ ആവശ്യമെങ്കില്‍ സോഫ്റ്റ്വെയർ സഹായത്തോടെ ക്ലീന്‍ അപ് വർക്കുകൾ ചെയ്തെടുത്ത ശേഷം ഫോട്ടോഷോപ്പ് പോലുള്ള വിവിധങ്ങളായ സോഫ്റ്റ്വെയറുകളുപയോഗിച്ച് വർണ്ണാഭമായ ഫ്രെയിമുകളിലാക്കുന്നവ ഡിജിറ്റല്‍ ഇങ്ക് & പെയിന്‍റിങ്ങ്  ആർട്ടിസ്റ്റ്, ബാക്ക് ഗ്രൌണ്ട് സീനുകളൊക്കെ പ്രകാശ പൂരിതമാക്കുന്ന ലൈറ്റിങ്ങ് ആർട്ടിസ്റ്റ്, തുടങ്ങി നിരവധി വ്യത്യസ്തമായ തൊഴിലുകളാല്‍ സമ്പന്നമാണ് ഈ മേഖല.

ആനിമേഷന്‍ ഇന്‍ഡസട്രിയില്‍ കുറ്റാന്വേഷകർക്ക് തെളിവുകൾ തയ്യാറാക്കി കുറ്റകർത്യങ്ങൾ തെളിയിക്കാനാവും വിധം രംഗങ്ങൾ പുനരാവിഷ്കരിക്കുന്ന ഫോറന്‍സിക് ആനിമേറ്റർ ഈ മേഖലയിലെ മറ്റൊരു പ്രധാനപ്പെട്ട ജോലിയാണ്.

ആനിമേഷന്‍ സാധ്യതകൾ

സംരംഭക രംഗത്ത് നിരവധി സാധ്യതകളുള്ളതാണ് ആനിമേഷന്‍ മേഖല.  ഫിലിം, ടെലിവിഷന്‍, വീഡിയോ ഗെയിം,, മൊബൈല്‍ ആപ്സ്,,  വെബ്സൈറ്റുകൾ തുടങ്ങിയ രംഗങ്ങളിലൊക്കെ നിരവധി വ്യത്യസ്തങ്ങളായ സേവന സംരംഭങ്ങൾ ഈ രംഗത്ത് ആരംഭിക്കുവാന്‍ കഴിയും. സോഫ്റ്റ്വെയർ കമ്പനികൾ, ആർക്കിടെക്ചർ സ്ഥാപനങ്ങൾ, സയന്‍സ്, മെഡിക്കല്‍ ലോബറട്ടറികൾ, പ്രോഡക്ട് ഡിസൈന്‍ സ്ഥാപനങ്ങൾ, ഇന്‍റീരിയർ ഡിസൈന്‍ സ്ഥാപനങ്ങൾ തുടങ്ങിയവയും ഈ മേഖലയിലെ സാധ്യതകളാണ്.'

നാളത്തെ ആനിമേഷന്‍ രംഗം

ആർട്ടിഫിഷ്യല്‍ ഇന്‍റലിജെന്‍സിന്‍റേയും മെഷിന്‍ ലേണിങ്ങിന്‍റേയുമെല്ലാം അപാര സാധ്യതകളാണ് ഇനി ആനിമേഷന്‍ രംഗത്തെ മാറ്റിമറിക്കുവാന്‍ പോകുന്നത്. യഥാർത്ഥ വ്യക്തിയുടെ ചലനങ്ങൾ പിടിച്ചെടുത്ത് 3 D മോഡല്‍ കഥാ പാത്രങ്ങങൾക്ക് നല്‍കുന്ന സാങ്കേതിക വിദ്യയാണ് മോഷന്‍ പിക്ചർ. അതിനായി അഭിനേതാക്കൾ സെന്‍സറുൾ ഘടിപ്പിച്ച ഡ്രസ്സുകൾ ധരിക്കണമായിരുന്നു. വളരെ ചിലവേറിയതായ ഇതിന് ഇപ്പോൾ സമൂല മാറ്റം സംഭവിച്ചിരിക്കുന്നു. അഭിനേതാക്കൾക്കൾക്ക് സെന്‍സറുകൾ വേണ്ടായെന്നായിരിക്കുന്നു. അല്ലാതെ തന്നെ അവരഭിനയിച്ച വീഡിയോകളില്‍ നിന്ന് അവരുടെ ചലനങ്ങൾ കമ്പ്യൂട്ടറില്‍ സൃഷ്ടിച്ച് 3 D മോഡലുകൾക്ക് നല്‍കുവാന്‍ കഴിയുന്ന രീതിയില്‍ ഈ രംഗം വികാസം പ്രാപിച്ചിരിക്കുന്നു. ഇഷ്യ നടന്‍റെ വീഡിയോയില്‍ നിന്ന് മാത്രം അദ്ദേഹത്തിന്‍റെ ചലനങ്ങൾ 3D മോഡലിന് നല്‍കുവാന്‍ കഴിയുമെന്നർത്ഥം.

ഫെയ്സ് റെക്കഗനൈസേഷന്‍ എന്നത് ഇന്ന് സ്മാർട്ട് ഫോണുകളിലെ ഒരു സാധാരണ ഫീച്ചർ മാത്രമാണ്.  ഇത് ഒരു മെഷിന്‍ ലേണിങ്ങ് അൾഗോരിതം വഴിയാണ് സാധ്യമാവുന്നത്. കണ്ണിന്‍റേയും മൂക്കിന്‍റേയുമെല്ലാം സ്ഥാനം ഫോണിനെ പഠിപ്പിക്കുകയാണ് ഇവിടെ  ചെയ്യുന്നത്.  ഇതേ സാങ്കേതിക വിദ്യയാണ് വീഡിയോ അടിസ്ഥാനമാക്കിയുള്ള മോഷന്‍ ക്യാപ്ചറില്‍ ഉപയോഗിക്കുന്നത്. ഭാവിയിലെ ഡ്രൈവർ ഇല്ലാത്ത വാഹനങ്ങളില്‍ ഈ സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നത്.  റോഡിലെ എല്ലാ ചലനങ്ങളും കാറിനെ പഠിപ്പുവാന്‍ കഴിയുന്ന തരത്തിലേക്കാണ് ഭാവിയിലെ ആനിമേഷന്‍റെ പ്രയാണം.


ഇന്നിപ്പോൾ സിനിമയില്‍ കൃത്രിമമായി തെരുവുകൾ സൃഷ്ടിക്കുന്നത് സാധാരണമാണ്. എന്നാലിനി അതിന്‍റെ ആവശ്യമുണ്ടാവില്ല എന്ന രീതിയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. എന്നാലിനി കമ്പ്യൂട്ടറിന്‍റെ ഡേറ്റാ ബേസില്‍ 100 തെരുവുകളുടെ ചിത്രങ്ങളുണ്ടുവെങ്കില്‍ നൂറ്റി ഒന്നാമതൊന്ന് കൃത്രിമമമായി സൃഷ്ടിക്കുവാന്‍ സാങ്കേതിക വിദ്യക്കാവും. മാത്രവുമല്ല ആനിമേഷന്‍ വഴി ജീവിച്ചിരുന്നിട്ടില്ലാത്ത മനുഷ്യരുടെയൊക്കെ യഥാർത്ഥ രൂപം തന്നെ സൃഷ്ടിക്കുവാന്‍ കഴിയുമെന്ന് പറയുമ്പോൾ ആനിമേഷന്‍ എന്ന സാങ്കേതിക വിദ്യയുടെ കടന്ന് കയറ്റം എത്രത്തോളമുണ്ടുവെന്ന് വ്യക്തമാണല്ലോ.

ഇന്നിപ്പോൾ  3D സ്കാനറുകൾ ലഭ്യമാണ്. ഒരു വസ്തുവിന്‍റെ രൂപം 3D സ്കാനറുകൾ ഉപയോഗിച്ച് സ്കാന്‍ ചെയ്ത് 3D മോഡലുകൾ ആക്കുകയാണിവിടെ ചെയ്യുന്നത്. എന്നാലിതിന് പരിമിതികളുണ്ട്. വലിയൊരു കെട്ടിടത്തിന്‍റെ കാര്യം വരുമ്പോഴാണ് ഇതിന്‍റെ പരിമിതി മനസ്സിലാവുന്നത്. എന്നാല്‍ ആ കെട്ടിടത്തിന്‍റെ വിവിധങ്ങളായ ഫോട്ടോകളില്‍ നിന്നും 3D മോഡലുകൾ

സാധാരണ ഗതിയില്‍ ഒരു സിനിമക്ക് പ്രി പ്രൊഡക്ഷന്‍, പ്രൊഡക്ഷന്‍, പോസ്റ്റ് പ്രൊഡക്ഷന്‍ എന്നീ മൂന്ന് ഭാഗങ്ങളുണ്ട് എന്ന് നമുക്കറിയാം. ഇത്രയും പറഞ്ഞത് പ്രി പ്രൊഡക്ഷന്‍റെ കാര്യമാണെങ്കില്‍ റിയല്‍ ടൈം പ്രൊഡക്ഷന്‍ ആയിരിക്കും നാളത്തെ ട്രെന്‍ഡ്.  ഒരു കാലത്ത് ഡെയിമുകൾ നിർമ്മിക്കുവാന്‍ മാത്രം ഉപയോഗിച്ചിരുന്ന ഗെയിം എഞ്ചിനുകളാണ് സിനിമയുടെ നിർമ്മാണ മേഖലയിലേക്കും കടന്ന് വന്നിരിക്കുന്നത്. സിനിമയിലെ പോസ്റ്റ് പ്രൊഡക്ഷന്‍ വർക്കുകളായ ലൈറ്റിങ്ങ്, എഡിറ്റിങ്ങ്, ഗ്ലാഡിങ്ങ്, സിമുലേഷന്‍, ക്യാമറ, എഫ് എക്സ്,  റിയല്‍ ടൈം റെന്‍റിങ്ങ് എന്നിവ ഒരേ സമയം ഇവിടെ സംഭവിക്കുന്നു.  നിർമ്മാണ സമയത്ത് തന്നെ നിറവും. ടെക്ചറും, ലൈറ്റിംഗും കാണാനാകുന്നു എന്നതാണ് റിയല്‍ ടൈം റെന്‍ററിങ്ങ് എന്നത് കൊണ്ടുദ്ദേശിക്കുന്നത്.

ഈ സാങ്കേതിക വിദ്യ അനു നിമിഷവും മാറിക്കൊണ്ടിരിക്കുന്നത് ഈ രംഗത്തുള്ള സംരംഭകർക്ക് ഒരു വെല്ലു വിളിയാണ്. മാറുന്ന സാങ്കേതിക വിദ്യക്കൊപ്പം മാറുവാന്‍ തയ്യാറായില്ലായെങ്കില്‍ പിന്‍തള്ളപ്പെടുമെന്നതിന് പക്ഷാന്തരമില്ല തന്നെ.

ഇന്‍ഡസ്ട്രിയല്‍ ഓട്ടോമേഷന്‍ - ഒരു ബിസിനസ് പരിഹാര മാർഗ്ഗം




ഉയർന്ന നിലവാരവും മത്സരാധിഷ്ഠിതമായ ഉൽപന്നങ്ങളുമാണ് ഇന്നത്തെ വ്യവസായങ്ങളിലുള്ളത്.  ഒപ്പം താങ്ങാവുന്ന വിലക്ക് ഉല്‍പ്പന്നങ്ങൾ വിപണിയിലെത്തിക്കുക എന്ന വെല്ലുവിളിയും ഒരു സംരംഭകന്‍ നേരിടുന്നുണ്ട്.  മേൽപ്പറഞ്ഞ വെല്ലുവിളി പരിഹരിക്കുന്നതിനുള്ള ശ്രദ്ധേയമായ, സ്വാധീനപരമായ നീക്കമാണ് ഓട്ടോമേഷന്‍ എന്നത്.  ഉല്പാദന നിലവാരം, വിശ്വാസ്യത, എന്നിവ വർദ്ധിപ്പിക്കാൻ വ്യവസായ ഓട്ടോമേഷൻ സഹായിക്കുന്നു. പുതിയ, നൂതന സാങ്കേതിക വിദ്യകളും സേവനങ്ങളും ഉപയോഗപ്പെടുത്തി ഉല്പാദന ചിലവ് കുറക്കുകയും  രൂപകൽപ്പനയുടെ മേന്മ വർദ്ധിപ്പിക്കുകയും ചെയ്യുകയാണിവിടെ.


എന്താണ് ഇന്‍ഡസ്ട്രിയല്‍ ഓട്ടോമേഷന്‍

മനുഷ്യാധ്വാനം കഴിയുന്നത്ര കുറച്ച്, സോഫ്റ്റ്‌വെയർ, സെൻസറുകൾ, മറ്റ് സെൻസറുകൾ, മറ്റ് ഉപകരണങ്ങൾ എന്നിവയുടെ സഹായത്തോടെ പ്രവർത്തനങ്ങൾ ലഘൂകരിക്കുന്ന സാങ്കേതികവിദ്യയാണ് ഓട്ടോമേഷൻ. ചെറുതും വലുതുമായ വ്യാവസായിക പ്ലാന്‍റുകൾ മുതൽ നാം നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന പല സംവിധാനങ്ങളും ഓട്ടോമേഷൻ ടെക്നോളജിയുടെ ഭാഗമാണ്. തൊഴിലിന്‍റെ കൃത്യതയും കാര്യക്ഷമതയും വർധിപ്പിക്കുമെന്നതിനാൽ പല വ്യവസായ സ്ഥാപനങ്ങളും ഓട്ടോമേഷനിലേക്കു ചുവടു മാറ്റിക്കഴിഞ്ഞു.

ഓട്ടോമേഷന്‍റെ പ്രസക്തി

തൊഴില്‍ ശാലകൾ ഇന്നൊരു മാറ്റത്തിന്‍റെ പടി വാതില്‍ക്കലാണ്.  കഠിനമായ ജോലികൾ ചെയ്യുവാന്‍ മനുഷ്യപ്രയത്നം ആവശ്യമില്ലായെന്ന തരത്തിലേക്കാണ് കാര്യങ്ങളുടെ പോക്ക്.  തൊഴിൽ രംഗം അതിവേഗത്തിൽ ഓട്ടോമേഷൻ യുഗത്തിലേക്കു മാറുകയാണ്.  റോബോട്ടിക്സും ആർട്ടിഫിഷ്യല്‍ ഇന്‍റലിജെന്‍സും മെഷീന്‍ ലേണിങ്ങുമൊക്കെയാണ് ഇനി തൊഴില്‍ രംഗം നിയന്ത്രിക്കുവാന്‍ പോകുന്നതെന്ന യാഥാർത്ഥ്യം നാം മനസ്സിലാക്കുമ്പോൾ അതിന് വേണ്ടി നമ്മുടെ മനസ്സൊരുക്കവും അതി വേഗത്തില്‍ നടന്നേ പറ്റു.  തൊഴിൽമേഖലയിൽ അടുത്ത രണ്ടു പതിറ്റാണ്ടിൽ വരാൻപോകുന്നതു സമൂലമായ മാറ്റമാണെന്നാണു രാജ്യാന്തര ഗവേഷണ സ്ഥാപനം മകിൻസേയുടെ റിപ്പോർട്ട്.  ലോകത്തു പ്രധാനമായി 800 വിഭാഗത്തിൽപ്പെട്ട ജോലികളുണ്ടെന്നാണു മകിൻസേയുടെ വിലയിരുത്തൽ.  ഇതില്‍ 30 ശതമാനത്തിലേറെയും പൂർണ്ണമായും ഓട്ടോമേഷന്‍ ചെയ്യാവുന്ന സ്ഥിതിയിലേക്ക് മാറിക്കഴിഞ്ഞു.  ഇപ്പോൾ പല കമ്പനികളിലും മനുഷ്യന്‍ ചെയ്യുന്ന പല ജോലികളും റോബോട്ടുകൾ ചെയ്യുന്ന സ്ഥിതിയിലേക്ക് മാറിക്കഴിഞ്ഞു. ഇപ്പോൾ പല കമ്പനികളിലും ജീവനക്കാർ ചെയ്തുകൊണ്ടിരിക്കുന്ന പതിവു ജോലികൾ റോബോട്ട് അടക്കമുള്ള യന്ത്രങ്ങൾ രണ്ടുവർഷത്തിനുള്ളിൽത്തന്നെ കയ്യടക്കും. സാധാരണമല്ലാത്ത കഴിവുകളും ബുദ്ധിയും പ്രയോഗിക്കേണ്ട ജോലികൾക്കു മാത്രമാകും ഇനി മനുഷ്യസഹായം  വേണ്ടിവരിക.

ഏതെല്ലാം മേഖലകളിൽ ഓട്ടോമേഷൻ ഉപയോഗപ്പെടുത്തുന്നു?

ഗുണമേന്മയും പ്രവർത്തന ക്ഷമതയും ഉറപ്പുവരുത്തുവാൻ ആഗ്രഹിക്കുന്ന ആഗോള തലത്തിലെ ചെറുതും വലുതുമായ എല്ലാ വ്യവസായ സ്ഥാപനങ്ങളും ഒട്ടുമിക്ക മേഖകളിലും ഓട്ടോമേഷൻ ഉപയോഗപ്പെടുത്തുന്നു. നിർമാണത്തിന്‍റെയോ സേവനത്തിന്‍റെയോ ഓരോ ഘട്ടത്തിലും ഗുണമേന്മ ചോർന്നു പോകാതെ കാര്യക്ഷമത ഉറപ്പുവരുത്തുവാൻ ഓട്ടോമേഷൻ സഹായിക്കുന്നു. വിരൽത്തുമ്പിൽ സാങ്കേതികത്തികവോടെ വ്യാവസായിക പ്ലാന്‍റുകളെ നിയന്ത്രിക്കാൻ കഴിയുമെന്നതിനാൽ ആഗോളതലത്തിൽ ഓട്ടോമേഷനു സ്വീകാര്യത ലഭിച്ചു കഴിഞ്ഞു. ഭക്ഷ്യസംസ്കരണ പ്ലാന്‍റുകൾ മുതൽ ദുർഘടമായ തൊഴിൽ മേഖലകളായ എണ്ണവാതക റിഗ്ഗുകൾ വരെ ഓട്ടോമേഷൻ പ്രയോജനപ്പെടുത്തുന്നു.

ഇന്ത്യയിൽ ഓട്ടോമേഷൻ നടപ്പിലാക്കുന്നതും പ്രയോജനപ്പെടുത്തുന്നതും മൂന്നു മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനികളാണ്.

1)       വ്യാവസായിക ഉൽപാദന പ്ലാന്‍റുകൾ
2)       ഓട്ടോമേഷൻ സിസ്റ്റം ഇന്‍റഗ്രേഷൻ കമ്പനികൾ
3)       ഓട്ടോമൊബൈൽ സ്പെയർപാർട്ട്സുകൾ നിർമിക്കുന്നതും വിതരണം ചെയ്യുന്നതുമായ കമ്പനികൾ

ഓട്ടോമേഷനുകൾ പല തരം

1.      ഹാർഡ് ഓട്ടോമേഷൻ
സ്ഥിരമായി ആവർത്തിച്ച് ഒരേ പ്രവൃത്തി തന്നെ ചെയ്യേണ്ടുണ്ടുവെങ്കില്‍ ഈ തരം ഓട്ടോമേഷന്‍ ആണ് ഉപയോഗിക്കുക.  നിശ്ചിത സീക്വൻസ് അസെംബിംഗ് അല്ലെങ്കിൽ പ്രോസസ്സിംഗ് ഓപറേഷനുകൾ ഓട്ടോമേറ്റ് ചെയ്യാൻ ആണ് ഇത്തരം ഓട്ടോമേഷന്‍ ഉപകാരപ്പെടുന്നത്. ഒരിക്കൽ ഉപയോഗിച്ചു കഴിഞ്ഞാൽ,  ഉൽപ്പന്ന രൂപകൽപ്പനയിൽ മാറ്റം വരുത്തുന്നതിനോ വ്യത്യാസപ്പെടുത്തുന്നതിനോ താരതമ്യേന ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ, ഉൽപ്പന്ന വൈവിധ്യം നൽകുന്നതിൽ ഇത് വളരെയേറെ ബുദ്ധിമുട്ടാണ്. എന്നാൽ ഉൽപാദനശേഷി വർദ്ധിപ്പിക്കുകയും യൂണിറ്റ് ചെലവ് കുറയ്ക്കുകയും ചെയ്യുന്നു. ഡിസ്റ്റിലേഷന്‍ പ്ലാന്‍റുകൾ, കണ്‍വെയറുകൾ എന്നിവയൊക്കെ ഉദാഹരണമാണ്.
2. പ്രോഗ്രാമബിൾ ഓട്ടോമേഷൻ
മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട ഒരു പ്രത്യേക പ്രോഗ്രാമിനോ പ്രോസസസിനോ ഒരു നിശ്ചിത സമയത്തേക്കോ മാത്രമായി ഏർപ്പെടുത്തുന്ന ഓട്ടോമേഷന്‍ സംവിധാനമാണിത്. ബാച്ച് ഉത്പാദന പ്രക്രിയക്ക് ഏറ്റവും യോജിച്ചതാണ് ഇത്തരം ഓട്ടോമേഷന്‍.  എന്നാൽ ഇതിൽ, ഒരു പുതിയ ഉൽപ്പന്നത്തിനായോ അല്ലെങ്കിൽ പ്രവർത്തനങ്ങളുടെ ക്രമം മാറ്റുന്നതിനായോ സിസ്റ്റം പുനർ രൂപവൽക്കരിക്കുവാന്‍ താരതമേന്യ പ്രയാസമാണ്. ഈ ഓട്ടോമേഷൻ സംവിധാനത്തിന്റെ ഉദാഹരണങ്ങൾ പേപ്പർ മില്ലുകൾ, ഉരുക്ക് റോളിംഗ് മില്ലുകൾ, വ്യാവസായിക റോബോട്ടുകൾ തുടങ്ങിയവയാണ്.
3.      സോഫ്റ്റ് ഓട്ടോമേഷന്‍
ഒന്നിലധികം ഉല്‍പ്പന്നങ്ങൾ ഒരേ സമയം ഉല്‍പ്പാദിപ്പിക്കുന്നിടത്ത് ഏറെ പ്രയോജനകരാണ് ഇത്തരം ഓട്ടോമേഷന്‍. ഒപ്പം ഒരുപാട് പ്രോസസുകൾ ഒരു ഉല്‍പ്പന്നത്തിന്‍റെ ഉല്‍പ്പാദനത്തിനായി ഉപയോഗിക്കുന്നിടത്തും ഇത് പ്രയോജനപ്പെടുത്താം.  ഓട്ടോമാറ്റിക് നിയന്ത്രണ സംവിധാനങ്ങൾ ഇതിന്‍റെ പ്രത്യേകതയാണ്.  ഓട്ടോമാറ്റിക് ഗൈഡഡ് വാഹനങ്ങൾ, ഓട്ടോമൊബൈൽസ്, മൾട്ടി പർപ്പസ് CNC യന്ത്രങ്ങൾ എന്നിവ ഉദാഹരണങ്ങളാണ്.

പ്രയോജനങ്ങൾ എന്തൊക്കെ

ഒരു വ്യാവസായിക പ്ലാന്‍റില്‍ ഓട്ടോമേഷന്‍ ഉപയോഗിച്ചാല്‍ നിരവധിയായ പ്രയോജനങ്ങൾ ലഭിക്കുവാന്‍ കഴിയും.

1.      പ്രൊഡക്ടിവിറ്റി കൂട്ടുവാന്‍ കഴിയും

ഉല്‍പ്പാദനത്തിന്‍റെ മികച്ച നിയന്ത്രണം വഴി ഫാക്ടറി അല്ലെങ്കിൽ ഉല്‍പ്പാദന, പ്രോസസ് പ്ലാൻറുകളുടെ ഉല്പാദന നിരക്ക് മെച്ചപ്പെടുത്തുവാന്‍ കഴിയും. കുറഞ്ഞ സമയത്തില്‍ കൂടുതല്‍ ഉല്‍പ്പന്നം നിർമ്മിക്കുവാന്‍ ഇത് സഹായകരമായ ഒന്നാണ്. 
2.      ചിലവ് നിയന്ത്രിക്കുവാന്‍ സഹായകരമാവുന്നു.
മനുഷ്യ പ്രയത്നം ഗണ്യമായ തോതില്‍ കുറക്കുവാന്‍ ഓട്ടോമേഷന്‍ സഹായകരമാവുന്നു. മാത്രവുമല്ല അസംസ്കൃത വസ്തുക്കളുടെ സംഭരണം കുറയ്ക്കുവാന്‍ കഴിയുന്നതിലൂടെ ചിലവ് നിയന്ത്രിക്കുവാന്‍ കഴിയും.
3.      ഉല്‍പ്പന്നത്തിന്‍റെ ഗുണനിലവാരം ഉയർത്തുവാന്‍ കഴിയുന്നു
മനുഷ്യന്‍റെ ഇടപെടലുകളെ ഓട്ടോമേഷൻ കുറയ്ക്കുന്നത് കാരണം, മനുഷ്യന്‍റെ പിഴവുകളുടെ സാധ്യതയും ഇല്ലാതാകും. ഉത്പന്നത്തിന്‍റെ തുടക്കം മുതൽ എല്ലാ ഘട്ടങ്ങളിലും വ്യവസായ പ്രക്രിയകൾ നിയന്ത്രിക്കാനും നിരീക്ഷിക്കാനും സംവിധാനമുള്ളത് കൊണ്ട് തന്നെ ഉയർന്ന ഗുണ നിലവാരത്തില്‍ ഓരോ ഉല്‍പ്പന്നവും നിർമ്മിക്കാം എന്നുള്ളത് മാത്രമല്ല എല്ലാ ഉല്‍പ്പന്നവും ഒരേ പോലെ ആയിരിക്കുവാനും കഴിയുന്നു.
4.      മനുഷ്യ വിഭവ ശേഷി കുറക്കുവാന്‍ കഴിയുന്നു
പ്ലാന്‍റ്  ഏതാണ്ട് പൂർണ്ണമായിത്തന്നെ ഓട്ടോമേറ്റഡ് ആക്കുക എന്ന് പറയുമ്പോൾ അതിന് ലഭിക്കുന്ന പ്രയോജനങ്ങൾ നിരവധിയാണ്.  വ്യത്യസ്ത സ്വഭാവക്കാരായ തൊഴിലാളികളെ മാനേജ് ചെയ്യുന്നത് ഒഴിവാക്കുവാന്‍ കഴിയും. ഒപ്പം അവരുടെ തൊഴില്‍ പ്രശ്നങ്ങൾ ഉൾപ്പടെയുള്ള കാര്യങ്ങൾ ഒഴിവാക്കുന്നതിലൂടെ മാനേജ്മെന്‍റിന് കാര്യക്ഷമമായി പ്രവർത്തിക്കുവാന്‍ കഴിയുന്നു.
സംരംഭ സാധ്യതകൾ
ഇത് ഓട്ടോമേഷന്‍റെ കാലമായതിനാല്‍ത്തന്നെ എഞ്ചിനിയറിങ്ങ് ഡിപ്ലോമ നേടിയിട്ടുള്ള കുട്ടികൾക്ക് അധിക യോഗ്യതയായി ഓട്ടോമേഷന്‍ കോഴ്സുകൾ ആവശ്യമായി വരുന്നുണ്ട്. ആയതിനാല്‍ത്തന്നെ ഇതുമായി ബന്ധപ്പെട്ട പരിശീലന സ്ഥാപനങ്ങൾ ഈ രംഗത്തെ ഒരു സംരംഭക സാധ്യതയാണ്.
വിവിധങ്ങളായ ചെറുകിട സംരംഭങ്ങൾക്ക് ആവശ്യമായ ഓട്ടോമേഷന്‍ ചെയ്തു കൊടുക്കുന്ന സ്ഥാപനങ്ങളായി പ്രവർത്തിക്കുവാന്‍ കഴിയും. ഒപ്പം വിവിധ സ്ഥാപനങ്ങൾക്കുള്ള കണ്‍സൾട്ടന്‍സി സർവീസ് ഈ രംഗത്തെ സാധ്യതയാണ്. ഇന്‍റലിജെന്‍റ് കാർ പാർക്കിങ്ങ് സിസ്റ്റം ഉയർന്ന് വരുന്ന മറ്റൊരു സംരംഭക സാധ്യതയാണ്.
ആർട്ടിഫിഷ്യല്‍ ഇന്‍റലിജെന്‍സിന്‍റെ ഈ കാലഘട്ടത്തില്‍ നമ്മുടെ തൊഴില്‍ സാഹചര്യങ്ങളില്‍ മാറ്റങ്ങൾ വന്നു കൊണ്ടേയിരിക്കുന്നു. മാറുന്ന കാലത്ത് ബിസിനസ് ലോകം മാറ്റങ്ങൾക്കനുസർതമായി ചലിച്ചില്ലായെങ്കില്‍ മത്സരത്തില്‍ പിന്തള്ളപ്പെട്ട് പോവുകയായിരിക്കും ഫലം.