ഇന്ന് ഏതൊരു മേഖലയിലും കമ്പ്യൂട്ടര്‍ പിടിമുറുക്കിയിരിക്കുന്നതിനാല്‍
ഈ രംഗത്ത് നിരവധി പുത്തന്‍ സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കുന്നതായി കാണുന്നുണ്ട്. നാം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ പലപ്പോഴും
പുത്തന്‍ സംരംഭക സാധ്യതകളിലേക്ക് വഴി തുറക്കാറുമുണ്ട്. ഈ കാര്യത്തില്‍
കമ്പ്യൂട്ടര്‍ മേഖലയും ഒരു അപവാദമല്ല. ഇന്നിപ്പോള്‍ ആഗോള വ്യാപകമായി കമ്പ്യൂട്ടര്‍
മേഖല നേരിടുന്ന ഒരു പ്രശ്നമാണ് കമ്പ്യൂട്ടര്‍ സുരക്ഷ എന്നുള്ളത്. ഈ അടുത്ത
കാലത്തായി ലോകമെങ്ങുമുള്ള കമ്പ്യൂട്ടര്‍ ഉപഭോക്താക്കള്‍ ഭീതിയോടെ നോക്കിക്കണ്ട
ഒന്നാണ് വാനാക്രൈ ആക്രമണം. ഇങ്ങനെയുള്ള സൈബര്‍ ആക്രമണങ്ങളുടെ കാലഘട്ടത്തിലാണ്
സൈബര്‍ സെക്യൂരിറ്റി മേഖലയിലെ പുത്തന്‍ സംരംഭക സാധ്യതകള്‍ക്ക് പ്രസക്തിയേറുന്നത്. ഇന്ന്
ലോകം ഡിജിറ്റലൈസേഷനിലേക്ക് ചുവട് വയ്ക്കുമ്പോള്‍, നമ്മുടെ ബാങ്ക് അക്കൌണ്ടുകള്‍
നമ്മുടെ തന്നെ മൊബൈലിലേക്ക് ചുരുങ്ങുമ്പോള്‍ കമ്പ്യൂട്ടര്‍ സുരക്ഷക്ക് ഏറെ
പ്രാധാന്യമുണ്ട്.
ഇവിടെയാണ് ഈ രംഗത്തെ സംരംഭങ്ങളുടെ പ്രസക്തി. സേവന മേഖലയാണിവ.
വ്യത്യസ്തമായ നിരവധി സേവനങ്ങള്‍ നല്‍കുന്ന സംരഭങ്ങള്‍ ഈ മേഖലയില്‍ ആരംഭിക്കുവാന്‍
കഴിയും.
1.
VAPT (Vulnerability Assessment Penetration Technique) – Prevention
is better than cure എന്ന തത്വം ആരോഗ്യത്തിലെന്നത് പോലെ സൈബര്‍ മേഖലയിലും
പ്രസക്തമായ ഒന്നാണ്. ഏതെങ്കിലുമൊരു
കമ്പനിയുടെ സിസ്റ്റത്തേയോ നെറ്റ് വര്‍ക്കിനേയോ ഉടമസ്ഥന്‍റെ സമ്മതത്തോട് കൂടി ഹാക്ക്
ചെയ്യുവാന്‍ ശ്രമിക്കുന്നതോ സിസ്റ്റത്തിലോ നെറ്റ് വര്‍ക്കിലോ ഉള്ള Vulnerability കണ്ട് പിടിക്കുന്നതിനാണ്
VAPT എന്ന്
പറയുന്നത്. വാനാക്രൈ പോലുള്ള അപ്രതിക്ഷിത സൈബര്‍ ആക്രമണങ്ങള്‍ ആഗോള വ്യപകമായി, സമയ
ഭേദമെന്യേ ഭീഷണി ഉയര്‍ത്തി നില്ക്കുമ്പോള്‍ ഇത്തരത്തിലുള്ള സേവനങ്ങള്‍ക്ക് ഏറെ
പ്രസക്തിയുണ്ട്.
1.
Security
Operation Centre (SOC) – ഒരു സിസ്റ്റത്തേയോ നെറ്റ്
വര്‍ക്കിനേയോ തുടര്‍ച്ചയായി നിരിക്ഷിച്ച് കൊണ്ടിരിക്കുന്ന സെന്‍റര്‍. ആതാണ് SOC. തുടര്‍ച്ചയായ നിരീക്ഷത്തിലൂടെ സിസ്റ്റത്തേയോ നെറ്റ്
വര്‍ക്കിനേയോ ബാധിക്കുന്ന നിലവിലുള്ള Vulnerabilities
കണ്ടെത്തുവാനും
പരിഹരിക്കുവാനും കഴിയും. ഇത്തരത്തിലുള്ള സേവനങ്ങള്‍ വന്‍ കിട സ്ഥാപനങ്ങള്‍ക്ക് നല്‍കുന്നതായ
കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങള്‍ ഈ മേഖലയില്‍ ആരംഭിക്കുവാന്‍ കഴിയുന്നതാണ്.
2.
Firewall: ഇന്ന് നിരവധി ഫയര്‍വാളുകള്‍ വിപണിയില്‍
ലഭ്യമാണ്. പലപ്പോഴും ഇതിന്‍റെ സര്‍വീസും മെയ്ന്‍റനന്‍സും ഒരു പ്രശ്നമായി
വരാറുണ്ട്. ഇത്തരത്തിലുള്ള ഫയര്‍വാള്‍ പ്രൊവൈഡേഴ്സിന് സപ്പോര്‍ട്ട് കൊടുക്കുന്ന
തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഒരു സൈബര്‍ സൈക്യൂരിറ്റി കമ്പനിക്ക് ചെയ്യുവാന്‍
സാധിക്കും.
1.
സെക്യൂരിറ്റി
കോഡിങ്ങ്
സെക്യീരിറ്റി വള്‍നറബിലിറ്റികളെ
പ്രതിരോധിക്കുവാന്‍ കഴിയുന്ന തരത്തിലുള്ള സോഫ്റ്റ് വെയറുകളെ നിര്‍മ്മിക്കുന്ന
രീതിയാണ് സെക്യൂര്‍ കോഡിങ്ങ്. സാധാരണയായി ഒരു കമ്പ്യൂട്ടര്‍ പ്രോഗ്രാമിങ്ങിലെ
പിഴവുകള്‍, പ്രോഗ്രാമിന്‍റെ ലോജിക്കിലുള്ള തെറ്റുകള്‍ എന്നവയാണ് പ്രധാനമായും
ഹാക്കര്‍മാര്‍ നോട്ടമിടുന്നത്. ഇത്തരം തെറ്റുകള്‍ വരാത്ത രീതിയില്‍ പ്രോഗ്രാമുകള്‍
നിര്‍മ്മിക്കുന്നതിനെയാണ് സെക്യൂരിറ്റി കോഡിങ്ങ് എന്ന് ഉദ്ദേശിക്കുന്നത്. ഐ ടി
രംഗത്ത് ഒഴിവാക്കുവാന്‍ കഴിയാത്ത ഒന്നാണെങ്കിലും നമ്മുടെ നാട്ടില്‍ അധികം ഇത്
പ്രചാരത്തില്‍ വന്നിട്ടില്ല. ആയതിനാല്‍ത്തന്നെ സ്റ്റാര്‍ട്ട് അപ് മേഖലയിലുള്ള
സംരംഭകര്‍ക്ക് ഏറെ സാധ്യതയുള്ളയൊരു മേഖലയാണിത്. ഓസോണ്‍ സെക്യൂരിറ്റി പോലുള്ള
കമ്പനികള്‍ സ്റ്റാര്‍ട്ട് അപ് കമ്പനികള്‍ക്കായി സെക്യൂരിറ്റി കോഡിങ്ങ് പരിശീലനം
നല്‍കി വരുന്നുണ്ട്. . ഇത്തരത്തിലുള്ള കമ്പനികള്‍ കേരളത്തില്‍ വിരളമാണ്.
1.
സൈബര്‍
ഫോറന്‍സിക്
സൈബര്‍ കുറ്റകൃത്യങ്ങള്‍ ഏറെ വ്യാപകമായിരിക്കുന്ന
ഇക്കാലത്ത് ഏറെ സാധ്യതയുള്ള ഒന്നാണ് സൈബര്‍ ഫോറന്‍സിക് എന്നത്. കമ്പ്യൂട്ടര്‍,
മൊബൈല്‍ ഡിവൈസില്‍ നിന്നും കോടതിയില്‍ ഹാജരാക്കുന്ന തരത്തില്‍ ഡേറ്റാ
വീണ്ടെടുക്കുകയാണിവിടെ. ഇതിന് പരിശീലന സ്ഥാപനങ്ങള്‍ ഏറെയില്ലാത്തതിനാല്‍
കമ്പ്യൂട്ടര്‍ പരിശീലന സ്ഥാപനങ്ങള്‍ക്ക് സര്‍ട്ടിഫൈഡ് കോഴ്സുകള്‍ നല്‍കുകയെന്ന
സംരംഭ സാധ്യതകളിവിടെയുണ്ട്.
1.
എക്സപ്ളോയിറ്റ്
റൈറ്റിങ്ങ്
ഒരു ആപ്ലിക്കേഷനില്‍ അല്ലെങ്ങില്‍ സോഫ്റ്റ്
വെയറിലുള്ള ബഗ്ഗ്സിനെ മുതലെടുക്കുവാന്‍ വേണ്ടി തയ്യാറാക്കുന്ന കോഡിനെയാണ് എക്സ്പ്ലോയിറ്റ്
എന്ന് പറയുന്നത്. ഒരു വള്‍നറബിലിറ്റി ദുരുപയോഗം ചെയ്ത് ആപ്ലിക്കേഷന്‍ അല്ലെങ്കില്‍
സോഫ്റ്റ് വെയറിനുള്ളില്‍ കയറിക്കൂടുവാനും അതിന് ശേഷം നിര്‍വ്വഹിക്കേണ്ട കാര്യങ്ങള്‍
ചെയ്യുവാനുമുള്ള കോഡ് ഓരോ എക്സ്പ്ലോയിറ്റിനുള്ളിലും കാണും. ഇത്തരം കോഡുകള്‍ നിര്‍മ്മിക്കുന്നതിനെയാണ്
എക്സപ്ളോയിറ്റ് റൈറ്റിങ്ങ് എന്ന് പറയുന്നത്. ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി മേഖലയില്‍
ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെടുന്ന ഈ രംഗത്ത് വരും നാളുകളില്‍ നിരവധി പുത്തന്‍
സംരഭങ്ങള്‍ ഉടലെടുക്കുവാന്‍ സാധ്യതയുണ്ടുവെന്ന് കണക്കാക്കപ്പെടുന്നു.
2.
ബഗ്ഗ്
വേട്ടയും ഒരു ബിസിനസ്സ്
സോഫ്റ്റ് വെയറിലെ പിഴവുകളാണ് വാനാക്രൈ പോലുള്ള
റാന്‍സംവെയറുകള്‍ക്ക് വളം വെച്ച് കൊടുക്കുന്നത്. ഇനി ഈ പിഴവുകള്‍ നാം തന്നെ
കണ്ടെത്തിയാലോ. ആക്രമണവും ഒവിവാക്കാം, വന്‍തുക പാരിതോഷികം ലഭിക്കുകയും ചെയ്യും. സോഫ്റ്റ്
വെയര്‍ പ്രോഡക്ടുകളിലെ പിഴവുകള്‍ പണമായി ഹാക്കര്‍മാര്‍ മാറ്റുമ്പോള്‍ ആര്‍ക്കും
തങ്ങളുടെ ഉല്‍പ്പന്നങ്ങളിലെയോ സേവനങ്ങളുടേയോ പിഴവുകള്‍ കണ്ടെത്തി പണം കൊയ്യുവാന്‍
ഗൂഗിള്‍, ഫേസ്ബുക്ക് പോലുള്ള മുന്‍നിര കമ്പനികള്‍ അവസരം നല്‍കുന്നുണ്ട്. എത്തിക്കല്‍ ഹാക്കര്‍മാരാണ് ഇതില്‍
പങ്കെടുക്കുന്നതും സമ്മാനം നേടുന്നതും.
3.
പരിശീലന
സ്ഥാപനങ്ങള്‍
വ്യക്തികളുടെ ബാങ്ക് അക്കൌണ്ടുകളില്‍ നിന്നും
ഹാക്ക് ചെയ്ത വിവരങ്ങളുപയോഗിച്ച് പണം തട്ടുന്നത് വികസിത രാജ്യങ്ങളില്‍ പലയിടത്തും
വ്യാപകമാണ്. കടലാസ് പണത്തിന്‍റെ ഉപയോഗം പരമാവധി കുറച്ച് കൊണ്ട് വരണമെന്ന
നിലപാടിലാണ് ഇന്ത്യന്‍ ഭരണാധികാരികള്‍. സ്വാഭാവികമായും ഡിജിറ്റല്‍ പണമിടപാടിലേക്ക്
വളരെ വേഗം നാം മാറേണ്ടി വരും. അതിനാല്‍ത്തന്നെ നമ്മുടെ ബാങ്കിങ്ങ് സംവിധാനം
കുറ്റമറ്റതാക്കേണ്ടതിന്‍റെ ആവശ്യകയിലേക്കാണിത് വിരല്‍ ചൂണ്ടുന്നത്. ഇത്തരുണത്തില്‍
സൈബര്‍ സെക്യൂരിറ്റി സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഏറെ പ്രസക്തിയുണ്ട്. എന്നാല്‍ ഈ
രംഗത്ത് വേണ്ടത്ര വിദഗ്ദരെ കിട്ടാനില്ലാത്ത സ്ഥിതിയാണിന്നുള്ളത്. ആയിതിനാല്‍ത്തന്നെ
പ്രമുഖ സ്ഥാപനങ്ങളോട് ചേര്‍ന്നോ ഫ്രാഞ്ചൈസി ആയോ സൈബര്‍ സെക്യൂരിറ്റി പഠന
സ്ഥാപനങ്ങള്‍ ആരംഭിക്കാവുന്നതാണ്. കെല്‍ട്രോണ്‍ പോലുള്ള സ്ഥാപനങ്ങള്‍ അവരുടെ
നോളഡ്ജ് സെന്‍ററുകള്‍ വഴി ഇത്തരം അഡ്വാന്‍സ്ഡ് കോഴ്സുകള്‍ നല്‍കുന്നത് മാത്രമാണ്
ഇപ്പോള്‍ ഈ മേഖലയിലുള്ള ഹ്രസ്വ കാല പരിശീല സ്ഥാപനങ്ങള്‍. 2020 ആകുമ്പോള്‍ ഏറ്റവും
അധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന് നാസ്കോം കണക്കാക്കുന്ന ഈ രംഗത്ത്
അംഗീകൃത പരിശീലന സ്ഥാപനങ്ങള്‍ക്ക് ഏറെ പ്രസക്തിയുണ്ട്.
സൈബര്‍ സെക്യൂരിറ്റി പഠിക്കാം ഒപ്പം ക്രിപ്റ്റോഗ്രാഫിയും
ഈ രംഗത്ത് സംരംഭം ആരംഭിക്കണമെന്നുണ്ടുവെങ്കില്‍ ആദ്യം ഒരു പ്രൊഫഷണല്‍
എത്തിക്കല്‍ ഹാക്കര്‍ ആകേണ്ടതാവശ്യമാണ്. വളരെ ചുരുക്കമായെങ്കിലും ഇത്തരത്തിലുള്ള
കോഴ്സുകള്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ കോഴ്സുകള്‍ അനവധിയുണ്ടെങ്കിലും നേരിട്ടുള്ള കോഴ്സുകള്‍
ചെയ്യുന്നതാണ് അഭികാമ്യം. സൈബര്‍ സെക്യൂരറ്റിയില്‍ എം ടെക് കോഴ്സ് നടത്തുന്ന
സ്ഥാപനങ്ങള്‍ ഇന്നുണ്ട്. എന്നാല്‍ കമ്പ്യൂട്ടര്‍ സയന്‍സിലോ ഐ ടിയിലോ ബി ടെക്/ബി എസ് സി ബിരുദവും
ഒപ്പം International Council
of Electronic Commerce Consultants (EC Council) (http://www.eccouncil.org/) എന്ന അന്തര്‍ദേശീയ
സ്ഥാപനം അംഗീകരിച്ച സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം കൂടി ചെയ്താല്‍ ഈ രംഗത്ത്
പ്രൊഫഷണലാകാം. അമേരിക്കയിലെ ന്യൂ മെക്സിക്കോയിലാണ് ഈ സ്ഥാപനം. രാജ്യത്തെ മികച്ച
സര്‍ട്ടിഫിക്കേഷന്‍ കോഴ്സ് നടത്തുന്നത് എന്‍ ഐ ഐ ടി തന്നെയാണ്. ഇ സി കൌണ്‍സിലിന്‍റെ
അംഗീകാരമുള്ള കോഴ്സാണിവിടെ. ചെറുതും വലുതുമായ ഹ്രസ്വകാല പാക്കേജില്‍ ഫുള്‍ടൈം
കോഴ്സ് നടത്തുന്ന അനേകം സ്ഥാപനങ്ങളുണ്ട്.
ഈ രംഗത്തെ മറ്റൊരു അവസരമാണ് ക്രിപ്റ്റോഗ്രാഫിയുടെ പഠനം. ഒരു സന്ദേശത്തെയോ, വാക്യത്തിനെയോ അനായാസം വായിക്കാനോ
മനസ്സിലാക്കാനോ കഴിയാത്തവണ്ണം
മാറ്റിയെഴുതുന്ന (പൂട്ടുന്ന) സാങ്കേതിക വിദ്യകളെ പൊതുവായി ഗൂഢശാസ്ത്രം (ക്രിപ്റ്റോഗ്രഫി) എന്നു
വിശേഷിപ്പിക്കാവുന്നതാണ്. ക്രിപ്‌റ്റോഗ്രാഫി
എന്ന ഈ ഗോപ്യ ഭാഷയില്‍ അധിഷ്ടിതമായാണ് ഈയടുത്ത കാലത്ത് പ്രചരിച്ച ബിറ്റ് കോയിനുകള്‍
പ്രവര്‍ത്തിക്കുന്നത്.
സന്ദേശമയയ്ക്കുന്നയാളിന്റെയും
കൈപ്പറ്റുന്നയാളുടെയും കൈയിലുള്ള കീകൾ
ഒന്നുതന്നെയായുള്ള
ഗൂഢശാസ്ത്രരീതിയെ സിമെട്രിക് കീ
ക്രിപ്റ്റോഗ്രഫി എന്ന് വിളിക്കുന്നു.
ഈ സാങ്കേതിക വിദ്യ കമ്പ്യൂട്ടർ ഇതര ലോകത്ത് നൂറ്റാണ്ടുകളായി
ഉപയോഗിച്ചു പോന്നതായിരുന്നു.
നെറ്റ് വർക്കും ഇന്റർനെറ്റ് ഉപയോഗവും ശക്തിപ്രാപിച്ചപ്പോൾ സുരക്ഷിതമായ വിധത്തിൽ സന്ദേശം കൈമാറ്റം
ചെയ്യേണ്ടുന്ന വിദ്യ വികസിപ്പിക്കേണ്ടതായി
വന്നു. തദ്ഫലമായി നിരവധി അൽഗൊരിതങ്ങൾ വികസിപ്പിക്കുകയുണ്ടായി. അനവധി വിധത്തിൽ
സിമട്രിക് ക്രിപ്റ്റോഗ്രാഫി നടപ്പിൽ
വരുത്താവുന്നതാണു. പുതു പരീക്ഷണങ്ങളും, റിസേർച്ച്
പ്രോജക്റ്റുകളും ഇതിൽ നടത്തിവരുന്നു. ഡാറ്റ എൻക്രിപ്ഷൻ സ്റ്റാൻഡേഡ്, അഡ്വാൻസ്ഡ് എൻക്രിപ്ഷൻ സ്റ്റാൻഡേഡ് എന്നിവ സിമെട്രിക് കീ ക്രിപ്റ്റോഗ്രഫി
സിസ്റ്റങ്ങളാണ്.
ഇത്തരം സാങ്കേതിക വിദ്യകളില്‍ പരിശീലനം നേടുന്നത് ഈ രംഗത്ത്
നൂതന സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് സഹായകമാകും.
പ്രധാന സ്ഥാപനങ്ങള്‍
താരതമേന്യ കുറഞ്ഞ ചിലവില്‍ ആരംഭിക്കുവാന്‍
കഴിയുമെന്നതാണ് ഇത്തരം സംരംഭങ്ങളുടെ ഗുണം. കമ്പ്യൂട്ടര്‍, ഇലക്ട്രോണിക്സ് ബിരുദ
ധാരികള്‍ക്ക് ഇത്തരം സ്റ്റാര്‍ട്ടപ്പുകളിലേക്ക് അനായാസം തിരിയാവുന്നതാണ്. ഒരു ജോലി
അന്വേഷണത്തിന് മുതിരാതെ പഠനം കഴിയുമ്പോള്‍ത്തന്നെ ഇത്തരം അതിനൂതന സാങ്കേതിക
വിദ്യകളില്‍ പരിശീലനം നേടുന്നതും തുടര്‍ന്ന് സൈബര്‍ സംക്യൂരിറ്റിയിലെ വ്യത്യസ്തമായ
സംരംഭ സാധ്യതകള്‍ കണ്ടെത്തി അതിലേക്ക് തിരിയേണ്ടതും ഈ കാലഘട്ടത്തിന്‍റെ തന്നെ
ആവശ്യകതയാണ്.
ആശാവഹമായ ചുവടുകള്‍
അമൃത യൂണിവേഴ്‌സിറ്റി ടെക്‌നോളജി ഇന്‍ക്യുബേറ്ററും (ടിബിഐ)
സെന്റര്‍ ഫോര്‍ സൈബര്‍
സെക്യൂരിറ്റി സിസ്റ്റംസ് ആന്റ് നെറ്റ് വര്‍ക്കും ചേര്‍ന്ന് ഇന്ത്യയിലെ ആദ്യ സൈബര്‍ സെക്യൂരിറ്റി
സ്റ്റാര്‍ട്ട്അപ്പ് ഹബ് സ്ഥാപിച്ചത് ഈ രംഗത്തെ ശ്രദ്ധേയമായ ഒരു ചുവട് വെപ്പാണ്. ഗവേഷണം, ഫണ്ടിങ്, വ്യവസായം
തുടങ്ങിയവ ഒരേ പ്ലാറ്റ്‌ഫോമില്‍ കൊണ്ടു വന്ന് ഇന്ത്യയില്‍ പുതിയൊരു സൈബര്‍
സെക്യൂരിറ്റി സ്റ്റാര്‍ട്ട്അപ്പ് തരംഗമുണ്ടാക്കുകയാണ്
ലക്ഷ്യം. അമൃത സൈബര്‍ സെക്യൂരിറ്റി സ്റ്റാര്‍ട്ട് അപ്പ് ഹബ് തദ്ദേശീയ ഉല്‍പ്പന്നങ്ങളുടെ വികസനം, ഓഡിറ്റ്, പരീക്ഷണം
തുടങ്ങിയവയെ പ്രോത്സാഹിപ്പിക്കുന്നു.
മൊബൈല്‍, ക്ലൗഡ്, സൈബര്‍-ഫിസിക്കല്‍ സിസ്റ്റം, ഡിജിറ്റല്‍ ഫോറന്‍സിക്‌സ്, ക്രിപ്‌റ്റോഗ്രാഫി, മാല്‍വേര്‍ അനാലിസിസ് തുടങ്ങിയ മേഖലകള്‍ക്കാണ് ശ്രദ്ധ നല്‍കുന്നത്.
സാധ്യതകളെ പ്രയോജനപ്പെടുത്തുക
ഇന്ത്യ 50,000 സൈബര്‍ സെക്യൂരിറ്റി
സംഭവങ്ങള്‍ക്കാണ് 2015-ല്‍ സാക്ഷ്യം
വഹിച്ചത്. രാജ്യത്ത് ഇതുവരെ 26,000-ത്തിലധികം വെബ്‌സൈറ്റുകളുടെ
മുഖം മാറുകയും 91 ലക്ഷം സിസ്റ്റങ്ങളെ
ഇന്‍ഫെക്റ്റ് ചെയ്യുകയുമുണ്ടായി. പക്ഷേ രാജ്യത്ത് നാലായിരത്തിലധികം സ്റ്റാര്‍ട്ട്
അപ്പുകളുണ്ട്. എന്നാല്‍ 100-ല്‍ താഴെ മാത്രമാണ് സൈബര്‍
സെക്യൂരിറ്റിയുടെയും ബന്ധപ്പെട്ട മേഖലകളിലെയും ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുന്നത്.
സൈബര്‍ രംഗത്ത് ലോകത്താകമാനവും ഓരോ മിനിറ്റിലും യുദ്ധം നടക്കുന്ന ഈ കാലത്ത്
സൈബര്‍ സെക്യൂരിറ്റിക്ക് ദേശീയതലത്തില്‍ തന്നെ
തന്ത്രപ്രാധാന്യമുണ്ടെന്നുള്ള തിരിച്ചറിവ് ഈ മേഖലയില്‍ നൂതന
സംരംഭങ്ങളാരംഭിക്കുവാന്‍ പ്രചോദനമാവണം.
